കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന് പ്രോത്സാഹനവും പിന്തുണയും നല്‍കി അതിനെ പാലൂട്ടി വളര്‍ത്തിയ പ്രസ്ഥാനമാണ് സിപിഎം. ഇസ്ലാമിസത്തോട് അവിശുദ്ധമായി കൂട്ടുചേരുകയെന്ന അടവുനയമാണ് അവര്‍ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ മതഭീകരവാദം ഉയര്‍ത്തുന്ന ആഗോളഭീഷണിയെ അപ്രധാനമായി കണ്ട് അവഗണിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇസ്ലാമിസ്റ്റുകളുടെ ഇഷ്ടവും അനിഷ്ടവും നോക്കിയാണ് സിപിഎം അവരുടെ രാഷ്ട്രീയനയം പോലും നിശ്ചയിക്കുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ ആര്‍ജ്ജവത്തോടെ എതിര്‍ക്കാനോ തുറന്നു കാട്ടാനോ ഒരുകാലത്തും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മുന്നിലുണ്ടായിരുന്നിട്ടില്ല. അബദ്ധത്തില്‍ ഏതെങ്കിലുമൊരു നേതാവ് മതഭീകരവാദത്തിനെതിരെ പ്രതികരിച്ചാല്‍ ഉടന്‍ തന്നെ പാര്‍ട്ടി ഇടപെട്ട് അവരെ അതിവേഗം പ്രസ്താവനയില്‍ നിന്നു പിന്തിരിപ്പിക്കുകയോ തിരുത്തിക്കുകയോ ചെയ്യും.
വടക്കന്‍ കേരളത്തില്‍ അതിവേഗം പ്രചരിക്കുന്ന ‘മെക്ക് 7’ എന്ന വ്യായാമ കൂട്ടായ്മയ്‌ക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തില്‍ നിന്ന് അടുത്തിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പിന്നാക്കം പോയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മെക്ക് 7 നു പിന്നില്‍ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്നായിരുന്നു ആദ്യം പി. മോഹനന്‍ ഉന്നയിച്ച വിമര്‍ശനം.
സിപിഎം നേതാക്കളും സുന്നി നേതാക്കളും ‘മെക്ക് 7’നെതിരെ പരസ്യ നിലപാടെടുത്തതോടെ ഈ വ്യായാമക്കൂട്ടായ്മയുടെ പ്രവര്‍ത്തനം സംശയത്തിന്റെ നിലഴിലായിരുന്നു. മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികള്‍ അതില്‍ പെട്ടുപോകരുതെന്നും നേരത്തെ സമസ്ത നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രസംഗം ചര്‍ച്ചയായപ്പോള്‍ വ്യായായ കൂട്ടായ്മയെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും അത്തരം വേദികളില്‍ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ ശക്തികള്‍ നുഴഞ്ഞു കയറി അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നാണു പറഞ്ഞതെന്നും പി. മോഹനന്‍ വിശദീകരിച്ചു. അതിനിടെ പി. മോഹനനെ തള്ളി എല്‍ഡിഎഫ് സഖ്യകക്ഷിയായ ഐഎന്‍എല്‍ നേതാവും മുന്‍മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ തന്നെ രംഗത്ത് വന്നു. മാത്രമല്ല, സിപിഎം നേതാവുകൂടിയായ ഒരു മന്ത്രി ഈ കൂട്ടായ്മയോട് സഹകരിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നു. മതഭീകരവാദികളെ പ്രകോപിപ്പിക്കുന്ന പരാമര്‍ശങ്ങളില്‍ നിന്ന് ഇത്തരത്തില്‍ സിപിഎം പിന്നോട്ട് പോവുന്നത് ഇതാദ്യമല്ല.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ പരാമര്‍ശം വിവാദമായി മണിക്കൂറുകള്‍ക്ക് ശേഷം തന്റെ അഭിപ്രായമല്ല അഭിമുഖത്തില്‍ അച്ചടിച്ചുവന്നതെന്ന് വിശദീകരണം വന്നു. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ആ പത്രത്തെക്കൊണ്ട് അഭിപ്രായങ്ങള്‍ തിരുത്തിക്കുകയും ചെയ്തു. ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ടെന്നും മുഖ്യമന്ത്രിയായിരിക്കെ സിപിഎം നേതാവായ വി.എസ്.അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിട്ടും പാര്‍ട്ടിയില്‍ നിന്ന് അതിന് വേണ്ട പിന്തുണ കിട്ടിയില്ല. കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാന്‍ ചിലര്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെന്നും രണ്ട് വര്‍ഷം മുന്‍പ് സി.പി. എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍. എയുമായ ജോര്‍ജ് എം. തോമസ് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സിപിഎമ്മിന്റെ പാര്‍ട്ടിരേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തിന് നാക്കുപിഴ സംഭവിച്ചുവെന്നും ലൗ ജിഹാദ് ഇല്ലെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ അന്ന് രംഗത്ത് വന്നിരുന്നു. അതേ തുടര്‍ന്ന് ജോര്‍ജ് എം.തോമസ് മുന്‍നിലപാടില്‍ നിന്ന് വളരെവേഗം പിന്നോട്ടുപോയി.
പൊളിറ്റിക്കല്‍ ഇസ്ലാമിനെ വിമര്‍ശിച്ചുകൊണ്ട് അടുത്തിടെ സിപിഎം മുന്‍പ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഒരു പുസ്തകം രചിച്ചിരുന്നു. അതില്‍ പൂന്തുറയിലെ വര്‍ഗീയ കലാപത്തിന് കാരണമായത് അവിടെ അബ്ദുള്‍ നാസര്‍ മദനി നടത്തിയ പ്രസംഗവും ഐഎസ്എസിന്റെ വിഷലിപ്തമായ പ്രവര്‍ത്തനങ്ങളുമാണെന്ന് പറയുന്നുണ്ട്. അതോടൊപ്പം അക്കാലത്ത് മദനി നടത്തിയ പ്രസംഗങ്ങള്‍ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിച്ചു എന്നും പുസ്തകത്തില്‍ നിരീക്ഷിക്കുന്നു. എന്നാല്‍, ഇതിലെ പരാമര്‍ശങ്ങള്‍ ഗ്രന്ഥകാരന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നുമാണ് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വിശദീകരിച്ചത്. ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ മദനിയുമായി മുന്‍പ് പിണറായി വിജയന്‍ വേദിപങ്കിടുകയും സിപിഎം പിഡിപിയുമായി തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. നായനാര്‍ വധശ്രമക്കേസില്‍ പ്രതിയായ മദനിയെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മഹാത്മാഗാന്ധിയോട് സമീകരിക്കുക വരെ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ നായനാര്‍ വധശ്രമക്കേസിന്റെ അന്വേഷണത്തില്‍ ബോധപൂര്‍വമായ അലംഭാവം കാണിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മദനിയെ സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കാത്തുകെട്ടിനിന്നു. മദനിയുടെ മോചനത്തിന് വേണ്ടി കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. അങ്ങനെ മദനി മുന്നോട്ടുവെച്ച മതഭീകരവാദത്തോട് സിപിഎം സമ്പൂര്‍ണ്ണമായി സന്ധി ചെയ്തു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതിസ്ഥാനത്തുള്ള മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് രേഖകള്‍ അടുത്തിടെ കോടതിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് പോലും കേരളം കണ്ടു. മതഭീകരവാദികളെ പ്രീതിപ്പെടുത്താന്‍ ശ്രീകൃഷ്ണന്റെ പേരുള്ള കോളേജില്‍ കമ്മ്യൂണിസ്റ്റുകാര്‍ ബീഫ് ഫെസ്റ്റ് നടത്തുകയും പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ കേരള സര്‍വകലാശാല കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന് പേരുനല്‍കുകയും ചെയ്തു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രകടനപത്രികകള്‍ പ്രയോഗവല്‍ക്കരിക്കാന്‍ പാര്‍ട്ടി പരിപാടികളും പ്രവര്‍ത്തനപദ്ധതികളും ആവിഷ്‌കരിക്കുകയാണ്. ഭാവിയില്‍ തിരിഞ്ഞു കൊത്താനിരിക്കുന്ന വിഷപ്പാമ്പാണെന്ന് തിരിച്ചറിയാതെ പൊളിറ്റിക്കല്‍ ഇസ്ലാമിന് സിപിഎം ഇപ്പോഴും പാലൂട്ടുകയാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ആലപ്പുഴയില്‍ ഉള്‍പ്പെടെ എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേര്‍ സിപിഎം ബന്ധം ഉപേക്ഷിച്ചത്. പൊളിറ്റിക്കല്‍ ഇസ്ലാം ഉയര്‍ത്തുന്ന ഭീഷണിയെ തിരിച്ചറിയുകയും അതിനെ മറയില്ലാതെ തുറന്നെതിര്‍ക്കുകയും ചെയ്യേണ്ടത് കേരളത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അനിവാര്യമാണ്.