റഷ്യയിലെ കസാനില്‍ നടന്ന പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മുന്നോടിയായി അംഗരാജ്യങ്ങളായ ചൈനയും ഭാരതവും തമ്മില്‍ നിലനിന്നിരുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവ് വരുത്താനായത് നല്ലൊരു കാര്യമാണ്. ചൈനീസ് പ്രസിഡന്റ് ഷി-ജിങ് പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച ഭാരതത്തിന്റെ നയതന്ത്ര ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ (എല്‍.എ.സി) തര്‍ക്ക ഭാഗങ്ങളില്‍ നിന്നും 2020 ഏപ്രിലിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങുവാന്‍ നാല് വര്‍ഷത്തിന് ശേഷം ചൈന നിര്‍ബന്ധിതമായെന്നതാണ് യാഥാര്‍ത്ഥ്യം. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷമാരംഭിച്ചത്. ഗാല്‍വാന്‍ താഴ്‌വരയിലെ ഭാരത പ്രദേശവും ലഡാക്കിലെ മറ്റ് സ്ഥലങ്ങളും ചൈനയുടേതാണെന്ന അവകാശവാദമുന്നയിച്ച് ചൈനീസ് സൈന്യം എല്‍.എ.സി ലംഘിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുകയും അതിര്‍ത്തിയുടെ ഇരുവശത്തും യുദ്ധ സമാനമായ രീതിയില്‍ അടിസ്ഥാനസൗകര്യ വികസനവും സൈനിക വിന്യാസവും നടന്നു. ഇതിന്റെയൊപ്പം ചൈനയ്‌ക്കെതിരെ നിരവധി സാമ്പത്തിക-നിക്ഷേപ നിയന്ത്രണങ്ങളും നിരോധനങ്ങളും ഭാരതം ഏര്‍പ്പെടുത്തുകയുണ്ടായി.
ഭൂമിക്കുമേല്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടു അതിക്രമം നടത്തിയത് ചൈനയായത് കൊണ്ടുതന്നെ പുതിയ തീരുമാന പ്രകാരം ചൈനീസ് സേന മുന്നോട്ട് വെച്ച അവകാശ വാദങ്ങളില്‍ നിന്നും പിന്‍വലിയേണ്ട അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. അതുകൊണ്ടാണ് ഇത് ഭാരതത്തിന്റെ നയതന്ത്ര വിജയമാവുന്നതും.
2017-ല്‍ ദോക്‌ലാമില്‍ ഭാരതവുമായി ഏറ്റുമുട്ടലിനെത്തിയപ്പോഴും ചൈനയ്ക്ക് തോറ്റു പിന്‍വാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ചൈനയെ പരിപൂര്‍ണമായി വിശ്വസിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. നിലവിലെ സാഹചര്യങ്ങളാണ് ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍. ആ സാഹചര്യം സൃഷ്ടിക്കനായതാണ് ഭാരതത്തിന്റെ നയതന്ത്ര വിജയവും.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നടത്തിയ വിദേശ യാത്രകളും നയതന്ത്ര നീക്കങ്ങളുമാണ് അത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിലേക്ക് നയിച്ചത്. അതില്‍ പ്രധാനപ്പെട്ടത് പ്രധാനമന്ത്രി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനവും ക്വാഡ് ഉച്ചകോടിയുമാണ്. ഇത് ഇന്‍ഡോ -പെസഫിക്കില്‍ ഭാരതത്തെ സുശക്തമാക്കി. ജപ്പാനും അമേരിക്കയും ഓസ്‌ട്രേലിയയ്ക്കുമൊപ്പം മേഖലയിലെ പ്രധാന സാമ്പത്തിക സൈനിക പങ്കാളിയായി ഭാരതം മാറി. അതിന്റെ അനുരണനം ബംഗ്ലാദേശില്‍ ഷെയ്ക്ക് ഹസീനയുടെ സ്ഥാനമാറ്റത്തിലും ഭാരത വിരുദ്ധ നിലപാടെടുത്ത മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയുസുവിന്റെ മനംമാറ്റത്തിലും പ്രതിഫലിച്ചിരുന്നു. ഇത് കൂടാതെ ചൈനയുമായി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അസീയാന്‍ രാജ്യങ്ങളിലേക്കും പ്രധാനമന്ത്രി യാത്ര ചെയ്തു. ആയുധ കയറ്റുമതിയും പുതിയ മേഖലകളിലെ നിക്ഷേപവുമുള്‍പ്പടെയുള്ള ചര്‍ച്ചകള്‍ നടത്തി. അദ്ദേഹത്തിന്റെ റഷ്യന്‍ സന്ദര്‍ശനവും സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. യുക്രൈനുമായുള്ള യുദ്ധത്തിന്റെ പേരില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന റഷ്യയ്ക്ക് ഭാരതം പുലര്‍ത്തുന്ന സൗഹൃദം പ്രധാനപ്പെട്ടതാണ്. മാത്രമല്ല, യുദ്ധത്തെ തുടര്‍ന്നു റഷ്യന്‍ എണ്ണയുടെ കയറ്റുമതിക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെ മറികടന്നുകൊണ്ട് റഷ്യന്‍ ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഭാരതം തയ്യാറായതും റഷ്യയ്ക്ക് ഗുണം ചെയ്തു. കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്തതുവഴി 2023-24 സാമ്പത്തിക വര്‍ഷം 25 ബില്ല്യണ്‍ യു.എസ് ഡോളറിന്റെ ലാഭമാണ് ഭാരതത്തിനുണ്ടായത്. മറുവശത്ത് പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിന് മറുപടിയെന്നോണമാണ് ബ്രിക്‌സിലൂടെ ഡോളറിതര കറന്‍സി ഉപയോഗിക്കുന്നതിനുള്ള ശ്രമം റഷ്യ ആരംഭിച്ചത്. ഇതിനു ഭാരതം പൂര്‍ണ്ണ പിന്തുണ നല്‍കി. അതുകൊണ്ട് തന്നെ ഭാരതവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈനയ്ക്ക് മേല്‍ റഷ്യ സമ്മര്‍ദ്ദം ചെലുത്തിയിരിക്കണം. ചുരുക്കത്തില്‍ ഭാരതവുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയ്‌ക്കൊപ്പം പ്രധാന രാജ്യങ്ങളൊന്നുമില്ലായെന്നുള്ളതാണ് യാഥാര്‍ഥ്യം. റഷ്യ ഭാരതത്തിനെതിരുമല്ല.
മാത്രമല്ല, കമ്യൂണിസ്റ്റ് ഏകാധിപത്യ ചൈനയോടുള്ള എതിര്‍പ്പ് കൊണ്ടും ഭാരതവുമായുള്ള ശക്തമായ സാമ്പത്തിക-സൈനിക ബന്ധത്തിന്റെ പശ്ചാത്തലത്തിലും പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ പിന്തുണ ഭാരതത്തിനുണ്ട്. ഈ ബന്ധം ഊട്ടി ഉറപ്പിക്കുകയെന്നതായിരുന്നു പ്രധാനമന്ത്രിയുടെ യുക്രൈന്‍ സന്ദര്‍ശത്തിന്റെ ലക്ഷ്യവും. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളെ പോലെ പൂര്‍ണ്ണമായും പാശ്ചാത്യ ചേരിയിലെ ഒരു അംഗമാണ് ഭാരതമെന്ന് ഇതിനര്‍ത്ഥമില്ല. കാനഡയിലും അമേരിക്കയിലും നടക്കുന്ന ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങളോടും പാശ്ചാത്യ നിയന്ത്രിത ലോക സാമ്പത്തിക-രാഷ്ട്രീയ ഭരണവ്യവസ്ഥയോടും ഭാരതം വിയോജിക്കുന്നു. കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതും ഡോളറിതര സാമ്പത്തിക വിനിമയം രൂപപ്പെടുത്താനുള്ള ബ്രിക്‌സ് ശ്രമത്തിന് പിന്തുണ നല്‍കിയതും വിദേശനയത്തില്‍ ഭാരതത്തിന്റെ സ്വയം നിര്‍ണ്ണയാധികാരത്തിന്റെ പ്രതിഫലനമാണ്.
ബ്രിക്‌സ് സമ്മേളനത്തിനിടയില്‍ പ്രധാനമന്ത്രി ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതും ഇതിന്റെയൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. ഇറാനുമായുള്ള സംഭാഷണത്തില്‍ ആഗോള സമാധാനത്തിനുള്ള ഭാരതത്തിന്റെ പ്രതിബദ്ധത ഊന്നിപ്പറയുകയും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ശബ്ദിക്കുകയും പാകിസ്ഥാനെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്യുകയും ചെയ്തു. ഇറാന്റെ പിന്തുണയോടെ ബലൂചിസ്ഥാനില്‍ നടക്കുന്ന പാക് വിരുദ്ധ പ്രവര്‍ത്തങ്ങളുടെയും ഇരു രാജ്യങ്ങളുടെയും ഉലഞ്ഞ ബന്ധത്തിന്റെ പശ്ചാത്തലത്തിലും, സംഘര്‍ഷാവസ്ഥയിലൂടെ പോകുന്ന ഇറാന്‍ -യു.എസ് ബന്ധത്തിന്റെയും ഭാരതം -കാനഡ ബന്ധത്തിന്റെ പശ്ചാത്തലത്തിലും കൂടിക്കാഴ്ചയ്ക്ക് നിരവധി മാനങ്ങളുണ്ട്. ബലൂചി വിമതര്‍ പാകിസ്ഥാനിലെ ചൈനീസ് പൗരന്മാരെ കൊല്ലുന്നതും ചൈനീസ് നിക്ഷേപങ്ങള്‍ ആക്രമിക്കുന്നതും ഉള്‍പ്പെടെ മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ ഭാരതത്തിന് താത്പര്യമുള്ള പാക് അധീന കാശ്മീരുമായും ബന്ധപ്പെട്ടിരിക്കുന്നു.
ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം ഇന്ന് രണ്ട് പക്ഷത്താണ്. നിലവില്‍ ചൈനയും റഷ്യയും ഉത്തരകൊറിയയും ഇറാനുമടങ്ങുന്ന രാജ്യങ്ങള്‍ ഒരു പക്ഷത്ത് ‘അമേരിക്കയും മറ്റ് പാശ്ചാത്യ സഖ്യ കക്ഷികളും മറുപക്ഷത്തും.
എന്നാല്‍ ഭാരതം ഇതില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. ക്വാഡ് പോലുള്ള ഫോറങ്ങളില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ പാശ്ചാത്യേതര സഖ്യങ്ങളില്‍ നേതൃസ്ഥാനം നിലനിര്‍ത്തിക്കൊണ്ട് ബഹുധ്രുവ വിദേശ നയതന്ത്രം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയായി ബ്രിക്‌സ്, ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ പോലെയുള്ള ഫോറങ്ങളെ ഭാരതം ഉപയോഗപ്പെടുത്തുന്നുണ്ട്. ബ്രിക്‌സിനുള്ളിലെ ഭാരതത്തിന്റെ സ്വാധീനം ആഗോള അംഗീകാരം നേടിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുള്‍പ്പെടുന്ന ജി -7 രാജ്യങ്ങളുമായും ബ്രിക്‌സ് അംഗങ്ങളുമായും ഒരേപോലെ ബന്ധം ഭാരതം പുലര്‍ത്തുന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇതിന് പുറമെ ലോകത്തെ വികസ്വര രാജ്യങ്ങള്‍ക്കിടയിലെ സ്വാധീനം കൂടി കണക്കിലെടുക്കുമ്പോള്‍ ഈ ഇടപഴകല്‍ രീതി ഭാരതത്തെ ഭൗമരാഷ്ട്രീയ മേഖലകളിലുടനീളം ഒരു നയതന്ത്ര പാലമാക്കി മാറ്റുന്നു. ഈ പ്രതിച്ഛായയുള്ളതിനാലാണ് യുദ്ധം പരിഹരിക്കുന്നതിനായി പല രാജ്യങ്ങളും ഭാരതത്തെ ക്ഷണിക്കുന്നത്. കൂടാതെ ചൈന ഉള്‍പ്പെടെയുള്ള പ്രധാന ആഗോള ശക്തികളുമായി സൗഹൃദ ബന്ധം നിലനിര്‍ത്തുന്നതിനു കാണിക്കുന്ന ഒരു തുറന്ന സമീപനം ബഹുധ്രുവ ലോക വ്യവസ്ഥയോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. അതിര്‍ത്തി വിഷയത്തില്‍ ചൈനയുമായി ധാരണയിലെത്തിയതോടെ പരസ്പര വിശ്വാസം വളര്‍ത്തുന്നതിനുള്ള വേദികൂടിയാക്കി ബ്രിക്‌സിനെ മാറ്റി.
ചുരുക്കത്തില്‍ ഭാരത പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബ്രിക്‌സില്‍ നടന്ന നയതന്ത്ര നീക്കങ്ങള്‍ ബ്രിക്‌സ് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. മറിച്ച് അതിന്റെ അര്‍ത്ഥതലങ്ങള്‍ ഭാവി ഭാരതത്തിന്റെയും പാശ്ചാത്യ -പശ്ചാത്യേതര ആഗോള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)