ഫോണിന്റെ മറ്റേ തലയ്ക്കല്‍ സുഹൃത്ത് മോഹന്‍ജി എന്ന മോഹന്‍കുമാര്‍ ആണ്.
‘എന്തായി തീരുമാനിച്ചോ?’
കുംഭമേളയ്ക്കുണ്ടോ? എന്നാണു ചോദ്യം. ആരോഗ്യാവസ്ഥ, ഏറ്റെടുത്ത ചില ജോലികള്‍ എന്നിവ കണക്കിലെടുത്ത് ഒരു ഉറച്ച തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത അവസ്ഥ.
‘ഒരുപക്ഷെ ‘വിളി’ വന്നാല്‍ പെട്ടെന്ന് അങ്ങ് പുറപ്പെടും.’ എന്ന് ഞാന്‍.
‘ഹ.ഹ.ഹ..’ പുള്ളി ചിരിച്ചു. അങ്ങനെ ആരും വിളിയ്‌ക്കൊന്നുല്ല്യ… ഉള്ളിന്റുള്ളിലേയ്ക്ക് ശ്രദ്ധിച്ചാല്‍ മതി അന്തര്യാമി ‘ങ്ങാ’ ന്നു പറയും അപ്പൊ പുറപ്പെടുക… അല്ലാതെന്താ?’
‘ശരിയാണ്… കാതു ചേര്‍ത്ത് വെച്ചിട്ടുണ്ട്. അന്തര്യാമിയുടെ മൂളലിന് വേണ്ടി.’
‘ഹ..ഹ.. അല്ലാതെ തിക്കിത്തിരക്കിന്റെ വാര്‍ത്ത കേട്ട് പേടിച്ചിട്ടൊന്നുമല്ലല്ലോ?’
‘ഹേയ്, ഇത്രയധികം ആളുകള്‍ ഒരു സ്ഥലത്ത് ഒന്നിച്ച് കൂടിയാല്‍ എത്ര ഗംഭീര സൗകര്യങ്ങളുണ്ടെങ്കിലും എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ നടന്നെന്നു വരാം. ഒന്നും നടന്നു കാണുന്നില്ല എന്ന സങ്കടം ചിലര്‍ക്കുണ്ട്.
ഒരു വീഡിയോ കണ്ടു. ഒരു വലിയ മരത്തില്‍ പൈജാമയും കുര്‍ത്തയും ധരിച്ച വലിയ കഴുകന്‍ തലയില്‍ ചുവന്ന തൊപ്പി ധരിച്ച് ഇരിക്കുന്നു. താഴെ മണല്‍ത്തിട്ടയില്‍ ലക്ഷക്കണക്കിന് ആളുകള്‍. സമാധാനമായി കുംഭമേളയില്‍ പങ്കെടുക്കുന്നു. സ്‌നാനം നടക്കുന്നു. കഴുകന്‍ അസ്വസ്ഥനായി ചോദിക്കുന്നു ‘ഒരു പ്രശ്‌നവുമുണ്ടാവുന്നില്ലല്ലോ എന്തിത്? ഹാ കഷ്ടം, കഷ്ടം… എന്ന്!’
മോഹന്‍ജി ചിരിച്ചിട്ടു പറഞ്ഞു. ‘ഹ..ഹ..ഹ.. ഈയിടെ ജയാ ബച്ചന്‍ പറഞ്ഞു നദിയില്‍ ശവങ്ങള്‍ ഒഴുകി നടക്കുകയാണ്, ജനകോടികള്‍ വന്നു എന്നൊക്കെ പറയുന്നത് ശുദ്ധനുണയാണ്… എന്ന്.’
‘ശരിയാണ്. കുംഭമേളയുടെ ശത്രുക്കള്‍ മുഴുവന്‍ അസ്വസ്ഥരാണ്. രാഷ്ട്രീയ വൈരാഗ്യം മൂലം മറ്റുള്ളവരും.’
‘പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കുംഭമേള അതിഗംഭീരമായാണ് നടക്കുന്നത്, അത് സമ്മതിച്ചു തരാന്‍ രാഷ്ട്രീയ ശത്രുക്കള്‍ക്ക് ഒട്ടും ആവില്ലല്ലോ’
‘എവിടെയും കഴുകന്‍ കണ്ണുകളാണ്.’
‘യഥാര്‍ത്ഥത്തില്‍ കുംഭമേള ഇത്രയും കാലം ഇങ്ങനെ നൂറ്റാണ്ടുകളോളം തുടര്‍ന്ന് വന്നത് അദ്ഭുതം തന്നെയാണ്.’
‘മഹാദ്ഭുതം തന്നെ. ഇസ്‌ലാമിക അധിനിവേശകാലം തൊട്ട് ഇന്നത്തെ പ്രതിപക്ഷ കക്ഷികള്‍വരെയുള്ള കാലഘട്ടം… അല്ലേ? കുംഭമേളക്ക് എതിരേയുണ്ടായ ആക്രമണങ്ങള്‍, അനിഷ്ടസംഭവങ്ങള്‍ അനവധിയാണ്.’
‘മുഗള്‍ അക്രമണകാരികളില്‍ നിന്ന് വലിയ പ്രതിരോധം ഉണ്ടായില്ല. മാത്രമല്ല അക്ബറും ഔറംഗസീബും തങ്ങളുടെ മതസഹിഷ്ണുത കാണിക്കാനുള്ള ഒരു അവസരമായി അതിനെ ഉപയോഗിച്ചു, ടെന്റുകളും മറ്റും കെട്ടിക്കൊടുത്ത് സഹകരിച്ചു എന്ന് കേട്ടിട്ടുണ്ട്.’
‘ശരിയാണ്. എന്നാല്‍ അതിനു മുന്നേ ദല്‍ഹി സുല്‍ത്താന്‍ നസീര്‍-ഉ-ദ്ദിന്‍ ഷായുടെ കാലത്താണല്ലോ തിമൂര്‍ ദല്‍ഹിയെ ആക്രമിച്ച് കീഴടക്കിയത്. അന്ന് തിമൂറിന്റെ സൈന്യം ഹരിദ്വാര്‍ കുംഭമേളയ്‌ക്കെത്തിയ ആയിരക്കണക്കില്‍ ആളുകളെ കൂട്ടക്കൊല ചെയ്ത കാര്യം തിമൂറിന്റെ ചരിത്രകാരന്‍ ശറഫുദ്ദിന്‍ തന്നെ എഴുതിയിട്ടുണ്ട്. അത് നടന്നത് 1399 ലാണ്. ഒരുപക്ഷെ കുംഭമേള നേരിട്ട ഏറ്റവും വലിയ അക്രമം അതായിരിക്കും. ചെങ്കിസ് ഖാനെപ്പോലെ തന്നെ ഇസ്ലാം മതം ‘നല്‍കി ആദരിക്കാനും’ കൊള്ളയടിക്കാനും ‘ഹിന്ദുക്കളെ മുക്തരാക്കാനും’ വന്നതായിരുന്നു അവര്‍. കൊള്ളയും കൊലകളും സ്ത്രീകളെ അപമാനിക്കലും കൊണ്ട് അന്ന് ‘സോനെ കി ചിഡിയാ’ സുവര്‍ണ്ണ പക്ഷി എന്നറിയപ്പെട്ട ഭാരതം അങ്ങേയറ്റം ദുരിതത്തിലായിരുന്നു. സ്വയം ഘാസിയായി കണക്കാക്കിയ തിമൂര്‍ ‘ഇസ്ലാമിന്റെ വാള്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.
‘തിമൂര്‍ കൊടിയ ക്രൂരനായിരുന്നു. അല്ലെ?’
‘സംശയമുണ്ടോ? ചെങ്കിസ്ഖാനെപ്പോലെ വലിയ സൈന്യം ഉണ്ടാക്കി. മധ്യ ഏഷ്യ മുതല്‍ ഇറാന്‍, സിറിയ, ഈജിപ്ത് വരെയും റഷ്യ വരെയുള്ള എല്ലാ രാജ്യങ്ങളെയും തോല്‍പ്പിച്ച് വിശാലമായ സാമ്രാജ്യം പടുത്തുയുര്‍ത്തി. ദില്ലി പിടിച്ചടക്കിയത് തന്നെ വിചിത്രമായ രീതിയിലാണ്.’
‘അതെങ്ങനെ?’
‘അന്നത്തെ സുല്‍ത്താന്റെ ആര്‍മി ആനകളെ നന്നായി ഉപയോഗിച്ചിരുന്നു. ആനകളെ ഇരുമ്പ് ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുക, കൊമ്പില്‍ വിഷം പുരട്ടി കുത്താന്‍ ഉപയോഗിക്കുക, ശത്രു സൈന്യത്തെ ചങ്ങലയാല്‍ ബന്ധിക്കുക തുടങ്ങി പലതും. പ്രതിയോഗികളില്‍ അത് ഭീതിയുളവാക്കി. എന്നാല്‍ തിമൂര്‍ അതിനു ഒരു മറുമരുന്ന് കണ്ടുപിടിച്ചു.
അയാളുടെ പക്കല്‍ ആനകള്‍ക്ക് പകരം ഉണ്ടായിരുന്നത് ഒട്ടകങ്ങള്‍ ആയിരുന്നു. ഒട്ടകപ്പുറത്ത് ധാരാളം വിറകും വൈക്കോലും കെട്ടിവെച്ച് തീ കൊളുത്തി കുന്തം കൊണ്ട് കുത്തി ആനകള്‍ക്ക് നേരെ പായിച്ചു. ആനകള്‍ ഇതെന്തു ജന്തു എന്ന് കരുതി അമ്പരന്നു വിരണ്ടോടി, സുല്‍ത്താന്റെ അനേകം സൈനികര്‍ മരിച്ചു. തിമൂറിന്റെ ഒട്ടകങ്ങളും. പിന്നെ എല്ലാം എളുപ്പമായി. ദില്ലി വീണു. ഒരു ലക്ഷം പേരെയാണ് ഒറ്റയടിക്ക് വധിച്ചത്. മുമ്പേ പിടിച്ച് അടിമകളാക്കിയവര്‍ പിന്നീട് തങ്ങളോട് ഏറ്റുമുട്ടിയാലോ എന്ന് കരുതിയാണത്രെ അത് ചെയ്തത്.’
‘എന്തൊരു ക്രൂരത.. എന്നിട്ട് ഈ പരമ ദുഷ്ടന്റെ പേരാണ് പ്രശസ്ത ഹിന്ദി സിനിമാ നടന്‍ തന്റെ ഹിന്ദു ഭാര്യയില്‍ പിറന്ന മകന് ഇട്ടത് അല്ലെ?.’
‘അതാണ് ചരിത്രമറിയാത്ത, സ്വത്വബോധം തീണ്ടാത്ത ഹിന്ദുവിന്റെ അജ്ഞതയുടെ ഫലം. ബഹുഭൂരിപക്ഷവും ഇന്നും അങ്ങനെതന്നെ.’
ഒരിക്കലും അരിശം വരാത്ത മോഹന്‍ജിക്ക് അരിശം വന്നപോലെ തോന്നി.
‘അയാള്‍ ഇസ്ലാമിസ്റ്റ് ആണ്. പ്രശസ്തനാണ്. പിന്നെ കൊള്ളയും കൊലയുമൊക്കെ ആ മതം വളര്‍ന്നതിന്റെ ഭാഗമാണ്. ഈ തിമൂറിന്റെ കൊച്ചു മകനാണ് ഉലുഗ് ബേഗ്. അയാളാണ് ബാബറുടെ മുതുമുത്തശ്ശന്‍.’
‘അപ്പോള്‍ ദുഷ്ടത പാരമ്പര്യമാണ് അല്ലേ?’
‘ഉം.. ജീനിലുണ്ട്. ഹിന്ദു വിരോധത്തിന്റെ നൂല്‍ ആധുനിക കാലഘട്ടത്തിലേക്ക് ഇറങ്ങി വരുന്നത് കുംഭമേളയിലും കാണാം. 1885 ല്‍ ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ ഹുസ്സൈന്‍ എന്നൊരാളായിരുന്നു കുംഭമേള മാനേജര്‍.
അയാള്‍ ബ്രിട്ടീഷുകാരെ രസിപ്പിക്കാന്‍ വേണ്ടി ഒരു നിര ബോട്ടുകള്‍ സംഘടിപ്പിച്ചു. അതില്‍ മദ്യം, മാംസം. എന്നിവ വിളമ്പി. ഡാന്‍സ് പരിപാടികള്‍ ഉണ്ടായി. വെള്ളക്കാരായ ആണുങ്ങളും പെണ്ണുങ്ങളും ബോട്ടുയാത്ര നന്നായി ആസ്വദിച്ചു. ബോട്ടുകള്‍ ഭക്തരുടെയും സന്യാസിമാരുടെയും കുളി കണ്ട് അവരുടെ മുന്നിലൂടെ നീങ്ങി. പിന്നീട് അത് വലിയ അപവാദ, കുംഭകോണ വാര്‍ത്തയായി മാറിയെങ്കിലും എല്ലാം താമസിയാതെ കെട്ടടങ്ങി.
1820 ല്‍ ഹരിദ്വാര്‍ കുംഭമേളയില്‍ 520 ആളുകള്‍ മരിച്ചു എന്നാലും സമീപ ചരിത്രത്തില്‍ ഏറ്റവും അധികം ആളുകള്‍ മരണപ്പെട്ടത് 1954 ലെ കുംഭമേളയില്‍ തിക്കിലും തിരക്കിലുമാണ്. അന്ന് ആയിരത്തോളം പേര് മരിച്ചു. പ്രധാനമന്ത്രി നെഹ്‌റു അന്ന് അന്നത്തെ യു.പി.സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് കൊടുത്ത് കുറ്റവിമുക്തരാക്കി. ആള്‍ക്കൂട്ടത്തെ പഴിച്ചു. തീര്‍ത്ഥയാത്രക്കാരെ ജ്യോതിഷികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗ്രഹങ്ങളുടെ സ്വാധീനവും മറ്റും പറഞ്ഞു വഞ്ചിക്കുകയാണെന്നും എല്ലാതരം അന്ധവിശ്വാസങ്ങളും ഇല്ലാതാവണമെന്നും നാം ‘സയന്റിഫിക്ക് ടെംപെര്‍’ വളര്‍ത്തണമെന്നും പറഞ്ഞു. ജ്യോതിഷികളെ നെഹ്രുവിനു കണ്ണിനു നേരെ കണ്ടു കൂടായിരുന്നു.”Most undesirable crew doing lot of harm to the country’ രാഷ്ട്രത്തെ ദ്രോഹിക്കുന്ന തീര്‍ത്തും അനാവശ്യ വര്‍ഗ്ഗം എന്നാണ് നെഹ്‌റു ജ്യോതിഷികളെപ്പറ്റി പറഞ്ഞിരുന്നത്.’
‘എന്നാല്‍ ഇത് കോണ്‍ഗ്രസ്സുകാരായ ജ്യോത്സ്യന്മാര്‍ക്ക് അറിയില്ല അല്ലെ?’
‘കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതല്ല ഒന്നും അറിയില്ല, അവര്‍ക്ക് വായന ഇല്ലല്ലോ.’
‘ഹ.ഹ.ഹ ..’ മോഹന്‍ജിയ്ക്ക് അത് ഇഷ്ടപ്പെട്ടു.
‘ബ്രിട്ടീഷ് പാരമ്പര്യം പിന്നീട് നടപ്പില്‍ വരുത്തിയത് 2013 ല്‍ മുലായത്തിന്റെ പുത്രന്‍ അഖിലേഷ് യാദവ് ആണ്. ഹിന്ദു വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ക്കു പേര് കേട്ട, ജയിലില്‍ പോയ, അസംഖാനെ കുംഭമേള മാനേജര്‍ ആക്കി. അന്ന് അമ്പതിലേറെ പേര് മരിച്ചു. അസംഖാന്‍ രാജിക്ക് തയ്യാറായി. അഖിലേഷ് വേണ്ടെന്നു പറഞ്ഞു. മരിച്ചത് ഹിന്ദുക്കളല്ലേ. ആര് പ്രശ്‌നമുണ്ടാക്കാന്‍?’
മോഹന്‍ജി പറഞ്ഞു.
‘ശരിയാണ്. ഒരു തീര്‍ച്ചയും മൂര്‍ച്ചയുമില്ലാത്തവരെ ആര് വില വെയ്ക്കാന്‍? സ്വത്വബോധമുറയ്ക്കാത്തവരെ പ്രത്യേകിച്ചും.
ഒരു കഥ ഓര്‍മ്മ വരുന്നു. പണ്ട് ഒരു കുറുക്കനും പൂച്ചയും സംസാരിച്ചു നില്‍ക്കുകയായിരുന്നു. ദൂരെ നിന്ന് നായാട്ട് നായ്ക്കളുടെ കുര കേട്ട് കുറുക്കന്‍ ചോദിച്ചു ‘നീ എന്താണ് ചെയ്യാന്‍ പോകുന്നത്? എനിക്ക് അറിയാവുന്നത് ഇതാ ഇതാണ് എന്ന് പറഞ്ഞു പൂച്ച മുന്നില്‍ കണ്ട മരത്തില്‍ ഓടി കേറി ഇരിപ്പായി. കുറുക്കന്‍ ഇത് ചെയ്യണോ അത് ചെയ്യണോ എന്ന് ഗണിച്ചും കൂട്ടിയും നിന്നു. അപ്പോഴേയ്ക്കും നായാട്ടു നായ്ക്കളും വേട്ടക്കാരും അവിടെയെത്തി കുറുക്കന്‍ അവര്‍ക്കിരയായി….
അതുകൊണ്ട് ഒരു ഉറച്ച തീരുമാനമെടുക്കൂ. കുംഭമേളയ്ക്ക് ഉണ്ടോ ഇല്ലയോ? അത് പറയൂ’
‘ഹഹ.ഹ… ശരി. ഞാനും വരുന്നു. ബാക്കി വരുന്നേടത്ത് വെച്ച് കാണാം.’ എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു.
ആശാന്റെ ആ പ്രശസ്ത വരികള്‍ ചൊല്ലി.
‘ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്ന പോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാര്‍ക്കുമേ’