മുറിയുടെ ജനാലയിലൂടെ അതിരുപങ്കിടുന്ന പറമ്പിലേക്കുള്ള മണ്‍റോഡ് നന്നായി കാണാം. അതൊരു വിവാദ വഴികൂടിയാണ്. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലമായി നാട്ടിലെ വിവാദ വിഷയമായ ഒരു തെങ്ങ് ആ വഴിയിലാണ്. സ്ഥലം വിറ്റവരും വാങ്ങിയവരും തമ്മിലുള്ള തര്‍ക്കത്തിലാണ് തെങ്ങ് വിവാദമായത്. കല്പവൃക്ഷത്തെ ചൊല്ലിയുള്ള ന്യായവാദം കുറച്ചു ദിവസങ്ങളായി വീണ്ടും കൊട്ടിക്കയറുകയാണ്. പൊതുജനം പലവിധം ആസ്വദിച്ചും ആശങ്കപ്പെട്ടും കഴിയുമ്പോഴാണ് കാറ്റും മഴയും വെയിലും കൊണ്ട് തലയാട്ടി നിന്നിരുന്ന തര്‍ക്കവൃക്ഷമായ തെങ്ങിന്റെ തല കാണാതാകുന്നത്. വേരുകള്‍ ആഴ്ത്തിയ താഴെ കടഭാഗത്ത് തന്നെ തെങ്ങിന്റെ തലവീണു കിടക്കുന്നുണ്ട്. അതെങ്ങനെ സംഭവിച്ചുവെന്നത് ദുരൂഹതയായി മാറി. അതാണ് ഇപ്പോഴത്തെ വിവാദ വിഷയവും.
ഞങ്ങളുടെ വീടിന്റെ മതിലിനോട് ചേര്‍ന്ന് ഒരു ഏക്കറിന് മുകളിലുള്ള സ്ഥലത്തിന് നടുക്ക് കൂടെയാണ് ഈ വിവാദത്തെങ്ങിരിക്കുന്ന വഴി. ഭുവനകുമാരി ടീച്ചറിന്റേതായിരുന്നു ഈ സ്ഥലം. ടീച്ചറിന്റെ എന്ന് വെച്ചാല്‍ അവരുടെ ഭര്‍ത്താവിന്റെ കുടുംബസ്വത്തില്‍ വിഹിതമായി ലഭിച്ചത്. അയാള്‍ അല്പം അന്തര്‍മുഖന്‍ ആയതുകൊണ്ടും വലിയ മിടുക്കന്‍ അല്ലാത്തതു കൊണ്ടും ടീച്ചറിന്റെ അമ്മായിഅച്ഛന്റെ ഭാഷയില്‍ ടീച്ചര്‍ തെക്കത്തി ആയതിനാലും ജനകീയ പരിവേഷവുമുള്ളതുകൊണ്ടും സ്ഥലം ഭുവനകുമാരി ടീച്ചറിന്റെ എന്ന് നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നു. മഹാഗണിയുടെ കൊഴിഞ്ഞു വീഴുന്ന ഇലകളെ ജനാലക്കാഴ്ചയിലൂടെ കണ്ടിരിക്കുകയായിരുന്നു ഞാന്‍. ചുവപ്പും കാപ്പിക്കളറും ഒക്കെ ചേര്‍ന്ന് തീക്ഷ്ണമായ നിറമുള്ള മഹാഗണി ഇലകള്‍ കൊഴിഞ്ഞുവീണ് നിലത്ത് പരക്കുന്നത് കാണാന്‍ നല്ല രസമാണ്. ഇലകള്‍ കൊഴിഞ്ഞ് വൈകാതെ മരം തളിര്‍ക്കുമ്പോള്‍ ആ ഇലപച്ചക്ക് വല്ലാത്തൊരു നിറഭംഗിയാണ്. വെറുതെ ഇരിക്കുന്ന സമയങ്ങളില്‍ ജനാല നോട്ടം പല രസകരമായ കാഴ്ചകളും എനിക്ക് നല്‍കാറുണ്ട്. കൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കിടയിലൂടെയുള്ള എന്റെ നോട്ടത്തെ ടീച്ചറിന്റെ തുള്ളിത്തുള്ളിയുള്ള നടത്തവും കൈയാംഗ്യങ്ങളും അപഹരിച്ചു. ടീച്ചറിന് പിന്നാലെ വൈകുണ്ഠവാസനും ഉണ്ട്.
സമചതുരത്തിലേക്ക് തല താഴ്ത്തിയിരുന്ന് കാഴ്ചകള്‍ കണ്ട് ആസ്വദിക്കുന്ന ഈ ഒരു കാലത്ത് എനിക്ക് എന്തുകൊണ്ടോ അത്തരം കാഴ്ചകളെക്കാള്‍ കൂടുതല്‍ ഇഷ്ടം ഇങ്ങനെയുള്ളവയാണ്. ഒരുപക്ഷേ അത് അന്യന്റെ സ്വകാര്യത യിലേക്കുള്ള കടന്നുകയറ്റം ആണോ എന്ന് തോന്നാമെങ്കിലും നമുക്ക് ചുറ്റുമുള്ള ചലനങ്ങള്‍ നമ്മളിലേക്ക് എത്തുന്നത് തടയേണ്ടതുണ്ട് എന്ന് തോന്നിയില്ല. ഒളിഞ്ഞുനോട്ടം അല്ലല്ലോ.. തുറന്ന സ്ഥലത്തുള്ള കാഴ്ചകള്‍ അല്ലേ ഞാന്‍ ജനാലയിലൂടെ കാണുന്നത്. എന്തിനു വേണ്ടെന്നു വയ്ക്കണം. ഞാന്‍ രണ്ടുപേരെയും സസൂക്ഷ്മം നിരീക്ഷിക്കാന്‍ ഉറപ്പിച്ച് ജനാലക്കരികില്‍ തന്നെ ഇരുന്നു.
”ങ്ങള് എന്തിനാണ് ടീച്ചറെ സംശയിക്കണ്. ഓലെ മൂന്നിന്റേം പേരില് കേസ് കൊടുക്കീന്ന്.” വൈകുണ്ഠവാസന്റെ സ്വരത്തില്‍ ആവേശം കൂടുന്നുണ്ടായിരുന്നു.
ഭുവനകുമാരി ടീച്ചര്‍ നല്ല കലിപ്പിലാണ്. കലിപ്പിന് ആക്കം കൂട്ടുന്ന പിന്‍ബലമാണ് വൈകുണ്ഠവാസന്റേത്്. അയാള്‍ പാര്‍ട്ടിയുടെ ആളാണ്. ഫണ്ട് പിരിവും പഞ്ചായത്ത് ഇലക്ഷന് സ്ഥാനാര്‍ത്ഥിയെ വീടുവീടാന്തരം കയറ്റി പരിചയപ്പെടുത്തലും വോട്ട് ചോദിക്കലും ഒക്കെയാണ് അയാളുടെ പാര്‍ട്ടി പ്രവര്‍ത്തനം. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വീട്ടില്‍ പോയി വോട്ട് ചോദിക്കുക, നോട്ടീസ് കൊടുക്കുക തുടങ്ങിയവയും അയാള്‍ തന്നെയാണ് ചെയ്യുക. വേറെ അധികം പണിക്കൊന്നും അയാളെ പറ്റില്ല എന്ന് പാര്‍ട്ടിക്ക് തന്നെ ബോധ്യമുണ്ടാകും. പിന്നെ അയാള്‍ പ്രധാനമായി ചെയ്യുന്ന മറ്റൊരു പണിയാണ് മധ്യസ്ഥഭാഷണം. അത് അവസാനിപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ ഭുവനകുമാരി ടീച്ചറോട് പറഞ്ഞത.് പ്രശ്‌നം തീര്‍ക്കുന്നതിനു പകരം ആ പ്രശ്‌നം പരമാവധി രൂക്ഷതയില്‍ എത്തിക്കും.
ഈ വൈകുണ്ഠവാസന്‍ എന്ന പേരില്‍ എനിക്കൊരു കൗതുകം പണ്ടേ ഉണ്ട്. വൈകുണ്ഠത്തില്‍ വസിക്കുന്നവന്‍ എന്നാണല്ലോ. അപ്പോ ഭഗവാന്‍ വിഷ്ണുവിന്റെ പര്യായം. പക്ഷേ എന്ത് കാര്യം മൂപ്പര്‍ക്ക് നാരദന്റെ പര്യായങ്ങളാണ് യോജിച്ചത്.
രണ്ടു കൊല്ലം മുമ്പ് ലോപ്പസുമായുള്ള വിഷയം മധ്യസ്ഥരില്ലാതെ പരസ്പരം തുറന്നു സംസാരിച്ചാല്‍ തീരുമായിരുന്ന പ്രശ്‌നമാണ് ടീച്ചറെ പറഞ്ഞിളക്കി അയാള്‍ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചത്. ഇത്തവണത്തെ വിഷയം ധ്രുവനുമായിട്ടുള്ളതാണ്.
ഇരുപത്തഞ്ച് വര്‍ഷം മുന്നേയാണ് ഭുവനകുമാരി ടീച്ചര്‍ തന്റെ ആദ്യ വില്പന നടത്തുന്നത്. ഇരുപത് സെന്റ് സ്ഥലമാണ് ആദ്യഘട്ടം വിറ്റത.് വാങ്ങിയ ധ്രുവന്‍ ടീച്ചറിന്റെ ഭര്‍ത്താവിന്റെ അകന്ന ബന്ധു കൂടിയാണ്. അയാള്‍ക്ക് വീട് വയ്ക്കാന്‍ ആയിരുന്നു സ്ഥലം വാങ്ങിയത്. റോഡില്‍നിന്ന് പത്ത് അടി വീതിയോടുള്ള വഴി അടക്കമാണ് സ്ഥല വില്‍പ്പന. ഏത് ഭാഗത്ത് വഴിയെന്ന് ആധാരത്തില്‍ പ്രത്യേകം പറഞ്ഞിട്ടില്ല.
ടീച്ചര്‍ വീണ്ടും സ്ഥലം വില്‍ക്കുകയുണ്ടാകില്ല എന്ന ധാരണയില്‍ എന്റെ വീടിന്റെ മതിലിനോട് ചേര്‍ന്ന് വഴിക്ക് ധാരണയായി. അവിടേക്ക് അഭിമുഖമായി വീട് പണിയും തുടങ്ങി. പക്ഷേ ടീച്ചര്‍ സ്ഥലവില്പന വീണ്ടും നടത്തി. വീണ്ടും വീണ്ടും നടത്തി. ആറ് പ്ലോട്ടുകളായി ഒരു ഏക്കറും ഇരുപത് സെന്റും വിറ്റു. അങ്ങനെ വഴി എല്ലാവരുടേയും സൗകര്യാര്‍ത്ഥം സ്ഥലത്തിന്റെ മധ്യത്തിലൂടെയായി. ധ്രുവന്റെ വീട് അസ്ഥാനത്തേക്ക് ചെരിഞ്ഞുകൊണ്ടുമായി.
അയാളുടെ മുന്നിലുള്ള പ്ലോട്ടിലും വീട് വന്നു. ധ്രുവന്‍ വാതില്‍ തുറന്നാല്‍ അവരുടെ അടുക്കളയിലേക്കാണ് കാഴ്ച. വേസ്റ്റ് തുണി, ചൂല്, മോപ്പ്, ഇന്നര്‍ വെയേഴ്‌സ് അടക്കമുള്ള ഡ്രസ്സുകള്‍ അലക്കിയിട്ടത്, വീടിന്റെ പുറകിലുള്ള കക്കൂസ് തുടങ്ങിയ കാഴ്ചകള്‍. രാവിലെ എഴുന്നേറ്റ വഴി അയാള്‍ക്കും കുടുംബത്തിനും ഭംഗിയായി ആസ്വദിക്കാം. കഴിഞ്ഞ ഇരുപത്തിനാല് കൊല്ലമായി അയാള്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ആ വീട് വരും മുന്‍പ് ധ്രുവന്‍ മതില്‍ കെട്ടിയിരുന്നതുകൊണ്ട് ഇനി ഉയര്‍ത്തി കെട്ടിയാല്‍ അലോഹ്യം കൊണ്ടാവുമോ ഉയര്‍ത്തിയത് എന്ന് ഭയന്ന് മതില്‍ കൂടുതല്‍ ഉയര്‍ത്തിയതുമില്ല. ഉയര്‍ത്തിയാലും എത്രവരെ പറ്റും.. അതിനൊക്കെ ഒരു പരിധിയില്ലേ. ഇത് അറബിനാട് അല്ലല്ലോ കേരളമല്ലേ.
ധ്രുവന് പുറമേ സ്ഥലം എടുത്തവര്‍ യതീന്ദ്രന്‍, രാജസേനന്‍, രുഗ്മിണിടീച്ചര്‍, ലോപ്പസ്, സെയ്ദ് എന്നിവരാണ്. അവര്‍ക്ക് പക്ഷേ ധ്രുവന്റെ ബുദ്ധിമുട്ടുകള്‍ ഇല്ല. റോഡിന് അഭിമുഖമായി തന്നെ വീട് എന്നതുകൊണ്ട് മറ്റൊരു വീടിന്റെ അടുക്കളപ്പുറത്തേക്ക് കണ്ണുംനട്ട് ഇരിക്കേണ്ട ഗതികേട് ഉണ്ടായില്ല. ധ്രുവന്റെ ഭാര്യ രത്‌നത്തിന് എന്നും പരാതിയാണ്
”ഇവര്‍ക്ക് ചൂലും ഒക്കെ അപ്പുറത്തേക്ക് വച്ചാ എന്താ കുഴപ്പം? ഈ വൃത്തികേട് കാണില്ലല്ലോ എന്നാല്‍.”
ഇടയ്ക്കിടയ്ക്ക് അവര്‍ ഒരു മനസ്സമാധാനത്തിനു വേണ്ടി ആത്മഗതം നടത്തും. ചിലപ്പോള്‍ ഭര്‍ത്താവിനോട് പരാതിയായും പറയും.
”നിങ്ങള് വഴി അങ്ങനെ ആക്കാന്‍ സമ്മതിച്ചു കൊടുത്ത്ട്ട് അല്ലേ. അല്ലെങ്കില്‍ ഇങ്ങനെ ആവോ. അന്നേ പറ്റൂലാന്ന് പറയാരുന്നില്ലേ.”
”ഒരു സ്വസ്ഥതയാണെങ്കില്‍ അതും തരില്ല. എപ്പോഴും കലാപിലാ എന്ന് പറഞ്ഞു കൊണ്ടിരിക്കും. അയല്‍ക്കാരെന്നു വച്ച് എത്രയാ സഹിക്ക്യ.” അങ്ങനെ പോകുന്നു അവരുടെ പ്രയാസങ്ങള്‍.
പിന്നെ അമര്‍ഷങ്ങള്‍ ഉള്ളില്‍ തന്നെ ഒതുക്കും അവര്‍.
ധ്രുവന് കേട്ട് കേട്ട് ചെവി തഴമ്പായിട്ടുമുണ്ട്.
എന്നോടും പറയാറുണ്ട്. ഞാന്‍ ഒരു ചിരിയില്‍ കേട്ടതിനെ അമര്‍ത്തി വയ്ക്കും. എന്തു ചെയ്യാം… എല്ലാവരും അയല്‍ക്കാരായി പോയില്ലേ…..
ഇതിനെല്ലാം പുറമേ എല്ലാവരും അനുഭവിക്കുന്ന വലിയൊരു പ്രയാസം അവിടത്തെ താമസത്തിനുണ്ട്. ഓരോ മഴയിലും ഒലിച്ചിറങ്ങി റോഡു നിറയെ കുഴികളാണ.് ഓരോ തവണ നന്നാക്കാന്‍ പുറപ്പെടുമ്പോഴും ഒരാള്‍ക്കോ രണ്ടാള്‍ക്കോ സാമ്പത്തികം അനുവദിക്കില്ല. എല്ലാവര്‍ക്കും കൂടെ അനുവദിക്കുന്ന ഒരു സമയം വരാന്‍ കാത്തിരുന്നു കാത്തിരുന്നു ഇരുപത്തഞ്ച് കൊല്ലം എല്ലാവരും കുഴിയിലിറങ്ങി കയറി. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിനുശേഷം സ്ഥിതി വളരെ ഭീകരവുമായി. പ്രളയം കഴിഞ്ഞ് സാമ്പത്തികമായി എല്ലാവരും പ്രശ്‌നത്തിലായി. കോവിഡ് കാലത്തിന്റെ അവസാനത്തോടുകൂടി വിവാദവും തുടങ്ങി. അതുകൊണ്ട് റോഡ് നന്നാക്കല്‍ നീണ്ടുനീണ്ട് പോയിക്കൊണ്ടിരിക്കുന്നു.
അപ്പുറത്തെ വീട്ടിലെ സീത ചേച്ചിയോട് രത്‌നചേച്ചി ഈ സംസാരം ആവര്‍ത്തിച്ചപ്പോള്‍ അവര്‍ ഉപദേശിച്ചു കൊടുക്കുന്നത് കേട്ടു. ‘നിങ്ങള്‍ ഇതൊക്കെ ഇത്ര കാര്യമാക്കുന്നതെന്തിനാ? നിങ്ങള്‍ക്ക് തന്ന വഴിയില്‍ അല്ലേ തെങ്ങ്? വഴിയില്‍ തന്നെ നില്‍ക്കുന്നത് കൊണ്ടല്ലേ പ്രശ്‌നം? ഒരു ദിവസം രാവിലെ അങ്ങ് മുറിക്കുക അത്ര തന്നെ. മുറിഞ്ഞ് വീണാല്‍ പിന്നെ എന്ത് ചെയ്യാന്‍ പറ്റും? പിന്നെ റോഡും നന്നാക്കുക. അല്ലാതെന്താ…’
ഭര്‍ത്താവിന് ജോലിയുണ്ടായിരുന്നു. ടീച്ചറിന്റെ ശമ്പളവുമുണ്ട്. എന്നിട്ടും ഈ സ്ഥലമൊക്കെ അവര്‍ എന്തിനു വിറ്റു എന്ന് ചോദ്യം വരാം. ഭര്‍ത്താവിന്റെ ജോലി സ്വകാര്യസ്ഥാപനത്തില്‍ ആയി രുന്നു. അത് പൂട്ടിയതോടെ അയാളുടെ ജോലി പോയി. പിന്നെ ടീച്ചറിന്റെ ശമ്പളം കൊണ്ടു വേണം കുടുംബം ഓടാന്‍. എല്‍പി സ്‌കൂള്‍ ടീച്ചറിന്റെ ശമ്പളം മുഴുവനായി തികയില്ല. അതിനിടയ്ക്ക് വീടുപണിയാനെടുത്ത ലോണ്‍ അടക്കണം, കുട്ടികളുടെ പഠനം, ഭര്‍ത്താവിന്റെ അശ്രദ്ധകൊണ്ട് വരുത്തിവെച്ച ചില കടങ്ങള്‍ ഒക്കെയുണ്ട്. സ്ഥലത്ത് നിന്ന് വരുമാനം കിട്ടണമെങ്കില്‍ അത് നന്നായി നോക്കി നടത്താന്‍ പറ്റുന്ന സാഹചര്യമാവണം. അല്ലെങ്കില്‍ മുഴുവനായി സ്വന്തം അധ്വാനിക്കാനുള്ള കഴിവുണ്ടാകണം. അത് രണ്ടും പ്രയോഗത്തില്‍ വരുത്താന്‍ യാതൊരു വഴിയുമില്ല. പിന്നെ വില്‍പ്പന അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല. വിറ്റു. കാശു വാങ്ങി.. കടങ്ങള്‍ വീട്ടി.. ബാക്കി ബാങ്കിലുമിട്ടു. മക്കളുടെ കല്യാണം വരെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ എല്ലാം ആര്‍ഭാടമായി നടത്താനും പറ്റി. അങ്ങനെ ഭുവനകുമാരിടീച്ചറിന്റെ ജീവിതം സുഖം… സുന്ദരം.. ഒരു തലമുറ അധ്വാനിച്ചിട്ടോ അടിച്ചുമാറ്റിയിട്ടോ കുറെ സ്വത്ത് ഉണ്ടാക്കുന്നു. അടുത്ത തലമുറ വിറ്റ് സുഖിക്കുന്നു.
ഭര്‍ത്താവ് പെട്ടെന്ന് മരിച്ചു എന്ന ഒരു പ്രയാസം മാത്രമാണ് ടീച്ചറിന് നേരിടേണ്ടിവന്നത്. എങ്കിലും അവരിലെ തെക്കത്തി പ്രയാസങ്ങളെ നേരിടാന്‍ കരുത്തയായിരുന്നു.
കോവിഡ് കാലത്ത് എല്ലാവരും പറഞ്ഞപോലെ കോവിഡിന് മുമ്പ് കോവിഡിന് പിന്‍പ് എന്ന രീതിയില്‍ സമൂഹം മാറ്റപ്പെടും എന്നത് എന്റെ അയല്‍പക്കത്ത് പച്ചവെള്ളം പോലെ സത്യമായി.
തെങ്ങ് വിവാദം തുടങ്ങിയത് ലോപ്പസിന്റെയും ടീച്ചറിന്റെയും ഒരു ഫോണ്‍ വിളിയിലാണ്. കോവിഡിന്റെ വലിയ പ്രശ്‌നങ്ങള്‍ അടങ്ങിവരുന്ന സമയമായിരുന്നു. പക്ഷേ ലോപ്പസ്സിന്് കോവിഡ് സ്ഥിരീകരിച്ചു. അയാള്‍ വീട്ടുതടങ്കലിലായി. അയാളുടെ ഭാര്യയും വീട്ടിലില്ല. ഈ സമ്മര്‍ദ്ദങ്ങളെല്ലാം അയാളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു ഭുവനകുമാരിടീച്ചര്‍ ഫോണില്‍ വിളിക്കുമ്പോള്‍.
”വഴിയിലെ തെങ്ങില്‍ നിന്ന് ആരാ തേങ്ങ വലിപ്പിച്ചത് ലോപ്പസ്സേ?”
”ഏതു വഴിയില്‍?”
”നിങ്ങളുടെ പറമ്പിലേക്കുള്ള വഴിയിലെ എന്റെ തെങ്ങില്‍. ഇത്രയും കാലം ഞാനല്ലേ അത് വലിച്ചിരുന്നത്. പിന്നെ നിങ്ങള്‍ എന്ത് അധികാരത്തിലാണ് തേങ്ങയെടുത്തത്?”
”ടീച്ചറെ, ഞാന്‍ സ്ഥലത്തേക്ക് വന്നിട്ടില്ല. എനിക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. പണിക്കാര്‍ അറിയാതെ എടുത്തതായിരിക്കും.”
”അങ്ങനെ എടുക്കാന്‍ പറ്റുമോ? നിങ്ങള്‍ അധികാരം സ്ഥാപിക്കാന്‍ വേണ്ടി ഞാന്‍ ഇല്ലാത്ത സമയം നോക്കി ചെയ്യിച്ചതല്ലേ?”
”അങ്ങനെയെങ്കില്‍ ഇത്രകാലം ചെയ്തിട്ടില്ലല്ലോ… പിന്നെ വഴി നിങ്ങള്‍ സ്ഥലം വാങ്ങുമ്പോള്‍ വിട്ടു തന്നതാണ്. അതില്‍ ടീച്ചറിന് പിന്നെ എന്ത് അവകാശമാണുള്ളത.് ഇത്രയും കാലംതേങ്ങയെടുക്കാന്‍ അനുവദിച്ചത് ഞങ്ങള്‍ സ്ഥലം ഉടമകളുടെ ഔദാര്യമാണ്.”
അതോടെ ടീച്ചറുടെ അഭിമാനം മുറിഞ്ഞു.
”നോക്കാം ആര്‍ക്കാ അധികാരം എന്ന്.”
”ശരി നോക്കാം. ഇത്തരം നിസ്സാര കാര്യങ്ങള്‍ പറഞ്ഞു എന്നെ മേലാല്‍ വിളിക്കരുത്…” ലോപ്പസ്സിന്റെയും നിയന്ത്രണം പോയി.
സത്യത്തില്‍ റോഡ് വാഹനഗതാഗതത്തിന് കൂടെയുള്ള സൗകര്യമായി വിട്ടുകൊടുക്കുമ്പോള്‍ തടസ്സങ്ങള്‍ മാറ്റി കൊടുക്കേണ്ടതല്ലേ എന്ന് പുറത്ത് നില്‍ക്കുന്ന ആള്‍ എന്ന നിലക്ക് എനിക്കും തോന്നുന്നുണ്ട്. പിന്നെ ആ തെങ്ങ് എന്തുകൊണ്ട് അന്നേ മാറ്റിയില്ല എന്ന ചോദ്യം ഈ വിഷയം കേള്‍ക്കുന്നവരില്‍ നിന്നുമുയര്‍ന്നു. പ്‌ളോട്ടുകളില്‍ വാങ്ങിയ ഉടനെ ആരും മതിലുകള്‍ കെട്ടിയിരുന്നില്ല. വഴിയുടെ വീതിക്കുറവിന്റെ പരിമിതികള്‍ ആര്‍ക്കും അത്ര ശ്രദ്ധയില്‍ വന്നില്ല. വാഹനങ്ങള്‍ തിരിക്കുന്നതിന് അത്ര ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. കാറുകളും പിന്നീടാണ് എല്ലാവരും വാങ്ങിയത്.
പിന്നെ വഴിയില്‍ ഉണ്ടായിരുന്ന മറ്റു തെങ്ങുകളും ചെറിയ മരങ്ങളും ഒക്കെ മുറിച്ചു മാറ്റിയപ്പോള്‍ ഈ തെങ്ങ് നടുക്ക് അല്ലല്ലോ ഒരു വശത്ത് അല്ലേ തല്‍ക്കാലം തടസ്സമല്ലല്ലോ എന്നും വെറുതെ ഒരു തെങ്ങ് കളയണ്ടല്ലോ എന്നും ആവശ്യം വന്നിട്ട് മുറിച്ചാല്‍ പോരെ എന്നും ഭുവനകുമാരി ടീച്ചറുടെ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ എല്ലാവരും സമ്മതിക്കുകയും ചെയ്തു. അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടു നില്‍ക്കുന്ന സമയമല്ലേ എന്തെങ്കിലും കിട്ടിക്കോട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും എല്ലാവരും. അത് ഇപ്പോള്‍ വിനയായി. തെങ്ങും വഴിയും ഒക്കെ ടീച്ചറുടെയാണ് എന്നാണ് അവരുടെ കണ്ടെത്തല്‍. ടീച്ചറിന്റെ ഭര്‍ത്താവ് പറഞ്ഞ വാക്കുകള്‍ക്ക് തെളിവുകളും ഇല്ല. അയാള്‍ മരിച്ചും പോയി.
നന്നാക്കാന്‍ പ്ലോട്ട് ഉടമകള്‍ക്ക് അധികാരമില്ലെന്നാണ് ടീച്ചറുടെ വാദം. ഇനി അഥവാ നന്നാക്കണമെങ്കില്‍ ടീച്ചറിന് കാശ് കൊടുക്കണം. കാശുകൊടുത്താലും തെങ്ങു മുറിക്കാന്‍ സമ്മതിക്കില്ല.
സത്യത്തില്‍ ടീച്ചറിന് ലോപ്പസ്സിനോടുള്ള വാശിയാണ് പ്രധാന കാരണം. അന്നത്തെ തേങ്ങയിടല്‍ വിവാദത്തി നോടനുബന്ധിച്ച് ലോപ്പസ്സിന്റെ പേരില്‍ ടീച്ചര്‍ കേസ് കൊടുത്തിരുന്നു.
വിധവയോട് അപമര്യാദയായി പെരുമാറി, അനധികൃതമായി സ്വത്തില്‍ കൈയ്യേറ്റം നടത്തി. എന്നൊക്കെ പറഞ്ഞാണ് കേസ് കൊടുത്തത്. അന്നും ഈ വൈകുണ്ഠനാണ് ടീച്ചറിന് കട്ട പിന്തുണ നല്‍കിയത്. ഒരു എടുത്തുചാട്ടത്തിന് അന്ന് കേസ് കൊടുത്തെങ്കിലും അത് എവിടെയും എത്തിയില്ല. പോലീസ് സ്റ്റേഷനിലേക്ക് വാദിയേയും പ്രതിയേയും വിളിപ്പിച്ചു. അവര്‍ക്ക് ഈഗോ പ്രശ്‌നം മനസ്സിലായതു കൊണ്ട് തണുപ്പിച്ചു വിടാന്‍ ശ്രമിച്ചു. കേസിന് നടക്കല്‍ അവിടെ അവസാനിച്ചെങ്കിലും ഈഗോ മാറാതെ തുടര്‍ന്നു എന്നാണത് സത്യം. ലോപ്പസ്സും ധ്രുവനും സെയ്ദും ഒറ്റക്കെട്ടാണ് എന്ന ഒരു ധാരണ എങ്ങനെയോ ടീച്ചറില്‍ ഉണ്ടായി. അവരോട് മൂന്നു പേരോടും മിണ്ടാട്ടം കുറഞ്ഞു. കാണുമ്പോള്‍ മങ്ങിയ ചിരി മാത്രമായി. അവര്‍ അതൊന്നും കാര്യമാക്കാനും പോയില്ല. അതും ടീച്ചറിനെ ക്ഷീണിപ്പിച്ചു. ടീച്ചര്‍ വിചാരിച്ചു കോംപ്രമൈസിന് ഇവരെല്ലാം തന്റെ അടുത്ത് എത്തും എന്ന്. ഒന്നും ഉണ്ടായില്ല.
റോഡിലെ കുഴികള്‍ കൂടുതല്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കി തുടങ്ങി. കാറുകളുടെ അടി തട്ടി തുടങ്ങി. നന്നാക്കാതെ പറ്റില്ല എന്ന രൂപത്തിലായി.
ആറു പേരും ഒന്നിച്ചു. ടീച്ചറോട് ഒരു സമ്മതം വാങ്ങിക്കേണ്ടേ എന്ന ഒരു സംശയം യതീന്ദ്രനും, രാജസേനനും. അതിന്റെ ആവശ്യമില്ലെന്ന് ധ്രുവനും ലോപ്പസും സെയ്ദും.
രുഗ്മിണി ടീച്ചര്‍ നടുക്ക് നിന്നു. പറയണമെങ്കില്‍ ആവാം.. ഇല്ലെങ്കിലും കുഴപ്പമില്ല എന്ന മട്ടില്‍.
ഏതായാലും തെങ്ങ് മുറിക്കണം എന്ന് പറയാമെന്ന ഒരു തീരുമാനത്തിലെത്തി.
”ഒരു ലക്ഷം രൂപ തന്നാലും തെങ്ങ് മുറിക്കില്ല.” ടീച്ചര്‍ ഉറപ്പിച്ചു.
”ഒരു പൈസ പോലും തരില്ല. തെങ്ങ് മുറിക്കുകയും ചെയ്യും.” എന്ന്് ധ്രുവന്‍.
പ്രശ്‌നം രണ്ടു കൊല്ലം മുന്‍പത്തേതിനേക്കാള്‍ രൂക്ഷമായി. ചേരിതിരിയലും സംഭവിച്ചു.
യതീന്ദ്രനും രുഗ്മിണി ടീച്ചറും ഭുവനകുമാരി ടീച്ചറിനോടൊപ്പം നിന്നു. രാജസേനന്‍ മിതവാദത്തോടെ മറ്റു മൂവര്‍ക്കൊപ്പവും.
എന്തായാലും കോവിഡ് വരും മുന്‍പ് വളരെ അടുപ്പത്തില്‍ കഴിഞ്ഞവര്‍ കണ്ടാല്‍ മിണ്ടാതായി.
നാലു ദിവസം മുമ്പാണ് തെങ്ങിന്റെ തല കാണാതായത് ടീച്ചര്‍ ശ്രദ്ധിച്ചത്. എങ്ങനെ പോയി എന്നതിന് ഒരു അറിവും ഇല്ല. ഇടിവെട്ടിയോ എന്ന് സംശയിക്കാന്‍ അത്ര ഗംഭീര ഇടിയൊന്നും ഉണ്ടായിട്ടില്ല.
യതീന്ദ്രന്റെ ഭാര്യയാണ് ടീച്ചറോട് വിവരം പറഞ്ഞത്. അന്ന് നാളികേരമിട്ട സംഭവവും പെരുപ്പിച്ച് പറഞ്ഞു കൊടുത്തത് അവര്‍ തന്നെ ആയിരുന്നു. ടീച്ചറോട് കുറച്ച് കൂടുതല്‍ അടുപ്പം കാണിക്കുന്നവരാണ് യതീന്ദ്രനും ഭാര്യയും. അതുകൊണ്ടാണ് അവര്‍ ടീച്ചറിനൊപ്പം ചേര്‍ന്നതും. പക്ഷേ കേട്ടാല്‍ അതിശയം തോന്നും നന്നാവേണ്ട വഴി അവര്‍ക്ക് കൂടി ഉള്ളതല്ലേ. രുഗ്മിണി ടീച്ചറുടെയും മാറ്റം ആര്‍ക്കും ആദ്യം മനസ്സിലായില്ല. പിന്നീട് ധ്രുവന്റെ ഭാര്യ പറഞ്ഞു കേട്ടു അവര്‍ക്ക് ഇരുവീട്ടുകാര്‍ക്കും ടീച്ചര്‍ പ്രത്യേകം വഴി കൊടുക്കാമെന്ന് പറഞ്ഞു എന്ന്. അതിന്റെ പ്രായോഗികത ഓര്‍ത്ത് എനിക്ക് ചിരി വരികയും ചെയ്തു. ഈഗോ തലച്ചോറിനെ കാര്‍ന്നുതിന്നാലുള്ള മാറ്റം. എന്തായാലും എനിക്ക് കാഴ്ചകള്‍ കണ്ടാല്‍ മതിയല്ലോ. എന്റെ ജനാലകള്‍ തുറന്നിട്ട് ഇരിക്കാം. ഞാന്‍ ഉള്ളില്‍ ചിരിച്ചുപോയി.
മരുന്ന് വെച്ച് ഉണക്കിയതാണോ എന്ന സംശയം പൊങ്ങി. അനുമാനങ്ങള്‍ പലതും ഉയര്‍ന്നു. വഴിയില്‍ കൂട്ടം കൂടിയുള്ള ചര്‍ച്ചകള്‍ പലതവണ കാണാറായി. എന്റെ ഇടവേളകള്‍ ജനാല കാഴ്ചകളെ കൊണ്ട് നിറഞ്ഞു.
ഇപ്പോ ടീച്ചറിന്റെയും വൈകുണ്ഠവാസന്റെയും ശബ്ദം എനിക്ക് നന്നായി കേള്‍ക്കാം.
”ഇത് അത്‌ന്ന്യൊണ് ടീച്ചറെ ഓല് മൂന്നാളും കൂടി മരുന്ന് വെച്ചതാ. അല്ലാണ്ട് ഇങ്ങനെ വരൂല്ല.”
”അങ്ങനെയാണെന്ന് വെച്ചാല്‍ ഞാന്‍ വെറുതെ വിടില്ല ഒന്നിനെയും.” ടീച്ചറുടെ കലിപ്പ് വീണ്ടും കയറിയിട്ടുണ്ട്.
”നോക്കി ടീച്ചറെ ഇതാ തടീമേല്‍ തുളട്ട്ട്ട്ണ്ട്. ഇത് അങ്ങനെ തന്നെ ആവും. ഒരു പെറ്റീഷന്‍ എഴുതി കൊടുക്കി ങ്ങള് പോലീസ് സ്റ്റേഷനില്. ഓലെ ഒരു പാഠം പഠിപ്പിച്ചിട്ട് എന്നെ കാര്യം.”
ഈ വൈകുണ്ഠവാസന് എന്താ ഇതില്‍ ഇത്ര കാര്യം എന്ന് ഞാന്‍ പലതവണ ആലോചിച്ചു. ധ്രുവന്റെ ഭാര്യ ഇന്നലെ എന്നോട് രഹസ്യം പോലെ അക്കാര്യം പറഞ്ഞ പ്പോഴാണ് സംഗതി പിടികിട്ടിയത്.
ലോപ്പസും ധ്രുവനും പാര്‍ട്ടിക്ക് പിരിവ് കൊടുക്കില്ല എന്ന് വൈകുണ്ഠവാസനോട് വീട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞത്രേ. അതിന്റെ ഒരു പകയാണ് വൈകുണ്ഠന്.
തല പോയത് എങ്ങനെ എന്നതിന്റെ വിഷമം വീണ്ടും കൂടി അസ്വസ്ഥത നിറഞ്ഞ മനസ്സുമായി ടീച്ചര്‍ തിരിച്ച് വീട്ടിലേക്ക് ഓടുന്നത് കണ്ടു. വൈകുണ്ഠവാസന്‍ പിന്നാലെ തന്നെ ഉണ്ട്.
എത്രയെത്ര അതിര്‍ത്തി തര്‍ക്കങ്ങള്‍ നമ്മള്‍ സിനിമയില്‍ കണ്ടിരിക്കുന്നു. പത്രങ്ങളില്‍ വായിച്ചിരിക്കുന്നു. എത്ര കുത്തിക്കൊലകള്‍ കണ്ടിരിക്കുന്നു. ഇനി എന്തെല്ലാം കാണേണ്ടിയിരിക്കുന്നു.
ഇവിടെയും ഇനി ഒരുപാട് കാഴ്ചകള്‍ ഉണ്ട് എന്ന് എനിക്ക് ഉറപ്പായി.
ഉതിര്‍ന്നുവീഴുന്ന മഹാഗണി ഇലകള്‍ക്കിടയിലൂടെ അടുത്ത ആകാംക്ഷ നിറഞ്ഞ കാഴ്ചകള്‍ക്കു വേണ്ടി മനസ്സൊരുക്കാനായി തല്‍ക്കാലം ഞാന്‍ ജനാലകള്‍ അടയ്ക്കുന്നു.