ഇക്കഴിഞ്ഞ ജനുവരി 20 ന് അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റത് വളരെ കൗതുകത്തോടെയാണ് ലോകം വീക്ഷിച്ചത്. 2021 ല്‍ ജോ ബൈഡനെ തോല്‍പ്പിച്ചു ട്രംപ് അധികാരം നിലനിര്‍ത്തുമെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. പക്ഷെ, അമിതമായ ആത്മവിശ്വാസം ട്രംപിന് വിനയായി. ബാലറ്റ് പേപ്പറുകള്‍ എണ്ണിയ തിരഞ്ഞെടുപ്പ് അധികാരികള്‍ പലതരത്തിലുള്ള വ്യാജ മാര്‍ഗങ്ങളിലൂടെ ബൈഡനു വിജയം നേടിക്കൊടുക്കുകയായിരുന്നു. ബാലറ്റ് പേപ്പറില്‍ നിന്നും ഇലക്ടോണിക് യന്ത്രങ്ങളിലേക്ക് അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമ്പ്രദായം മാറണം എന്ന് പല വിദഗ്ദ്ധരും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ചെവികൊണ്ടില്ല. വ്യാജ ബാലറ്റ് പേപ്പറുകളും, അവസാന തീയതിക്കുശേഷം ലഭിച്ച ബാലറ്റ് പേപ്പറുകളും ചേര്‍ത്ത് എണ്ണിയാണ് 2021ല്‍ ബൈഡന്റെ വിജയം തിരഞ്ഞെടുപ്പ് അധികാരികള്‍ ഉറപ്പാക്കിയത്. അതിനു ശേഷം, ട്രംപിന് ഊരുവിലക്ക് കല്‍പ്പിച്ചു. സാമൂഹ മാധ്യമങ്ങളില്‍നിന്നും അദ്ദേഹത്തെ പുറത്താക്കി. പത്രങ്ങള്‍, ടെലിവിഷന്‍, റേഡിയോ തുടങ്ങിയ ബഹുജനമാധ്യമങ്ങളും ട്രംപിനെതിരെ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ് നടപ്പിലാക്കി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ഒറ്റപ്പെടുത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ ഇങ്ങു ഭാരതത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ 2014 മുതല്‍ നടത്തിവരുന്ന ആക്രമണമാണ് ട്രംപ് പ്രസിഡന്റായിരുന്നപ്പോഴും, അതിനുശേഷവും നേരിട്ടത്. അദ്ദേഹത്തെ ഒറ്റപ്പെടുത്താനും, ‘ബ്ലാക്ക് ഔട്ട്’ ചെയ്യുന്നതിനുമാണ് വന്‍കിട പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും ശ്രമിച്ചത്. ഇങ്ങു കേരളത്തിലെ അഭിനവ നയതന്ത്ര ലേഖകരും, ചെയ്തത് മറ്റൊന്നുമല്ല. 2021 ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന് ഇ-മെയില്‍ ഉപജ്ഞാതാവ് ശിവ അയ്യാദുരൈ എന്ന ഭാരത വംശജനായ ശാസ്ത്രജ്ഞന്‍ തെളിയിച്ചെങ്കിലും അമേരിക്കന്‍ അധികാരികള്‍ അത് മുഖവിലക്കെടുത്തില്ല. ഏതായാലും, ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ജാഗ്രത പുലര്‍ത്തിയതുകാരണം, ട്രംപിന് വീണ്ടും വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുവാന്‍ കഴിഞ്ഞു.
2017 ലെ തിരഞ്ഞെടുപ്പില്‍ ഒരു കൊടുങ്കാറ്റുപോലെ ട്രംപ് തരംഗം വീശിയപ്പോള്‍, അമേരിക്കയിലെ ലിബറലുകളും, സ്ഥാപിത താല്പര്യങ്ങളുള്ള മാധ്യമങ്ങളും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ആരൊക്കെ പ്രസിഡന്റായാലും ട്രംപ് ജയിക്കരുതെന്നായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. അതിനു കാരണമുണ്ട്. ലോകമെങ്ങും ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളില്‍ ഞെട്ടിവിറച്ചുനിന്ന കാലമായിരുന്നു അത്. ഇസ്ലാമിക ഭീകരവാദികള്‍ക്കെതിരെ നിര്‍ഭയം സംസാരിക്കാന്‍ ആര്‍ജവം കാണിച്ച ഒരേ ഒരു പാശ്ചാത്യ രാഷ്ട്രീയ നേതാവ് ട്രംപ് ആയിരുന്നു. ഭീകരവാദികളുടെ സാമ്പത്തിക സഹായം ലഭിച്ചുവന്നിരുന്ന ലിബറലുകളും, ‘മനുഷ്യാവകാശ പ്രവര്‍ത്തകരും’, മാധ്യമ വിദഗ്ദ്ധരും അങ്ങ് അമേരിക്കയിലും ധാരാളമുണ്ടായിരുന്നു. തങ്ങളുടെ സാമ്പത്തിക സ്രോതസ്സിനു നേരെയാണ് ട്രംപിന്റെ കഴുകന്‍ കണ്ണുകള്‍ നീളുന്നത് എന്ന് മനസ്സിലാക്കിയ ഈ ലിബറലുകളും, മാധ്യമ ‘പുലികളും’ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ ശ്രമിച്ചു. അതിനെയെല്ലാം നിഷ്പ്രഭമാക്കി ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. അമേരിക്ക ഫസ്റ്റ്, നേഷന്‍ ഫസ്റ്റ് എന്നീ മുദ്രാവാക്യങ്ങളില്‍ ഊന്നിയായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ‘ഒരുകാലത്തു ലോകത്തിലെ ഏറ്റവും നല്ല നിരത്തുകള്‍ അമേരിക്കയിലായിരുന്നു. അറ്റകുറ്റ പണികളുടെ അഭാവം കാരണം അവയെല്ലാം തകര്‍ന്നിരിക്കുന്നു. വാഹന നിര്‍മാണത്തില്‍ ലോകത്തിനു മാതൃകയായിരുന്ന അമേരിക്കന്‍ കമ്പനികള്‍ എല്ലാം തകര്‍ന്നിരിക്കുന്നു. അമേരിക്കന്‍ പൗരന്മാര്‍ക്ക് ലഭിക്കേണ്ടുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ വിദേശ പൗരന്മാര്‍ കയ്യടക്കിയിരിക്കുന്നു. മെക്‌സിക്കോ, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ അമേരിക്കയെ തകര്‍ക്കുകയും അമേരിക്കന്‍ പൗരന്മാരെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. അനാവശ്യ യുദ്ധങ്ങളില്‍ ഇടപെടുന്ന നയങ്ങള്‍ കാരണം ആയിരക്കണക്കിന് അമേരിക്കന്‍ ഭടന്മാര്‍ രക്തസാക്ഷികള്‍ ആകുന്നു. ഓരോ ദിവസവും, വിദേശ രാജ്യങ്ങളില്‍ വെടിയേറ്റ് വീഴുന്ന അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ട് സൈനിക വിമാനങ്ങള്‍ അമേരിക്കയിലെ സൈനിക വിമാനത്താവളങ്ങളില്‍ പറന്നിറങ്ങുന്നു. ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ തലസ്ഥാനമായ ഡിട്രോയിറ്റ് നഗരം ഇന്നൊരു വ്യാവസായിക ശ്മശാനമായി മാറിയിരിക്കുന്നു. നിര്‍മാണ മേഖലയില്‍ അമേരിക്കയ്ക്ക് ഉണ്ടായിരുന്ന മേധാവിത്വം തകര്‍ന്നു കഴിഞ്ഞു. ഇതിന് ഒരു അറുതിവരുത്തണ്ടേ?’ ഇതായിരുന്നു ട്രംപ് തന്റെ പ്രചാരണ പ്രസംഗങ്ങളില്‍ ഉന്നയിച്ചത്. അമേരിക്കയിലെ തന്നെ ഒരു വിഭാഗത്തിന് ഈ ശൈലി ഇഷ്ടപ്പെട്ടില്ല. അവര്‍ക്കു വ്യക്തമായ താല്പര്യങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തിലൂടെ ട്രംപിന് ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റാന്‍ കഴിഞ്ഞു. നാല് വര്‍ഷം കൊണ്ട് ചെയ്തുതീര്‍ക്കാവുന്ന കാര്യങ്ങള്‍ ഒരു പരിധിവരെ ട്രംപ് ചെയ്തു തീര്‍ത്തു എന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധര്‍ സമ്മതിക്കുന്നു. ട്രംപ് എന്തുമാത്രം നല്ല കാര്യങ്ങള്‍ 2017-2021 കാലയളവില്‍ ചെയ്തുതീര്‍ത്തുവോ, അവയെല്ലാം തന്നെ ജോ ബൈഡന്‍ ഇല്ലാതാക്കി. അടുത്ത നാലു വര്‍ഷം ട്രംപിന് അഗ്‌നിപരീക്ഷതന്നെ ആയിരിക്കും. അതിനു മുന്നോടിയായാണ് അനധികൃത കുടിയേറ്റം തടയാന്‍ കര്‍ശന നടപടികള്‍ക്കു ട്രംപ് തുടക്കം കുറിച്ചിരിക്കുന്നത്. തനിക്കു മറ്റു രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരോട് ഒരു വിരോധവും ഇല്ല അന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് കുടിയേറുന്നവര്‍ ആ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് പ്രയോജനപ്പെടുന്നവര്‍ ആയിരിക്കണം എന്ന് ട്രംപ് പറയുമ്പോള്‍ അതിനോട് യോജിക്കാതിരിക്കാന്‍ കഴിയില്ല. നിക്ഷിപ്ത താല്പര്യക്കാരായവര്‍ അമേരിക്കയില്‍ സ്ഥിരതാമസം ആക്കിയാലുണ്ടാകുന്ന വിപത്തുകളെ കുറിച്ച് ട്രംപിന് നല്ലപോലെ അറിയാം.
അടുത്തകാലം വരെ ചെന്നൈ നഗരത്തിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ അമേരിക്കയിലേക്കുള്ള വിസ അപേക്ഷയുമായി കേരളത്തില്‍നിന്നുള്ള സഖാക്കളുടെ നീണ്ട ക്യൂ കാണാമായിരുന്നു. മുതലാളിത്ത സാമ്രാജ്യത്വ രാഷ്ട്രമാണെങ്കിലും അമേരിക്ക തങ്ങളുടെ സന്തതികള്‍ക്ക് പഠിക്കാനും, ഗ്രീന്‍ കാര്‍ഡ് നേടി സ്ഥിരതാമസം ആക്കാനും എന്തുകൊണ്ടും യോഗ്യതയുള്ള രാഷ്ട്രമാണെന്നു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കറിയാം. ഇങ്ങു ഭാരതത്തിലായാലും, അനധികൃതമായി കുടിയേറുന്നവരോട് നമുക്ക് വെറുപ്പ് തോന്നുക സ്വാഭാവികം. ഭാരതീയര്‍ക്കു ലഭിക്കേണ്ടുന്ന അവസരങ്ങളാണ് ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ തട്ടിയെടുക്കുന്നത്. അനധികൃത കുടിയേറ്റക്കാരോടും നുഴഞ്ഞുകയറ്റക്കാരോടും കര്‍ശന നടപടി സ്വീകരിക്കുന്ന അമേരിക്കന്‍ ഭരണകൂടം ഇക്കാര്യത്തില്‍ ഒരു മനുഷ്യാവകാശ ലംഘനവും നടത്തിയിട്ടില്ല.
ഭാരതത്തെപോലെ മതേതര ജനാധിപത്യ രാഷ്ട്രമാണ് അമേരിക്ക. പക്ഷെ ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങുകണ്ടവര്‍ ഒരുകാര്യം ശ്രദ്ധിച്ചോ? ക്രൈസ്തവരുടെ വിശുദ്ധ പുസ്തകമായ ബൈബിള്‍ സാക്ഷിയാക്കിയാണ് ട്രംപ് അധികാരം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി, കര്‍ദ്ദിനാള്‍ തിമോത്തി ഡോലാന്‍ (ആര്‍ച് ബിഷപ്, ന്യൂയോര്‍ക്ക്), പാതിരി ഫ്രാങ്ക് മാന്‍, ലോകത്തിലെ ഏറ്റവും വലിയ സുവിശേഷ വേലക്കാരന്‍ ഫ്രാങ്ക്‌ളിന്‍ ഗ്രഹാം, പാതിരി ലോറെന്‍സോ സെവെല്‍, യഹൂദ പുരോഹിതന്‍ ഏറി ബര്‍മന്‍ എന്നിവരാണ് പ്രസിഡന്റ് ട്രംപിന്റെ സുരക്ഷയ്ക്കും, വിജയത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയത്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ഏതെങ്കിലും ഹൈന്ദവ പുരോഹിതന്മാര്‍ പൂജയോ ഹോമമോ നടത്തിയിരുന്നു എങ്കില്‍, നമ്മുടെ മതേതര മുതലാളിമാര്‍ ഇവിടെ കലാപം തന്നെ അഴിച്ചുവിട്ടേനെ.