വാകപ്പൂമരവും അതിലെ വാരിളം പൂങ്കുലയും ആ പൂങ്കുലയ്ക്കുള്ളില്‍ വടക്കന്‍ തെന്നല്‍ വാടകയ്ക്ക് മുറിയെടുത്ത കവി സങ്കല്‍പം. രാത്രിയെയും പ്രഭാതത്തെയും ഉപയോഗിച്ചുകൊണ്ട് തെന്നലിനെയും വസന്തപഞ്ചമിയെയും കഥാപാത്രങ്ങളാക്കിക്കൊണ്ട് രൂപപ്പെടുത്തിയ ഗാനം. 1976ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവത്തിലെ ബിച്ചുതിരുമല എഴുതി എ.ടി.ഉമ്മര്‍ ചിട്ടപ്പെടുത്തിയ ഗാനം. വരികളുടെ പൊരുള്‍ വേണ്ടുവോളം ഗ്രഹിച്ച് ചിട്ടപ്പെടുത്താന്‍ എ.ടി. ഉമ്മര്‍ കാണിച്ച ആര്‍ജ്ജവം ഇവിടെ പ്രത്യേകിച്ച് അനുഭവപ്പെടുത്തുന്നു. ഗാനത്തില്‍ കുടികൊള്ളുന്ന ആശയത്തിന് സംഗീതഭാഷ്യം ചമച്ച് സര്‍ഗ്ഗാത്മകമായ പിന്തുണയും പകിട്ടും നല്‍കിയിരിക്കുന്നു. ദക്ഷിണാമൂര്‍ത്തി, രാഘവന്‍, ബാബുരാജ്, ദേവരാജന്‍ എന്നിവര്‍ കത്തിനിന്ന കാലത്താണ് ചിറയ്ക്കല്‍കുളത്തെ അഞ്ചുകണ്ടി തലയ്ക്കല്‍ ഉമ്മര്‍ സംഗീത നിര്‍ഭരമായ ഒരു മനസ്സുമായി മദിരാശിയിലെത്തുന്നത്. പിന്നീട് 660ല്‍പരം മലയാളഗാനങ്ങള്‍ക്ക് ഈണത്തിന്റെ വെള്ളിവെളിച്ചം നല്‍കി മലയാളസിനിമയുടെ വൃശ്ചിക നക്ഷത്രമായി ഈ സംഗീത സംവിധായകന്‍. നാല്‍പതുകളില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഫ്രണ്ട്‌സ് മ്യൂസിക് ക്ലബ്ബിന്റെ മുഖ്യസംഘാടകനായി മാറിയ ഉമ്മര്‍ പിന്നീട് ക്ഷേത്രങ്ങളിലെ നവമി ആഘോഷങ്ങളിലും മറ്റും തനതായ ശൈലിയില്‍ പാടിയിരുന്നു. എം.എസ്. മണി സംവിധാനം ചെയ്ത ‘തളിരുകള്‍’ (1967) എന്ന ചിത്രത്തിലാണ് എ.ടി.ഉമ്മര്‍ ആദ്യമായി പാട്ടൊരുക്കുന്നത്. ഗാനങ്ങളെല്ലാം രചിച്ചത് ഡോക്ടര്‍ പവിത്രനായിരുന്നു. ഉമ്മറിന്റേതായി ഒട്ടനവധി പ്രണയഗാനങ്ങളുണ്ട്. ഉത്സവത്തിലെ ആദ്യസമാഗമ ലജ്ജയില്‍ ആതിരാതാരകം കണ്ണടയ്ക്കുമ്പോള്‍… എന്ന ഒരൊറ്റ ഗാനം മതി ഈ സംഗീത സംവിധായകന്റെ പ്രതിഭയുടെ മാറ്ററിയാന്‍.
എ.ടി. ഉമ്മറിന്റെ സംഗീതലോകത്തിന് നിരവധി സവിശേഷതകള്‍ അവകാശപ്പെടാനുണ്ട്. സ്വരമാധുരിയാണ് ഈ ഗാനങ്ങളില്‍ കാല്‍പ്പനികാനുഭവമൊരുക്കുന്നത്. മെലഡിയുടെ കാമുകസ്പര്‍ശം ഉമ്മറിന്റെ പാട്ടുകളില്‍ ഇണങ്ങിനില്‍ക്കുന്നു. യേശുദാസിന്റെ ശബ്ദത്തിലൂടെയാണ് സംഗീതസംവിധായകനായി ഉമ്മറിന്റെ അരങ്ങേറ്റം. പന്തുകളിച്ചു നടന്ന ഉമ്മറിനെ സിനിമയുടെ വര്‍ണ്ണപ്പകിട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരുകയായിരുന്നു പവിത്രന്‍. ഉമ്മറിന്റെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച ഒരു പറിച്ചുനടല്‍. ‘അംഗീകാരത്തിലെ’ ‘നീലജലാശയത്തില്‍’ എന്ന ഗാനം സത്യത്തില്‍ ബിച്ചുതിരുമല സിനിമയ്ക്കു വേണ്ടി എഴുതിയതല്ല. തിലകന്‍ സംവിധാനം ചെയ്ത ‘നീലജലം’ എന്ന നാടകത്തിന്റെ നോട്ടീസില്‍ നിന്നാണ് ആ ഗാനം പിറവിയെടുത്തത്. പിന്നീട് സിനിമയില്‍ ചേര്‍ത്തുവയ്‌ക്കേണ്ടിവന്നു. യേശുദാസ് പാടിപ്പാടി തളര്‍ന്ന് സ്റ്റുഡിയോവില്‍ എത്തി രാത്രി റിക്കോര്‍ഡ് ചെയ്ത ആ ദിവസത്തെ പന്ത്രണ്ടാമത്തെയോ പതിമൂന്നാമത്തെയോ പാട്ടായിരുന്നു ഈ മികച്ച ഗാനമെന്ന് ഉമ്മര്‍ അനുസ്മരിച്ചിട്ടുണ്ട്.
അനുകരണങ്ങളുടെ പേരില്‍ എ.ടി.ഉമ്മര്‍ ഏറ്റവുമധികം തവണ പ്രതിക്കൂട്ടിലായത് ഐ.വി. ശശിയുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ആയിരുന്നു. അവളുടെ രാവുകള്‍ എന്ന സിനിമയിലെ ഗാനങ്ങളുടെ പേരിലാണ് ഉമ്മര്‍ ഏറെ പഴി ഏറ്റുവാങ്ങിയത്. അക്കാലത്ത് പുറത്തുവന്ന ഹിന്ദിപാട്ടുകളുടെ ഈണത്തില്‍ നിന്നാണ് ‘രാഗേന്ദുകിരണങ്ങള്‍ ഒളിവീശിയില്ല’, ‘ഉണ്ണി ആരാരിരോ….’ എന്നീ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പിറന്നത്. 1970-80 കാലഘട്ടത്തിലെ എസ്. ജാനകിയുടെ ഏറ്റവും മികച്ച ഗാനങ്ങള്‍ പലതും നാം കേട്ടത് ശശിയുടെ ചിത്രങ്ങളിലാണ്. സംസ്ഥാന ബഹുമതികള്‍ വരെ നേടിയ പാട്ടുകളുണ്ട് അവയില്‍. ‘തുഷാരബിന്ദുക്കളേ…’ ഉദാഹരണം ‘പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം’ (അഭിമാനം) ആണ് സ്വന്തം ഗാനങ്ങളില്‍ ഉമ്മര്‍ തന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന ഒന്ന്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണം പകര്‍ന്ന എ.ടി. ഉമ്മര്‍ എന്ന സംഗീത സംവിധായകനെ ആസ്വാദകര്‍ ഏറെ ശ്രദ്ധിച്ചു. ഭാസ്‌കരന്‍ മാഷുമായി ആദ്യമൊരുമിക്കുന്നത് ‘കളിയല്ല കല്യാണ'(1967)ത്തിലാണ് അത് കഴിഞ്ഞ് ആല്‍മരം. സംഗീത ജീവിതത്തില്‍ ഉമ്മറിന് ബ്രേക് ആയി മാറിയ ‘പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ…’, ‘നൂതനഗാനത്തില്‍’ എന്നീ ഗാനങ്ങള്‍ ഈ ചിത്രത്തിലാണ്. ഭാസ്‌കരന്‍മാഷിന്റെ മികച്ച കൃഷ്ണഭക്തി ഗാനങ്ങളില്‍ ഒന്നായിരുന്ന ‘മഴമുകിലൊളി വര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍’ എന്ന ഗാനം എ.ടിയുടെ സംഗീതത്തില്‍ പിറന്നതാണ്. പിന്നാലെ വന്ന തീര്‍ത്ഥയാത്രയിലും ഇതേ വിജയം ആവര്‍ത്തിക്കാന്‍ ഈ കൂട്ടുകെട്ടിനുകഴിഞ്ഞു. ‘മാരിവില്ലുപന്തലിട്ട ദൂരചക്രവാളം…, അനുവദിക്കു ദേവീ അനുവദിക്കൂ… ചന്ദ്രകലാധരന് കണ്‍കുളിര്‍ക്കാന്‍ ദേവീ…, കൊല്ലൂരിലും കൊടുങ്ങല്ലൂരിലും’ എന്നീ പാട്ടുകള്‍ ഇന്നും പുതുമയോടെ നിലനില്‍ക്കുന്നു. ഇതിലെ ‘പ്രിയമുള്ളവളേ… നിനക്കുവേണ്ടി’ എന്ന ഗാനം കെ.പി. ബ്രഹ്മാനന്ദന്‍ എന്ന ഗായകന് കുറച്ചൊന്നുമല്ല ഉയര്‍ച്ച നേടിക്കൊടുത്തത്. മൈലാഞ്ചി, മണിയറ, മണിത്താലി, ഒരുയുഗസന്ധ്യ, കണികാണും നേരം, കാലം മാറി കഥ മാറി എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും പി.ഭാസ്‌കരന്‍ എഴുതിയ ഗാനങ്ങള്‍ എ.ടി. ചിട്ടപ്പെടുത്തി.
ബിച്ചു തിരുമലയുമായി കൂട്ടുകൂടിയപ്പോഴാണ് എ.ടി.ഉമ്മറില്‍ നിന്ന് കൂടുതല്‍ ഹിറ്റ് ഗാനങ്ങള്‍ ലഭിച്ചത്. ഐ.വി.ശശിയെപ്പോലെയുള്ള സംവിധായകരുടെ ധാര്‍മ്മിക പിന്തുണ അതിനുണ്ടായിരുന്നു. അനുഭവം എന്ന ചിത്രത്തിലൂടെയായിരുന്നു അതിന്റെ തുടക്കം. ‘നിമിഷങ്ങള്‍ പോലും…’, ‘പ്രഭാതം പൂമരക്കൊമ്പില്‍…’ (മനസാവാചാ കര്‍മ്മണാ), ‘നീലനിലാവൊരുതോണി…’ (കടല്‍ക്കാറ്റ്), ‘ഒരു മയില്‍പ്പീലിയായ് ഞാന്‍….’ (അണിയാത്ത വളകള്‍), ‘കാറ്റു താരാട്ടും….’ (അഹിസം), ‘വെള്ളിച്ചില്ലം വിതറി…’ (ഇണ), ‘കാളിന്ദീതീരം തന്നില്‍… നീ. വാ…’ (ഏപ്രില്‍ 18), ‘ആന കൊടുത്താലും കിളിയേ…’ (ഒരു പൈങ്കിളിക്കഥ) എന്നിങ്ങനെ അനേകം ഗാനങ്ങള്‍ ഉദാഹരിക്കാനുണ്ട് അവരുടെ സര്‍ഗ്ഗസൗഹൃദത്തില്‍ പിറന്നവയായി. ഇടയ്‌ക്കൊക്കെ സംവിധായകന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങി പ്രശസ്ത ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഗാനങ്ങളുടെ സ്വാധീനത്തില്‍ ഈണമൊരുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഉമ്മറിന്റെയും ശ്യാമിന്റെയും ഏറ്റവും മികച്ച ഒറിജിനല്‍ ഈണങ്ങളും നമ്മെ കേള്‍പ്പിച്ചത് ശശിയുടെ ചിത്രങ്ങള്‍ തന്നെ. മുന്‍നിരക്കാരെയും രണ്ടാംനിരക്കാരെയും പുതുമുഖങ്ങളെയുമെല്ലാം സ്വന്തം ചിത്രങ്ങളില്‍ സംഗീത സംവിധായകരായി പരീക്ഷിച്ചിട്ടുണ്ട് ഐ.വി.ശശി.
മലയാളത്തിലെ ഏറ്റവും നല്ല പാട്ടുകളുടെ കൂട്ടത്തില്‍ എ.ടി. ഉമ്മര്‍ എന്ന പ്രതിഭാശാലിയുടെ പാട്ടുകളും പെടും എന്നത് തീര്‍ച്ചയാണ്. മലയാള സിനിമാ സംഗീത ചരിത്രത്തില്‍ എ.ടിയ്ക്കും ചെറുതല്ലാത്ത സ്ഥാനമുണ്ട്. ബാലമുരളീകൃഷ്ണയും പി.ലീലയും പി.ജയചന്ദ്രനും ബ്രഹ്മാനന്ദനും എല്‍.ആര്‍.ഈശ്വരിയുമെല്ലാം ഉമ്മറിനുവേണ്ടി പാടിയെന്നത് എടുത്തു പറയേണ്ടതാണ്. ഈണങ്ങളിലെ വൈകാരിക തീവ്രതയാണ് എ.ടി. ഉമ്മറിന്റെ പാട്ടുകളെ വ്യത്യസ്തമാക്കുന്നത്. മെലഡിയുടെ പിന്‍ബലമുണ്ട് ഈ ഗാനങ്ങള്‍ക്കെല്ലാം. ഇവിടെ കഥാപാത്രങ്ങളുടെ വൈകാരിക സ്പന്ദനങ്ങള്‍ പലപ്പോഴും ഗന്ധര്‍വ മാധുരിയില്‍ ശ്രോതാവിനു സ്വന്തമനുഭവമായി ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നു. ഗാനങ്ങളിലുള്ള അപൂര്‍വ്വമായ ലയ വിന്യാസരീതിയും കല്‍പനകളുടെ അതിലോലമായ ഈണ സംവിധാനവുമാണ് എ.ടി. ഉമ്മറിനെ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരനാക്കുന്നത്. അറുപത്തിയെട്ടാം വയസ്സില്‍ 2001 ഒക്‌ടോബര്‍ 18ന് അദ്ദേഹം അന്തരിച്ചു. കാല്‍പ്പനിക കവിതയുടെ വിഷാദമധുരമായ ഇരുളില്‍ നിന്ന് രാപ്പാടി പാടുന്നത് കേള്‍ക്കുന്നതുപോലുള്ള ആനന്ദമാണ് എ.ടിയുടെ ഗാനങ്ങളില്‍. ഈ സംഗീതരചനകള്‍ കാലത്തിന്റെ അപാരതയിലേക്ക് നമ്മെ നയിക്കുന്നതിലൂടെയാണ് എ.ടി.ഉമ്മര്‍ എന്ന സംഗീതജ്ഞന്‍ അനശ്വരനാകുന്നത്.