നാലായിരം വർഷങ്ങൾക്കും മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചിരുന്ന സിന്ധു നദീതട നാഗരികതയുടെ (Indus valley civilization) യഥാർത്ഥ ചരിത്രം ഇന്നും നിഗൂഢമായി തുടരുന്ന ഒരു പ്രഹേളികയാണ്. ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതും അഞ്ച് ദശലക്ഷം ജനസംഖ്യയുണ്ടായിരുന്നതുമായ സിന്ധു നദീതട നാഗരികത വെങ്കലയുഗത്തിലെ ഏറ്റവും വലിയ നാഗരികതയായിരുന്നു. ആസൂത്രിത നഗരങ്ങൾ, ജലനിർഗ്ഗമനസംവിധാനങ്ങൾ, അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയ മേഖലകളിൽ ഈ നാഗരികത ശ്രദ്ധേയമായ പുരോഗതി പ്രാപിച്ചിരുന്നു. സിന്ധു നാഗരികതയുടെ വളർച്ച പൂർണ്ണത പ്രാപിച്ചത് 2600 ബി.സി.ഇ. കാലഘട്ടത്തോട് കൂടിയാണെങ്കിലും. ബി.സി.ഇ. 7000 കാലഘട്ടത്തിലെ ഭിരാന, മെഹ്ർഗഡ് തുടങ്ങിയ ആദ്യകാല നഗര കേന്ദ്രങ്ങളിൽ നിന്ന്, 1400 ബി.സി.ഇ കാലഘട്ടത്തിലെ ബെയ്റ്റ് ദ്വാരക മുതലായ നവീന നഗര കേന്ദ്രങ്ങളിലേക്ക് സംസ്കൃതിയുടെ ഘട്ടം ഘട്ടമായുള്ള പരിണാമം പുരാവസ്തു ശേഷിപ്പുകളിൽ നിന്ന് നിരീക്ഷിക്കാവുന്നതാണ്. ഒരു പ്രാചീന സംസ്കൃതിയുടെ അടിസ്ഥാനസ്വഭാവം നിർണയിക്കുന്നതിൽ അവശ്യം വേണ്ടുന്ന ഒന്നാണ് ആ ജനതയുടെ ഭാഷയെപ്പറ്റിയുള്ള അറിവ്. പ്രാചീന നാഗരികതകളിലെ ഭാഷയെപ്പറ്റിയുള്ള അറിവ് തദ്ദേശീയർ ശേഷിപ്പിച്ച ലിഖിതങ്ങളുടെ വായനയിലൂടെയേ സാധ്യമാകൂ. സൈന്ധവ നാഗരികതയുടെ ചരിത്രരഹസ്യങ്ങൾ അനാവരണം ചെയ്യുന്നതിലെ പ്രധാന പ്രതിബന്ധം ഒരു നൂറ്റാണ്ടിലേറെയായുള്ള ശ്രമങ്ങൾക്ക് ശേഷവും സൈന്ധവ ലിഖിതങ്ങൾ നമുക്ക് വായിക്കാൻ കഴിഞ്ഞിട്ടില്ല എന്ന പരിമിതിയായിരുന്നു. ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്തിയ ചില ഗവേഷകർ ആര്യാധിനിവേശമെന്ന വ്യാജ ചരിത്രാഖ്യാനത്തിന് രൂപം നൽകി. സംസ്കൃതം പ്രാചീന സൈന്ധവ നാഗരികതയിലേക്ക് മധ്യേഷ്യയിൽ നിന്ന് കുടിയേറി വന്നവരുടെ ഭാഷയാണെന്നും സൈന്ധവരുടെ തദ്ദേശീയ സംസ്കാരവും ഭാഷയും ദ്രാവിഡമായിരുന്നുവെന്നും മറ്റുമുള്ള കല്പനകൾ ഈ സിദ്ധാന്തത്തിൻറെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ടു. സൈന്ധവ ലിപി വായന കീറാമുട്ടിയായി തുടരുക മൂലം ഗവേഷകരുടെയിടയിൽ ഈ വിഷയത്തിൽ ഒരു അഭിപ്രായ സമന്വയം ഉണ്ടാവുകയെന്നത് തീർത്തും അസംഭവ്യമായിത്തീർന്നിരുന്നു. എന്നാൽ ഈ രംഗത്ത് വിപ്ലവാത്മകമായ മുന്നേറ്റം കൊണ്ടുവരാൻ സമർത്ഥമായ ഒരു ഗവേഷണം ഒടുവിൽ വെളിച്ചം കണ്ടിരിക്കുന്നു. ഗവേഷകനായ യജ്ഞദേവം ഏതാണ്ട് നാല് വർഷത്തോളം നീണ്ട തന്റെ സപര്യയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.
സൈന്ധവ നാഗരികതയുടെ പുരാവസ്തു ശേഷിപ്പുകളിൽ സൈന്ധവ മുദ്രകളും (Indus Seals) ലിപികളും (Indus Scripts) ആലേഖനം ചെയ്ത ഫലകങ്ങളും ഉൾപ്പെടുന്നു. ഹാരപ്പയിലെ ആദ്യ ഉൽഖനനം (1921) മുതൽ ഈയടുത്ത കാലം വരെ സൈന്ധവ ലിപിയുടെ ഭാഷയേതെന്നത് അജ്ഞേയമായി തുടർന്നു. ഏറ്റവും പഴക്കം ചെന്ന സിന്ധു മുദ്ര ബി. സി. ഇ. 4000 കാലഘട്ടത്തിലെ കുനാലിൽ നിന്നുള്ളതാണ്.(ASI, 2004). ബി. സി. ഇ. നാലാം സഹസ്രാബ്ദത്തിന്റെ മധ്യം മുതൽ ഒടുക്കം വരെയുള്ള പുരാവസ്തു രേഖകളിൽ മുതൽക്കാണ് സൈന്ധവ ലിപിയിലുള്ള മുദ്രകൾ ആരംഭിക്കുന്നത്. 1900 ബി. സി. ഇ. ക്ക് ശേഷമുള്ള സൈന്ധവ ലിപിയിലുള്ള മുദ്രകൾ പുരാവസ്തു രേഖകളിൽ അപൂർവമാണ്. ബി. സി. ഇ. 800 മുതൽ വാരണാസിയിലെ നാണയങ്ങളിലും ബി. സി. ഇ. 300 ലെ മൌര്യ കാലഘട്ടത്തിലെ നാണയങ്ങളിലും സി. ഇ. 50 കാലഘട്ടം വരെയുള്ള ദക്ഷിണേന്ത്യയിലെ മഹാശിലാസംസ്കാര ശേഷിപ്പുകളിലും (ചെങ്കൽപേട്ട്) സൈന്ധവ ചിഹ്നങ്ങൾ കാണപ്പെടുന്നു. തമിഴ് നാട്ടിലെ കീഴടിയിൽ നിന്ന് ബ്രാഹ്മി-സൈന്ധവ സംയുക്ത മുദ്രകൾ ലഭിച്ചിട്ടുണ്ട്. പുരാവസ്തു ഖനനങ്ങളിൽ നിന്നുള്ള 4300-ലധികം സൈന്ധവ ലിഖിതങ്ങളാണ് ഇതുവരെയും ലഭ്യമായിട്ടുള്ളത്, ഇവയിൽ പത്തിൽ കൂടുതൽ ചിഹ്നങ്ങളുള്ള അമ്പതോളം ലിഖിതങ്ങളുണ്ട്.
സഞ്ചാരികൾക്ക് വളരെ അകലെ നിന്ന് കാണാൻ ഉദ്ദേശിച്ച് നിർമിക്കപ്പെട്ടതാണ് ഗുജറാത്തിലെ ധോലവീരയിൽ നിന്ന് കണ്ടെത്തിയ സൈന്ധവ ലിപിയിലുള്ള നാമഫലകം. സൈന്ധവ ലിപി ഒരു സംസാര ഭാഷയുടെ എഴുത്ത് രൂപമാണെന്നതിന്റെ വ്യക്തമായ തെളിവാണിത്. സൈന്ധവ ലിഖിതങ്ങളിലെ എഴുത്തിന്റെ ലേഖനദിശ വലത്തു നിന്ന് ഇടത്തോട്ടാണെന്ന കാര്യത്തിൽ ഗവേഷകരുടെയിടയിൽ ഏകാഭിപ്രായമാണുള്ളത്. ചൈനീസ് ലിപി പോലെ, ഒരു ചിഹ്നം ഒരക്ഷരത്തിനു പകരം ഒരു പൂർണ്ണമായ വാക്കിനെ കുറിക്കുന്ന ലോഗോഗ്രാഫിക് ലിപി ആകാം സൈന്ധവ ലിപിയും എന്ന് ചിലർക്ക് അഭിപ്രായമുണ്ടായിരുന്നു. ലോഗോഗ്രാഫിക് ലിപികളുടെ സവിശേഷത കുറഞ്ഞ ആവൃത്തിയും വിപുലമായ ചിഹ്നസഞ്ചയവുമാണ്. സൈന്ധവ ലിപിയിലെ ചിഹ്നങ്ങളെയെല്ലാം സംഗ്രഹിച്ചാൽ 76 ചിഹ്നങ്ങളിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. മാത്രമല്ല, ഒരേ ലിഖിതത്തിൽ ഒരേ അടയാളം ഒന്നിലധികം തവണ ആവർത്തിക്കുന്ന രീതിയും കാണപ്പെടുന്നതിനാൽ സൈന്ധവ ലിപി ലോഗോഗ്രാഫിക് വർഗത്തിലുള്ളതല്ല, മറിച്ച് ഒരു ചിഹ്നം ഒരക്ഷരത്തെ കുറിക്കുന്നതായ അക്ഷരവർഗത്തിൽ (syllabic) അല്ലെങ്കിൽ ഖണ്ഡിത (segmental) വർഗത്തിലുള്ളതാണെന്ന് ശാസ്ത്രീയമായി നിർണ്ണയിക്കപ്പെടുന്നു.
സൈന്ധവലിപി വായിക്കാനായി മുൻ കാലങ്ങളിൽ നടത്തിയ ഒട്ടു മിക്ക ഉദ്യമങ്ങളും ആ ലിപിയെ ലോഗോഗ്രാഫിക് വർഗ്ഗത്തിൽ പരിഗണിച്ചു കൊണ്ടുള്ളവയാണ്. ഒരു ചിഹ്നത്തിന്റെ അർത്ഥം അതിന്റെ രൂപത്തിൽ നിന്ന് ഊഹിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ രീതിയിൽ, തുടർന്ന് ഒരു ഹ്രസ്വ ലിഖിതത്തിലെ ചിഹ്നങ്ങളെ കൂട്ടി വായിക്കാൻ ശ്രമിക്കുന്നു. അസ്‌കോ പർപ്പോളയുടെ (Asko Parpola) ഫിൻലൻഡ് ഗവേഷക സംഘത്തിന്റെ ഉദ്യമം ഇതിന് ഉദാഹരണമാണ്. ഈ മാതൃകയിൽ, ഊഹത്തെ അടിസ്ഥാനമാക്കിയ നിരവധി ഗവേഷകരുടെ ഫലങ്ങൾ അന്യോന്യം വിലക്ഷണങ്ങളായിട്ടാണിരിക്കുന്നത്. മാത്രമല്ല വളരെ ഹ്രസ്വമായ ലിഖിതങ്ങൾ മാത്രമേ ഈ രീതിയിൽ വായിക്കപ്പെട്ടിട്ടുള്ളൂ എന്നതിനാലും ഇവയെല്ലാം അഭിജ്ഞസമ്മതി നേടുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. ഐരാവതം മഹാദേവൻ നടത്തിയ പഠനങ്ങളും കുറച്ചു കാലം വാർത്തകളിൽ നിറഞ്ഞുവെങ്കിലും വിശ്വാസയോഗ്യമായി സ്വീകരിക്കപ്പെട്ടില്ല. ഈജിപ്ഷ്യൻ ഹൈറോഗ്ലിഫുകൾക്കും സുമേറിയൻ ക്യൂണിഫോമിനും സദൃശമായ സൈന്ധവ ചിഹ്നങ്ങൾ അതേ അർത്ഥത്തെ പ്രതിനിധീകരിക്കുന്നുവെന്ന സങ്കല്പച്ചതിനു ശേഷം, അവയെ തദ്ദേശീയ സാംസ്കാരിക സന്ദർഭങ്ങളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന രീതിയാണ് അദ്ദേഹം പൊതുവിൽ അവലംബിച്ചത്. ഹ്രസ്വമായ ലിഖിതങ്ങൾ മാത്രമേ ഈ രീതിയിലും വായിക്കപ്പെട്ടിട്ടുള്ളൂ. അവിടവിടെയുള്ള ഏതാനും വാക്കുകൾ ഊഹിക്കപ്പെട്ടുവെന്നതൊഴിച്ചാൽ ലിഖിതങ്ങളുടെ അർഥപൂർവ്വകമായ സന്ദേശം വ്യുത്പന്നമാക്കുന്നതിൽ മേൽപ്പറഞ്ഞ വായനകളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.
ഈ പശ്ചാത്തലത്തിലാണ് യുവ ഗവേഷകനായ ശ്രീ യജ്ഞദേവത്തിൻറെ സൈന്ധവ ലിപി വായന പ്രതീക്ഷയ്ക്ക് വക നൽകുന്നത് . മുൻഗാമികൾ അവലംബിച്ചതിൽ നിന്നും വേറിട്ട ഒരു മാർഗത്തിലൂടെ സഞ്ചരിച്ച് സൈന്ധവ ലിപിയുടെ ഭാഷ എന്ന സമസ്യയ്ക്ക് ഉത്തരം കണ്ടെത്തിയതായി തന്റെ “A cryptanalytic decipherment of the Indus script” എന്ന പ്രബന്ധത്തിൽ അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നു. Cryptanalysis – ഗൂഢലിപി വിശ്ലേഷണം – എന്ന സങ്കേതമാണ് അദ്ദേഹം പ്രധാനമായും ഇതിനായി ഉപയോഗിച്ചത്. വിവര സാങ്കേതിക വിദ്യയിൽ (Information Technology) പ്രയോഗത്തിലുള്ള ഒരു സങ്കേതമാണ് ക്രിപ്റ്റോഗ്രാം. ലളിതമായി പറഞ്ഞാൽ, അജ്ഞാത ലിപിയിൽ രൂപാന്തരം ചെയ്യപ്പെട്ട, വ്യവഹാരത്തിലുള്ള ഏതെങ്കിലും ഒരു ഭാഷയിലെ സന്ദേശമാണ് ക്രിപ്റ്റോഗ്രാം. നാം ഇൻറർനെറ്റിൽ വെബ് സൈറ്റുകൾ സന്ദർശിക്കുമ്പോൾ സൈറ്റ് അഡ്രെസ്സുകൾ https:// എന്ന് ആരംഭിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് ഉപഭോക്താവും സെർവറും തമ്മിൽ വിനിമയം ചെയ്യപ്പെടുന്ന ഡാറ്റ രഹസ്യാത്മകമാക്കി പരിവർത്തനം ചെയ്യുന്ന ഒരു ക്രിപ്റ്റോഗ്രാഫിക് വ്യവസ്ഥയെ (protocol) കുറിക്കുന്നു. Claude Shannon ൻറെ ‘A Mathematical Theory of Cryptography’ എന്ന ശീർഷകത്തിൽ 1945 ൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധമാണ് ആധുനിക ക്രിപ്റ്റോഗ്രാഫി, സിഗ്നലിംഗ്, ഡാറ്റാ കംപ്രഷൻ, ഇൻഫർമേഷൻ തിയറി എന്നിവയയ്ക്ക് ആധാരശിലയായത്. ഒരു അജ്ഞാത ലിപിയിലുള്ള ലിഖിതത്തെ ക്രിപ്റ്റോഗ്രാമായി മാതൃകാവൽക്കരിച്ച് ആ ലിഖിതത്തിന്റെ സന്ദേശം ഗണിതശാസ്ത്രപരമായ അൽഗോരിതങ്ങളുപയോഗിച്ച് വായിച്ചെടുക്കുന്ന രീതിയായ Cryptanalysis തന്റെ പ്രബന്ധത്തിൽ ഷാനോൺ അവതരിപ്പിച്ചു. പ്രസ്തുത Cryptanalysis ഉപയോഗിച്ച് ഗൂഢ ലിപികൾ വായിക്കുന്നതിൽ ഇതിന് മുമ്പും വിജയം കണ്ടവരുണ്ട്. ഉദാഹരണത്തിന്, ഗ്രീക്ക് ഭാഷയുടെ ആദ്യകാല സാക്ഷ്യപ്പെടുത്തിയ രൂപമായ മൈസീനിയൻ ഗ്രീക്കിൽ എഴുതാൻ ഉപയോഗിച്ചിരുന്ന ഒരു സിലബിക് ലിപിയായ Linear B വായിക്കുന്നതിൽ ഈ സങ്കേതം വിജയകരമായി പ്രയോഗിച്ചിട്ടുണ്ട് (Ephron, 1961).
ആധുനിക കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷകളുടെ സഹായത്തോടെ ഷാനോണിന്റെ ക്രിപ്റ്റനാലിസിസ് രീതികൾ പ്രാവർത്തികമാക്കിയാണ് യജ്ഞദേവം സൈന്ധവലിപിവായന നടത്തിയിരുക്കുന്നത്. ക്രിപ്റ്റനാലിസിസ് രീതിയിൽ ആദ്യം അജ്ഞാത ലിഖിതത്തെ cryptogram ആയി കമ്പ്യൂട്ടർ പ്രോഗ്രാമിൽ മോഡൽ ചെയ്യുന്നു. പിന്നീട് നിലവിലുള്ള ഒരു ഭാഷയെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നു. ശേഷം തെരഞ്ഞെടുക്കപെട്ട ഭാഷയുമായി താരതമ്യം ചെയ്യാനായി അജ്ഞാത ലിഖിതത്തിൽ ക്രമികമായി വിന്യസിക്കപ്പെട്ട ഏതാനും ചിഹ്നങ്ങൾ തെരഞ്ഞെടുക്കുന്നു. ചിഹ്നങ്ങളുടെ ആവൃത്തി, സമ്പർക്കത്തിന്റെ വൈവിധ്യം, ഇരട്ടിച്ച ആവർത്തനങ്ങൾ, വിപരീതക്രമങ്ങൾ തുടങ്ങിയ വിന്യാസക്രമങ്ങളെ പരിഗണിച്ചാണ് ചിഹ്നങ്ങളെ താരതമ്യത്തിനായി തിരഞ്ഞെടുക്കുന്നത്. പ്രസ്തുത ചിഹ്നങ്ങളുടെ വിന്യാസക്രമങ്ങൾ തെരഞ്ഞെടുക്കപെട്ട ഭാഷയിലെ വാക്കുകളിൽ കണ്ടെത്താനാകുമോ എന്ന പരിശോധനയാണ് താരതമ്യത്തിൻറെ ആദ്യ ഘട്ടം. ഈ ഘട്ടത്തിൽ പൊരുത്തങ്ങൾ ഒന്നുമില്ലെങ്കിൽ പരിഗണിക്കപ്പെട്ട ലിപിയുടെ ഭാഷ നാം ആദ്യം തിരഞ്ഞെടുത്ത ഭാഷയല്ല എന്ന് നിർണയിക്കാം. മറിച്ച് പൊരുത്തങ്ങൾ കണ്ടെത്തിയാൽ പ്രസ്തുത ചിഹ്നങ്ങൾക്ക് തെരഞ്ഞെടുത്ത ഭാഷയിലെ തത്തുല്യമായ ശാബ്ദിക മൂല്യം നിശ്ചയിക്കുന്നു. അങ്ങനെ ലിഖിതങ്ങളിൽ ഏതാനും ചിഹ്നങ്ങൾക്ക് തുല്യമായ സ്വരം നിർണയിച്ച ശേഷം വീണ്ടും അജ്ഞേയമായി ബാക്കിയുള്ള മറ്റു ചിഹ്നങ്ങളിൽ മേല്പറഞ്ഞ ഗണനരീതി ആവർത്തിക്കുന്നു. എല്ലാ ചിഹ്നങ്ങൾക്കും തുല്യമായ സ്വരം കണ്ടെത്തുന്നത് വരെ ഈ പ്രക്രിയ തുടരുന്നു. ഒടുവിൽ കിട്ടുന്ന ഫലത്തിൽ നിന്നും ഭാഷാപരവും അർത്ഥപരവുമായി സമഗ്രതയുള്ള സന്ദേശം ലഭിക്കുന്നുവെങ്കിൽ തിരഞ്ഞെടുത്ത ഭാഷ തന്നെ അജ്ഞാതലിപിയുടേത് എന്ന് ഉറപ്പിക്കാം.
ഒരു ക്രിപ്റ്റോഗ്രാം പരിഹരിക്കുന്നതിനുള്ള ആദ്യപടി ഭാഷ തന്നെ ഊഹിക്കുക എന്നതാണ്. തെരഞ്ഞെടുത്ത ഭാഷ തെറ്റാണെങ്കിൽ, ക്രിപ്റ്റോഗ്രാം പരിഹരിക്കാനാകില്ല. പല ഭാഷകളും സൈന്ധവ ലിഖിതങ്ങളുടെ ഭാഷയായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, സൈന്ധവ ജനതയുടെ സംസാര ഭാഷ ദ്രാവിഡമോ അല്ലെങ്കിൽ ഏതെങ്കിലും ഇന്തോ-ആര്യൻ ഭാഷയോ ആകാമെന്ന പ്രബലമായ രണ്ടു പക്ഷമാണ് ഗവേഷകരുടെയിടയിൽ പൊതുവിലുള്ളത്. ഏതോ നഷ്ട ഭാഷയാവാം അതെന്ന് വാദിക്കുന്നവരുമുണ്ട്. സാഹചര്യ തെളിവുകൾ കൊണ്ട് ദ്രാവിഡ (പഴയ തമിഴ്), ഇന്തോ-ആര്യൻ (സംസ്കൃതം) ഭാഷകളാണ് ശാസ്ത്രീയ നിരൂപണത്തിനു കൂടുതൽ അനുയോജ്യമെന്ന് പരിഗണിക്കാവുന്നവ. ആദ്യമായി, ദ്രാവിഡ ഭാഷയെ പരിഗണിച്ചു നോക്കുമ്പോൾ പല കാരണങ്ങൾ കൊണ്ട് ദ്രാവിഡ ഭാഷ സിന്ധുനദീതട ജനതയുടെ ഭാഷയാകാൻ സാധ്യതയില്ലായെന്ന നിഗമനത്തിൽ കലാശിക്കുന്നതായി കാണാം. സിന്ധു നദീതട സംസ്കാരത്തിലെ ശേഷിപ്പുകളിൽ കണ്ടെത്തിയ പലവിധത്തിലുള്ള സാങ്കേതികവിദ്യകൾ, ക്രയവസ്തുക്കൾ, പ്രതീകങ്ങൾ തുടങ്ങിയവയ്ക്ക് ദ്രാവിഡ ഭാഷകളിൽ മൗലികമായ പദങ്ങളില്ല. പകരം കടമെടുത്ത മധ്യ ഇന്തോ-ആര്യൻ (പ്രാകൃതം) വാക്കുകളാണ് പ്രയോഗത്തിലുള്ളത്. സൈന്ധവ ആലേഖനങ്ങളിൽ കാണപ്പെടുന്ന യൂണികോൺ, കാണ്ടാമൃഗം തുടങ്ങിയ പ്രാദേശിക ജന്തുവർഗങ്ങൾക്ക് ദ്രാവിഡ ഭാഷകളിൽ പ്രകൃത്യാ ഉള്ള വാക്കുകളില്ല. ദ്രാവിഡർ തങ്ങൾ കണ്ടുപിടിച്ച പ്രധാന ചിഹ്നങ്ങളുടെയും സാങ്കേതികവിദ്യയുടെയും വാക്കുകൾ മറന്നുവെന്നും അവരുടെ ഭാഷ നിലനിർത്തിക്കൊണ്ട് പ്രസ്തുത സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് തുടർന്നുവെന്നും കരുതാൻ ന്യായമില്ലല്ലോ. സൈന്ധവ ലിഖിതങ്ങളുടെ വിശകലനത്തിലൂടെയും ദ്രാവിഡഭാഷയുടെ സാധ്യത വിരളമാണെന്ന് കാണാം. സൈന്ധവ ലിപിയെ ദ്രാവിഡ ലിപിയായി വ്യാഖ്യാനിക്കാൻ വർഷങ്ങളോളം ശ്രമിച്ച Steve Bonta എന്ന ഭാഷാശാസ്ത്രകാരൻ സൈന്ധവ ലിഖിതങ്ങളിൽ രണ്ടിലധികം ധാതുക്കൾ ചേർത്തു നിർമ്മിക്കപ്പെട്ട സമസ്തപദങ്ങളുടെ ഘടന (multi-stem compounding) വ്യാപകമായി പ്രകടമാണെന്ന് കണ്ടെത്തി. സമസ്ത പദങ്ങളുടെ വ്യാപകമായ പ്രയോഗം സംസ്കൃത ഭാഷയിൽ മാത്രം കാണപ്പെടുന്ന ഒരു സവിശേഷതയാണ്. ഇന്തോ-ആര്യൻ ഭാഷയിൽ നിന്ന് കടമെടുത്ത വാക്കുകളെ മാറ്റിനിർത്തിയാൽ, അത്തരം നാമ സംയുക്തങ്ങൾ ദ്രാവിഡ ഭാഷകളിൽ വിരളമാണ്.
യജ്ഞദേവം നേതൃത്വം നൽകിയ സൈന്ധവ ലിപി വായനാ ഉദ്യമത്തിൽ ആദ്യമായി ദ്രാവിഡ ഭാഷയുടെ പ്രതിനിധിയായ തമിഴിനെ പരിഗണിച്ചു കൊണ്ട് തമിഴ് നിഘണ്ടുവിനെ അവലംബമാക്കിയാണ് ക്രിപ്റ്റനാലിസിസ് പ്രക്രിയ പരീക്ഷിച്ചത്. സൈന്ധവ ലിഖിതങ്ങളിൽ ഒരേ ചിഹ്നം അടുപ്പിച്ച് മൂന്ന് പ്രാവശ്യം ആവർത്തിക്കുന്ന (ത്രിത്രയം) ഖണ്ഡങ്ങളെ മുൻനിർത്തി സമാനമായി ഒരേ സ്വരം മൂന്നാവർത്തി അടുപ്പിച്ച് ആവർത്തിക്കുന്ന വാക്കുകളുണ്ടോ എന്നതായിരുന്നു ആദ്യത്തെ അന്വേഷണം. തിരഞ്ഞെടുത്ത ഭാഷയിലെ ഏതെങ്കിലും വാക്കുകളിൽ പ്രസ്തുത വിന്യാസക്രമമുണ്ടോ എന്ന് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലെ ‘റെഗുലർ എക്സ്പ്രെഷൻ’ എന്ന സങ്കേതമുപയോഗിച്ച് നിഘണ്ടുവിൽ തിരയുന്നു. പക്ഷെ തമിഴ് ഭാഷയിൽ ഒരേ സ്വരം മൂന്നാവർത്തി അടുപ്പിച്ച് ആവർത്തിക്കുന്ന വാക്കുകൾ കണ്ടെത്താനായില്ല.
അതായത് എന്നതു പോലെയുള്ള സൈന്ധവ ലിഖിതങ്ങൾ തമിഴിൽ വായിക്കാനായില്ല. പിന്നീട് ഒരേ ചിഹ്നം അടുപ്പിച്ച് രണ്ടു പ്രാവശ്യം ആവർത്തിക്കുന്ന ഖണ്ഡങ്ങളെ മുൻനിർത്തിയായി അന്വേഷണം. ഈ വിന്യാസക്രമത്തിലുള്ള നാല് തമിഴ് വാക്കുകൾ കണ്ടെത്തിയെങ്കിലും, തുടർന്ന് രണ്ടു ചിഹ്നങ്ങൾ മാത്രമുള്ളതും മുമ്പ് പരിശോധിച്ച ചിഹ്നങ്ങൾക്ക് ആരോപിക്കാനാകുന്ന സ്വരങ്ങൾ ഇടകലർന്നു വരുന്ന വിന്യാസക്രമത്തിലുള്ളതുമായ തമിഴ് വാക്കുകൾ കണ്ടെത്താനായില്ല. അങ്ങനെ തുടക്കത്തിലേ തന്നെ സൈന്ധവ ലിപിയുടെ ക്രിപ്റ്റനാലിസിസ് പ്രക്രിയയിൽ തമിഴിന്റെ സാധ്യത നിരാകരിക്കപ്പെട്ടു.
അടുത്തതായി സംസ്കൃതത്തിന്റെ സാധ്യതകളെപ്പറ്റിയായി അന്വേഷണം. സൈന്ധവ ലിപിയെ അപേക്ഷിച്ച് നവീനമായി രൂപം കൊണ്ട ലിപിയാണ് ബ്രാഹ്മി ലിപി (ബി.സി.ഇ. മൂന്നാം നൂറ്റാണ്ട്). ഗുപ്ത കാലഘട്ടത്തിലെ ചില ലിഖിതങ്ങളിൽ ബ്രാഹ്മിയും സൈന്ധവ ലിപിയും ഇടകലർന്ന് കാണപ്പെടുന്നുണ്ട്. പ്രസ്തുത ലിഖിതങ്ങളുടെ ഭാഷ സംസ്കൃതമാണെന്ന് തെളിഞ്ഞതാണ്. ബ്രാഹ്മിയുടെ മറ്റൊരു വകഭേദമായ തമിഴ് ബ്രാഹ്മിയും സൈന്ധവ ലിപിയും ഇടകലർന്ന ലിഖിതങ്ങൾ തമിഴ്നാട്ടിലെ കീഴടിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അവകളിലെ സൈന്ധവ ലിപിയുടെ ശാബ്ദിക മൂല്യം സംസ്കൃതത്തിൽ കണക്കാക്കിയാൽ മാത്രമേ പ്രസ്തുത ലിഖിതങ്ങൾ അർത്ഥപൂർണമായി വായിച്ചെടുക്കാനാകൂ.
പോലെയുള്ള ത്രിത്രയ ചിഹ്നങ്ങളുടെ സാന്നിധ്യം പല ഭാഷകൾക്കും യോജിക്കാത്ത പ്രതിഭാസമാണ്. എന്നാൽ സംസ്കൃതത്തിലെ ‘ലിട്’ പ്രത്യയം (പരോക്ഷഭൂതം) എന്ന വ്യാകരണ പ്രതിഭാസം വഴി ഈ രീതിയിലുള്ള സ്വര ക്രമം സാധ്യമാണ്. ഇങ്ങനെ പല ഘടകങ്ങൾ കൊണ്ടും സൈന്ധവ ലിപിയുടെ സ്വാഭാവികമായ ഭാഷ സംസ്കൃതമാകാനുള്ള സാധ്യത അനുകൂലമാണ്. ഈ പശ്ചാത്തലത്തിൽ സംസ്കൃത ഭാഷയെ ലക്ഷ്യമാക്കി ക്രിപ്റ്റനാലിസിസ് പരീക്ഷിക്കാമെന്ന് യജ്ഞദേവം തീരുമാനിച്ചു. ക്രിപ്റ്റനാലിസിസ് പ്രക്രിയ തുടങ്ങി വയ്ക്കാൻ ഒന്നോ രണ്ടോ ചിഹ്നങ്ങളുടെ ശാബ്ദികമൂല്യം തുടക്കത്തിൽ വേണ്ടതുണ്ട്. അതിലേക്കായി, മൂന്നാവർത്തി അടുപ്പിച്ച് ആവർത്തിക്കുന്ന ചിഹ്നങ്ങളുപയോഗിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ സംസ്കൃത നിഘണ്ടുവിൽ റെഗുലർ എക്സ്പ്രെഷൻ തിരച്ചിൽ അതിശയിപ്പിക്കും വിധം ഫലസിദ്ധി കൈവരിച്ചു. അങ്ങനെ ഈ ഫലത്തിൻറെ വിശകലനത്തിലൂടെ
ചിഹ്നത്തിൽ നിന്ന് ‘അം’ ശബ്ദം പ്രഥമമായി നിർധാരണം ചെയ്യപ്പെട്ടു. ആദ്യ ചിഹ്നത്തിൻറെ ശാബ്ദികമൂല്യം മനസിലാക്കിയ ശേഷം, ഈ ചിഹ്നം സന്നിഹിതമായ മറ്റ് ലിഖിതങ്ങളിൽ ആ ശാബ്ദികമൂല്യം പ്രയോഗിച്ചു കൊണ്ട് കമ്പ്യൂട്ടർ പ്രോഗ്രാം അതിൻറെ റെഗുലർ എക്സ്പ്രെഷൻ തിരച്ചിൽ ആവർത്തിക്കുന്നു. ആവർത്തിച്ചുള്ള തിരച്ചിലിൽ കൂടുതൽ കൂടുതൽ ചിഹ്നങ്ങൾക്ക് ശബ്ദമൂല്യങ്ങൾ കണ്ടെത്തുകയും തിരച്ചിലിനൊടുവിൽ എല്ലാ ചിഹ്നങ്ങൾക്കും ഉചിതമായ ശാബ്ദികമൂല്യം കിട്ടുകയും ക്രിപ്റ്റോഗ്രാം (അഥവാ സൈന്ധവ ലിപി) അതിൻറെ ഫലനിർണ്ണയത്തിൽ പര്യവസാനിക്കുകയും ചെയ്യുന്നു. ഏതൊരു ലിപി നിർധാരണവും പിഴവുള്ളതാണെങ്കിൽ, അതിൽ നിന്ന് ഉച്ചാരണശാസ്ത്രപരമായി സ്ഥിരതയുള്ള വാക്കുകളോ, വ്യാകരണപരമായി അർത്ഥവത്തായി വായിക്കാൻ കഴിയുന്ന വാക്യങ്ങളോ നിർമ്മിക്കാൻ സാധ്യമല്ല. അതേ സമയം ലിഖിത സഞ്ചയത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിതങ്ങൾ ഉച്ചാരണപരവും വ്യാകരണപരവുമായി യുക്തമായി വായിക്കാനായാൽ അത് ലിപി നിർധാരണം കൃത്യതയുള്ളതാണെന്നത്തിന്റെ സാക്ഷ്യപത്രമായി മാറുന്നു. ക്രിപ്റ്റനാലിസിസ് പ്രക്രിയയിലൂടെ ശ്രീ യജ്ഞദേവം സൈന്ധവ ലിഖിത സഞ്ചയത്തിലെ എല്ലാ ലിഖിതങ്ങളും വായിച്ചെടുത്തിരിക്കുന്നു. ഇതിൽ ദൈർഘ്യമേറിയ അമ്പതിലധികം ലിഖിതങ്ങളും, ഇടത്തരം നീളമുള്ള നാനൂറിലധികം ലിഖിതങ്ങളും ഉൾപ്പെടുന്നു. ഇങ്ങനെ വായിക്കപ്പെട്ടവയിൽ ഇതിഹാസ സാഹിത്യങ്ങളിൽ നിന്നുള്ള നിരവധി വാക്കുകളുള്ളതിന് പുറമേ വേദ സാഹിത്യത്തിലെ നിരവധി പ്രാചീന പദങ്ങളും ഉൾപ്പെടുന്നു.
ലിപി നിർധാരണം ചെയ്യുന്നതിന് മുമ്പ് തന്നെ ഭാഷ ഊഹിക്കുന്നതിനാൽ ഈ സമീപനം പക്ഷപാതപരമല്ലേ, ലിഖിതത്തിലെ ഭാഷ അന്യം നിന്ന് പോയ ഒന്നാണെങ്കിലോ എന്നിങ്ങനെ ചോദ്യങ്ങൾ ഉണ്ടാകാം. എന്നാൽ , ഈ ചോദ്യത്തിങ്ങൾക്കുള്ള ഉത്തരം വിവര സിദ്ധാന്തത്തിന്റെ പിതാവും പ്രശസ്ത ഗണിതശാസ്ത്രജ്ഞനുമായ ഷാനോണിൻറെ പ്രബന്ധത്തിൽ തന്നെയുണ്ട്. ഒരു ക്രിപ്റ്റോഗ്രാം അതിന്റെ യഥാർത്ഥ ഭാഷയിൽ മാത്രമേ വിജയകരമായ പരിഹരിക്കാനാകൂ എന്നതാണ് അതിന്റെ ഉത്തരം. വേറെ ഏത് ഭാഷ എടുത്താലും ക്രിപ്റ്റോഗ്രാമിൻറെ പരിഹാരം പൂർത്തിയാക്കാനാകില്ല. ഏതെങ്കിലും ഒരു ഭാഷയിൽ ക്രിപ്റ്റോഗ്രാം പരിഹരിച്ചുവെങ്കിൽ അത് തന്നെ ആ സന്ദേശത്തിന്റെ യഥാർത്ഥ ഭാഷ എന്ന് വിവര സിദ്ധാന്തത്തിൽ ഷാനോൺ സ്ഥാപിച്ചിട്ടിട്ടുണ്ട്.
പ്രസ്തുത പഠനത്തിൽ വായിക്കപ്പെട്ട സൈന്ധവ ലിഖിതങ്ങളുടെ അപഗ്രഥനത്തിൽ നിന്നും നിരീക്ഷിച്ച ഒരു കാര്യം ദൈർഘ്യമേറിയ ലിഖിതങ്ങൾ ഒട്ടു മിക്കവയും ഏതെങ്കിലുമൊരു വൈദിക ആശയത്തെ ഒരു ആപ്ത വാക്യരൂപത്തിൽ പ്രായിഗിച്ചിരിക്കുന്ന പ്രവണത പ്രദർശിപ്പിക്കുന്നുവന്നതാണ്. കുറഞ്ഞത് ഗുപ്തകാലഘട്ടം മുതൽ വർത്തമാനകാലം വരെ വിവിധ സ്ഥാപനങ്ങളുടെ ആപ്തവാക്യങ്ങളായി പൗരാണിക സൂക്തങ്ങളുപയോഗിക്കുന്ന ഈ പാരമ്പര്യം ഭാരതീയർ പിന്തുടരുന്നതായി കാണാം. മിക്ക ഹ്രസ്വ മുദ്രകളും ഗുപ്ത കാലഘട്ടത്തിലെ മുദ്രകളുടെ ഉള്ളടക്കവുമായി സാമ്യമുള്ളതിനാൽ അവ പേരുകളോ അംഗത്വ അടയാളങ്ങളോ ആകാം. സൈന്ധവ ലിഖിതങ്ങളിൽ വായിക്കാവുന്ന ദേവതാ നാമങ്ങൾ വൈദിക സമ്പ്രദായപ്രകാരമുള്ളവയാണ് . സൂര്യൻ, സോമൻ, രുദ്രൻ, ഇന്ദ്രൻ, അഗ്നി, ഉഷസ്, നക്ഷത്രസമൂഹങ്ങൾ, കുതിര അശ്വം, അശ്വത്ഥം തുടങ്ങിയ ബിംബങ്ങളുടെ സാന്നിദ്ധ്യം സൈന്ധവ ലിഖിതങ്ങളുടെ പ്രസ്തുത വായനയിലൂടെ നിരീക്ഷിക്കപ്പെട്ടു. ചിഹ്നങ്ങളുടെ ശാബ്ദികമൂല്യം കിട്ടിയ ശേഷം അവയുടെ രൂപ സവിശേഷതകളെക്കുറിച്ച് നിരീക്ഷിച്ചപ്പോൾ അതാത് രൂപത്തിലുള്ള വ്യവഹാര വസ്തുക്കളുടെ സംസ്കൃത നാമത്തിലെ ആദ്യ ശബ്ദമാണ് ഓരോ ചിഹ്നത്തിനും സൈന്ധവ ലിപിയിൽ നൽകിയിരിക്കുന്നതെന്ന് വ്യക്തമായി. ഉദാഹരണത്തിന് ‘അം’ ശബ്ദത്തിന്റെ ചിഹ്നമായി
നെ തെരഞ്ഞെടുക്കാനുള്ള കാരണം ‘അംശു’ = സോമം എന്ന വാക്കാണ്. അതായത്, സോമപാത്രത്തിന്റെ ആകൃതിയിൽ ‘ അം’ ശബ്ദത്തിന്റെ ചിഹ്നം രൂപകൽപന ചെയ്തിരിക്കുന്നു. യജ്ഞദേവത്തിന്റെ ലിപി നിർദ്ധാരണത്തിലൂടെ ഉപോൽപ്പന്നമായി ലഭിച്ച പ്രാധാന്യമർഹിക്കുന്ന മറ്റൊരു കണ്ടെത്തലാണ് സൈന്ധവ ലിപിയിൽ നിന്നുള്ള ബ്രാഹ്മി ലിപിയുടെ ആവിർഭാവം. ലിപി നിർദ്ധാരണത്തിൽ നിന്ന് ലഭിച്ച ശബ്ദ മൂല്യങ്ങൾക്കനുസരിച്ച് തത്തുല്യ ശബ്ദ മൂല്യമുള്ള ബ്രാഹ്മി ചിഹ്നങ്ങൾ ചേർത്ത് വച്ചപ്പോൾ അത്ഭുതകരമായ പൊരുത്തം നിരീക്ഷിച്ചു. ഓരോ ബ്രാഹ്മി ചിഹ്നവും മുമ്പുണ്ടായിരുന്ന സൈന്ധവ ചിഹ്നത്തിന്റെ ഒരു ചെറിയ വകഭേദമോ ലളിതവൽക്കരണമോ ആണെന്ന് വ്യക്തമായി.
യജ്ഞദേവത്തിൻറെ കണ്ടെത്തലിന് അനുകൂലമായി പല സാമൂഹിക പശ്ചാത്തലങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഗുജറാത്തിലെ ധോലവീരയിൽ നിന്ന് കണ്ടെത്തിയ സൈന്ധവ ലിപിയിലുള്ള നാമഫലകം ക്രിപ്റ്റനാലിസിസ് വഴി വായിക്കപ്പെട്ടത് ‘അമൂല്യ രത്ന കവാടം’ എന്നാണ്. സൈന്ധവജനത രത്നവ്യാപാരത്തിലേർപ്പെട്ടിരുന്നതിന് നിരവധി പുരാവസ്തു തെളിവുകൾ കണ്ടെടുത്തിട്ടുണ്ടെന്ന വസ്തുതയോട് ചേർത്ത് വായിക്കുമ്പോൾ രത്നവ്യാപാര കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടത്തിൽ സ്ഥാപിക്കപ്പെട്ട സ്വാഗത ഫലകമായിരുന്നു ധോലവീരയിൽ നിന്ന് കിട്ടിയ നാമഫലകമെന്ന് സന്ദർഭോചിതമായി സിദ്ധിക്കുന്നു.
ചിഹ്നങ്ങളുടെ രൂപത്തെ അടിസ്ഥാനമാക്കി ശബ്ദ മൂല്യങ്ങൾ ഊഹിക്കുന്ന രീതി പിന്തുടരുന്ന പരമ്പരാഗത സൈന്ധവ ലിപി നിർധാരണങ്ങളെ അപേക്ഷിച്ച്, വ്യവസ്ഥാപിതമായ ഗണിതശാസ്ത്ര മാതൃകകളും ക്രിയകളും ഉപയോഗിച്ചുള്ള പ്രസ്തുത നിർധാരണം അത്യന്തം ശാസ്ത്രീയവും വിശ്വാസയോഗ്യവുമാണെന്ന് കരുതുന്നതാണ് ന്യായം. ലിഖിത സഞ്ചയത്തിലെ എല്ലാ ചിഹ്നങ്ങൾക്കും തുല്യമായ ശാബ്ദികമൂല്യം കാണാവുന്നതും കമ്പ്യൂട്ടർ പ്രോഗ്രാമിങ് സങ്കേതത്തിലൂടെ ആവർത്തിക്കാവുന്നതും ചിഹ്നാനുചിഹ്നം പിന്തുടർന്ന് ആർക്കും വായിച്ചെടുക്കാവുന്നതുമായ ഈ നിർധാരണം അതിനാൽ തന്നെ പ്രാധാന്യമർഹിക്കുന്നു. പരമ്പരാഗത ഇൻഡോളജിയുടെ രക്ഷാധികാരികളെന്ന് കരുതുന്ന ഗവേഷക വൃന്ദത്തിന് യജ്ഞദേവത്തിൻറെ ഈ കണ്ടെത്തൽ ഏല്പിക്കുന്ന ആഘാതം ചെറുതല്ല. ഈ കണ്ടെത്തലിനെ പിൻപറ്റി പുരാതന സൈന്ധവ നാഗരികതയുടെ നിഗൂഢതകളിലേക്കും ഭാഷകളുടെ വികാസത്തിലേക്കും ആഴത്തിൽ പര്യവേക്ഷണം ചെയ്യാനും പുതിയ ഉൾക്കാഴ്ചകൾക്കും ധാരണയ്ക്കും വഴിയൊരുക്കാനും ഗവേഷകർക്ക് കഴിയട്ടെ .