ഭാരതത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ട ചരിത്രത്തില്‍ എക്കാലത്തും ആവേശകരമായ ഒരദ്ധ്യായമാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേത്. കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വൈദേശിക ശക്തികളുടെ കടന്നുകയറ്റത്തെ, ജനങ്ങളുടെ സംഘടിത ശക്തികൊണ്ട് പ്രതിരോധിച്ച ചരിത്രപുരുഷനാണ് പഴശ്ശിരാജ. ബ്രിട്ടീഷ്സൈനിക ശക്തിക്ക് കനത്ത വെല്ലുവിളിയായിരുന്നു പഴശ്ശി. അത് അവരുടെ സൈനിക നടപടികളില്‍ നിന്നുതന്നെ വ്യക്തമാണ്. ഒട്ടേറെ ബ്രിട്ടീഷ് സൈനിക മേധാവികള്‍ പഴശ്ശിയുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതിനുശേഷം വിഖ്യാതനായ സൈനികമേധാവി കേണല്‍ ആര്‍തര്‍ വെല്ലസ്ലിയെ തന്നെ പഴശ്ശിക്കെതിരായ പോരാട്ടത്തിനു നിയോഗിക്കുകയുണ്ടായി. യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച നെപ്പോളിയനെ പരാജയപ്പെടുത്തിയ, ഡ്യൂക്ക് ഓഫ് വെല്ലിങ്ങ്ടന്‍ എന്ന പേരില്‍ പ്രശസ്തനായ യുദ്ധ നിപുണനാണ് കേണല്‍ വെല്ലസ്ലി. ഈയൊരു കാര്യം തന്നെ വീരപഴശ്ശി ബ്രിട്ടീഷുകാര്‍ക്ക് എത്രമാത്രം ഭീഷണിയായിരുന്നുവെന്നു വ്യക്തമാക്കുന്നു. ഏതാണ്ട് ഒരു ദശാബ്ദത്തിലധികം ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ പഴശ്ശിരാജ നടത്തിയ പോരാട്ടം ഭാരതത്തിന്റെ മൊത്തം സ്വാതന്ത്ര്യസമരചരിത്രത്തിലെ രജതരേഖയായി മാറുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ കേരളത്തിന്റെ ഈ വീരപുരുഷന്‍ പ്രാതഃസ്മരണീയനാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല.
മലബാറിലെ കോട്ടയം രാജവംശത്തിലെ നാലു താവഴികളിലൊന്നായ പഴശ്ശിയിലുള്ള പടിഞ്ഞാറെ കോവിലകത്താണ് കേരളവര്‍മ്മ ഭൂജാതനായത്. രാജകീയ സുഖഭോഗങ്ങള്‍ ത്യജിച്ച്, സാധാരണ ജനങ്ങളിലേക്കിറങ്ങി വന്ന് സ്വാതന്ത്ര്യ സമരപോരാട്ടത്തിന് ജനകീയ മുഖം നല്‍കിയ കേരളത്തിന്റെ വീരപുത്രനാണ് പഴശ്ശി. വീര പഴശ്ശിയുടെ പോരാട്ട ഘട്ടങ്ങളില്‍ മൗലികമായ ചില കാര്യങ്ങള്‍ വ്യക്തമായി നമുക്കു കാണാനാകും. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധത്തിലെ സക്രിയ ജനകീയ പങ്കാളിത്തം, ധര്‍മ്മാധിഷ്ഠിതവും ആദ്ധ്യാത്മികവുമായ നിലപാട്, സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനായുള്ള ഐക്യബോധത്തിന്റെ പ്രസക്തി എന്നിവയൊക്കെ വര്‍ത്തമാനകാലത്തും ഏറെ പ്രസക്തിയുള്ളതാണ്.
വൈദേശികാക്രമണത്തിനെതിരായി ഭാരതത്തിലങ്ങോളമുണ്ടായ ചെറുത്തുനില്‍പ്പിലെ ചില സമാനതകളും ശ്രദ്ധേയമാണ്. മറാത്ത ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് ഛത്രപതി ശിവാജി മുഗളന്മാര്‍ക്കെതിരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളും, ഹല്‍ദിഘട്ടിലും ആരാവലിക്കുന്നുകളിലും ഭീല്‍ഗോത്ര വര്‍ഗ്ഗത്തെ സംഘടിപ്പിച്ച് റാണാപ്രതാപ് സ്വാതന്ത്ര്യത്തിനു വേണ്ടി സംഘടിപ്പിച്ച യുദ്ധമുറകളും, അലക്‌സാണ്ടര്‍ക്കെതിരെ പുരൂരവസ്സ് നടത്തിയ സമരമുറകളുമൊക്കെ മൊത്തം ഭാരതത്തിനും എക്കാലത്തും ആവേശം പകരുന്നതാണ്. ഇതേ പാത വീരപഴശ്ശിരാജയും പിന്‍തുടര്‍ന്നപ്പോള്‍ അത് ഭാരതത്തിന്റെ ആത്മീയൈക്യത്തിന്റെ തെളിവായി കാണാവുന്നതാണ്. പുരുളിമലയിലും വയനാടന്‍ വനങ്ങളിലും സാധാരണക്കാരെ സംഘടിപ്പിച്ചാണ് പഴശ്ശി തന്റെ അസാധാരണമായ ഗറില്ലയുദ്ധമുറ പയറ്റിയത്. തിയ്യ, നായര്‍, നമ്പ്യാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നെങ്കിലും വയനാട്ടിലെ രണ്ടു വിഭാഗങ്ങള്‍ കുറിച്യരും മുള്ളുകുറുമ്പ്രരുമാണ് പഴശ്ശി പോരാട്ടങ്ങളിലെ നിര്‍ണ്ണായക ശക്തികളായത്. കുറിവെച്ചവന്‍ – ഉന്നം പിടിക്കുന്നവന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്ന കുറിച്യര്‍ ഒരിക്കലും ഉന്നം പിഴയ്ക്കാത്ത വില്ലാളിവീരരായിരുന്നുവത്രെ. തികഞ്ഞ ശൈവഭക്തരായിരുന്ന അവരുടെ തലവന്‍ തലക്കല്‍ ചന്തു എന്ന പോരാളിയായിരുന്നു. പഴശ്ശിപ്പടയാളികളില്‍ നല്ലൊരു ഭാഗമായിരുന്ന കുറുമ്പ്രരാകട്ടെ കിരാതമൂര്‍ത്തിയെ ഉപാസിക്കുന്നവരും ശിവന്റെ ഭൂതഗണത്തിന്റെ പിന്‍മുറക്കാരാണെന്നു വിശ്വസിക്കുന്നവരുമായിരുന്നു. യുദ്ധതന്ത്രങ്ങളില്‍ ഈ രണ്ടു വിഭാഗങ്ങളെയും നയിച്ചിരുന്നത് എടച്ചേന കുങ്കന്‍ നായര്‍ എന്ന പടനായകനായിരുന്നു. എടച്ചേന കുങ്കന്റെ വലംകൈ ആയിരുന്ന തലക്കല്‍ ചന്തുവിന്റെ വീരമൃത്യുവായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് യുദ്ധത്തില്‍ അനുകൂല വഴിത്തിരിവായത്.
ഭാരതത്തിന്റെ ധര്‍മ്മാധിഷ്ഠിതമായ പാത പിന്തുടര്‍ന്നു കൊണ്ടായിരുന്നു പഴശ്ശിരാജ തന്റെ പോരാട്ടം നയിച്ചത് എന്നതും സ്മരിക്കപ്പെടേണ്ടതാണ്. ആയോധനത്തില്‍ പിന്തിരിഞ്ഞോടുന്നവനോടും ആയുധം നഷ്ടപ്പെട്ടവനോടും ആയുധപ്രയോഗം പാടില്ല എന്ന തത്വത്തിന് രാമായണകാലത്തോളം പഴക്കമുണ്ട്. പെരിയയുദ്ധസമയത്ത് പഴശ്ശിയോദ്ധാക്കളാല്‍ വലയം ചെയ്യപ്പെട്ട ബ്രിട്ടീഷ് പടയാളികള്‍ക്ക് ഭക്ഷണമോ പരാശ്രയമോ ലഭിയ്ക്കാതെ നരകയാതനയനുഭവിക്കേണ്ടി വന്ന ഒരു സന്ദര്‍ഭമുണ്ടായിരുന്നു. മാനസികവും ശാരീരികവുമായി തളര്‍ന്ന ശത്രുസൈന്യത്തെ നിഷ്പ്രയാസം വകവരുത്താവുന്ന സന്ദര്‍ഭം. എന്നാല്‍ നിസ്സഹായരായി കഷ്ടപ്പെടുന്ന ആ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിക്കുന്നത് അധര്‍മ്മമാണ് എന്നാണ് പഴശ്ശിരാജ വിലയിരുത്തിയത്. എന്നിട്ടവരോട് വേണമെങ്കില്‍ വയനാട് ചുരമിറങ്ങി സ്ഥലം വിട്ടുകൊള്ളാന്‍ അനുവദിക്കുകയായിരുന്നു വിശാല മനസ്‌ക്കനായ വീര പഴശ്ശി ചെയ്തത്. മറ്റൊരു സന്ദര്‍ഭത്തില്‍ താന്‍ വളര്‍ത്തി വലുതാക്കിയ പഴയം വീട്ടില്‍ ചന്തു എന്ന പടയാളി ബ്രിട്ടീഷുകാരുടെ പക്ഷത്തേക്ക് കൂറുമാറി പോകുകയുണ്ടായി. അനുചരര്‍ ചന്തുവിനെ പിടിച്ച് പഴശ്ശിരാജയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ വഞ്ചകനായ ചന്തുവിനെ വെറുതെ വിടാനാണ് പഴശ്ശി തീരുമാനിച്ചത്. ഈ സഹിഷ്ണുതാ ബോധവും ധാര്‍മ്മികതയും ഭാരതീയ സംസ്‌കൃതിയെ മുറുകെ പുണര്‍ന്ന പഴശ്ശിയുടെ വ്യക്തിത്വത്തിന്റെ സവിശേഷതയാണെന്നതിന് തര്‍ക്കമില്ല.
യുദ്ധമുഖത്തായാലും സാധാരണ ജീവിതത്തിലായാലും ദൈവീകമായ അനുഗ്രഹത്തെ വിലമതിച്ചിരുന്നവരാണ് മിക്ക ഭാരതീയ യോദ്ധാക്കളും. സ്വമാതാവിന്റെ ആരാധനാ മൂര്‍ത്തിയായ ഭവാനിദേവിയെ ഉപാസിക്കുകയും ആത്മീയമായ പവിത്രത കാത്തുസൂക്ഷിക്കുകയും ചെയ്ത ധീരനായിരുന്നു ഛത്രപതി ശിവാജി. മലബാര്‍, കോട്ടയം രാജവംശത്തിന്റെ, പ്രത്യേകിച്ചും പഴശ്ശിരാജയുടെ ആരാധനാ മൂര്‍ത്തിയായിട്ടുള്ളത് ദുര്‍ഗ്ഗാദേവിയുടെ അവതാരമായി കണക്കാക്കുന്ന ശ്രീപോര്‍ക്കലി ദേവിയായിരുന്നു. മൊഴക്കുന്ന് ഭഗവതി, കൊട്ടിയൂര്‍, തിരുനെല്ലി, തൃക്കൈകുന്ന് തുടങ്ങിയ ദേവസ്ഥാനങ്ങള്‍ രാജവംശവുമായി ഏറെ ബന്ധപ്പെട്ടതാണ്. യുദ്ധരംഗത്ത് ഈ ദൈവിക സാന്നിദ്ധ്യം പലപ്പോഴും തുണയായിട്ടുണ്ട് എന്നു വിശ്വസിച്ചിരുന്നു ഈ വീരയോദ്ധാക്കള്‍.
പഴശ്ശി പോരാട്ടങ്ങളില്‍ നിന്ന് വര്‍ത്തമാനകാലത്ത് നമുക്ക് ബോദ്ധ്യമാകുന്ന ഒരു പ്രധാന വസ്തുത നമ്മുടെ സമാജ ഐക്യത്തെ സംബന്ധിച്ച ബോധമാണ്. സമ്പൂര്‍ണ്ണഭാരതത്തിലും അക്രമണകാരികളായ വൈദേശിക ശക്തികള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളില്‍ ഒരു പൊതുവികാരം ജനങ്ങളില്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. മൈസൂരില്‍ നിന്ന് ഹൈദരാലിയുടെയും ടിപ്പുവിന്റെയും അതിക്രമം നാടിനെ പ്രതിരോധത്തിലാക്കുകയുണ്ടായി. മലബാറിലെ പല നാടുവാഴികളും ഹൈദരാലിയുടെ അക്രമണത്തില്‍നിന്ന് രക്ഷനേടാനായി തിരുവിതാംകൂറിലേക്ക് ചേക്കേറുകയാണുണ്ടായത്. പിന്നീട് കച്ചവടത്തിനായി വന്ന ബ്രിട്ടീഷുകാര്‍ അധികാരം സ്ഥാപിക്കാനായി അക്രമത്തിന്റെ പാത സ്വീകരിച്ചപ്പോള്‍ പല നാട്ടുപ്രമാണിമാരും അവര്‍ക്ക് കീഴ്‌പ്പെട്ട് നില്‍ക്കാനാണ് തയ്യാറായത്. അതിനൊരപവാദം പഴശ്ശിരാജ മാത്രമായിരുന്നു. മലബാറിലെ കോട്ടയം രാജവംശത്തിനു പുറമെ ശക്തരായ ചിറക്കല്‍, കടത്തനാട്, കുറുമ്പ്രനാട് തുടങ്ങിയ രാജാക്കന്മാര്‍ പഴശ്ശിയുടെ കൂടെ ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രതിരോധിച്ചിരുന്നുവെങ്കില്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ, കമ്പനിയുടെ ഭാവി മറ്റൊന്നാകുമായിരുന്നുവെന്നതിനു രേഖകള്‍ സാക്ഷ്യം വഹിക്കുന്നു. ലോകം ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ കാതലായ ഒരു വ്യത്യാസവുമില്ലാത്തത് മറ്റൊരുവനെ തന്റെ വരുതിയിലാക്കണമെന്ന ദുരാഗ്രഹത്തിനു മാത്രമാണ്. ആന്തരികമായി എത്ര വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ഒരു പൊതുശത്രുവിനെതിരെ സ്വരക്ഷയ്ക്കുവേണ്ടി ഒന്നിച്ചു നില്‍ക്കണമെന്ന ബോധം ഏറെ അത്യാവശ്യമായ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. സ്വദേശത്തിനും സ്വധര്‍മ്മത്തിനും വേണ്ടിയുള്ള ഐക്യകാഹളമാണ് പഴശ്ശി പോരാട്ടം നമുക്കു നല്‍കുന്ന സന്ദേശം.
1805 നവംബര്‍ 30ന് സ്വന്തം നാടിനും, സംസ്‌കാരത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി വീരാഹൂതിയായ പഴശ്ശിരാജയെ എതിരാളികള്‍ക്കുപോലും കയ്യൊഴിയാന്‍ സാധിക്കുമായിരുന്നില്ല. പഴശ്ശിരാജയുടെ ഭൗതികശരീരം അന്നത്തെ തലശ്ശേരി സബ് കലക്ടറായിരുന്ന തോമസ് ഹാര്‍വി ബാബര്‍ സ്വന്തം വാഹനത്തിലായിരുന്നു മാനന്തവാടിയിലേക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോയത്. കൂടാതെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും അദ്ദേഹം ഒരുക്കിക്കൊടുക്കുകയുണ്ടായി. അസാധാരണനും അതുല്യനുമായ വിശിഷ്ടവ്യക്തിയും ഈ രാജ്യത്തിലെ മുറപ്രകാരമുള്ള നാടുവാഴിയുമാണ് അദ്ദേഹം എന്നാണ് സബ് കലക്ടറായ ബാബര്‍ രേഖപ്പെടുത്തിയത്. ശത്രുവിന്റെ പോലും ആദരവു പിടിച്ചുപറ്റാന്‍ കഴിഞ്ഞ വ്യക്തിത്വമായിരുന്നു പഴശ്ശിരാജയുടേത്. മുഴുവന്‍ ഭാരതീയരുടെയും എക്കാലത്തെയും ആവേശവും പ്രേരണാസ്രോതസ്സുമായിരുന്നു കേരളസിംഹം പഴശ്ശിരാജ.