Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

മൗനതീരങ്ങള്‍

പി.സുധാകരന്‍ പുലാപ്പറ്റ

Print Edition: 27 September 2024
വര: ഗിരീഷ്‌ മൂഴിപ്പാടം

വര: ഗിരീഷ്‌ മൂഴിപ്പാടം

”നമ്മുടെ പാറു ഇന്നലെ രാത്രി പോയീത്രെ, വല്യമ്പ്രാളെ… ഉറങ്ങാന്‍ കിടക്കുമ്പോളൊന്നും ഉണ്ടായിരുന്നിലാത്രെ… രാവിലെ കൃഷ്ണാമണി വിളിച്ചപ്പോള്‍ മിണ്ടാട്ടല്യ… ഗോവിന്ദന്‍ വൈദ്യര് വന്ന് നോക്കീട്ടാണ്….” മുറ്റമടിക്കാരി വയര്‍ലസ്സ് ചിരുതയാണ് മുത്തശ്ശിയോട് ആ വാര്‍ത്ത പറഞ്ഞത്… വേലിപ്പറ്റ ദേശത്തെ ശുഭവാര്‍ത്തകളും അശുഭവാര്‍ത്തകളും വീടുകളിലെത്തിക്കുന്നത് ചിരുതയാണ്. കുറച്ചൊക്കെ മേമ്പൊടി ചേര്‍ക്കുമെന്നു മാത്രം. അങ്ങനെയാണ് ചിരുത വയര്‍ലസ്സ് ചിരുതയായത്!
അടുക്കളയില്‍ കട്ടന്‍കാപ്പി തിളപ്പിച്ചുകൊണ്ടിരുന്ന മുത്തശ്ശി പുറത്തേക്ക് വന്നു.
”ന്നാലും എന്റെ ചിരുതേ… നിനക്ക് വേറൊന്നും പറയാനുണ്ടായിരുന്നിലെ ന്റെ ചിരുതേ.. ഈ രാവിലെ… കഷ്ടായിപ്പോയി… മിനിഞ്ഞാന്നും കൂടി ഇബ്ട്ന്ന് കട്ടന്‍ കാപ്പി കുടിച്ച് പോയതാ…”

”എന്താ… ചെയ്യാ… വല്യമ്പ്രാളെ… മനുഷ്യാവസ്ഥ ആര്‍ക്കാ അറിയാ… ദൈവം വിളിക്കുമ്പോള്‍ പോവാതെ പറ്റ്വോ…” ചിരുത ഒരു ലോകതത്വം പറഞ്ഞു. ചൂല് ഒരു കയ്യില്‍ പിടിച്ചുകൊണ്ട് മൂക്കത്ത് വിരലും വെച്ച് നില്‍ക്കുകയാണ് അവള്‍…
ചിറക്കലെ കൃഷ്ണാമണിയുടെ ഭാര്യയാണ് പാറു… വലിയൊരു ചിറ വേലിപ്പറ്റ ദേശത്തിന്റെ അതിര്‍ത്തികുറിച്ചുകൊണ്ട് വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്. വെള്ളത്തിന് അത്യാവശ്യം ഒഴുക്കുണ്ട്… അതുകൊണ്ടായിരിക്കണം ആ ഭാഗത്തുള്ള വീടുകള്‍ക്കെല്ലാം ”ചിറക്കല്‍” എന്ന പേര് വന്നത്!
ചിറയുടെ തീരത്തുള്ള വീടുകളിലെ സ്ത്രീകള്‍ അലക്ക് ജോലിയിലേര്‍പ്പെട്ടവരാണ്. ആണുങ്ങള്‍ വീട് പണിക്കാരും… വേനല്‍ കത്തിയെരിയുന്ന കുംഭമീനമാസങ്ങളില്‍ പോലും ചിറയില്‍ സമൃദ്ധമായി വെള്ളമുണ്ടായിരിക്കുമെന്നതാണ് പ്രത്യേകത…
ഒരു വശത്ത് നിരപ്പായ പാറക്കൂട്ടം… അലക്കിയെടുത്ത വസ്ത്രങ്ങള്‍ പാറയില്‍ ഉണക്കാനിടും…
രാവിലെ ചിറയില്‍ നല്ല തിരക്കായിരിക്കും. തുണികളലക്കുന്ന സ്ത്രീകള്‍ ഒരു ഭാഗത്ത്… കുളിക്കാന്‍ വരുന്നവര്‍ മറ്റൊരു ഭാഗത്ത്… ഉച്ചക്ക് പന്ത്രണ്ട് മണിയായാല്‍ വയലില്‍ നിലം ഉഴുതു മറിച്ചതിനുശേഷം പോത്തുകളെയും കാളകളെയും കുളിപ്പിക്കാന്‍ വരുന്നവര്‍ മറുഭാഗത്ത്….
ആകെ ബഹളമയം തന്നെ.
”എന്താ, കോരാ ഈ കാട്ടുന്നത്? ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് തുണിയലക്കാനുള്ള ചിറയാണിത്. ഇവിടെ പോത്തിനെ കഴുകിയാല്‍ വെള്ളം ചീത്തയാവില്ലെ?”
പാറു കന്നുപൂട്ടുകാരെ ശാസിക്കും…

തന്റെ തൊഴിലിനോട് പൂര്‍ണ്ണമായും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ് പാറു… ഒരു മുണ്ട് അലക്കിയാല്‍ എട്ടണയാണ് കൂലി…
”എട്ടണ കുറച്ച് അധികല്ലേ പാറൂ…?” വീടുകളിലെ സ്ത്രീകള്‍ ചോദിക്കും… ”എന്താ വല്യമ്പ്രാളെ ഈ പറയണത്? ചാരമണ്ണിനും നീലത്തിനും തീ വിലയാ.. എട്ടണ വാങ്ങ്യാല് പാറൂന് കിട്ടണത് രണ്ടണയാ…”
പാറു പറയുന്നതിലും കാര്യമില്ലാതില്ല… അലക്കുകാരത്തിനും നീലത്തിനും കടയില്‍ നല്ല വിലയാണ്.
അലക്കാനുള്ള തുണികള്‍ ഒരു വലിയ ചെമ്പിലെ വെള്ളത്തിലിട്ട് അടുപ്പില്‍ വെക്കുന്നു. വെള്ളത്തില്‍ അലക്കു കാരമിട്ട് തിളപ്പിക്കുന്നു. അതോടെ തുണികളിലെ കറകളും ചെളിയും മറ്റ് മാലിന്യങ്ങളും ഇളകിവെള്ളത്തില്‍ കലരുന്നു. പിന്നീട് തുണികള്‍ ചിറയില്‍ കൊണ്ടുപോയി അലക്കുന്നു. നീലം പിഴിഞ്ഞെടുത്ത തുണികള്‍ പാറപ്പുറത്തിട്ട് ഉണക്കിയെടുക്കുന്നു. ഉണക്കിയ തുണികള്‍ മിനുസപ്പെടുത്തിയ തേക്കിന്റെ കഷണംകൊണ്ട് അടിച്ച് ചുളിവുകള്‍ നിവര്‍ത്തുന്നു. അവ വൃത്തിയായി മടക്കിവെക്കുന്നു. ഓരോ വീടുകളിലെയും തുണികള്‍ വലിയ ഭാണ്ഡത്തിലാക്കി പാറു വീടുകള്‍ തോറും പോകുന്നു. ഒരാഴ്ചയാണ് തുണി അലക്കി കൊണ്ടുവന്ന് കൊടുക്കാന്‍ വേണ്ട സമയം. വീട്ടമ്മമാര്‍ എഴുതിവെച്ച തുണികളുടെ എണ്ണവുമായി അവര്‍ ഒത്തു നോക്കി ശരിയാണെന്നു ബോദ്ധ്യപ്പെട്ടാല്‍ മാത്രമെ പാറു പണം വാങ്ങൂ…

”ഇത്തിരി കട്ടന്‍ കാപ്പി തര്വോ, വല്യമ്പ്രാളെ… തൊണ്ട വരളുന്നു…”
വീട്ടമ്മമാര്‍ സന്തോഷത്തോടെ കട്ടന്‍കാപ്പിയും രാവിലെ ഉണ്ടാക്കിയ ദോശയോ പലഹാരങ്ങളോ അതും പാറുവിന് കൊടുക്കുന്നു. വീടുകളിലെ വടക്കു ഭാഗത്തെ ചായ്പിലിരുന്നാണ് പാറു ഭക്ഷണം കഴിക്കുക. പുരുഷന്മാര്‍ ഇരിക്കുന്ന ഉമ്മറ ഭാഗത്തേക്ക് പാറു എത്തി നോക്കുക പോലുമില്ല… കാശ് കിട്ടിയാല്‍ പാറു നേരെ പോകുന്നത് കൃഷ്ണന്‍ നായരുടെ കടയിലേക്കാണ്. ആ ദിവസത്തേക്ക് വേണ്ട പല വ്യഞ്ജനങ്ങളും മീനും കൃഷ്ണാമണിക്ക് ഒരു കെട്ട് ദിനേശ് ബീഡിയും വാങ്ങി വീട്ടിലേക്ക് ചേക്കേറും… അപ്പോഴേക്കും മോക്ഷത്ത് അമ്പലത്തില്‍ നിന്നും സന്ധ്യക്കുള്ള പൂജ കഴിഞ്ഞ് ശംഖനാദം മുഴങ്ങുന്നുണ്ടാവും.

കറുത്തിട്ടാണെങ്കിലും ഐശ്വര്യമുള്ള മുഖമാണ് പാറുവിന്റേത്. സദാ വെളുത്ത മുണ്ടും റൗക്കയും അതിനു മുകളില്‍ മേല്‍മുണ്ടും പുതച്ചുകൊണ്ടാണ് യാത്ര… അപൂര്‍വ്വമായി മാത്രമെ പാറു ചിരിക്കാറുള്ളൂ. ചിരിക്കുമ്പോള്‍ വടിവൊത്ത ആ പല്ലുകള്‍ വെട്ടി തിളങ്ങും.
വേലുപ്പറ്റ ദേശത്തുള്ളവര്‍ ക്കെല്ലാം കൃഷ്ണാമണി-പാറു ദമ്പതിമാരെ ഇഷ്ടമാണ്. കൃഷ്ണാമണി മടിയനാണ്. സമപ്രായക്കാരായ രാമുവും കോമുവുമെല്ലാം രാവിലെ കെട്ടിടനിര്‍മ്മാണ ജോലികള്‍ക്ക് പോകുമ്പോള്‍ കൃഷ്ണാമണി ഉമ്മറകോലായില്‍ ശരീരമാകെ പുതച്ച് മൂടി സുഖസുഷുപ്തിയിലായിരിക്കും!

”ഇബ്ട്‌ത്തെ ആമ്പ്രന്നോര്‍ക്കും ഇനിയും നേരം വെളുത്തിട്ടില്ല… എല്ലാം എന്റെ യോഗാ….”
വഴിപോക്കര്‍ ദിവസവും ഈ പരിദേവനം കേള്‍ക്കാറുണ്ട്.
രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ കൃഷ്ണാമണി കോലായില്‍ ഒരു ബീഡിയും പുകച്ച് ഒരു തോര്‍ത്തുമുണ്ടും പുതച്ച് കൂനി കൂടിയിരിക്കും. കട്ടന്‍കാപ്പി കിട്ടുന്നതുവരെ ആ ഇരിപ്പ് തുടരും… പിന്നെ രണ്ട് മാവിലയും ഈര്‍ക്കിലയുമായി കിണറ്റിന്‍ കരയിലേക്ക് നടക്കും.
മാവില വായിലിട്ട് ചവച്ച് പല്ലുഴിഞ്ഞ് തുപ്പിക്കളയും. ഈര്‍ക്കില്‍ കൊണ്ട് നാവ് വൃത്തിയാക്കും. പിന്നീട് പാളകൊണ്ട് നാലോ അഞ്ചോ പാത്രം വെള്ളം കോരി തലയിലൊഴിക്കും. അത് കാണുമ്പോള്‍ പാറുവിന് കലി കയറും… ”ഈ ആമ്പ്രന്നോനെ കൊണ്ട് ഞാന്‍ തോറ്റു… ഇത്രയടുത്ത് ചെറയുള്ളപ്പോള്‍… കുളിക്കാനും തുണി നീലം മുക്കാനും കൂടി വെള്ളമില്ലാത്തപ്പോള്‍…” കൃഷ്ണാമണി അത് കേട്ടതായി ഭാവിക്കാറില്ല..

ഉമ്മറകോലായില്‍ വന്ന് ചമ്രം പടിഞ്ഞിരിക്കും. പാറു കൊണ്ടുവന്ന് വെച്ച കവിടി പിഞ്ഞാണത്തിലെ തലേ ദിവസത്തെ പഴഞ്ചോറും കാന്താരിമുളകും ഉപ്പും ചേര്‍ത്ത് കുഴച്ച് മൃഷ്ടാന്നം ഭക്ഷിക്കും. സംതൃപ്തിയോടെ ഏമ്പക്കമിട്ട് എഴുന്നേല്‍ക്കും. കൃഷ്ണാമണിക്ക് പ്രാതല്‍ കൊടുത്തതിനുശേഷം പാറു തുണിയലക്കാന്‍ ചിറയിലേക്ക് പോകും. പന്ത്രണ്ട് മണി കഴിഞ്ഞേ മടങ്ങി വരൂ…
തട്ടലുകളും മുട്ടലുകളുമില്ലാതെ ശാന്തമായി അവരുടെ ദാമ്പത്യസരണി അനുസ്യൂതം ഒഴുകികൊണ്ടേയിരുന്നു…
അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമെ കൃഷ്ണാമണി പണിക്ക് പോവാറുള്ളൂ. കുമ്മായം തേച്ച് മിനുസപ്പെടുത്തിയ ചുവരുകളില്‍ വര്‍ണ്ണശബളിമയാര്‍ന്ന ചിത്ര പണികള്‍ തീര്‍ക്കാന്‍ കൃഷ്ണാമണി മിടുക്കനാണ്. ദേശത്തും സമീപ പ്രദേശത്തുള്ളവരും ചുവരില്‍ ചിത്രപണികള്‍ തീര്‍ക്കാന്‍ കൃഷ്ണാമണിയെ വിളിച്ചുകൊണ്ടു പോവുക പതിവാണ്.

അലസനാണെങ്കിലും പാറുവിന് കൃഷ്ണാമണിയോട് അതിരറ്റ സ്‌നേഹമാണ്. രാത്രി രണ്ടാളും ഒരുമിച്ചിരുന്നേ അത്താഴം കഴിക്കൂ… രാത്രി ഊണിന് രണ്ടാള്‍ക്കും മീന്‍ വറുത്തത് നിര്‍ബ്ബന്ധമാണ്. ഭര്‍ത്താവിന് ചെറിയൊരു ജലദോഷമുണ്ടായാല്‍പ്പോലും പാറുവിന് അത് സഹിക്കാനാവില്ല… തൊടിയില്‍ നിന്നും കരുനെച്ചിയുടെ ഇലകള്‍ നുള്ളിയെടുത്ത് ഇഞ്ചിയും കുരുമുളകും അയമോദകവും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കി പലതവണയായി കൃഷ്ണാമണിക്ക് കൊടുക്കും. ജലദോഷവും പനിയും പമ്പകടക്കും! അപൂര്‍വ്വം അവസരങ്ങളില്‍ ചിറയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗോവിന്ദന്‍ വൈദ്യരുടെ വീട്ടില്‍ ചെന്ന് വൈദ്യരെ കൊണ്ടുവരും. വേലുപ്പറ്റ ദേശത്ത് അന്ന് രണ്ട് വൈദ്യന്മാരെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് ഗോവിന്ദന്‍ വൈദ്യരും, പിന്നെ ‘വാരിയാര്‍ വൈദ്യര്‍’ എന്നറിയപ്പെട്ടിരുന്ന കുഞ്ഞുണ്ണി വാരിയരും. രണ്ടാളും ദേശത്തിന്റെ ജീവനാഡികളായിരുന്നു.

കൃഷ്ണാമണിക്കും പാറുവിനെ ജീവനാണ്! ചിലപ്പോഴൊക്കെ പാറു തിരുവാഴിയോടുള്ള അച്ഛനമ്മമാരെ കാണാന്‍ പോവുക പതിവാണ്. രണ്ടു ദിവസം അവിടെ താമസിച്ചതിനുശേഷമെ തിരിച്ചു വരൂ… പാറു മടങ്ങിവരുന്നതു വരെ അടുപ്പില്‍ തീപുകയില്ല! പത്തീശ്വരം അമ്പലത്തിന്റെ സമീപത്തുള്ള ചാമിനായരുടെ ചായപ്പീടികയില്‍ നിന്നും കട്ടന്‍ ചായയും ദോശയും കഴിച്ച് തിരിച്ച് വരും. ഉമ്മറകോലായിലിരുന്ന് ബീഡിയും വലിച്ച് കിഴക്കോട്ട് ദൃഷ്ടിയുമുറപ്പിച്ച് ഇരിക്കും. പാറു തിരിച്ചുവരുന്നതുവരെ ഇതാണ് ദിനചര്യ…
കുംഭമാസത്തിലാണ് ദേശത്തെ നാലിശ്ശേരി കാവിലെ പൂര മഹോത്സവം. പൂരം നക്ഷത്രത്തിന്‍ ദിവസം… അന്ന് ചിറക്കലെ വീടുകളിലെ പുരുഷന്മാരെല്ലാം തിറയും പൂതനും കെട്ടും… കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് തിറകെട്ടുക. കൃഷ്ണാമണിയുടെ തിറ ദേശത്ത് പ്രസിദ്ധമാണ്. പാറുവിന്റെ ആങ്ങളമാര്‍ പെരുമ്പറകൊട്ടാനും പൂതന്‍ കെട്ടാനുമായി തിരുവാഴിയോട്ടില്‍ നിന്നും വരും. പൂരം കഴിഞ്ഞ് പിന്നെയും രണ്ടു ദിവസം കഴിഞ്ഞെ അവര്‍ മടങ്ങി പോവുകയുള്ളൂ.

കൃഷ്ണാമണിയുടെ കൈവശം മാത്രമെ സ്വന്തമായി തിറ കോപ്പുള്ളൂ. ബാക്കിയുള്ളവരെല്ലാം തിരുവില്വാമലയില്‍ നിന്നും തൃശ്ശൂരില്‍ നിന്നും തിറകോപ്പ് വാടകക്കെടുത്തുകൊണ്ടു വരുകയാണ് പതിവ്. കൃഷ്ണാമണി തിറകോപ്പ് ആര്‍ക്കും വാടകക്ക് കൊടുക്കാറില്ല… പൂരം കഴിഞ്ഞാല്‍ വൃത്തിയായി തുടച്ച് തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കും. വാടകക്ക് കൊടുത്താല്‍ കോപ്പ് കേട് വരുത്തി കൊണ്ടുവരുമെന്നാണ് കൃഷ്ണാമണി പറയാറുള്ളത്…

സ്വതേ അലസനായ കൃഷ്ണാമണി തിറകെട്ടുന്നതോടെ ഊര്‍ജ്ജസ്വലനാവുന്നു. തിറകെട്ടുന്ന ദിവസത്തിന് മുമ്പ് ഏതാനും ദിവസം നോയമ്പ് നോല്‍ക്കണം. നോയമ്പെടുക്കാത്തവര്‍ക്ക് തിറകെട്ടാന്‍ പറ്റില്ല. പെരുമ്പറയുടെ നാദമനുസരിച്ച് ചുവട് വെച്ച് നൃത്തം ചെയ്യുകയും നാദം മുറുകുന്നതോടെ അതിശീഘ്രം വട്ടത്തില്‍ തിരിയുകയും ചെയ്യുന്നത് ഉദ്വോഗജനകമായ കാഴ്ചയാണ്. കുട്ടികള്‍ ആര്‍ത്ത് വിളിക്കും. സ്ത്രീകള്‍ അമ്പരപ്പോടെ നോക്കി നില്‍ക്കും…

പൂരം ദിവസം… അതിരാവിലെ തിറയും പൂതനും കെട്ടി പെരുമ്പറയടിച്ചുകൊണ്ട് കാവില്‍ പോയി തൊഴുന്നു. ഭഗവതിയെ തൊഴുത് കുമ്പിട്ടതിനുശേഷം ആദ്യം കളിക്കാന്‍ പോകുന്നത് കുതിരവട്ടം സ്വരൂപത്തിലെ വലിയ തമ്പ്രാന്റെ വീട്ടിലേക്കാണ്. ആദ്യമെത്തുന്ന തിറക്കും പൂതനും ഒരു പറനെല്ലും ഒരിടങ്ങഴി അരിയും കോടിമുണ്ടും പണവും തമ്പ്രാന്‍ സമ്മാനിക്കും. കോലായില്‍ നിലവിളക്ക് കൊളുത്തി വെച്ചിട്ടുണ്ടാവും. നെല്ലും അരിയും കോടിപുടവയും വാങ്ങാന്‍ തിറകള്‍ തമ്മില്‍ മത്സരമാണ്. അവര്‍ നടക്കുകയല്ല, തിറകോപ്പുമേന്തി ഓട്ടമാണ്. ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക്. കൃഷ്ണാമണിയുടെ തിറയും പൂതനുമാണ് ഈ സമ്മാനം പതിവായി വാങ്ങാറുള്ളത്.

പിന്നീട് പഴയ തറവാടുകളായ മേനകത്ത് വീട്ടിലും ഗോവിന്ദന്‍ വൈദ്യരുടെ വീട്ടിലും കളിക്കുന്നു. അതിനു ശേഷം ദേശത്തെ ഗൃഹങ്ങളിലെല്ലാം ചെന്ന് കളിക്കുന്നു. രണ്ട് മണിയോടെ കളിയെല്ലാം കഴിഞ്ഞ് വീടുകളിലെത്തി ഭക്ഷണവും വിശ്രമവും…
ഉച്ചതിരിഞ്ഞ് നാല് മണിയോടെ ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വേലകളോടൊപ്പം കാവിലെത്തുന്നു. അനേകം തിറകളുടെയും പൂതന്റെയും ചിലമ്പൊലിയൊച്ചയും പെരുമ്പറ ശബ്ദവും കൊണ്ട് കാവ് മുഖരിതമാകുന്നു. മൂന്ന് പ്രദക്ഷിണം വെച്ച് കഴിയുന്നതോടെ കളി അവസാനിക്കുന്നു.

കളിച്ച് തളര്‍ന്ന കൃഷ്ണാമണിയുടെ കോപ്പ് പാറുവിന്റെ ആങ്ങളമാര്‍ ചുമക്കുന്നു. കാവിന്റെ സമീപത്തുകൂടെ ഒഴുകുന്ന പുഴയുടെ തീരത്തെത്തുന്നു. കൃഷ്ണാമണി മണല്‍പ്പുറത്ത് നീണ്ട് നിവര്‍ന്ന് കിടക്കുന്നു. ചിലപ്പോള്‍ ഉറങ്ങി പോയെന്നും വരാം. വീണ്ടും എഴുന്നേറ്റ് പുഴയില്‍ മുങ്ങികുളിക്കുന്നു. വസ്ത്രം മാറി കാവിലേക്ക് നടക്കുന്നു. ഭഗവതിയെ തൊഴുത് വീട്ടിലേക്ക് മടങ്ങുന്നു. മടങ്ങുന്നതിനു മുമ്പ് കൃഷ്ണാമണി പാറുവിന് കരിവളയും കരിമഷിയും ഹല്‍വയും വാങ്ങാന്‍ ഒരിക്കലും മറക്കാറില്ല!
കുപ്പിയില്ലാത്ത, മുനിഞ്ഞുകത്തുന്ന ചിമ്മിനി വിളക്കിന്റെ സമീപം പാറു കണ്ണിലെണ്ണയൊഴിച്ച് കൃഷ്ണാമണിയെ കാത്തിരിക്കുന്നുണ്ടാവും…

വീട്ടിലെത്തിയാല്‍ നിലത്തുവിരിച്ച പായിലേക്ക് ഒരു വീഴ്ചയാണ്! പിറ്റെ ദിവസം പത്തു മണി കഴിയും എഴുന്നേല്‍ക്കാന്‍. ആങ്ങളമാര്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞെ മടങ്ങുകയുള്ളൂ…
കൃഷ്ണാമണി പാറു ദമ്പതിമാര്‍ക്ക് കുട്ടികളില്ല. ആദ്യ പ്രസവത്തിലുണ്ടായ കുഞ്ഞ് ചാപിള്ളയായിരുന്നു.
”അട്യേന് വയ്യ… വല്യമ്പ്രാളെ… ഈ നരകം കാണാന്‍…”
പാറു മരിച്ചത് പെട്ടെന്നാണ്. രാത്രി രണ്ടാളും കൂടി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതാണ്. യാതൊരസുഖവുമുണ്ടായിരുന്നില്ല… തലേദിവസം കൂടി ചിറയില്‍ വസ്ത്രങ്ങള്‍ അലക്കാന്‍ പോയിരുന്നുവെന്ന് കോമുവിന്റെ ഭാര്യ പറഞ്ഞു.
”ഓള്‍ക്ക് ഒന്നൂണ്ടായിരുന്നില്യ….. രാത്രി ഞങ്ങള്‍ രണ്ടാളും അടുത്തടുത്തിരുന്നാണ് ചോറും മീന്‍പുളിയും കഴിച്ചത്. എന്നും പുലര്‍ച്ചെ എഴുന്നേറ്റ് മുറ്റമടിക്കുന്ന സൊഭാവാ… ഇന്ന് രാവിലെ വിളിച്ചപ്പോ മിണ്ടാട്ടല്യ… ദൈവം തമ്പുരാന്‍ വിളിച്ചാല്‍ പോവാതെ പറ്റ്വോ….”
ഉമ്മറകോലായില്‍ പാറുവിന്റെ ചേതസ്സറ്റ ശരീരത്തിനു സമീപം ഇരുന്ന് കൃഷ്ണാമണി വിതുമ്പലോടെ പറഞ്ഞു… വിവരമറിഞ്ഞു വന്ന ഗോവിന്ദന്‍ വൈദ്യരും കുഞ്ഞുണ്ണി വാര്യര്‍ വൈദ്യരും കൈപിടിച്ചു നോക്കി. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമാവാം മരണത്തിന് കാരണമായതെന്ന് പറഞ്ഞു.

ദേശത്തെ വീടുകളില്‍ പാറുവിന്റെ ശബ്ദം കേള്‍ക്കാതായി… ഉമ്മറത്ത് വിദൂരതയിലേക്ക് നോക്കി കൃഷ്ണാമണി ഇരിക്കും. അടുത്തുള്ളവര്‍ എന്തെങ്കിലും കൊണ്ടുവന്നു കൊടുത്താല്‍ കഴിക്കും…
അധികസമയവും മൗനമാണ്..
വീണ്ടും ഒരിക്കല്‍ കൂടി നാലിശ്ശേരി പൂരം വന്നു…
സമീപത്തു നിന്നും പെരുമ്പറയുടെയും തിറകളിയുടെയും നാദങ്ങള്‍ ഒഴുകി വരുന്നുണ്ടായിരുന്നു..
അന്ന് രാവിലെ കൃഷ്ണാമണിയെ ചിറയുടെ തീരത്ത് കണ്ടവരുണ്ട്… വേദനയുടെ, ശൂന്യതയുടെ, മൗനത്തിന്റെ തീരങ്ങളിലൂടെ നടക്കുകയായിരുന്നു അയാള്‍…
രണ്ട് ദിവസം കഴിഞ്ഞാണ് കൃഷ്ണാമണിയുടെ ജഡം ചിറയുടെ തീരത്ത് അടിഞ്ഞത്…
ദൃക്‌സാക്ഷികളായി ചിറയിലെ മീനുകള്‍ ജലോപരിതലത്തില്‍ വന്ന് എത്തിനോക്കുന്നുണ്ടായിരുന്നു.

Tags: പി.സുധാകരന്‍ പുലാപ്പറ്റ
Share1TweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies