എന്റെ ഏഴാം വയസ്സിലാണ് ഞാന്‍ സംഘത്തിന്റെ ശാഖയില്‍ പോയിത്തുടങ്ങിയത്. അപ്പോള്‍ അന്ധേരിയിലെ ഗുംദവലി ഗ്രാമത്തിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. മുംബൈയില്‍ ചേരികള്‍ രൂപപ്പെട്ടുവരുന്ന കാലമായിരുന്നു അത്. അത്തരം ഒരു ചേരിയിലായിരുന്നു ഞങ്ങളുടെ താമസം. എന്റെ ശാഖ നടന്നിരുന്നത് പശ്ചിമ അന്ധേരിയിലെ ഒരു മാന്തോട്ടത്തിലായിരുന്നു. ഇപ്പോള്‍ അവിടയൊരു ഷോപ്പിങ്ങ് സെന്ററാണ് ഉള്ളത്. അന്ന് ഞാനും എന്റെ പ്രായക്കാരായ അനേകം കുട്ടികളും ശിശു ഗണയിലെ സ്വയംസേവകരായിരുന്നു. അതോടൊപ്പം ഞങ്ങളെക്കാള്‍ പ്രായമധികമുള്ള കുട്ടികളുടെ ബാലഗണയും ശാഖയില്‍ ഉണ്ടായിരുന്നു. അവരുടെയും ഞങ്ങളുടെയും കളികളും കാര്യക്രമങ്ങളും വ്യത്യസ്തങ്ങളായിരുന്നു.
ശാഖയില്‍ എല്ലാ ശിശുസ്വയംസേവകരുടെയും ഒന്നിച്ചുള്ള കളികള്‍, വര്‍ഷത്തില്‍ ഒന്നോ, രണ്ടോ തവണ എല്ലാ സ്വയംസേവകരും ഒരുമിച്ചുള്ള സഹല്‍, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കല്‍, ഗണഗീതം പാടല്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രദാനം ചെയ്ത സംസ്‌കാരം എന്റെ ജീവിതത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു. എന്നാല്‍, ആ കാലത്ത് പ്രസ്തുത സംസ്‌കാരത്തിന്റെ മഹത്വം, അതിന്റെ പരിണതി എന്നിവയെക്കുറിച്ച് എനിക്ക് അറിയുമായിരുന്നില്ല. അത് മനസ്സിലാക്കാനുള്ള ബുദ്ധിവികാസം ആ സമയത്ത് ഉണ്ടായിരുന്നില്ലെന്ന് പറയുന്നതായിരിക്കും ശരി. എന്നാല്‍ ഒരു കാര്യം പറയാം, ശിശുവായിരിക്കുമ്പോള്‍ സംഘശാഖയിലെ അന്തരീക്ഷം, അവിടെ നിന്ന് ലഭിച്ച സംസ്‌കാരം എന്നിവ ജീവിതത്തില്‍ ഒരു കോട്ടവും കൂടാതെ സ്ഥായിയായി നിലനിന്നു പോരുന്നു എന്ന് നിശ്ചയമായും പറയാം.
വിദ്യാഭ്യാസം കഴിയുന്നതുവരെ കൊടിയ ദാരിദ്ര്യമനുഭവിച്ച് ആ ചേരിയില്‍ തന്നെ ജീവിക്കേണ്ടി വന്നു. ശിശുവായിരിക്കുമ്പോള്‍ തന്നെ, ഭക്ഷണമില്ലാത്തതിനാല്‍ അനേകം തവണ വിശന്നുവലയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടായിരിക്കാം, വിശക്കുന്നവരെ കാണുമ്പോള്‍ ഇപ്പോഴും എന്റെ മനസ്സ് വേദനിക്കും; അവരുടെ വിശപ്പ് ശമിപ്പിക്കാന്‍ നിര്‍ബന്ധമായും എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന ചിന്തയുണ്ടാകും.
ഞങ്ങളുടെ ദാരിദ്ര്യത്തിന് മുഖ്യ കാരണക്കാരന്‍ എന്റെ പിതാവ് തന്നെ ആയിരുന്നു. ജാതിപരമായി നോക്കിയാല്‍ ഞങ്ങള്‍ ഭാവസാര്‍ ക്ഷത്രിയരാണ്. തുന്നല്‍പ്പണിയാണ് ഞങ്ങളുടെ പരമ്പരാഗത വൃത്തി. പലയിടങ്ങളിലും പതംഗെ വിഭാഗത്തില്‍ പ്പെട്ട ആളുകള്‍ തുന്നല്‍പ്പണി ചെയ്ത് നല്ല വരുമാനമുണ്ടാക്കി സുഖമായി ജീവിക്കുന്നുണ്ട്.
എന്നാല്‍ തുന്നല്‍പ്പീടിക നടത്തിയിരുന്ന അച്ഛന്റെ ശൈലി രാജകീയ പ്രൗഢിയെ വെല്ലുന്നതായിരുന്നു. കാലത്ത് പീടികയിലെത്താന്‍ പത്ത് മണിയാകും. പീടിക അടിച്ചുവാരി വൃത്തിയാക്കി സാധനങ്ങളും സാമഗ്രികളുമെല്ലാം അതാതു സ്ഥാനത്ത് ഒരുക്കി വെക്കണം. അതിനിടയ്ക്ക് സമയാസമയം ചായകുടിയും വെറ്റിലമുറുക്കലും നടക്കണം. ഉച്ചക്ക് ഊണുമായി ഞാനും സഹോദരനും പീടികയിലെത്തും. ഊണ് കഴിഞ്ഞ ഉടനെ ഉറക്കം നിര്‍ബ്ബന്ധമാണ്. ഉറക്കമുണരുമ്പോള്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിയാകും. നാലുമണിവരെ തുന്നാനുള്ള ഒരുക്കങ്ങളായിരിക്കും. തുണി തയ്യാന്‍ കൊടുത്ത ഒരാള്‍ക്ക് പോലും തുണി കൃത്യസമയത്ത് തുന്നിക്കൊടുത്ത ചരിത്രമില്ല! ”സ്വര്‍ണ്ണപ്പണിക്കാരന്‍, തുന്നല്‍ക്കാരന്‍, ഗ്രാമത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരായ കുല്‍കര്‍ണി, അപ്പാ, ഇവരുമായുള്ള ബന്ധത്തില്‍ നിന്ന് ഈശ്വരന്‍ തന്നെ രക്ഷിച്ച് കരയകറ്റണം” എന്ന ഉക്തി ഓര്‍മ്മിപ്പിച്ച്, തുന്നാന്‍ കൊടുത്തവര്‍ നിരാശരായി തിരിച്ചുപോയ സന്ദര്‍ഭങ്ങള്‍ പലതാണ്. അങ്ങനെ ഉപഭോക്താക്കള്‍ വരാതെയായി, വീട്ടുചെലവിനുള്ള വകപോലും കിട്ടാത്ത അവസ്ഥ വന്നു, ഞങ്ങള്‍ ദാരിദ്ര്യത്തിലായി.
എന്നാല്‍ ഒരു കാര്യം പറയാതെ വയ്യ! അദ്ദേഹം എനിക്ക് വേണ്ടി രണ്ടു നല്ല കാര്യങ്ങള്‍ ചെയ്തു! ഒന്ന്, അദ്ദേഹം സ്വയം എന്നെ സംഘത്തിന്റെ ശാഖയില്‍ കൊണ്ടുചെന്നാക്കുകയാണുണ്ടായത്. രണ്ട്, സംഘസംബന്ധമായ ഏതൊരു കാര്യവും ചെയ്യുന്നതില്‍ നിന്ന് അദ്ദേഹം എന്നെ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തില്ല. കൂടാതെ, പഠിപ്പ് നിര്‍ത്തി ജോലിക്ക് പോകാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടില്ലെന്ന് മാത്രമല്ല ഞാന്‍ ഉന്നത വിദ്യാഭ്യാസം നേടണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
എന്റെ ജീവിതത്തിലെ എല്ലാ കുറവുകളും ഇല്ലായ്മകളും സംഘശാഖയില്‍ ചിലവഴിക്കുന്ന ഒരു മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ പൂര്‍ണമായും മറന്നിരുന്നു. ”ഞാനും എന്തോ ആണ്” എന്ന അനുഭൂതി ശാഖയിലെത്തിയാല്‍ എനിക്ക് ലഭിക്കുമായിരുന്നു.
പരിചയപ്പെടല്‍ ശാഖയില്‍ അത്യന്തം മഹത്വമാര്‍ന്ന ഒരു കാര്യമാണ്. ഒരു ദിവസം ഭാസ്‌കര്‍റാവു മുംഡാലെ എന്റെ ശാഖയില്‍ വന്നു. സ്വയംസേവകരെ പരിചയപ്പെട്ട ശേഷം അദ്ദേഹം ചോദിച്ചു: നിങ്ങള്‍ ആരാണ്? ‘ഞാന്‍ വിദ്യാര്‍ത്ഥിയാണ്’ ഒരാള്‍ പറഞ്ഞു: ”ഞാന്‍ ബ്രാഹ്മണനാണ്” മറ്റൊരു സ്വയംസേവകന്‍ പറഞ്ഞു. ”ഞാന്‍ ഗഡരിയയാണ്” മൂന്നാമത്തെയാള്‍ പറഞ്ഞു. ”ഞാന്‍ മറാഠയാണ്” നാലാമന്‍ പറഞ്ഞു: അങ്ങനെ, എല്ലാവരും പരിചയപ്പെട്ട ശേഷം ഭാസ്‌കര്‍റാവു പറഞ്ഞു: ”നിങ്ങള്‍ എല്ലാവരും പറഞ്ഞത് തെറ്റാണ്. നാമെല്ലാം ഹിന്ദുക്കളാണ്. ഇതുമാത്രമാണ് നമ്മുടെ സ്വത്വം. ഹിന്ദു ആരാണ്? ഈ ദേശത്തെ സ്വന്തം മാതാവാണെന്ന് കരുതുന്നവനാണ് ഹിന്ദു.”
ഞാന്‍ ശാഖാ കാര്യവാഹ് ആയിരുന്ന സമയത്തെ ഒരു സംഭവം ഓര്‍മ്മ വരുന്നു. ഞങ്ങളുടെ ശാഖയുടെ അടുത്ത് ഒരു ദളിത് കുടുംബം താമസിച്ചിരുന്നു. 1965-66 കാലത്ത് ഞാന്‍ ശാഖാ കാര്യവാഹ് ആയിരുന്നപ്പോള്‍ ദളിത് എന്ന വാക്ക് ഇന്നത്തെ പോലെ പ്രചാരം നേടിയിരുന്നില്ല. ആളുകള്‍ അവരെ മഹാര്‍ എന്നാണ് വിളിച്ചിരുന്നത്. ആ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. ആ വീട്ടിലെ കുട്ടി ഗൗതം എന്റെ ശാഖയില്‍ വന്നിരുന്നു. ഒരു ദിവസം അവന്‍ ശാഖയിലെത്തിയില്ല. കാരണമന്വേഷിക്കാന്‍ അവന്റെ വീട്ടില്‍ ചെന്നപ്പോഴാണ് അവന്റെ അച്ഛന്റെ ജോലി നഷ്ടപ്പെട്ടെന്നും അതു കാരണം വീട്ടില്‍ അന്നത്തിനു പോലും വഴിയില്ലെന്നും അറിഞ്ഞത്.
ഈ സംഭവത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അവിടെ വിശ്വഹിന്ദു പരിഷത്തിന്റെ യൂണിറ്റ് ആരംഭിച്ചത്. ”ഒരു വീട്ടില്‍ നിന്ന് ഒരു പിടി ധാന്യം” എന്ന അവരുടെ യജ്ഞം നടക്കുകയായിരുന്നു. പരിഷത്തിന്റെ അത്തരം ഒരു കേന്ദ്രത്തില്‍ നിന്ന് ആ കുടുംബത്തിന് ധാന്യം ലഭിക്കാനുള്ള വ്യവസ്ഥ ഞാന്‍ ചെയ്തു. സംഘത്തില്‍ നിന്ന് ലഭിക്കുന്ന സംസ്‌കാരത്തില്‍ ജാതിചിന്ത ഇല്ലാതിരുന്നതുകൊണ്ട്, ഇപ്രകാരം ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ ജാതിയെ സംബന്ധിച്ചുള്ള ഭാവന ഒരിക്കലും ഉണ്ടായിരുന്നില്ല. ഇവര്‍ എന്റെ ഹിന്ദുബന്ധുക്കളാണ്, അവരെ സഹായിക്കുന്നത് എന്റെ കര്‍ത്തവ്യമാണ് എന്ന ഭാവനയോടെയായിരുന്നു ഞാന്‍ ഇത് ചെയ്തത്.
എന്റെ ‘മീ, മനു ആണി സംഘ്’ എന്ന പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി വായിച്ച എന്റെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു: ”ഈ പുസ്തകത്തില്‍ സംഘത്തില്‍ നിന്ന് നിങ്ങള്‍ക്കുണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ച് മാത്രമാണ് നിങ്ങള്‍ വര്‍ണ്ണിച്ചിരിക്കുന്നത്. നിങ്ങളുടെ ജാതിയുടെ പേരില്‍ അപമാനിക്കപ്പെട്ട അനുഭവം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ലേ?” ”സംഘത്തില്‍ എനിക്ക് ഒരിക്കലും അത്തരമൊരനുഭവം ഉണ്ടായിട്ടില്ല. പക്ഷെ, എന്റെ പൊതുജീവിതത്തില്‍ അത്തരം ഒരു സംഭവം ഉണ്ടായിട്ടുണ്ട്.”
1989ല്‍ സുഹൃത്തായ ശ്രീ.രമേശ് ദേവലെയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ഹൈദരാബാദില്‍ പോയി. അവിടെ നിന്ന് സഹധര്‍മ്മിണിയോടൊപ്പം ഞാന്‍ ശ്രീശൈലത്തേക്ക് പോയി. ഹൈദരാബാദില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ ശേഷാദ്രിചാരിയുടെ ആഗ്രഹമനുസരിച്ച് അവിടത്തെ സംഘപ്രചാരക് എനിക്കൊരു കത്ത് നല്‍കി. ശ്രീശൈലത്തുള്ള നല്ലൊരു ധര്‍മ്മശാലയുടെ മാനേജര്‍ക്കായിരുന്നു ആ കത്ത്. കത്ത് വായിച്ചശേഷം മാനേജര്‍ ഞങ്ങള്‍ക്ക് ഒരു മുറി തന്നു. ആ ധര്‍മ്മശാല ബ്രാഹ്മണരുടേതായിരുന്നു. രാത്രി എല്ലാവര്‍ക്കുമൊപ്പം ഞാന്‍ ഊണ്‍ കഴിക്കാനിരുന്നു. ഊണിന് ശേഷം ഞാന്‍ ആരാണ്? എന്റെ ഗോത്രമേതാണ്? ഞാന്‍ ഏത് വിഭാഗത്തില്‍പ്പെട്ട ബ്രാഹ്മണനാണ്? എന്നെല്ലാം മാനേജര്‍ ആരാഞ്ഞു. ഞാന്‍ ബ്രാഹ്മണനല്ലെന്ന് അദ്ദേഹം പെട്ടെന്നുതന്നെ മനസ്സിലാക്കി.
അടുത്ത ദിവസം ഉച്ചയൂണിന്റെ സമയത്ത് മാനേജര്‍ എന്നോടു പറഞ്ഞു:” ആദ്യത്തെ പന്തിയില്‍ എല്ലാവരോടുമൊപ്പം ഇരുന്ന് ഊണ് കഴിക്കാന്‍ താങ്കള്‍ക്ക് സാധിക്കില്ല. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം മാത്രമേ താങ്കള്‍ക്ക് ഭക്ഷണം വിളമ്പൂ.” അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം വളരെ വ്യക്തമായിരുന്നു. ഇത്തരത്തില്‍ അപമാനിക്കപ്പെട്ടതില്‍ എനിക്ക് വളരെ ദുഃഖം തോന്നി. ഇത്തരത്തിലൊരപമാനം ജീവിതത്തില്‍ മുമ്പൊരിക്കലും എനിക്കുണ്ടായിട്ടില്ല. ഇനി ഒരു നിമിഷനേരം പോലും ഇവിടെ നില്‍ക്കുന്നത് ഉചിതമല്ല എന്ന നിശ്ചയത്തോടെ വളരെ സമാധാനപൂര്‍വ്വം എന്റെ സാധനങ്ങളെല്ലാമെടുത്ത് ഞാന്‍ ആ ധര്‍മ്മശാല വിട്ടു.
ജാതിയുടെ പേരില്‍ ഞാന്‍ അപമാനിക്കപ്പെട്ട എന്റെ ജീവിതത്തിലെ ഏക സംഭവം അതാണ്. അതിന്റെ ഓര്‍മ്മ ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. സംഘത്തിന്റെ കാര്യക്രമങ്ങളുടെ സമയത്ത് ഭക്ഷണം ഒരേ പന്തിയിലിരുന്നാണ് എല്ലാവരും കഴിക്കുക. ഇരിക്കാന്‍ സ്ഥലമില്ലെങ്കില്‍, ബാക്കിയുള്ളവര്‍ അടുത്ത പന്തിയില്‍ ഇരിക്കാം എന്ന നിര്‍ദ്ദേശം കിട്ടാറുണ്ട്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും പറയുന്ന വാക്കുകള്‍ ഒന്നാണെങ്കിലും രണ്ടിന്റെയും പിന്നിലെ ഭാവനയില്‍ വ്യത്യാസമുണ്ട്. ഒരു സ്ഥലത്ത് ജാതിയുടെ മിഥ്യാഹങ്കാരമാണ് പ്രതിഫലിക്കുന്നതെങ്കില്‍, മറ്റേയിടത്ത് അത് കേവലം വ്യവസ്ഥയുടെ ഭാഗമാണ്.
(അവലംബം: രമേശ് പതംഗെയുടെ മെം, മനു ഔര്‍ സംഘ് എന്ന പുസ്തകം)