കോഴിക്കോട്: ആത്മീയസത്തയുള്ള സാംസ്‌കാരികതയുടെ ആധാരമുള്ളതിനാലാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ഭാരതം വ്യത്യസ്തമായിരിക്കുന്നതെന്ന് ആര്‍. എസ്.എസ് അഖിലഭാരതിയ കാര്യകാരി സദസ്യന്‍ ഡോ മന്‍മോഹന്‍ വൈദ്യ പറഞ്ഞു. കേസരിയുടെ അമൃതശതം പ്രഭാഷണ പരമ്പരയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിതെറ്റുന്ന കപ്പലുകള്‍ക്ക് ദിശ കാട്ടുന്ന ദീപസ്തംഭം പോലെ ഭാരതം ലോകരാജ്യങ്ങള്‍ക്ക് വഴികാട്ടിയാവുകയാണ്. ഒരു കാലത്ത് നാം ഏറെ മുന്നിലായിരുന്നു. ഭരണകൂടമെന്ന സാങ്കേതിക സംവിധാനത്തിനപ്പുറം പതിനാറാം നൂറ്റാണ്ടുവരെ ലോകത്ത് ഭാരതത്തിന്റെ ധനവിഹിതം 30 ശതമാനമായിരുന്നു. കയറ്റുമതി അധികവും ഇറക്കുമതി കുറവുമായിരുന്നു. ലോഹങ്ങള്‍, തുകല്‍, സുഗന്ധവസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയാണ് ഭാരതം കയറ്റുമതി ചെയ്തിതിരുന്നത്. എന്നാല്‍, യൂറോപ്യന്‍ അധിനിവേശത്തിനു ശേഷവും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതവും മറ്റൊരു ഗതിയിലായി. പണ്ഡിറ്റ് നെഹ്‌റു ഭാരതവിരുദ്ധനായിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമായതാണ് പ്രശ്‌നമായത്. നാനാത്വമല്ല, ഏകത്വത്തിന്റെ ആഘോഷ വൈവിധ്യമാണ് ഭാരതത്തില്‍. അത് തിരിച്ചറിയാന്‍ രാജ്യത്തെ ഏറെക്കാലം നയിച്ചവര്‍ക്ക് കഴിഞ്ഞില്ല. 2014 ന് ശേഷമാണ് പാശ്ചാത്യവഴിയില്‍ നിന്ന് ഭരണപരമായി ശരിയായ വഴിയില്‍ നമ്മുടെ രാജ്യം മാറിയത്. അത് ഹിന്ദുത്വത്തിലേക്ക് മാറി. ഹിന്ദുത്വം മതമല്ല, ഇസവുമല്ല. മറിച്ച് ധര്‍മ്മമാണ്, സംസ്‌കാരമാണ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. മാധ്യമ രംഗത്തെ നൂതന പ്രവണതകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഈ നാടിന്റെ ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഭാരത വിരുദ്ധ ശക്തികള്‍ക്ക് ആശയപരമായ പ്രതിരോധം തീര്‍ക്കുവാനുമാണ് കേസരി പ്രവര്‍ത്തിക്കുന്നതെന്ന് കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു പറഞ്ഞു. ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാലര പതിറ്റാണ്ടിലധികം കേസരിക്ക് നേതൃത്വം നല്‍കി അതിനെ ഒരു മാതൃകാ സ്ഥാപനമായി മാറ്റിയെടുക്കാന്‍ സാധിച്ച മഹനീയ വ്യക്തിത്വമാണ് കേസരി സ്ഥാപക മാനേജര്‍ എം. രാഘവന്റേതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുന്‍ കേസരി പത്രാധിപരുമായ ആര്‍.സഞ്ജയന്‍ പറഞ്ഞു. എം. രാഘവന്‍ അനുസ്മരണ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചിട്ടയായ പ്രവര്‍ത്തന രീതിയും വിപുലമായ ബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. കേസരിയുടെ പ്രചാരത്തിനു വേണ്ടി ഭാരതത്തിലെ പ്രധാന നഗരങ്ങളില്‍ അദ്ദേഹം നിരന്തരം യാത്രചെയ്യുമായിരുന്നു എന്നും സഞ്ജയന്‍ പറഞ്ഞു.
ഭാരത സംസ്‌കാരത്തില്‍ ജനിക്കുകയും വളരുകയും ചെയ്ത എന്റെ ലക്ഷ്യം ഭാരത സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുക എന്നതാണെന്ന് മുഖ്യാതിഥി മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പറഞ്ഞു. എനിക്ക് നൂറുശതമാനവും ബോധ്യമുള്ള വാര്‍ത്തകളാണ് താന്‍ കൊടുക്കുന്നതെന്നും പരസ്യക്കാര്‍ക്കുവേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുകയും മറച്ചുവെക്കുകയും ചെയ്യേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തേയും മാനവ മൂല്യത്തേയും ഉയര്‍ത്തിപ്പിടിക്കുക എന്നതിനപ്പുറം ഒരു രാഷ്ട്രീയം തനിക്കില്ലെന്നും ഷാജന്‍ സ്‌കറിയ കൂട്ടിച്ചേര്‍ത്തു. മാധ്യമ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള രാഷ്ട്രസേവാ പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറവും യുവ മാധ്യമപ്രവര്‍ത്തകയ്ക്കുള്ള രാഘവീയം പുരസ്‌കാരം മാതൃഭൂമി ഓണ്‍ലൈന്‍ കണ്ടന്റ് റൈറ്റര്‍ എ.യു. അമൃതയും ഡോ. മന്‍മോഹന്‍ വൈദ്യയില്‍ നിന്ന് ഏറ്റുവാങ്ങി.
പരിപാടിയില്‍ കേസരി മാനേജിങ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ എം.രാഘവന്‍ അനുസമരണം നടത്തി. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. എന്‍. ആര്‍.മധു എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാക്കള്‍ മറുമൊഴി നല്‍കി. ഷാബു പ്രസാദ് രചിച്ച് വേദ ബുക്‌സ് പ്രസിദ്ധീകരിച്ച ചാന്ദ്രയാന്‍ അഭിമാനത്തിന്റെ പാദമുദ്രകള്‍, സി.എം. രാമചന്ദ്രന്‍ രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ ഗാഥകള്‍ എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് ഗായത്രി മധുസൂദനന്റെ ചാന്ദ്രയാനെക്കുറിച്ചുള്ള മോഹിനിയാട്ടം ‘നിലാക്കനവ്’ വേദിയില്‍ അരങ്ങേറി.