Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കഥ

ഹരിശ്ചന്ദ്ര ഘാട്ട്

ഡോ.സുകുമാര്‍ കാനഡഡോ.സുകുമാര്‍ കാനഡ
28 February 2025

ഓട്ടോയില്‍ നിന്നും ഇറങ്ങുമ്പോള്‍ കുമാര്‍ വര്‍മ്മ മാലതിയോട് പറഞ്ഞു.
‘ആ പച്ച ബാഗ് കയ്യിലെടുത്തോളൂ.’
‘അതെന്തിനാ നമുക്കറിയാവുന്ന ഓട്ടോക്കാരനല്ലേ’.
‘എങ്കിലും എടുത്തോളൂ. പാസ്‌പോര്‍ട്ടും ഫോണുമെല്ലാം അതിലാണല്ലോ.’
മനസ്സില്ലാ മനസ്സോടെ മാലതി കുറച്ചു കനമുള്ള ആ പച്ച ബാഗ് തോളത്തിട്ടു ബ്രേക്ക് ഫാസ്റ്റിനായി റെസ്റ്റോറന്റിലേയ്ക്ക് കയറി. രാവിലെ ഏഴു മണിയേ ആയിട്ടുള്ളു. എല്ലാ രാത്രിയിലുമെന്നപോലെ തലേന്ന് രാത്രി മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയ വാരാണസി നഗരം നേരം വെളുത്തപ്പോള്‍ കുറച്ച് വൃത്തിയായിരിക്കുന്നു. കച്ചറകളും ഗാര്‍ബേജും കളക്റ്റ് ചെയ്ത് നഗരജീവനക്കാര്‍ പാതകളെല്ലാം ഒരു വിധം വൃത്തിയാക്കുന്നുണ്ട്. പത്തുകൊല്ലം മുന്‍പ് വന്നപ്പോള്‍ കണ്ടതിലും എത്രയോ ഭേദമാണിപ്പോള്‍.
‘എല്ലാം മോദിജി – യോഗിജി മാജിക്കാണ് സാബ്. അദ്ദേഹം വന്ന ശേഷം എത്രപേര്‍ക്കാണ് ജോലി കിട്ടിയതെന്നോ’ സുശീല്‍ കുമാര്‍ ഗുപ്ത എന്ന ഓട്ടോ ഡ്രൈവര്‍ വാചാലനായി. നഗരത്തിലെ എണ്‍പതു ശതമാനം ആള്‍ക്കാര്‍ക്കും മോദിജി-യോഗിജി കോമ്പിനേഷന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. ക്ഷേത്രനഗരത്തിനിപ്പോള്‍ സമാധാനമാണ്.

Google NewsAdd Kesari Weekly as a preferred source on Google

‘ഏതു രാത്രിയിലും കാശിയിലെ ഗലികളിലൂടെ ചെറിയ പെണ്‍ക്കുട്ടികള്‍ക്കു പോലും ധൈര്യമായി നടക്കാം സാബ്.’
റെസ്റ്റോറന്റില്‍ തല മൊട്ടയടിച്ച് ചെറിയൊരു ശിഖ മാത്രം പുറകില്‍ വച്ച കാഷ്യര്‍ പറഞ്ഞു:
‘ബനാര്‍സി കച്ചോരിയും സബ്ജിയും ജിലേബിയും മാത്രമേയുള്ളു സര്‍. പൂരി മസാലയും ദോശയും തയ്യാറാവുമ്പോഴേയ്ക്ക് ഒന്‍പതു മണിയാവും.’
‘ചായ?’
‘മിലേഗാ സര്‍’
ശരി, എന്നു പറഞ്ഞ് രണ്ടാളും സീറ്റുപിടിച്ചു. പുറത്ത് ലഗേജുമായി കാത്തു നിന്നിരുന്ന സുശീല്‍ കുമാര്‍ ഗുപ്ത പറഞ്ഞു.
‘സാബ് ഖാക്കെ ആവോ. ഹം നാശ്താ അഭീ നഹീ ഖാവും’. അവന് ഇപ്പോള്‍ വേണ്ടത്രേ. മാത്രമല്ലാ, ലഗ്ഗേജ് ഓട്ടോയിലാണല്ലോ. ഇന്നലെയും സാരാനാഥിലെ വീവേര്‍സ് കോ-ഓപ്പറേറ്റീവില്‍ നിന്നും പട്ടുസാരികളും സ്യൂട്ടുകളും വാങ്ങി മടങ്ങുമ്പോള്‍ ലഞ്ച് സമയത്ത് സുശീല്‍ കുമാര്‍ അതാണ് ചെയ്തത്.
‘സാബ് ഭക്ഷണം കഴിച്ചു വരൂ, ഞാന്‍ സാരികളുടെ ബാഗ് സൂക്ഷിച്ച് ഇവിടെയിരിക്കാം.’

‘ആപ് കാ ഖാനാ?’
‘ഹം ഫിര്‍ ഖായേംഗേ’
ഡ്രൈവര്‍മാര്‍ക്ക് അറിയാം ലഞ്ചിന്റെ പൈസ കൂടി ടിപ്പായിട്ട് കിട്ടുമെന്ന്.
കാലഭൈരവ ക്ഷേത്രം, സാരാനാഥ്, ബനാറസ് ഹിന്ദു യൂണിവേര്‍സിറ്റിയെല്ലാം കറങ്ങി ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ സുശീല്‍ കുമാര്‍ പറഞ്ഞതിലും അഞ്ഞൂറ് രൂപ കൂടുതല്‍ കൊടുത്തു.
‘അപ്‌നേ ബേട്ടി കേലിയേ കുച്ച് തോഫാ ഖരീദ്‌കേ ദേനാ’
സുശീലിന് മൂന്നു വയസ്സായ ഒരു മകള്‍ മാത്രമേയുള്ളു. ഭാര്യയുമൊത്ത് ചെറിയൊരു കുടിലിലാണ് താമസം.
‘മന്ദിര്‍ ഹെ വഹാം. ഹം ഭീ ശാകാഹാരി ഹേ.’ അയാള്‍ പറഞ്ഞു.
വെജിറ്റേറിയന്‍ മാത്രം കിട്ടുന്ന ഹോട്ടലില്‍ പോകണം എന്നു മാലതി പ്രത്യേകം പറഞ്ഞിരുന്നു. അതോര്‍മ്മിച്ചിട്ടാവണം അയാള്‍ അത് പറഞ്ഞത്. കാശിയില്‍ എല്ലാ മുക്കിലും മൂലയിലും ചെറിയ ചെറിയ കോവിലുകളുണ്ട്. ഹനുമാന്‍, ശിവന്‍, കൃഷ്ണന്‍, ദുര്‍ഗ്ഗ, എന്നു വേണ്ട ഒരു മണിക്കൂര്‍ നടന്നാല്‍ ഹിന്ദു ദേവതാ സങ്കല്‍പ്പങ്ങളിലെ മിക്കവാറും എല്ലാവരേയും നമുക്ക് കാണാന്‍ കഴിയും. അവിടെയെല്ലാം പൂജയും മണിയടിയും ധൂപദീപങ്ങളും കൊണ്ട് നല്ല മേളമാണ് എപ്പോഴും.
‘എന്റെ മോള്‍ക്ക് ഇപ്പോഴേ പൂജാ പാഠ് എല്ലാം ചെയ്യാന്‍ വലിയ ഉത്സാഹമാണ്. വര്‍ത്തമാനം പറഞ്ഞു തുടങ്ങിയപ്പോഴേ ഹനുമാന്‍ ചാലീസ പാടാന്‍ തുടങ്ങി അവള്‍’
ബിഎച്ച്‌യു കാമ്പസ്സില്‍ കറങ്ങുമ്പോള്‍ കുമാര്‍ വര്‍മ്മ പറഞ്ഞു.

ADVERTISEMENT

‘മകളെ നന്നായി പഠിപ്പിക്കണം. ഇതുപോലുള്ള യൂണിവേഴ്‌സിറ്റികളില്‍ ഏതിലെങ്കിലും.
‘ശരി സാബ്. അവളെ പഠിപ്പിക്കല്‍ മാത്രമല്ല, അസ്സിഘാട്ടില്‍ രാവിലെ നടത്തുന്ന ഗംഗാ ആരതി സാബ് കണ്ടിട്ടുണ്ടോ? അതില്‍ പാടുന്ന പെണ്‍കുട്ടികളും ആരതി വിളക്കു പിടിക്കുന്ന ആണ്‍കുട്ടികളും ഇവിടെ ബിഎച്ച്‌യുവില്‍ പഠിക്കുന്നവരാണ്. എന്റെ മകള്‍ക്കും അതിനുള്ള ഭാഗ്യമുണ്ടാവും അല്ലേ സാബ്?’
‘തീര്‍ച്ചയായും’, എന്നു പറഞ്ഞാണ് അഞ്ഞൂറ് രൂപ അയാള്‍ക്ക് കൂടുതല്‍ നല്‍കിയത്.
സാരാനാഥിലേയ്ക്ക് പോവാനും ചുറ്റിക്കാണിക്കാനും സുശീല്‍ കുമാറിനെ ഏല്‍പ്പിക്കാനുള്ള കാരണം അതിന്റെ തലേന്ന് കാശി വിശ്വനാഥന്റെ ദര്‍ശനം വി.ഐ.പി ക്യൂവില്‍ മുന്നൂറ് രൂപ ടിക്കറ്റെടുത്ത് ഒരുവിധം വേഗത്തില്‍ സാദ്ധ്യമായി മടങ്ങുമ്പോള്‍ അയാളെ കണ്ടതുകൊണ്ടാണ്.
അയാള്‍ അടുത്തു വന്ന്, ‘സാബ്, ഓട്ടോ ചാഹിയേ?’ എന്ന് ചോദിച്ചത് സൗമ്യമായാണ്. അമ്പലത്തിനടുത്ത് ഉള്ള റോഡുകളില്‍ ഓട്ടോയും മറ്റ് വണ്ടികളും പ്രവേശിപ്പിക്കുന്നില്ല. ഏതാണ്ട് ഒരു കിലോമീറ്റര്‍ നടക്കാനുണ്ട്.
‘സാബ്, എന്റെ ഓട്ടോ, ഈ പുറകിലുള്ള ഗലിയിലാണ്. ഇരുപതു കൊല്ലമായി ഞാന്‍ ഇവിടെ ഓട്ടോ ഓടിക്കുന്നു. ഇതെന്റെ മൂന്നാമത്തെ ഓട്ടോയാണ്. സര്‍ വരൂ.’
‘ശരി’, എന്നു പറഞ്ഞ് കുമാറും മാലതിയും അയാളുടെ ഒപ്പം നടന്നു. കുറേ നടന്നിട്ടും ഓട്ടോ കാണുന്നില്ല.
‘എന്നാല്‍ ഞങ്ങള്‍ മടങ്ങിപ്പോവുന്നു’, എന്ന് പിണങ്ങാന്‍ ഭാവിച്ചപ്പോള്‍ അയാള്‍ അടുത്ത ഗലിയുടെ ഒരു കോണില്‍ വൃത്തിയുള്ള തന്റെ ഓട്ടോ ചൂണ്ടിക്കാണിച്ചു തന്നു, പിന്നെ രണ്ടു ദിവസം അയാളായിരുന്നു നഗരത്തിലെ സാരഥി. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും സങ്കടമോചന ഹനുമാന്‍ ക്ഷേത്രത്തിലേയ്ക്കാണ് അയാള്‍ ആദ്യം കൊണ്ടുപോയത്. പെട്ടെന്നു തന്നെ ദര്‍ശനം കിട്ടി മടങ്ങുകയും ചെയ്തു. പറഞ്ഞുറപ്പിച്ച മുന്നൂറു രൂപ മാത്രമേ അയാള്‍ മേടിച്ചുള്ളു.
‘സാബ് എന്റെ നമ്പര്‍ തരാം. നാളെ എവിടെപ്പോവാനും എന്നെ വിളിക്കണേ.’
‘മിക്കവാറും നാളെ സാരാനാഥ് വരെ പോയി മടങ്ങണം, ഞാന്‍ വിളിക്കാം’ കുമാര്‍ പറഞ്ഞു.

പറഞ്ഞതുപോലെ അയാളെത്തന്നെ വിളിച്ചു. രാവിലെ ഏഴരമണിക്ക് ആള്‍ ഹാജരായി.
‘ഗുപ്താജി, സാരാനാഥിന് മുന്‍പ് കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.’
‘ഓകെ, സാബ്. കാശിദര്‍ശനം പൂര്‍ത്തിയാവണമെങ്കില്‍ കാലഭൈരവനെ വണങ്ങിയിട്ടേ പോകാനാവൂ.’
അയാള്‍ പെട്ടെന്ന് കുറെയേറെ ഗലികളിലൂടെ നടത്തിക്കൊണ്ടുപോയി, ഒന്നോ രണ്ടോ സ്ഥലത്ത് അന്‍പതു രൂപ വീതം കയ്യില്‍ നിന്നും നല്‍കി പെട്ടെന്ന് ദര്‍ശനം ശരിയാക്കി. ഒരു സ്വപ്നത്തിലെന്ന പോലെ പെട്ടെന്നുതന്നെ അവിടെ നിന്നും പുറത്തു വന്നു.
‘സാബ്, നേരെ മുന്‍വശത്തുള്ള വഴിയില്‍ നീണ്ട ക്യൂവാണ്. ആ പാണ്ഡയ്ക്ക് നൂറ് രൂപ കൊടുക്കണം കെട്ടോ.’
പൈസയും കൊടുത്ത് മടങ്ങുമ്പോള്‍ തോന്നി, ഇങ്ങിനെയൊരു സാരഥിയെത്തന്നെയാണല്ലോ ഗൈഡ് ആയും കിട്ടിയത്! നന്നായി.
ബ്രേക്ക് ഫാസ്റ്റ് ഗംഭീരമായിരുന്നു. ബനാര്‍സി കച്ചോരിയും സബ്ജിയും വളരെ നന്നായിരുന്നു. അരക്കിലോ ജിലേബി വാങ്ങിയത് ഭംഗിയായി പൊതിഞ്ഞ് ഗിഫ്റ്റ്പാക്കായി മാനേജര്‍ തരികയും ചെയ്തു. എല്ലാം കൂടി നാനൂറ്റി ഇരുപതു രൂപ മാത്രം! ഫോണ്‍ പേയിലൂടെ പൈസ കൊടുത്ത് ചെറിയ ബാഗ് കൈയിലെടുത്ത് പുറത്തിറങ്ങി. സുശീല്‍ കുമാറിന്റെ ഓട്ടോ അവിടെയില്ല.
‘ശായദ്, അയാള്‍ ഓട്ടോയില്‍ ഡീസലടിക്കാന്‍ പോയതാവും. കയറിയിരിക്കൂ.’
മാനേജര്‍ പറഞ്ഞു. പുറത്ത് ചൂട് കൂടിവരുന്നു. പൊതുവേ ഒക്ടോബര്‍ മാസത്തില്‍ കാശിയിലെ ചൂട് അധികമില്ല എന്നാണ് പറയുക. പക്ഷേ, ഈയാഴ്ച ആവറേജ് ചൂട് മുപ്പത്തിയാറ് ഡിഗ്രിയാണ്.
‘സാബ്, നിങ്ങള്‍ കാശിയിലെ മാങ്ങാ സീസണ്‍ മിസ് ചെയ്തു. ജൂലായില്‍ കാശിയിലെ നിരത്ത് മുഴുവന്‍ ഒന്നാന്തരം മാങ്ങയും മാമ്പഴവും നിറഞ്ഞിരിക്കും. ഹരിശ്ചന്ദ്ര ഘാട്ടിലേയ്ക്ക് പോകും വഴി സുശീല്‍ കുമാര്‍ പറഞ്ഞു. ‘അപ്പോള്‍ ചൂട് നാല്‍പ്പതു ഡിഗ്രി വരെയൊക്കെ പോവും’
ഹരിശ്ചന്ദ്ര ഘാട്ടില്‍ അപ്പോള്‍ രണ്ടു ചിതകള്‍ എരിയുന്നുണ്ടായിരുന്നു.

‘ഇന്ന് രണ്ടെണ്ണമേയുള്ളു?’ വര്‍മ്മ ചോദിച്ചു.
‘മണികര്‍ണ്ണികാ ഘാട്ടിലാണ് ചിതകള്‍ അധികവും എപ്പോഴും എരിയുക. അവിടെ വയസ്സായി മരിക്കുന്നവരെയാണ് അഗ്നിക്ക് സമര്‍പ്പിക്കുക. യോഗിജി വന്നതില്‍പ്പിന്നെ എല്ലാം വലിയ നിയന്ത്രണത്തിലാണ്. പത്തോ പന്ത്രണ്ടോ ഇലക്ട്രിക് സ്റ്റേഷനുകള്‍ ഉണ്ട്. വിറക് വച്ച് വേണമെങ്കില്‍ കൂടുതല്‍ തുക ചിലവാകും. മാത്രമല്ല, ദേഹം മുഴുവന്‍ കത്താതെ ഗംഗാജിയിലേയ്ക്ക് വലിച്ചെറിയുന്ന പരിപാടി ഇപ്പോള്‍ ഇല്ല. ഇവിടുത്തെ പൂജാരിമാരുടെ പിടിച്ചുപറിയും കുറഞ്ഞു.’
അപ്പോഴേയ്ക്കും ”രാം നാം സത്യ ഹേ” എന്നു പാടിക്കൊണ്ട് ഒരു ദേഹം ഹരിശ്ചന്ദ്ര ഘാട്ടിലേയ്ക്ക് വരുന്ന തിരക്കായി.
‘സാബ്, ഇവിടെ ഹരിശ്ചന്ദ്രാ ഘാട്ടില്‍ അപകടമരണമോ അപമൃത്യുവോ ഉണ്ടായവരെയാണ് ദഹിപ്പിക്കുക.’
പിന്നെ അയാളും ചൊല്ലി. ‘രാം നാം സത്യഹേ– — ‘
‘ഈ ഗതി ആര്‍ക്കും വരുത്തല്ലേ’ എന്നൊരു പ്രാര്‍ത്ഥനയോടെ വര്‍മ്മ, മഹാ മൃത്യുഞ്ജയ മന്ത്രം മനസ്സില്‍ ചൊല്ലി. നോക്കുമ്പോള്‍ മാലതിയുടെ ചുണ്ടുകളും മന്ത്രിക്കുന്നത് അതു തന്നെയായിരുന്നു.
‘….ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയമാമൃതാത്”
സുശീല്‍ കുമാറിനെ കണ്ടില്ലല്ലോ, ഏതായാലും വാരാണസി എയര്‍പ്പോര്‍ട്ടില്‍ അരമണിക്കൂര്‍ കൊണ്ട് എത്താവുന്നതേയുള്ളു. ഇനി അയാളുടെ ഓട്ടോയ്ക്ക് എന്തെങ്കിലും പറ്റിയോ? കുമാര്‍ മനസ്സിലോര്‍ത്തെങ്കിലും മാലതിയോട് പറഞ്ഞില്ല. സമയം ഏഴ് നാല്പതേ ആയിട്ടുള്ളു. ഫ്‌ളൈറ്റ് പതിനൊന്നു മണിക്കേയുള്ളു.

തലേന്ന് സാരാനാഥില്‍ പോയപ്പോഴാണ് എത്ര ഭംഗിയായും വൃത്തിയായുമാണ് ബുദ്ധിസ്റ്റുകള്‍ അവരുടെ സ്മാരകങ്ങളും മറ്റും കാത്തുരക്ഷിക്കുന്നത് എന്ന് മനസ്സിലായത്. ബുദ്ധപ്രതിമകളും അശോക ചക്രത്തിന്റെയും സ്തംഭത്തിന്റെയും മാതൃകകളും കണ്ട ശേഷം ബുദ്ധസ്തൂപങ്ങള്‍ നിറഞ്ഞ വിശാലമായ പാര്‍ക്കില്‍ പോയപ്പോഴാണ് അതിക്രമിച്ചു കയറിയ വിദേശ ശക്തികള്‍ നശിപ്പിച്ച അശോകസ്തംഭത്തിന്റെ ബാക്കി ഭാഗങ്ങള്‍ കാണുന്നത്. പല കഷണങ്ങളായി മുറിച്ചുപേക്ഷിച്ച സ്തംഭത്തിന്റെ കഷണങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടവിടെ. തൊട്ടടുത്തുള്ള മ്യൂസിയത്തില്‍ പൊട്ടിപ്പൊടിഞ്ഞ അശോകചക്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവിടെയുള്ള ബുദ്ധപ്രതിമകള്‍ക്കും അതീവ സുന്ദരമായി കൊത്തിയെടുത്ത സ്ത്രീ പുരുഷ ശില്‍പ്പങ്ങള്‍ക്കും, ചിലതിന് മൂക്കില്ല, ചിലതിന് മുലയില്ല, തലയില്ല. അവയുടെ നിര്‍മ്മാണ കാലഘട്ടവും നശീകരണ കാലഘട്ടവും എഴുതി വച്ചിട്ടുണ്ടെങ്കിലും ആരാണ് ഇത്ര ക്രൂരവും വക്രവുമായ ബുദ്ധി ഉപയോഗിച്ച് അവയെല്ലാം വികലമാക്കിയതെന്ന് നാം അത്ഭുതപ്പെട്ടു പോകും. അതുമാത്രം എഴുതിയിട്ടില്ല. ‘ഭാരതത്തില്‍ ഉണ്ടായ ഒരു രാജവംശവും തത്വചിന്തയും അതിനു കൂട്ടുനില്‍ക്കില്ല’ മാലതി കുറച്ചുറക്കെത്തന്നെ പറഞ്ഞു. അതുകേട്ട ആ തമിഴന്‍ ദേഷ്യത്തോടെ പറഞ്ഞു.
‘അവരെല്ലാം വന്ത് പീസ് ലവേര്‍സ് എന്നു പുകഴ്‌പെറ്റ പെറുക്കി മക്കള്‍ താന്‍.’
കൂടുതല്‍ വിശദീകരിക്കാന്‍ സമയമുണ്ടായില്ല. പുറത്ത് വെയില്‍ കത്തിക്കാളുന്നു. വരാണസി വീവേര്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കയറിയപ്പോള്‍ അവര്‍ ബനാറസിന് മാത്രം സ്വന്തമായുള്ള നെയ്ത്ത് രീതിയും അതിനുള്ള മെഷീനും കാണിച്ചുതന്നു. രണ്ടു മെലിഞ്ഞുണങ്ങിയ വൃദ്ധര്‍ പ്രത്യേകം ഉണ്ടാക്കിയ തറിയില്‍ സാരികള്‍ നെയ്യുന്നതിന്റെ ഡെമോന്‍സ്സ്‌ട്രെഷനും ഉണ്ടായിരുന്നു. പിന്നെ അന്‍പതിനായിരം രൂപയോളം അവിടെ ചിലവാക്കി. സാരികളും ഷാളുകളും മറ്റും വാങ്ങി. കൂടെ കുമാര്‍ വര്‍മ്മയ്ക്ക് ഒരു മോഡി ജാക്കറ്റും.
‘സാബ്, എത്ര രൂപയുടെ സാരികള്‍ വാങ്ങി?’ സുശീല്‍ കുമാര്‍ ചോദിച്ചു.
പറയണോ വേണ്ടയോ എന്ന് മാലതിയെ നോക്കി ഒന്നു സംശയിച്ചിട്ട് കുമാര്‍ പറഞ്ഞു. ‘ങാ പത്തന്‍പതിനായിരം ചിലവായി. ഹാപ്പി വൈഫ് , ഹാപ്പി ലൈഫ്, സഹി ഹേ ക്യാ നഹി?’
അയാള്‍ ചിരിച്ചു. മാലതി ആ തമാശ പല തവണ കേട്ടിട്ടുള്ളതിനാല്‍ ഒരു മര്യാദ ചിരിയില്‍ ഒതുക്കി.

‘ഓട്ടോക്കാരനെ ഇനിയും കണ്ടില്ലല്ലോ.’
‘സാരമില്ലന്നേ, ഇനിയും രണ്ടര മണിക്കൂര്‍ ഉണ്ട്.’ മാലതി സമാധാനിപ്പിച്ചു.
തലേന്ന് ലഞ്ചു കഴിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കാണാന്‍ പോയപ്പോള്‍ സുശീല്‍ കുമാര്‍ പറഞ്ഞിരുന്നു.
‘സാബ്, പണ്ഡിറ്റ്മദന്‍ മോഹന്‍ മാളവ്യയാണ് ഈ വലിയ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്. വെള്ളക്കാരൊക്കെ ഇവിടെ പഠിക്കുന്നുണ്ട്- എന്റെ ബേട്ടിയെ ഇവിടെ പഠിപ്പിക്കണം.’
പണ്ഡിറ്റിന്റെ വലിയൊരു പ്രതിമയുണ്ട് അവിടെ ബിര്‍ലാമന്ദിരത്തിന്റെ മുന്നില്‍. അവിടെ സ്വയം വരച്ച ചിത്രങ്ങള്‍ വില്‍ക്കുന്ന ഒരു മിടുക്കി പ്രിയങ്കയെ പരിചയപ്പെട്ടു. ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് പഠിക്കുന്ന അവളുടെ ക്ലാസ്സ് വര്‍ക്കാണ് മിക്കവാറും പടങ്ങള്‍. ദശാശ്വമേധഘാട്ട് സൂര്യന്റെ സ്ഥാനമനുസരിച്ച് നിറഭേദം വരുന്ന കാഴ്ച അവള്‍ മൂന്നു പാനലുകളിലായി വരച്ചു പെയിന്റ് ചെയ്തിട്ടുണ്ട്.
‘എത്രയ്ക്കാണ് നീയിവ വില്‍ക്കുന്നത്?’

‘എല്ലാം ഒറിജിനലാണ് സര്‍. മുന്നറ്റി അന്‍പത്, ഒരെണ്ണത്തിന്. പേപ്പറിനു തന്നെ എഴുപത്തഞ്ചു രൂപയോളം ചിലവുണ്ട് സര്‍.’
മൂന്നെണ്ണം വാങ്ങി ചോദിച്ച പൈസ കൊടുത്തപ്പോള്‍ പ്രിയങ്ക കൂടുതല്‍ വാചാലയായി.
‘സര്‍ പണ്ഡിറ്റ്ജി യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അതാണ് ഞാന്‍ ഈ പാനലില്‍ അദ്ദേഹത്തിന്റെ പടം വയ്ക്കാന്‍ കാരണം. നമുക്ക്, ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്ന ഒരു ക്യാമ്പസ്സല്ലേ ഇത്! പണ്ഡിറ്റ്ജിയുടെ കൈയില്‍ ഈ ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാം പണിയാന്‍ ഏറെ തുക വേണമല്ലോ. അതിനായി പലരേയും സമീപിച്ച കൂട്ടത്തില്‍ ഹൈദരാബാദ് നിസ്സാമിനേയും അദ്ദേഹം പോയിക്കണ്ടു.
‘ഒരു ഹിന്ദു യൂണിവേഴ്‌സിറ്റിക്കായി പണം ചോദിക്കാന്‍ നിങ്ങള്‍ക്കെങ്ങിനെ ധൈര്യം വന്നു?’ എന്നു ചോദിച്ച് രാജാവ് തന്റെ ചെരിപ്പെടുത്ത് പണ്ഡിറ്റിന് നേര്‍ക്ക് എറിഞ്ഞു. അദ്ദേഹം അക്ഷോഭ്യനായി ആ ചെരിപ്പുമെടുത്ത് കാശിയില്‍ വന്ന് അത് ലേലത്തില്‍ വില്‍ക്കാന്‍ വച്ചു. ഹൈദരാബാദ് നൈസ്സാമിന്റെ പാദുകം എന്ന നിലയില്‍ വലിയ വലിയ തുകകള്‍ ഓഫറായി വന്നുകൊണ്ടിരുന്നു. വിവരമറിഞ്ഞ നിസ്സാം അപമാനഭീതിയില്‍ ഓഫര്‍ ചെയ്യപ്പെട്ട തുകയേക്കാള്‍ വലിയൊരു തുകയ്ക്ക് ആ പാദുകം തിരികെയെടുത്തു. ആ തുകയ്ക്കാണ് ബി.എച്ച്.യു തുടങ്ങിവച്ചത്.’
പ്രസന്നവതിയായി പ്രിയങ്ക ഇതു പറഞ്ഞപ്പോള്‍ അവളെ അഭിനന്ദിച്ച് ആ പടം കൂടി വാങ്ങി.

‘പത്ത് കൊല്ലം കഴിയുമ്പോള്‍ നിന്റെ പെയിന്റിംഗുകള്‍ വലിയ വലിയ ഗാലറികളില്‍ കാണാനിടയാവട്ടെ’ എന്നു കുമാര്‍ വര്‍മ്മ പറഞ്ഞപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞു.
ഓട്ടോക്കാരനെ കാണാതെ കുമാര്‍ വര്‍മ്മയ്ക്ക് ടെന്‍ഷനായി. കഴിഞ്ഞ തവണ കാശിയില്‍ വന്നപ്പോള്‍ പെട്ടെന്ന് തിരക്കില്‍ വഴിയില്‍ ഇറങ്ങേണ്ടിവന്നു. ഓട്ടോക്കാരനെ പോലീസ് ഓടിച്ചു വിടുകയും ചെയ്തു.
‘സാബ്, ദര്‍ശന്‍ കെ ബാദ് മിലേംഗെ’ എന്ന് പറഞ്ഞ് അയാള്‍ പെട്ടെന്ന് തിരക്കില്‍ അപ്രത്യക്ഷനായി. വലിയ ക്യാമറയും പാസ്‌പ്പോര്‍ട്ടും ട്രാവലേഴ്‌സ് ചെക്കുകളും എല്ലാം ഓട്ടോയിലെ ബാഗിലായിരുന്നു. കാശി വിശ്വനാഥനെ കണ്ടു മടങ്ങുമ്പോഴാണ് ബാഗിന്റെ കാര്യം ഓര്‍മ്മവന്നതുതന്നെ. ഓട്ടോകളും മറ്റും ഓടുന്ന റോഡരികില്‍ നിന്ന് ഇനി എന്തുചെയ്യും എന്ന് കരുതി നില്‍ക്കുമ്പോള്‍ അതാ ഓടിക്കിതച്ച് ബാഗും തോളിലിട്ട് അയാള്‍ വരുന്നു.

‘സാബ്, പോലീസ് എന്നെ ദൂരേയ്ക്ക് ഓടിച്ചതാണ്. വണ്ടി അവിടെയിട്ട് ഞാന്‍ ഏതു ഗേറ്റിലൂടെ സാബ് വരും എന്നു പ്രതീക്ഷിച്ച് അങ്ങുമിങ്ങും ഓടുകയായിരുന്നു.’ കാശിയില്‍ വഞ്ചിക്കപ്പെടാന്‍ സാദ്ധ്യതയില്ല എന്നതാണ് അനുഭവമെങ്കിലും രണ്ടു മൂന്നു തവണ വിളിച്ചു. സുശീല്‍ കുമാര്‍ഗുപ്തയുടെ ഫോണ്‍ സര്‍വ്വീസിലില്ല എന്നാണ് കേള്‍ക്കുന്നത്. രാവിലെ ഹോട്ടലില്‍ നിന്നു വിളിച്ചപ്പോള്‍ സംസാരിച്ചതാണ്. ഫോണ്‍ കേടൊന്നുമല്ല.
സമയം വൈകിയെങ്കിലും കുമാര്‍ വര്‍മ്മ സമാധാനിച്ചു. പാസ്‌പോര്‍ട്ടും ഫോണും ലാപ്‌ടോപ്പും കയ്യിലുണ്ടല്ലോ. ലഗ്ഗേജിലുള്ളത് ബനാറസ്സില്‍ നിന്നും വാങ്ങിയ സാധനങ്ങളും യാത്രയ്ക്ക് കൊണ്ടുവന്ന വസ്തുക്കളുമാണ്. മാലതി ആഗ്രഹിച്ചു വാങ്ങിയ അന്നപൂര്‍ണ്ണേശ്വരീ വിഗ്രഹം നല്ല പിച്ചളയില്‍ ഉണ്ടാക്കിയ റെയര്‍ പീസാണ്.

പതിനായിരത്തോളമായെങ്കിലും സന്തോഷത്തോടെയാണ് വാങ്ങിയത്. പിന്നെ ഗണപതിയുടെ ആറു പ്രതിമകള്‍, കുര്‍ത്തകള്‍, കൂടാതെ സാരാനാഥില്‍ നിന്നു വാങ്ങിയ സാരികളും.
ഇനി കഷ്ടിച്ച് ഒന്നര മണിക്കൂറേയുള്ളു ഫ്‌ളൈറ്റ് പുറപ്പെടാന്‍. കൃഷ്ണാ വെജിറ്റേറിയന്‍ ഫുഡിന്റെ ഉടമസ്ഥനാണെന്നു തോന്നുന്നു. അവിടുത്തെ സപ്ലയര്‍ പയ്യനോട് പറഞ്ഞു.
‘സാബിന് എയര്‍പോര്‍ട്ടില്‍ പോവാന്‍ പെട്ടെന്നൊരു ഓട്ടോ വിളിച്ചു കൊണ്ടുവാ.’
‘സാബ്, അവന്‍ വരുമ്പോള്‍ ഞാന്‍ പറയാം ലഗേജ് എയര്‍പോര്‍ട്ടില്‍ കൊണ്ടു തരാന്‍. സാറിന്റെ അഡ്രസ്സും ഫോണ്‍ നമ്പറും തന്നാലും. ഫ്‌ളൈറ്റ് പോയാലും ഞങ്ങള്‍ ലഗേജ് പാര്‍സല്‍ അയക്കാം, ഒട്ടും വിഷമിക്കണ്ട. ഇവിടെ ആരും പറ്റിക്കില്ല.’
അയാളുടെ വായില്‍ നിറയെ പാനുണ്ട്. ചുണ്ടില്‍ ചെറിയൊരു ചിരിയുമുണ്ടോ? കുമാര്‍ സംശയിച്ചു.
പെട്ടെന്ന് ഒരോട്ടോ വന്ന് അതില്‍ കയറുമ്പോഴും മാലതി കൂളാണ്.

‘അവന്‍ ലഗേജ് കൊണ്ടുവരും. പേടിക്കണ്ടന്നേ. ആരെയും വിശ്വാസമില്ലെങ്കില്‍ പിന്നെ എങ്ങിനെയാ? അവന് എന്തെങ്കിലും അബദ്ധം പറ്റിയതാവും അല്ലെങ്കില്‍ ഓട്ടോ കേടായി. അത്രയേ ഉള്ളു.’
എയര്‍പോര്‍ട്ടില്‍ എത്താന്‍ ഇനി പത്തു മിനുട്ട് സമയമേയുള്ളുവെന്ന് ഗൂഗിള്‍ അറിയിച്ചു. കുമാര്‍ ടെന്‍ഷനില്‍ത്തന്നെയായിരുന്നു. ഏറിയാല്‍ ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാവുക. പിന്നെ കഷ്ടപ്പെട്ട് തിരഞ്ഞെടുത്ത സാധനങ്ങള്‍ കിട്ടാത്തതിന്റെ പ്രശ്‌നം. സാരമില്ല. ക്ഷമയോടെ കാത്തിരിക്കുകതന്നെ.
പെട്ടെന്ന് സുശീല്‍ കുമാറിന്റെ ഓട്ടോറിക്ഷ പാഞ്ഞു വന്ന് ഇടതു വശത്ത് നിന്നു വിളിച്ചുകൂവി.
‘രുക്കിയേ, രുക്കിയേ’
ഓട്ടോറിക്ഷകള്‍ രണ്ടും നിര്‍ത്തി ഇറങ്ങിയ ഉടനേ സുശീല്‍ കുമാര്‍ പറഞ്ഞു.
‘മാഫ് കര്‍നാ സാബ്, ആനേ മേം ദേര്‍ ഹോ ഗയാ’
ചോദിക്കും മുന്‍പ് പെട്ടെന്ന് അയാള്‍ പുതിയ ഓട്ടോക്കാരന് പൈസ കൊടുത്ത് പറഞ്ഞയച്ചു.
‘സാബ്, ജല്‍ദി’, എന്നു പറഞ്ഞ് അയാള്‍ എയര്‍പോര്‍ട്ടിലേക്ക് ഓട്ടോ പറപ്പിച്ചു. ഫ്‌ളൈറ്റ് പുറപ്പെടാന്‍ അന്‍പതു മിനുറ്റുള്ളപ്പോള്‍ എയര്‍പോര്‍ട്ടിലെത്തി.
‘ക്യാ ഹുവാ?’ കുമാര്‍ ചോദിച്ചു.

‘പറയാം സാബ്. പറയാം. മാഡത്തിനെയും കൊണ്ട് അകത്തു കയറാന്‍ നോക്കു സാബ് അല്ലെങ്കില്‍ വൈകും.’
ഉടനേ അയാള്‍ക്ക് പൈസ കൊടുക്കാന്‍ പോക്കറ്റില്‍ തപ്പിയപ്പോള്‍ അഞ്ഞൂറിന്റെ ഒരേയൊരു നോട്ടേയുള്ളു. കുറച്ചു കൂടുതല്‍ കൊടുക്കാമെന്നാണ് വിചാരിച്ചത്.
‘ഫോണ്‍പേയില്‍ നിനക്ക് പൈസ അയച്ചുതരാം പോരേ? നിന്റെ ഫോണ്‍ ഓണാക്കി വയ്ക്കണം. നേരെത്തെ വിളിച്ചപ്പോള്‍ കിട്ടിയില്ല,’
‘ശരി സര്‍, സോറി സര്‍. കാശി വിശ്വനാഥന്‍ അങ്ങയെ രക്ഷിക്കട്ടെ.’ എന്നു പറഞ്ഞ് അയാള്‍ രണ്ടാളുടെയും കാല്‍തൊട്ട് വന്ദിച്ച് ഒഴുകി വരുന്ന കണ്ണീര്‍ തുടയ്ക്കാതെ നിന്നു.
‘താങ്ക് യൂ ഭയ്യാ’ എന്നു പറഞ്ഞ് കുമാര്‍ വര്‍മ്മ എയര്‍പോര്‍ട്ടിലേയ്ക്ക് കയറാന്‍ ധൃതിപ്പെട്ടു.
‘ജീത്തേ രഹോ ബേട്ടാ’ എന്ന് മാലതി അവന്റെ തലയില്‍ കൈവച്ചപ്പോള്‍ അവന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

എന്തിനാണിവന്‍ ഇങ്ങിനെ വികാരഭരിതനാവുന്നതെന്ന് മാലതിക്ക് അത്ഭുതം തോന്നി. ഏതായാലും സാരമില്ല രാവിലെ നാലു മുതല്‍ വൈകിട്ടു നാലുവരെ കുടുംബത്തെ നോക്കാന്‍ കഷ്ടപ്പെടുന്നവനല്ലേ. സിറ്റിയില്‍ നിന്നും എയര്‍പോര്‍ട്ടിലേയ്ക്കുള്ള ഓട്ടോ കൂലി എണ്ണൂറു രൂപയ്ക്ക് പകരം ആയിരമെങ്കിലും കൊടുക്കാമെന്ന് കുമാറിനോട് പറയണമെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും പോട്ടെ, ആയിരത്തി അഞ്ഞൂറെങ്കിലും കൊടുക്കണം എന്ന് പറയാനാണ് മാലതി നിശ്ചയിച്ചത്.
സെക്യൂരിറ്റി ക്ലിയറന്‍സിന് വരി നില്‍ക്കുമ്പോള്‍ സുശീല്‍ കുമാര്‍ രണ്ടു തവണ വിളിച്ചു. എടുക്കാന്‍ പറ്റിയില്ല. ‘ഇവനെന്താ ഇത്ര അക്ഷമ’, എന്നു വിചാരിച്ച് സെക്യൂരിറ്റി ക്ലിയറന്‍സിനു ശേഷം ബെല്‍റ്റ് ധരിക്കുമ്പോള്‍ കുമാറിന്റെ ഫോണ്‍ വീണ്ടും ശബ്ദിച്ചു. സുശീല്‍ കുമാര്‍ ഗുപ്ത തന്നെയാണ്.
‘എന്താ നിനക്ക് ഇത്ര ക്ഷമയില്ലേ? പൈസ തരാതെ ഞാന്‍ പോവുകയൊന്നുമില്ല.’

‘അതല്ല സാര്‍, മുഝേ മാഫ് കര്‍നാ. ഹം ഗലത് കിയാ. എനിക്ക് സ്വയം മാപ്പു നല്‍കാന്‍ കഴിയാത്ത തെറ്റാണ് ഞാന്‍ ചെയ്തത്. സാബ് എനിക്ക് പൈസ അയക്കരുത്. ഞാന്‍ അത്ര പാപിയാണ്. എന്നെ മകനെപ്പോലെ സ്‌നേഹിച്ച്. എന്റെ ബേട്ടിക്ക് ദാദിയേപ്പോലെ കളിപ്പാട്ടം മേടിക്കാന്‍ പൈസ തന്ന മാഡംജിയേയും ഇന്നലെ എനിക്കിത്ര പൈസ കൂടുതല്‍ തന്ന സാബിനെയും വഞ്ചിക്കാന്‍ ഞാന്‍ ശ്രമിച്ചു.
”ലഗേജില്‍ വില കൂടിയ സാധനങ്ങള്‍ ഉണ്ടാവും, നീയതു കൊണ്ട് പൊയ്‌ക്കോ” എന്ന് അവിടെ റസ്റ്റോറന്റിനു മുന്നില്‍ക്കിടന്ന ഓട്ടോക്കാരന്‍ പറഞ്ഞപ്പോള്‍ എന്റെയുള്ളിലും അങ്ങിനെയൊരു ദുര്‍ബുദ്ധി തോന്നിപ്പോയി സാബ്. ഫോണ്‍ ഓഫാക്കിയിടാനും പറഞ്ഞത് അവനാണ്. സാബിന്റെ ലഗേജുമായി വണ്ടിയോടിച്ചു പോവുമ്പോള്‍ വഴിയില്‍ ഒരാക്‌സിഡന്റ്. ചെറിയൊരു സ്‌കൂള്‍ കുട്ടിയ്ക്കാണ് അപകടം പറ്റിയത്. വണ്ടികള്‍ എല്ലാം നിര്‍ത്തി ട്രാഫിക് ജാം ആയിരുന്നു. ആംബുലന്‍സിനായി എല്ലാവരും കാത്തുനിന്നു. സൈഡില്‍ വന്ന ഒരു ഇലക്ട്രിക് ഓട്ടോക്കാരന്‍ എനിക്ക് പരിചിതനായിരുന്നു.
‘മിക്കവാറും ഹരിശ്ചന്ദ്ര ഘാട്ടില്‍ ഒടുങ്ങാനാവും പാവം ആ പയ്യന്റെ വിധി’ അവന്‍ പറഞ്ഞു.

പെട്ടെന്ന് എനിക്കെന്റെ ബേട്ടിയെ ഓര്‍മ്മ വന്നു, സാബ്. ഹരിശ്ചന്ദ്ര ഘാട്ടില്‍ പോയി ഒടുങ്ങുന്ന ഒരു ജീവിതമാവും എനിക്കും കിട്ടുക. ഇത്ര നല്ലവരായ നിങ്ങളെ വഞ്ചിച്ച എനിക്ക് അപമൃത്യുവല്ലാതെ എന്തുണ്ടാവാന്‍? ഒരു നിമിഷം പോലും പിന്നെ എനിക്ക് പിടിച്ചു നില്‍ക്കാനായില്ല. അങ്ങിനെയാണ് ഞാന്‍ ഓടിക്കിതച്ച് ലഗേജുമായി എത്തിയത്. സാബ്, മാഡത്തിനോട് എന്റെയീ പാപചിന്തയെപ്പറ്റി പറയരുത് പ്ലീസ്. എന്നെ ”ബേട്ടാ ജീത്തേ രഹോ” എന്നു പറഞ്ഞ അമ്മയ്ക്കു മുന്നില്‍ എനിക്കിത്ര നീചനായി നില്‍ക്കാന്‍ വയ്യ സര്‍. സര്‍ എനിക്ക് പൈസയൊന്നും അയക്കരുത്, പ്ലിസ്. അയച്ചാലും ഞാനത് തിരികെ അയക്കും. ഇങ്ങിനെയെങ്കിലും ഞാന്‍ അല്പം ആശ്വസിക്കട്ടെ. പ്ലീസ്, സര്‍.’
‘തെറ്റൊക്കെ ആര്‍ക്കും പറ്റും. നീയത് മനസ്സിലാക്കിയല്ലോ – എനിക്ക് നിന്നോട് ഒരു വിരോധവുമില്ല. പൈസ ഞാനയക്കാം. നീയത് സ്വീകരിക്കണം.’
‘ഇല്ല സാബ് അതിന് ഞാന്‍ അര്‍ഹനല്ല’ അവന്‍ ഉറച്ചുതന്നെയാണ് പറഞ്ഞത്.
‘എങ്കില്‍ നീയൊരു കാര്യം ചെയ്യൂ’ ഹരിശ്ചന്ദ്ര ഘാട്ടിലേയ്ക്ക് ആര് സവാരിക്ക് വിളിച്ചാലും ഞാനയക്കുന്ന രണ്ടായിരം രൂപ തീരുന്നതുവരെ നീ സവാരിക്ക് കൂലി വാങ്ങരുത്. അങ്ങിനെ നിനക്ക് മനഃസമാധാനം ഉണ്ടാവട്ടെ.’
‘ജീത്തേ രഹോ ബേട്ടാ.’, കുമാര്‍ വര്‍മ്മയും അവനെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു. അവന്റെ തേങ്ങല്‍ അപ്പോഴും കേള്‍ക്കാമായിരുന്നു.
‘അവനുള്ള പൈസ ഫോണ്‍പേയില്‍ അയച്ചോ? ഒരു രണ്ടായിരമെങ്കിലും അയക്കണേ; മാലതി കുമാര്‍ വര്‍മ്മയെ ഓര്‍മ്മിപ്പിച്ചു.
‘ആരോടായിരുന്നു ഇത്ര നീണ്ട വര്‍ത്തമാനം?’
‘അതോ, അതാ സുശീല്‍ കുമാറിനോട്. നമ്മുടെ സുഹൃത്തുക്കള്‍ ആരെങ്കിലും കാശിക്കു വരുമ്പോള്‍ അവനെത്തന്നെ വിളിക്കണമെന്നു പറയാനാണ്. അവന്‍ ഇന്നു മുതല്‍ ഹരിശ്ചന്ദ്ര ഘാട്ടിലേയ്ക്ക് പോവുന്നവരില്‍ നിന്നും ഓട്ടോ കൂലി വാങ്ങില്ലെന്നും പറഞ്ഞു. എന്താണാവോ കാരണം?’

 

Tags: ഹരിശ്ചന്ദ്ര ഘാട്ട്ഡോ.സുകുമാര്‍ കാനഡ
Share1TweetSendShare

Related Posts

ബാന്‍സുരി

ബാന്‍സുരി

ഭീമരഥ ശാന്തി

ഭീമരഥ ശാന്തി

പക

പക

അരൂപികളുടെ ആകാശം

അരൂപികളുടെ ആകാശം

മസാലദോശ

മസാലദോശ

ദാനം

ദാനം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies