ഒക്ടോബര്‍ 31 ദീപാവലി
ഭാരതീയ സംസ്‌കാരത്തില്‍ ഏതൊരു കാര്യത്തിനും ശുഭാരംഭം കുറിക്കുന്നത് ദീപം തെളിയിച്ചുകൊണ്ടാണ്. ഓരോ കര്‍മ്മവും മംഗളകരമായി, ശ്രേയസ്‌കരമായി ഭവിക്കുന്നതിനാണ് അഗ്‌നിയെ സാക്ഷിയാക്കി ഓരോ ചടങ്ങും ആരംഭിക്കുന്നത്. ഹൈന്ദവ ആചാരങ്ങളില്‍ സവിശേഷ സ്ഥാനമാണ് ദീപങ്ങള്‍ക്കുള്ളത്. ഐതിഹ്യങ്ങളാല്‍ സമ്പന്നമായ ഭാരതത്തില്‍, ചിരപുരാതന കാലം തൊട്ടേയുള്ള ഉത്സവമാണ് ദീപാവലി. ദീപങ്ങളുടെ ആവലി (നിര) എന്നാണ് അര്‍ത്ഥം കല്പിക്കുന്നത്. തുലാം മാസത്തിലെ അമാവാസി ദിനമാണ് ദീപാവലിയായി കൊണ്ടാടുന്നത്.
ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടനേകം ഐതിഹ്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. എല്ലാത്തിന്റേയും ആത്യന്തിക തത്വം തിന്മയ്ക്ക് മേല്‍ നന്മയുടെ പ്രകാശം പരക്കുമെന്നതാണ്. ഈ പ്രകാശത്തെ വരവേല്‍ക്കുന്ന ഉത്സവമാണ് ദീപാവലി. ഐതിഹ്യം പലതാണെങ്കിലും ദീപം തെളിയിക്കലും മധുരം കൈമാറലും പടക്കം പൊട്ടിക്കലും ഭാരതത്തിലുടനീളം ദൃശ്യമാണ്.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ വീഥികളിലും വീടുകളിലും മണ്‍ചെരാതുകളില്‍ കൊളുത്തിയ ദീപത്തിന്റെ പ്രഭ നിറയും. ഉത്തരേന്ത്യക്കാരാണ് ദീപാവലി അതിന്റെ തനിമയോടെ കൊണ്ടാടുന്നത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ ആഘോഷം. ദക്ഷിണേന്ത്യയില്‍ ഒരു ദിവസത്തെ ആഘോഷമാണുള്ളത്. കേരളത്തില്‍ പ്രധാന ദേവീക്ഷേത്രങ്ങളിലും ദീപാവലി വിശേഷമാണ്.
ശ്രീരാമദേവനും ദീപാവലിയും
പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം പത്‌നി സീതയോടും സഹോദരന്‍ ലക്ഷ്മണനോടും ഒപ്പം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമദേവനെ അയോധ്യാ നിവാസികള്‍ ആഘോഷത്തോടെ സ്വീകരിച്ചതിന്റെ ഓര്‍മ്മപുതുക്കലാണ് ദീപാവലി. ശ്രീരാമന്റെ അവതാരോദ്ദേശ്യമായ രാവണ നിഗ്രഹം സംഭവിക്കുന്നത് വിജയദശമി നാളിലാണ്. തുടര്‍ന്ന് ലങ്കാധിപനായി രാവണ സഹോദരന്‍ വിഭീഷണനെ അഭിഷേകം ചെയ്ത ശേഷം ശ്രീരാമന്‍ പരിവാരങ്ങളോടൊപ്പം അയോധ്യയില്‍ തിരികെയെത്തുന്നത് കൃഷ്ണപക്ഷ ചതുര്‍ദശി നാളിലാണ്. അയോധ്യയില്‍ രാമന്റെ പാദസ്പര്‍ശം വീണ്ടും പതിയുമ്പോള്‍ ആ മുഹൂര്‍ത്തം അയോധ്യാവാസികള്‍ ഉത്സവമാക്കിയത് രാജവീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങള്‍ ഒരുക്കിയാണ്. തിന്മയ്ക്കുമേല്‍ നന്മയുടെ പ്രഭ പരത്തിയ ശ്രീരാമനെ അദ്ദേഹത്തിന്റെ ജനത എതിരേറ്റതിന്റെ സ്മരണ പുതുക്കലാണ് ദീപാവലി.
മഹാലക്ഷ്മി അവതാര ദിനം
ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയുടെ പുനരവതാര ദിനമാണ് ദീപാവലിയായി ആഘോഷിക്കുന്നതെന്നാണ് മറ്റൊരു ഐതിഹ്യം.
ഒരിക്കല്‍ ദേവേന്ദ്രന് ഒരു മുനി പുഷ്പമാല സമ്മാനിച്ചു. ദേവന്മാരുടെ അധിപനാണെന്ന ചിന്ത ദേവേന്ദ്രന്റെ അഹങ്കാരം ഇരട്ടിയാക്കി. മുനി നല്കിയ പവിത്രമാല ഇന്ദ്രന്‍ പരിത്യജിച്ചു. ഈ പ്രവൃത്തി കണ്ട് കോപാകുലയായ ലക്ഷ്മീദേവി ദേവലോകം വിട്ട് ക്ഷീരസാഗരത്തില്‍ പ്രവേശിച്ചു. ലക്ഷ്മീദേവി ക്ഷീരസാഗരത്തില്‍ മറഞ്ഞതോടെ ദേവിയുടെ അനുഗ്രഹാശ്ശിസുകളില്ലാതെ ലോകം ഇരുളില്‍ ആണ്ടു. നിരാശരായ ദേവന്മാര്‍ വിഷ്ണുദേവനെ അഭയം പ്രാപിച്ചു. ദേവിയെ തിരികെ കൊണ്ടുവരുന്നതിനായി ഇന്ദ്രനുള്‍പ്പടെയുള്ള ദേവന്മാര്‍ ക്ഷീരസാഗരം കടയണമെന്ന് മഹാവിഷ്ണു ആവശ്യപ്പെട്ടു. അവര്‍ ആയിരത്താണ്ട് പാലാഴിയെ മഥനം ചെയ്തു. ലക്ഷ്മീദേവി ഒരു താമരപ്പൂവിനുള്ളില്‍ നില്‍ക്കുന്ന സ്ഥിതിയില്‍ വീണ്ടും ആവിര്‍ഭവിച്ചു. അങ്ങനെ ഇരുളിലാണ്ടുപോയ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും ദേവിയുടെ അനുഗ്രഹത്താല്‍ തിരികെ ലഭിച്ചു. ലക്ഷ്മീദേവിയുടെ ഈ പുനര്‍ജന്മദിനമാണ് ദീപാവലിയായി ആഘോഷിക്കുന്നതെന്നാണ് മറ്റൊരു വിശ്വാസം. ലക്ഷ്മീ പ്രീതിക്കായാണ് ഭക്തര്‍ ഭവനങ്ങളില്‍ അന്നേ ദിവസം നിറയെ ദീപം തെളിയിക്കുന്നത്.
നരകാസുര നിഗ്രഹം
ദക്ഷിണേന്ത്യയില്‍ ദീപാവലി നരകാസുര വധവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭൂമീദേവിയുടെ പുത്രനായ നരകാസുരന്‍ നാരായണാസ്ത്രം ലഭിച്ചതോടെ അഹങ്കാരിയായി മാറി. സ്ത്രീകള്‍ പോലും നരകാസുരന്റെ ക്രൂരതയ്ക്കിരയായി. തന്റെ ശക്തിയില്‍ അഹങ്കരിച്ച നരകാസുരന്‍ ദേവേന്ദ്രന്റെ താമസസ്ഥലത്ത് ചെന്ന് സ്ഥാനചിഹ്നങ്ങളായ വെണ്‍്‌കൊറ്റക്കുടയും കിരീടവും കൈക്കലാക്കി. ദേവമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ കൈക്കലാക്കി. ഇതുകണ്ട് ഭയന്ന ഇന്ദ്രന്‍ മഹാവിഷ്ണുവിന്റെ അടുത്ത് അഭയം തേടി. മഹാവിഷ്ണു മഹാലക്ഷ്മിയോടൊപ്പം ഗരുഡാരൂഢനായി പ്രാഗ്‌ജ്യോതിഷത്തിലെത്തുകയും നരകാസുരനുമായി യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തു. അര്‍ദ്ധരാത്രി കഴിഞ്ഞയുടന്‍ നരകാസുരനെ വധിച്ചു. വധിക്കപ്പെടും മുമ്പ് നരകാസുരന്‍ തന്റെ മരണത്തില്‍ ആരും ദുഖിക്കരുതെന്നും തന്റെ വേദന ലോകത്തിന്റെ സുഖമായി തീരട്ടെയെന്ന് ഭഗവാനോട് പ്രാര്‍ത്ഥിച്ചുവെന്നുമാണ് മറ്റൊരു കഥ.
നരകാസുരവധത്തെ തുടര്‍ന്ന് ആനന്ദത്തിലായ ദേവന്മാര്‍ ദീപങ്ങളോടും കരഘോഷത്തോടും മധുരപലഹാരത്തോടും കൂടി ആ ദിനം ആഘോഷിച്ചു. നിഗ്രഹത്തിന് ശേഷം ശ്രീകൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി എണ്ണ തേച്ചു കുളിച്ചതിന്റെ ഓര്‍മയ്ക്കായി നരക ചതുര്‍ദശി ദിനത്തില്‍ സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്. ദീപാവലി ദിനത്തില്‍ എണ്ണ തേച്ച് കുളിക്കുന്ന ശീലം കേരളത്തിലെ പഴമക്കാര്‍ക്കും ഉണ്ടായിരുന്നു.
ബലി പ്രതിപദ
ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളില്‍ മഹാബലിയുമായി ബന്ധപ്പെട്ടാണ് ദീപാവലിയാഘോഷം നടക്കുന്നത്. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിനമാണ് ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനന്‍ കാല്‍പാദം ശിരസ്സില്‍ വച്ച് സുതലത്തിലേക്ക് അനുഗ്രഹിച്ച് അയച്ച മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിനമാണിതെന്നാണ് വിശ്വാസം.
വലിയ ചന്ദ്രനെ വരുത്തല്‍ എന്ന കര്‍മ്മത്തിലൂടെ മഹാബലി പൂജ നടത്തി അദ്ദേഹത്തെ അവര്‍ കളത്തില്‍ വരുത്തും എന്നാണ് സങ്കല്പം. കോലം വരയ്ക്കുക, രംഗോലികൊണ്ട് മുറ്റം അലങ്കരിക്കുക, ബലിയേയും ഭാര്യ വിന്ധ്യാവലിയേയും പൂജിക്കുക, വിളക്കുകള്‍ നിരയായി കൊളുത്തുക എന്നിവയും ഉത്തരേന്ത്യയില്‍ പതിവുണ്ട്.
പൂജകള്‍ക്ക് ശേഷം മഹാബലിയെ പാതാളത്തിലേക്ക് തിരിച്ചയക്കുന്ന ചടങ്ങും അനുഷ്ഠിക്കും.
ദീപാവലി ആഘോഷം ജൈനമതത്തിലും
ജൈനമത സ്ഥാപകനായ വര്‍ദ്ധമാന മഹാവീരന് ജ്ഞാനോദയം കൈവന്നത് ദീപാവലി നാളിലാണെന്നാണ് വിശ്വാസം. ജൈനര്‍ മഹാവീരനെ ജ്ഞാനത്തിന്റെ വെളിച്ചമായിട്ടാണ് ആരാധിക്കുന്നത്. അവര്‍ ആ പ്രകാശത്തില്‍ വിശ്വസിക്കുന്നു. തമോമയത്തെ എല്ലാം പ്രകാശം ഇല്ലാതാക്കും എന്നും അവര്‍ വിശ്വസിക്കുന്നു. ദീപാവലി ദിനത്തില്‍ ശരീര ശുദ്ധിയോടെ 9 തിരിയുള്ള നെയ്‌വിളക്ക് തെളിയിച്ച് മീനാക്ഷി പഞ്ചരത്‌നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യപ്രദമാണെന്ന വിശ്വാസവും ജൈനര്‍ക്കിടയിലുണ്ട്.
പാണ്ഡവരുടെ മടങ്ങിവരവ്
കൗരവരുമായുണ്ടായ ചൂതാട്ടത്തില്‍ പരാജയപ്പെട്ട് 12 വര്‍ഷത്തെ വനവാസം കഴിഞ്ഞ് തിരികെയെത്തിയ പഞ്ചപാണ്ഡവരെ ജനം ദീപം കൊളുത്തി ആഘോഷപൂര്‍വ്വം സ്വീകരിച്ചതിന്റെ ഓര്‍മ്മപുതുക്കലാണ് ദീപാവലി. ഉത്തരേന്ത്യക്കാരാണ് ദീപാവലി കേമമായി ആഘോഷിക്കുന്നത്.
അഞ്ച് ദിവസം നീണ്ടുനില്‍ ക്കുന്ന ആഘോഷങ്ങളുടെ തുടക്കം ധന്‍തേരസ് ദിവസമാണ്. വീടും സ്ഥാപനങ്ങളും അലങ്കരിച്ച് ധനലക്ഷ്മീ പൂജ ചെയ്യുന്ന ദിവസമാണിത്. രണ്ടാം ദിനത്തിലിത് നരക ചതുര്‍ദശിയായി കൊണ്ടാടുന്നു. മൂന്നാം ദിവസത്തില്‍ ലക്ഷ്മീപൂജയും കുബേര ആരാധനയുമാണ്. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ആദ്യ ദിവസം ബലി പ്രതിപദ ആഘോഷിക്കും. ഭാതൃദ്വിതീയ, ബഹുബീജ് ആഘോഷങ്ങളോടെയാണ് അഞ്ചാം ദിനം ദീപാവലി ആഘോഷങ്ങള്‍ സമാപിക്കുന്നത്.
ഏകതയുടെ സന്ദേശം
ഭാരതത്തിലെ ഏതൊരു ആഘോഷവും കൂടിച്ചേരലിന്റെ മഹത്വം വിളിച്ചോതുന്നു. ഭേദാതിര്‍ത്തികള്‍ തകര്‍ത്തുകൊണ്ട് എല്ലാവരും ഒന്നെന്ന സന്ദേശമാണ് അത് നല്കുന്നത്. ഒന്നായി നിന്നുകൊണ്ട് അടിമത്തത്തില്‍ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കുന്നതില്‍ ആഘോഷങ്ങള്‍ വഹിച്ച പങ്കും ചെറുതല്ല. സ്വാതന്ത്ര്യാനന്തരം ഭാരതം ആദ്യമായി ദീപാവലി ആഘോഷിച്ചത് 1947 നവംബര്‍ 12 നാണ്. ദീപാവലി എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്ന് ഭാരതത്തോടും പാകിസ്ഥാനോടും മഹാത്മാഗാന്ധി അന്ന് പറയുകയുണ്ടായി. വിഭജനത്തിന്റെ വേദനയില്‍ നിന്ന് മുക്തമാകാതിരുന്ന രാഷ്ട്രത്തിന്റെ മുറിവേറ്റ മനസ്സിനെ ആത്മീയമായി ഉണര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. ശ്രീരാമദേവനെ ആരാധിച്ചിരുന്ന ഗാന്ധി, രാമനെ അല്ലെങ്കില്‍ നന്മയെ തങ്ങളില്‍ തന്നെ കണ്ടെത്താന്‍ ജനത്തെ പ്രേരിപ്പിച്ചു. രാമരാജ്യമായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം. ഈശ്വരന് മാത്രമേ ആത്മാവിനെ പ്രകാശിപ്പിക്കാന്‍ കഴിയൂ എന്നദ്ദേഹം വിശ്വസിച്ചു. ഹൃദയത്തില്‍ സ്‌നേഹത്തിന്റെ പ്രകാശം ജ്വലിപ്പിക്കണം എന്നായിരുന്നു അദ്ദേഹം നല്കിയ സന്ദേശം. ഗാന്ധിജി സ്വപ്‌നം കണ്ട രാമരാജ്യ സൃഷ്ടിക്കാണ് ഭാരതം ഇപ്പോള്‍ ആത്മനിര്‍ഭരതയിലൂന്നി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ലക്ഷ്യം അതിവിദൂരവുമല്ല. അയോധ്യയില്‍ രാംലല്ലയെ പ്രതിഷ്ഠിച്ച ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തെ ഭാരതീയര്‍ ഹര്‍ഷാതിരേകത്തോടെയാണ് വരവേറ്റത്.
സംസ്‌കൃതിയുടെ ഭാഗമായ ആഘോഷങ്ങളെ തനിമയോടെ ആചരിക്കാനും ആഘോഷിക്കാനും മലയാളികളും പഠിച്ചുവരുന്നു എന്നത് ശുഭസൂചനയാണ്. ഉത്തരേന്ത്യയില്‍ മാത്രം വിപുലമായി ആഘോഷിച്ചിരുന്ന ദീപാവലി കേരളത്തിലും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ചിരാതുകള്‍ കൊളുത്തിയും ആഘോഷിക്കുന്നു. പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി വ്യക്തികളില്‍ ആത്മാനന്ദത്തിന്റെ ശോഭ നിറയ്ക്കട്ടെയെന്ന് പ്രത്യാശിക്കാം.