കുപ്പിച്ചില്ലുള്ള മതിലും കൂറ്റന്‍ കവാടവും കനത്ത ഗ്രില്ലും ഇരുട്ടു തളംകെട്ടിയ കെട്ടിടങ്ങളുമല്ല, ജനലുകളുടെ കുഞ്ഞിക്കണ്ണു തുറന്നാല്‍ കാണുന്ന അതിരില്ലാതെ ഓടിത്തിമിര്‍ക്കുന്ന കളിമുറ്റവും അന്യോന്യം അപകര്‍ഷതകളില്ലാതെ അടുപ്പവും ക്ഷോഭവും പുലര്‍ത്തി സതീര്‍ത്ഥ്യര്‍ സമ്മേളിക്കുന്ന കറുകപ്പുല്‍വിരിമുറ്റവും ശിഷ്യരെപ്പറ്റി വിചാരിക്കുമ്പോള്‍ കണ്ണുനിറയുന്ന ഗുരുക്കന്മാരുമുള്ള സ്മാര്‍ട്ടായ ഒരു വിദ്യാലയമാണ് എന്റെ സ്വപ്‌നത്തിലുള്ളത്.
പട്ടാമ്പി പെരുമുടിയൂര്‍ പുന്നശ്ശേരി ഗുരുകുലത്തിന്റെ വടക്കെ തലയ്ക്കല്‍ കുഞ്ഞിക്കാലുകള്‍ ഓടിക്കളിക്കുന്ന എല്‍.പി.സ്‌കൂള്‍. സ്‌കൂളിന്റെ തട്ടുമ്പുറത്ത് പഴയ വിജ്ഞാനപോഷിണി ഗ്രന്ഥശാലയിലെ പുസ്തകങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ നിരത്തിവെച്ചിരിക്കുന്നു. അറ്റത്തെ മുറിയില്‍ പെരുമുടിയൂരിനെ പുറംലോകത്തിന്റെ ഭാഗമാക്കാന്‍ പുന്നശ്ശേരിനമ്പി നീലകണ്ഠശര്‍മ്മ സ്ഥാപിച്ച പോസ്റ്റ് ഓഫീസ്. മൈതാനമദ്ധ്യത്തില്‍ ‘എല്‍’ ആകൃതിയില്‍ നീണ്ട കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പൗരസ്ത്യബിരുദക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന സാരസ്വതോദ്യോതിനി സംസ്‌കൃതകലാലയം. പാഠശാല എന്നാണ് പണ്ടു പറഞ്ഞിരുന്നത്. കലാലയത്തിന്റെ വാലറ്റത്ത് കൗമാരക്കാരുടെ മിഡില്‍സ്‌കൂള്‍.
തൊട്ടുമുമ്പില്‍ തീവണ്ടികള്‍ കൂക്കിവിളിച്ചു കടന്നുപോകുന്ന മംഗലാപുരം റെയില്‍പാത. അതു മുറിച്ചുകടന്നാല്‍ ചെമ്മണ്ണും കൂര്‍ത്ത കല്ലുമുള്ള വെട്ടുപാതയിലെത്തും. പാതയുടെ ഇരുവശത്തും അവിടവിടെ തലയുയര്‍ത്തിനില്‍ക്കുന്ന കരിമ്പനകളുടെ മര്‍മ്മരം. പീരങ്കിയുള്‍പ്പെടെ വെടിക്കോപ്പുകള്‍ കുതിരപ്പുറത്തു വലിച്ചുകൊണ്ടുപോവാന്‍ പാകത്തില്‍ വളവും തിരിവും കയറ്റവും ഇറക്കവും കുറഞ്ഞ് പാലക്കാട്ടുനിന്ന് ബേപ്പൂര്‍വരെ ടിപ്പുസുല്‍ത്താന്‍ പണിത പഴയ നദീതീരപാതയാണത്. തീവണ്ടിയുടെ പാലം നീളുന്ന പുഴവക്കത്ത് പരന്ന പാടത്തിന്റെ കരയില്‍ ചെറിയ കുന്നുകള്‍. കുന്നിന്‍ചെരുവില്‍ തോപ്പുകളും വീടുകളും.
ഒരു മനുഷ്യന് രണ്ടു കാലഘട്ടത്തിലാണ് മനസ്സിനിണങ്ങിയതു ചെയ്യാന്‍ ഭാഗ്യം സിദ്ധിക്കുക. കുട്ടിക്കാലത്ത്, പിന്നെ വാര്‍ദ്ധക്യത്തിലും. വീണുകിടക്കുന്ന ചില്ലുപാത്രംപോലെ കൊണ്ടുനടക്കേണ്ട ചില സുരഭിലനിമിഷങ്ങള്‍.
പുന്നശ്ശേരിനമ്പി നീലകണ്ഠശര്‍മ്മ എന്ന ഗുരുനാഥന്റെ ഗതകാലസ്മരണകളെ പിന്‍നിലാവിലേക്കു തള്ളിയിട്ട ഘട്ടത്തില്‍ അദ്ദേഹം സ്ഥാപിച്ച സംസ്‌കൃതമഹാപാഠശാലയെ ഏറ്റെടുത്തത് അന്നത്തെ ഇടതുപക്ഷ സര്‍ക്കാരാണ്. വിദ്വാന്‍, സാഹിത്യശിരോമണി തുടങ്ങിയ പൗരസ്ത്യബിരുദങ്ങള്‍ക്കു പകരം ഡിഗ്രിക്ലാസുകള്‍ ആരംഭിച്ചിട്ടില്ല. പട്ടാമ്പിയിലെ പുതിയ സ്ഥലത്തേക്കു പറിച്ചുനട്ടിട്ടുമില്ല. കോളേജുചുമരിലും ഡസ്‌കിലും പേരും കയ്യൊപ്പും ചാര്‍ത്തി പതിഞ്ഞുകിടക്കുന്ന ശ്രീലങ്കമുതല്‍ ഉത്തരകേരളംവരെയുള്ള പൂര്‍വസൂരികളുടെ സ്മരണകള്‍ കലശലായി ബാധിച്ച കലാലയ ജീവിതത്തിന്റെ ഭാഗമായി താനും മാറുകയായിരുന്നു. പ്രിലിമിനറി ക്ലാസില്‍ ട്രൗസര്‍ ധരിച്ചെത്തിയ ഏക ചെറുക്കന്‍ അയാളായിരുന്നു.
സാമൂഹികവും വൈജ്ഞാനികവുമായ പുനരുത്ഥാനത്തിന് ഗുരുനാഥന്‍ (നാട്ടുകാര്‍ ‘യജമാനന്‍’എന്നാണ് ആദരപൂര്‍വം വിളിക്കുക) ഉഴുതിട്ട മണ്ണില്‍ ഒരു നാട്യവുമില്ലാതെ, ഒരവകാശവാദവുമുന്നയിക്കാതെ നില്‍ക്കാന്‍ കഴിയുമോ? ഭാഷയേയും സംസ്‌കാരത്തേയും സര്‍ഗ്ഗാത്മകവ്യവഹാരമാക്കിയ എത്രയോ പേര്‍ക്ക് പുന്നശ്ശേരി ഗുരുനാഥന്‍ പിതാവായി. പാലിക്കുന്നവന്‍ പിതാവ് എന്നാണ് പിതൃശബ്ദത്തിന്റെ ധാത്വര്‍ത്ഥം. ഏതൊക്കെയോ പുതുതലമുറകള്‍ക്കു മുമ്പില്‍ ഗുരുനാഥന്റെ വേഷം കെട്ടി സ്വാശ്രയപൗരന്മാരായി ജീവിക്കാന്‍ പഠിപ്പിച്ചത് ഈ പാഠശാലയാണ്.
ആറരപതിറ്റാണ്ടിനുമുമ്പുള്ള ഒരു ജൂലായ് മാസം. രാത്രി മുഴുവന്‍ കര്‍ക്കടകപ്പെരുമഴ വീടിന്റെ മുകളില്‍ കോരിച്ചൊരിഞ്ഞു. കാറ്റ് കവുങ്ങിന്‍തലപ്പുകളെ വളച്ച് വിനോദിച്ചു. എന്നാല്‍ ആ രാത്രി അയാള്‍ക്ക് ഉറക്കം വന്നില്ല. അടുത്ത പ്രഭാതമാവാന്‍ കൊതിക്കുകയായിരുന്നു. ഗ്രാമജീവിതം എന്ന മുള്‍മുനയില്‍നിന്നുള്ള രക്ഷപ്പെടലായിരുന്നു പുഴയും കടന്ന് പുന്നശ്ശേരിക്കുള്ള കോളേജുയാത്ര.
സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനും കോളേജിനെ ഉയര്‍ത്താനും മുഴുവന്‍ കഴിവും വിനിയോഗിച്ച അന്നത്തെ പ്രിന്‍സിപ്പല്‍ പി.വി.രാമയ്യര്‍ തൃത്താലയിലാണ് താമസിച്ചിരുന്നത്. അമ്പലവട്ടത്തെ വസതിയായ പള്ളിയാല്‍മഠത്തില്‍നിന്ന് അദ്ദേഹത്തിന്റെ കൂടെയായിരുന്നു പുതിയ ശിഷ്യന്റെ കോളേജില്‍ ചേരാനുള്ള കന്നിയാത്ര. ഗുരുനാഥന്റെ കയ്യുംപിടിച്ച് പുഴയും റോഡും റെയിലും കടന്ന് അനുയാത്ര – ഏതു വിദ്യാര്‍ത്ഥിക്കു ലഭിക്കും ഈ രക്ഷാകര്‍തൃപരിചരണസൗഖ്യം!
ഭക്ഷണം ശിഷ്യന്റെ പക്കല്‍ ഇല്ലെന്നു മനസ്സിലാക്കിയ ഗുരു ഒരു ഉച്ചക്ക് വിളിച്ചു: ”വാങ്കോ”. ഓഫീസുമുറിയില്‍ പ്രിന്‍സിപ്പലിന്റേയും ക്ലര്‍ക്ക് ‘കൊച്ചെജമാനന്റേയും’ (പുന്നശ്ശേരി ശര്‍മ്മ) ഒരുമിച്ചിരുന്ന് ഗുരുപത്‌നി തയ്യാറാക്കിയ സ്വാദിഷ്ഠഭക്ഷണം ഉണ്ടത് ജീവിതത്തിലെ വീടാക്കടം. അമ്മയായി ഭവിച്ച ഗുരുപത്‌നി ടിഫിന്‍കേരിയര്‍ ശിഷ്യനു സമ്മാനിച്ചതും മറക്കാവതല്ല.
രാമയ്യര്‍മാഷ് വിരമിച്ചു. പത്‌നി അന്തരിച്ചു. മക്കള്‍ വെവ്വേറെയായപ്പോള്‍ തൃശ്ശൂരിലെ മകന്റെ കൂടെയായി താമസം. ”പണ്ഡിതാ: സമദര്‍ശിന:” എന്ന കാളിദാസകവിതയും മറ്റു കാവ്യാലങ്കാരഗ്രന്ഥങ്ങളും പഠിപ്പിച്ച ആചാര്യനെ ഒടുവില്‍ കണ്ടപ്പോള്‍ ഒന്നും പറയാനാവാതെ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു, വാത്സല്യത്താല്‍. എല്ലാവരാലും വിസ്മരിക്കപ്പെട്ട ഗുരുജന്മം.
ശബ്ദം അര്‍ത്ഥത്തിന്, അര്‍ത്ഥം ഭാവത്തിന്, ഭാഷ ധ്വനിക്ക് എന്നു വിശദീകരിക്കുന്ന ധ്വന്യാലോകം ഫൈനല്‍ക്ലാസില്‍ പഠിപ്പിച്ചത് രാമയ്യര്‍മാഷായിരുന്നു. അന്നത്തെ പതിനെട്ടുവയസ്സുകാരന്‍ വിദ്യാര്‍ത്ഥി ധ്വന്യാലോകകാരന്‍ ആനന്ദവര്‍ദ്ധനനെയല്ല, ഫൈനല്‍പരീക്ഷയെയാണ് ഓര്‍മ്മിച്ചത്. അതു ഗുരുവിന്റെ കുറ്റമല്ല. പരീക്ഷക്കു നല്ല മാര്‍ക്കുകിട്ടി ആനന്ദവര്‍ദ്ധനവുണ്ടായത് ശിഷ്യന്റെ കേമത്തമല്ല, ഗുരുവിന്റെ പാണ്ഡിത്യമികവായിരുന്നു. പാഠം പുതുക്കിപ്പണിയുന്നതില്‍ സ്വന്തം ശിഷ്യനും കോളേജിലെ മറ്റൊരു പ്രൊഫസറുമായ സി.ഗോവിന്ദന്‍നായര്‍ (ഗോപ്യാരുമാഷ്) കാണിച്ച രസികത്തം ഈ ഗുരു പുറത്തെടുത്തില്ല. ഭാഷാബോധനം, സാഹിത്യാഭിരുചി എന്നതിനേക്കാള്‍ നിത്യപ്രസന്നവും സ്‌നേഹപൂര്‍ണ്ണവും പക്ഷഭേദരഹിതവുമായ വ്യക്തിത്വംകൊണ്ടാണ് ഈ പ്രിന്‍സിപ്പല്‍ മറ്റുള്ളവരെ സ്വാധീനിച്ചത്. ദൃശ്യമായോ അദൃശ്യമായോ ഗുരുനാഥന്‍ നിര്‍വഹിക്കുന്ന സാമുഹ്യധര്‍മ്മം വളരെ വലുതാണ്. ശിഷ്യരോട് ആര്‍ദ്രത സൂക്ഷിച്ച ഈ ഗുരുനാഥനേയും അദ്ദേഹത്തിന്റെ അന്നപൂര്‍ണ്ണേശ്വരിയായ സഹധര്‍മ്മിണിയേയും നമസ്‌കരിച്ചുകൊള്ളട്ടെ. ഗുരുകൃപ, അതുമാത്രമാണ് ബലമെന്നു കാണിച്ചുതന്ന രാമയ്യര്‍മാഷടെ സാരഥ്യത്തിലുള്ള കോളേജ് ഞങ്ങളെ സാഹിത്യം പഠിപ്പിച്ചു. മാഷോടൊപ്പം സഞ്ചരിച്ച പുഴ ജീവിതവും പഠിപ്പിച്ചു.

ഉപ്പിനേക്കാള്‍ രസം ഉപ്പിലിട്ടതിന്. നിളയേക്കാള്‍ ആര്‍ദ്രത നിളയെപ്പറ്റിയുള്ള ചിന്തകള്‍ക്ക്. ഒഴുകുന്ന ജലം, ഇരുഭാഗത്തേയും ഓമല്‍കരകള്‍ക്ക് ഒരുപോലെ മുലനല്‍കി നീങ്ങിയ അന്നത്തെ നിളയെയാണ് ഞങ്ങള്‍ മുറിച്ചുകടന്നത്. അന്ന് പട്ടാമ്പിയില്‍ പാലം വന്നുകഴിഞ്ഞിട്ടില്ല. പുഴക്കരയെ ചുറ്റിപ്പറ്റിപ്പോകുന്ന നിരത്തുകളേയുള്ളു. അതിനാല്‍ വരണ്ട കുറ്റിക്കടവില്‍ സദാസമയവും തോണികാത്തു നില്‍ക്കുന്നവരുടെ തിരക്ക്. കടവുപുരയിലും മുകളിലെ നിസ്‌കാരപ്പള്ളിമുറ്റത്തും ആള്‍ത്തിരക്ക്. പുഴക്കടവില്‍ തോണികാത്തുനില്‍ക്കുന്നവരുടെ കൂകല്‍. നിറഞ്ഞ പുഴ മറികടന്ന് തോണി ഇക്കരെയെത്താന്‍ ഒരു മണിക്കൂറിലധികമെടുക്കും. തോണികള്‍ കൂട്ടിക്കെട്ടിയ ചങ്ങാടത്തില്‍ അക്കരയ്ക്കു കൊണ്ടുപോകുന്ന കാളകളെ അണച്ചുപിടിക്കുമ്പോള്‍ കുതറുന്ന മണിക്കിലുക്കം. പകല്‍ മുഴുവന്‍ തോണിക്കൊമ്പത്തുനിന്നു കഴുക്കോല്‍ പിടിക്കുന്ന കടത്തുകാരന്‍. തോണിക്കയറഴിച്ചിട്ട്, ‘ഒന്ന് ഉന്തിത്താ’ എന്ന വേനലിലെ വിളി. വെള്ളം കുറഞ്ഞ സമയത്ത് കഴുക്കോലുന്താന്‍ കടത്തുകാരന്‍കുഞ്ഞാലനും എന്റെ ഗുരുവായി.
ഒരു വര്‍ഷക്കാലം. ഇരച്ചെത്തിയ പുഴയില്‍ പായകെട്ടി തോണി നീങ്ങുമ്പോള്‍ മുനമ്പത്തു വന്നുതട്ടി ഒരു ശവം, ഞങ്ങള്‍ ഇരിക്കുന്നതിന്റെ തൊട്ടടുത്ത്. കൈയും കാലും കൂട്ടിക്കെട്ടിയ നിലയില്‍ മലര്‍ന്ന് വികൃതമായി ഒലിച്ചെത്തിയ സ്ത്രീജഡം. കണ്ണില്‍നിന്നു മായുന്നില്ല ആ അമ്മയുടെ മുഖം. എന്തിനാണ് അവരെ ഈ ജീവിതദുരന്തത്തിലേക്കു തള്ളിവിട്ടത് എന്ന ചോദ്യം ആഴ്ചകളോളം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
”പീടികത്തിണ്ണ വീടാക്കി സഹോദരി മയങ്ങവേ
കൈക്കോഴയാല്‍ ബങ്കളാവു തീര്‍ക്കുമീഞാന്‍ മരിക്കണം
കഞ്ഞിവെള്ളം കുടിക്കാതെ പൈതങ്ങള്‍ പിടയുമ്പൊഴും
പെരുത്ത വേതനം തിന്നുതീര്‍ക്കുമീ ഞാന്‍ മരിക്കണം” എന്ന കുഞ്ഞിരാമന്‍നായരുടെ ധാര്‍മ്മികരോഷം അകാരണമായി മനസ്സിലേക്ക് ഇരച്ചുകയറിയ സന്ദര്‍ഭമായിരുന്നു അത്.
സംസ്‌കൃതം വിദ്വാന്‍ പഠിതാക്കള്‍ക്ക് നാട്ടുഭാഷയില്‍ ഒരു പേപ്പര്‍ എഴുതേണ്ടതുണ്ട്. മലയാളത്തിലെ ഏതെങ്കിലും അപ്രശസ്തകൃതിയാവും അതിനു തെരഞ്ഞെടുക്കപ്പെടുക. കോളേജില്‍ മലയാളം പ്രൊഫസറായി നിയമിതനായ ചെറുകാടുമാസ്റ്റര്‍ക്കാണ് ഈ പേപ്പറിന്റെ ചുമതല. മാഷ് പറയും: ”നിങ്ങള്‍ക്ക് സ്വയം വായിച്ച് എഴുതാവുന്നതേയുള്ളു. ഈ പീറപ്പുസ്തകം വിശദീകരിച്ചു പഠിപ്പിക്കേണ്ട ഒന്നല്ല.” പിന്നെയുള്ള സൊറപറയലില്‍ ആയിടെ പ്രസിദ്ധീകരിച്ച പി.യുടെ ഈ കവിത കേള്‍പ്പിക്കുകയായിരുന്നു.
ചുകന്ന സഞ്ചിയും തൂക്കി കോളേജിലെത്തുന്ന ഈ ഗുരു പുസ്തകത്തില്‍ അച്ചടിച്ചുവെച്ചത് അഭ്യസിപ്പിക്കുന്ന മറ്റു പണ്ഡിതന്മാരില്‍നിന്ന് വ്യത്യസ്തനായിരുന്നു. തന്നത്താന്‍ കണ്ടുപിടിക്കുന്നതിനു സ്വയം പ്രാപ്തരായി ശിഷ്യരെ നയിക്കുക എന്ന ഗുരുധര്‍മ്മം പാലിച്ച അദ്ദേഹം ഞങ്ങളുടെ കലാലയദിവസങ്ങളെ ഉശിരുപിടിപ്പിച്ചു.
”കാവ്യനാടകാലങ്കാരങ്ങളില്‍ ചെറുകാടിനു നല്ല വ്യുല്‍പ്പത്തിയുണ്ടെന്നു പറയാന്‍ വയ്യ. എന്നാല്‍ സാമൂഹ്യജീവിതത്തില്‍ അഭികാമ്യമായ ഒരു സാംസ്‌കാരികവിപ്ലവത്തിന് മോഹിച്ചിരുന്നു” എന്ന് കോളേജിലേക്കുള്ള ഒരു തോണിയാത്രയില്‍ ഒപ്പംകൂടിയ എം.പി.ശങ്കുണ്ണിനായര്‍ പൂര്‍വശിഷ്യനെപ്പറ്റി അഭിപ്രായപ്പെട്ടത് ഓര്‍മ്മയിലുണ്ട്.
നിളയുടെ കാമുകനെ ഗോപിനായര്‍മാഷ് (പ്രൊഫ.സി.ഗോവിന്ദന്‍നായര്‍) കയ്യോടെ പിടിച്ചു കൂട്ടിക്കൊണ്ടുവന്ന രസകരമായ സന്ദര്‍ഭമുണ്ടായി ഒരിക്കല്‍. ഞങ്ങളെ സിദ്ധാന്തകൗമുദി പഠിപ്പിച്ചുകൊണ്ടിരുന്ന പ്രൊഫ.ഗോവിന്ദന്‍നമ്പ്യാരുടെ സവിധത്തിലേക്ക് ഖദര്‍ജുബ്ബയില്‍ കൈത്തലംപോലും മൂടിയ ഒരാജാനബാഹുവിനെ കൊണ്ടുവരുകയായിരുന്നു. നമ്പ്യാര്‍മാഷെ കണ്ടയുടനെ തോള്‍മുണ്ട് അരയില്‍കെട്ടി പ്രണതശിഷ്യന്‍ ആ നിലത്ത് സാഷ്ടാംഗനമസ്‌കാരം ചെയ്തു.

”കവിതയുടെ ഈ ധൂര്‍ത്തപുത്രനെ നല്ലപോലെ കണ്ടോളു. ഇവിടെ മുങ്ങിയാല്‍ എവിടെയാണ് പൊങ്ങുക എന്നു പറയാന്‍ പറ്റില്ല” എന്ന ഗോപിനായര്‍മാസ്റ്റരുടെ കമന്റ് ഞങ്ങളേയും മഹാകവിയേയും ചിരിപ്പിച്ചു.
അദ്ധ്യാപകര്‍ക്കിടയില്‍ പണ്ഡിതരാജന്‍ എന്ന് ആദരിക്കപ്പെടുന്ന ഒരേയൊരാള്‍ വ്യാകരണം പ്രൊഫസറായ നമ്പ്യാര്‍മാഷാണെന്നത് കോളേജിന്റെ അഭിമാനമായിരുന്നു. ഒരു വിദ്വദ് സദസ്സില്‍ കൊച്ചി പരീക്ഷിത്തു തമ്പുരാന്‍ സമ്മാനിച്ചതാണ് ആ പണ്ഡിതരാജബിരുദം.
ന്യായശാസ്ത്രമായാലും ശബ്‌ദേന്ദുശേഖരമോ പരിഭാഷേന്ദുശേഖരമോ ബുദ്ധിക്കു മൂര്‍ച്ചകൂട്ടുന്ന ഏതു ഗ്രന്ഥമായാലും അവസാനവാക്ക് നമ്പ്യാര്‍മാഷുടേതാണ്. ഭാഷയുടെ നാനാപ്രയോഗസാദ്ധ്യതകളെ ഒരു റഫറന്‍സുമില്ലാതെ മനസ്സില്‍നിന്നു കോരിയെടുത്ത് ആധികാരികമായി പകര്‍ന്നുതരാനും സംശയം നിവര്‍ത്തിക്കാനും നമ്പ്യാര്‍മാഷെപ്പോലെ മറ്റൊരാള്‍ ഇല്ല. ഗോപിനായര്‍മാഷെപ്പോലെ വിജ്ഞരായ ഗുരുനാഥന്മാര്‍പോലും ധരിച്ച തോള്‍വസ്ത്രം കക്ഷത്തിലേക്ക് ഒതുക്കി ആദരവോടെ സംശയനിവാരണത്തിന് അദ്ദേഹത്തെ സമീപിക്കുന്നതു സാധാരണമായിരുന്നു. പഠിപ്പിക്കുമ്പോഴത്തെ സ്വധര്‍മ്മതപസ്സില്‍ ശിഷ്യരുടെ കുസൃതികളോ ശല്യപ്പെടുത്തുന്ന കാലിലെ എക്‌സിമയുടെ നീറ്റലോ അദ്ദേഹം അറിഞ്ഞിരുന്നില്ല. ഗുരുവിന്റെ മഹത്വം ഞങ്ങള്‍പോലും വേണ്ടത്ര മനസ്സിലാക്കിയോ!

പ്രശസ്തിയേക്കാള്‍ പ്രാരബ്ധങ്ങളാണ് ഈ പണ്ഡിതനും ഒടുവില്‍ നേരിടേണ്ടിവന്നത്. മലയാളത്തിന്റെ സുകൃതമായ കിള്ളിക്കുറുശ്ശിമംഗലം കലക്കത്തുതറവാടിന്റെ കാരണവരെന്നനിലയില്‍ തുച്ഛമായ അടുത്തൂണും ഔദ്യോഗികപെന്‍ഷനും മാത്രമായിരുന്നു ആ കുടുംബത്തിന്റെ അവലംബം. പാലപ്പുറത്തെ ആര്യാലയത്തില്‍ കിടപ്പിലായപ്പോള്‍ ചെന്നുകണ്ടു. എഴുന്നേല്‍ക്കാനും സംസാരിക്കാനും സാധിച്ചെങ്കില്‍ ഒരു വാക്യാര്‍ത്ഥംകൂടി പറഞ്ഞുതരാനുള്ള സമര്‍പ്പണസന്നദ്ധത അദ്ദേഹം കൈവെടിഞ്ഞില്ല. ശാസ്ത്രരത്‌നം, ശാസ്ത്രചൂഢാമണി, വിദ്യാഭൂഷണം തുടങ്ങി മഹദ് സന്നിധികളില്‍നിന്നു പല ബഹുമതികള്‍ ലഭിച്ച ഈ പണ്ഡിതന്റെ ശാസ്ത്രപാരമ്പര്യം ശിഷ്യരോ കേരളത്തിലെ സര്‍വകലാശാലകളോ വേണ്ടരീതിയില്‍ ഉപയോഗിച്ചുവോ?
പ്രസിദ്ധനായ യുവകവി ഞങ്ങളുടെ സംസ്‌കൃതം വിദ്വാന്‍ക്ലാസില്‍ വിദ്യാര്‍ത്ഥിയായി വന്നുചേര്‍ന്ന കൗതുകവുമുണ്ടായി. അലഞ്ഞുലഞ്ഞ മുടി, ഉന്തിനില്‍ക്കുന്ന കട്ടിക്കണ്ണട, കക്ഷത്തില്‍ തടിച്ച തോല്‍ബാഗ് – അസാധാരണമാംവിധം അന്തര്‍മുഖനെങ്കിലും ഈ ഏലങ്കുളത്തുകാരനോട് അപരിചിതത്വം തോന്നിയില്ല. മാതൃഭൂമി വാരികയിലെ പൊതുപേജില്‍ത്തന്നെ സുധാകരന്‍തേലക്കാടിന്റെ കവിതകള്‍ ധാരാളമായി അന്ന് പ്രത്യക്ഷപ്പെട്ടിരുന്നു.
പൂവുമുതല്‍ പൂഷാവുവരെ, മണ്‍തരിമുതല്‍ മഹാകാശംവരെ സൂക്ഷ്മനിരീക്ഷണസന്നദ്ധര്‍ക്കു വിസ്മയമുളവാകുംവിധം സംവിധാനം ചെയ്ത ഈ സൗന്ദര്യപ്രപഞ്ചത്തിന്റെ മുഗ്ദ്ധത, ‘ഓമല്‍ക്കവിത പിരിയാതിരിക്കുകില്‍ ഹാ മന്നില്‍ മറ്റുള്ളതൊക്കെയും തുച്ഛമാം’എന്നു കവിതയോടുള്ള ആത്മസമര്‍പ്പണം, അഗാധമായ മനുഷ്യസ്‌നേഹം, കാലഘട്ടത്തെക്കുറിച്ചുള്ള ബോധം, സ്വന്തം വിഷാദങ്ങളിലും മുള്ളുകളൊക്കെ പൂവിതള്‍ച്ചാര്‍ത്തായി പുഞ്ചിരിക്കുന്ന വഴിത്താരകളെ സ്വപ്‌നം കാണുന്ന തേജോമയമായ പ്രസാദം – ഈ കവി ഏവരേയും അമ്പരപ്പിച്ചു.
‘നിനക്കെഴുതാന്‍ പൂഴിവിരിപ്പൂ ഭാരതപ്പുഴ’ എന്ന് ആറ്റൂര്‍ രവിവര്‍മ്മ എഴുതിയത് സുധാകരനെക്കുറിച്ചുകൂടിയാണെന്ന് തോന്നും. ‘ഭാരതപ്പുഴയിലെ പഞ്ചാരമണല്‍തിന്നെന്‍ ഭാവന മുഴുവന്‍ മധുരിച്ചല്ലോ’എന്നു തുടങ്ങുന്ന സുധാകരന്റെ വരികള്‍ പ്രസിദ്ധമാണല്ലൊ.
ഇ.വി.ജി. തുടങ്ങിയ ഏലങ്കുളം ബാലസഖ്യാംഗങ്ങളുമായുള്ള സൗഹൃദവും സുധാകരനുമായുള്ള സതീര്‍ത്ഥ്യബന്ധത്തെ ഊഷ്മളമാക്കി. അയാള്‍ എന്റെ വീട്ടില്‍ വന്നു. സുധാകരന്റെ താമസസ്ഥലത്ത് ചിലപ്പോള്‍ ഞാനും തങ്ങി. കവിതകള്‍ ആദ്യം കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആത്മസുഹൃത്തായി ഞാന്‍ മാറി. ചില കവിതകളോടു വിയോജിക്കും. അപ്പോള്‍ അയാള്‍ പിണങ്ങുകയും ചെയ്യും. എന്റെ വിമര്‍ശനത്തിന് മറുപടിക്കവിതകള്‍ എഴുതും.
ഞങ്ങള്‍ ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്നു പഠിച്ചു. ഒരിടത്തു താമസിച്ച് ഒന്നിച്ച് പരീക്ഷയെഴുതി. ഒന്നിച്ചു വിജയിച്ചു. ഒന്നിച്ചു ജോലികിട്ടി. സുധാകരന്‍ വടകരയില്‍ അദ്ധ്യാപകനായി. ഞാന്‍ കാലടിയിലും. ഞങ്ങളുടെ ജീവിതം കൂട്ടിമുട്ടാത്ത സമാന്തര രേഖകളിലൂടെയായി.
‘നന്ദി സോദര നിന്നെ സ്‌നേഹിച്ച കുറ്റത്തിന്നു
തന്ന ശിക്ഷ ഞാന്‍ കയ്യുംകെട്ടി വാങ്ങുന്നൂ മൂകം’ കത്തിന് എന്റെ മറുപടി കിട്ടായ്കയാല്‍ സുധാകരന്‍ പിണങ്ങിയത് ഇങ്ങനെ.
‘സ്വന്തം സുധാകര ധരിക്കുക വിസ്മരിപ്പ-
തെന്തിന്നു തന്നെയൊരു ജോലി ലഭിക്കയാല്‍ ഞാന്‍
പൊന്തേണ്ടതില്ല’ എന്നാവും എന്റെ മറുപടി.
വടകരയില്‍ ജോലിചെയ്യവേ സുധാകരന്റെ ഏകാന്തതയിലേക്കു രോഗം കടന്നുചെന്നു. പലപ്പോഴും ബോധരഹിതനായി. വീട്ടിലേക്കു കൊണ്ടുവന്നു. ആഴ്ചപ്പതിപ്പിന്റെ റാപ്പറില്‍ ഇങ്ങനെ കുറിച്ചിട്ടിരുന്നു:
‘എത്രമേല്‍ കണ്ടതാണിത്തരം രംഗങ്ങള്‍
മൃത്യുവിലല്ലീ ലയിക്കുന്നതൊക്കെയും’
ഒടുവില്‍ പാട്ടു പാതിനിര്‍ത്തി ഇരുപത്തിയാറാം വയസ്സില്‍ കൂടുവിട്ടുപോയി. മരണത്തിന്റെ തോല്‍വി എന്നൊരു കവിത സുധാകരന്‍ എഴുതിയിട്ടുണ്ട്. പക്ഷേ കവി മരണത്തെ തോല്‍പ്പിച്ചുകളഞ്ഞു. കവിയുടെ അനുഭവം വായനക്കാരന്റേതായി മാറുമ്പോള്‍ ഇന്നത്തെ കവിതയാവുന്നു. ഇന്നത്തെ കവിത എന്നത്തേയും കവിതയാവുന്നു. സുധാകരന്റെ കവിതകളുടെ പൂര്‍ണ്ണസമാഹാരം ഈയിടെ കേരളസാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മരിക്കുന്നതിനു രണ്ടുമാസം മുമ്പ് സുധാകരന്റെ പോസ്റ്റുകാര്‍ഡ് എനിക്കു കിട്ടി. മൂന്നു കൊല്ലമായിട്ടും എനിക്ക് ശമ്പളം കിട്ടാത്തതിലുള്ള ജ്യേഷ്ഠന്റെ വ്യസനമായിരുന്നു ആ എഴുത്ത്
‘അമ്മയ്ക്കുമച്ഛനും വീട്ടില്‍ സുഖമല്ലേ, തനിക്കുമോ?
ശമ്പളക്കാര്യമിനിയും – കുന്തമോ കഷ്ടമെന്തിനി-
കരണീയം നൊന്തിടുന്നേന്‍ കരളും എന്തു ചെയ്യുവാന്‍?
ക്രമത്തിലൊക്കെയും നേരെ വരുമെന്നാശ്വസിക്കുക.
ഓറിയന്റല്‍ ടൈട്ടില്‍ഹോള്‍ഡര്‍ എത്ര കെങ്കേമമെങ്കിലും
ഗതിയില്ലവനു ലോകേസ്മിന്‍ ഇത്യുക്തം കേനചില്‍ സഖേ’
അനാഥമായ കടവില്‍ ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ പ്രിയസുഹൃത്ത് എന്റെ കാതില്‍ വീണ്ടും മന്ത്രിക്കുന്നു:
‘തീരേ മറന്നുവോ നീയെന്മടിത്തട്ടി-
ലോടിക്കളിച്ചൊരാ ബാല്യദിനങ്ങളെ?’