പിണറായിക്കാരന്‍ വിജയന്‍ സഖാവ് മുഖ്യമന്ത്രിയായതോടെ കേരളത്തിന് എന്തുപറ്റി എന്നു ചോദിക്കുന്നവര്‍ ഏറിവരികയാണ്. കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തോടെ മാര്‍ക്‌സിസ്റ്റു നേതാക്കള്‍ക്കു വരെ ഈ ചോദ്യത്തിന് ഉത്തരമെന്താണെന്ന് പിടികിട്ടുന്നില്ല. ഇതിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കയാണ് കേരളത്തിലെ പോലീസ് വിഭാഗം. കേരളപ്പിറവിദിനവും മലയാള ഭാഷാദിനവും കൂടിയായ നവമ്പര്‍ 1ന് തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സമ്മാനിക്കല്‍ ചടങ്ങിനേക്കാള്‍ യോഗ്യമായ ഒരു വേദിയില്ലല്ലോ ഇക്കാര്യം മാലോകരെ അറിയിക്കാന്‍. മെഡല്‍ ദാനത്തിലൂടെ ലോകം തിരിച്ചറിഞ്ഞ ഒന്നാമത്തെ കാര്യം കേരള മുഖ്യമന്ത്രിക്ക് വള്ളി പോയി എന്നതാണ്. രണ്ടാമത്തെ കാര്യം പോലീസ്സിനു നീണ്ട വള്ളി നഷ്ടമായി എന്നതാണ്. മൂന്നാമത്തെ കാര്യം മെഡലിന്റെ എല്ലു (ല്‍) പോയി എന്നതാണ്. വള്ളി പോയ മുഖ്യമന്ത്രി ഭരിക്കുന്ന നാട് എങ്ങനെയുണ്ടാവും എന്ന് അറിയാന്‍ വിജയന്‍ സഖാവിന്റെ എട്ടര വര്‍ഷത്തെ ‘മാവേലിനാടു ഭരിക്കും കാലം’ ഒന്നു കണ്ടാല്‍ മതി. ഏറ്റവും ഒടുവില്‍ വയനാട് ദുരിതബാധിതര്‍ക്ക് നല്‍കിയ കിറ്റ് കണ്ടില്ലേ? പുഴുക്കൂടു ചേര്‍ത്ത് പോഷകാഹാരമാക്കിയാണ് സന്നദ്ധ സംഘടനകള്‍ നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ പോലും വിതരണം ചെയ്യുന്നത്. ഇതിലും വലിയ കരുതല്‍ ആര്‍ക്കാണ് സാധിക്കുക?
നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ വഴി തടയാന്‍ വന്നവരെ ലാത്തിയും ചെടിച്ചട്ടിയും കൊണ്ട് തലയ്ക്കടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി മാതൃക കാണിക്കാന്‍ സാധിച്ചത് പോലീസ്സിന്റെ ദീര്‍ഘവള്ളി ഒഴിവായതുകൊണ്ടാണ്. പാര്‍ട്ടിക്കാര്‍ പ്രതികളാകുമ്പോള്‍ കേസ് ആവിയാകുന്നതും മറ്റുള്ളവര്‍ പ്രതികളാകുമ്പോള്‍ കേസ്സെടുക്കാന്‍ ആവേശം കൂടുന്നതും ഇക്കാരണത്താല്‍ തന്നെയാണ്. ആരൊക്കെ എന്തൊക്കെ കുറ്റപ്പെടുത്തിയാലും നിരപരാധിയും സംശുദ്ധയുമായ പി.പി. ദിവ്യയെ അറസ്റ്റുചെയ്യാന്‍ മനഃസാക്ഷി സമ്മതിക്കാത്ത വിധം മനുഷ്യത്വം (കടപ്പാട് ശ്രീമതി ടീച്ചറോട്) മുറ്റി നില്ക്കുന്നതായി കേരള പോലീസ് മാറിയതും മറ്റൊരു കാരണത്താലല്ല. അതുകൊണ്ട് ഈ പോലീസ് വകുപ്പിന്റെ മെഡലുകള്‍ ബൂര്‍ഷ്വാ എല്ലുള്ള (ല്‍ ഉളള )പുരസ്‌കാരങ്ങള്‍ ആവരുത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ഇടത് ബുദ്ധിജീവികളും ഭാഷാപണ്ഡിതന്മാരും ശഠിച്ചതു കൊണ്ട് ‘മെഡല്‍’ നല്കാന്‍ തീരുമാനിച്ചു. അത്ര മാത്രമേ സംഭവിച്ചിട്ടുള്ളു. വിജയന്‍ സഖാവിന്റെ ഭരണം മൂന്നാം തുടര്‍ ഭരണത്തിലേക്ക് കടന്നാല്‍ ഇതു വഴിയുള്ള കറകളഞ്ഞ കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗരാജ്യം കേരളത്തിലെ ഓരോ പൗരനും നേരില്‍ കാണാം.