സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥാ ഭാഗങ്ങള്‍ ‘അപ്രതീക്ഷിതമായി’ പുറത്തുവന്നത് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ഇങ്ങനെയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടതിനോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും പാര്‍ട്ടി നേതൃത്വത്തിന് നിശ്ചയമില്ലായിരുന്നു. ആത്മകഥാരചന നിഷേധിക്കാതെ, അതിലെ ഉള്ളടക്കമെന്ന പേരില്‍ പുറത്തുവന്ന വിവരങ്ങളെ തള്ളിപ്പറഞ്ഞ ഇപിയുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. രണ്ട് പൊതു തിരഞ്ഞെടുപ്പുകളുടെ പോളിംഗ് ദിവസമായതിനാല്‍ ഇങ്ങനെയൊരു പ്രതികരണത്തിനല്ലാതെ മറ്റൊന്നിനും പാര്‍ട്ടി സെക്രട്ടറിക്ക് നിര്‍വ്വാഹമില്ലായിരുന്നു എന്നതാണ് വസ്തുത. തിരഞ്ഞെടുപ്പ് കാലമല്ലായിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കില്ല പ്രതികരണമെന്ന് ഉറപ്പാണ്. നെയ്യാറ്റിന്‍കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനിടെ വി.എസ്. അച്യുതാനന്ദന്‍, സിപിഎം കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ വീട്ടില്‍ സന്ദര്‍ശിച്ചതുപോലുള്ള ഞെട്ടലാണ് ഇ.പി. സിപിഎമ്മിന് നല്‍കിയത്.
ഇ.പി. ജയരാജന്‍ ആവര്‍ത്തിച്ച് നിഷേധിച്ചതിനേക്കാള്‍ ഇപിയുടെ ആത്മകഥയിലേതായി വന്ന വിവരങ്ങളാണ് മുഖവിലയ്ക്കെടുക്കാവുന്നത്. ഒന്നാമതായി താന്‍ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ഇപി സമ്മതിക്കുന്നുണ്ട്. അത് പരിശോധിച്ച് പിഴവു തീര്‍ക്കാന്‍ വിശ്വസ്തനായ ഒരു മാധ്യമ പ്രവര്‍ത്തകനെ ഏല്‍പ്പിച്ചതും സമ്മതിക്കുന്നുണ്ട്. ആത്മകഥയ്ക്ക് എന്ത് പേരിടുന്നു, ആര് പ്രസിദ്ധീകരിക്കുന്നു എന്നതൊക്കെ അത്ര പ്രാധാന്യമുള്ള കാര്യമല്ല. എന്ത് പേര് വേണമെങ്കിലുമിടാം. ആര്‍ക്കുവേണമെങ്കിലും പ്രസിദ്ധീകരണത്തിനു നല്‍കാം. ഉള്ളടക്കം എന്താണെന്നതേ വായനക്കാര്‍ക്ക് അറിയേണ്ടതുള്ളൂ.
വസ്തുതകള്‍ വാചാലം
ആത്മകഥയിലേതായി പുറത്തുവന്ന കാര്യങ്ങളൊന്നും ഇപിക്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നതും, തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയതും, സീനിയോറിട്ടിയും പ്രവര്‍ത്തന പാരമ്പര്യവും പരിഗണിക്കുമ്പോള്‍ അര്‍ഹതയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറിയുടെ പദവി നിഷേധിക്കപ്പെട്ടതുമൊക്കെ പലപ്പോഴായി വാര്‍ത്തകളായതാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും, കോണ്‍ഗ്രസില്‍ നിന്നുവന്ന പി.സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് വയ്യാവേലിയാവുമെന്നും മറ്റുമുള്ള ചില കാര്യങ്ങള്‍ മാത്രമാണ് പുതുമയുള്ളത്. ഇപിയുടെ ശൈലി കണക്കിലെടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ പറയാനുള്ള സാധ്യതയുണ്ടുതാനും.
ഇപിയുടെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ആത്മകഥയിലുണ്ടാവുമെന്നാണ് മാധ്യമ വാര്‍ത്തകളില്‍നിന്ന് മനസ്സിലാവുന്നത്. ആത്മകഥ ഏതാണ്ട് മുഴുവനായിത്തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. പാര്‍ട്ടിയിലെ പാരമ്പര്യം, പടിപടിയായി നേതൃത്വത്തിലേക്ക് ഉയര്‍ന്നത്, ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം രണ്ട് കോടി രൂപയും, ‘ലിസ്’ എന്ന സ്വകാര്യ സാമ്പത്തിക സ്ഥാപനത്തില്‍നിന്ന് ഒരു കോടി രൂപയും കൈപ്പറ്റിയത്, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞുവരുമ്പോള്‍ ട്രെയിനില്‍ വച്ച് വെടിയേറ്റത്. ഇതൊക്കെ ഇപ്പോള്‍ പറയേണ്ട ആവശ്യമുണ്ടെന്ന് ഇപിക്ക് തോന്നിയിരിക്കാം. കാരണം പാര്‍ട്ടി നേതൃത്വത്തിന് താന്‍ അനഭിമതനായിരിക്കുന്നു, അവഗണിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ ഇപിക്കുണ്ട്. ഈ ഘട്ടത്തില്‍ ഒരു തുറന്നുപറച്ചില്‍ നടത്തിയില്ലെങ്കില്‍ അത് പാര്‍ട്ടിയിലെ തന്റെ എതിരാളികളെ വെറുതെ വിടുന്നതിന്ന് തുല്യമായിരിക്കുമെന്നും ഇപിക്ക് അറിയാം.
ഇപി അറിഞ്ഞാണോ ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്നത്, അതല്ല ആരെങ്കിലും ഉള്ളടക്കം ചോര്‍ത്തുകയായിരുന്നോ എന്നൊക്കെ ഇനിയും വ്യക്തമാകേണ്ടതുണ്ട്. ആത്മകഥ വായിച്ചുനോക്കാന്‍ വിശ്വസ്തനായ മാധ്യമപ്രവര്‍ത്തകനെ ഏല്‍പ്പിച്ചതായി ഇപി പറയുന്നുണ്ടല്ലോ. ഈ മാധ്യമപ്രവര്‍ത്തകന്‍ ദേശാഭിമാനി പത്രത്തിലുള്ള ആളുമാണത്രേ. ഇയാള്‍ ഇപിയെ വഞ്ചിച്ചിരിക്കുമോ? അതോ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി ഇപിയുടെ ശത്രുക്കളില്‍ ആരെങ്കിലും ഇയാളെ സ്വാധീനിച്ചിരിക്കുമോ? പാര്‍ട്ടി ഓഫീസ് മുറിയില്‍ ഒളിക്യാമറ വയ്ക്കാന്‍ പോലും മടിക്കാത്തവര്‍ എന്തൊക്കെയാണ് ചെയ്തുകൂടാത്തത്?
ഇക്കാര്യത്തിലുള്ള സത്യാവസ്ഥ എന്തായിരുന്നാലും ഇപ്പോഴത്തെ വിവാദം ഒരു ടെസ്റ്റ് ഡോസായാണ് ഇ.പി. ജയരാജന്‍ കാണുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. പാര്‍ട്ടിയില്‍ ഇനിയും അവഗണിക്കപ്പെട്ടാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന നിശ്ശബ്ദമായ മുന്നറിയിപ്പ് ഇപിയുടെ പ്രതികരണത്തിലുണ്ട്. ഇത് പക്ഷേ വിചാരിക്കുന്നതുപോലെ അത്ര സുഗമമായിരിക്കില്ല. ഇതിന് കാരണങ്ങള്‍ പലതുണ്ട്. പിണറായിയുടെ വിശ്വസ്തനായിരുന്ന ഇപി ഇടക്കാലത്ത് അനഭിമതനാവുകയാണുണ്ടായത്. പിണറായിയുടെ ഇഷ്ടക്കേട് പിടിച്ചുപറ്റിയ ഒരാള്‍ക്ക് ഇപ്പോഴത്തെ നിലയ്ക്ക് സിപിഎമ്മില്‍ അതിജീവിക്കാന്‍ വളരെ പ്രയാസമാണ്. എല്ലാ കമ്മ്യൂണിസ്റ്റ് ഏകാധിപതികളെയും പോലെ പിണറായിയും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇതിനെതിരെ പലതലങ്ങളില്‍ അമര്‍ഷമുണ്ടെങ്കിലും പരസ്യമായ ഏറ്റുമുട്ടലിന് ആരും തയ്യാറല്ല. എം.എ.ബേബിയും ഡോ. തോമസ് ഐസക്കുമൊക്കെ അവസരം പാര്‍ത്ത് കഴിയുന്നുണ്ടെങ്കിലും ഇക്കൂട്ടര്‍ക്ക് ബലഹീനതകള്‍ നിരവധിയാണ്.
ആത്മകഥയിലെ ടൈം ബോംബ്
എം.വി. ഗോവിന്ദനാണ് പാര്‍ട്ടിയില്‍ ഇപിയുടെ മറ്റൊരു ശത്രു. ഇപിക്ക് അര്‍ഹമായ സംസ്ഥാന സെക്രട്ടറി പദവി എങ്ങനെയോ പിണറായിയുടെ പ്രീതി പിടിച്ചുപറ്റി ഗോവിന്ദന്‍ നേടിയെടുത്തതാണ്. ഇക്കാര്യത്തില്‍ തന്റെ പ്രതിഷേധം ഇപി ഒന്നിലധികം തവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. ഇപ്പോഴത്തെ റെഡ് ബുക്കിലൂടെ ഇപി തന്നെയും ലക്ഷ്യമിടുന്നതായി ഗോവിന്ദന് നന്നായറിയാം. അങ്ങനെയല്ലെന്ന് വരുത്താന്‍ കൂടിയാണ് ഇപി പറയുന്നത് മുഖവിലയ്ക്കെടുക്കുന്നു, ആത്മകഥ ബോംബൊന്നുമല്ല എന്നൊക്കെ ഗോവിന്ദന്‍ പറയുന്നത്. പിണറായിയുടെ പിന്തുണയില്ലാതെ പാര്‍ട്ടിയില്‍ ഇപിക്കെതിരെ നീങ്ങാന്‍ ഗോവിന്ദന് കഴിയില്ല. പാര്‍ട്ടിയുടെ പാട്ടക്കാരനെപ്പോലെ പെരുമാറുന്ന ഗോവിന്ദനുളള ശക്തമായ മുന്നറിയിപ്പുമാണ് ഇപിയുടെ ആത്മകഥാ രചന. ആത്മകഥ പൂര്‍ത്തിയായിട്ടില്ല എന്നാണ് ഇപി പറയുന്നത്. അങ്ങനെ യെങ്കില്‍ അതൊരു ടൈം ബോംബായി മാറാനുള്ള സാധ്യത വളരെയധികമാണ്.
കമ്യൂണിസ്റ്റ് നേതാക്കളുടെ പുസ്തകരചന സത്യസന്ധമാവുക പതിവില്ല. കാലാകാലങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന അവസരവാദ നിലപാടുകളുടെ ഉപോല്‍പ്പന്നങ്ങളാവും ഇക്കൂട്ടരുടെ എഴുത്ത്. ഒരിക്കല്‍ എഴുതിയത് മാറ്റിപ്പറയാനോ വളച്ചൊടിക്കാനോ ദുര്‍വ്യാഖ്യാനിക്കാനോ അപ്പാടെ നിഷേധിക്കാനോ ഇവര്‍ക്ക് യാതൊരു മടിയുമുണ്ടാവില്ല. ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ രീതിയുടെ ആചാര്യനായിരുന്നു. എപ്പോഴും ഏതു വിഷയത്തിലും താന്‍ മാത്രമാണ് ശരിയെന്നു വരുത്താനുള്ള യാന്ത്രികമായ സമീപനം ഇഎംഎസിന്റെ രചനയിലുടനീളം കാണാം. ഇഎംഎസിന്റെ ആത്മകഥപോലും വല്ലാതെ വരണ്ടുപോയ ഒന്നാണ്.
ഇഎംഎസിന്റെ എഴുത്ത് ബൗദ്ധിക വ്യായാമം പോലുമല്ലായിരുന്നു. വെറും യാന്ത്രികമായ ദിനചര്യ. ഓരോ പ്രഭാതത്തിലും സൂര്യന്‍ ഉദിക്കുന്നുണ്ടെങ്കില്‍ ഇഎംഎസ് എഴുതിയിരിക്കും എന്നൊക്കെ ചിലര്‍ വാഴ്ത്തിയിട്ടുണ്ടെങ്കിലും ആഖ്യാനത്തിലെ പുതുമയോ ആശയപരമായ ഉള്‍ക്കാഴ്ചയോ ഒന്നും ഇഎംഎസിന്റെ എഴുത്തിന് അവകാശപ്പെടാനാവില്ല. മാര്‍ക്സിസം-ലെനിനിസത്തിന്റെ ആശയാടിത്തറയില്‍ വിമോചനത്തിന്റെ ഇന്ത്യന്‍ പാത വെട്ടിത്തുറക്കാന്‍ സംഭാവന ചെയ്തു എന്നും മറ്റും ആത്മപ്രശംസ നടത്തിയിട്ടുണ്ടെങ്കിലും സ്റ്റാലിനിസ്റ്റായിരുന്ന ഇഎംഎസ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കണ്‍മുന്നില്‍ കണ്ടിട്ടും സ്റ്റാലിനിസം ഉപേക്ഷിക്കാന്‍ ഒരുക്കമായിരുന്നില്ല. തന്റെ എഴുത്തിലെ വൈരുദ്ധ്യങ്ങള്‍ ഇഎംഎസിന് ഒരു പ്രശ്നമായിരുന്നില്ല. ഒരേ വിഷയത്തില്‍ ഇഎംഎസ് സ്വീകരിച്ചിട്ടുള്ള കടകവിരുദ്ധമായ നിലപാടുകള്‍ എടുത്തുകാട്ടി കെ.എം. ചുമ്മാര്‍ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.
കാപട്യത്തിന്റെ അക്ഷരക്കൂട്ടുകള്‍
എഴുത്തിലെ കമ്യൂണിസ്റ്റ് അവസരവാദത്തിനും കാപട്യത്തിനും ഒന്നാന്തരം ഉദാഹരണമാണ് പി.ജയരാജന്റെ ‘കേരളം- മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം. കാപട്യത്തിന്റെ ഘോഷയാത്രയാണ് ഈ പുസ്തകം. ഇസ്ലാമിക മതമൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ആശയരൂപമായ ‘രാഷ്ട്രീയ ഇസ്ലാം’ എന്ന പേരുപോലും ഇടതുപക്ഷവും സിപിഎമ്മും ഉച്ചരിക്കാറില്ല. എന്നിട്ടാണ് പുസ്തകത്തിന്റെ പേരില്‍ തന്നെ അത് കൊടുത്തിട്ടുള്ളത്. മുസ്ലിം മതതീവ്രവാദത്തിന്റെ ആള്‍രൂപമായി മാറിയ അബ്ദുള്‍ നാസര്‍ മദനിയെയും, രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമിയെയും പി.ജയരാജന്‍ പുസ്തകത്തില്‍ തള്ളിപ്പറയുന്നത് രാഷ്ട്രീയ അവസരവാദത്തിന്റെ അങ്ങേയറ്റമാണ്. കോയമ്പത്തൂര്‍ ബോംബുസ്ഫോടനക്കേസിലും ബെംഗളൂരു ബോംബു സ്ഫോടനക്കേസിലും പ്രതിയായ മദനിക്കുവേണ്ടി നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും, മദനിയുടെ മതഭ്രാന്തരായ അണികളെപ്പോലും ലജ്ജിപ്പിക്കുന്നവിധത്തില്‍ മദനിക്കുവേണ്ടി വാദിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഎം. സിപിഎം അവകാശപ്പെടുന്നതുപോലെ ഒരു മനംമാറ്റം മദനിക്ക് ഒരുകാലത്തും ഉണ്ടായിട്ടില്ല, ഉണ്ടാകാനും പോകുന്നില്ല.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പിഡിപിയുമായി സിപിഎം സഖ്യമുണ്ടാക്കി. അന്ന് മദനിയുമായി മലപ്പുറത്ത് വേദി പങ്കിട്ട പിണറായി വിജയനാണ് രാഷ്ട്രീയ ഇസ്ലാമിനെ ‘തള്ളിപ്പറയുന്ന’ പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിലെ എല്ലാ നിലപാടുകളെയും പിന്തുണയ്ക്കുന്നില്ല എന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. എന്തൊക്കെ നിലപാടുകളാണിതെന്ന് പിണറായി പറഞ്ഞില്ല. മദനി-പിഡിപി-ജമാഅത്തെ ഇസ്ലാമിയുമായുള്ള സിപിഎം ബന്ധം ഇപ്പോള്‍ പ്രസക്തമല്ലെന്നാണ് പി.ജയരാജന്‍ പ്രതികരിച്ചത്. രണ്ടും അവസരവാദപരവും കാപട്യവുമാണ്. എന്തായിരുന്നാലും ഇത്തരം കാപട്യം ഇ.പി.ജയരാജന്‍ സ്വീകരിക്കുന്നില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ ആത്മകഥകള്‍ ശ്രദ്ധിക്കപ്പെടാറുള്ളത് ഉള്ളടക്കത്തിന്റെ മൂല്യംകൊണ്ടോ സാഹിത്യഗുണം കൊണ്ടോ അല്ല. മൊഹിത് സെന്നിന്റെ ‘എ ട്രാവലര്‍ ആന്‍ഡ് ദ റോഡ്’, ചെറുകാടിന്റെ ‘ജീവിതപ്പാത’, കെ. വേണുവിന്റെ ‘ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്‍പം’ എന്നിങ്ങനെ അപൂര്‍വം ചിലതു മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്. പാര്‍ട്ടി രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതോ, പാര്‍ട്ടിയുടെ നിലപാടുകളെ തള്ളിപ്പറയുന്നതോ, പാര്‍ട്ടിയുടെ തെറ്റുകള്‍ ഏറ്റുപറയുന്നതോ ചെയ്യുന്നതിനാലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ ആത്മകഥയും ജീവചരിത്രവും വായനക്കാരെ ആകര്‍ഷിക്കുന്നത്. കെ.ദാമോദരന്റെ ഓര്‍മക്കുറിപ്പുകള്‍, സി. അച്യുത മേനോന്റെ കത്തുകള്‍, എം.വി. രാഘവന്റെ ആത്മകഥയായ ഒരു ജന്മം, ആത്മകഥ എന്ന പേരിലുള്ള കെ.ആര്‍.ഗൗരിയമ്മയുടെ ആത്മകഥ തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇ.പി. ജയരാജനും ആത്മകഥയ്ക്കും എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.