നവംബര്‍ 27 കേസരി സമാരംഭദിനം
1951 നവംബര്‍ 27 നാണ് കേസരി വാരികയുടെ ആദ്യലക്കം പുറത്തിറങ്ങുന്നത്. ‘ഞങ്ങള്‍’ എന്ന തലക്കെട്ടില്‍ ആദ്യലക്കത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു: ‘ഭാരതീയ സംസ്‌കാരം പ്രചരിപ്പിക്കുക എന്നതാണ് കേസരിയുടെ ലക്ഷ്യം. ഭാരതീയര്‍ക്ക് ഒരു സംസ്‌കാരമുണ്ട്. അതിന്റെ വൈശിഷ്ട്യമാണ് ഭാരതത്തിന്റെ മഹത്വത്തിന്റെ കാരണം. ചരിത്രാതീതകാലത്തെ മഹര്‍ഷിമാര്‍ തുടങ്ങി മഹാത്മാഗാന്ധി വരെയുള്ള മഹാപുരുഷന്മാരെ സൃഷ്ടിച്ചത് ഈ സംസ്‌കാരമാണ്. അതിന്റെ വെളിച്ചത്തില്‍ വേണം നാം നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടുവാന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അതോടൊപ്പം വഴിതെറ്റി തിരിയുന്ന ലോകത്തിന് ശരിയായ മാര്‍ഗ്ഗദര്‍ശനം ചെയ്യുവാനുള്ള കഴിവ് ഭാരതത്തിനുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സ്വന്തം സംസ്‌കാരത്തിലും ഭാവിയിലും അടിയുറച്ച ഈ ആത്മവിശ്വാസത്തിലാണ് നമ്മുടെ നവോത്ഥാനത്തിന്റെ ആണിക്കല്ല്. ഈ വിശ്വാസവും ശ്രദ്ധയും ഭാരതീയ ഹൃദയങ്ങളില്‍ ഉണര്‍ത്തുവാന്‍ കേസരി ശ്രമിക്കുന്നതാണ്.’ പിറന്ന് മുക്കാല്‍ നൂറ്റാണ്ടിനോടടുക്കുന്ന വേളയില്‍ ഈ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ കേസരി എത്രമാത്രം മുന്നോട്ടു പോയി എന്നൊരു അന്വേഷണം ഏറെ പ്രസക്തമാണ്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഏറ്റവും വലിയ ദീപസ്തംഭമായി നിലകൊള്ളുന്നത് ശ്രീനാരായണഗുരുദേവനാണ്. സ്വാമി രംഗനാഥാനന്ദ ഗുരുദേവനെക്കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നു; ”ശ്രീനാരായണഗുരുവിന്റെ സാമൂഹിക പരിവര്‍ത്തനപ്രസ്ഥാനം ഒരു പ്രധാന കാര്യത്തില്‍ സമാനതകളില്ലാത്തതാണ്. അത് പൂര്‍ണ്ണമായും സൃഷ്ടിപരമാണ്. ഉപരിവര്‍ഗ്ഗങ്ങളോട് അശേഷം വിദ്വേഷമില്ലാത്തതുമാണ്. മനുഷ്യരുടെ ഉള്ളില്‍ ആത്മീയബോധമുണര്‍ത്തി ജീവികളുടെ ഏകത എന്ന വികാരം സാക്ഷാത്കരിച്ച് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കടുത്ത യുക്തിരാഹിത്യം മൂലമുണ്ടായ അസ്പൃശ്യതകള്‍ അവന്റെ ഇടയില്‍ നിന്നും ദൂരീകരിക്കണം. അതാണ് സമത്വത്തിലേക്കും സാമൂഹ്യ നീതിയിലേക്കുമുള്ള ശരിയായ വഴി. ഗുരു പ്രയോഗിച്ച ഒറ്റ മൂലി ഇതു തന്നെ.” (പി.പരമേശ്വരന്‍, ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍, പേജ്:248). ഹിന്ദുസ്ഥാനത്തെ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും മതം ഹിന്ദുമതം തന്നെ എന്നു ശ്രീനാരായണഗുരു പറഞ്ഞത് ഈ വിശാല അര്‍ത്ഥത്തിലാണ്. ആ കാഴ്ചപ്പാടിലാണ് അദ്ദേഹം ആലുവയില്‍ സര്‍വ്വമത സമ്മേളനം സംഘടിപ്പിച്ചതും. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഹിന്ദു സംഘടന എന്ന കാഴ്ചപ്പാടിനു പിന്നിലും ഇതു തന്നെയാണുള്ളത്. ഈ സന്ദേശമാണ് കേസരിയും ഉള്‍ക്കൊള്ളുന്നത്.
ഗുരുദേവന്‍ മുന്നോട്ടുവെച്ച നവോത്ഥാനഗതിയെ വഴിതെറ്റിച്ച് അതിന്റെ ആത്മീയാംശം ചോര്‍ത്തിക്കളഞ്ഞുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ അതിനെ തട്ടിയെടുത്തത്. തങ്ങളാണ് നവോത്ഥാനത്തിന്റെ അവകാശികള്‍ എന്ന് നിരന്തരം അവര്‍ പ്രചരിപ്പിച്ചുവന്നു. എന്നാല്‍ ആത്മീയാംശം ചോരാതെ നവോത്ഥാനത്തെ യഥാര്‍ത്ഥ വഴിയിലൂടെ മുന്നോട്ടു കൊണ്ടുവരാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകര്‍ക്ക് സാധിച്ചുവെന്നു മാത്രമല്ല, പരോക്ഷമായി ഇക്കാര്യം കമ്മ്യൂണിസ്സുകാരെക്കൊണ്ട് അംഗീകരിപ്പിക്കാനും സാധിച്ചു. കമ്മ്യൂണിസ്റ്റ് ബുദ്ധിജീവി സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞ ആഗസ്റ്റ് അവസാനം കണ്ണൂരില്‍ ചേര്‍ന്നപ്പോള്‍ അംഗീകരിച്ച നയരേഖയില്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഇതു മനസ്സിലാകും. പ്രൊഫ. എം.എം. നാരായണന്‍ അവതരിപ്പിച്ച നയരേഖയില്‍ കേരളത്തില്‍ അരാഷ്ട്രീയവാദവും വലതുപക്ഷവല്‍ക്കരണവും ഏറുന്നുവെന്നും പൊതു ഇടങ്ങള്‍ രാഷ്ട്രീയ മുഖരിതമാകുമ്പോഴും വീടുകള്‍ അരാഷ്ട്രീയമാകുന്നുവെന്നും കുടുംബങ്ങള്‍ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ ക്ഷണിക്കുന്നുവെന്നുമുള്ള വിലയിരുത്തല്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ തങ്ങളുടെ കുത്തകയാണെന്ന വാദം അവര്‍ തന്നെ കൈവിട്ടു എന്നുള്ള തുറന്നു സമ്മതിക്കലാണ്. ശബരിമല ആചാരസംരക്ഷണ സമരത്തിലെ വമ്പിച്ച പങ്കാളിത്തവും നവോത്ഥാന സംരക്ഷണം എന്ന പേരില്‍ ഇടതുസര്‍ക്കാര്‍ നടത്തിയ സംരംഭങ്ങളുടെ തകര്‍ച്ചയും വിലയിരുത്തിക്കൊണ്ടു വേണം പു.ക.സയുടെ നയരേഖയിലെ പോസ്റ്റ്‌മോര്‍ട്ടത്തെ കാണാന്‍. ആത്മീയത ചോര്‍ത്തിക്കളഞ്ഞ് തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവന്ന് നവോത്ഥാനത്തെ പാളം തെറ്റിച്ചതിനെ തിരിച്ച് പാളത്തിലെത്തിക്കാനും ഗുരുദേവന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയുമൊക്കെ ജീവിതവും സന്ദേശവും ഊര്‍ജ്ജമാക്കി ആധുനിക കേരളത്തിന് വഴികാട്ടാനും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തിന് കേരളത്തില്‍ സാധിച്ചു എന്നതാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് അവരെ എത്തിച്ചത്. ഇതില്‍ കേസരി വഹിച്ച പങ്ക് നിസ്തുലമാണ്.


ആധുനിക കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് വഴി കാട്ടിയവര്‍ മൂന്നു സംഘപ്രചാരകന്മാരായിരുന്നു – പി. പരമേശ്വരന്‍, പി.മാധവന്‍, എം.എ. കൃഷ്ണന്‍ എന്നിവരാണവര്‍. ഇതില്‍ ആദ്യത്തെ രണ്ടു പേര്‍ കേസരിയുടെ ബീജാവാപത്തില്‍ പങ്കെടുത്തവരും മരണംവരെ അതിന് മാര്‍ഗ്ഗദര്‍ശനമരുളിയവരുമായിരുന്നു. മൂന്നാമത്തെയാള്‍ കേസരി പത്രാധിപര്‍ എന്ന നിലയ്ക്ക് നവോത്ഥാന നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്നയാളുമാണ്. 1951 നവംബര്‍ ആദ്യവാരം കോഴിക്കോട് പാളയത്തെ ഒ.വി. രാജുവിന്റെ (ഗോവിന്ദരാജലു ചെട്ടിയാര്‍) വീടിന്റെ ചായ്പില്‍ ശങ്കര്‍ ശാസ്ത്രിയും പി.പരമേശ്വരനും പി.മാധവനും മറ്റും പങ്കെടുത്ത ബൈഠക്കിലാണ് കേസരി ആരംഭിക്കാന്‍ തീരുമാനിക്കുന്നത് (മൗന തപസ്വി, പേജ്: 18). പ്രസിദ്ധീകരണ ദ്രവ്യത്തിന്റെ ചുമതല പി.പരമേശ്വരനായിരുന്നു. ആദ്യ ലക്കങ്ങളില്‍ മുതല്‍ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, പഴശ്ശിരാജാ, വേലുത്തമ്പി തുടങ്ങിയവരെ പരിചയപ്പെടുത്തുക വഴി സാംസ്‌കാരികവും ദേശീയവുമായ കേരളത്തിന്റെ പാരമ്പര്യം വായനക്കാരിലെത്തിക്കാനും കേസരിക്കു സാധിച്ചു. ഇത്തരം ലേഖനങ്ങളില്‍ പലതും പി.പരമേശ്വരന്റേതും പി.മാധവന്റേതുമായിരുന്നു. സാധുശീലന്‍ പരമേശ്വരന്‍ പിള്ള (പിന്നീട് സ്വാമി പരമേശ്വരാനന്ദ സരസ്വതി) പത്രാധിപരായതോടെ ഈ ധാര ശക്തമാകാന്‍ തുടങ്ങി. എം.എ. കൃഷ്ണന്‍ പത്രാധിപ പദവിയിലെത്തിയതോടെ കേസരിക്ക് സാംസ്‌കാരിക രംഗത്ത് മുന്‍നിരയില്‍ തന്നെ കസേര കിട്ടി. കേസരി മുന്നോട്ടു വെക്കുന്ന നവോത്ഥാന സന്ദേശങ്ങള്‍ സാഹിത്യകാരന്മാരിലും സാംസ്‌കാരിക നായകരിലും പ്രകടമായ സ്വാധീനം ചെലുത്തി. അക്കിത്തം, പി.കുഞ്ഞിരാമന്‍ നായര്‍ തുടങ്ങി ആദരണീയരായ കവികളും സാഹിത്യകാരന്മാരും കേസരിയുടെ സ്ഥിരം എഴുത്തുകാരായി. ബാലഗോകുലം, തപസ്യ എന്നീ സംഘടനകള്‍ക്ക് ആസ്ഥാനമായത് കേസരി കാര്യാലയമാണ്. കേരളത്തിന്റെ നവോത്ഥാന സംരംഭങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ആത്മീയ പുരുഷനാണ് സ്വാമി ആഗമാനന്ദ. പി.പരമേശ്വരനും എം.എ. കൃഷ്ണനും വിദ്യാര്‍ത്ഥികാലം മുതല്‍ സ്വാമിജിയുടെ സാധീനത്തില്‍ വന്നിരുന്നു (കേരള വിവേകാനന്ദന്‍ ശ്രീമദ് ആഗമാനന്ദ സ്വാമികള്‍ എന്ന പി.പരമേശ്വരന്റെ പുസ്തകവും ഓരം ചേര്‍ന്ന് നടന്ന ഒരാള്‍ എന്ന എം.എ. കൃഷ്ണന്റെ ജീവചരിത്രവും കാണുക). ആഗമാനന്ദ സ്വാമികളുടെ ലേഖനങ്ങള്‍ 50-കള്‍ മുതല്‍ പതിവായി കേസരി പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെ സ്വന്തം ജാതകക്കുറിപ്പിലെ നവോത്ഥാന ദൗത്യം കേസരി അണുവിട തെറ്റാതെ പിന്തുടര്‍ന്നു പോന്നു.

1960 കളിലും 1970 കളിലും ഏറെ പ്രതിസന്ധികളെ തരണം ചെയ്യുകയും ബാലാരിഷ്ടതകള്‍ മാറികടക്കുകയും ചെയ്ത കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെ ഫലമായി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും എത്താന്‍ തുടങ്ങി. അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണം കേരളത്തിലെ ക്ഷേത്ര നവോത്ഥാനത്തിന്റെ ശംഖൊലിയായി. കേരള ഗാന്ധി കെ.കേളപ്പനായിരുന്നു അതിന്റെ നായകത്വം വഹിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ വഴിപിഴപ്പിച്ച നവോത്ഥാനത്തെ ശരിയായ പാതയിലേക്ക് കൊണ്ടുവരുന്നതില്‍ ഇതൊരു നാഴികക്കല്ലായിരുന്നു. അതിനു മുമ്പ് തന്നെ മലബാര്‍ ക്ഷേത്രസംരക്ഷണ സമിതി ആരംഭിച്ചിരുന്നെങ്കിലും വളരെ തണുത്ത പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നും ഒരു ക്ഷേത്രം പോലും പുനരുദ്ധരിക്കാനായില്ല എന്നും വി.എം. കൊറാത്ത് ‘ഓര്‍മ്മയുടെ നിലാവ്’ എന്ന തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (പേജ്:269). ഒരു ഷോക്ക് ചികിത്സയിലൂടെ ഹിന്ദു സമൂഹത്തെ ഉണര്‍ത്താന്‍ അങ്ങാടിപ്പുറത്തെ ശിവലിംഗത്തിന് സാധിച്ചു. ഈ സമരത്തിനായി ജനസമൂഹത്തെ ഇളക്കി എത്തിച്ചത് ആര്‍.എസ്.എസ് ആയിരുന്നു. അതിന്റെ ചുക്കാന്‍ പിടിച്ചത് പി.മാധവനും പി.വാസുദേവനും പി.പരമേശ്വരനുമൊക്കെയായിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ കേസരിയും പ്രധാന പങ്കുവഹിച്ചു. അങ്ങാടിപ്പുറത്തെ ആരാധനാസ്വാതന്ത്ര്യ സമരം കേരളത്തിലെ ഹിന്ദു ഉണര്‍വ്വിന് വലിയൊരു കാരണമായി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാനവ്യാപകമായി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. മാധവ്ജിയും പി.രാമചന്ദ്രനുമൊക്കെയായിരുന്നു ഈ പ്രവര്‍ത്തനത്തിന്റെ നേതൃസ്ഥാനത്ത്. ഈ നവോത്ഥാന മുന്നേറ്റത്തെ അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സാധിക്കുമായിരുന്നില്ല. 2024 സപ്തംബര്‍ 22ന് ദേശാഭിമാനി വാരാന്ത്യപ്പതിപ്പില്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ എഴുതിയ, ഗുരുവായൂര്‍ സൂചിപ്പിക്കുന്നത് എന്ന ലേഖനം അവസാനിക്കുന്നത് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടതോടുകൂടി അയിത്തം ഇല്ലാതാവുകയും ഹിന്ദുഐക്യം സാധ്യമാകുകയും ചെയ്തു എന്നും മന്നവും ശങ്കറും വിഭാവനം ചെയ്ത ഹിന്ദുഐക്യമല്ല ചിലര്‍ ഉദ്ദേശിക്കുന്നതെന്നും അതിനവരെ പ്രേരിപ്പിക്കുന്നത് മുസ്ലിം ക്രിസ്ത്യന്‍ കമ്മ്യൂണിസ്റ്റ് വിരോധമാണെന്നും വിശ്വാസസംരക്ഷണത്തേക്കാള്‍ പ്രധാനമാണ് പട്ടിണിയകറ്റല്‍ എന്നും വിലയിരുത്തിക്കൊണ്ടാണ്. ഇതേ ലേഖനത്തില്‍ 1931 ഡിസംബര്‍ 21ന് ഗുരുവായൂരില്‍ മന്നം നടത്തിയ ഒരു പ്രസംഗം ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: ‘ബിംബം തൊട്ടാരാധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടായിരിക്കണമെന്ന് ഞാന്‍ പറഞ്ഞതിനര്‍ത്ഥം പൂജാരിയാകാന്‍ പഠിപ്പുള്ള ഏതു ജാതിക്കും അവകാശമുണ്ടായിരിക്കണമെന്നാണ്. അല്ലാതെ എല്ലാവരും ശ്രീകോവിലില്‍ പാഞ്ഞുകയറണമെന്നല്ല (ദേശാഭിമാനി 2024 സപ്തം: 22). കമ്മ്യൂണിസ്റ്റുകാര്‍ കേരളം ഭരിക്കുകയും ദേവസ്വം ബോര്‍ഡ് ഭാരവാഹികളാകുകയും ചെയ്തിട്ടും ഇതു നടപ്പാക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ ഒരു അധികാരവുമില്ലാതിരുന്ന പി.മാധവന്‍ എന്ന ആര്‍.എസ്.എസ്. പ്രചാരകന്‍ 1987 ആഗസ്റ്റ് 27 ന് പാലിയത്ത് വിളിച്ചു ചേര്‍ത്ത ആചാര്യ സദസ്സ് പൂജ ചെയ്യാന്‍ ജാതിയല്ല അവരുടെ കര്‍മ്മമാണ് മാനദണ്ഡം എന്ന് പ്രഖ്യാപിച്ചത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. വൈക്കം- ഗുരുവായൂര്‍ സത്യഗ്രഹം പോലെയും ക്ഷേത്രപ്രവേശന വിളംബരം പോലെയും സുപ്രധാനമായിരുന്നു ഈ വിളംബരം. അതിനു മുമ്പില്‍ അന്ധത നടിക്കുന്നവരാണ്, പട്ടിണിയകറ്റലാണ് പ്രധാനം എന്ന് ന്യായം നിരത്തുന്നത്. മറ്റു പല മാധ്യമങ്ങളും തമസ്‌കരിച്ച പാലിയം വിളംബരത്തെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്ത പ്രസിദ്ധീകരണം കേസരിയാണ്.

ഓഫീസ്

1982 ലെ വിശാലഹിന്ദു സമ്മേളനം, രാമായണ മാസാചരണ ആഹ്വാനം തുടങ്ങിയവ ആധുനിക നവോത്ഥാന ചരിത്രത്തിലെ അധ്യായങ്ങളാണ്. വിശാലഹിന്ദു ഗാന്ധിയുടെ ഹിന്ദുവോ അതോ ഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെ ഹിന്ദുവോ എന്നാണ് ഇ.എം.എസ്സിന്റെ കുരുട്ടുബുദ്ധിയില്‍ വന്ന സംശയം. അത് ഗാന്ധിയുടെയും ഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെയും ഗാന്ധിയെ ബ്രിട്ടീഷുചാരന്‍ എന്നു വിളിച്ച ഇ.എം.എസ്സിന്റെയും ഹിന്ദുവാണെന്ന പി.പരമേശ്വരന്റെ മറുപടി കുറിക്കുകൊണ്ടു. എല്ലാവരെയും ഉള്‍ക്കൊള്ളാനും ശുദ്ധീകരിക്കാനും കഴിയുന്നതാണ് ഹിന്ദുത്വം എന്ന വസ്തുത പുറത്തറിയിക്കാന്‍ ഇ.എം.എസ്സിന്റെ നാക്ക് കാരണമായിത്തീര്‍ന്നു. വിശാലഹിന്ദു സമ്മേളനത്തിനും രാമായണ മാസാചരണത്തിനും ഏറ്റവുമധികം അച്ചടി സ്ഥലം അനുവദിച്ചത് കേസരിയായിരുന്നു. രാമായണ മാസാചരണത്തെ മുച്ചൂടും വിമര്‍ശിച്ച സി.പി.എം മുഖപത്രം ഇപ്പോള്‍ രാമായണമാസാചരണത്തിന്റെ പ്രാധാന്യം അംഗീകരിച്ച് ലേഖനം പ്രസിദ്ധീകരിക്കുന്നു. കേസരി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുനവോത്ഥാനത്തിന്റെ അലയടി എത്ര വരെ എന്നതിനുള്ള ഉത്തരമാണിത്.
പാഞ്ഞാളിലെ സോമയാഗത്തില്‍ മൃഗബലി ഉപേക്ഷിക്കാന്‍ സാധിച്ചത്, 1983 ഫെബ്രുവരിയില്‍ കല്ലറ സുകുമാരന്‍ ഗുരുവായൂര്‍ ഊട്ടുപുരയില്‍ ജാതിവിവേചനത്തിനെതിരെ നടത്തിയ സമരത്തിന്റെ വിജയം, നിലക്കല്‍ പൂങ്കാവനത്തില്‍ പള്ളി പണിതതിനെതിരായ പ്രക്ഷോഭം തുടങ്ങി നവോത്ഥാനത്തിന്റെ ആധുനിക കാല പ്രയാണങ്ങളില്‍ വഴികാട്ടി ആര്‍.എസ്.എസ് ആയിരുന്നു. മുമ്പ് രാഷ്ട്രീയ താല്പര്യങ്ങളാല്‍ നവോത്ഥാന സംരംഭങ്ങള്‍ അലസിപ്പിക്കപ്പെടുകയും തട്ടിയെടുക്കപ്പെടുകയും ചെയ്തപ്പോള്‍ കേരളത്തില്‍ ആര്‍. എസ്.എസ് ദുര്‍ബ്ബലമായിരുന്നു. ഇന്ന് കാലം മാറി. ഇടതു സര്‍ക്കാര്‍ ശബരിമല ആചാരലംഘനത്തിന് വനിതാമതിലും നവോത്ഥാന സംരക്ഷണവേദിയും ഉണ്ടാക്കിയെങ്കിലും അവയ്ക്ക് അല്പായുസ്സായിരുന്നു. അവയുടെ തലപ്പത്തിരുന്നവര്‍ തന്നെ അതിനെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. ഹിന്ദു ഉണര്‍വ്വിന്റെയും നവോത്ഥാന മുന്നേറ്റത്തിന്റെയും വഴി തടയാന്‍ കേരളത്തിലിനി സാധ്യമല്ല. ഈ വിധത്തില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിലെ മുഖ്യരാസത്വരകം കേസരിയാണ് എന്ന് ചരിത്രം വിലയിരുത്തും.