ബെംഗളൂരു: ആദ്ധ്യാത്മിക ഭാരതത്തിൻ്റെ അന്തസത്ത കുടുംബമൂല്യങ്ങളിലൂടെ അടുത്ത തലമുറയ്ക്ക് പകരണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മൂല്യങ്ങളിൽ വളരാത്ത തലമുറ നഷ്ടപ്പെടും. അവരെ സംരക്ഷിക്കേണ്ട കടമ കുടുംബങ്ങൾക്കാണ്. കുടുംബങ്ങൾ നിലനിന്നാലേ ഭാരതം നിലനിൽക്കൂ, അദ്ദേഹം പറഞ്ഞു. പൂർണപ്രജ്ഞ വിദ്യാപീഠത്തിൽ പേജാവർ ശ്രീവിശ്വേശതീർഥയുടെ പഞ്ചമ ആരാധനോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരു സംസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സർകാര്യവാഹ്.
“ഭക്തിയുടെയും ജാഗ്രതയുടെയും സാമൂഹിക അവബോധത്തിൻ്റെയും ജനജീവിതത്തിൻ്റെയും അർത്ഥവും വിജയവും കണ്ടെത്തുന്നതിനുള്ള മാർഗമാണ് ശ്രീ വിശ്വേശതീർത്ഥയുടെ ആരാധനോത്സവം. കുട്ടികൾ ഭാരതത്തിൻ്റെ ശാശ്വതമായ പൈതൃകം മുന്നോട്ട് കൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെയാണ് സ്വാമിജി വിദ്യാപീഠം ആരംഭിച്ചത്. അറിവിനും അധ്വാനത്തിനും അദ്ദേഹം ആദരവ് നൽകി മനുഷ്യജീവിതം സാർത്ഥകമാകണം”; അദ്ദേഹം പറഞ്ഞു.
ആത്മീയതയില്ലാതെ ഭാരതീയ പൗര ജീവിതം അഭിവൃദ്ധി പ്രാപിക്കുകയില്ല. രാജ്യത്തിന് അതിൻ്റേതായ വ്യക്തിത്വം പകർന്നത് ആത്മീയതയാണ്. അത് ഭാരതത്തിൻ്റെ ആത്മാവാണ്. ഭാരതമാണ് ലോകത്തിന് വെളിച്ചം നൽകുന്നത്. എന്നാൽ ഭാരതത്തിന് വെളിച്ചം നൽകേണ്ടത് ആത്മീയതയാണെന്ന് അദ്ദേഹം പറഞ്ഞു.
1979-80ൽ സ്വാമി വിശ്വേശതീർത്ഥ ഹിന്ദു സേവാ പ്രതിഷ്ഠാൻ സ്ഥാപിച്ചു. ഹിന്ദു സമൂഹത്തിൻ്റെ ഉന്നമനമായിരുന്നു ലക്ഷ്യം. നൂറു വർഷത്തിലേറെയായി രാഷ്ട്രീയ സ്വയംസേവക സംഘം ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നു. ഈ സംസ്കൃതിയെ സംരക്ഷിച്ച് വരും തലമുറയ്ക്ക് സംഭാവന നൽകണമെന്ന് ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്തു.
പേജാവർ ശ്രീ വിശ്വപ്രസന്നതീർത്ഥ സ്വാമിജി, ഭണ്ഡാർകേരി ശ്രീ വിദ്യാ സതീർത്ഥ സ്വാമിജി, ബന്നൻജെ രാഘവേന്ദ്ര തീർഥ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.