സ്വകാര്യ സര്‍വ്വകലാശാല ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കുമ്പോള്‍ ഇടതുപക്ഷം ദീര്‍ഘകാലമായി സ്വീകരിച്ച നിലപാട് മാറ്റിപ്പറയുകയാണ്. കേരള സമൂഹത്തിന് മുന്നില്‍ ഈ നിലപാട് മാറ്റത്തെ ന്യായീകരിക്കുക എന്നത് ഇടതുപക്ഷത്തിന് ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക് ആണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വകാര്യ സര്‍വ്വകലാശാല കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് പ്രസ്താവിക്കുമ്പോള്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ മുച്ചൂടും നശിപ്പിച്ചിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം പറയാതെ പറയുകയാണ്. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം ബംഗളുരൂ, കോയമ്പത്തൂര്‍ പോലെയുള്ള ഇതരസംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും വിദ്യാഭാസത്തിനുവേണ്ടി പലായനം ചെയ്യുകയാണ്. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും നിരവധി പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളില്‍ ഇത്തരത്തില്‍ പലായനം ചെയ്ത വിദ്യാര്‍ത്ഥികളെ കാണാന്‍ സാധിക്കും. 2024 ജൂണിലെ കണക്കനുസരിച്ച് 67000 മലയാളി വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയില്‍ ഉണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം കേരളത്തിലെ പ്രധാന സര്‍വ്വകലാശാലകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളുടെ അഡ്മിഷന്‍ പൂര്‍ത്തീകരണത്തിന് ശേഷം ഒഴിവ് വന്ന സീറ്റുകള്‍ 85500 ആണ്.
ഇന്ന് ഈ വൈകിയ വേളയില്‍ സ്വകാര്യ സര്‍വകലാശാല ബില്‍ അവതരിപ്പിക്കുമ്പോള്‍ ഈ വിദ്യാര്‍ത്ഥി പലായനം കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. 1994 ല്‍ പരിയാരത്ത് സഹകരണ മേഖലയില്‍ കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ ഇടതുപക്ഷം പുഷ്പന്റെ മരണ ശേഷം മന:പൂര്‍വ്വം മറന്നുപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി.പി. ശ്രീനിവാസന്‍ എന്ന പ്രശസ്ത നയതന്ത്രജ്ഞനെ സമാന ആശയങ്ങള്‍ ചര്‍ച്ച ചെയ്തതിന് അടിച്ചു വീഴ്ത്തിയ സംഘടന ഇന്ന് ന്യായീകരണത്തിനുള്ള വഴികള്‍ തേടുകയാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കമ്പ്യൂട്ടര്‍, ട്രാക്ടര്‍ പോലുള്ള നൂതന സംവിധാനങ്ങളെ എതിര്‍ക്കുകയും പിന്നീട് നയം മാറ്റുകയും ചെയ്യുക എന്നുള്ളതാണ്. സ്വകാര്യ സര്‍വകലാശാലയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. സംഭവിച്ച അബദ്ധങ്ങള്‍ക്കും ദീര്‍ഘ വീക്ഷണരാഹിത്യത്തിനും മാപ്പ് പറയുന്നതിന് പകരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ള ഭരണകൂട നേതൃത്വവും എസ്എഫ് ഐ അടങ്ങുന്ന പാര്‍ട്ടി സംവിധാനങ്ങളും ന്യായീകരണം പടച്ചു വിടുന്നത് കാണുമ്പോള്‍ സമൂഹമൊന്നടങ്കം ഇവരുടെ തൊലിക്കട്ടിയെ വണങ്ങുകയാണ്. വൈകിയാണെങ്കിലും വികല വിദ്യാഭ്യാസ നയങ്ങള്‍ ഇന്ന് തിരുത്തപ്പെടുകയാണ്. അത് സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ 10 വര്‍ഷം കേരളം ഭരിക്കുന്ന സമയത്ത് ഇടതുപക്ഷം സ്വീകരിച്ചിരുന്ന നിലപാടുകളെ അവര്‍ക്ക് തിരുത്തേണ്ടി വരുന്നു.
സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ മാനേജ്‌മെന്റ് സ്വീകരിക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്നതാണ് പുതിയ നയതീരുമാനം ഉയര്‍ത്തുന്ന മറ്റൊരു വെല്ലുവിളി. അങ്ങനെയുണ്ടായാല്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അതിന് കുട പിടിക്കും എന്നത് ലോ അക്കാദമി സമരത്തില്‍ നാം കണ്ടതാണ്. അക്കാലത്ത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ശബ്ദമായി എബിവിപി മുന്നില്‍ നിന്നതു കൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടത്.
സ്വാശ്രയ കോളേജ് വിഷയത്തിലായാലും വിദേശ-സ്വകാര്യ സര്‍വകാലാശാല നയത്തിലായാലും വിദ്യാര്‍ത്ഥി സമൂഹത്തെ പരിഗണിച്ച് ദേശീയ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നാണ് എബിവിപിയുടെ നിലപാട്. സ്വകാര്യ സര്‍വകലാശാലയെ മുന്‍ വര്‍ഷങ്ങളില്‍ എതിര്‍ത്ത എസ്.എഫ്.ഐ ഇന്ന് ന്യായീകരിച്ച് സംസാരിക്കുന്നു. ഇത്തരത്തില്‍ നിലപാട് മാറ്റിക്കൊണ്ട്, സ്വന്തം നിലപാട് ഉറപ്പില്ലാത്ത വാഴപ്പിണ്ടി പോലെയാണ് എന്ന് ഇടതുപക്ഷം വീണ്ടും പറഞ്ഞ് വെക്കുന്നു.
വിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാര്‍ യുഗാനുകൂല പരിവര്‍ത്തനത്തിന് വളരെ അധികം പിന്നിലാണ് സഞ്ചരിക്കുന്നത്. സ്വകാര്യ സര്‍വകലാശാല എന്ന ആശയം മറ്റ് സംസ്ഥാനങ്ങളില്‍ എന്ന പോലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തില്‍ നടപ്പിലാകുമായിരുന്നു. അന്ന് ഇത്തരം ആശയങ്ങള്‍ക്ക് തുരങ്കം വെച്ചും നശീകരണാത്മക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടും ഇടതുപക്ഷം മുന്നോട്ട്് പോയി.
ഇന്ന് കേരളത്തില്‍ ഒട്ടനവവധി കോളേജുകള്‍ നാശത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് 10 ഏക്കറിന് മുകളില്‍ സ്ഥലം നല്‍കാന്‍ സാധിക്കുമെങ്കില്‍ അത് ചില മതസാമ്പത്തിക സ്രോതസുകളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയാണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഇത്തരത്തില്‍ സ്വാശ്രയ മേഖലയില്‍ കൂണുകള്‍ പോലെ കോളേജുകള്‍ വന്നതു പോലെ എല്ലായിടത്തും സ്വകാര്യ സര്‍വ്വകലാശാലകള്‍ വന്നത് കൊണ്ട് വിദ്യാഭ്യാസ മേഖലക്ക് നഷ്ടം മാത്രമായിരിക്കും ഉണ്ടാവുക. വൈകി വന്ന തിരിച്ചറിവിന്റെ പ്രേരക ശക്തി സാമ്പത്തിക നേട്ടമായാലും ആശ്ചര്യപ്പെടാനാകില്ല. സാമ്പത്തികമായ ലാഭങ്ങള്‍ക്ക് വേണ്ടിയും ഈ നിലപാട് മാറ്റം സാധ്യമാകുമെന്ന് കഴിഞ്ഞ നാളുകളില്‍ നടന്ന മാസപ്പടി പോലെ ഉള്ള അഴിമതികളില്‍ നാം കണ്ടു. അതിനാല്‍ ഈ രംഗത്തും ഇടതുപക്ഷ സര്‍ക്കാര്‍ വലിയ സാമ്പത്തിക അഴിമതി നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല
ഫീസ് നിയന്ത്രണത്തിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്താതെയുള്ള നിലവിലെ സ്വകാര്യ സര്‍വ്വകലാശാല ബില്‍ വന്‍ സ്രാവുകള്‍ക്ക് വേണ്ടിയാണോ എന്ന് സംശയിക്കേണ്ടതുണ്ട്. കേരളത്തിലെ വിദ്യാത്ഥി സമൂഹത്തെ വഞ്ചിച്ചു കൊണ്ട് മതമുതലാളിമാര്‍ക്കും മാസപ്പടി നല്‍കുന്ന സാമ്പത്തിക ശക്തികള്‍ക്കും വിദ്യാഭ്യാസ മേഖലയെ വിട്ടുകൊടുക്കാന്‍ അനുവദിച്ചാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇടതുപക്ഷ ഭരണത്തില്‍ തകര്‍ന്നു കൊണ്ടിരിക്കുന്നതിന്റെ ആക്കം വരും വര്‍ഷങ്ങളില്‍ ചിന്തിക്കാനാകാത്തതായിരിക്കും. അതുകൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അത് പഴുതടച്ച രീതിയിലുള്ളതാണോ എന്ന് കേരള സമൂഹം അടിയന്തിരമായി പരിശോധിക്കണ്ടതുണ്ട്.
സ്വകാര്യ സര്‍വകാലശാല വിദ്യാഭ്യാസം കൊണ്ടുവരുമ്പോള്‍ അത് കേരളത്തിലെ എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തികമായി ഉതകുന്നതായിരിക്കണം. സ്വകാര്യ സര്‍വ്വകലാശാലകള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ തടയുന്നതിനും ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണം. വിദ്യാര്‍ത്ഥികളുടെ സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളും രൂപീകരിച്ചുകൊണ്ടായിരിക്കണം സ്വകാര്യ സര്‍വ്വകലാശാല വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത്. സ്വകാര്യ സര്‍വകലാശാലകളുടെ ആരംഭത്തില്‍ തന്നെ കൃത്യമായ നിബന്ധനകളും നിയന്ത്രണങ്ങളും രൂപീകരിക്കേണ്ടതുണ്ട്.
(ലേഖകന്‍ എബിവിപി സംസ്ഥാന സെക്രട്ടറിയാണ്)