അസഹിഷ്ണുത കമ്മ്യൂണിസത്തിന്റെ കൂടപ്പിറപ്പാണ്. കണ്ണൂരിലെന്നല്ല കേരളത്തിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിലും എന്തിനേറെ ലോകത്ത് എവിടെയെല്ലാം കമ്മ്യൂണിസം നിലനിന്നുവോ, അവിടെയെല്ലാം ഈ അസഹിഷ്ണുത കാണാവുന്നതാണ്.
ഭരണത്തിന്റെ തണലില്‍ കാണിച്ച അക്രമങ്ങളുടെയും അസഹിഷ്ണുത യുടെയും തുടര്‍ച്ചയായിരുന്നു പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതുപക്ഷ ഭരണത്തിന് തിരശ്ശീലയിട്ടത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കുകയും അവരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുകയെന്നത് എല്ലാകാലത്തും കേരളത്തില്‍ ഇടതുപക്ഷം തുടര്‍ന്നുവന്ന നയമായിരുന്നു. ഇടത് ഭരണത്തിന്റെ ഈ ഹുങ്കിന് പാത്രമായി ജോലി തന്നെ ഉപേക്ഷിച്ചുപോയ ഉദ്യോഗസ്ഥരില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്മാര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേലധികാരികള്‍ മുതല്‍ ഏറ്റവും താഴ്ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ വരെ വരും. ഗവര്‍ണ്ണര്‍മാരെ പോലും നിന്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ളത്. പാര്‍ട്ടിക്ക് വഴങ്ങാത്ത ജീവനക്കാരുടെ ആനുകൂല്യങ്ങളും പ്രമോഷനുകളും തടഞ്ഞുവെച്ച സംഭവങ്ങള്‍ നിരവധിയാണ്. പലരും ജോലി ഉപേക്ഷിച്ചും സ്ഥലം മാറ്റം വാങ്ങിയും സംസ്ഥാനം വിട്ടതും ചരിത്രം.
സ്വന്തം പാര്‍ട്ടിക്കാരനായാല്‍ തന്നെ വ്യത്യസ്ത നിലപാടുകള്‍ എടുത്താല്‍, പാര്‍ട്ടി നിലപാടുകളെ വിമര്‍ശിച്ചാല്‍ അത്തരക്കാരെ നിരന്തരം വേട്ടയാടുക, മാത്രമല്ല പാര്‍ട്ടി കുടുംബത്തെ പോലും മറന്ന് അവരെ ഇല്ലാതാക്കുന്ന സംഭവങ്ങള്‍ പോലും പാര്‍ട്ടിയെ സംബന്ധിച്ച് സര്‍വ്വസാധാരണമാണ്. കണ്ണൂരില്‍ ആന്തൂരിലെ പ്രവാസി വ്യവസായി ആയിരുന്ന സാജന്‍ പാര്‍ട്ടി നഗരസഭ തന്റെ വ്യവസായ സംരംഭത്തിന് അകാരണമായി അനുമതി നിഷേധിച്ചപ്പോള്‍ ആത്മഹത്യ ചെയ്തു. ഇതിന് ശേഷം സാജന്റെ ഭാര്യക്കെതിരെ ഉള്‍പ്പെടെ വ്യാജ ആരോപണങ്ങള്‍ പാര്‍ട്ടി പത്രത്തിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടേയും ഉയര്‍ത്തി പൊതു സമൂഹത്തില്‍ അപമാനിച്ചത് നാം കണ്ടതാണ്. ഇത്തരത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ഭരണകൂടത്തിന്റെയും ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും അനീതിക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ മോശക്കാരെന്ന് ചിത്രീകരിച്ച ഒരാളായിരുന്നു ഏതാനും ദിവസം മുമ്പ് ആത്മഹത്യ ചെയ്ത കണ്ണൂര്‍ ജില്ലാ എഡിഎമ്മായിരുന്ന പത്തനംതിട്ട സ്വദേശി നവീന്‍ ബാബു. അവിവാഹിതരായ രണ്ട് പെണ്‍മക്കളും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന, താങ്ങും തണലുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം ഹോമിക്കപ്പെട്ടത് ഇത്തരം കമ്മ്യൂണിസ്റ്റ് മാടമ്പിത്തരത്തിന്റെ ഉല്‍പ്പന്നമായ ഒരു വനിതാനേതാവിന്റെ, ഭരണാധികാരിയുടെ അവഹേളനം പേറുന്ന വാക്കുകളുടെ കൂരമ്പേറ്റാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. ആയുധം കൊണ്ടു മാത്രമല്ല വാക്കുകൊണ്ടും തങ്ങള്‍ക്ക് കീഴ്‌പ്പെട്ട് നില്‍ക്കാത്ത ഒരാളെ ഇല്ലാതാക്കുമെന്ന് തെളിയുകയാണ് നവീന്‍ബാബുവെന്ന ഉദ്യോഗസ്ഥന്റെ മരണവും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും.
കഴിഞ്ഞ ഒക്ടോബര്‍ 14 ന് രാത്രി കണ്ണൂരില്‍ നിന്നും സ്ഥലം മാറി പോകുന്ന എഡിഎം നവീന്‍ ബാബുവിന് കലക്ടറേറ്റിലെ റവന്യു സ്റ്റാഫ് കൗണ്‍സിലിന്റെ യാത്രയയപ്പ് നടക്കുന്നു. സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ക്ഷണിക്കാതെയെത്തി എഡിഎമ്മിനെ അധിക്ഷേപിച്ച് അഴിമതിക്കാരനാണെന്ന രീതിയില്‍ സംസാരിക്കുന്നു. 15ന് പുലര്‍ച്ചെ 5.17ന് എഡിഎമ്മിന്റെ ഡ്രൈവര്‍ എം. ഷംസുദ്ദീന്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ എഡിഎമ്മിനെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെടുന്നു. മണിക്കൂറുകള്‍ക്കുളളില്‍ എഡിഎം പെട്രോള്‍ പമ്പ് അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയതായ പരാതിയുടെ കോപ്പി മാധ്യമങ്ങളായ മാധ്യമങ്ങളുടെയെല്ലാം ഓഫീസുകളില്‍ ലേഖകന്മാരുടെ സാമൂഹ്യ അക്കൗണ്ടുകളിലെത്തുന്നു. എന്നാല്‍ ഒരു ദിവസത്തെ ആയുസ്സേ ആ പരാതിക്കുണ്ടായിരുന്നുളളൂ. പ്രസ്തുത പരാതി നവീന്‍ ബാബുവിന്റെ മരണശേഷം രക്ഷപ്പെടാന്‍ വേണ്ടി സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ കൂടെ അറിവോടെ തിടുക്കപ്പെട്ട് തയ്യാറാക്കപ്പെട്ടതാണെന്ന് വ്യക്തമായി. പരാതിയിലെ ഒപ്പ് വ്യാജം, പേര് വ്യാജം, പരാതിയില്‍ മുന്‍ എഡിഎം എന്ന രീതിയില്‍ നടത്തിയ പരാമര്‍ശം എല്ലാം കത്ത് എഡിഎമ്മിന്റെ മരണശേഷം വ്യാജ ആരോപണത്തില്‍ നിന്ന് ദിവ്യയ്ക്കും കൂട്ടര്‍ക്കും രക്ഷപ്പെടാന്‍ തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കുന്നതായി.
തുടര്‍ന്നിങ്ങോട്ട് എഡിഎം കൈക്കൂലിക്കാരനാണെന്നും മോശം ഉദ്യോഗസ്ഥനാണെന്നും വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നൊന്നായി പൊളിഞ്ഞു.
കഴിഞ്ഞ ദിവസം സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കി. പമ്പിന് എന്‍ഒസി നല്‍കുന്നത് നവീന്‍ ബാബു വൈകിപ്പിച്ചില്ലെന്നും ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന് തെളിവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യാത്രയയപ്പിനെത്തി നവീന്‍ ബാബുവിനെ ആക്ഷേപിക്കുന്ന വീഡിയോ ചിത്രീകരിപ്പിച്ച്, മാധ്യമങ്ങള്‍ക്ക് കൈമാറിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയാണെന്നും കണ്ടെത്തി.
വീഡിയോ പകര്‍ത്തിയ ചാനല്‍ പ്രവര്‍ത്തകരില്‍ നിന്നു ജോയിന്റ് കമ്മിഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. ഒളിവില്‍ കഴിയുന്ന പി.പി.ദിവ്യ അന്വേഷണവുമായി (ഇത് എഴുതുന്നതുവരെ) സഹകരിക്കാത്തതിനാല്‍, അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഫയല്‍ പരിശോധനയിലും ജീവനക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്നും, പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി. പ്രശാന്തിനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചിരുന്നതെന്ന് വ്യക്തമായി.
മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നു പറയുന്ന പ്രശാന്തില്‍ നിന്നും ജോയിന്റ് കമ്മീഷണര്‍ വിവരങ്ങള്‍ തേടി. പോലീസ്, പൊതുമരാമത്ത്, അഗ്‌നിശമനസേന, ടൗണ്‍ പ്ലാനിങ് തുടങ്ങിയവയില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാലേ അന്തിമ എന്‍ഒസി നല്‍കാനാകൂ എന്നതിനാല്‍ ഫയല്‍ പിടിച്ചുവച്ച് താമസിപ്പിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നെയെന്തിനായിരുന്നു, ആര്‍ക്ക് വേണ്ടിയായിരുന്നു ദിവ്യയുടെ ആരോപണം എന്നത് ചോദ്യമായി അവശേഷിക്കുകയാണ്. ദിവ്യയടക്കമുളള സിപിഎമ്മിലെ ഏതാനും യുവനേതാക്കളാണ് പമ്പിന് പിന്നിലെന്നും പ്രശാന്തനും അയാളൊടൊപ്പം ജോലി ചെയ്യുന്ന ദിവ്യയുടെ ഭര്‍ത്താവുമടക്കമുളള സിപിഎം നേതാക്കളെല്ലാം കൂടി നടത്തുന്ന കൂട്ടുകച്ചവടങ്ങള്‍ക്ക് എഡിഎം നിയമതടസ്സം ചൂണ്ടിക്കാട്ടിയതാണ് ഇവരെ പ്രകോപിപ്പിച്ചതും യാത്രയയപ്പ് യോഗത്തില്‍ അവഹേളനത്തിന് തയ്യാറായതിനും പിന്നിലെന്ന ആരോപണങ്ങളാണ് ഉയരുന്നത്. ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടോടെ പാര്‍ട്ടിയും സംസ്ഥാന ഭരണകൂടവും പ്രതിരോധിക്കാനാവാതെ പൂര്‍ണ്ണമായും വെട്ടിലായിരിക്കുകയാണ്. ഇതേ നേതാക്കള്‍ ചേര്‍ന്ന് കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രത്തില്‍ കോടികളുടെ ഭൂസ്വത്ത് വാങ്ങിയിട്ടുളളതായ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഇവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇ.ഡി. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായ വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് കൈക്കൂലി പരാതിക്കാരനായ പ്രശാന്തുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. പമ്പുമായി ബന്ധപ്പെട്ട പ്രശാന്തിന്റെ നടപടികള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദിവ്യയുടെ അവഹേളനമാണ് എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് ബോധ്യപ്പെട്ടിട്ടും പ്രേരണാ കുറ്റം ചുമത്തി കേസെടുക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവരെ നീക്കാനും സംഭവം നടന്ന് മൂന്ന് ദിവസമെടുത്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയ്‌ക്കെതിരെ സംഘടനാപരമായി നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. മാത്രമല്ല പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയായ ഇവരെ അറസ്റ്റ് ചെയ്യാനോ മൊഴിയെടുക്കാന്‍ പോലുമോ പോലീസ് തയ്യാറായിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. ഇതെല്ലാം കാണിക്കുന്നത് സിപിഎമ്മും പാര്‍ട്ടി നയിക്കുന്ന സംസ്ഥാന ഭരണകൂടവും ദിവ്യയെ പൂര്‍ണ്ണമായും സംരക്ഷിക്കുകയാണ് എന്നാണ്. നവീന്‍ബാബുവിന് കൈക്കൂലി കൊടുത്തു എന്ന് പറയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനും പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരനുമായ പ്രശാന്തനെയും സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടിയും പോലീസും കൈക്കൊണ്ടിരിക്കുന്നത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതിയില്‍ വാദത്തിനിടയില്‍ പോലും കൈക്കൂലി നല്‍കിയെന്നതിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ല. ഇങ്ങനെയെല്ലാം നോക്കുമ്പോള്‍ സിപിഎമ്മിലെ പി.പി. ദിവ്യയടക്കമുള്ള യുവജന നേതാക്കളുടെ ബിനാമിയാണ് പ്രശാന്ത് എന്നും ഇവരുടെ ഇംഗിതത്തിന്, നിയമവിരുദ്ധമായി ആരംഭിക്കാനിരുന്ന വിവാദ പെട്രോള്‍ പമ്പിന് അനുകൂലമായി നിലപാടെടുക്കാന്‍ തയ്യാറാവാതിരുന്ന എഡിഎമ്മിനെ കുടുക്കാന്‍ വളരെ ആസൂത്രിതമായി നടത്തിയ നീക്കങ്ങളാണ് പൊതുവേദിയിലെ അപമാനത്തിലൂടെ ദിവ്യ ലക്ഷ്യം വെച്ചതെന്ന് വ്യക്തമാവുകയാണ്. മാത്രമല്ല യാത്രയയപ്പ് സമ്മേളനത്തിന് ശേഷം പുലര്‍ച്ചെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നിമിഷം വരെ നവീന്‍ ബാബു എവിടെയായിരുന്നു, എന്തൊക്കെ സംഭവിച്ചു എന്നതെല്ലാം ദുരൂഹമായി തുടരുകയാണ്. യാത്രയയപ്പ് സമ്മേളനത്തിലേക്ക് ദിവ്യ കടുന്നു വന്നത് കലക്ടര്‍ വിളിച്ചാണെന്ന വാദവും കലക്ടറുടെ മൊഴി പുറത്ത് വന്നതോടെ വെറുതെയായി. ഏറ്റവും ഒടുവില്‍ പാര്‍ട്ടി സഹയാത്രികരായ ഏതാനും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണത്തിനായി നിയമിച്ചിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തണലില്‍ ഇന്നോളം പാര്‍ട്ടിക്കാരായ പ്രതികള്‍ക്കെതിരെ നടന്ന അന്വേഷണങ്ങളുടെ ഗതിതന്നെയാവുമോ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പട്ട അന്വേഷണവും എന്ന ആശങ്കയിലാണ് നവീന്‍ബാബുവിന്റെ കുടുംബവും പൊതു സമൂഹവും.
അധികാര രാഷ്ട്രീയത്തിന്റെ ബലത്തില്‍, ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ഉദ്യോഗസ്ഥനെ ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകൊണ്ട് മുറിവേല്‍പ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് വ്യക്തം. പാര്‍ട്ടിക്കോ ഇത്തരത്തില്‍ അധികാരത്തിലിരുന്ന വ്യക്തിക്കോ ഒന്നും നഷ്ടപ്പെടാനില്ല. അധികാരം ഉപയോഗിച്ചും കള്ളപ്രചാരണങ്ങള്‍ നടത്തിയും ഇവരിതിനെല്ലാം മറയിടും. പൂര്‍വ്വാധികം ശക്തിയോടെ അധികാര സോപാനങ്ങളില്‍ വീണ്ടും അവരോധിക്കപ്പെടും. എന്നാല്‍ കമ്മ്യൂണിസ്റ്റ് ധാര്‍ഷ്ട്യത്തിനിരയായ സത്യസന്ധനായ ഉദ്യോഗസ്ഥന്റെ കുടുംബം അവരുടെ ഓര്‍മ്മകളില്‍ നീറിനീറി ജീവിക്കണം. നവീന്‍ ബാബുവിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാവാതിരിക്കണം. അതിനായിരിക്കണം ഓരോ ജനാധിപത്യവിശ്വാസിയും ശ്രമിക്കേണ്ടത്.