തത്ത്വമസിയിലേക്കും ചിത്സ്വരൂപമായ ആത്മാവിലേക്കുമുള്ള മഹത്ത്വമായ ഉണര്‍ച്ചയിലേക്കുള്ള യാത്രയാണ് ശബരിമല തീര്‍ത്ഥാടനം. അയ്യപ്പസ്വാമിയും ഭക്തനും ഒന്നാണെന്നുള്ള സാരമാണ് ഭഗവല്‍ ദര്‍ശനത്തിന്റെ സത്ത്. നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതമെടുത്ത് അയ്യപ്പ സ്വാമിയില്‍ മനസ്സര്‍പ്പിച്ച് ദേശ ദേശാന്തരങ്ങളില്‍ നിന്നുമെത്തുന്ന വിവിധ മതങ്ങളില്‍പ്പെട്ടവര്‍, വിവിധ ഭാഷക്കാര്‍, വിവിധ വേഷക്കാര്‍ അവരെല്ലാം എരുമേലി, പമ്പ, ശബരിമല എന്നീ പുണ്യഭൂവില്‍ സംഗമിക്കുന്നതും ഒരേ മനസ്സായി ശരണമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നതും സമഭാവനയുടെ സാക്ഷാത്കാരമാണ്.
വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ ഇടകലര്‍ന്ന, നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഈ നാടിന് വെള്ളിയരഞ്ഞാണം ചാര്‍ത്തിയിരിക്കുകയാണ് പുണ്യനദികളായ പമ്പയും അഴുതയും മണിമലയും.
പുണ്യനദികളും പൂങ്കാവനവും കൈകോര്‍ക്കുന്ന ഹരിതഭൂമിയുടെ ചരിത്രത്തിലേക്ക്
അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ നാഗരിക സംസ്‌കാരം നിലനിന്നിരുന്നതായിട്ടാണ് അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത്. അയ്യപ്പന്‍ അന്തി ഉറങ്ങിയ പുത്തന്‍വീട്ടില്‍ 1990-91 കാലഘട്ടത്തിലാണ് ദേവപ്രശ്‌നം നടത്തിയത്. പലപ്പോഴുണ്ടായ ലഹളകളിലും പ്രളയത്തിനും ഭൂകമ്പത്തിലും ജനവാസം നഷ്ടപ്പെട്ട് കൊടുംകാടായി മാറിയതാണി ഭൂപ്രദേശം. ശൈവ – വൈഷ്ണവ ക്ഷേത്രങ്ങളുടെ സങ്കേതമായിരുന്നു ഇവിടം. അതിനുവേണ്ടുന്ന ധാരാളം തെളിവുകള്‍ അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇവിടെ ഉണ്ടായിരുന്നു.
മങ്ങാട്ട്കാവ് (വലിയമ്പലത്തിന് പടിഞ്ഞാറ്), തിരുമേനികാവ് (ദേവസ്വം ബോര്‍ഡ് ഹൈസ്‌ക്കൂള്‍ മൈതാനിയില്‍ വലിയ കുളത്തിന് പടിഞ്ഞാറ് ഭാഗം), മക്കച്ചേരികാവ് (മഡോണ ഹോസ്പിറ്റല്‍ സ്ഥലം), പെരിശ്ശേരികാവ് (സിനിമാതിയേറ്ററിന് വടക്ക്), നിരവത്ത്കാവ്, പാത്തിക്കകാവ് (എന്‍.എസ്.എസ്. കരയോഗം- കനകപ്പലം റോഡില്‍), തലപ്പാറകാവ് (പേട്ടകൊച്ചമ്പലം – പേരൂര്‍ത്തോട് പരമ്പരാഗത അയ്യപ്പന്‍താരയില്‍), വട്ടുകാവ് (കനകപ്പലം), ഒഴുക്കുചിറകാവ് (കരിമ്പിന്‍തോട് വനത്തില്‍), പൂവന്‍പാറകാവ് (ചെറുവള്ളി എസ്റ്റേറ്റില്‍), തിരുവാമ്പാടികാവ് (മുക്കൂട്ടുതറ പ്രൊപ്പോസ് എസ്റ്റേറ്റില്‍ ശ്രീക്യഷ്ണസ്വാമി ക്ഷേത്ര മൈതാനം), കോയിക്കല്‍ കാവ് (എരുമേലി -കാളകെട്ടി അയ്യപ്പന്‍ താരയില്‍)- ഈ കാവുകളോട് ചേര്‍ന്ന് കൃഷ്ണശിലയില്‍ മെനഞ്ഞെടുത്ത ശിവ-വിഷ്ണു വിഗ്രഹങ്ങളുണ്ടായിരുന്നു. മനുഷ്യവാസം വര്‍ദ്ധിച്ചതോടെ വിഗ്രഹങ്ങളും കാവുകളും അപ്രത്യക്ഷമായി. ഇന്നും തനിമയോടെ നിലനില്‍ക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പാത്തിക്കക്കാവ് മാത്രമാണ്.
പേട്ടകൊച്ചമ്പലത്തിനും വലിയമ്പലത്തിനും ഇടയില്‍ പണ്ട് മണ്‍പാതയോരത്ത് അഞ്ചടി തറ ഉയരത്തിലായിരുന്നു നിരവധി മുറികളുള്ള കെട്ടിടങ്ങളും വസതികളും നിര്‍മ്മിച്ചിരുന്നത്. ഇന്നത്തെ സര്‍വ്വീസ് സഹകരണ ബാങ്കിന് എതിര്‍വശത്തെ കെട്ടിടം അറിയപ്പെട്ടിരുന്നത് തിരുമേനി കെട്ടിടം എന്ന പേരിലായിരുന്നു. ഒന്നരയടി വീതിയും ഒരടി ഘനവും നാലടി നീളവുമുള്ള കരിങ്കല്‍ പാളികളിലായിരുന്നു ഓരോ മുറിയിലേക്കും പ്രവേ ശിക്കുവാനുള്ള പടവുകള്‍ ഒരുക്കിയിരുന്നത്. ക്ഷേത്രപൂജാരിമാരുടെ വാസസ്ഥലമായിരുന്നു ഇവിടം. ഇതിന്റെ പിന്നാമ്പുറത്ത് അമ്പലത്തോട്ടിലേക്ക് ഇറങ്ങുന്നതിനുവേണ്ടി ശിലകള്‍ കീറി രൂപപ്പെടുത്തിയ പടവുകളുണ്ടായിരുന്നു. തിരുമേനിമാര്‍ക്ക് വീട്ടാവശ്യങ്ങള്‍ക്കും പാനം ചെയ്യുന്നതിനും ശുദ്ധജലത്തിന് വേണ്ടി നിര്‍മ്മിച്ച കുളം സ്‌ക്കൂള്‍ മൈതാനിയിലുണ്ടായിരുന്നു. നാല് വശവും കരിങ്കല്‍ പാളികളിലാണ് നിര്‍മ്മാണം. തിരുമേനികുളം എന്ന നാമത്തിലാണ് ഈ കുളം അറിയപ്പെട്ടിരുന്നത്.
എരുമേലി ക്ഷേത്രവും മേപ്പഴയൂര്‍ മനയും
എരുമേലി മുതല്‍ അഴുതയാര്‍ വരെയുള്ള നാലായിരത്തി എണ്ണൂറ് ഏക്കര്‍ ഭൂമി മേപ്പഴയൂര്‍ മന വകയായ എരുമേലി ക്ഷേത്രത്തിന്റെതായിരുന്നു. ക്ഷേത്രം വക ഭൂമിയില്‍ വാരത്തിന് നെല്‍കൃഷി നടത്തിയിരുന്നത് ഹിന്ദു-മുസ്ലിം-ക്രൈസ്തവ ജനതയായിരുന്നു. വാരമായി ലഭിച്ചിരുന്ന നെല്ല് ക്ഷേത്രാവശ്യങ്ങള്‍ക്ക് തികയാതെ വന്നപ്പോള്‍ ക്ഷേത്രകാര്യങ്ങള്‍ക്ക് മുടക്കം വന്നു. ഇതോടെ റാന്നി കര്‍ത്താക്കന്മാരില്‍ നിന്നും ക്ഷേത്രഭരണം മേപ്പഴയൂര്‍ തമ്പ്രാക്കള്‍ മാറ്റി മറ്റക്കാട്ട് കുടുംബക്കാരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് കൃഷിക്കാരില്‍ നിന്നും നേരിട്ട് വാരമെടുക്കാന്‍ കാഞ്ഞിരപ്പള്ളി പ്രവര്‍ത്തിയാരെ ചുമതലപ്പെടുത്തി. ക്ഷേത്രം വക കൂടി കിടപ്പുകാരുടെയും കൈവശക്കാരുടെയും കണക്കെടുത്തു. ആയിരത്തി അഞ്ഞൂറ്റി പന്ത്രണ്ടേക്കര്‍ സ്ഥലം കൃഷിക്കാരുടെ കൈവശമുള്ളതായി പ്രവര്‍ത്തിയാര്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തു. ബാക്കി സ്ഥലം ഭരണകൂടം വനഭൂമിയായി പ്രഖ്യാപിച്ചു. ഈ ഗ്രാമത്തിനെ പുറം ലോകത്തിന് മുന്നില്‍ എത്തിച്ചത് ശബരിമലയുമായി ബന്ധപ്പെട്ട കഥകളാണ്. അതിലേക്ക്…..
പേട്ടതുള്ളല്‍ ചരിത്രം
എരുമേലിയിലെയും, സമീപ പ്രദേശങ്ങളിലെയും ഫലഭൂയിഷ്ഠമായ ഗ്രാമപ്രദേശങ്ങള്‍ കൊള്ളയടിക്കുന്നതിന് ഉദയനെന്ന കാട്ടുകൊള്ളത്തലവന്‍ മറവപ്പടയുമായി എരുമേലി മുതല്‍ കരിമല വരെ കോട്ടകള്‍ കെട്ടി ആധിപത്യമുറപ്പിച്ചിരുന്നു. ഉദയനെ സഹായിക്കുന്നതിന് സഹോദരിയും ദുര്‍മന്ത്രവാദിനിയും ഭീകരരൂപിയുമായ ജീലയുമുണ്ടായിരുന്നു (മഹിഷിയെന്ന് സങ്കല്‍പ്പം). ഇവരുടെ പൈശാചിക പ്രവൃത്തികള്‍ക്ക് ഇരയാകുന്നത് ഗ്രാമത്തിലെ പുരുഷന്‍മാരും. രാത്രി സഞ്ചാരിയായ മഹിഷം ഗ്രാമത്തിലെ പുരുഷന്‍മാരെ തെരഞ്ഞുപിടിച്ച് വകവരുത്തുന്നത് ക്രൂരവിനോദമായിരുന്നു. തന്‍ നിമിത്തം മഹിഷിയില്‍ നിന്നും രക്ഷപ്പെടാന്‍ പുരുഷന്‍മാരെല്ലാം സന്ധ്യയ്ക്ക് മുന്‍പേ മണിമലയാറിനക്കരെ അഭയം പ്രാപിക്കും. രാത്രികാലങ്ങളില്‍ വീടുകളില്‍ സ്ത്രീകള്‍ മാത്രമേ കാണു. പുരുഷന്മാര്‍ നേരം പുലര്‍ന്നതിന് ശേഷമേ മടങ്ങി വരൂ. മണികണ്ഠന്‍ കളരിഗുരുക്കളായ ചീരപ്പന്‍ ചിറരപ്പന്‍ മൂപ്പനും കടുത്തന്മാരും അമ്പലപ്പുഴ-ആലങ്ങാട് പടയാളികളും ചേര്‍ന്ന് മണികണ്ഠന്റെ കല്‍പ്പന പ്രകാരം മറവപ്പടയുമായി പൊരിഞ്ഞ യുദ്ധം നടത്തി.
ഈ സമയം അയ്യപ്പന്‍ ആലംപള്ളിയിലെ തിരുമേനികാവില്‍ മഹിഷത്തിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കറുത്തരാത്രിയില്‍ കാടിളക്കി സംഹാരതാണ്ഡവമാടി വന്ന മഹിഷം മണികണ്ഠ സാമീപ്യമറിഞ്ഞ് കുമാരന്റെ മേല്‍ ചാടിവീണു. മല്‍പിടുത്തവും അസ്ത്രവിദ്യകളും നടന്ന പോരാട്ടത്തിനൊടുവില്‍ മണികണ്ഠന്‍ മഹിഷത്തെ നിഗ്രഹിച്ചു. മഹിഷീനിഗ്രഹ വാര്‍ത്തയുമായിട്ടായിരുന്നു പിറ്റേന്ന് പ്രഭാതം പുലര്‍ന്നത്. ആഹ്‌ളാദചിത്തരായ ഗ്രാമവാസികള്‍ മഹിഷിയുടെ ജഡം നീളമുള്ളകാട്ട് കഴയില്‍ കെട്ടിത്തൂക്കി ഗ്രാമതെരുവില്‍ ആനന്ദനൃത്തമാടി. അഴുകി തുടങ്ങിയ മഹിഷ ജഡത്തില്‍ വലിയ ഈച്ചകള്‍ വട്ടമിട്ട് പൊതിയാന്‍ തുടങ്ങി. ഈച്ചക്കൂട്ടത്തെ പാണല്‍ ചവര്‍ വീശി അകറ്റി. ഇതിന്റെ സ്മരണ പുതുക്കലാണ് പേട്ടതുള്ളല്‍.
അയ്യപ്പനും പുത്തന്‍വീടും
മഹിഷീ നിഗ്രഹം നടന്ന ദിവസം സന്ധ്യാവേളയില്‍ വെളിച്ചം കണ്ട ഒരു വീട്ടില്‍ (പുത്തന്‍വീട്) കഴുത്തില്‍ മണികെട്ടി കൈയ്യില്‍ വാളുമായി സൂര്യതേജസ്സുള്ള ഒരു ബാലന്‍ കടന്നുവന്നു. ഗൃഹത്തില്‍ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭീതിയോടും തെല്ല് അത്ഭുതത്തോടും കൂടി മുത്തശ്ശി ബാലനെക്കുറിച്ചന്വേഷിച്ചു. മറ്റൊന്നും പറയാതെ മണികണ്ഠന്‍ ഇന്നത്തെ രാത്രി തന്നെ ഈ വീടിന്റെ ഉമ്മറത്ത് അന്തിയുറങ്ങാന്‍ അനുവദിക്കണമെന്ന് വല്യമ്മയോട് അപേക്ഷിച്ചു.
മനസ്സലിഞ്ഞ ശിവഭക്തയായ മുത്തശ്ശി ശിവപൂജയ്ക്ക് വച്ചിരുന്ന നിവേദ്യങ്ങള്‍ ബാലന് നല്‍കി. വീട്ടില്‍ പുരുഷന്മാരായി ആരെയും കാണാത്തതുകൊണ്ട് കുമാരന്‍ വല്യമ്മയോട് കാര്യങ്ങള്‍ അന്വേഷിച്ചു. വല്യമ്മ മഹിഷിയുടെ ഉപദ്രവ കഥകള്‍ പറഞ്ഞു. അവര്‍ ബാലനെ നിലവറയ്ക്കുള്ളില്‍ കിടത്തി, വല്യമ്മ പുറത്തും ഉറങ്ങി. നേരം പുലര്‍ന്നപ്പോള്‍ അമ്മൂമ്മ കാണുന്നത് നിലവറ വാതില്‍ തുറന്നുകിടക്കുന്നതാണ്. മഹിഷി രാത്രിയില്‍ നിലവറയ്ക്കുള്ളില്‍ നിന്ന് ബാലനെ പിടിച്ചുകൊണ്ടു പോയി വകവരുത്തിയെന്നോര്‍ത്ത് ഭയന്ന് ദുഖിച്ച മുത്തശ്ശി ഏറെകഴിയും മുന്‍പ് മഹിഷിയുടെ ഉപദ്രവം ഇനി ഉണ്ടാവില്ലെന്നും തിരുമേനികാവിന് സമീപത്തെ കുളത്തില്‍ വെച്ച് താന്‍ അതിനെ നിഗ്രഹിച്ചെന്നും വൈകാതെ മുത്തശ്ശിക്ക് അക്കാര്യം മനസ്സിലാകുമെന്നും പറഞ്ഞ് അയ്യപ്പന്‍ അപ്രത്യക്ഷനായി.
രുധിരക്കുളം
അയ്യപ്പനും മഹിഷവും തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ വാലില്‍ കടന്നുപിടിച്ച അയ്യപ്പനേയുംകൊണ്ട് മഹിഷി കുളത്തിലേക്ക് ചാടി. അവിടെ വെച്ച് മഹിഷത്തെ നിഗ്രഹിച്ചപ്പോള്‍ മഹിഷിയുടെ രക്തം കുളത്തില്‍ കലര്‍ന്നു. രക്തം വീണ കുളം രുധിരക്കുളമെന്ന പേരില്‍ അറിയപ്പെട്ടു.
എരുമേലി എന്ന നാമത്തിനു പിന്നില്‍
എരുമേലിക്ക് ഈ നാമം ലഭിച്ചതിനെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. എരുമയുടെ തലയും ഉടല്‍ മനുഷ്യരൂപത്തിലുമുള്ള വികൃതരൂപിയായ മഹിഷത്തെ ഇവിടെവച്ച് നിഗ്രഹിച്ചതുകൊണ്ട് ഈ സ്ഥലത്തിന് എരുമകൊല്ലി എന്ന നാമം സിദ്ധിച്ചെന്നും പിന്നീടത് ലോപിച്ച് എരുമേലി എന്ന പേര് വന്നതെന്നുമാണ് ചില പണ്ഡിതാഭിപ്രായം. എന്നാല്‍, ഏര്‍മലൈ എന്നായിരുന്നു എരുമേലിയുടെ നാമമെന്ന് പറയുന്ന പണ്ഡിതന്മാരുമുണ്ട്. ഏര്‍ എന്ന പദത്തിന് വെള്ളം എന്ന് അര്‍ത്ഥമുണ്ടെന്നും മലൈ എന്നത് ലോപിച്ച് മെലി എന്നായി മാറിയതാണെന്നും പറയുന്നു. തമിഴിന്റെ സ്വാധീനം ഈ ദേശത്തിനുണ്ടായിരുന്നതായി എര്‍മലൈ എന്ന പദം സൂചിപ്പിക്കുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു.
തമിഴ് സംസ്‌കാരം എരുമേലിയില്‍
പന്തളം രാജ്യം കാഞ്ചിപുരം വരെ വ്യാപിച്ചിരുന്നു. തൊള്ളായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധുര, കുംഭകോണം, വീരപാണ്ടി എന്നിവിടങ്ങളില്‍ നിന്നും ഏതാനും ‘വെള്ളാളര്‍’ കുടുംബങ്ങള്‍ എരുമേലി, കാഞ്ഞിരപ്പള്ളി, പെരുനാട് എന്നിവിടങ്ങളില്‍ കുടിയേറി അതില്‍ എരുമേലിയില്‍ വാസമുറപ്പിച്ച കുടുംബമാണ് പെറുശേരിപിള്ളമാരുടേത്. ഇവരുടെ ഒരു കുടുംബം പെരുനാട്ടിലാണ്. എരുമേലിയിലെ വെള്ളാളകുടുംബം അറിയപ്പെടുന്നത് ‘പുത്തന്‍വീട്ടുകാര്‍’ എന്ന പേരിലാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വീരപാണ്ടി, തേനി, കമ്പം, മധുര തുടങ്ങിയ ദേശങ്ങളില്‍ നിന്നും ചരക്കുകള്‍ കഴുത, കാള തുടങ്ങിയ മാടുകളുടെ പുറത്ത് കയറ്റിയാണ് എരുമേലി ഗ്രാമത്തിലെ മലഞ്ചരക്ക് വിപണനകേന്ദ്രമായ ചേനപ്പാടിയില്‍ എത്തിച്ചിരുന്നത്. കസവ് കവണി, പട്ട് വസ്ത്രങ്ങള്‍, പവിഴങ്ങള്‍, രത്‌നങ്ങള്‍ എന്നിവയായിരുന്നു പ്രധാന വിപണനം. പകരം സുഗന്ധ വിളകളായ ഏലം, കുരുമുളക്, ചുക്ക് എന്നിവയും നാളികേരവും, അടയ്ക്കയും വാങ്ങി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.
വെള്ളാള ചെട്ടികളായിരുന്നു പരമ്പരാഗത വ്യാപാരികള്‍, വെള്ളാളരിലൂടെ എരുമേലിക്ക് തമിഴ് സംസ്‌കാരം പണ്ട് മുതലേ ഉണ്ടായിരുന്നു.
എരുമേലി പേട്ടതുള്ളല്‍ വിശേഷങ്ങള്‍
അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് പേട്ടതുള്ളല്‍. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ ലിംഗഭേദമില്ലാതെ പണ്ഡിതനെന്നോ, പാമരനെന്നോ, കുബേരനെന്നോ, കുചേലനെന്നോ ഭാവവ്യത്യാസമില്ലാതെ അയ്യപ്പന്മാര്‍ ഒത്തുചേര്‍ന്നാണ് പുണ്യഭൂമിയായ എരുമേലിയുടെ വിശുദ്ധഭൂമിയില്‍ പേട്ടതുള്ളല്‍ നടത്തുന്നത്.
മലയാളമാസം വ്യശ്ചികം ഒന്നാം തീയതി (ഇംഗ്ലീഷ് മാസം നവംബര്‍ 15 നോ 16 നോ ചില വര്‍ഷങ്ങളില്‍ വ്യശ്ചികം ഒന്ന് എന്ന മലയാള തീയതിയില്‍ തന്നെ ശബരിമല തീര്‍ത്ഥാടനാരംഭം).
പുലര്‍ച്ചെ അയ്യപ്പഭക്തന്‍മാര്‍ കുളിച്ച് ശരീര ശുദ്ധി വരുത്തി കറുപ്പും കാവിയും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കഴു ത്തില്‍ തുളസിമാല അണിയും. അന്നുമുതല്‍ ശബരിമലയ്ക്ക് പോയി സ്വഭവനത്തില്‍ തിരിച്ചെത്തുന്നത് വരെ സ്ത്രീ സംസര്‍ഗ്ഗവും മദ്യപാനവും പുകവലിയും മത്സ്യമാംസാദികളും ഉപേക്ഷിച്ച് നാല്‍പത്തിയൊന്ന് ദിവസത്തെ കഠിനവ്രതം എടുത്ത് ഇന്ദ്രിയങ്ങളെ അടക്കി നിര്‍ത്താനുള്ള ശക്തി ആര്‍ജ്ജിക്കുന്നു.
സ്വഭവനത്തില്‍ നിന്നും ശബരിമലക്ക് പുറപ്പെടുംവരെ മുറ്റത്ത് മുല്ലപ്പന്തലൊരുക്കി വൈകുന്നേരങ്ങളില്‍ അയ്യപ്പ പൂജയും ഭജനപ്പാട്ടുകളും ഭക്തി സാന്ദ്രമാക്കും. അയലത്തുകാരായ മറ്റ് മതസ്ഥരും ഈ ഭജനയില്‍ പങ്കെടുക്കും.
ഇങ്ങനെ നാല്‍പത്തിയൊന്നു ദിവസങ്ങള്‍ ഭജന നടത്തി നാല്‍പ്പത്തൊന്നാം നാള്‍ ശബരിമലയാത്രക്ക് വേണ്ടിയുള്ള സാധനങ്ങള്‍ ഇരുമുടിക്കെട്ടിലാക്കുന്നു. പിന്നീട് കുടുംബത്തിലെയും അയല്‍പക്കത്തെയും പ്രായമുള്ളവര്‍ക്ക് ദക്ഷിണ നല്‍കി നമസ്‌കരിക്കും. തുടര്‍ന്ന് ശരണംവിളികളോടെ ഭക്തര്‍ ഗുരുസ്വാമിക്ക് ദക്ഷിണ അര്‍പ്പിച്ച് അനുഗ്രഹം വാങ്ങുന്നു. വീട്ടുകാരും ബന്ധുക്കാരും കൂട്ടുകാരും അയല്‍ക്കാരും ഇരുമുടി കെട്ടില്‍ യഥാശക്തി പണം സമര്‍പ്പിക്കുന്നു. ഈ പണം കാണിക്കപ്പണമാണ്. തുടര്‍ന്ന് പ്രാര്‍ത്ഥനയും ശരണം വിളിയും ഭക്തിസാന്ദ്രമാക്കി ഗുരുസ്വാമി ഇരുമുടിക്കെട്ട് ഭക്തന്റെ ശിരസ്സിലേറ്റുന്നു. യാത്രാവേളകളില്‍ കഴിക്കുവാനുള്ള പഴവര്‍ഗ്ഗങ്ങളടങ്ങിയ സഞ്ചിയും ഭക്തന്റെ തോളില്‍ ചാര്‍ത്തും. ഗുരുസ്വാമി കല്‍പ്പിക്കുന്നിടത്ത് വിരിവെക്കുന്നു. അല്‍പ്പവിശ്രമത്തിന് ശേഷം ഇരുമുടിക്കെട്ടിനെ നമസ്‌കരിച്ച് ഗുരുസ്വാമിക്ക് ദക്ഷിണനല്‍കി പേട്ട തുള്ളല്‍ ചടങ്ങ് ആരംഭിക്കുന്നു.
വിവിധവര്‍ണങ്ങളിലുള്ള സിന്ദൂരം ശരീരത്ത് തേച്ച് കരിമ്പടത്തിനുള്ളില്‍ പച്ചക്കറികള്‍ നിറച്ച് നീളമുള്ള കമ്പിന്റെ മദ്ധ്യഭാഗത്ത് കെട്ടിതൂക്കിയിട്ട് കമ്പിന്റെ രണ്ടറ്റവും രണ്ട് പേര്‍ തോളിലേറ്റി ഗദയും വാളും ശരക്കോലും പാണല്‍ ചവറും കയ്യില്‍ ഏന്തി പേട്ട കൊച്ചമ്പലത്തില്‍ നിന്നും പേട്ടതുള്ളല്‍ തുടങ്ങുന്നു. ഭക്തി ലഹരിയില്‍ പേട്ട തുള്ളി വലിയമ്പലത്തില്‍ എത്തി പേട്ടതുള്ളല്‍ അവസാനിപ്പിക്കുന്നു. അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് പേട്ടതുള്ളല്‍.
സാഹോദര്യത്തിന്റെ പേട്ടതുള്ളല്‍
നവംബര്‍ 16 മുതല്‍ ജനുവരി 18 വരെ ഇടമുറിയാതെ എരുമേലിയില്‍ നടക്കുന്ന പേട്ടതുള്ളലില്‍ പ്രാധാന്യം ജനുവരി 11ന് നടക്കുന്ന അമ്പലപ്പുഴ – ആലങ്ങാട്ട് ദേശക്കാരുടെ പേട്ടയ്ക്കാണ്. മഹിഷീ നിഗ്രഹത്തിന്റെയും ഉദയനെയും മറവപ്പടയെയും അമര്‍ച്ച ചെയ്തതിന്റെയും സ്മരണപുതുക്കലാണ് ഈ പേട്ടതുള്ളല്‍. വര്‍ണ്ണ-വര്‍ഗ്ഗ, കുചേല – കുബേര, ജാതി-മത ഭേദെമന്യേ എല്ലാവരും ഈ പേട്ടതുള്ളലില്‍ പങ്കുചേരുന്നു. എല്ലാവരും കാടിന്റെ അലങ്കാരങ്ങളണിഞ്ഞ് ദേഹത്ത് ചായം പൂശിയാണ് തുള്ളുന്നത്.
അമ്പലപ്പുഴ പേട്ട തുള്ളല്‍
ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ ദര്‍ശിച്ച് 11 മണിയോടെ പേട്ടകൊച്ചമ്പലത്തില്‍ നിന്നും അമ്പലപ്പുഴ യോഗത്തിന്റെ പേട്ട ആരംഭിക്കും, നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ഗജവീരന്മാര്‍ പേട്ടക്കകമ്പടിയേകും. 3 മണിയോടെ സംഘം വലിയമ്പലത്തിലെത്തി പേട്ട അവസാനിപ്പിക്കും.
ആലങ്ങാട് പേട്ട തുള്ളല്‍
ആകാശത്ത് മിന്നിമറയുന്ന നക്ഷത്രത്തെ ദര്‍ശിച്ച് 3 മണിക്ക് കൊച്ചമ്പലത്തില്‍ നിന്നും പേട്ടതുള്ളല്‍ തുടങ്ങും. ഈ പേട്ടയ്ക്കും ഗജവീരന്മാര്‍ അകമ്പടിയേകും. കാവടിയാട്ടവും മയിലാട്ടവും ഈ പേട്ടയുടെ പ്രത്യേകതയാണ്. 6 മണിയോടെ വലിയമ്പലത്തില്‍ പേട്ട അവസാനിക്കും.