‘കടലിനെ ആരു ഭരിക്കുന്നുവോ, അവര്‍ ലോകത്തേയും ഭരിക്കും എന്നാണ് അമേരിക്കന്‍ സമുദ്ര വിജ്ഞാനീയ സൈദ്ധാന്തികനായ ആല്‍ഫ്രഡ് മാഹന്‍ ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഒടുവില്‍ അക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വൂഡ്രോ വില്‍സണ്‍ മുന്നോട്ടു വച്ച പതിനാലിന നിര്‍ദ്ദേശത്തില്‍ കടല്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന പരികല്പനയാണ് പുറത്തുവന്നത്. 1994ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫ. ഗുന്തര്‍ പോളിയാണ് നീല സമ്പദ്‌വ്യവസ്ഥ എന്ന ആശയം മുന്നോട്ടുവെച്ചത്.
ഇന്ത്യക്ക് 8118 കിലോമീറ്റര്‍ ദൂരം തീരവും 2.01 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന സമുദ്രമേഖലയില്‍ പരമാധികാരവും ഉണ്ട്. 118 ചെറുകിട തുറമുഖവും 12 വലിയ തുറമുഖവുമുണ്ട്. പ്രതിവര്‍ഷം 1400 ദശലക്ഷം ചരക്കുകളുടെ നീക്കവും ഈ തുറമുഖങ്ങളിലൂടെ നടക്കുന്നുണ്ട്. നമ്മുടെ കടലില്‍ വാണിജ്യ അടിസ്ഥാനത്തില്‍ പിടിക്കുന്ന 665 ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരായ 40 ലക്ഷം മത്സ്യത്തൊഴിലാളികളും ഉണ്ട്. 17 കോടിയോളം വരുന്ന ജനങ്ങള്‍ തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതിവാതകങ്ങളും നമ്മുടെ കടലിന്റെ അടിത്തട്ടിലുണ്ട്. നമ്മുടെ രാജ്യത്തിന്റെ അധികാര പരിധിയിലുള്ള കടലില്‍നിന്ന് ഒരു വര്‍ഷം പിടിച്ചെടുക്കുന്ന മത്സ്യം 53 ലക്ഷം ടണ്‍ ആണെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍, ഇപ്പോള്‍ നാം പിടിക്കുന്ന മത്സ്യം ശരാശരി 35 ലക്ഷം ടണ്‍ മാത്രമാണ്. ഇന്ത്യന്‍ കടലില്‍, കണക്കുകളനുസരിച്ച് ഏകദേശം 3.12 ലക്ഷം യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സമുദ്രവിഭവങ്ങളുടെ ചൂഷണമാണ് ബ്ലൂ ഇക്കോണമിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തികവളര്‍ച്ചയ്ക്ക് കടല്‍വിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന അന്വേഷണമാണ് ബ്ലൂ ഇക്കോണമിയുടെ മര്‍മ്മം. ആധുനിക വ്യവസായങ്ങള്‍ക്ക് കടല്‍ ഖനിജങ്ങള്‍ ആവശ്യമാണ്. കമ്പ്യൂട്ടര്‍ചിപ്പുകള്‍ പോലെയുള്ളവയ്ക്കാണ് അവയുടെ ആവശ്യം കൂടുതലായി വേണ്ടിവരുന്നത്. ഇത്തരം അസംസ്‌കൃത വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഴക്കടല്‍ ഖനനം കടലിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കും. മറ്റ് രാജ്യങ്ങളില്‍ പുറംകടലിലാണ് ഖനനം നടക്കുന്നത്. എണ്ണ, പ്രകൃതിവാതകങ്ങള്‍, മാംഗനീസ്, നൊഡ്യൂള്‍സ്, കോപ്പര്‍ നിക്കല്‍, കോബാള്‍ട്ട്, പോളി മെറ്റാലിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയും കടലില്‍ നിന്ന് ഖനനം ചെയ്ത് എടുക്കാം. കടലിലെ ധാതുക്കളും ഖനിജങ്ങളും പ്രകൃതിവാതകങ്ങളും ഉള്‍പ്പെടെ എല്ലാത്തരം വിഭവങ്ങളുടെയും വിനിയോഗം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നയമാണ് നീലസമ്പദ് വ്യവസ്ഥ അഥവാ ബ്ലൂ ഇക്കോണമി.
നിസ്സാര തുക ലൈസന്‍സ് ഫീ നല്‍കി സെനഗാളിന്റെ കടലില്‍ പ്രവര്‍ത്തിച്ച സ്പാനിഷ് ട്രാളറുകള്‍ അവിടത്തെ കടല്‍ തൂത്തുവാരി. 1994ല്‍ സെനഗലിലെ തൊഴിലാളികള്‍ 95,000 ടണ്‍ മത്സ്യം പിടിച്ചത് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ നേര്‍പകുതിയായി. മത്സ്യസംസ്‌കരണ ശാലകളിലെ 50-60 ശതമാനം പേരെയും പിരിച്ചുവിട്ടു. തുടര്‍ന്ന് സെനഗാള്‍ മത്സ്യസഹകരണ കരാറില്‍ നിന്നു പിന്മാറി. ‘സെനഗാള്‍വത്കരണം’ എന്നു മത്സ്യ ഗവേഷകര്‍ വിളിക്കുന്ന ഈ ദുരന്തം തൊട്ടടുത്ത രാജ്യങ്ങളായ മൊറോക്കോ, സിയറാലിയോണ്‍, കേപ് വെര്‍ദെ എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.
തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള അതിര്‍ത്തിയാണു തീരരാജ്യത്തിന്റെ പരമാധികാര പ്രദേശമായി (ടെറിട്ടോറിയല്‍ വാട്ടേഴ്‌സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ജലാതിര്‍ത്തി ‘യുഎന്‍ കണ്‍വന്‍ഷന്‍ ഓണ്‍ ദ് ലോസ് ഓഫ് ദ് സീ’ ഇഇസെഡ് ആയി നിര്‍വചിക്കുന്നു. ഇന്ത്യ-യുഎന്‍ കണ്‍വന്‍ഷന്‍ രേഖ അംഗീകരിച്ചിട്ടുണ്ടെങ്കിലും യുഎസ് അംഗീകരിച്ചിട്ടില്ല. ഈ പ്രദേശത്തു തീരരാജ്യങ്ങള്‍ പരമാധികാരം അവകാശപ്പെടുന്നത് ‘എക്‌സസീവ് മാരിടൈം ക്ലെയിം’ അഥവാ കടന്നു കയറി ഉയര്‍ത്തുന്ന അവകാശമായാണ് അമേരിക്ക കാണുന്നത്. ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയല്‍ വാട്ടേഴ്‌സ് അല്ലാത്ത സമുദ്രപ്രദേശം (12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള കടല്‍) ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കില്‍ ‘പൊതുവഴി’യോ ആയാണു യുഎസ് കാണുന്നത്. അവിടെ സ്വതന്ത്രമായി കടന്നുപോകാനും, വേണ്ടിവന്നാല്‍ സൈനികാഭ്യാസം നടത്താനും അവകാശമുണ്ടെന്നാണു യുഎസിന്റെ വാദം. എന്നാല്‍ ഇന്ത്യയ്ക്ക് 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള സമുദ്രാതിര്‍ത്തി തീരരാജ്യത്തിന്റെ സ്വത്താണ്. ആ പ്രദേശത്തുനിന്നു ധാതുക്കളും മറ്റും ഖനനം ചെയ്യാനും മത്സ്യബന്ധനം നടത്താനും അതിനാവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും തീരരാജ്യത്തിനു മാത്രമേ അധികാരമുള്ളൂ. അതിലൂടെ കടന്നുപോകുമ്പോള്‍ പടക്കപ്പലുകള്‍ തീരരാജ്യത്തെ അറിയിക്കണം, അഭ്യാസം നടത്താനാണെങ്കില്‍ അനുമതി വാങ്ങിയിരിക്കണം. 12 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് ഒരു തീരരാജ്യത്തിന്റെയും പരമാധികാരം അംഗീകരിക്കുന്നില്ലെന്ന് ഊന്നിപ്പറയാന്‍ യുഎസ് ‘സൃഷ്ടിച്ച സംഭവം’ എന്നൊരു വാദവുമുണ്ട്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള അതിര്‍ത്തിയാണ് തീരരാജ്യത്തിന്റെ പരമാധികാര പ്രദേശമായി (ടെറിട്ടോറിയല്‍ വാട്ടേഴ്‌സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ജലാതിര്‍ത്തി, ‘യുഎന്‍ കണ്‍വന്‍ഷന്‍ ഓണ്‍ ദ് ലോസ് ഓഫ് ദ് സീ’ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇഇസെഡ്) ആയി നിര്‍വചിക്കുന്നു. പക്ഷേ യുഎന്‍ കണ്‍വന്‍ഷന്‍ രേഖ യുഎസും അംഗീകരിച്ചിട്ടില്ല. ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയല്‍ വാട്ടേഴ്‌സ് അല്ലാത്ത സമുദ്രപ്രദേശം (12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള കടല്‍) ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കില്‍ ‘പൊതുവഴി’യോ ആയാണു യുഎസ് കാണുന്നത്. കടല്‍ നിയമത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന 1973 മുതല്‍’82 വരെ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നു രൂപപ്പെട്ടതാണ് നിലവിലെ കടല്‍ അവകാശങ്ങള്‍. ഈ ഉടമ്പടി അനുസരിച്ചു കരയില്‍നിന്നു 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) തീരക്കടലും (ടെറിട്ടോറിയല്‍ സീ) അതിനപ്പുറത്തുള്ള 200 നോട്ടിക്കല്‍ മൈല്‍ (370 കിലോമീറ്റര്‍) അതതു രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയും (ഇഇസെഡ്) അതിനു പുറത്തേക്കുള്ളതു പുറംകടലും (ഹൈ സീ) ആണ്. ഇന്ത്യയില്‍ തീരക്കടലിലെ അവകാശം സംസ്ഥാനങ്ങള്‍ക്കാണ്.
ആഫ്രിക്കയിലെ സീഷെല്‍സ് മുതല്‍ സമോവ വരെ പരന്നുകിടക്കുന്ന വിസ്തൃതമായ ഇന്ത്യന്‍ സമുദ്രത്തില്‍ കപ്പല്‍ ഗതാഗതം, സംയുക്ത നാവിക അഭ്യാസം, ആഴക്കടല്‍ പര്യവേക്ഷണം, കടല്‍ക്കൊള്ളക്കാരെ തുരത്തല്‍ എന്നീ ലക്ഷ്യങ്ങളോടെ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്തമായ പ്രവര്‍ത്തനം ഇന്ത്യ നടത്തണമെന്ന് ബ്ലൂ ഇക്കോണമി രേഖ പറയുന്നു. നമ്മുടെ കടലില്‍ വാണിജ്യാടിസ്ഥാനത്തില്‍ പിടിക്കുന്ന 665 ഇനങ്ങളില്‍പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളുമുണ്ടെന്നും കണക്കുകള്‍ പറയുന്നു. 17 കോടിയോളം വരുന്ന ജനം തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതിവാതകങ്ങളും നമ്മുടെ കടലിന്റെ അടിത്തട്ടിലുണ്ട്. അമേരിക്കയുമായി 1992 മുതല്‍ അറബിക്കടലില്‍ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ മലബാര്‍ എക്‌സര്‍സൈസ്, 2001 മുതല്‍ ഫ്രാന്‍സുമായി ചേര്‍ന്നുള്ള വരുണ, 2004 മുതല്‍ ബ്രിട്ടനുമായി ചേര്‍ന്നു നടത്തുന്ന കൊങ്കണ്‍, 2012 മുതല്‍ ജപ്പാനുമായി ചേര്‍ന്നുള്ള ജീമെക്‌സ്, 2015 മുതല്‍ ആസ്‌ട്രേലിയയുമായി സംയുക്തമായി നടത്തുന്ന ഓസിന്‍ സെക്‌സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണം എന്ന് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയം പറയുന്നു. സാമ്പത്തിക രംഗത്തും സമുദ്ര മേഖലയിലും വന്‍ കുതിപ്പു നടത്തുന്ന ചൈനയെ ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനങ്ങളെന്നും രേഖ പറയുന്നുണ്ട്. സമീപകാലത്ത് ഇന്ത്യയും ജപ്പാനും അമേരിക്കയും ആസ്‌ട്രേലിയയും സംയുക്തമായി അംഗീകരിച്ച ക്വാഡ് (ക്വാഡ്രി ലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്) ഈ രംഗത്തെ പ്രധാന ചുവടുവയ്പാണ്.
പ്രതിരോധനീക്കങ്ങള്‍ പരസ്പരം അറിയിക്കാന്‍ ബാധ്യസ്ഥമായ കരാറുകള്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ടിരുന്നു. ഇത്രയും ഇഴചേര്‍ന്ന ബന്ധമുള്ളപ്പോഴും ഏഴാം കപ്പല്‍പ്പടയുടെ നീക്കം അറിയിക്കാതിരുന്നത് ഇന്ത്യയെ ശിങ്കിടിയായി മാത്രമാണ് കാണുന്ന അമേരിക്കന്‍ മനോഭാവത്തിന്റെ ബഹിര്‍സ്ഫുരണമാണ് എന്നാണ് സര്‍ക്കാര്‍ വിമര്‍ശകര്‍ പറയുന്നത്. ‘ചൈനയെ വളയല്‍’ പദ്ധതിയുടെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ക്വാഡ്’ സഖ്യത്തില്‍ ഇന്ത്യ പൂര്‍ണ അംഗമായി മാറിയതിനു പിന്നാലെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്. ജപ്പാനും ആസ്‌ട്രേലിയയുമാണ് ക്വാഡിലെ മറ്റ് അംഗങ്ങള്‍. അമേരിക്കയുടെ സൈനിക താല്‍പ്പര്യങ്ങള്‍ക്ക് ഇന്ത്യയെ കരുവായി ഉപയോഗിക്കുകയും ഇന്ത്യയുടെ താല്‍പ്പര്യങ്ങളോട് നിഷേധനിലപാട് സ്വീകരിക്കുകയുമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയും ചൈനയുമായുണ്ടായ കിഴക്കന്‍ ലഡാക്ക് വിഷയത്തില്‍ വാചാലരായ അമേരിക്കയുടെ ഇരട്ടത്താപ്പുമാണ് ഇതിലൂടെ പുറത്തുവരുന്നത്. നയതന്ത്രമേഖലയിലും ഇതിന്റെ പ്രത്യാഘാതം രൂക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കന്‍ പടക്കപ്പല്‍ ലക്ഷദ്വീപിനു സമീപം ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച സംഭവം രാജ്യത്തിന്റെ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയാണെന്ന കാര്യത്തില്‍ സംശയമില്ല.
അമേരിക്ക നേതൃത്വം നല്‍കുന്ന ഇന്‍ഡോ-പസഫിക്, ക്വാഡ് എന്നീ തന്ത്രപ്രധാന കൂട്ടായ്മകളെക്കുറിച്ച് റഷ്യക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇന്‍ഡോ-പസിഫിക് കൂട്ടായ്മയേക്കാള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നത് ഏഷ്യ-പസഫിക് എന്ന ആശയമായിരിക്കുമെന്നാണ് റഷ്യയുടെ വിദേശമന്ത്രി സെര്‍ജി ലാവ്‌റോവ് അഭിപ്രായപ്പെട്ടത്. എന്നാല്‍, സമുദ്രപാതകളെല്ലാം സ്വതന്ത്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന ഇന്ത്യയുടെ അഭിപ്രായംതന്നെയാണ് റഷ്യക്കും. ഇരുരാജ്യവും 2019ല്‍ ഒപ്പുവച്ച ചെന്നൈ-വ്‌ലാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴി പദ്ധതിക്കും അത് ഗുണകരമാകും. റഷ്യ-പാകിസ്ഥാന്‍ ബന്ധത്തെ പര്‍വതീകരിച്ചുകാണിച്ച്, ഇന്ത്യയില്‍നിന്ന് റഷ്യ അകലുകയാണെന്നും പാകിസ്ഥാനോട് കൂടുതല്‍ അടുക്കുകയാണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. അവര്‍ മറച്ചുവയ്ക്കുന്ന ഒരു സുപ്രധാനകാര്യം ഇന്ത്യാ വിഭജനത്തിനുശേഷം ഇന്ത്യയുടെ ശത്രുപക്ഷത്തേക്ക് പാകിസ്ഥാനെ കൊണ്ടുപോകുകയും ഒന്നിലേറെ സൈനികസഖ്യങ്ങളില്‍ അംഗമാക്കുകയും ആയുധവും സമ്പത്തുംനല്‍കി ഇന്ത്യാവിരുദ്ധചേരിയില്‍ ഉറപ്പിച്ചതും അമേരിക്കയായിരുന്നുവെന്ന കാര്യമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യ-അമേരിക്ക തന്ത്രപരസൗഹൃദം ശക്തമാകുമ്പോഴും, അമേരിക്ക ഇപ്പോഴും ആയുധ സാമ്പത്തിക സഹായം പാകിസ്ഥാനിലേക്കൊഴുക്കുന്ന കാര്യവും മറക്കരുത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിയോടെ ആരംഭിച്ച പരസ്പരബന്ധങ്ങള്‍, നികിതാ ക്രൂഷ്‌ചേവ് അധികാരമേറ്റതോടെയാണ് ശക്തമായത്. ഇന്ത്യന്‍ വിദേശനയമായി നെഹ്‌റു സ്വീകരിച്ച ചേരിചേരാനയത്തെ അമേരിക്ക സംശയത്തോടെ വീക്ഷിക്കുകയും പാകിസ്ഥാനെ തങ്ങളുടെ പക്ഷത്താക്കുകയും ചെയ്തപ്പോള്‍, ഇന്ത്യന്‍വിദേശനയത്തോട് അനുഭാവപൂര്‍ണമായ സമീപനമാണ് സോവിയറ്റ് യൂണിയന്‍ സ്വീകരിച്ചത്. 1950കളിലും 1960കളിലും ഐക്യരാഷ്ട്രസംഘടനയില്‍ കശ്മീര്‍പ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കനുകൂലമായി സോവിയറ്റ് യൂണിയന്‍ വീറ്റോ പ്രയോഗിച്ചത് ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ല. 1961ല്‍ പോര്‍ച്ചുഗലിന്റെ അധീനതയില്‍നിന്ന് ഗോവയെ സ്വതന്ത്രമാക്കിയപ്പോഴും ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയോടൊപ്പംനിന്നത് സോവിയറ്റ് യൂണിയനായിരുന്നു. 1963മുതല്‍ അവര്‍ നല്‍കിയ മിഗ്21 യുദ്ധവിമാനങ്ങളും മറ്റ് ആയുധങ്ങളുമാണ് 1965ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യന്‍വിജയത്തെ സഹായിച്ചത്. യുദ്ധാനന്തരം ചര്‍ച്ചകളിലൂടെ ഇരുരാജ്യത്തിനുമിടയില്‍ സമാധാനം സ്ഥാപിച്ചത് സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രിയായിരുന്ന അലക്‌സി കോസിജിന്റെ നേതൃത്വത്തില്‍ താഷ്‌കെന്റില്‍ നടന്ന ചര്‍ച്ചകളിലൂടെയായിരുന്നു. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ വിന്യസിച്ച അമേരിക്കന്‍ ഏഴാംനാവികപ്പടയുടെ ഭീഷണിയെ നേരിടാന്‍ ഇന്ത്യയെ സഹായിച്ചത് സോവിയറ്റ് യൂണിയന്റെ നാവികസേനാവിന്യാസമാണ്. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ 2004ല്‍ റഷ്യയില്‍നിന്ന് വാങ്ങിയതാണ്. ഇപ്പോഴും ഇന്ത്യക്കാവശ്യമുള്ള ആയുധങ്ങളുടെ അറുപതുശതമാനത്തിലേറെയും നല്‍കുന്നത് റഷ്യയാണ്. ഇന്ത്യയുടെ വ്യവസായവികസനത്തിന് അടിത്തറപാകിയ പൊതുമേഖലയിലെ വന്‍വ്യവസായ സംരംഭങ്ങളായ ഭിലായ്, ബൊക്കാറോ സ്റ്റീല്‍പ്ലാന്റുകള്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നിവ സോവിയറ്റ് യൂണിയന്റെ സംഭാവനയായിരുന്നു. സോവിയറ്റ് യൂണിയന്‍ ഒരു കമ്യൂണിസ്റ്റിതര രാഷ്ട്രത്തിന് ആദ്യമായി നല്‍കുന്ന സഹായമായിരുന്നു ഭിലായ് സ്റ്റീല്‍ പ്ലാന്റ്. 1980കള്‍വരെ സോവിയറ്റ് യൂണിയനായിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളി.
കടലിലെ പ്രതിരോധം ശക്തമാക്കുന്നതിന് ഇന്നുള്ള രണ്ട് വിമാനവാഹിനി കപ്പലിനു പുറമേ പുതിയ ആറ് സബ് മറൈനുകളും 30 യുദ്ധക്കപ്പലുകളും 150 യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും കൂടി ഇന്ത്യ അടിയന്തരമായി നിര്‍മ്മിക്കണം എന്ന് SAGAR (security and growth for all in the region) നയരേഖ പറയുന്നു. സാഗര്‍മാല പദ്ധതിയുടെ ഭാഗമായി പുതിയ ആറ് തുറമുഖങ്ങള്‍കൂടി നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. സാഗര്‍മാല പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങള്‍ക്കു പുറമെ 609 കൂറ്റന്‍ കെട്ടിട സമുച്ചയങ്ങളും 14 കോസ്റ്റല്‍ ഡെവലപ്‌മെന്റ് സോണുകളും 12 കോസ്റ്റല്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടുകളും 2000 കിലോമീറ്റര്‍ തീരദേശ റോഡുകളും വരാന്‍ പോവുകയാണ്. സമുദ്രാതിര്‍ത്തിയിലുള്ള അയല്‍ രാജ്യങ്ങളൊക്കെ ഇന്ത്യയുമായി അകലുകയും ശ്രീലങ്കയിലും മാലദ്വീപിലും ചൈന തുറമുഖങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തതോടെ ഡീഗോഗാര്‍ഷ്യ സൈനിക താവളത്തിന്റെ പ്രാധാന്യം കുറഞ്ഞതായി അമേരിക്കയും മനസ്സിലാക്കുന്നുണ്ട്. ലോകത്തെ പ്രധാന ചരക്കുനീക്കം നടക്കുന്ന മലാക്ക സ്ട്രയിറ്റില്‍ നിന്നും ആരംഭിക്കുന്ന അന്താരാഷ്ട്ര കപ്പല്‍പാത ലക്ഷദ്വീപുകള്‍ക്കിടയിലൂടെയാണ് ഗള്‍ഫിലേക്കും ആഫ്രിക്കയിലേക്കും പോകുന്നത്. ദ്വീപിനെ ഒരു സൈനിക ഔട്ട് പോസ്റ്റാക്കാനുള്ള അമേരിക്കന്‍ താല്‍പര്യം ഇതുകൊണ്ട് കൂടിയാണ്.
യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍വ്യൂഹത്തില്‍ 50-70 കപ്പലുകള്‍, 150 വിമാനങ്ങള്‍, ഏതാണ്ട് 20,000 നാവികര്‍ എന്നിവ ഉള്‍പ്പെടുന്നു. 1971 ലെ യുദ്ധത്തില്‍ പാകിസ്ഥാനെ സഹായിക്കാനായി ഏഴാം കപ്പല്‍ പട മുന്‍പും ഇവിടെയെത്തിയിട്ടുണ്ട്. ദക്ഷിണ ചൈനക്കടലിലും മറ്റു രാജ്യാന്തര സമുദ്രസഞ്ചാര സ്വാതന്ത്ര്യപ്രശ്‌നങ്ങളിലും അഭിപ്രായ സമന്വയമുണ്ടെങ്കിലും കാതലായ ചില സമുദ്ര പരമാധികാര പ്രശ്‌നങ്ങളില്‍ ഇന്ത്യയും യുഎസും തമ്മില്‍ പ്രധാനമായും, എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇഇസെഡ്) സംബന്ധിച്ച കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നു ലക്ഷദ്വീപ് കടലിലെ സംഭവം എടുത്തുകാട്ടുന്നു.
ഭൂമിയുടെ 70 ശതമാനവും ആവരണം ചെയ്തിരിക്കുന്നത് സമുദ്രത്താലാണ്. പത്ത് ലക്ഷം സ്പീഷീസുകളുടെ ആവാസവ്യവസ്ഥയായ സമുദ്രമാണ് ലോകത്തെ പകുതിയിലധികം ഓക്‌സിജനും ഉത്പാദിപ്പിക്കുന്നത്. മനുഷ്യരുടെ പ്രവൃത്തി മൂലം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ 25 ശതമാനത്തോളം വലിച്ചെടുക്കുന്നത് സമുദ്രമാണ്. 60 വര്‍ഷത്തിനുള്ളില്‍ ഇത് വര്‍ദ്ധിച്ചിട്ടുണ്ട്. ഇതും സമുദ്ര താപനവും കടല്‍ വെള്ളത്തില്‍ അമ്ലത്തിന്റെ അംശം കൂടിവരുന്നു. സമുദ്രം മരിച്ചാല്‍ നമ്മളും മരിക്കുന്നു എന്ന ആശയത്തിന്റെ പ്രസക്തി ഇവിടെയാണ്. സമുദ്രം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം സമുദ്ര അടിയന്തരാവസ്ഥ നേരിടുകയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അ ന്റോണിയോ ഗുട്ടെറസ് പറയുകയുണ്ടായി.
യു.എന്‍ സുസ്ഥിര വികസന ലക്ഷ്യം -14 പറയുന്നു, ”സമുദ്രത്തിലെയും കടലുകളിലെയും അതിലെ ആവാസവ്യവസ്ഥയെയും വിഭവങ്ങളെയും സുസ്ഥിരമായും സുരക്ഷിതമായും പരിപാലിക്കണം.” തുടര്‍ന്ന് അമേരിക്കയും കാനഡയും നോര്‍വേയുമടക്കമുള്ള ആറ് രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ദേശീയ സമുദ്രസമ്പദ് നയം പ്രഖ്യാപിച്ചു. കാനഡയും ആസ്‌ട്രേലിയയും നിയമനിര്‍മാണം നടത്തി. കോവിഡിന് മുമ്പുതന്നെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഇരട്ടിയായി സമുദ്രസമ്പദ്‌വ്യവസ്ഥ വളര്‍ന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. യഥാര്‍ഥത്തില്‍ കരയിലെ വിഭവചൂഷണം എല്ലാ പരിധിയും കടന്ന സാഹചര്യത്തില്‍ കടലിലേക്ക് മൂലധന ശക്തികളുടെ ശ്രദ്ധ തിരിയുക സ്വാഭാവികമാണ്. സമുദ്രത്തിലെ കന്യാവനമായി കണക്കാക്കപ്പെടുന്ന അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും പ്രാമുഖ്യമേറുന്നതും ഇക്കാരണത്താല്‍ തന്നെയാണ്.
ഗുണ്ടര്‍പൗലി എന്ന ബെല്‍ജിയം ധനശാസ്ത്രജ്ഞന്‍ എഴുതിയ ‘ദ ബ്ലൂ ഇക്കോണമി 10 ഇയേഴ്‌സ് 100 ഇന്നൊവേഷന്‍സ് 100 മില്യന്‍ ജോബ്’ എന്ന ഗ്രന്ഥത്തിലാണ് നീല സമ്പദ്‌വ്യവസ്ഥയെന്ന പ്രയോഗം ലോകം ആദ്യം കേള്‍ക്കുന്നത്. നീല സമ്പദ്ഘടനയുടെ പ്രധാന ഘടകമായി അദ്ദേഹം വിവക്ഷിച്ചത് സുസ്ഥിര മത്സ്യബന്ധനം, അമിതചൂഷണം ഒഴിവാക്കല്‍, മത്സ്യക്കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയാണ്. കൂടാതെ, ജൈവ വസ്തുക്കളുടെ മാലിന്യത്തെ ഊര്‍ജ്ജമാക്കിമാറ്റല്‍, പൊതുസമൂഹത്തിന്റെ സഹകരണത്തോടെ 100 ബിസിനസ് മോഡല്‍ സുസ്ഥിരവും തുല്യവുമായ വികസനം എന്നിവയുടെ റോഡ് മാപ്പായിട്ടാണ് നീല സമ്പദ്‌വ്യവസ്ഥ വിവക്ഷിക്കപ്പെട്ടത്. കടല്‍ ആവാസവ്യവസ്ഥ സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും തീരദേശവാസികളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനും കാര്യക്ഷമമായ നടപടികള്‍ ആവശ്യമാണ്.