മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം പി.ജയരാജന്‍ പാര്‍ട്ടി പ്രവര്‍ത്തനം മൂലക്കാക്കി പുസ്തക കച്ചവടത്തിലേക്ക് കടന്നിരിക്കയാണ്. ജയരാജന്റെ കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകം മൂന്നാം എഡീഷനിലേക്ക് കടക്കുകയാണത്രെ. ഇത്ര ചൂടപ്പം പോലെ വിറ്റുപോകാന്‍ എന്താണ് അതിലെ വിശേഷം അല്ലെങ്കില്‍ വിവാദം എന്ന് സംശയിക്കുന്നവര്‍ ഉണ്ട്. അതാണ് ജയരാജന്റെ കച്ചവടതന്ത്രം. ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തകമാകുമ്പോള്‍ പല മുസ്ലിം വിഭാഗങ്ങളും വാങ്ങും. അത് ചെറിയ മേമ്പൊടി ചേര്‍ത്ത് വാര്‍ത്തയാക്കിയാലോ കച്ചവടവും പൊടിപൊടിക്കും. മാതൃഭൂമി പത്രവും ചാനലും പുസ്തകത്തില്‍ മദനിയെക്കുറിച്ച് ജയരാജന്‍ വിവാദമായ ചിലത് എഴുതി എന്നത് വാര്‍ത്തയാക്കി. പുസ്തകം ഇറങ്ങുന്നതിനു ദിവസങ്ങള്‍ക്കുമുമ്പും പ്രകാശനത്തിന്റെ തലേന്നുമായിരുന്നു ഈ വാര്‍ത്ത കൊടുക്കല്‍. വന്‍തുക മുടക്കി പരസ്യം കൊടുക്കുന്നതിലും ഗുണം ചെയ്യുന്നതാണല്ലോ ഒരു ചില്ലിക്കാശ് ചെലവില്ലാത്ത ഈ തന്ത്രം.
2008ല്‍ ഹിന്ദുത്വത്തിനെതിരെ ജയരാജന്‍ ഒരു പുസ്തകം എഴുതിയിരുന്നു. സംഘര്‍ഷത്തിന്റെ രാഷ്ട്രീയം ഫാസിസത്തിന്റെ അസുരവഴികള്‍ എന്നതായിരുന്നു ആ പുസ്തകം ചിന്ത പബ്ലിഷേഴ്‌സാണ് പ്രസാധകര്‍. ആര്‍എസ്എസ്സിനെതിരെയായിരുന്നു ആ പുസ്തകം. അതിന് ഇത്തരം ഒരു കച്ചവട സാധ്യത ജയരാജന് കിട്ടിയില്ല. കാരണം പുസ്തകം വാര്‍ത്തയാക്കി ചൂടപ്പം പോലെ വിറ്റഴിക്കാന്‍ ഉള്ള ശ്രമം വിജയിക്കില്ലെന്നു ജയരാജന് അറിയാമായിരുന്നു. പുസ്തകത്തെ അവഗണിച്ചുതള്ളുകയാണ് ആര്‍എസ്എസ് ചെയ്തത്. പ്രകോപനമുണ്ടാക്കി ആര്‍എസ്എസ്സുകാരെ പുസ്തകത്തിനെതിരെ രംഗത്തിറക്കാനുള്ള തന്ത്രം പാളി. എന്നാല്‍ ജയരാജന്റെ ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ ഇസ്ലാമിക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഈ പുസ്തകത്തില്‍ കേവലം രണ്ടു പേജാണ് മദനിയെക്കുറിച്ച് പറയുന്നത്. അതോടെ പി.ഡി.പിക്കാര്‍ പുസ്തകം കത്തിച്ച് പ്രതിഷേധിച്ചു. ഗാന്ധിജിക്ക് സമനാണ് മദനി എന്നു പറഞ്ഞ ഇ.എം.എസ്സിനെ തിരുത്താന്‍ ജയരാജന്‍ ആരെന്നാണ് അവരുടെ ചോദ്യം. മതതീവ്രവാദത്തിന്റെ അംബാസിഡറാണ് മദനി എന്നു എഴുതിയത് അവര്‍ക്ക് സഹിച്ചില്ല. വായില്‍ കൊള്ളാവുന്ന തെറി മുഴുവന്‍ വിളിച്ച ശേഷം അവര്‍ ഈ പുസ്തകം കത്തിച്ചു. കീശ വീര്‍പ്പിക്കാന്‍ വേണ്ടി മാത്രം എഴുതിയ പുസ്തകമാണെങ്കിലും യഥാര്‍ത്ഥ ഫാസിസം എവിടെയാണ് കുടികൊള്ളുന്നത് എന്നും അതിന് പാലൂട്ടുന്നത് ആരാണെന്നും ജയരാജനും സി.പി.എമ്മിനും തിരിച്ചറിയാന്‍ ഇതുകൊണ്ട് ഒരവസരം കൂടി കിട്ടി.