തോട്ടപ്പള്ളി: നിയമവിരുദ്ധ മണല്‍ ഖനനത്തിനെതിരെ മൂന്നരക്കൊല്ലമായി തുടരുന്ന റിലേ സത്യഗ്രഹ സമരത്തിന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പിന്തുണ. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ പി. പീതാംബരന്‍ സമരപ്പന്തലിലെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. സമുദ്രത്തിന്റെ ആവാസ വ്യവസ്ഥയ്‌ക്കു ഭീഷണിയാകുന്ന തരത്തിലും പാരിസ്ഥിതിക ആഘാതം മൂലം നാട്ടുകാരുടെ കിടപ്പാടവും വസ്തുവകകളും നഷ്ടപ്പെടുത്താനിടയാക്കുന്നതുമായ മണല്‍ക്കൊള്ള അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് പി. പീതാംബരന്‍ ആവശ്യപ്പെട്ടു.
“തോട്ടപ്പള്ളിയിലെ കിടപ്പാടം നഷ്ടപ്പെട്ടവരുടെ ദുരിതത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ മണല്‍ ഖനനം നിര്‍ത്തുകയല്ലാതെ വേറെ വഴിയില്ല. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതും പൊഴി മുറിച്ചാല്‍ വെള്ളം കടലിലേക്ക് ഒഴുകി പ്പോകുന്നതും വര്‍ഷങ്ങളായി നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. അതു മറയാക്കിയാണ് പിണറായി സര്‍ക്കാര്‍, സര്‍ക്കാര്‍ എജന്‍സികളെ മുന്നില്‍ നിര്‍ത്തി ഈ മണല്‍ക്കൊള്ള നടത്തുന്നത്. ലക്ഷക്കണക്കിന് ഘന അടി മണ്ണാണ് 12 മീറ്റര്‍ താഴ്ചയില്‍ കൂറ്റന്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് ഉപയോഗിച്ച് ഊറ്റിയെടുത്തു കൊണ്ടിരുന്നത്. കോടതി ഇടപെട്ടതിനാല്‍ ഡ്രെഡ്ജര്‍ മാറ്റിയെങ്കിലും കൂറ്റന്‍ ജെസിബി ഉപയോഗിച്ച് മണല്‍ വാരല്‍ തുടരുന്നു. മണല്‍ക്കൊള്ളയില്‍ നിന്ന് സിഎംആര്‍എല്‍ന് കിട്ടുന്ന ലാഭത്തിന്റെ പങ്കുപറ്റുന്നവരുടെ ലിസ്റ്റ് അവര്‍തന്നെ കോടതിയില്‍ സമര്‍പ്പിച്ചതാണ്. പിവി, ഒഎം, കെകെ, കെഎം, ആര്‍സി എന്നിങ്ങനെയുള്ള ചുരുക്കപ്പേരുകളില്‍ മറഞ്ഞിരിക്കുന്ന ഒട്ടേറെപ്പേരുണ്ട് ഈ ഇടപാടില്‍ കോടികളുടെ നേട്ടം ഉണ്ടാക്കിയവര്‍. അതുകൊണ്ട് തന്നെ ഈ സമരത്തെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ പിന്തുണക്കുന്നില്ല. സമരസമിതിയാവട്ടെ മൂന്നര വര്‍ഷമായിട്ടും സമരം തുടരുകയും സുപ്രിം കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന പ്രതീക്ഷയില്‍ റിലേ നിരാഹാരം തുടരുകയുമാണ്. ഈ സമരത്തിന് ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘത്തിന്റെ ശക്തമായ പിന്തുണ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.