അന്ന് എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. നല്ല വക തിരിവുണ്ടായിരുന്നില്ലെങ്കിലും എന്റെ ലോല മനസ്സില്‍ ആ പ്രായത്തില്‍ ചില ഭാവങ്ങള്‍ കടന്നുവന്നു.
കുറെ കുട്ടികള്‍ വരിവരിയായ് നില്‍ക്കുന്നു. വരിക്ക് നല്ല നീളമുണ്ട്. നല്ല ഉന്തും തള്ളും നടക്കുന്നു. അവര്‍ ധരിച്ചവസ്ത്രം അത്ര ആകര്‍ഷകമായിരുന്നില്ലെങ്കിലും മുഖത്ത് നല്ല തിളക്കമുണ്ട്. അവരില്‍ ചിലര്‍ ധരിച്ച നിക്കര്‍ അവിടവിടെ പിന്നിപ്പോയിട്ടുണ്ട്. മൂന്നു മുതല്‍ എട്ടുവയസ്സു വരെയുള്ളവര്‍ ആ വരിയില്‍ നില്‍പ്പുണ്ട്. ചിലര്‍ പരിസരം തന്നെ മറന്നമട്ടാണ്. ഒരു പഴയ അലുമിനിയപ്പാത്രം മുന്നില്‍ വെച്ചതിലാണ് എല്ലാവരുടേയും നോട്ടം പതിയുന്നത്. അതില്‍ പലയിടത്തും കുത്തുകള്‍ വീണിട്ടുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പാല്‍ വിതരണ കേന്ദ്രമാണിത്. കുട്ടികള്‍ക്ക് ഇവിടെ നിന്ന് പാല്‍ സൗജന്യമായി നല്‍കിവരുന്നു. അവരുടെ ആഹാരം പുഷ്ടിപ്പെടാനാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കിയത്. ആകെ പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തില്‍ വച്ചാണ് പാല്‍വിതരണം നടക്കുന്നത്. ഒരാള്‍ കാക്കി വസ്ത്രമണിഞ്ഞ് അവിടെ നില്‍പ്പുണ്ട്. യന്ത്രത്തിന്റെ പൂര്‍ണതയോടെയാണയാള്‍ തന്റെ ജോലി നിര്‍വ്വഹിക്കുന്നത്. അലുമിനിയപാത്രത്തില്‍ നിന്ന് കുട്ടികളുടെ ഗ്ലാസ്സുകളിലേക്ക് അയാള്‍ പാല്‍ ഒഴിച്ചുകൊടുക്കുന്നു. അര്‍ജുനന്റെ അസ്ത്രത്തിന്റെ സൂക്ഷ്മത അയാള്‍ പുലര്‍ത്തുന്നു. പാല്‍ പകരുമ്പോള്‍ ഒട്ടും കുറയുന്നില്ല ഏറുന്നുമില്ല. വേറൊരാള്‍ അടുത്ത് നില്‍പ്പുണ്ട്. അയാള്‍ കുട്ടികളുടെ കയ്യിലുള്ള ഗ്ലാസ് വാങ്ങി വലിയ ബക്കറ്റിലിട്ട് കഴുകുകയാണ്. ഒരേസമയം കുറഞ്ഞത് നൂറ് ഗ്ലാസുകള്‍ ആ ബക്കറ്റിലിട്ട് കഴുകിയെടുക്കുന്നു. പാല്‍ കിട്ടിയാല്‍ കുട്ടികള്‍ അവസാന തുള്ളിവരെ വായിലാക്കും. ഇത് കഴിയരുതേ എന്നാണവര്‍ ആഗ്രഹിക്കുക. പാല്‍ വേഗം കുടിച്ച് വരിയില്‍ നിന്ന് മാറാന്‍ അയാള്‍ ഉറക്കെ പറയുന്നുണ്ട്. മുന്നിലുള്ള ഒരു കുട്ടി പാല്‍ കുടിക്കുന്നത് കണ്ട് പിന്നിലുള്ള കുട്ടിയുടെ നാവില്‍ വെള്ളമൂറും. അവരുടെ ആലോചന വേറൊന്നായിരുന്നു. ഈ വലിയ അലുമിനിയപ്പാത്രത്തില്‍ എത്ര പാല്‍ കാണും. വേഗം തീര്‍ന്നു പോകുമോ? ്യൂഞങ്ങള്‍ക്കിത് കിട്ടാതെ പോകുമോ? ഓരോ കുട്ടിയുടേയും മുഖം നിഷ്‌ക്കളങ്കമായിരുന്നു. എനിക്ക് പാല്‍ കിട്ടാതെ പോകരുതേ എന്നവര്‍ മനസ്സാപറയും.
കാഴ്ചയില്‍ മുത്തശ്ശിയാണെന്ന് തോന്നിക്കുന്ന അമ്മയാണ് എന്നെ ഈ വരിയില്‍ നിര്‍ത്തിയത്. വരിയില്‍ നിന്ന കൊച്ചു നാനകി മോള്‍ പലതും ഓര്‍ത്തു. അനുജത്തിയും ഒപ്പം വന്നിട്ടുണ്ട്. ആ സ്ഥലം ശബ്ദമുഖരിതമാണ്. ചിലര്‍ ആര്‍ത്ത് കരയുന്നു. ചിലര്‍ പൊട്ടിച്ചിരിക്കുന്നു. കൊച്ചുകിളികളുടെ കൂജനം കേള്‍ക്കുന്നതുപോലെയാണ് ആ അന്തരീക്ഷം. കുട്ടികളോടൊപ്പം അമ്മമാരും വലിയ ചേച്ചിമാരും വന്നിട്ടുണ്ട്. അവരും നിര്‍ത്താതെ വര്‍ത്തമാനം പറയുന്നു. ഞാനാകെ ലക്ഷ്യം വെക്കുന്നത് ഈ ഗ്ലാസ് നിറയെ പാല്‍ കിട്ടണമെന്നാണ്. എന്റെ കണ്ണുകള്‍ അമ്മയെ തിരക്കുകയാണ്. നല്ല ചന്തമുള്ള മുഖം. രത്‌നം പതിച്ച ഒരു മൂക്കുത്തി ധരിച്ചിട്ടുണ്ട്. അതിനാല്‍ എത്ര ദൂരത്ത് നിന്നാലും എനിക്ക് അമ്മയെ തിരിച്ചറിയാനാകും. പാല്‍ ഗ്ലാസ്സില്‍ ഞാനിടക്കിടെ നോക്കിക്കൊണ്ടിരുന്നു. ഇതിനകം പാല്‍ കിട്ടിയവര്‍ ഇഷ്ടത്തോടെ അത് കുടിക്കുന്നു.
അവിടെ വന്നിരിക്കുന്ന സ്ത്രീകളെല്ലാവരും ഏതാണ്ട് ഒരേ രീതിയിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. തല ദുപട്ടകൊണ്ട് മറച്ചിരിക്കുന്നു. കുര്‍ത്തയും സല്‍വാറും വേറെ വേറെ നിറങ്ങളിലുള്ളതാണ്. കുട്ടികള്‍ പരാതി പറയുന്നു. ‘പാല് വേണം വേണം’ അമ്മമാരും ചേച്ചിമാരും അവരെ സമാധാനിപ്പിക്കുന്നു. ചില കുട്ടികള്‍ക്ക് ശകാരമാണ് കിട്ടിയത്. ”ഒച്ചവെക്കാതെ വരിയില്‍ നില്‍ക്ക്. ക്ഷമിക്ക്. പാല്‍കിട്ടും.”
വരി കുറച്ചു കൂടി മുന്നോട്ടു നീങ്ങിയപ്പോള്‍ എന്റെ ഊഴമെത്താറായി. ഞാനിങ്ങനെ ആലോചിച്ചു. ഞാന്‍ ഗട് ഗട് ശബ്ദത്തോടെ പാല്‍ കുടിക്കും. അതില്‍ നല്ല പതയുണ്ടാകും. ഒന്ന്… രണ്ട്… മൂന്ന്… ഓരോ ഇറക്കായി ഞാന്‍ പാല് മുഴുവന്‍ കുടിക്കും. വരി മുന്നോട്ട് നീങ്ങുന്നത് പതുക്കെയായപ്പോള്‍ എനിക്ക് അങ്കലാപ്പായി എന്റെ നമ്പര്‍ എത്താന്‍ ഇനിയും താമസിക്കുമോ? പാല് കിട്ടിയവര്‍ അത് രസിച്ച് കുടിച്ചു. കുട്ടികള്‍ വരിയില്‍ നിന്ന് മാറി ഉല്ലസിച്ച് അങ്ങുമിങ്ങും നടക്കുകയാണ്. അമ്മമാര്‍ ദുപട്ടകൊണ്ട് അവരുടെ വായ തുടച്ച് വൃത്തിയാക്കുന്നു. ചില കുട്ടികള്‍ കൈകൊണ്ടും ചിലര്‍ ഷര്‍ട്ടിന്റെ അറ്റംകൊണ്ടും ചുണ്ടുകള്‍ തുടയ്ക്കുന്നു. പാല്‍ത്തുള്ളികള്‍ ചുണ്ടില്‍ത്തന്നെ കുറച്ചുനേരം നില്‍ക്കട്ടെ എന്നാഗ്രഹിച്ചവരായിരുന്നു ചിലര്‍. പാലിന്റെ രസം അത്രവേഗം എന്തിന് കളയുന്നുഎന്നാണവര്‍ ചിന്തിച്ചത്.
ഇനി മൂന്നു കുട്ടികള്‍ക്ക് കൂടി പാല്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ എനിക്കായിരിക്കും കിട്ടുക. ഞാന്‍ വലിയ പ്രതീക്ഷയോടെ നിന്നു. അലുമിനിയപാത്രം കാലിയാകുന്നതിന്റെ ഒച്ചയാണപ്പോള്‍ കേട്ടത്. അവര്‍ പാത്രം നിലത്തിട്ട് ഉരുട്ടി. എന്റെ ഊഴമെത്തിയപ്പോഴാണ് ഇത് സംഭവിച്ചത്. കുറച്ചു കഴിഞ്ഞപ്പോള്‍ പത പൊന്തുന്ന പാല്‍ നിറച്ച വേറൊരു പാത്രമെത്തി. അമ്മ എന്റെ അടുത്തുനില്പായി.
നിനയ്ക്കാത്ത ചില കാര്യങ്ങളാണ് പിന്നെ നടന്നത്. ഞാന്‍ മുന്നിലെത്തിയപ്പോള്‍ പാല്‍ തരുന്ന ആളുടെ ആവേശം കുറഞ്ഞു. ഇപ്പോള്‍ വേഗതയില്ല. അയാള്‍ പ്രതിമകണക്കെ നില്പായി. എനിക്ക് അയാള്‍ പാല്‍ തരാന്‍ കൂട്ടാക്കിയില്ല. എന്നെ അരിശത്തോടെ നോക്കി. ഞാന്‍ അടിമുടി വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ അലറി വിളിച്ചു. ”ബാബിയാ, നോക്ക് ഈ ചെക്കനെ ഉടന്‍ വരിയില്‍ നിന്ന് മാറ്റുക.” അയാളുടെ ഒച്ച കേട്ട് ഗ്ലാസ് കഴുകുന്നയാള്‍ ധൃതിയില്‍ ഓടി വന്നു. കാക്കി ധരിച്ചയാളും വന്നു. എന്നെ അയാള്‍ ബലപൂര്‍വ്വം വരിയില്‍ നിന്ന് മാറ്റി. അരികെ നില്‍ക്കുന്ന അമ്മയും പരിഭ്രമിച്ചു. എന്താണിവിടെ നടക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല. അപ്പോള്‍ അമ്മ കാര്യം തിരക്കി. ”ഈ കുട്ടിയെ വരിയില്‍ നിന്ന് മാറ്റിയതെന്തിനാണെന്ന് പറയൂ.”
”അവന് പ്രായം കൂടുതലാണ്.”
”എന്ത്?” അമ്മ വീണ്ടും തിരക്കി.
”ഇവിടെ സൗജന്യമായി പാല്‍ വിതരണം ചെയ്യുന്ന കുട്ടികളുടെ പ്രായത്തില്‍ ഇവന്‍ പെടുന്നില്ല. പാല്‍ കൊടുക്കുന്ന കുട്ടികളുടെ പ്രായം നേരത്തെ തീര്‍ച്ചപ്പെടുത്തിയതാണ്.”
”ആരു പറഞ്ഞു ഇവന് പ്രായം കൂടുതലാണെന്ന്?” അമ്മ ഉറക്കെ ചോദിച്ചു.
”ഞാന്‍ തന്നെ.”
”ആദ്യം നിങ്ങള്‍ ഇവന് പാല്‍ കൊടുക്ക്.”
”ഇത്ര വലിയ കുട്ടികള്‍ക്ക് പാല്‍ കൊടുക്കാന്‍ വകുപ്പില്ല.”
”എന്റെ മോന്‍ പ്രായപരിധി കടന്നിട്ടില്ല. നിങ്ങളെന്താണ് പറയുന്നത്?” അമ്മ രോഷത്തോടെ ചോദിച്ചു.
”ഇവനെന്താ തൊട്ടിലില്‍ കിടക്കുന്ന പ്രായമാണോ?”
”മോന് നാല് വയസ്സ് തികഞ്ഞിട്ടില്ല. എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാനുള്ള ധൈര്യം കിട്ടിയത്?” അമ്മ ചോദിച്ചു.
”എനിക്കെല്ലാകാര്യങ്ങളും നന്നായറിയാം.”
”എന്റെ മോന്റെ പ്രായം നിങ്ങള്‍ക്കാണോ അതോ എനിക്കാണോ കൃത്യമായറിയുക!”
”ഏയ് തള്ളേ നിങ്ങള്‍ ഇവിടെ നിന്ന് സ്ഥലം കാലിയാക്കണം. ഞങ്ങളുടെ സമയം പാഴാക്കരുത്.”
”എന്ത് എന്നെ തള്ളയെന്ന് വിളിക്കുന്നോ?” അമ്മ അലറി. ”ഒന്നും മിണ്ടാതെ പൊയ്‌ക്കൊള്ളൂ.” അയാള്‍ ഭീഷണിപ്പെടുത്തി.
”എന്റെ മോന്‍ വളര്‍ന്നത് എന്റെ മുന്നില്‍ വച്ചാണ്. ഇവന്റെ ആരോഗ്യത്തില്‍ നിങ്ങള്‍ക്കെന്താ കുശുമ്പുണ്ടോ! നല്ല ചുറുചുറുക്കുള്ള കുട്ടിയെ കണ്ടിട്ട് എന്താ നിങ്ങള്‍ക്ക് സഹിക്കാനാവുന്നില്ലേ? വിളറി വെളുത്ത ശോഷിച്ച, ദുര്‍ബ്ബലരായ കുട്ടികള്‍ക്ക് മാത്രമേ ഇവിടെ നിന്ന് പാല്‍ കിട്ടൂ എന്ന വ്യവസ്ഥയുണ്ടെങ്കില്‍ പറയുക” അമ്മയുടെ കലി അടങ്ങിയില്ല.
തേങ്ങുന്ന സ്വരത്തിലാണ് അമ്മ സംസാരിക്കുന്നത്. അത് അയാള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. അവരുടെ സംസാരം സിന്ധിയിലായിരുന്നു. അയാള്‍ക്ക് സിന്ധിയിലെ കുറച്ചുവാക്കുകള്‍ മാത്രമേ പിടികിട്ടിയുള്ളൂ. മറാഠിയാണ് നന്നായി വശമുള്ളത്.
അയാള്‍ പരുഷസ്വരത്തില്‍ പറഞ്ഞു. ”സൗജന്യമായി കിട്ടുന്നതെന്തും വാങ്ങിക്കാന്‍ നിങ്ങള്‍ക്ക് നല്ല കൗശലമാണല്ലോ.”
അമ്മ അപ്പോള്‍ താക്കീതായി പറഞ്ഞു. ”നിങ്ങളുടെ നാവ് നിയന്ത്രിക്കണം കേട്ടോ ഭാഷയ്ക്ക് കടിഞ്ഞാണ്‍ വേണം.”
ഗ്ലാസ് കഴുകുകയായിരുന്ന ബാബിയ ഇത് കേട്ട് അങ്ങോട്ട് വന്ന് അയാളോട് പറഞ്ഞു. ”ചങ്ങാതി വിട്ടേയ്ക്കു. ഒരു ഗ്ലാസ് പാല് ഈ കുട്ടിക്ക് കൊടുത്താല്‍ എന്ത് നഷ്ടമാണുണ്ടാവുക?”
അയാള്‍ പറഞ്ഞു: ”ബാബിയ നീ മിണ്ടാതിരിയ്ക്ക്.”
ബാബിയയ്ക്കത് സഹിച്ചില്ല. ”ചങ്ങാതി, നിങ്ങളുടെ പെരുമാറ്റം തീരെ പന്തിയല്ല. ഇത് കണ്ടാല്‍ തോന്നുക നിങ്ങളെന്തോ സ്വന്തം വകയായുള്ള സാധനം കൊടുക്കുകയാണെന്നാണ്. ഇത് സര്‍ക്കാര്‍ നല്‍കുന്നതാണെന്ന് ഓര്‍മ്മവേണം.”
”ഞാനെന്റെ ചുമതല നന്നായി നിര്‍വ്വഹിക്കുകയാണ് ചെയ്യുന്നത്.”
”കൊള്ളാം. എനിക്കുമിപ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്. ഇനി സര്‍ക്കാര്‍ നിങ്ങളുടെ ശമ്പളം ഇരട്ടിയാക്കുമെന്ന് തോന്നുന്നു.”
ബാബിയ രണ്ടടി മുന്നോട്ട് വെച്ചു. എന്റെ കയ്യിലെ ഗ്ലാസ് വാങ്ങി. ആ പാത്രത്തില്‍ നിന്ന് ഒരു ഗ്ലാസ്സില്‍ പാലെടുത്ത് എന്റെ നേരെ നീട്ടി. അയാളും ഈ രംഗം കാണുന്നുണ്ടായിരുന്നു. ബാബിയയുടെ ധൈര്യം കണ്ട് അയാള്‍ അന്താളിച്ച് നിന്നു. അരിശം തോന്നിയെങ്കിലും അയാള്‍ സ്വയം നിയന്ത്രിച്ചു. ഒന്നും പറയാന്‍ നാവുപൊന്തിയില്ല. ഞാന്‍ പാല്‍ കുടിക്കാന്‍ തുടങ്ങുംമുമ്പ് അമ്മ വിലക്കി. ഗ്ലാസ് എന്റെ പക്കല്‍ നിന്ന് തട്ടിപ്പറിച്ച് അമ്മ അയാളോട് ചോദിച്ചു. ”നിങ്ങളെന്താണ് കരുതിയത് ഞങ്ങളെന്താ പിച്ചക്കാരാണെന്ന് ധരിച്ചോ!” ഗ്ലാസ്സിലെ പാല്‍ അമ്മ അയാളുടെ മുഖത്തേയ്‌ക്കൊഴിച്ചു. അയാളുടെ ഷര്‍ട്ട് നനഞ്ഞു. അമ്മയുടെ ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റം കണ്ട് അതിശയത്തോടെ നിന്നു. എറിഞ്ഞ ഗ്ലാസ്സ് നിലത്ത് വീണു. അത് കുറച്ചു ദൂരം ഉരുണ്ടുപോയി. പാലിന്റെ തുള്ളികള്‍ മണ്ണില്‍ ഇറ്റിവീണു.
അമ്മ എന്റെ കൈ മുറുകെ പിടിച്ചു. അതിവേഗം നടന്നു. അവരുടെ ധൈര്യം മിന്നല്‍ വേഗത്തില്‍ ഒപ്പം നിന്ന സ്ത്രീകളിലും പടര്‍ന്നു. അവര്‍ കുഞ്ഞുങ്ങളോടൊപ്പം അമ്മയുടെ പിറകെ നടന്നു. പാല്‍ ഒഴിച്ചു കൊടുക്കവേ ഒരു കുട്ടിയെ വിലക്കുകയും അമ്മയോട് തര്‍ക്കിക്കുകയും ചെയ്തയാള്‍ നാണം കൊണ്ട് വശംകെട്ട് അവിടെ നിന്നു. കുട്ടികളും അമ്മമാരും അയാളെ ഇടതടവില്ലാതെ നോക്കിക്കൊണ്ടിരുന്നു.