കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക-വൈചാരിക രംഗത്ത് ആഴത്തില്‍ സ്വാധീനം ചെലുത്തിയ ചരിത്ര സംഭവങ്ങളുടെ ശതാബ്ദിവര്‍ഷമായിരുന്നു 2024. ഭാരതീയ വിചാരകേന്ദ്രത്തിന്റെ 2024ലെ പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമായത് ഈ ചരിത്രസന്ദര്‍ഭങ്ങളുടെ സ്മരണകള്‍ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ പ്രേരിപ്പിക്കുംവിധം ഉപയോഗപ്പെടുത്തിയതിനാലാണ്.
കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെയും രാഷ്ട്രീയജീവിതത്തെയും ഒരുപോലെ പിടിച്ചുകുലുക്കിയ, 1924ല്‍ നടന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിവര്‍ഷമായിരുന്നു 2024. കേരളത്തിന്റെ വൈചാരികജീവിതത്തെ പ്രക്ഷുബ്ധമാക്കുകയും നേര്‍വഴിക്ക് നയിക്കുകയും ചെയ്ത, വേദാധികാര നിരൂപണം, ക്രിസ്തുമതഛേദനം മുതലായ ഗ്രന്ഥങ്ങള്‍ രചിച്ച ചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ ശതാബ്ദി വര്‍ഷമായിരുന്നു 2024. മഹാകവി കുമാരനാശാന്‍ മാപ്പിള ലഹള പശ്ചാത്തലമാക്കിക്കൊണ്ട് ‘ദുരവസ്ഥ’ എഴുതി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് നേരെ മുസ്ലീങ്ങളില്‍ നിന്നുണ്ടായ ഭീഷണികളുടെയും, പിന്നീട് ആലപ്പുഴയിലെ പല്ലനയാറ്റില്‍ വച്ചുണ്ടായ ബോട്ടപകടത്തില്‍ ആശാന് ജലമുക്തി സംഭവിച്ചതിന്റെയും ശതാബ്ദി വര്‍ഷമായിരുന്നു 2024. 1921 ലെ മാപ്പിള കലാപത്തിനുശേഷം കേരളത്തിലെ മതജീവിതവും മനുഷ്യജീവിതവും കലങ്ങുകയും കുഴങ്ങുകയും ചെയ്തതിനെതുടര്‍ന്ന്, മതങ്ങളുടെ സത്യം പരസ്പരം ബോദ്ധ്യപ്പെടുന്നതിനുവേണ്ടി, ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും’ എന്ന പ്രഖ്യാപനത്തോടെ 1924ല്‍ ശ്രീനാരായണഗുരു ആലുവയില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വമതസമ്മേളനത്തിന്റെ ശതാബ്ദി വര്‍ഷമായിരുന്നു 2024.
അങ്ങനെ പലനിലകളിലും പ്രാധാന്യമേറിയ 2024 ഭാരതീയ വിചാരകേന്ദ്രത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ അസ്തിത്വത്തിന്റെ 42 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നാഴികക്കല്ല് കൂടിയാണ്. മലപ്പുറം ജില്ലയിലെ തിരൂരില്‍ 2025 ജനുവരി 10, 11, 12 തീയതികളില്‍ചേര്‍ന്ന 42-ാംവാര്‍ഷിക സമ്മേളനം കാലികപ്രാധാന്യമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ലോകത്തിന്റെ, പ്രത്യേകിച്ചും ഭാരതത്തിന്റെ സാംസ്‌കാരിക സന്ദര്‍ഭങ്ങളെ കലുഷമാക്കുന്ന കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളെ തുറന്നു കാട്ടിയ ‘കള്‍ച്ചറല്‍ മാര്‍ക്‌സിസം – അരാജകത്വത്തിന്റെ പ്രത്യയശാസ്ത്രം’ എന്ന വിഷയം പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനും ഗ്രന്ഥകാരനുമായ ജെ. നന്ദകുമാറാണ് അവതരിപ്പിച്ചത്. ഒരു രാഷ്ട്രീയ പ്രയോഗം എന്ന നിലയില്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട മാര്‍ക്‌സിസം പരമ്പരാഗത ലോകസംസ്‌കാരങ്ങളെ തകര്‍ത്തുകൊണ്ട്, കുടുംബ വ്യവസ്ഥകളെ ശിഥിലമാക്കിക്കൊണ്ട് എങ്ങനെയാണ് ആശയങ്ങളുടെ ലോകത്തേയ്ക്ക് കടന്നു കയറുന്നതെന്ന് അദ്ദേഹം വിശദമാക്കി. യൂറോപ്പില്‍ ജോര്‍ജ് ലൂക്കാച്ചിന്റേയും അന്റോണിയോ ഗ്രാംഷിയുടേയും നേതൃത്വത്തില്‍ ‘സാംസ്‌കാരിക മേല്‍ക്കോയ്മ’ എന്ന ആശയം രൂപപ്പെടുത്തുകയും ലോകസംസ്‌കാരങ്ങളെ ചോദ്യം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. സംസ്‌കാരങ്ങളുടെ പിടിയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കണം എന്നാണ് അവര്‍ പറഞ്ഞത്. ക്രിട്ടിക്കല്‍ തിയറി, കൗണ്ടര്‍ കള്‍ച്ചര്‍, ക്യാന്‍സല്‍ കള്‍ച്ചര്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ കൊണ്ട് സംസ്‌കാരങ്ങളുടെ അടിത്തറ ഇളക്കാം എന്നവര്‍ പഠിപ്പിച്ചു. യൂറോപ്പിലെ അദ്ധ്യാപകരും യുവാക്കളും അതേറ്റെടുത്തു. ഭാരതത്തിലെ സര്‍വ്വകലാശാലകളില്‍ അക്കാദമിക സമൂഹങ്ങളും ഈ ആശയങ്ങള്‍ പിന്‍പറ്റി. നമ്മുടെ സാംസ്‌കാരിക ബിംബങ്ങളെയും ആദ്ധ്യാത്മിക പാരമ്പര്യങ്ങളേയും ഇതിഹാസപാഠങ്ങളെയും ചോദ്യം ചെയ്യുന്ന പ്രഭാഷണപരമ്പരകളും പ്രസിദ്ധീകരണങ്ങളും അവര്‍ അഴിച്ചുവിട്ടു. ഇതിനെ ചെറുക്കുക, ഇത്തരം ആഖ്യാനങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടാനുള്ള പരിശ്രമങ്ങള്‍ നടത്തുക എന്നത് ദേശീയ ബോധമുള്ള എല്ലാ പൗരന്മാരുടേയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തതും ജെ.നന്ദകുമാറായിരുന്നു.
ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഭാരതത്തിനും അതിന്റെ ഭരണഘടനയ്ക്കും ആധുനിക സമൂഹത്തില്‍ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന നിര്‍മ്മിക്കുകയും അത് അംഗീകരിച്ച് നടപ്പിലാക്കുകയും ചെയ്തിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇതിനകം ധാരാളം നിഷേധാത്മകമായ കടന്നുകയറ്റങ്ങളും ഭാവാത്മകമായ നവീകരണങ്ങളും ഭരണഘടനയിന്മേല്‍ നടത്തപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിശദമായ ചര്‍ച്ചക്ക് ‘വിധേയമാക്കിക്കൊണ്ട്, ‘ഭരണഘടനാഭേദഗതി, ചരിത്രം, രാഷ്ട്രീയം’ എന്ന വിഷയം പ്രൊഫ. ജി. ഗോപകുമാര്‍ അവതരിപ്പിച്ചു. നെഹ്രുവിന്റെ കാലം മുതല്‍ നടന്ന ഭരണഘടനാ ഭേദഗതികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം സംസാരിച്ചു. ‘പൗര സ്വാതന്ത്ര്യം, പൗരധര്‍മ്മം, ഭരണഘടന’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ റീജിയണല്‍ ഡയറക്ടര്‍ ഡോ.എം.രാജേഷ് മൗലികാവകാശങ്ങള്‍ മാത്രമല്ല മൗലികമായ ധര്‍മ്മങ്ങളും പൗരന്മാര്‍ക്ക് അനുഷ്ഠിക്കാനുണ്ട് എന്ന് പറഞ്ഞു. ഭാരതം സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതക്രമം പാലിക്കാന്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രമാണ്. ആ വ്യവസ്ഥിതിയില്‍ പൗരധര്‍മ്മം ശരിയായി ആചരിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ല ലോകക്രമത്തിന്റെ സുസ്ഥിരമായ പരിപാലനത്തിന് അത്യാവശ്യമായ ഘടകം കൂടിയാണ്.
സാംസ്‌കാരിക പരിപാടികള്‍
ഒന്നാം ദിവസം വൈകിട്ട് നടന്ന സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കൂര്യനാണ് നിര്‍വ്വഹിച്ചത്. ‘ഓരോ കുടുംബത്തിന്റെയും സര്‍വ്വതോമുഖമായ വികസനത്തിലൂടെ സാധ്യമാകുന്ന വികസിതഭാരതമാണ് സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തെ സംബന്ധിച്ച വലിയ വികസനപദ്ധതിയാണ് അദ്ദേഹത്തിനുള്ളത്. സാധാരണ കുടുംബങ്ങളെ ചേര്‍ത്ത് പിടിച്ച് എല്ലാവരേയും ഒരുപോലെ പുഷ്ടിപ്പെടുത്താനുള്ള വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. തുടര്‍ന്ന് ഏനാവൂര്‍ കളരി സംഘത്തിന്റെ കളരിപ്പയറ്റ് അവതരണം അഫ്‌സല്‍ സഹീര്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ നടന്നു. പിന്നീട് ചന്ദ്രയാന്‍ വിജയത്തെ ആസ്പദമാക്കി ഗായത്രി മധുസൂദനന്‍ ചിട്ടപ്പെടുത്തിയ മോഹിനിയാട്ട ആവിഷ്‌ക്കാരം അവതരിപ്പിക്കപ്പെട്ടു. കേരളത്തിന്റെ പാരമ്പര്യ ആയോധനകലയുടെയും ലാസ്യനൃത്താവിഷ്‌ക്കാരത്തിന്റെയും സൗന്ദര്യാനുഭൂതി കാണികളില്‍ നിറച്ച കലാസായാഹ്നമായി അത് അടയാളപ്പെടുത്തപ്പെട്ടു.
സ്വാമി വിവേകാനന്ദ ജയന്തി
ദേശീയ യുവജന ദിനമായി ആചരിക്കുന്ന ജനുവരി 12 സ്വാമി വിവേകാനന്ദജയന്തി ദിവസമാണ്. അന്ന് തിരൂര്‍ ടൗണ്‍ഹാളിന് മുന്നില്‍ ഉയര്‍ത്തിയ വിവേകാനന്ദ സ്വാമികളുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് സമ്മേളനത്തിന്റെ സമാപനദിനമാരംഭിച്ചത്.
ആലുവാ സര്‍വ്വമതസമ്മേളന ശതാബ്ദി
ലോകത്ത് ആദ്യമായി നടന്ന സര്‍വ്വമതസമ്മേളനം 1893ല്‍ ചിക്കാഗോയിലാണ് സംഘടിപ്പിക്കപ്പെട്ടത്. പിന്നീട് രണ്ടാമത് നടന്ന സര്‍വ്വമതസമ്മേളനം ശ്രീ നാരായണഗുരുവിന്റെ നേതൃത്വത്തില്‍ ആലുവാ അദ്വൈതാശ്രമത്തില്‍ 1924ല്‍ വിളിച്ചുചേര്‍ത്ത സര്‍വ്വമതസമ്മേളനമായിരുന്നു. അതിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ച് വിചാരകേന്ദ്രത്തിന്റെ വാര്‍ഷിക സമ്മേളനം വിശദമായി ചര്‍ച്ചചെയ്തു. കാലടി സംസ്‌കൃതസര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചുകൊണ്ട്, ശ്രീനാരായണഗുരു നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ ഇന്നത്തെ പ്രസക്തി, സനാതനധര്‍മ്മത്തിന്റെ പ്രസക്തി തന്നെയാണെന്ന് പറഞ്ഞു. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് സനാതനധര്‍മ്മത്തിനുണ്ട്. എന്നാല്‍ ഒരു വൈവിധ്യത്തേയും ഉള്‍ക്കൊള്ളാനുള്ള ശേഷി കമ്മ്യൂണിസത്തിനില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വൈര്യം മറ്റൊരു പാര്‍ട്ടിക്കുമില്ല. മാനവികത കമ്മ്യൂണിസത്തിന് സ്വപ്‌നം കാണാന്‍ കഴിയില്ല. മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മലയാളികളോട് സംവദിക്കുകയും അവര്‍ക്ക് സനാതനധര്‍മ്മത്തെകുറിച്ച് ബോധ്യമുണ്ടാക്കിക്കൊടുക്കുകയും ചെയ്ത ഋഷിവര്യനാണ് ശ്രീനാരായണഗുരുവെന്നും കെ.എസ്. രാധാകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു.
വഖഫ് രാഷ്ട്രീയവും ഭാരതത്തിന്റെ പരമാധികാരവും
കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ വഖഫ് നിയമങ്ങള്‍ ഇപ്പോള്‍ രാജ്യത്തിന്റെ പൗരന്മാര്‍ക്കും വിനയായിത്തീരുന്നവിധം രാക്ഷസീയമായി മാറിയിരിക്കുന്നു. വിചാരകേന്ദ്രത്തിന്റെ വാര്‍ഷികസമ്മേളനം ‘വഖഫ് രാഷ്ട്രീയവും ഭാരതത്തിന്റെ പരമാധികാരവും’ എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. മുന്‍ എം.പിയും ദല്‍ഹി സര്‍വ്വകലാശാലയില്‍ പ്രൊഫസറുമായിരുന്ന ഡോ. രാകേഷ് സിന്‍ഹ വഖഫ് നിയമം രാഷ്ട്രവിഭജനത്തിന് കാരണമാകുമെന്ന് വിഷയമവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് വഖഫ് നിയമം. അത് ഇല്ലാതാവുകയാണ് വേണ്ടത്. വഖഫ് നിയമ ഭേദഗതി പോലും വാസ്തവത്തില്‍ അപകടകരമായ ഒരു പഴയ ചിന്തയ്ക്കും തീരുമാനത്തിനും വീണ്ടും നിയമസാധുത നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സ്വത്തുക്കള്‍ക്കുമായി രാജ്യത്ത് 1954ല്‍ കൊണ്ടുവന്ന പൊതുവായ നിയമം വഖഫില്‍ ബാധകമല്ലാതാക്കിയത് ആരാണ്, എന്തിനാണ് എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുജനതനേരിടുന്ന ആഗോള വെല്ലുവിളികള്‍
ലോകമെമ്പാടുമുള്ള ഹിന്ദുജനത, ബംഗ്ലാദേശിലുള്‍പ്പെടെ നേരിടുന്ന ആശയപരവും അസ്തിത്വപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഒരു ആഗോളസാഹചര്യത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. ഈ വസ്തുതയെ വിശകലനം ചെയ്തുകൊണ്ട് സംസാരിച്ചത് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകവിദ്യാര്‍ത്ഥിയായ വിഷ്ണു അരവിന്ദ് ആയിരുന്നു. ‘ഡിസ്മാന്റലിജ് ഗ്ലോബല്‍ ഹിന്ദുത്വ’ എന്നത് ഒരു ആഗോള അക്കാദമിക് പദ്ധതിയായി രൂപപ്പെട്ടിട്ട് കുറച്ചുകാലമായി. ഭാരതത്തെകുറിച്ചുള്ള പഠനങ്ങളെല്ലാം ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളായി മാത്രം ഒതുക്കിനിര്‍ത്താന്‍ ഇവര്‍ പരിശ്രമിക്കുന്നുണ്ട്. പാകിസ്ഥാനിലേയും ബംഗ്ലാദേശിലെയും ഹിന്ദു ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ഷംതോറും അമ്പരപ്പിക്കുന്നവിധം കുറയുകയും ഭാരതത്തിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ അമ്പരപ്പിക്കുന്നവിധം വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്ന വസ്തുത പരിഗണിക്കപ്പെടാതെ പോകുന്നു. ഡോ.കെ. രാജീചന്ദ്ര ഭാരത സംസ്‌കാരത്തിന്റെ അനുകരണീയരായ മാതൃകകളെകുറിച്ചു സംസാരിച്ചു.
വാര്‍ഷികസമ്മേളനത്തില്‍ ഭാരതീയവിചാരകേന്ദ്ര സംസ്ഥാന പ്രതിനിധിസഭ രണ്ട് പ്രമേയങ്ങള്‍ അംഗീകരിച്ചു. സനാതനധര്‍മ്മത്തിനും ശ്രീനാരായണഗുരുവിനും എതിരായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തില്‍ വമ്പിച്ച പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിനിധി സഭ ഈ വിഷയം ചര്‍ച്ചചെയ്യുകയും ശ്രീനാരായണഗുരു സനാതന ധര്‍മ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ലെന്നും സനാതനധര്‍മ്മം ചാതുര്‍വര്‍ണ്ണ്യവും ജാതി വ്യവസ്ഥിതിയും ആണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണെന്നും പ്രമേയം അംഗീകരിച്ചു. ഉത്തരവാദിത്തമുള്ള അധികാരസ്ഥാനത്ത് ഇരിക്കുന്നവര്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പിന്തുടരുന്ന പാരമ്പര്യത്തെ പരസ്യമായി അധിക്ഷേപിക്കുന്നതും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആവര്‍ത്തിക്കുന്നതും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും ജനങ്ങളോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
മറ്റൊരു പ്രമേയത്തില്‍ സംവരണം മതാടിസ്ഥാനത്തില്‍ നിശ്ചയിക്കരുതെന്നും ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥിതി മൂലം അവശതയനുഭവിക്കുന്നവര്‍ക്കുവേണ്ടിയാണ് ഭരണഘടനയില്‍ സംവരണം ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
പ്രതിനിധി സഭാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, പത്തു വര്‍ഷമായി ഭാരതത്തിലുണ്ടായ ഭാവാത്മകമായ പരിവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തിയെന്ന് അഭിപ്രായപ്പെട്ടു. ഭാരതീയപാരമ്പര്യത്തെ തുറന്ന് അക്രമിക്കുന്ന സമീപനം അധികാരത്തിലുള്ളവര്‍ ബോധപൂര്‍വ്വം നടത്തുന്നത് അവരുടെ പ്രസക്തി നഷ്ടപ്പെടുന്നു എന്ന് അവര്‍ തിരിച്ചറിയുന്നതുകൊണ്ടുള്ള കടുത്ത നിരാശമൂലമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതം നിലനില്‍ക്കുന്നത് സനാതധര്‍മ്മാധിഷ്ഠിതവും ആശയപരവുമായ അടിത്തറയിലാണ്. ഇത് വിജയത്തിന്റെ മാര്‍ഗ്ഗമാണ്. കൂടുതല്‍ ഉത്തരവാദിത്തത്തോടെ രാഷ്ട്രവിരുദ്ധവെല്ലുവിളികള്‍ നേരിട്ട് നാം മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.