ഒരു മെഡിക്കല്‍ ഷോപ്പും അതിനടുത്തായി ഒരു ക്ലിനിക്കും കുറച്ചു മാറി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഒരു കടയും ആ നാടിന്റെ മുഖച്ഛായ അത്ര വലുതല്ലാത്ത വിധം മാറ്റിയിരിക്കുന്നത് ശിവന്‍ കണ്ടു.
മാറ്റമായി പോകുമ്പോള്‍ ഇതായിരുന്നില്ല ഈ നാടിന്റെ അവസ്ഥ. തലവേദന മാറ്റാനുള്ള ഗുളിക കിട്ടണമെങ്കില്‍ പോലും പട്ടണത്തില്‍ പോകണം. കിലോമീറ്ററുകള്‍ക്കകലെയുള്ള ജില്ലാ ആശുപത്രിയില്‍ ചെല്ലണം ഒരു ഡോക്ടറെ കാണാന്‍.
സ്വകാര്യ ബസ്സുകള്‍ വന്നുപോകുന്നിടത്ത് ചെറിയൊരു വെയിറ്റിങ് ഷെഡ് പണികഴിപ്പിച്ചിട്ടുണ്ട്. കഷ്ടിച്ച് നാല് പേര്‍ക്ക് കയറി നില്ക്കാം. ആ പഴുതില്‍ ഒരു പശു അയവിറക്കിക്കൊണ്ട് കിടന്നു.
ലുങ്കിയും ബ്ലൗസും ധരിച്ച ഒരു തടിച്ച സ്ത്രീ പശുവിന്റെ അടുത്തു ചെന്ന് അതിനെ എണീപ്പിക്കാന്‍ പാടുപെടുന്നുണ്ട്.
തകരത്തിന്റെ ഒരു പാട്ട പൊളിച്ച് നിവര്‍ത്തി വെടുപ്പില്ലാത്ത അക്ഷരങ്ങളില്‍ കീലുകൊണ്ടെഴുതി ഷെഡ്ഡിന്റെ മൂലയില്‍ തൂക്കിയ ബോര്‍ഡില്‍ ശിവന്‍ ഇങ്ങനെ വായിച്ചു:
‘കൊളോത്ത് വീട്ടില്‍ സുകുമാരന്‍ വക.’
ഇവിടെ ജോലിയായിരുന്നപ്പോള്‍ ചില കടലാസുകള്‍ ശരിയാക്കിക്കിട്ടാന്‍ കൊളോത്ത് സുകുമാരന്‍ എന്നറിയപ്പെടുന്ന നാട്ടുപ്രമാണി ഒന്നുരണ്ട് തവണ ആപ്പീസില്‍ വന്നിട്ടുള്ളത് ശിവന് ഓര്‍മ്മ വന്നു.
ശിവന്‍ ഹോട്ടലില്‍ കയറി ഒരു ചായ പറഞ്ഞു. അന്നും ഇന്നും ഈ ഗ്രാമത്തില്‍ ഒരു ഹോട്ടലേയുള്ളു. അതൊരത്ഭുതമായി ശിവന് തോന്നാതിരുന്നില്ല.
ഈ ഹോട്ടലായിരുന്നു കുറച്ചു നാള്‍ അയാളുടെ ആശ്രയം. റോയല്‍ ഹോട്ടല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അതൊരു പരിഷ്‌കൃത ഹോട്ടലാണെന്നേ വിചാരിക്കു.
തോര്‍ത്തുമുണ്ടുടുത്ത്, ദേഹമാസകലം ഭസ്മക്കുറിയിട്ട കുട്ടിനായരാണ് ഹോട്ടലുടമ. അയാള്‍ ഷര്‍ട്ട് ധരിച്ച് കണ്ടിട്ടില്ല. മാറത്തും തോളിലും കൈമുട്ടുകള്‍ക്ക് ചുറ്റിലും മുകളിലും ഭസ്മം വാരിപ്പൂശിയിരിക്കുന്നതു കണ്ടാല്‍ കുപ്പായം ധരിച്ചിട്ടുള്ളതായേ തോന്നൂ. കുട്ടിനായര്‍ കടുത്ത മുരുക ഭക്തനാണ്. ഇടയ്ക്കിടെ ഹരോ ഹരഹര എന്ന് ഉരുവിടും.
തോര്‍ത്തുമുണ്ടിനു പകരം ഇപ്പോള്‍ അയാള്‍ പാന്റ്‌സ് ഇട്ടിരുന്നു.
ഇഷ്ടത്തോടെ ആയിരുന്നില്ല റോയല്‍ ഹോട്ടലില്‍ ശിവന്‍ പറ്റു തുടങ്ങുന്നത്. സമീപത്തൊന്നും വെറെ ഹോട്ടലുകളില്ല. ഉണ്ടാക്കി കഴിക്കാന്‍ പാചകവിധി അന്നും ഇന്നും അറിഞ്ഞുകൂടാ.
കുട്ടിനായരുടെ സഹായിയായിട്ട് ഹോട്ടലില്‍ ഒരു ചെറുക്കനെ കണ്ടിരുന്നു. അവനാണ് ഇല വച്ചിരുന്നതും ചോറു വിളമ്പിയിരുന്നതും. കണ്ടാല്‍ മനംമറിയും. മൂക്ക് ഒരിക്കലും ഉണങ്ങിക്കണ്ടിട്ടില്ല. ഇടയ്ക്കിടെ മൂക്കിട്ട മുകളിലേക്ക് വലിച്ചു കേറ്റും.
ചെറുക്കനെപ്പോലെ ഹോട്ടലിനുമില്ലായിരുന്നു വര്‍ക്കത്ത്.
കാലുകളുടെ സ്ഥാനത്ത് മുളങ്കഷണങ്ങള്‍ തുളകളില്‍ അടിച്ചു കയറ്റിയ ഒരു നീണ്ട പലകയാണ് ഊണു മേശയാക്കിയിരുന്നത്. മൂന്നു കാലിന്മേലായിരുന്നു നില്പ്. ഒടിഞ്ഞ കാലിന്റെ ഭാഗം ചുമരിലെ ഒരാണിയില്‍ ചൂടികൊണ്ട് കെട്ടി ഉറപ്പിച്ച് നിര്‍ത്തിയിരുന്നു. എങ്കിലും ഉണ്ടെണീക്കുന്നവരുടെ കാല്‍ തട്ടുമ്പോള്‍ അതൊന്ന് ഇളകിയാടും.
മേശയിലവിടവിടെ സാമ്പാറിന്റേയും മോരിന്റേയും അംശം പറ്റിപ്പിടിച്ചത് ഉണ്ണുന്നതിനിടെ കണ്ണില്‍ പെടും. ബഞ്ചിന്റെ കാലിളകിയ വിള്ളലുകള്‍ മൂട്ടകള്‍ താവളമാക്കിയിരുന്നു. ഇരിക്കേണ്ട താമസം മൂട്ടപ്പട ആക്രമണം തുടങ്ങും.
കുപ്പക്കൂനയായിരുന്നു റോയല്‍ ഹോട്ടലിന്റെ പിന്നാമ്പുറം. എച്ചിലിലകളും അളിഞ്ഞ പച്ചക്കറികളും അവിടെ കൂടിക്കിടന്നു. മണിയനീച്ചകളുടെ ആരവം പോര്‍വിമാനത്തിന്റെ ഇരമ്പം പോലെ കേള്‍ക്കും.
ഊണ് ഒരാഴ്ചയേ കഴിച്ചുള്ളു. വയറ് ചില ഏനക്കേടുകള്‍ കാണിച്ചു തുടങ്ങി. കുട്ടിനായരുടെ ചോറോ ചെറുക്കനോ ഏതാണ് അലര്‍ജിയുടെ കാരണമെന്ന് ആലോചിക്കാതെയല്ല. രണ്ടുമാണെന്ന് സ്വയം കണ്ടുപിടിച്ചു. വൈകാതെ ഹോട്ടലിലെ കണക്ക് തീര്‍ത്ത് ഇറങ്ങിപ്പോന്നു.
ആ പഴയ ബഞ്ചും ഊണു മേശയും മാറ്റി കണ്ടു. പരിസരം കുറച്ചെല്ലാം വെടുപ്പാക്കിയിട്ടുണ്ട്. കുട്ടിനായര്‍ക്കും വന്നിട്ടുണ്ട് മാറ്റം. തല നരച്ചിരിക്കുന്നു. ചിരിക്കുമ്പോള്‍ മുന്‍നിരയിലെ ഒരു സ്വര്‍ണ്ണപ്പല്ല് അല്പം പിശുക്കോടെയാണെങ്കിലും അതിന്റെ മഞ്ഞത്തിളക്കം പുറത്തേക്ക് കാട്ടാന്‍ മടിച്ചില്ല.
കുട്ടിനായര്‍ ചായ കൊണ്ടു വന്നു. ഗ്ലാസ്സിന്റെ മൂട് ശബ്ദത്തോടെ മേശയിലിടിച്ച് ശിവനെ നല്ലവണ്ണമൊന്ന് നോക്കിയിട്ട് ചോദിച്ചു:
‘മുമ്പ് കണ്ട് പരിചയമില്ലല്ലോ. ഇവിടെ പുതിയ ആളാണോ?’
പഴയതെല്ലാം ഓര്‍മ്മപ്പെടുത്താനോ പരിചയം പുതുക്കാനോ ശിവന്‍ ഇഷ്ടപ്പെട്ടില്ല. തീരെ താല്പര്യം കാണിക്കാതെ പറഞ്ഞു:
‘അതെ.’
‘ഇവിടെ ആരെ കാണാന്‍ വന്നതാ?’ കുട്ടിനായര്‍ വിടാനല്ല ഭാവം.
ശിവന്‍ മറുപടി പറഞ്ഞില്ല.
‘ഹരോ ഹരഹര’ കുട്ടിനായര്‍ ഉരുവിട്ടു.
ഒരു ഉള്‍വിളി ഉണ്ടായപ്പോള്‍ ബസ്സിലും നടന്നും പുഴയിറങ്ങി കടന്നും അത് തന്നെ ഇവിടെ എത്തിച്ചു. ശിവന്‍ ഓര്‍ത്തു.
കുട്ടിനായര്‍ ശിവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു:
‘ഇവിടന്ന് കുറച്ചങ്ങട്ട് നടന്നാല്‍ ഒരു ആല്‍മരം കാണും. അവിടന്ന് വടക്കോട്ട് ഒരിടവഴീണ്ട്. വഴിയെല്ലാം ചപ്പിലകള്‍ വീണ് മോശമായി കിടക്ക്വാ. അതിലേ നേരെ പോയാല്‍ മതി.’
ശിവന്‍ ചായയുടെ കാശു കൊടുത്തു. കുട്ടിനായര്‍ ഉരുവിട്ടു:
‘ഹരോ ഹരഹര.’
നാടിന്റെ ഞരമ്പുപോലെ ഇടവഴി കിടന്നു. പ്രധാന പാതയില്‍നിന്ന് ഇടവഴി തുടങ്ങുന്നിടത്ത് ശിവന്‍ നിന്നു. പിന്നെ, പ്രേരണയൊന്നുമില്ലാതെ തിരിഞ്ഞു നോക്കി.
ഒരപരിചിതന്‍ ശിവനെത്തന്നെ ശ്രദ്ധിച്ചുകൊണ്ട് നില്ക്കുന്നുണ്ടായിരുന്നു. ഒന്നും ചോദിക്കാതെതന്നെ അയാള്‍ പറയാന്‍ തുടങ്ങി:
‘അതിലേ നേരേ പോയാല്‍ മതി ശിവന്‍ സാറേ. കുറച്ചടി നടന്നാല്‍ ഒരു ചുമടുതാങ്ങി കാണും. അവിടന്നും കുറച്ചങ്ങ്ട് നടന്നാല്‍ ഉദ്ദേശിച്ച സ്ഥലായി.’
തന്റെ പേര്, തന്റെ ലക്ഷ്യം എല്ലാം ഇയാള്‍ എങ്ങനെ മനസ്സിലാക്കി എന്ന അമ്പരപ്പോടെ ശിവന്‍ ഇടവഴിയിലേക്കിറങ്ങി.
വഴിവക്കില്‍ ചുമടുതാങ്ങി നടുവൊടിഞ്ഞ് വീണുകിടന്നു. എട്ടൊന്‍പതു കൊല്ലങ്ങള്‍ക്കു മുന്‍പും അതിവിടെ മണ്ണിനെ നമസ്‌കരിച്ചു കിടന്നിരുന്നു. അതിന്റെ ചെരിഞ്ഞ കരിങ്കല്‍ തൂണ് ചാരി ചില സന്ധ്യകളില്‍ സ്വപ്‌നങ്ങള്‍ നെയ്യുമായിരുന്നത് ശിവന്‍ ഓര്‍ത്തു.
വഴി നീളുന്നത് ആ പഴയ വാടകവീട്ടിലേക്കാണ്. ഇടവഴിയുടെ ഇരുവശവും പരുവക്കൂട്ടങ്ങളാണ്. മുള്ളുവേലിയുടെ പുറത്തേയ്ക്ക് ചായ്ഞ്ഞ് കൂട്ടിയുരുമ്മിക്കൊണ്ട് മുളകള്‍ സംഗീതാത്മകമായി വര്‍ത്തമാനം പറയുന്നത് ശിവന്‍ കേട്ടു.
എതിരെ വരുകയായിരുന്ന ആള്‍ ശിവനെ കണ്ടപ്പോള്‍ നിന്നു. അയാള്‍ പറഞ്ഞു:
‘ശിവന്‍ സാറ് വരുമെന്ന് അറിയായിരുന്നു. അപ്പുനായര്‍ പറഞ്ഞ് ഞാന്‍ വഴിക്കൂട്ടാന്‍ വന്നതാണ്. എന്നാല്‍ പോകാം’
ശിവന് ഒന്നും മനസ്സിലായില്ല. ആഗതനെ പരിചയമില്ല. പൊരുളറിയാതെ ശിവന്‍ പിന്നാലെ നടന്നു.
‘ആ ബാഗ് തന്നോളു. ഞാന്‍ പിടിക്കാം’ ആഗതന്‍ പറഞ്ഞു.
‘വേണ്ട.’
അധികം കനമില്ലാത്ത മണിപേഴ്‌സും വര്‍ത്തമാനപ്പത്രവും രണ്ട് കട്ടയുടെ ഒരു ടോര്‍ച്ചും സൂക്ഷിച്ച ബാഗ് കക്ഷത്തില്‍ വയ്ക്കാന്‍ ഒരു സഹായി എന്തിനാണ്?
ഒരു നട്ടുച്ചയ്ക്ക് വാടകവീട്ടിലേക്ക് കയറി വന്ന അപ്പുനായരിലേക്ക് ശിവന്റെ വിചാരങ്ങള്‍ കയറിപ്പോയി. വാടകവീടിനെ വേര്‍തിരിക്കുന്ന മതിലിനപ്പുറത്തെ ഓടുമേഞ്ഞ ചെറിയ വീട്ടില്‍ അങ്ങനെയൊരാള്‍ താമസമുണ്ടെന്ന് അറിഞ്ഞതല്ല.
കുട്ടിനായരുടെ ഹോട്ടലിലെ കണക്കുതീര്‍ക്കുമ്പോള്‍ ഇനിയങ്ങോട്ട് എവിടുന്നാണ് വല്ലതും കഴിക്കുക എന്നൊന്നും ആലോചിച്ചിരുന്നില്ല.
വിശപ്പ് ചുരമാന്തുന്ന വയറും പൊള്ളുന്ന തലയും വിയര്‍ത്തൊലിക്കുന്ന ദേഹവുമായി വാടകവീടിന്റെ തിണ്ണയില്‍ എന്തു ചെയ്യണമെന്നറിയാതെ വാടിത്തളര്‍ന്ന് അങ്ങനെ ഇരുന്നു.
പശിയടക്കാന്‍ നല്ലൊരു ഹോട്ടലുപോലുമില്ലാത്ത നാട്ടില്‍ ജോലി തരപ്പെട്ടത് വിധിവിഹിതമായിരിക്കും. അങ്ങനെ വിചാരപ്പെട്ടുകൊണ്ടുള്ള ഇരുപ്പിനിടയിലായിരുന്നു വളപ്പിലെ മാവില്‍ തൂങ്ങിക്കിടന്ന കുലയില്‍ നോട്ടം ചെന്നു പറ്റിയത്.
മാങ്ങ എറിഞ്ഞിടാന്‍ അതിരില്‍ കണ്ട ഒന്നുരണ്ട് കല്ലുകള്‍ പെറുക്കിയെടുത്തു. ഉന്നം പിഴച്ച് കല്ല് അപ്പുറത്തെ വീടിന്റെ മേല്‍ക്കൂരയിലാണ് വീണത്. ഓട് പൊട്ടിയ ശബ്ദം കേട്ടു. പിന്നാലെ ‘ആരാത്?’ എന്നൊരു ഇടിമുഴക്കവും.
അകത്തേക്ക് ഓടിക്കയറും മുന്‍പേ പടിക്കല്‍ ഒരു തല കണ്ടു. ആളെ മനസ്സിലായി. നേരത്തേ കേട്ട സ്വരത്തിന്റെ ഉടമ. ഉയരം കുറഞ്ഞ് മെലിഞ്ഞ ഈ മനുഷ്യനില്‍ നിന്നാണോ ശ്രീരാമചന്ദ്രന്‍ പണ്ട് ശൈവചാപം കുലച്ചൊടിച്ചപ്പോള്‍ കേട്ടെന്നു പറയുന്ന മാതിരി ഒച്ച പൊന്തിയതെന്ന് ആശ്ചര്യപ്പെട്ടു.
‘സാറിന് മാങ്ങ വേണമെങ്കില്‍ ഈ അപ്പുനായരോട് പറഞ്ഞാല്‍ പോരായിരുന്നോ? ഞങ്ങളുടെ വീടിന്റെ ഓട് പൊട്ടിക്കണോ?’
ഉടുമുണ്ട് പിന്നിലേക്ക് വലിച്ചുകുത്തി അയാള്‍ മാവില്‍ വലിഞ്ഞു കയറി.
‘തിന്ന് സാറേ, മതിയാവോളം തിന്ന്’ പൊട്ടിച്ചിട്ട രണ്ടുമൂന്ന് ചെനച്ച മാങ്ങ അയാള്‍ കൈയിലേക്ക് വച്ചുതന്നു.
അപ്പുനായരോട് ഇരിക്കാന്‍ പറഞ്ഞു. തിണ്ണയിലിരുന്നില്ല. ടോര്‍ച്ചിലിടുന്ന ബാറ്ററി പൊട്ടിച്ച കരി ചേര്‍ത്തു മെഴുകിയതെന്നു തോന്നിക്കുന്ന മിനുത്തു കറുത്ത നിലത്ത് ചമ്രംപടിഞ്ഞ് അയാള്‍ ഇരുന്നു.
കുട്ടിനായരുടെ ഹോട്ടലിലെ വായ്ക്കും വയറിനും പിടിക്കാത്ത ഭക്ഷണത്തെപ്പറ്റി വിസ്തരിച്ചപ്പോള്‍ അപ്പുനായര്‍ പറഞ്ഞു:
‘ചോറും കൂട്ടാനും വെച്ചുവിളമ്പാന്‍ ഞാനൊരാളെ കൊണ്ടു തരട്ടെ?’
‘വലിയ ഉപകാരം.’
കുറെക്കഴിഞ്ഞ് ഒരു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് അപ്പുനായരെത്തി.
‘ഇതാണ് ഞാന്‍ പറഞ്ഞ ആള്. മറച്ചുവെക്കിണില്ല. എന്റെ മോളുതന്നെയാ.’
പത്തുപതിമൂന്ന് വയസ്സേ കാണൂ. പാവാടയിലും ജമ്പറിലും അഴുക്കും കരിയും പുരണ്ടിട്ടുണ്ട്. ജമ്പര്‍ പഴയതാണ്. കുറച്ചു പിഞ്ഞിയിട്ടുണ്ട്. തോളിന്റെ വെണ്മ പിഞ്ഞലിലൂടെ വെളിയില്‍ കാണാം.
പേര് ചോദിച്ചപ്പോള്‍ അപ്പുനായരാണ് മറുപടി പറഞ്ഞത്. പെണ്‍കുട്ടി തലകുനിച്ചു നിന്നതേയുള്ളു. പഠിക്കുന്നില്ലേ എന്നു ചോദിച്ചതിനും അവളല്ല മറുപടി തന്നത്. അപ്പുനായര്‍ പറഞ്ഞു:
‘ഇവള്‍ പഠിക്കാന്‍ മോശമാ സാറേ. സ്‌കൂളില്‍ പോകാന്‍ മടി. എഴുതാനും വായിക്കാനുമറിയും. അത്രയ്‌ക്കൊക്കെ മതീന്ന് ഞാനും നിരീച്ചു. അടുക്കളയില്‍ സഹായത്തിന് അടുത്ത വീടുകളില്‍ പോകും. അതിന് വലിയ പഠിപ്പൊന്നും വേണ്ടാലോ. പത്തുറുപ്യേങ്കില്‍ പത്തുറുപ്യ കിട്ട്യാല്‍ അതായില്ലേ.’
ചോറും കൂട്ടാനും വെയ്ക്കാനുള്ള പ്രാപ്തി പെണ്‍കുട്ടിക്കുണ്ടോ എന്നായിരുന്നു സംശയിച്ചത്. അക്കാര്യം എടുത്തിട്ടപ്പോള്‍ അപ്പുനായര്‍ വിശദീകരിച്ചു:
‘നല്ല കാര്യായി’ മകളുടെ കഴിവുകളെപ്പറ്റി പറയാന്‍ ഇനി ബാക്കിയൊന്നുമില്ല. തുണി അലക്കും. നിലം തുടയ്ക്കും. പാത്രങ്ങള്‍ കഴുകി വെടുപ്പാക്കും. ഒന്നാന്തരം കറികള്‍ വെയ്ക്കും.
‘തങ്കമണിയെ കല്യാണം കഴിക്കുന്ന ചെക്കന്റെ ഭാഗ്യം. അടുപ്പിലെ തീ ഊതേണ്ടി വരില്ലല്ലോ.’
അപ്പറഞ്ഞത് അപ്പുനായര്‍ക്ക് നന്നേ രസിച്ചു. അയാള്‍ ചിരിച്ചു. തങ്കമണി മാറിനിന്ന് ചിരിയടക്കി.
അവശ്യം വേണ്ട പാത്രങ്ങള്‍ മേടിക്കാന്‍ അപ്പുനായര്‍ പുഴയ്ക്കക്കരെയുള്ള അങ്ങാടിയിലേക്ക് പോയി. നേരം താഴും മുന്‍പ് മടങ്ങിയെത്തി. കൂട്ടത്തില്‍ കുറച്ച് അരിയും പഞ്ചാരയും പച്ചക്കറികളും പറയാതെതന്നെ മേടിച്ചിരുന്നു. മിച്ചം വന്ന കാശ് കൈയില്‍ വെച്ചോളാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.
വെച്ചുണ്ടാക്കാന്‍ തങ്കമണി വന്നു. വിറകടുപ്പില്‍ തീപ്പൂട്ടി. പണിയെടുക്കുന്നതില്‍ നല്ല കൈവേഗം.
രാവിലെ തങ്കമണി വരും. പ്രാതലും ഉച്ചയ്ക്കലത്തേക്കുള്ളതും ഒരുക്കും. വാഴയില വാട്ടി അതില്‍ ഉച്ചഭക്ഷണം പൊതിഞ്ഞ് ആപ്പീസിലേക്ക് കൊണ്ടു പോയി തുടങ്ങി.
കണ്ണാടി നോക്കിയപ്പോള്‍ ചടച്ച ദേഹം എട്ടുപത്തു ദിവസംകൊണ്ട് ഉരുണ്ടു കൊഴുത്തതുപോലെ.
അപ്പുനായര്‍ മകളുടെ കൈപ്പുണ്യത്തെക്കുറിച്ച് ചോദിക്കാതിരുന്നില്ല.
തങ്കമണിയുടെ അമ്മയെക്കുറിച്ച് അവളോട് ചോദിക്കാന്‍ കുറച്ചായി വിചാരിക്കുകയായിരുന്നു.
‘പോയി’ ചോദിച്ചപ്പോള്‍ മറുപടിയായി വിഷാദ സ്വരത്തില്‍ അത്രയേ പറഞ്ഞുള്ളു. കൂടുതല്‍ ചോദിച്ചാല്‍ അവള്‍ കരഞ്ഞുപോയാലോ എന്ന് പേടിച്ചു.
വെപ്പുപണിക്ക് കുറച്ചു ദിവസം തങ്കമണി വരാതിരുന്നു. വരില്ലെന്ന് അപ്പുനായര്‍ അറിയിച്ചിരുന്നു. കാരണം പറഞ്ഞത് പിന്നെയാണ്:
‘അവള്‍ മുതിര്‍ന്ന പെണ്ണായി സാറേ. കുറച്ചു ദിവസം കഴിഞ്ഞിട്ട് പറഞ്ഞയക്കാം. അതുവരെ സാറിന് കുട്ടിനായരുടെ ഹോട്ടലില്‍നിന്ന് കഴിക്കേണ്ടി വരും. അവളെ എവിടേം വിടാന്‍ ഇഷ്ടണ്ടായിട്ടല്ല സാറേ. പിന്നെന്താ, പത്തുറുപ്യേങ്കില്‍ പത്തുറുപ്യ കിട്ട്യാ അതായില്ലേ.’
അവള്‍ക്കൊരു ജമ്പറിനും പാവടയ്ക്കുമുള്ള കാശ് അപ്പുനായരുടെ കൈയില്‍ കൊടുത്തു. നിര്‍ബ്ബന്ധിച്ചിട്ടായിരുന്നു അയാളത് വാങ്ങിയത്.
കുറച്ചു ദിവസം കഴിഞ്ഞ് തങ്കമണി വന്നപ്പോള്‍ അവളുടെ മുടി തോളിനും മുകളില്‍വച്ച് മുറിച്ചു കളഞ്ഞിരുന്നു. അരക്കെട്ടിനും താഴേയ്ക്ക് വളര്‍ന്നു കിടന്നതായിരുന്നു. എന്തിനേ അത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ തങ്കമണി പറഞ്ഞു:
‘അച്ഛന് ഇഷ്ടല്യാ.’
പിന്നീട് അപ്പുനായരെ കണ്ടപ്പോള്‍ അക്കാര്യം പറഞ്ഞ് ഒന്നിടഞ്ഞു.
‘പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ട്യോള്‍ക്ക് സൗന്ദര്യം ശാപമാണ് സാറേ. മുടിയില്ലെങ്കില്‍ അത്രേം സൗന്ദര്യം കൊറയും. പല വീടുകളിലും പോണതല്ലേ? ഞങ്ങളെപ്പോലുള്ളവര്‍ക്ക് ദൈവം മാത്രമാണ് തുണ. ഈശ്വരോ രക്ഷതു!’
അപ്പുനായര്‍ എന്തോ ഓര്‍ത്തുകൊണ്ട് പിന്നെ പറഞ്ഞു:
‘തങ്കമണിയുടെ അമ്മയ്ക്കുമുണ്ടായിരുന്നു സാറേ എടുത്താല്‍ പൊങ്ങാത്ത മുടി…’
തുടര്‍ന്നെന്തെങ്കിലും പറയാന്‍ ശേഷിയില്ലാത്തപോലെ അയാള്‍ നിര്‍ത്തി.
ഇടയ്‌ക്കൊക്കെ നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കാന്‍ അപ്പുനായര്‍ വരും. വര്‍ത്തമാനപ്പത്രം എടുത്ത് നോക്കും.
ജീവിതം അങ്ങനെ പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് സ്ഥലം മാറ്റം.
‘ശിവന്‍ സാറേ!’ ഉടുവസ്ത്രത്തില്‍ മുള്ള് കൊളുത്തിവലിച്ചതു മാതിരിയായിരുന്നു ആ പിന്‍വിളി.
ശിവന്‍ തിരിഞ്ഞു നിന്നു.
നേരത്തേ വെയ്റ്റിങ് ഷെഡ്ഢില്‍ കണ്ട സ്ത്രീ. പശുവിനെ കയറിട്ടു പിടിച്ചിട്ടുണ്ട്. സ്ത്രീ ചോദിച്ചു:
‘ശിവന്‍ സാറ് രാവിലേ പൊറപ്പെട്ടതായിരിക്കും അല്ലേ? പുഴ കടന്നായിരിക്കും വന്നത്. രണ്ട് ദിവസം കിഴക്ക് നല്ല മഴയായിരുന്നൂന്ന് കേട്ടു. നല്ല വെള്ളണ്ടായിരിന്നില്ലേ പൊഴേല്? പാലം വഴിക്കാവുമ്പൊ കുറെ ചുറ്റി വളയേം വേണം. എന്നാണാവോ നമ്മുടെ നാട്ടില്‍ പാലം വര്വാ.’
സ്ത്രീ വെശയ്ക്ക് ഒപ്പം നടന്നു. കുറച്ചു നടന്നിട്ട് മുന്നില്‍ക്കേറി പറഞ്ഞു:
‘പശുവിനെ വീട്ടില്‍ കൊണ്ടുപോയി കെട്ടിയിട്ട് വേണം എനിക്കവിടെ എത്താന്‍. ശിവന്‍ സാറ് ശവമെടുപ്പ് കഴിഞ്ഞിട്ടല്ലേ മടങ്ങു?’
മുന്‍പേ നടന്നിരുന്ന ആള്‍ കുറെ ദൂരം എത്തിയിരുന്നു. സ്ത്രീ സ്വകാര്യംപോലെ പറയുകയായി:
‘കൊളോത്ത് സുകുമാരന്റെ ആള്വോളാന്നാ നാട്ടുകാര് കശുകുശുക്കുന്നത്. ആ കുട്ടി അവിടെ പണിക്കു നിന്നിരുന്നൂന്നാ കേട്ടത്. അയാള്‍ടെ ആള്വോളാത്രേ ശവം പുഴയില്‍ കൊണ്ടിട്ടത്. ആള്വോളൊക്കെ അങ്ങനെയാ പറയണത്.’
സ്ത്രീ ദൂരെ പോയി മറഞ്ഞു.
ഇപ്പോള്‍ ശിവന്‍ ഏറെ ദൂരം നടന്നു കഴിഞ്ഞു. നടന്നിട്ടും നടന്നിട്ടും അപ്പുനായരുടെ വീട് എത്തുന്നില്ല. ഇടവഴി പിന്നേയും നീണ്ടു പോകുകയാണ്. അതിന് ഒരവസാനമില്ലെന്ന് തോന്നി.
എതിരെ വന്ന ആളോട് ശിവന്‍ ചോദിച്ചു:
‘അപ്പുനായരുടെ വീടറിയാമോ?’
‘ഏത് അപ്പുനായര്‍?’
‘മെലിഞ്ഞ് പൊക്കം കുറഞ്ഞ് മൂക്കിന്മേല്‍ വെട്ടുകൊണ്ടതു പോലെ പാടുള്ള….’
‘അങ്ങനെ ഒരു അപ്പുനായര്‍ ഇന്നാട്ടിലില്ലല്ലോ.’
രണ്ടുമൂന്ന് ആളുകള്‍ അതിലേ വന്നു. അവരോട് ചോദിച്ചപ്പോള്‍ അവരും പറഞ്ഞു:
‘അപ്പുനായരോ? ഏയ് ആ പേരിലൊരാള്‍ ഇന്നാട്ടിലില്ലല്ലോ.’
‘ആലോചിച്ചു നോക്കൂ. മെലിഞ്ഞ് ഉയരം കുറഞ്ഞ് മൂക്കിന്മേല്‍ വെട്ടുകൊണ്ടതു മാതിരി പാടുള്ള…’
‘ഇല്ല.’
വീണ്ടും അതേ ചോദ്യം. അതേ ഉത്തരം…
സൂര്യന്‍ പടിഞ്ഞാറ് സ്വയം അതിന്റെ ചിതയൊരുക്കുന്ന തിരക്കിലാണ്. നേരം ഇരുണ്ടു. ചിതയിലെ വെളിച്ചത്തിന്റെ അവസാന പൊട്ടുകളും മാഞ്ഞില്ലാതായി.
വഴിയില്‍ ആള്‍സഞ്ചാരം നിലച്ചു.
ശിവന്‍ തളര്‍ന്നു. ഒരു മരത്തില്‍ ചാരി അയാള്‍ നിന്നു. ചേക്കേറിയ പക്ഷികളുടെ ചിലപ്പ് കേള്‍ക്കാനില്ലാതായി.
ഇരുട്ടില്‍, ദൂരെ ഒഴുകിക്കൊണ്ടിരുന്ന പുഴയുടെ ഇരമ്പം അടുത്തു വന്നു. ശിവന്‍ കാതോര്‍ത്തു. ശബ്ദം വളരെ അടുത്തെത്തി. വാക്കുകളായി അത് രൂപംപൂണ്ടു:
‘മടങ്ങി പൊയ്‌ക്കോളൂ. കൊളോത്ത് സുകുമാരന്റെ ആളുകള്‍ കണ്ടാല്‍ അപകടമാണ്.’
തങ്കമണിയുടെ ശബ്ദം!
ശിവന്‍ നടുങ്ങി വിറച്ചു. തളര്‍ന്ന കാലുകളും തളര്‍ന്ന ശരീരവും തളര്‍ന്ന മനസ്സുമായി ഇരുട്ടിലൂടെ അയാള്‍ തിരിച്ചു നടക്കാന്‍ ശ്രമിച്ചു.
ബാഗില്‍ വച്ച രണ്ടു കട്ടയുടെ ടോര്‍ച്ചിന് തപ്പി. അത് എവിടെ പോയെന്ന് അറിഞ്ഞുകൂടാ.