”അക്ഷരാര്‍ത്ഥത്തില്‍ രക്തപ്പുഴകള്‍ നീന്തിക്കടന്നാണ് ബംഗ്ലാദേശ് പിറവികൊണ്ടത്. പശ്ചിമ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പൂര്‍വ്വ പാകിസ്ഥാന്റെ (ബംഗ്ലാദേശ്) അഭിലാഷം അതിന്റെ പാരമ്യതയില്‍ എത്തിയത് 1971ല്‍ ആയിരുന്നു. പാക് ഭരണകൂടവും സൈന്യവും ബംഗ്ലാദേശ് എന്ന് അറിയപ്പെടുന്ന പൂര്‍വ്വ പാകിസ്ഥാനെ തോക്ക് കൊണ്ടാണ് നേരിട്ടത്.” പ്രശസ്ത എഴുത്തുകാരന്‍ ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയ ‘ഷഹബാഗ് വസന്തത്തിന്റെ അകപ്പൊരുള്‍’ എന്ന ലേഖനം തുടങ്ങുന്നതിങ്ങനെയാണ്. ഇവിടെ സ്വാതന്ത്ര്യസമരത്തിന്റെ രണാങ്കണത്തില്‍ പൊരുതുന്നത് രണ്ട് മുസ്‌ലിം പ്രവിശ്യകളാണ്. വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്ന ജനവിഭാഗങ്ങള്‍. ഭാഷയിലും സംസ്‌കാരത്തിലും വ്യത്യാസമുണ്ട്. വിമോചന പോരാളികളെ (ബംഗ്ലാദേശികളെ) കൂട്ടത്തോടെ കൊന്നൊടുക്കാന്‍ പാകിസ്ഥാന്‍ സൈന്യത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല.
പാക് സൈന്യത്തിന് ധാര്‍മ്മികവും, ആദ്ധ്യാത്മികവുമായ പിന്തുണ ജമാഅത്ത് ഇസ്‌ലാമി കൊടുത്തു. 40 ലക്ഷം ബംഗാളികളെ പാക് പട്ടാളം കൊന്നൊടുക്കിയെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പാക് സൈന്യത്തോടൊപ്പം ചേര്‍ന്ന് പതിനായിരക്കണക്കിന് ബംഗ്ലാദേശുകാരെ കൊന്നുതള്ളിയ കുറ്റവാളികളില്‍ ചില മതസംഘടനക്കാരും ഉണ്ടായിരുന്നു. ബംഗ്ലാദേശില്‍ നടക്കുന്ന സ്വാതന്ത്ര്യസമരപോരാട്ടത്തെ എതിര്‍ത്തത് അവിടെയുള്ള ജമാഅത്ത് ഇസ്‌ലാമിയുടെ വക്താക്കള്‍ ആയിരുന്നു. 1972ല്‍ മുജീബുറഹ്മാന്‍ തീവ്രമത സംഘടനാ നേതാക്കള്‍ക്കെതിരെ കര്‍ശനനിലപാട് സ്വീകരിച്ചിരുന്നു. പക്ഷേ 1975ല്‍ മുജീബ് റഹ്മാന്‍ വധിക്കപ്പെട്ടു. പകരം സിയാവുല്‍ റഹ്മാന്‍ അധികാരം പിടിച്ചെടുത്തു. പിന്നീട് 2010ല്‍ മുജീബ് റഹ്മാന്റെ മകള്‍ ഷെയിക് ഹസീനയാണ് തീവ്രമതസംഘടകള്‍ക്കെതിരെ രംഗത്ത് വന്നത്. 1973ല്‍ മുജീബ് റഹ്മാന്‍ ഭരണകൂടം രൂപം നല്‍കിയ ‘ഇന്റര്‍നാഷനല്‍ ക്രൈം ട്രെബ്യൂണലില്‍’ ഒരുപാട് വിശ്വാസം അര്‍പ്പിച്ച സ്വതന്ത്ര ബുദ്ധിജീവികള്‍ ബംഗ്ലാദേശില്‍ ഉണ്ടായിരുന്നു.
ജമാഅത്ത് ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ‘ഇസ്‌ലാമി ഛത്രസംഘ’ (ഇപ്പോള്‍ ഇസ്‌ലാമി ചത്രബീര്‍) തീര്‍ത്തും വര്‍ഗ്ഗീയ രാക്ഷസന്മാരുടെയും കോമാളികളുടെയും സംഘടനയായിരുന്നു. ഇതിന്റെ അറിയപ്പെടുന്ന നേതാവായിരുന്ന അബ്ദുല്‍ കലാമിന് വധശിക്ഷ നല്‍കിയത് 1973ല്‍ ആയിരുന്നു. ഇതേ ഭീകര സംഘടനയുടെ മറ്റൊരു നേതാവായിരുന്ന അബ്ദുല്‍ ഖാദര്‍ മൊല്ലയ്ക്കും വധശിക്ഷ നല്‍കി. ജമാഅത്ത് ഇസ്‌ലാമിയെ അവിടെ നിരോധിക്കണം എന്ന ആവശ്യം 1971 ല്‍ തന്നെ ഉയര്‍ന്നു വന്നിരുന്നു. 1973 മെയ് മാസത്തില്‍ ധാക്കയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. മതവ്യത്യാസമോ ലിംഗവ്യത്യാസമോ കൂടാതെ ബംഗ്ലാദേശില്‍ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തനം നടത്തണമെന്ന് ഈ വലിയ കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ സമ്മേളനം ആരംഭിച്ചത് ഗീതയും ഖുര്‍ആനും ബൈബിളും കൈകളില്‍ പിടിച്ചുകൊണ്ടാണ്. വിശ്വമഹാകവി ടാഗൂര്‍ രചിച്ച ‘അമര്‍സോനാര്‍ ബംഗ്ല’ എന്ന ദേശീയഗാനവും ഈ മഹാസമ്മേളനത്തില്‍ ആലപിച്ചു. മതം വ്യക്തികളുടെ സ്വകാര്യസ്വത്താണ് എന്നും ബഹുസ്വര രാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രഖ്യാപിക്കുന്ന അനേകം കൂട്ടായ്മകള്‍ ബംഗ്ലാദേശില്‍ ഈ കാലയളവില്‍ രൂപപ്പെട്ടു. ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ ജമാഅത്ത് ഇസ്‌ലാമിയുടെ മതഭരണവാദത്തെ എതിര്‍ക്കുന്ന ജനാധിപത്യവാദികള്‍ ധാരാളം ഉയര്‍ന്നുവന്നു. ബംഗ്ലാദേശിന്റെ ഗ്രാമങ്ങളില്‍ പോലും ബഹുസ്വരതയുടെ സന്ദേശം അലയടിച്ചു. ഇതിനെ ഭീകര രൂപത്തിലും ഹിംസയുടെ മാര്‍ഗ്ഗത്തിലൂടെയാണ് ജമാഅത്ത് ഇസ്‌ലാമിയുടെ പട്ടാളസജ്ജമായ വിഭാഗങ്ങള്‍ നേരിട്ടത്. ഇന്ന് ബംഗ്ലാദേശില്‍ നടക്കുന്നത് രണ്ട് ചിന്താധാരകള്‍ തമ്മിലുള്ള മത്സരമാണ്. ഇതില്‍ മുജീബ് റഹ്മാന്റെ മകള്‍ ഹസീന സെക്കുലറിസത്തിന്റെ വക്താവാണ്. ലിബറല്‍ പക്ഷത്തെ എതിര്‍ത്ത് തോല്‍പ്പിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളുമാണ്. ഭീകര സംഘടനകള്‍ ശരീഅത്തും ഇസ്‌ലാമിക കോടതിയും ഉയര്‍ത്തിപ്പിടിക്കുന്നു. ജമാഅത്ത് ഇസ്‌ലാമിയുടെ സ്ഥാപകന്‍ മൗദൂദി പാകിസ്ഥാനിലായിരുന്നു.
ഈജിപ്റ്റ് ഒരു സ്വതന്ത്ര സെക്കുലറിസ്റ്റ് രാജ്യമാണ്. അവിടെയും വര്‍ഗ്ഗീയതയുടെ കൊടി നാട്ടാന്‍ ശ്രമിച്ച സയ്യിദ് ഖുത്ബും കിഴക്കന്‍ ജറുസെലേമില്‍ പ്രവര്‍ത്തിച്ച താഖിയുദ്ധീനും ‘ഖിലാഫത്തിന്റെ പുനഃസ്ഥാപനം’ എന്ന ഭീകരാശയത്തിന്റെ വക്താക്കളാണ്. മൗദൂദിയുടെ ഏക മത, ഏക സംസ്‌കാരവാദമാണ് ഇന്ന് ബംഗ്ലാദേശില്‍ ജമാഅത്ത് ഇസ്‌ലാമി വിഭാഗം ഉന്നയിക്കുന്നത്. അവര്‍ ഇസ്‌ലാമിന്റെ ഭരണവ്യവസ്ഥയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എന്ന് അടിവരയിടുന്നു.
ഇസ്‌ലാമിന്റെ വഴി
ഇസ്‌ലാമിന്റെ നീതിശാസ്ത്രവും ഭരണവ്യവസ്ഥയും സമഗ്രാധിപത്യം അടിവരയിടുന്നു. പക്ഷേ ഇസ്‌ലാം മറ്റ് മതവിഭാഗത്തില്‍പ്പെട്ട പൗരന്മാര്‍ക്ക് ഇസ്‌ലാമിക രാജ്യത്ത് ഇസ്‌ലാമിക പൗരന്മാര്‍ക്ക് നല്‍കുന്ന അതേസ്വാതന്ത്ര്യം നല്‍കുന്നു. മറ്റ് മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ട്, മതപരിവര്‍ത്തനം നിര്‍ബന്ധമില്ല. രാജ്യം വിട്ട് പോകേണ്ടവര്‍ക്ക് പോകാം. ഭരണത്തിന്റെ തലപ്പത്ത് വരാന്‍ മറ്റ് മതവിഭാഗങ്ങള്‍ക്ക് അധികാരമില്ല. ജസിയ കൊടുക്കാന്‍ മറ്റ് മതവിഭാഗക്കാര്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു.
സമദാനിയുടെ പൊട്ടത്തരം
അബ്ദു സമദ് സമദാനി എനിക്ക് 1982 തൊട്ട് പരിചയമുള്ള വ്യക്തിയാണ്. അദ്ദേഹം സദസ്സിലുള്ളവര്‍ ശുദ്ധ മണ്ടന്മാരാണ് എന്ന മുന്‍വിധിയോട് കൂടിയാണ് പ്രഭാഷണം നടത്തുന്നത്. വായില്‍ ഗുളികനുള്ള വ്യക്തിയാണ് സമദാനി. ഇസ്‌ലാമിലെ വിശാലമായ മാനുഷികത അത്ഭുതം തന്നെ എന്ന് സമര്‍ത്ഥിക്കാന്‍ അദ്ദേഹം മുഗള്‍ ഭരണകൂടത്തെ ഉദാഹരണത്തിനെടുക്കുന്നു. സുല്‍ത്താന്മാരും, മുഗള്‍ രാജാക്കളും, തികഞ്ഞ സെക്കുലര്‍ സ്വഭാവമുള്ളവരായിരുന്നു. അറംഗസീബ് ലളിത ജീവിതം നടത്തിയെന്ന കാര്യം മാറ്റിനിര്‍ത്തിയാല്‍ തികഞ്ഞ മതതീവ്രവാദിയായിരുന്നു, പക്ഷേ മുഗള്‍ രാജാക്കന്മാരില്‍ അക്ബര്‍ ഇന്ത്യാ മഹാരാജ്യത്തെ മികച്ച സെക്കുലര്‍ ഭരണാധികാരിയായിരുന്നു. സ്ത്രീകളും ലഹരിയും സംഗീതവും വേണ്ടുവോളം ആസ്വദിച്ച് ഭരണം നടത്തിയ ഷാജഹാനും, മറ്റും, രജപുത്രസ്ത്രീകളെ കല്യാണം കഴിച്ചു. ഹിന്ദുവിശ്വാസപ്രമാണങ്ങളെ അംഗീകരിച്ചു. ഖുര്‍ആന്‍ മറിച്ചുനോക്കി സെക്ടേറിയന്‍ ഭരണരീതി പിന്തുടര്‍ന്നില്ല എന്നതാണ് അക്ബറുടേയും മറ്റും പ്രസക്തി. മതങ്ങളെ വെറുത്ത അക്ബര്‍ സ്വന്തമായി മതമുണ്ടാക്കിയത് ചരിത്രത്തിന്റെ ഭാഗമാണ്. തുര്‍ക്കിയിലെ കമാല്‍പാഷയും ചേരിചേരാസംഘത്തിന്റെ തലവന്‍ ഈജിപ്റ്റിലെ നാസറും മതരഹിതലോകം സ്വപ്‌നം കണ്ടവരായിരുന്നു. ഇസ്‌ലാമിക ഭരണരീതിയാണിപ്പോള്‍ താലിബാന്‍ പിന്തുടരുന്നത്. ഇസ്‌ലാമിക ലോകത്ത് ആദ്യമായി ശാസ്ത്രത്തിന് നൊബേല്‍ സമ്മാനം കിട്ടിയ ഡോക്ടര്‍ അബ്ദുല്‍ സലാം അഹമ്മദിയാ വിശ്വാസിയാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് പാകിസ്ഥാനില്‍ അദ്ദേഹത്തെ മറവ് ചെയ്ത സ്ഥലം വികൃതമാക്കിയിരുന്നു.
ഇന്നത്തെ ബംഗ്ലാദേശ്
ഇന്നത്തെ ബംഗ്ലാദേശ് കത്തിയെരിയുന്നതിന് കാരണം ഇസ്‌ലാമിക ഫണ്ടമെന്റലിസമാണ്. വര്‍ഷങ്ങളായി ബംഗ്ലാദേശിലെ ഇസ്‌ലാമിക് ഫണ്ടമെന്റലിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബംഗ്ലാദേശിനെ ഒരു മുസ്‌ലിം രാജ്യമാക്കിമാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. മുജീബ്‌റഹ്മാന്റേയും കുടുംബത്തിന്റേയും ദാരുണമായ മരണം നടന്നിട്ട് ദശകങ്ങള്‍ കഴിഞ്ഞു. പക്ഷേ ഹസീന ഈ ഭീകരമായ കുറ്റം നടത്തിയ ജമാഅത്ത് ഇസ്‌ലാമി നേതാക്കളില്‍ പലര്‍ക്കും കോടതിയില്‍ നിന്ന് യുദ്ധം ചെയ്ത് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരുന്നു. ഇന്ത്യയുമായി സൗഹൃദം പങ്കിടാനാണ് ഹസീനയും ബീഗം ഖാലിദാസിയയും ശ്രമിച്ചത്. പക്ഷേ ചൈനയുടെ ഇടപെടലും ബംഗ്ലാദേശിനെ ഇന്ത്യയ്ക്ക് എതിരെ തിരിച്ചുവിട്ടു. സെക്കുലര്‍ എന്ന പദം ഭരണഘടനയില്‍ നിന്ന് നീക്കണം എന്നാണ് ഇന്നത്തെ റിബല്‍ നേതാക്കള്‍ ആവശ്യപ്പെടുന്നത്. പൂര്‍ണ്ണമായും താലിബാനിസ്റ്റ് രീതിയിലേക്ക് ബംഗ്ലാദേശിനെ മാറ്റാന്‍ ശ്രമിക്കുന്ന തീവ്ര ഇസ്‌ലാമിക വിഭാഗത്തിന്റെ വിജയവും ചൈനീസ് ഭരണകൂടത്തിന്റെ വ്യാളീമുഖവും ഇന്നത്തെ ബംഗ്ലാദേശിനെ ഒരു കലാപ ഭൂമിയാക്കി മാറ്റി.
പാകിസ്ഥാനിലെ ഷിയാ ബോംബ്
ഏഷ്യാ വന്‍കരയില്‍ ഏറ്റവും കൂടുതല്‍ ഷിയാ വിഭാഗക്കാരുള്ള രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്ഥാന്‍. ഞാന്‍ മിഡിലീസ്റ്റില്‍ അദ്ധ്യാപകനായി ജോലിചെയ്യുമ്പോള്‍ പാകിസ്ഥാനില്‍ നിന്നുളള പത്രപ്രവര്‍ത്തകരെ കണ്ടിരുന്നു. ദുബൈ ‘ഖലീജ് ടൈംസിലും’ (Khaleej Times) ഗള്‍ഫ് ന്യൂസിലും (The Gulf News) ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകരില്‍ ചിലര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു. അവരില്‍ ചിലര്‍ പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഷിയാ വിഭാഗവും ഹിന്ദു വിഭാഗവും അഹമ്മദിയാ വിഭാഗവും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പാകിസ്ഥാനില്‍ ഒരേ ഖുര്‍ആന്‍ വായിക്കുന്ന 20 ശതമാനം വരുന്ന ഷിയാ വിഭാഗവും ബഹുഭൂരിപക്ഷമായ സുന്നിവിഭാഗവും പരസ്പരം അരിഞ്ഞ് തള്ളുകയാണ്. ഓരോ വര്‍ഷവും പള്ളികള്‍ തകര്‍ക്കപ്പെടുന്നു. ഷിയാവിഭാഗം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സുന്നി വിഭാഗം ബോംബ് വര്‍ഷം നടത്തുന്നത് സര്‍വ്വസാധാരണമാണ്. ഷിയാവിഭാഗത്തെ ഒരു വിഭാഗം സുന്നി പണ്ഡിതന്മാര്‍ ‘കാഫിര്‍’ എന്ന് പ്രഖ്യാപിച്ചു. ഹിന്ദു വിഭാഗത്തെ അകറ്റിനിര്‍ത്തുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നു. അഹമ്മദിയ്യാ കാതിയാനികളെ കൊന്നുകളയണം എന്ന ഫത്വ കൊടുത്ത പണ്ഡിതന്മാരും പാകിസ്ഥാനിലുണ്ട്.
പാകിസ്ഥാനി സുന്നിവിഭാഗം മൂന്നായി മാറി
പാകിസ്ഥാനിലെ ഭൂരിപക്ഷ സമുദായത്തിലെ പുരോഗമനവാദികളായ സുന്നികളെ സുന്നി തീവ്രവിഭാഗം കൊന്നൊടുക്കുന്നു. പഞ്ചാബ് പ്രവിശ്യയുടെ ഗവര്‍ണര്‍ ആയിരുന്ന സല്‍മാന്‍ തസീറിന്റെ അനുഭവം ദുരന്തപൂര്‍ണ്ണമായിരുന്നു. രാജ്യത്ത് നിലവിലുള്ള മത നിന്ദാകുറ്റം ശരിക്കും പഠിച്ച് വിധി എഴുതണമെന്നും, ധാരാളം ഹിന്ദുവിഭാഗത്തില്‍ പെട്ടവര്‍ മതനിന്ദ നടത്താതെ കൊല്ലപ്പെട്ടു എന്നും വാദിച്ച തസീറിന്റെ നെഞ്ചില്‍ സുന്നി തീവ്രവിഭാഗക്കാര്‍ നിറയൊഴിച്ചു. മലാല യൂസുഫ് എന്ന പെണ്‍കുട്ടിയുടെ അനുഭവം എല്ലാവര്‍ക്കുമറിയാം. 1947ല്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം മുഹമ്മദലി ജിന്ന ഉറപ്പു നല്‍കിയിരുന്നു. മുസ്‌ലിം രാജ്യത്തിനുവേണ്ടി വാദിച്ച ജിന്ന കുറഞ്ഞപക്ഷം മുസ്‌ലിം വിഭാഗങ്ങള്‍ എങ്കിലും സുരക്ഷിതര്‍ എന്ന് കരുതിയിട്ടുണ്ടാകും. ബംഗ്ലാദേശിലും പാകിസ്ഥാനിലും ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും കൊല്ലപ്പെടുന്നു.