മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സുബ്ബലക്ഷ്മിയുടെ കൊച്ചുമകന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത് ഈയിടെയാണ്. ആ വാര്‍ത്ത നല്കിയതിനോടൊപ്പം കേരളത്തിലെ പ്രമുഖ പത്രം ചോദിക്കുന്നു, ടി.എം. കൃഷ്ണയെ വെറുക്കുന്നത് എന്തിന് എന്ന്. ലേഖകന്റെയോ പത്രത്തിന്റെയോ മുന്‍വിധികള്‍ വാര്‍ത്തയായി വേഷം മാറുന്നത് ഇക്കാലത്ത് പുതുമയല്ല. പക്ഷെ ഇവിടെ പത്രം തുടരുന്നത് കാണുക. സംഗീതം ഒരിക്കലും ഒരു മതത്തിലോ ജാതിയിലോ അധിഷ്ഠിതമായ കലയല്ലെന്ന് വാദിക്കുന്ന ടി.എം.കൃഷ്ണയുടെ രാഷ്ട്രീയത്തെ മിക്ക കര്‍ണാട്ടിക് ആര്‍ട്ടിസ്റ്റുകളും എതിര്‍ക്കാറുണ്ടത്രെ. മാത്രമല്ല, ത്യാഗരാജ സ്വാമികളുടെ കൃതികളില്‍ ജാതിയും മതവും തുറന്നുകാണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചതും കര്‍ണാട്ടിക് സംഗീത മേഖലയില്‍ ടി.എം.കൃഷ്ണയ്ക്ക് ശത്രുക്കളെ സമ്മാനിച്ചിരുന്നവത്രെ.
എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്‌കാരം കൃഷ്ണക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ ആദ്യം മുന്നോട്ട് വന്നത് കര്‍ണാടക സംഗീതലോകത്തെ വിഖ്യാത സഹോദരിമാരായ രഞ്ജിനിയും ഗായത്രിയുമാണ്. എന്നാല്‍ ‘യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി’ എന്ന് ഊറ്റം കൊള്ളുന്ന പത്രം പ്രചരിപ്പിക്കാന്‍ ശ്രമിക്കും പോലെ ‘സംഗീതം ഒരിക്കലും ഒരു മതത്തിലോ ജാതിയിലോ അധിഷ്ഠിതമായ കലയല്ലെന്ന് വാദിക്കുന്ന ടി.എം.കൃഷ്ണയുടെ രാഷ്ട്രീയത്തെയല്ല’ അവര്‍ എതിര്‍ത്തത്. സംഗീതത്തിലെ ആത്മീയതയെ നിരന്തരമായി അവഹേളിക്കുകയും ബ്രാഹ്മണവംശ ഹത്യക്ക് ആഹ്വാനം ചെയ്ത വ്യക്തിയെ മഹത്വവത്കരിക്കുകയും ചെയ്ത കൃഷ്ണയോടുള്ള എതിര്‍പ്പ് പ്രകടിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തെതെന്നു രഞ്ജനിയും ഗായത്രിയും അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ നിലപാട് അവര്‍ വ്യക്തമാക്കിയിട്ടും അതിലെ വസ്തുത പരിശോധിക്കുക പോലും ചെയ്യാതെ ബ്രാഹ്മണിക്കല്‍ ഹെജിമണിയെന്ന ആരോപണം അവരുടെ പേരില്‍ വെച്ചുകെട്ടുകയായിരുന്നു കേരളത്തിലേതടക്കമുള്ള പല മാധ്യമങ്ങളും. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍പ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ഉയര്‍ന്നുവന്ന് സംഗീത രംഗത്ത് ആധിപത്യം സ്ഥാപിക്കുന്നത് തങ്ങള്‍ക്കും സന്തോഷകരമായ കാര്യമാണെന്നും, എന്നാല്‍ ബ്രാഹ്മണ വംശഹത്യക്ക് ആഹ്വാനം ചെയ്ത പെരിയാറിനെപ്പോലുള്ള ഒരാളെ മഹത്വവല്‍ക്കരിക്കാനുള്ള കൃഷ്ണയുടെ ശ്രമങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും, സംഗീതത്തിന്റെ മൂല്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഒരു സംഗീതജ്ഞനെ മ്യൂസിക് അക്കാദമി ആദരിക്കുന്നതിനോട് വിയോജിക്കാനുള്ള തങ്ങളുടെ അവകാശം ഉപയോഗിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും രഞ്ജനിയും ഗായത്രിയും വ്യക്തമാക്കിയെങ്കിലും അതെല്ലാം വനരോദനമായി കലാശിക്കുകയും ആ പ്രതിഷേധങ്ങള്‍ ജാതിപരമായ വ്യാഖ്യാനങ്ങളിലൂടെ വായിക്കപ്പെടുകയും ചെയ്തു.
സംഗീതത്തിലെ ബ്രാഹ്മണാധിപത്യത്തെ വിമര്‍ശിച്ചു കൊണ്ട് രഞ്ജനി, ഗായത്രിമാര്‍ക്കെതിരെ രംഗത്ത് വന്ന മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷനും ഹിന്ദു ദിനപത്രത്തിന്റെ എഡിറ്ററുമായ എന്‍. മുരളിയോട് അവര്‍ പറഞ്ഞത് ആദ്യം മദ്രാസ് മ്യൂസിക് അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ബ്രാഹ്മണാധിപത്യം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നാണ്. ഒരു കൂട്ടം രാജികളിലൂടെ ആ മാറ്റം തല്‍ക്ഷണം കൈവരിക്കാന്‍ സാധിക്കുമെന്നായിരുന്നു രഞ്ജിനി-ഗായത്രിമാര്‍ പറഞ്ഞത്. ബ്രാഹ്മണസമുദായത്തില്‍പ്പെട്ട രഞ്ജിനിയും ഗായത്രിയും സംഗീതത്തിലെ ബ്രാഹ്മണാധിപത്യത്തിന് ശ്രമിക്കുകയാണെന്ന മുരളിയുടെയും കൂട്ടരുടെയും അഭിപ്രായത്തിന്, മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷന്‍ എന്‍. മുരളി ഉള്‍പ്പെടെയുള്ളവര്‍ ബ്രാഹ്മണസമുദായത്തില്‍പ്പെട്ടവരാണെന്ന കാര്യം കൂടി ഓര്‍മ്മപ്പെടുത്തി തിരിച്ചടികൊടുക്കുകയായിരുന്നു രഞ്ജിനി-ഗായത്രി സഹോദരിമാര്‍.
ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒരു പ്രസിദ്ധീകരണത്തില്‍ മുന്‍പ് കൃഷ്ണ, സുബ്ബലക്ഷ്മിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത് അതിനിന്ദ്യമായ വാക്കുകളാണ്. മധുര ഷണ്‍മുഖവടിവ് സുബ്ബലക്ഷ്മിയെ കര്‍ണാടക സംഗീതത്തിന്റെ ആഗോള മുഖവും ശബ്ദവുമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വിപണനതന്ത്രമാണ് എന്നതായിരുന്നു കൃഷ്ണയുടെ വാദം. അദ്ദേഹത്തിന്റെ ഈ നിലപാടുകളെക്കുറിച്ച് അറിഞ്ഞു തന്നെയാണ് മദ്രാസ് മ്യൂസിക് അക്കാദമി, സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി അവാര്‍ഡിന് കൃഷ്ണയെ തിരഞ്ഞെടുത്തത് എന്നതാണ് വിചിത്രമായ കാര്യം. ബൗദ്ധിക സത്യസന്ധത പുലര്‍ത്തുന്നു എങ്കില്‍, അവാര്‍ഡ് നിരസിക്കുകയായിരുന്നു കൃഷ്ണ ചെയ്യേണ്ടിയിരുന്നത് എന്നത് മറ്റൊരു കാര്യം.
സുബ്ബലക്ഷ്മി തന്റെ ദേവദാസി വേരുകളില്‍ നിന്നും സ്വത്വത്തില്‍ നിന്നുമകന്ന് സാംസ്‌കാരികമായി മറ്റൊരാളായി, അതായത് ഒരു ഉത്തമ ബ്രാഹ്മണ സ്ത്രീയായി മാറി സമൂഹത്തില്‍ സ്വീകാര്യത നേടിയെന്നതായിരുന്നു കൃഷ്ണയുടെ മറ്റൊരു ആരോപണം. എം.എസിന്റെ ശബ്ദം ഉയര്‍ന്ന ജാതിയില്‍പ്പെടാത്ത ഒരു കറുത്ത സ്ത്രീയില്‍ നിന്നായിരുന്നുവെങ്കില്‍ നാമെല്ലാവരും അവരെ ആഘോഷിക്കുമോ എന്ന ചോദ്യമുയര്‍ത്തി സംഗീത ലോകത്ത് വര്‍ണ്ണവിദ്വേഷത്തിന്റെ വിത്തുകള്‍ വിതയ്ക്കാനും കൃഷ്ണ മുതിര്‍ന്നു. സംഗീതം ഭക്തിസമന്വയമാകുന്നതിനെയും അദ്ദേഹം എതിര്‍ത്തിരുന്നു.
മഹിതമായ ഒരു പാരമ്പര്യം അവകാശപ്പെടാവുന്ന ഭാരതീയ സംഗീതത്തിന് ഭക്തിയില്‍ നിന്നോ അനുഷ്ഠാനപരതയില്‍ നിന്നോ വേറിട്ടു കൊണ്ടുള്ള ഒരാത്മാവുണ്ടോ എന്നത് ചിന്തനീയമായ വിഷയമാണ്. ലോകത്തിലെ എല്ലാ സമൂഹങ്ങളിലും സംഗീതം, അവയുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗമായി പ്രാചീനകാലം മുതലേ നിലവിലുണ്ട്. പ്രത്യേകിച്ചും, ആദ്ധ്യാത്മിക മാര്‍ഗത്തില്‍, ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി സംഗീതത്തെ കണക്കാക്കി വരുന്നുമുണ്ട്. ഭാരതീയ ശാസ്ത്രീയ സംഗീതത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും യഥാര്‍ത്ഥമാണ്. സംഗീതത്തിന്റെ ആത്യന്തികമായ ഉദ്ദേശ്യം, ദൈവമാഹാത്മ്യവും ആത്മനവീകരണവുമാണെന്നാണ് ഭാരതീയ പൈതൃകം. ‘സംഗീതജ്ഞാനമു ഭക്തി വിനാ സന്മാര്‍ഗ്ഗമു ഗലദേ’ അതായത് ഭക്തി സമന്വയമില്ലാത്ത സംഗീതം, സംഗീതമേ അല്ലെന്നാണ് ത്യാഗരാജസ്വാമികളെ പോലുള്ളവര്‍ വിശ്വസിച്ചത്. അത്, സനാതനധര്‍മ്മ ത്തിലധിഷ്ഠിതമായ ഭക്തിയല്ല എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരുടെ മനസ്സില്‍ സങ്കല്പിച്ചു വെച്ചിട്ടുള്ള ഹിന്ദു ചട്ടക്കൂടിനു അത് പാകമാകുന്നില്ല എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ.
സംഗീതവും സാഹിത്യവുമടക്കം മുഴുവന്‍ സംസ്‌കാരത്തെയും ഒരു ആത്മീയ പ്രക്രിയയാക്കി മാറ്റിയ ഒരേയൊരിടമാണ് ഭാരതം. ജീവിതം അടിസ്ഥാനപരമായി തന്നെ ഏറ്റവും ഉയര്‍ന്ന വിമോചനത്തിലേക്കാണ് എത്തേണ്ടതെന്നും ജ്ഞാനോദയം മാത്രമാണതിന്റെ ലക്ഷ്യമെന്നുമുള്ള വീക്ഷണത്തിലാണ് ഈ സംസ്‌കാരം തന്നെ രൂപപ്പെട്ടിട്ടുള്ളത്. ഭാരതീയ സംഗീതവും സാഹിത്യവും വിളഞ്ഞത് ആ ഭൂമികയില്‍ തന്നെയാണ്. അതില്‍ നിന്ന് ഭക്തിയെ ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്നത് നിഷ്‌കളങ്കമാണ് എന്ന് കരുതാനാവില്ല.
ഈശ്വരാര്‍പ്പിതമായി അവതരിപ്പിക്കേണ്ട സംഗീതം വിരൂപമായി അവതരിപ്പിക്കപ്പെടുന്നത് വേദനാജനകം തന്നെയാണ്. എല്ലാറ്റിനും ഒരു സമ്പ്രദായമുണ്ട്. ചിന്തിക്കുന്ന ഒരാളെ ക്രമരീതി പഠിപ്പിക്കാം. പക്ഷേ, അനുസരിക്കാന്‍ തയ്യാറാകാത്തവരെ ‘യഥേഷ്ടസഞ്ചാരഹ’ എന്നാണ് പറയുന്നത്. പക്ഷേ, അത്തരം രീതികള്‍ നിന്ദയാണ് എന്നു കൂടി പറയാതെ വയ്യ.
സംഗീതത്തെ ജാതിയുടെയും മതത്തിന്റെയും അതിര്‍ത്തികള്‍ക്കുള്ളില്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ട് എന്നത് കൂടി ഓര്‍ക്കാം. കേരളത്തില്‍ കഥകളി സംഗീതത്തെ റാപ്പ് സംഗീതമായി ചേര്‍ത്ത് പാടുന്ന ഗായികയെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്, ‘ഇടുങ്ങിയ മതാനുഷ്ഠാനപരതയുടെ ഉറച്ച പുറന്തോട് പൊട്ടിച്ച കല, യൗവന- ബഹുജന സാഗരത്തില്‍ അലയടിക്കുകയാണ്’ എന്നായിരുന്നു. എന്നാല്‍ ഏതുകാലത്തും ഭാരതീയ സംഗീതം, മതാനുഷ്ഠാനപരതയുടെ ആത്മീയതയുമായി ഇഴചേര്‍ന്നു തന്നെയാണ് ആലപിക്കപ്പെട്ടത് എന്നതാണ് വാസ്തവം. ഭാരതത്തിലെ പൗരാണിക ഋഷികള്‍ പോലും ശബ്ദമാണ് സൃഷ്ടിയുടെ സത്തയെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. പ്രപഞ്ചമാകുന്ന സിംഫണിയില്‍, മനുഷ്യനില്‍ നിന്ന് ഈശ്വരനിലേക്കെത്താനുള്ള മാധ്യമമായി തന്നെയാണ് സംഗീതം ഉയര്‍ന്നുവന്നതും. അതിനായി സമര്‍പ്പിക്കപ്പെട്ട വേദവും ഈശ്വരസങ്കല്‍പ്പവും ജനതയും വരെ ഈ പൈതൃകത്തിലുണ്ട് എന്നത് ഭാരതീയ പശ്ചാത്തലത്തില്‍ സംഗീതം എത്രമാത്രം ആഴത്തില്‍ വേരോടിയിരുന്നു എന്ന് തെളിയിക്കുന്നു.
സംഗീത രംഗത്തു കടുത്ത ബ്രാഹ്മണിക്കല്‍ ഹെജിമണിയാണുള്ളത് എന്ന് പരിഭവിക്കുന്നവര്‍, ഭാരതത്തിനു പുറത്തേക്കും വളര്‍ന്ന യേശുദാസിനെ ചെമ്പൈ, സംഗീതം അഭ്യസിപ്പിച്ചത് ജാതിയും മതവും നോക്കിയല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. കലാമണ്ഡലം ഹൈദരലി നെഞ്ചില്‍ തട്ടി പാടിയപ്പോള്‍ അത് കേട്ട് നെഞ്ചുരുകിയവര്‍ ധാരാളമുണ്ട്. ‘അജിത ഹരേ,’ ശങ്കരന്‍ എമ്പ്രാന്തിരിയും, വെണ്‍മണി ഹരിദാസും, കോട്ടക്കല്‍ മധുവും മാത്രമല്ല കലാമണ്ഡലം ഹൈദരലിയും പാടിയിട്ടുണ്ട്. ആരും അതിനു പതിത്വം കല്പിച്ചിട്ടില്ല. കാരണം, ഇതര സംസ്‌കാരങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഭാരതീയ സംസ്‌കൃതി സംഗീതത്തെ ഉള്‍ക്കൊണ്ടത് ആത്മനവീകരണത്തിനുള്ള ഉപകരണമായാണ്. ആദികാവ്യമായ രാമായണം മുതല്‍ നവരാത്രി സംഗീതം വരെ ഭാവനക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ബൃഹത്തായ സമ്പത്താണത്. ഭാരതീയ സംഗീതത്തിന്റെ ആ സനാതന പാരമ്പര്യത്തെ ഇകഴ്ത്താനുള്ള ശ്രമങ്ങളാണ് എതിര്‍ക്കപ്പെടുന്നത് എന്നിരിക്കെ, അതിനെയെല്ലാം ജാതിവ്യാഖ്യാനത്തിലൂടെ കാണാന്‍ ശ്രമിക്കുന്ന മാധ്യമവീക്ഷണങ്ങള്‍ എങ്ങനെ നിഷ്പക്ഷമെന്നു പറയാനാവും.