നോയിഡ: ഭാരതം കേവലം ഒരു തുണ്ട് ഭൂമിയല്ല, മറിച്ച് ലോകത്തിനാകെ വഴികാട്ടുന്ന ഒരു ജീവിതദര്‍ശനമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മഹാകുംഭംമേള ഭാരതത്തെ സംബന്ധിച്ച് നിരവധി ആശയമുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളിലൂടെ ഇന്ത്യ പൂര്‍ണമായും ഭാരതമായിത്തീരും, അദ്ദേഹം പറഞ്ഞു. നോയിഡ പഞ്ചശീല ബാലക് ഇന്റര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ‘വിമര്‍ശ് ഭാരത് കാ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്. ഭാരതം ഒരു കാര്‍ഷിക രാജ്യം മാത്രമാണെന്നും ഇവിടെ ഒരു തരത്തിലുള്ള വ്യവസായവും ഇല്ലായിരുന്നുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. എ.ഡി. 1600ല്‍ ലോകവ്യാപാരത്തില്‍ നമുക്ക് ഏകദേശം 23 ശതമാനം വിഹിതമുണ്ടായിരുന്നു. അതിന്റെ അര്‍ത്ഥം പുരാതന കാലം മുതല്‍ ഒരു മേഖലയിലും നമ്മള്‍ പിന്നോട്ടായിരുന്നില്ല എന്നതാണ്. എന്നാല്‍ അധിനിവേശം നമ്മുടെ ആത്മാഭിമാനത്തിന് മുറിവേല്പിച്ചിട്ടുണ്ട്. അവര്‍ ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തു. ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഭാരതത്തിന് ഒരു സംഭാവനയും ഇല്ലെന്ന പാഠമാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍പോലും പഠിപ്പിച്ചത്. സമൃദ്ധമായ ഭാരതചരിത്രം വളച്ചൊടിച്ച നിലയിലാണ് നമുക്ക് കിട്ടിയത്. എന്നാല്‍ ഇന്ന് നമ്മള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാണ്, ഭാരതീയ മനസുള്ളവരാണ്. ലോകത്തിന്റെ വിളക്കുമാടമാകാന്‍ ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് സമര്‍ത്ഥ രാമദാസന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് നമ്മള്‍ സ്വന്തം കാലില്‍ നില്‍ക്കണം. ശക്തരാകണം. സമൂഹത്തില്‍ സമാധാനം സ്ഥാപിക്കുക എന്നത് നമ്മുടെ കടമയാണ്. സത്യം എഴുതണം, സത്യം പറയണം, സത്യം പ്രവര്‍ത്തിക്കണം. ആശയസമരത്തില്‍ നമ്മുടെ ലക്ഷ്യം സത്യം കണ്ടെത്തുക, സ്ഥാപിക്കുക, ജീവിക്കുക എന്നതായിരിക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു. സുരുചി പ്രകാശന്‍ പ്രസിദ്ധീകരിച്ച പുസ്തകം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക മീനാക്ഷി ജോഷി ഏറ്റുവാങ്ങി.