2022 ഡിസംബറില്‍ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലറായി ചാര്‍ജെടുത്തപ്പോള്‍ പ്രശസ്ത ഭരതനാട്യം നര്‍ത്തകി മല്ലിക സാരാഭായ് പറഞ്ഞത് വള്ളത്തോളിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് താന്‍ ഈ പദവി ഏറ്റെടുത്തതെന്നാണ്. ഏതാണ്ട് അടച്ചുപൂട്ടലിന്റെ വക്കിലാണ് ആ സ്ഥാപനം ഇപ്പോള്‍. ഇതായിരുന്നോ വള്ളത്തോളിന്റെ സ്വപ്‌നം? മല്ലിക അവിടെ കാലെടുത്തു വെച്ചതോടെ സരസ്വതി അവിടെ നിന്ന് സ്ഥലം വിട്ടുവെന്നും പകരം ചേട്ടാ ഭഗവതി വിളയാട്ടം തുടങ്ങി എന്നുമാണ് അവിടുത്തെ കലാകാരന്മാര്‍ പറയുന്നത്. ഒരൊറ്റ പൈസ പോലും മല്ലികയ്ക്ക് പ്രതിഫലമായി നല്‍കേണ്ടതില്ല എന്നാണ് കൊടച്ചക്രവീരന്‍ സാംസ്‌കാരിക മന്ത്രി അന്ന് പറഞ്ഞത്. അത് വളരെ ശരിയാണ്. പകരം ഓണറേറിയമായി രണ്ടു ലക്ഷം രൂപയാണ് നല്‍കുന്നത്. മല്ലിക ചോദിച്ചത് മൂന്നു ലക്ഷമായിരുന്നു. കലാമണ്ഡലം ഭാരവാഹിയായ, സഖാവ് എന്‍.ആര്‍.ഗ്രാമ പ്രകാശ് ഇക്കാര്യം പത്രക്കാര്‍ക്ക് ചോര്‍ത്തി കൊടുത്തതോടെ സംഗതി വിവാദമായി. അതുകൊണ്ട് ഓണറേറിയവും മറ്റു ചെലവും കൂടി രണ്ടു ലക്ഷമാക്കി ചുരുക്കി. ആണ്ടറുതിക്കെങ്ങാന്‍ ആ വഴി പോയാല്‍ പോലും മല്ലിക കലാമണ്ഡലത്തില്‍ താമസിക്കില്ല. പുറത്ത് ആഡംബര ഹോട്ടലിലേ തങ്ങൂ. കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവി എന്ന അലങ്കാരവും അതിന്റെ പേരില്‍ ചോദിച്ചു വാങ്ങിയ ലക്ഷങ്ങളും അധികച്ചെലവ് എന്നതല്ലാതെ കലാമണ്ഡലത്തിന് ആ മഹതിയെക്കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല എന്ന് അനുഭവസ്ഥര്‍ പറയുന്നു.
ചക്രശ്വാസം വലിക്കുന്ന കലാമണ്ഡലത്തെ ഉത്തരരേന്ത്യയിലും വിദേശത്തും നിരവധി പരിപാടികള്‍ വഴി കുബേരന്റെ നാടാക്കി മാറ്റുമെന്നാണ് മല്ലികയെ കൊണ്ടുവന്നവര്‍ അവകാശപ്പെട്ടത്. അതു കേട്ട് കലാപരിപാടികളുടെ തിരക്കില്‍ നിലംതൊടാന്‍ സമയം കിട്ടില്ല എന്ന് സ്വപ്‌നം കണ്ട് കുടിനീരിറക്കിയ കലാമണ്ഡലത്തിലെ കലാകാരന്മാരുടെ വയറ് ഇപ്പോള്‍ നട്ടെല്ലിനോട് ചോദിക്കുകയാണ് കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തിലേക്ക് ഇനി എത്ര ദൂരമുണ്ട് സഖാവേ എന്ന്! അതിനിടക്കാണ് അവിടുത്തെ നൂറ്റി ഇരുപത്തിയൊന്ന് താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് അവരുടെ തലയില്‍ പൊട്ടിവീണത്. ഒരു നോട്ടീസുപോലും നല്‍കാതെ ഒരു സുപ്രഭാതത്തില്‍ ഇറക്കിയ ഉത്തരവാണ്. ഒച്ചപ്പാടായപ്പോള്‍ സാംസ്‌കാരിക മന്ത്രി അത് മരവിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ പോയാല്‍ കലാമണ്ഡലം പൂട്ടി താക്കോല്‍ സജി ചെറിയാന്റെ കയ്യില്‍ കൊടുത്തേ മല്ലിക പോകൂ.