സീനിയര്‍ സിറ്റിസണ്‍ അസോസിയേഷന്റെ മലയാള ഭാഷാദിന ചടങ്ങിന് ശേഷം ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ചന്ദ്രനുണ്ണി കൂടെ വന്നു. ചന്ദ്രനുണ്ണിയായിരുന്നു അവിടെ മുഖ്യ പ്രഭാഷകന്‍. ചന്ദ്രനുണ്ണി പറഞ്ഞു’ഞാന്‍ വലിയ പ്രഭാഷകനൊന്നുമല്ല. സത്യത്തില്‍ എന്നെ താനാണ് സ്റ്റേജില്‍ ആദ്യമായി കയറ്റിയത്. ഓര്‍ക്കുന്നുണ്ടോ?’
ഞാന്‍ പറഞ്ഞു ‘അതുകൊണ്ടെന്താ? കാര്യവിവരമുള്ള ആളുകള്‍ തന്നെയാണ് സ്റ്റേജില്‍ കയറി എന്തെങ്കിലും പറയേണ്ടത്.’ ചന്ദ്രനുണ്ണി ചില്ലറക്കാരനല്ല. രണ്ടു പോസ്റ്റ് ഗ്രാജുവേഷന്‍ കയ്യിലുണ്ട്. റിട്ടയര്‍ ആയി കുറെയായെങ്കിലും മൂന്നാമതൊന്നിന് പഠിച്ചു കൊണ്ടിരിക്കുകയുമാണ്.
കുശലാന്വേഷണത്തില്‍ എന്റെ എഴുത്ത് എങ്ങനെ പോണൂ എന്ന് ചോദിച്ചതിന് മറുപടിയായി ഞാന്‍ പറഞ്ഞു ‘ഈയിടെ കൊല്ലം ചവറയില്‍ നിന്ന് കിടപ്പിലായ ഒരു വയോധിക വിളിച്ചിരുന്നു. കേസരിയുടെ വരിക്കാരിയാണ്, തുറന്നിട്ട ജാലകം വായിച്ച് വിളിച്ചതാ. എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏറെ ദു:ഖിതയാണ്. വളരെ ക്ഷോഭിച്ചാണ് ആ അമ്മ സംസാരിച്ചത്. നിങ്ങള്‍ എല്ലാവരും ആ യക്ഷിയെപ്പറ്റി എഴുതണം എന്നും പറഞ്ഞു. ‘ആങ് ശരി’ എന്ന് ഞാനും പറഞ്ഞു. ഇനി എന്തെഴുതാന്‍? എല്ലാം മാധ്യമ ദ്വാരാ എല്ലാവരും അറിയുന്നുണ്ടല്ലോ ‘അപ്പ്‌ളയ്ക്ക്പ്പ്‌ളെ’!
ചന്ദ്രനുണ്ണിയ്ക്ക് ചിരി വന്നു. ‘എന്തായാലും ആ യക്ഷി കീഴടങ്ങിയല്ലോ.’
‘യക്ഷി എന്നൊക്കെ പറയാമോ എന്നറിയില്ല.. അഹങ്കാരം ഏറെയുണ്ടായിരുന്നു, ‘നാ അഹങ്കാരാത് പരോ രിപു’ അഹങ്കാരത്തെക്കാള്‍ വലിയ ശത്രുവില്ല എന്നാണല്ലോ ഉപനിഷത്തുക്കള്‍ പറയുന്നത്. അത് സംഭവിച്ചു. സ്വന്തം വാക്കുകള്‍ ശരങ്ങളായി. അത് ശത്രുവിനെ എയ്ത് വീഴ്ത്തുകയും തിരികെ വന്ന് തന്നെ തന്നെ വീഴ്ത്തുകയും ചെയ്തു.’ ചന്ദ്രനുണ്ണി പറഞ്ഞു ‘ശരിയാണ്. നോക്കൂ യാത്രയയപ്പു ചടങ്ങില്‍ അവര്‍ പറഞ്ഞ വാചകം ‘ഒരു നിമിഷം മതി നമ്മുടെ ജീവിതത്തില്‍ എന്തും സംഭവിക്കാന്‍’ എന്നത് എത്ര സാര്‍ത്ഥകമായി. പാര്‍ട്ടിയുടെ ഓമനയായിരുന്നു. എന്തെല്ലാം പദവികളായിരുന്നു. എല്ലാറ്റിനും പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കാല്‍ തല്ലിയൊടിക്കുമെന്ന് എഴുതിയയാള്‍ ഒപ്പന പാട്ടിലെ നായികയായ ‘പൂമോള്‍’ ആയിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍? പൊക്കി കൊണ്ടുവരുന്നവര്‍ അധാര്‍മ്മികരാണെങ്കില്‍ സദ് ചിന്ത എവിടെ നിന്ന് വരാന്‍? മുമ്പൊരു വനിതാ കമ്മീഷണര്‍ ഉണ്ടായിരുന്നു ഇതുപോലെ വാചകം സദാ തിരിച്ചടിക്കുന്നതായി.’
‘അല്ലെങ്കില്‍ അക്കൂട്ടത്തില്‍ വേറെ ആരാ ഉള്ളത് നേരും നെറിയുമുള്ളതായി? ആ പാവം കെ.എസ്. ആര്‍.ടി.സി. ഡ്രൈവര്‍ ഇപ്പൊ എവിടെയാ? ആര് തിരക്കുന്നു? അക്കൂട്ടത്തിലുള്ളവരെ നോക്കൂ,
ഒന്നുകില്‍ കോപ്പി അടിച്ചു മുന്നേറാന്‍ നോക്കുന്നവര്‍, അല്ലെങ്കില്‍ സ്വജനപക്ഷപാതം, ധിക്കാരം, വാചാടോപം, ലൈംഗിക ചുവയുള്ള സംസാരം എന്നിവ കൊണ്ട് ശ്രദ്ധേയര്‍. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നത് സെക്‌സ് കാട്ടാനാണ് എന്ന് പറയുന്നവര്‍. ആഭാസ പക്ഷക്കാരുടെ അസഭ്യ നാരീജനം. അല്ലെങ്കിലും അധാര്‍മ്മികര്‍ നയിക്കുന്ന കക്ഷിയില്‍ ധര്‍മ്മിഷ്ഠരെ തപ്പുന്ന നമ്മളാണ് വിഡ്ഢികള്‍. എല്ലാം ഒരു തരം യക്ഷികള്‍ തന്നെ.’
‘മഹാറാണിമാരാവാന്‍ ശ്രമിക്കുന്ന യക്ഷികള്‍’ ചന്ദ്രനുണ്ണി കൂട്ടിച്ചേര്‍ത്തു.
‘പട്ടമഹിഷികളാവാന്‍ നോക്കുന്ന പൊട്ടയക്ഷികള്‍.’ എന്ന് ഞാന്‍ തിരുത്തി.
‘ഹ..ഹ.’ ചന്ദ്രനുണ്ണി ചിരിച്ചിട്ട് പറഞ്ഞു ‘ഒന്നോര്‍ത്താല്‍ നമ്മുടെ മലയാള യക്ഷികള്‍ അത്ര സ്മാര്‍ട്ടല്ല.’
‘അതെന്താ യഥാര്‍ത്ഥ യക്ഷിയെ കണ്ടിട്ടുണ്ടോ? അന്യ സംസ്ഥാന യക്ഷികളെ?’
‘കഥകള്‍ ധാരാളം കേട്ടിട്ടുണ്ടല്ലോ… ഒരൊറ്റ യക്ഷിയും അധികാരം പിടിക്കുന്നതിലോ കാര്യസാധ്യത്തിലോ ഇന്ന് വരെ വിജയിച്ചിട്ടില്ല.’
‘അങ്ങനെ പറയാന്‍ പറ്റില്ല… ബംഗാളിലൊരുത്തി വെള്ളസാരിയുടുത്ത് നടക്കുന്നുണ്ടല്ലോ?’
‘അത് യക്ഷിയല്ല രാക്ഷസിയാണ്.’
‘ചന്ദ്രനുണ്ണി പറഞ്ഞത് നൂറു ശതമാനം ശരിയാണ്’ ഞാന്‍ പറഞ്ഞു.
‘നമ്മുടെ പൊട്ട യക്ഷികള്‍ വെള്ളസ്സാരിയുടുത്ത് വഴിവക്കത്ത് നില്‍ക്കുക, വഴിപോക്കരോട് ‘ഇത്തിരി ചുണ്ണാമ്പ് തരുമോ?’ എന്ന് ചോദിച്ച് ശൃംഗരിക്കുക എന്ന മിനിമം പരിപാടിയില്‍ ഒതുങ്ങും. അത്തരം യക്ഷികളൊക്കെ അവസാനം പടുകുഴിയില്‍ വീണിട്ടുമുണ്ട്. അവര്‍ ചെറു വാല്യക്കാരെയോ, വല്ല മെലിഞൊണങ്ങിയ ചോരയില്ലാത്ത നമ്പൂരിമാരെയോ പിടിച്ചു അവരുടെ ചോര കുടിയ്ക്കാന്‍ കഷ്ടപ്പെട്ട് പനമുകളിലേയ്ക്ക് കേറ്റി കൊണ്ടുപോകും. എന്നിട്ട് നല്ല ചോര കിട്ടുമോ ഇല്ല, തിന്നാന്‍ മാംസവും കിട്ടില്ല. വല്ല നല്ല തടിമാടന്മാരെ പിടിക്കുമോ അതൊട്ടില്ല താനും.’
‘ശരിയാ… ആ കടമറ്റത്ത് കത്തനാരെ പിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ ഇത്തിരി ചോരയും നീരും ഉണ്ടായിരുന്നു. അതിനെങ്ങനെയാ ആണിയും ചുണ്ണാമ്പും കണ്ടപ്പോള്‍ കുഴഞ്ഞു പോയില്ലേ? ആണി പറിച്ചപ്പോള്‍ പേടിച്ചോടുകയും ചെയ്തു.’
‘ഹ ഹ ഹ ശരിയാണ്. മലയാറ്റൂരിന്റെ യക്ഷിയും പൊട്ട യക്ഷിയായിരുന്നു. അതുകൊണ്ടല്ലേ അവസാനം അവള്‍ കൊല്ലപ്പെട്ടത്.’
‘അവള്‍ അയഥാര്‍ത്ഥ യക്ഷി ആയിരുന്നു. ആരോരുമില്ലാത്ത സുന്ദരിപ്പെണ്‍കൊടി. നല്ല സിനിമ. മലയാറ്റൂരിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയത് അ ടൂര്‍ ഭാസിയായിരുന്നു’ ഞാനിന്നും ഓര്‍ക്കുന്നു. അതിലൊരു ഡയലോഗ് ഉണ്ട്. രാഗിണി പറയുന്നു ‘ഈ കാണുന്ന നീലാകാശത്തിനു മുകളില്‍ ഒരു ചുവന്ന ആകാശമുണ്ട്. അവിടെയാണ് യക്ഷികള്‍ താമസിക്കുന്നത് എന്ന്.’
‘ഹ ഹ ഹ.. അത് ശരിയായിരിക്കും. അവിടെ വൈഡൂര്യ രത്‌നങ്ങള്‍ക്കു പകരം ചെങ്കൊടിയും കത്തിയും കൈബോംബുമായിരിക്കും.’
‘സിനിമക്കാര്യം പറഞ്ഞപ്പോഴാണ്. കടത്തനാട്ട് മാക്കം കഥ കേട്ടിട്ടില്ലേ?’
‘ആ സിനിമ കണ്ടിട്ടുണ്ട്. പ്രേംനസീര്‍, ഷീല ‘ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ’ പാട്ട് ആരാ മറക്കുക?’
‘അത് ഉത്തരകേരളത്തില്‍ നടന്ന കഥയാണെന്ന് ഐതിഹ്യമാല. കണ്ണൂര്‍ക്കാര്‍ക്ക് അറിയാതിരിക്കില്ലല്ലോ. അനാവശ്യമായി ഒരു പാവത്തിനെ കുറ്റപ്പെടുത്തി നുണക്കഥകള്‍ മെനഞ്ഞുണ്ടാക്കി ക്രൂശിച്ചതിന്റെ കഥ.’
‘പാട്ട് ഓര്‍ക്കുന്നുണ്ടെങ്കിലും കഥ ഓര്‍ക്കുന്നില്ല.’
‘കടാങ്കോട് മാക്കം എന്നാണു ശരിയായ പേര്. കടാങ്കോട് നാടുവാഴി തറവാട്, അവിടത്തെ പൊന്നോമന പുത്രി മാക്കം, പന്ത്രണ്ട് ആങ്ങളമാരുടെ ഏക അനുജത്തി. പന്ത്രണ്ട് ആങ്ങളമാരും കല്യാണം കഴിച്ച് കൊണ്ടുവന്നു. ഒരാള്‍ ഒഴിച്ച് ബാക്കി പതിനൊന്നു പേരും മാക്കത്തിന്റെ ശത്രുക്കളായി. ആങ്ങളമാരുടെ പെങ്ങളോടുള്ള സ്‌നേഹവാത്സല്യം അവര്‍ക്ക് അസഹ്യമായി. മാക്കം എതിരിടാന്‍ പോയില്ല. ഭഗവതിയെ പ്രാര്‍ത്ഥിച്ച് സാത്വികിയായി കഴിഞ്ഞു കൂടി. യക്ഷികളായി മാറിയ നാത്തുന്മാരുടെ തലയണ മന്ത്രം ശരിക്കും ഫലിച്ചു. പല പല ദുഷ്ടക്കഥകള്‍, പച്ച നുണകള്‍, ചതിപ്രയോഗങ്ങള്‍. ആങ്ങളമാരുടെ സൈ്വരം നഷ്ടപ്പെട്ടു. അവര്‍ അവരുടെ പൊന്നനുജത്തിയെ വെറുത്തു. മാക്കത്തിന്റെ പേരില്‍ വ്യഭിചാരക്കുറ്റം വരെ ചാര്‍ത്തിയപ്പോള്‍ ആങ്ങളമാര്‍ മാക്കത്തെ തട്ടിക്കളയാന്‍ പ്ലാനിട്ടു. മാക്കത്തിന്റെ ഭര്‍ത്താവില്ലാത്ത തക്കം നോക്കി മാക്കത്തെയും ഉണ്ണികളെയും കാട്ടിലെ പൊട്ടക്കിണറ്റില്‍ വെട്ടിത്തള്ളി. സഹോദരന്മാര്‍ മടങ്ങി വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഭയങ്കരമായിരുന്നു. മാക്കം ഉണ്ണികളൊത്ത് ഘോര ദംഷ്ട്രാരൂപിയായ ദുര്‍ഗ്ഗാ ഭഗവതിയായി മുറ്റത്ത് നൃത്തം ചവിട്ടുന്നു. അവരുടെ പത്‌നിമാര്‍ പതിനൊന്നു പേരും ചോര ഛര്‍ദ്ദിച്ച് മരിച്ചു വീണു കിടക്കുന്നു. ഒന്ന് മാപ്പ് ചോദിക്കാന്‍ പോലും അവസരം കിട്ടാതെ ഈ പതിനൊന്നു സഹോദരന്മാരും അവരെപ്പോലെ ചോര ഛര്‍ദ്ദിച്ചു മരിച്ചു വീണു.’
ചന്ദ്രനുണ്ണി ദീര്‍ഘ നിശ്വാസം വിട്ടു പറഞ്ഞു ‘ഭയങ്കര കഥ. ആ പെണ്ണുങ്ങള്‍.. പട്ടമഹിഷികളാവാന്‍ നോക്കിയ പൊട്ടയക്ഷികള്‍ തന്നെ. ആരായാലും അനാവശ്യമായി ആരെയെങ്കിലും കുറ്റം ചാര്‍ത്തി ദ്രോഹിച്ചാല്‍ ഇത് തന്നെയായിരിക്കും ഗതി.’ ‘കടത്തനാട്ട് ഭാഗത്ത് ഇപ്പോഴും ദേവീപ്രീതിയ്ക്കായി ‘മാക്കം തിറ’, ‘മാക്കം തോറ്റം’ എന്നിവ ആളുകള്‍ കഴിപ്പിക്കുന്നുണ്ട്.’
‘എന്നാല്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലോ അല്ലെങ്കില്‍ എ.കെ.ജി.സെന്ററിലോ ഒരു ‘തിറ’യാവാം അതുകൊണ്ടു പരിഹാരം ഉണ്ടാവുമോ എന്നറിയില്ല.’
‘ഹ..ഹ..ഹ.. ‘ ചന്ദ്രനുണ്ണി ഉറക്കെ ചിരിച്ചിട്ട് പറഞ്ഞു ‘എന്നാല്‍ പിന്നെ നമ്മള്‍ ഇപ്പോള്‍ സംസാരിച്ചത് തന്നെ എഴുതിക്കോളൂ. കൊല്ലത്തെ അമ്മൂമ്മയ്ക്ക് തൃപ്തിയാവും.’
‘അയ്യോ.. അവര്‍ മനം നൊന്ത് കോട്ടക്കുളങ്ങര അമ്മയ്ക്ക് എന്തൊക്കെയോ വലിയ വഴിപാടു പ്രാര്‍ത്ഥിച്ചിട്ടുണ്ടത്രേ.’
‘എന്നാല്‍ ശരിക്കും തട്ടും’ എന്ന് ചന്ദ്രനുണ്ണി പറഞ്ഞപ്പോള്‍ രണ്ടു പേരും ഉറക്കെ ചിരിച്ച് കൈ കൊടുത്ത് യാത്ര പറഞ്ഞു.
പോരുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു. അഴിമതിയാരോപണം തെറ്റായിരുന്നെങ്കില്‍ സത്യത്തെ മുറുക്കെ പിടിച്ചുകൊണ്ട് അയാള്‍ക്ക് തന്റെ ഉള്ളിലെ സര്‍വ്വാന്തര്യാമിയായ ജഗദീശ്വരനെ സാക്ഷിയാക്കി ഉറച്ച് നിന്ന് പോരാടാമായിരുന്നു. അല്ല കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്ത് അന്തര്യാമി? അത്തരമൊരു അവസരം പോലും തന്റെ രാഷ്ട്രീയ ചായ്‌വ് മൂലം അയാള്‍ക്ക് നഷ്ടപ്പെട്ടു. ആര്‍ക്കറിയാം സത്യം!
‘നാസ്തി സത്യാത് പരോധര്‍മ്മ:
നാനൃതാത് പാതകം പരം’
എന്ന് സ്മൃതി വാക്യം. സത്യത്തെക്കാള്‍ വലിയ ധര്‍മ്മമില്ല; അസത്യത്തെക്കാള്‍ വലിയ പാതകവുമില്ല.