ഞായറാഴ്ച്ച. സുഹൃത്ത് പുത്തന്‍ വീട്ടില്‍ ഗിരീശന്‍ ഒരു കല്യാണം ക്ഷണിയ്ക്കാന്‍ വന്നതായിരുന്നു. ടീപ്പോയില്‍ കിടക്കുന്ന പത്രം എടുത്ത് നോക്കി വായിക്കാതെ അവിടെ തന്നെ വെച്ചു. ചിലര്‍ അങ്ങനെയാണ് നമ്മള്‍ വായിക്കുന്ന പത്രം നോക്കി നമ്മുടെ രാഷ്ട്രീയം നിശ്ചയിക്കും. എന്നിട്ടായിരിക്കും പലപ്പോഴും കുശലം. പലര്‍ക്കും ഇംഗ്ലീഷ് പത്രം കണ്ടാല്‍ രാഷ്ട്രീയം മനസ്സിലാവില്ല. എന്തായാലും വഖഫ് ബില്‍ എന്ന് കണ്ട് ഇഷ്ടന്‍ ചോദിച്ചു ‘അവര്‍ ഒന്നിച്ച് പ്രമേയം പാസ്സാക്കി’ അല്ലെ?’
‘അതെ.. പതിവ് പോലെ. ഒരേ അഭിപ്രായം ഒരേ പ്രമേയം. അവര്‍ അപ്രമേയ പ്രമേയക്കാര്‍ ആണ്.’
‘എന്ന് വെച്ചാല്‍?’
‘എന്ന് വെച്ചാല്‍ കണക്കില്ലാത്ത അത്ര, അനന്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവര്‍’ എന്ന് ഞാനും.
‘എന്തോ.. അന്തവും കുന്തവുമില്ലാത്ത പ്രമേയങ്ങള്‍ എന്നും ആവാം അല്ലെ?’ പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു.
‘ശരിയാണ്.. യാതൊരു വിധ യുക്തിയുമില്ലാത്ത, ഒരു കാര്യവുമില്ലാത്ത, വെറും പ്രീണനം മാത്രം മുന്‍നിര്‍ത്തിയുള്ള ഒരു ആഭാസ പ്രമേയാഭ്യാസം.’
‘അതെ. ഞാനും ആലോചിക്കാറുണ്ട് ഇവര്‍ക്ക് നാണമില്ലേ എന്ന്.’
പൊതുവെ ഗിരീശന്റെ കുടുംബം കോണ്‍ഗ്രസ് പക്ഷപാതികളാണ്. അതില്‍ ചെറിയ മാറ്റം വന്നുവോ? ഗിരീശനെങ്കിലും! ഞാന്‍ ചിന്തയിലാണ്ടു. പിന്നെ
‘സത്യമറിയുമ്പോള്‍ എല്ലാവര്‍ക്കും ബുദ്ധി തെളിയും’ എന്ന് പറഞ്ഞു ചിരിച്ചു.
കുറച്ചൊന്ന് ആലോചിച്ച് ഗിരീശന്‍ പറഞ്ഞു ‘അതോ ബുദ്ധി തെളിഞ്ഞാല്‍ സത്യം അറിയും എന്നോ?”രണ്ടായാലും വേണ്ടില്ല. നോക്കൂ ഇവര്‍ ഒന്നിച്ച് എന്തിനെല്ലാം പ്രമേയം പാസ്സാക്കിയില്ല!
ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിനെതിരെ, പൗരത്വ ഭേദഗതിയ്‌ക്കെതിരെ, നോട്ട് നിരോധനത്തിനെതിരെ, ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ എന്നതിനെതിരെ എന്ന് വേണ്ട കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്ന ഏത് നല്ല കാര്യത്തിനും എതിരെ പ്രമേയം പാസ്സാക്കും ഈ ഭരണ-പ്രതിപക്ഷ കൂട്ടായ്മ! എന്തൊരു ഒത്തൊരുമയാണ്! എന്നിട്ടോ ആളുകളെ വഞ്ചിക്കാന്‍ ചിലപ്പോള്‍ കടിപിടി കൂടും.’
‘ആട്ടെ.. എന്താണ് ഈ വഖഫ് ബോര്‍ഡ് ബില്‍?’
‘ചുരുക്കത്തില്‍ ഇസ്ലാം മത പോഷണ ക്ഷേമ സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. നൂറ്റാണ്ടുകളായി വിവിധ ഭരണ കര്‍ത്താക്കളും വ്യക്തികളും ദാനമായി നല്‍കിയ ഭൂസ്വത്തുക്കളും വസ്തു വഹകളും കയ്യാളുന്ന ഒരു സ്ഥാപനം.
കേന്ദ്ര വഖഫ് കൗണ്‍സില്‍ അതിനടിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ സ്ഥാപനങ്ങള്‍ എന്നിവ അടങ്ങുന്ന വമ്പന്‍ കോര്പറേറ്റ് ബോഡി. ചില്ലറ സ്വത്തൊന്നുമല്ല അത് കൈയാളുന്നത് ഇന്ത്യയൊട്ടാകെ 8.7 ലക്ഷം വസ്തു വഹകളും 9.4 ലക്ഷം ഏക്ര ഭൂമിയും അതിനുണ്ട് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
അത് അനേകം പള്ളികള്‍ സ്‌കൂളുകള്‍ കോളേജുകള്‍ ആശുപത്രികള്‍ എന്നിവ നടത്തുന്നു. കോടി കോടികള്‍ വരുന്ന സ്വത്തുക്കള്‍ വേണ്ടത്ര സുതാര്യതയില്ലാതെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് നിരവധി പരാതികള്‍ ഉണ്ട്. 1954 ലെ വഖഫ് ആക്ടിന്റെ രൂപവും ഭാവവും മാറ്റി 1995 ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് പ്രവര്‍ത്തിക്കാന്‍ ‘അനന്തവും സമ്പൂര്‍ണ്ണവുമായ അധികാരസ്വാതന്ത്ര്യം’ നല്‍കി. ഈ സ്വാതന്ത്ര്യം അവര്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. പരാതികളും ഉണ്ടായി. എന്നിട്ടും കോണ്‍ഗ്രസ്സ് ഗവണ്മെന്റ് കുലുങ്ങിയില്ല ബോര്‍ഡിന് കൂടുതല്‍ ശക്തി പകരും വിധം 2013 ല്‍ നിയമം പുതുക്കി നല്‍കി. ഏതു സ്വത്തും തങ്ങളുടേതാണ് എന്ന് പ്രഖ്യാപിക്കാന്‍ ബോര്‍ഡിന് അവകാശമുണ്ട് എന്ന് മാത്രമല്ല ഒരു തര്‍ക്കമുണ്ടായാല്‍ വഖഫ് ട്രിബുണലിന് അതില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും തിരുത്തി.
ഇപ്പോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം സുതാര്യമാക്കാനും പൊതു സ്വത്ത്‌കൊണ്ട് ചിലര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനും ബോര്‍ഡുകളില്‍ സര്‍ക്കാരിന്റെ പ്രാതിനിധ്യം, ഇടപെടല്‍ ഉറപ്പിക്കാനുമാണ് ഈ പുതിയ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത് അത് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നതേ ഉള്ളൂ. അപ്പോഴേയ്ക്ക് പ്രമേയം.!’
‘നാട്ടിലെ നിയമങ്ങള്‍ ബോര്‍ഡിന് ബാധകമല്ലേ? അവര്‍ക്കെങ്ങനെ അഴിമതി നടത്തനാകും?’
‘ആ അവിടെയാണ് കാര്യം. ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുമ്പോള്‍, വില്‍ക്കുമ്പോള്‍ എല്ലാം ബോര്‍ഡിലെ അംഗങ്ങള്‍ ഒന്നിച്ച് നിന്ന് വമ്പന്‍ തട്ടിപ്പ് നടത്തുന്നു എന്നാണു പരാതികള്‍. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താനാവുന്നില്ല. ചിലയിടത്ത് യഥാര്‍ത്ഥ വാടകയുടെ പത്തു ശതമാനം പോലും ബോര്‍ഡിന് കിട്ടുന്നില്ല ബാക്കി അംഗങ്ങള്‍ ശാപ്പിടുകയാണ്, ബോര്‍ഡിന്റെ കൈവശമുള്ള കണ്ണായ സ്ഥലങ്ങള്‍ കോടി കോടിയ്ക്ക് വിറ്റാണ് അംഗങ്ങള്‍ കീശ വീര്‍പ്പിക്കുന്നത്. സ്വന്തക്കാര്‍ക്ക് എഴുതിക്കൊടുത്തും ബിനാമി പേരില്‍ സ്വന്തമാക്കിയും തട്ടിയെടുക്കുന്നു എന്നും കേസുകളും പരാതികളും ഉണ്ട്. ഒക്കെ നിര്‍ബാധം അനുവദിച്ച് നല്‍കിയ സമ്പൂര്‍ണ്ണ അധികാരം വെച്ച്. അതില്ലാതാക്കാന്‍ ആര് സമ്മതിക്കും?’
‘എന്നാല്‍ ഇത് മുസ്‌ലിം സമുദായത്തിന് വളരെ നല്ലതല്ലേ?’
‘അതെ. അതാര് മനസ്സിലാക്കും? കേരളത്തില്‍ ഒട്ടും മനസ്സിലാവില്ല. രാഷ്ട്രീയം അങ്ങനെയാണ്.
തമാശയതല്ല, ഇപ്പോള്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഈ വഖഫ് ഭൂമി തട്ടിപ്പ് ആരോപണത്തില്‍ കുടുങ്ങിയിരിക്കയാണ്. കര്‍ണ്ണാടകയില്‍ വഖഫിന്റെ ഏക്ര കണക്കില്‍ ഭൂമി കയ്യിലാക്കി വിറ്റ് കാശാക്കി എന്നാണ് ആരോപണം’
‘വെറുതെയല്ല ഖാര്‍ഗെ ബിജെപിക്കാര്‍ ഭീകരരാണ് എന്നു പറഞ്ഞത്.
‘ഹ.ഹ.ഹ.’ ഗിരീശന്‍ ഉറക്കെ ചിരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു’കണ്ടോ സത്യമറിഞ്ഞപ്പോള്‍ ബുദ്ധി തെളിഞ്ഞു.’
‘അല്ലെങ്കിലും ഞാന്‍ കോണ്‍ഗ്രസ്സിന് ഇനി ഒരിക്കലും വോട്ട് നല്‍കില്ല എന്ന് തീരുമാനിച്ചതാ. പല കാരണങ്ങളുമുണ്ട്. വാസ്തവത്തില്‍ ഇരുകൂട്ടര്‍ക്കും കൊടുക്കില്ല. രണ്ടും ജനവഞ്ചകരാണ്.’
‘ഹ.ഹ.ഹ..’ ഞാന്‍ ചിരിച്ചു.
‘നല്ല പ്രമേയക്കാര്‍!’
‘ഉം ..ഇന്നലെ ഞാന്‍ ലോക പ്രമേയങ്ങളെ കുറിച്ച് വായിക്കുകയായിരുന്നു.. ചിരിച്ചു മണ്ണ് കപ്പി..’
‘അതെന്താ?’
കേട്ടോളൂ..
2017 ല്‍ ഐസ്‌ലാന്‍ഡ് പാര്‍ലമെന്റ് ‘പൈനാപ്പിള്‍ പിസ്സാ’ നിയമവിരുദ്ധമാക്കി ഒരു പ്രമേയം പാസ്സാക്കി.
2019 ല്‍ ജപ്പാന്‍ പാര്‍ലമെന്റ് മംഗാ കാര്‍ട്ടൂണ്‍ (വലിയ കണ്ണുകളുള്ള കുട്ടികളുടെ ചിത്രങ്ങള്‍) ജപ്പാന്റെ സംസ്‌കാരത്തിന്റെ ഭാഗമാക്കിക്കൊണ്ട് ഒരു പ്രമേയം പാസ്സാക്കി.
അമേരിക്കയിലെ ജോര്‍ജിയ സ്റ്റേറ്റ് അതേ വര്‍ഷം ജൂലൈ 27 ദേശീയ ഫ്രൈഡ് ചിക്കന്‍ ഡേ ആക്കി പ്രമേയം പാസ്സാക്കി.
2013 ല്‍ സ്വീഡിഷ് പാര്‍ലമെന്റ്റ് ക്യാന്‍ഡി മിഠായി അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി പ്രമേയം പാസാക്കിയപ്പോള്‍ ഉക്രൈന്‍ 2016 ല്‍ ചോക്കലേറ്റ് അവരുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാക്കി പ്രമേയം പാസ്സാക്കി.
2015 ല്‍ യു.കെ പാര്‍ലമെന്റ്റ് ‘ഫിഷ് ആന്‍ഡ് ചിപ്‌സ് ‘ ദേശീയ ഭക്ഷണമാക്കി പ്രഖ്യാപിക്കണോ എന്ന് ഭയങ്കര ചര്‍ച്ചയായിരുന്നു.’
‘കൊള്ളാം, പറഞ്ഞു വരുന്നത് അമ്മാതിരി പ്രമേയങ്ങള്‍ അവതരിപ്പിച്ചാല്‍ മതിയെന്നാണോ?’
‘അല്ല. അതില്‍ ചിരിക്കാനെങ്കിലും വകയുണ്ടല്ലോ. ഇതിപ്പോ’ഹു കെയേഴ്‌സ്’ എന്ന മട്ടിലായല്ലോ? ഒന്നുമില്ലെങ്കില്‍ വിദ്യാരംഭം കേരള സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്ന് ഒരു പ്രമേയം അവതരിപ്പിക്കാമല്ലോ. ഇരു കൂട്ടര്‍ക്കും അതില്‍ വിരോധം കാണില്ലല്ലോ? എഴുത്തും വായനയും അറിയാത്ത മന്ത്രിമാര്‍ വരെ കുട്ടികളെ എഴുത്തിനിരുത്തുന്നുമുണ്ടല്ലോ?
‘ഹ.ഹ..ശരിയാണ് എന്നാല്‍ അത്തരം ബില്‍ ഒരു കൂട്ടര്‍ കൊണ്ടുവന്നാല്‍ മറ്റേ കൂട്ടര്‍ അവരെ വര്‍ഗ്ഗീയ വാദികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കും. അതൊക്കെ വോട്ട് ബാങ്കിന്റെ ചാഞ്ചാട്ടം നോക്കിയേ തീരുമാനിക്കാന്‍ പറ്റൂ.’
‘എന്നാല്‍ അടുത്ത സംയുക്ത പ്രമേയം മദ്രസ്സാ ബില്ലിനെതിരെ ആവാം.’
‘ഹ.ഹ.ഹ ..അതാവും..ആ ഒരുമ കഴിഞ്ഞാല്‍ വീണ്ടും ചക്കളത്തിപ്പോരാട്ടം.’
‘തവള-ചുണ്ടെലി പോര്‍ കഥ പോലെയാണ് അസംബ്ലി പരിപാടികള്‍.’
‘അതെന്താ?’
‘തവളകളും ചുണ്ടെലികളും സുഹൃത്തുക്കളാണെങ്കിലും ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടാക്കും. തവളകള്‍ ചെളിയും വെള്ളവും തെറിപ്പിക്കും പകരം ചുണ്ടെലികള്‍ ചരലും മണ്ണും. അരിശം കൂടും. അങ്ങനെ ഒരിക്കല്‍ വലിയ ബഹളമായി. ഈ ബഹളം മൂത്തപ്പോള്‍ ശബ്ദം കേട്ട് വലിയൊരു കൊറ്റി അവിടെ പറന്നെത്തി. ശേഷം ചിന്ത്യം.’
‘പക്ഷെ ഇവിടെ ഒരു കൊറ്റി വരാന്‍ സാധ്യത ഇല്ലല്ലോ?’
‘ആര് പറഞ്ഞു? ഇവിടെ കൊറ്റി ബിജെപിയൊന്നുമല്ല. ബോധമാണ്, ബുദ്ധിയാണ്, സത്യാവസ്ഥ തിരിച്ചറിയലാണ്. ഗിരീശന്റെ കാര്യത്തില്‍ അതുണ്ടായിരിക്കുന്നു.’ ‘ഹ.ഹ.ഹ.. ഉവ്വോ?’ എന്ന് ചോദിച്ചുകൊണ്ട് ഗിരീശന്‍ എഴുന്നേറ്റു. ഞാനും.