തിരുവനന്തപുരം: 2030 ല്‍ ഭാരതം വന്‍ സാമ്പത്തികശക്തിയായി മാറുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ ആര്‍. സുന്ദരം. നേതി നേതി ലെറ്റ്‌സ് ടോക്കിന്റെയും സ്വദേശി ജാഗരണ്‍ മഞ്ച് കേരള ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ ‘ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിലെ നവോത്ഥാനം’ എന്ന വിഷയത്തില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സാമ്പത്തിക വികസനം എന്ന ആശയം റഷ്യയില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. പിന്നീട് മറ്റ് രാജ്യങ്ങളും സാമ്പത്തിക വികസനം എന്നതിന് പ്രാധാന്യം നല്‍കി. സാമ്പത്തികസ്ഥിതി എന്ന ആശയം പരസ്പരം വ്യത്യസ്തമാണ്. ഒരു രാജ്യത്തിന്റെ പ്രധാന സാമ്പത്തിക തെരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയാണ് വികസനം. ഒരു രാജ്യത്തിന്റെ ജിഡിപി ശതമാനം വര്‍ധിപ്പിക്കുന്നതിന് ആ രാജ്യത്തിന്റെ ഏറ്റവും ശക്തമായ മേഖലയെ മനസ്സിലാക്കണം. രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഏറ്റവും ശക്തമായ മേഖല കണ്ടെത്തേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്‌ക്ക് അത് ഗുണം ചെയ്യും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ദാരിദ്ര്യനിരക്ക് കുറയ്‌ക്കാനും ഇതിന് കഴിയും. തൊഴില്‍ നിരക്ക് വര്‍ധിച്ചാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ മേഖലയെ ഗുണപരമായി ബാധിക്കും. ഭാരതത്തിലെ ജനങ്ങളെ കൂടുതല്‍ സ്വയംപര്യാപ്തരാക്കാനും സാമ്പത്തിക അസമത്വം കുറയ്‌ക്കാനും ഇത് സഹായിക്കും. സാമൂഹിക ക്ഷേമത്തിനും പ്രാദേശിക വികസനത്തിനും ഇത് സഹായിക്കുന്നു. ഭാരതത്തിന്റെ സുസ്ഥിര വികസനത്തിനും അത് ഗുണം ചെയ്യും. മൊത്തത്തില്‍, ശരിയായ സാമ്പത്തിക ആസൂത്രണവും നടപ്പാക്കലും രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും സഹായമാകും”; അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സാമ്പത്തിക നിലവാരം പിന്നിലാണെന്ന് കാസര്‍കോട് ഗവ. കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മിഥുന്‍ വെള്ളപ്പോയില്‍ പറഞ്ഞു. വ്യവസായ മേഖല, ഐടി മേഖല, കാര്‍ഷിക മേഖല, ടൂറിസം തുടങ്ങിയ മേഖലകളിലെല്ലാം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമുക്ക് മുന്നിലെത്താന്‍ സാധിച്ചിട്ടില്ല. അതുപോലെ തന്നെ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നില്ല. മികച്ച കോഴ്‌സുകള്‍ പഠിച്ച വിദ്യാര്‍ഥികള്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തിന്റെ സാമ്പത്തിക നിലയില്‍ തന്നെ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ രഞ്ജിത്ത് കാര്‍ത്തികേയന്‍ മോഡറേറ്ററായി. എസ് . ഗോപിനാഥ് സ്വാഗതവും അഡ്വ. സുരേഷ് നന്ദിയും പറഞ്ഞു.