ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന പാശ്ചാത്യലോകത്തിന് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് ബ്രസീലിയന്‍ നോവലിസ്റ്റായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ക്കൊക്കെ മലയാളത്തില്‍ തര്‍ജ്ജമയുണ്ട്. എങ്കിലും പൗലോയുടെ ആദ്യകൃതിയായ ആല്‍ക്കെമിസ്റ്റ് ഈ ലേഖകനെ തെല്ലും ആകര്‍ഷിച്ചില്ല. 1988ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി ലോകത്തിലെ പ്രധാന ഭാഷകളിലേയ്‌ക്കെല്ലാം തര്‍ജ്ജമ ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ എല്ലാ കൃതികളും കൂടി 225 മില്യണ്‍ കോപ്പികള്‍ ലോകഭാഷകളില്‍ വിറ്റഴിഞ്ഞിട്ടുണ്ടത്രേ! അതില്‍ മലയാളത്തിന്റെ സംഭാവനകളും ഉണ്ടാവാം. ഒരു ബാലസഹിത്യ കൃതി വായിക്കുന്ന അനുഭവമേ ഈ കൃതിയില്‍ നിന്നും എനിക്കു ലഭിച്ചിട്ടുള്ളൂ. അതുകൊണ്ട് 65 മില്യണ്‍ കോപ്പിക്ക് വിറ്റഴിഞ്ഞ, ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് നേടിയ ഈ നോവലിനെ ഈ പംക്തിയില്‍ നേരത്തേ തന്നെ രണ്ടു തവണ എനിക്കു തള്ളിപ്പറയേണ്ടി വന്നിട്ടുണ്ട്. ഇപ്പോ ആ അഭിപ്രായം മാറ്റാന്‍ കാരണമൊന്നും കാണുന്നില്ല.
ആത്മീയദാരിദ്ര്യം എന്ന പ്രയോഗം തന്നെയാണ് ഈ നോവലിന്റെ ജനപ്രീതിയ്ക്കുകാരണം. ആത്മാവ് നഷ്ടപ്പെട്ട പടിഞ്ഞാറന്‍ ലോകം അതുകണ്ടെത്താനുള്ള വലിയ അന്വേഷണത്തിലാണ്. അന്വേഷണം എന്ന രൂപകം ഓരോ പാശ്ചാത്യന്റെയും മനസ്സിലുണ്ട്. ആ രൂപകത്തെ അവതരിപ്പിച്ചു എന്നതാണ്, അല്ലെങ്കില്‍ ഇപ്പോഴും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് പൗലോ കൊയ്‌ലോയുടെ പ്രസക്തി. പാശ്ചാത്യ മനസ്സിന്റെ വികലവും അപൂര്‍ണ്ണവുമായ ആത്മീയ ധാരണകള്‍ പൗലോയ്ക്കുമുണ്ട്. ക്രിസ്ത്യന്‍ തിയോളജിയുടെ വക്താവാണ് കൊയ്‌ലോ എങ്കിലും അദ്ദേഹത്തിന്റെ മനസ്സ് അതില്‍ തൃപ്തമല്ല. പൂര്‍ണ്ണമായ ആത്മീയവികാസം ആര്‍ജ്ജിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. അതിനുവേണ്ടിയുള്ള അന്വേഷണമാണ് ഓരോ മനുഷ്യന്റെയും ജീവിതം എന്ന ഭാരതീയ സങ്കല്പത്തെ പൗലോ ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യന്‍ ആത്മീയതയെക്കുറിച്ച് അദ്ദേഹത്തിന് ചെറിയ ചില ധാരണകളുണ്ടെങ്കിലും അതൊക്കെ അപൂര്‍ണ്ണവും വികലവുമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
സുമേറിയന്‍ ദൈവമായ ദമൂസിന്റെ (Tammus or Dumuzid) ജനനത്തെക്കുറിച്ച് ക്രിസ്തുവിന്റെ ജനനത്തോട് സാദൃശ്യമുള്ള ചില കഥകളുണ്ട്. ഡിസംബര്‍ 25 ആണ് ആ ദൈവത്തിന്റെ ജന്മദിനം. അതേ ദിവസം തന്നെയാണല്ലോ ക്രിസ്തുമസും. ദമൂസിന്റെ മരണത്തിനുശേഷവും ഉയര്‍ത്തെഴുന്നേല്‍പ്പും അതുമായി ബന്ധപ്പെട്ട ആഘോഷവുമുണ്ട്. ഉര്‍വ്വരതയുടെ മെസപ്പൊട്ടോമിയന്‍ ദൈവമാണ് ദമൂസ്. ക്രിസ്തു ഇന്ത്യയില്‍ വന്നിരുന്നുവെന്നും കുരിശില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹം ശ്രീനഗറില്‍ വച്ച് മരിച്ചുവെന്നും ശ്രീനഗറില്‍ അദ്ദേഹത്തിന്റെ ശവകുടീരമുണ്ടെന്നും ഹേള്‍ഗര്‍ കേഴ്സ്റ്റണ്‍ (Holger Kersten) Jesus Lived in India എന്ന പുസ്തകത്തില്‍ അവകാശപ്പെടുന്നു. 1934ല്‍ അന്തരിച്ച നിക്കൊളാസ് നോട്ടോവിച്ച് (Nicolas Notovitch) എന്ന റഷ്യന്‍ എഴുത്തുകാരനും Life of saint Issa എന്ന കൃതിയില്‍ ക്രിസ്തു ഇന്ത്യയില്‍ വന്നിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ക്രിസ്തു ഒരു സാങ്കല്പിക കഥാപാത്രം മാത്രമായിരുന്നുവെന്ന് അവകാശപ്പെടുന്ന ചരിത്രകാരന്മാരുമുണ്ട്. എന്നാല്‍ എഡി 52-ല്‍ ത്തന്നെ സെന്റ് പോള്‍ (St.Paul) ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യത്തെ ലേഖനം (Epistle) എഴുതിക്കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. എഡി 52-ല്‍ തോമാശ്ലീഹ (St.Thomas) തൃശ്ശൂര്‍ ജില്ലയില പാലയൂരില്‍ ആദ്യ ക്രിസ്ത്യന്‍ പള്ളി സ്ഥാപിച്ചതായി കേരളത്തിലെ ക്രിസ്തുമത വിശ്വാസികളും അവകാശപ്പെടുന്നു. എഡി 301-ല്‍ അര്‍മീനിയയും 313-ല്‍ റോമും ക്രിസ്തുമതത്തെ അംഗീകരിച്ചു.
ക്രൈസ്തവ സങ്കല്പങ്ങളിലെ ഇത്തരം വൈരുദ്ധ്യങ്ങളാവണം പൗലോ കൊയ്‌ലോയെക്കൊണ്ട് ഹിപ്പി എന്ന പേരില്‍ ഒരു ആത്മകഥാപരമായ നോവല്‍ എഴുതിച്ചത്. ക്രിസ്ത്യന്‍ തിയോളജിയെ ആധാരമാക്കി The fifth Mountain എന്നൊരു കൃതി പൗലോ എഴുതിയിരുന്നു. അതും എന്റെ വായനയെ തൃപ്തിപ്പെടുത്തിയ കൃതിയല്ല. അതിനാല്‍ കൊയ്‌ലോയുടെ മൂന്നാമതൊരു കൃതി വായിക്കാന്‍ തീരെ താല്പര്യം തോന്നിയില്ല. എങ്കിലും യാദൃച്ഛികമായി രാജൂ വള്ളിക്കുന്നത്തിന്റെ മലയാളം വിവര്‍ത്തനം കൈയില്‍ കിട്ടിയതിനാല്‍ വായിച്ചുനോക്കി.
അസംതൃപ്തമായ പാശ്ചാത്യ മനസ്സാണ് നോവലില്‍ ഉടനീളം കാണുന്നത്. പൗലോ തന്നെയാണ് ഹിപ്പിയിലെ പ്രധാന കഥാപാത്രം. അദ്ദേഹം തന്റെ രാജ്യമായ ബ്രസീലിലും ലാറ്റിനമേരിക്കയില്‍ മൊത്തത്തിലുള്ളതുമായ അടിച്ചമര്‍ത്തലിന്റെയും പീഡനങ്ങളുടെയും കഥ ചെറുതായൊന്നു സൂചിപ്പിക്കുന്നു. അതിനുശേഷം ഹോളണ്ടിലെ ആംസ്റ്റര്‍ ഡാമിലെ ഡാം സ്‌ക്വയറില്‍ നിന്നും നേപ്പാളിലേയ്ക്കു നടത്തുന്നതായി പറയപ്പെടുന്ന മാന്ത്രിക ബസ് യാത്രയാണ് നോവലിന്റെ ഇതിവൃത്തം.
നോവലില്‍ പറയുന്നതുപോലെ ഒരു ബസ് യാത്ര നടത്തിയോ അതോ സാങ്കല്പികമാണോ എന്നൊന്നും അറിയാന്‍ നിവൃത്തിയില്ല. എന്തായാലും യഥാര്‍ത്ഥത്തിലുള്ള ആത്മീയതയെ അന്വേഷിക്കുന്ന ഒരു മനസ്സാണ് നോവലിസ്റ്റിന്റേത്. 285 പേജൂള്ള നോവലിന്റെ 22-ാം പുറത്ത് ‘ലോകത്തിലെ മഹത്തായ ജ്ഞാനം ഇന്ത്യയിലാണെ’ന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യ വിഭജിച്ചു പോയതില്‍ അദ്ദേഹത്തിന് പരിഭവവുമുണ്ട്. എന്നാല്‍ ആത്മീയതയെക്കുറിച്ച് നോവലിസ്റ്റിനുള്ള അപൂര്‍ണ്ണ ധാരണകള്‍ മൂലം അദ്ദേഹത്തിന്റെ യാത്ര നേപ്പാളിലെത്തുന്നില്ല. ഹോളണ്ടുകാരിയായ കാര്‍ല എന്ന പെണ്ണിനോടുള്ള ശാരീരികബന്ധത്തിലും എല്‍.എസ്.ഡി എന്ന മയക്കുമരുന്നിലും അവസാനിക്കുകയാണ് പൗലോയുടെ യാത്ര. മയക്കുമരുന്നുപയോഗത്തിലൂടെ ലഭിക്കുന്ന സൈക്കിഡെലിക് (psychedelic) അനുഭൂതിയാണ് ആത്മീയതയെന്നു തെറ്റിദ്ധരിക്കുന്ന ഹിപ്പി സംസ്‌കാരത്തെ വാഴ്ത്തുകയാണ് നോവലിസ്റ്റ്. ഒടുവില്‍ യാത്ര അദ്ദേഹം ഇസ്താംബൂളില്‍ അവസാനിപ്പിക്കുന്നു. ജലാലുദ്ദീന്‍ റൂമിയുടെ കഥകള്‍ വായിച്ച് അതില്‍നിന്ന് പ്രചോദനം കൊണ്ട പൗലോ ഇസ്താംബൂളിലെ സൂഫികളുടെ നൃത്തത്തിലും മനനത്തിലും ആത്മീയത കണ്ടെത്താന്‍ ശ്രമിക്കുന്നെങ്കിലും അതിലും അദ്ദേഹം വിജയിക്കുന്നില്ല.
ഇന്ത്യന്‍ ആത്മീയതയെക്കുറിച്ച് നോവലില്‍ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. ഭഗവദ്ഗീതയിലെ ഒരു ശ്ലോകവും ഉദ്ധരിക്കുന്നുണ്ട്. എങ്കിലും നോവലിസ്റ്റിന് ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെ സമഗ്രമായി ഉള്‍ക്കൊള്ളാനാവുന്നില്ല. അങ്ങനെ കഴിഞ്ഞിരുന്നുവെങ്കില്‍ എല്‍.എസ്.ഡിയില്‍ നിന്നു ലഭിക്കുന്ന അനുഭൂതിയെ ആത്മീയതയുമായി അദ്ദേഹം തുലനം ചെയ്യുമായിരുന്നില്ല. പാശ്ചാത്യരും നമ്മുടെ ചില നോവലിസ്റ്റുകളും കരുതുന്നതുപോലെ മനുഷ്യബന്ധങ്ങളുടെ കഥകള്‍ സമ്പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല. ഇനിയും നമ്മള്‍ കണ്ടെത്താത്ത എത്രയോ മൂലകള്‍ മനുഷ്യ മനസ്സിലുണ്ട്.
ഇവിടെ കഥകള്‍ അവസാനിച്ചുവെന്ന തോന്നലാകാം കേരളത്തിലെ പല നോവലിസ്റ്റുകളേയും മറ്റിടങ്ങളിലേയ്ക്ക് നയിക്കുന്നത്. കെ.ആര്‍.മീര നോവലിന്റെ അസംസ്‌കൃത ഭൂമിയായിക്കണ്ടത് ബംഗാളാണല്ലോ (ആരാച്ചാര്‍). ബന്യാമന്‍ ദീഗോഗാര്‍ഷ്യയും (മഞ്ഞവെയില്‍ മരണങ്ങള്‍) അറേബ്യന്‍ ഗള്‍ഫും (ആടുവീജിവിതവും അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയും) ടി.ഡി.രാമകൃഷ്ണന്‍ ശ്രീലങ്കയും (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി) ആണ് വിളഭൂമികളായിക്കണ്ടത്. കേരളത്തിന്റെ കഥ യു.കെ. കുമാരനും (തക്ഷംകുന്ന് സ്വരൂപം) ബന്യാമനും (മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍) പറയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് പഴയ കഥയേ പറയാന്‍ കഴിഞ്ഞുള്ളൂ. പുതിയ കേരളത്തിലും ജീവിതമുണ്ട് കഥകളുണ്ട്. അത് കണ്ടെടുത്തു പറയണമെന്നുണ്ടെങ്കില്‍ ഇവിടത്തെ മനുഷ്യരുമായി ഇടപഴകി ജീവിക്കണം. അനുഭവശൂന്യമായ ജീവിതം മൂലമാണ് പുതിയ എഴുത്തുകാര്‍ക്ക് പുതിയ മനുഷ്യരുടെ കഥ പറയാന്‍ കഴിയാതെ വരുന്നത്.
കാളിദാസനെക്കുറിച്ചുള്ള ഐതിഹ്യങ്ങളിലൊന്ന് അദ്ദേഹം വിഡ്ഢിയായിരുന്ന ഒരിടയനായിരുന്നുവെന്നാണല്ലോ. അഹങ്കാരിയായിരുന്ന രാജകുമാരിയെ ഒരു പാഠം പഠിപ്പിക്കാനായി, മരത്തിന്റെ മുകളില്‍ ഇരുന്ന് ചുവടുമുറിച്ച മണ്ടനെ പണ്ഡിതവേഷം കെട്ടിച്ച് വാദത്തില്‍ പരാജയപ്പെട്ട പണ്ഡിതന്മാര്‍ കൊണ്ടുപോയത്രേ! അദ്ദേഹം പറഞ്ഞ വിഡ്ഢിത്തങ്ങളൊക്കെ വലിയ ജ്ഞാനമായി പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുകയും ഒടുവില്‍ പാവം രാജകുമാരിക്ക് വിഡ്ഢിയായ ആ ഇടയനെ വിവാഹം കഴിക്കേണ്ടി വരുകയും ചെയ്തു എന്നാണ് കഥ. രാവണന്റെ ചിത്രം കണ്ട് ‘അബ്ബബ്ബടരാഭണാ’ എന്ന് തെറ്റായി ഉച്ചരിച്ച ഇടയനെ പണ്ഡിതനെന്നു വരുത്താന്‍” ”കുംഭകര്‍ണ്ണോ ഭകാരോസ്തി ഭകാരോസ്തി വിഭീഷണേ രാക്ഷസാനാം കുലശ്രേഷ്ഠ രാഭണോ നൈവ രാവണഃ” എന്നൊരു ശ്ലോകം ആ പണ്ഡിതന്മാര്‍ ചൊല്ലിയത്രേ. പടുവിഡ്ഢിയായിരുന്ന ഇടയനെ രാജകുമാരിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ അവര്‍ ബോധപൂര്‍വ്വം ഒപ്പിച്ച പണിയായിരുന്നു അത്.
ഈ കഥ പ്രസക്തമാകുന്നത് ഭാഷാപോഷിണി ഫെബ്രുവരി ലക്കത്തില്‍, മുന്‍ലക്കത്തില്‍ കെ.ആര്‍.ടോണി എന്ന ഒരാള്‍ എഴുതിയ ‘ജിജി’ എന്ന കവിതയെ പുകഴ്ത്തിക്കൊണ്ട് ഒരു സംഘം പണ്ഡിതനാട്യക്കാര്‍ നടത്തുന്ന വൃഥാവ്യായാമം കണ്ടതിനാലാണ്. മനോജ് കുറൂര്‍, സുധീഷ് കേട്ടേമ്പ്രം, ടി.പി.വിനോദ്, ചന്ദ്രശേഖരന്‍ നായര്‍ എം.ജി., ടി.പി.രാധാകൃഷ്ണന്‍ എന്നിവരൊക്കെ ഈ വിഡ്ഢിവേഷം കെട്ടലില്‍ അംഗങ്ങളായിട്ടുണ്ട്. ഇത്തരം അസംബന്ധങ്ങളെ അവഗണനകൊണ്ട് ഒഴിവാക്കുന്നതിനുപകരം പരസ്പര സഹായമെന്ന നിലയില്‍ പുകഴ്ത്തി വലുതാക്കാന്‍ നോക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ വായനാസമൂഹത്തെ മൊത്തം അവഹേളിക്കലാണ്.
പാപങ്ങള്‍ ചെയ്യുന്നവരെല്ലാം നരകത്തില്‍പോകും എന്നു പ്രസംഗിച്ച ഒരു പുരോഹിതന്‍ നരകത്തില്‍ നില്‍ക്കുന്നതുകണ്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടശേഷവും വേശ്യാസംസര്‍ഗം നടത്തിയതിനാല്‍ നരകത്തിലെത്തിയ രണ്ടു യുവാക്കള്‍ ചോദിച്ചു. ”ഇതെന്താണ് ഈശ്വരസേവ നടത്തിയിരുന്ന പുണ്യാത്മാവായ അങ്ങിങ്ങനെ നരകത്തിലെത്തിയത്?” നില്ക്കക്കള്ളിയില്ലാതെ പുരോഹിതന്‍ പറഞ്ഞു പോലും ”നീയൊക്കെ നരകത്തില്‍ വന്നു നരകിക്കുന്നത് കാണാന്‍ വേണ്ടി അല്പനേരത്തേയ്ക്ക് ഞാനും നരകത്തിലേയ്ക്ക് വന്നതാണ്.” ആ പുരോഹിതനെയാണ് മനോജ് കുറൂറും കൂട്ടരും ഓര്‍മ്മപ്പെടുത്തുന്നത്. എന്തൊക്കെയോ തട്ടിക്കൂട്ടി എഴുതി ഭാഷാപോഷിണിയിലൂടെ ഒരുവിധം കവികളായി നടന്ന കെ.ആര്‍.ടോണി, പി. രാമന്‍ തുടങ്ങി ചിലരെ ഓര്‍മവരുന്നുണ്ട്. സത്യത്തില്‍ ഒരു പ്രതിഭയും ഉള്ളവരായിരുന്നില്ല ഇവര്‍. പത്രാധിപന്മാരുടെ സഹായത്താല്‍ കവികളായി നടന്നുവെന്നേയുള്ളൂ. അന്നത്തെ തട്ടിക്കൂട്ടല്‍ പോലും കൈമുതലില്ല എന്നു വന്നപ്പോഴാണ് ടോണി എന്നയാള്‍ പത്രാധിപ സഹായത്തോടെ ജിജിയെ അവതരിപ്പിച്ചത്. അയ്യപ്പപ്പണിക്കര്‍ സര്‍ പണ്ട് ”കം തകം പാതകം കൊലപാതകം വാഴക്കൊലപാതകം അന്തര്‍നേത്രവാഴക്കൊലപാതകം വാഴക്കൊലപാതകം പാതകം തകം കം” എന്നെഴുതിയപ്പോള്‍ പലരും പരിഹസിച്ചു. എന്നാല്‍ അതിനുപിന്നില്‍ അദ്ദേഹത്തിനു വന്ന ചില ഭീഷണിക്കത്തുകളും മുത്തുസ്വാമിദീക്ഷിതരുടെ ത്യാഗരാജയോഗവൈഭവം എന്നു തുടങ്ങുന്ന ആനന്ദഭൈരവികീര്‍ത്തനത്തിന്റെ രചനാരീതിയുടെ അനുകരണവുമുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയപ്പോഴാണ് അതൊരസംബന്ധ കവിതയായിരുന്നില്ല എന്ന് പലര്‍ക്കും മനസ്സിലായത്. എന്നാല്‍ അങ്ങനെ എന്തെങ്കിലും മേന്മയൊന്നും കെ.ആര്‍.ടോണിക്കോ അദ്ദേഹത്തിന്റെ കവിതയ്‌ക്കോ ഇല്ല. നാലാളുകൂടി പുകഴ്ത്തിയാല്‍ ‘ആടിനെ പട്ടി’യാക്കാമെന്നു കരുതുന്നത് ശരിയല്ല.
ടോണിയെന്നയാള്‍ വെറുതെയെഴുതിക്കൂട്ടിയ അര്‍ത്ഥശൂന്യമായ പ്രലപനങ്ങളെ ന്യായീകരിക്കാനായി മനോജ് കുറൂര്‍ അദ്ദേഹത്തിന്റെ ജ്ഞാനഭണ്ഡാഗാരം തന്നെ പുറത്തെടുക്കുന്നു. എ.ഡി. 9-ാം നൂറ്റാണ്ടിലെഴുതപ്പെട്ട തത്വേപപ്ലവസിംഹം എന്ന ഒരു ദാര്‍ശനിക കൃതിയുമായൊക്കെ താരതമ്യം ചെയ്യുന്നു ഈ പൊട്ടക്കവിതയെ. (കവിത എന്നു വിളിക്കുന്നത് തന്നെ മഹാപരാധം) എന്തായാലും മനോജ് അവതരിപ്പിക്കുന്ന ഈ ദാര്‍ശനിക കൃതി ആദ്യമായാണ് കേള്‍ക്കുന്നത്. അങ്ങനെയൊരു ഗ്രന്ഥമുണ്ടെന്നറിയാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തോടു നന്ദിയുണ്ട്. വ്യക്തിപരമായ അടുപ്പത്തിന്റെ പേരില്‍ ഇത്തരം പാഴ്‌വസ്തുക്കളെ പുകഴ്ത്തുന്നത് ഒരു സാഹിത്യപ്രണയിക്കു ചേര്‍ന്നതല്ല.