പൊളിറ്റിക്കല്‍ ഇസ്ലാം സൃഷ്ടിച്ച ശബ്ദഘോഷങ്ങള്‍ക്കിടയില്‍ കേരളം വേണ്ടത്ര ചര്‍ച്ച ചെയ്യാതെ പോയ സംഭവമാണ് ഹിസ്ബത്ത് തഹ്‌റീര്‍ എന്ന ഇസ്ലാമിക ഭീകര സംഘടനയുടെ ദക്ഷിണ ഭാരതത്തിലെ പ്രവര്‍ത്തനവും പരിശീലനവും സംബന്ധിച്ച വാര്‍ത്തകള്‍. കേരളത്തിലെ ചില പത്രങ്ങളില്‍ ഉള്‍പ്പേജുകളില്‍ ചെറിയ തലക്കെട്ടുകളില്‍ ഒതുങ്ങിയ വാര്‍ത്ത ഇസ്ലാമിക ഭീകരതയെക്കുറിച്ച് അറിയുന്നവര്‍ക്കെല്ലാം ആശങ്ക ഉണ്ടാക്കുന്നതാണ്.
ഹിസ്ബത്ത് തഹ്‌റീറിന്റെ മുഖ്യപ്രവര്‍ത്തകന്‍ അസീസ് അഹമ്മദിനെ കഴിഞ്ഞ സപ്തംബര്‍ ഒന്നിനാണ് ബാംഗ്‌ളൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. സൂത്രത്തില്‍ രാജ്യം വിടാന്‍ ഒരുങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ നിന്നാണ് ഈ കൊടുംഭീകരന്‍ പിടിയിലായത്. കഴിഞ്ഞ 70 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഭീകര സംഘടനയെ പല വിദേശ രാജ്യങ്ങളും നിരോധിച്ചു കഴിഞ്ഞു. യുവാക്കളെ കണ്ടെത്തി ഭീകരവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും അതിനു സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുകയാണ് ഈ സംഘടനയുടെ പ്രവര്‍ത്തന രീതി. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവരുടെ ദക്ഷിണ ഭാരത ശൃംഖല കേരളത്തിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും നിരവധി പരിശീലന കേന്ദ്രങ്ങള്‍ നടത്തുകയും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റ് മുഖേനയുള്ള പ്രചാരണ പരിപാടികളും ഇവര്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ യുവാക്കളെ കണ്ടെത്തുകയും ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രഭാഷണങ്ങള്‍ നടത്തുന്നവരില്‍ പ്രധാനിയാണ് അറസ്റ്റിലായ അബ്ദുല്‍ അസീസ്. കേരളത്തിലും തമിഴ്‌നാട്ടിലും പ്രവര്‍ത്തിക്കുന്ന നിരവധിപേരെ കുറിച്ചുള്ള വിശദാംശങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശി മന്‍സൂര്‍, മക്കളായ അമീര്‍ ഹുസൈന്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ നിന്നാണ് സംഘടനയുടെ തമിഴ്‌നാട്ടിലെ സാന്നിധ്യത്തെ കുറിച്ചും കേരളത്തിലെ പരിശീലനത്തെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചത്. മന്‍സൂറും മക്കളും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താമ്പരത്തുനിന്ന് മുഹമ്മദ് മൗറിസ്, ഖാദര്‍ നവാസ് ഷെരീഫ്, അഹമ്മദലി എന്നിവരെ പിടികൂടിയിരുന്നു. അമീര്‍ ഹുസൈന്‍ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ച യൂട്യൂബ് വീഡിയോയുടെ വിവരങ്ങള്‍ തേടിയുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്തുന്നതില്‍ എത്തിച്ചത്. പെട്രോള്‍ കെമിക്കല്‍ എഞ്ചിനീയര്‍ കൂടിയായ അമീര്‍ ഹുസൈന്‍ കേരളത്തിലെ തീവ്രവാദ പരിശീലനത്തിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ എവിടെയൊക്കെയാണ് പരിശീലനം നടന്നത് എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തന്റെ യൂട്യൂബ് ചാനലിലൂടെ വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് യുവാക്കളെ ഹിസ്ബത് തഹ്‌റീറില്‍ ചേര്‍ത്ത് പരിശീലനം നല്‍കുകയായിരുന്നു ഇവരുടെ പ്രവര്‍ത്തന രീതി. ചെന്നൈയിലും കരൂരിലും ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിനോട് ഇവര്‍ സമ്മതിച്ചതായി സൂചനയുണ്ട്.
പക്ഷേ കേരള പോലീസിന് ഇത് സംബന്ധിച്ച യാതൊരു സൂചനയും ലഭ്യമായിട്ടില്ല എന്ന് മാത്രമല്ല കേരളത്തിലെ തീവ്രവാദ -ഭീകരവിരുദ്ധ പോലീസ് യൂണിറ്റ് എന്ത് പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് പോലും ധാരണയില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതേസമയം തന്നെ കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയിലും വിശാഖപട്ടണം കാര്‍വാറിലും നാവികസേന കപ്പലുകളുടെ വിവരങ്ങള്‍ ചാരവൃത്തിയിലൂടെ കരസ്ഥമാക്കാനുള്ള പാകിസ്ഥാന്റെ ശ്രമവും പുറത്തുവന്നിട്ടുണ്ട്. കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയിലെ ചില ജീവനക്കാരെ എങ്കിലും എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങളിലും കേരള പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.
2019 ല്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും മറ്റും നടത്തിയ ചാവേര്‍സ്‌ഫോടനത്തിന്റെ സൂത്രധാരകര്‍ കേരളത്തിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. തൗഹീദ് ജമായത്തിന്റെ പ്രവര്‍ത്തകര്‍ പാലക്കാട്ടും തമിഴ്‌നാട്ടിലും കേരളത്തിലും സജീവമാണെന്ന് അന്നുതന്നെ വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ ഇതിന്റെ അന്വേഷണം എവിടെയും എത്തിയില്ല. അന്ന് ശ്രീലങ്കയില്‍ നിന്ന് മുങ്ങിയ ഏഴ് ഭീകരര്‍ എവിടെയുണ്ട് എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല എന്ന കാര്യം കൂടി കേരള പോലീസ് അറിയണം.
പി.വി.അന്‍വര്‍ എംഎല്‍എ പതിവില്ലാതെ സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ച് കൊണ്ടുവന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ താല്‍പര്യങ്ങള്‍ തന്നെയാണുള്ളതെന്ന വിലയിരുത്തല്‍ ആണ് പൊതുവേ ഉള്ളത്. പഴയ സിമി നേതാവും ഇടതുപക്ഷ മന്ത്രിയുമായിരുന്ന കെ.ടി. ജലീല്‍ അന്‍വറിനെ പിന്തുണച്ച് രംഗത്ത് വന്നതും മലബാര്‍ കേന്ദ്രീകരിച്ച് പുതിയതായി രൂപംകൊള്ളുന്ന പൊളിറ്റിക്കല്‍ ഇസ്ലാം ഭീകര ഗ്രൂപ്പുകളുടെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്ലാമിക ഭീകര സംഘടനകളുടെ പ്രവര്‍ത്തന രീതി അനുസരിച്ച് കുറച്ചുകാലം ഭീകര സംഘടനയില്‍ പ്രവര്‍ത്തനം നടത്തിയ ശേഷം ഏതെങ്കിലും തരത്തില്‍ പ്രവര്‍ത്തനം വഴിമുട്ടുമ്പോള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലൂടെ തങ്ങളുടെ മത-രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാന്‍ നുഴഞ്ഞുകയറുക എന്ന തന്ത്രമാണ് പൊതുവേ അനുവര്‍ത്തിക്കപ്പെടുന്നത്. സിമിയില്‍ നിന്ന് ലീഗ് വഴി ഇടതു മുന്നണിയിലേക്കുള്ള ജലീലിന്റെ പ്രവേശനവും ഈ ലക്ഷ്യം മുന്നില്‍ കണ്ടു തന്നെയാണെന്നാണ് സൂചന. മലബാറില്‍ പ്രത്യേകിച്ചും മലപ്പുറത്ത് ഭൂരിപക്ഷ സമുദായമായ ഇസ്ലാമിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറെയായി. ഇതിനെ പ്രതിരോധിക്കാനോ ഇതിനെതിരെ പ്രതികരിക്കാനോ ഇടതു വലത് മുന്നണികള്‍ക്ക് കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. 1998 ല്‍ വണ്ടൂര്‍ എംഎല്‍എയായിരുന്ന സിപിഎമ്മിലെ എന്‍.കണ്ണന്‍ ഇസ്ലാമിക ഭീകരതയുടെ നാനാവശങ്ങളും നിയമസഭയില്‍ തുറന്നുകാട്ടിയിരുന്നു. ശബരിമല തീര്‍ത്ഥാടന സമയത്ത് അയ്യപ്പഭക്തര്‍ക്ക് വേണ്ട കറുപ്പ് വസ്ത്രവും ഇരുമുടിക്കെട്ടുകളും വില്‍ക്കാന്‍ അനുവദിക്കാത്തതും മുസ്ലിങ്ങളുടെ നോമ്പ് സമയത്ത് മറ്റുള്ളവരുടെ ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിക്കാത്തതും ഇസ്ലാം മതവിരുദ്ധമാണെന്ന് കരുതുന്ന സിനിമ തിയേറ്ററുകള്‍ കത്തിക്കുന്നതും ഒക്കെ എന്‍.കണ്ണന്‍ നിയമസഭയില്‍ അന്ന് പരാമര്‍ശ വിഷയമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഉപക്ഷേപത്തിന് മറുപടി പറഞ്ഞ അന്നത്തെ ധനമന്ത്രി ടി.ശിവദാസ മേനോന്‍ ഈ സംഭവങ്ങളില്‍ അടിയന്തരമായി നടപടിയെടുക്കുമെന്ന് സഭയില്‍ വ്യക്തമാക്കിയതാണ്. പക്ഷേ ഇതുവരെ കാര്യമായ എന്തെങ്കിലും നടപടി എടുക്കുകയോ ഭീകരവാദത്തിന്റെ മുള നുള്ളാനുള്ള എന്തെങ്കിലും പ്രവൃത്തി ചെയ്തതായോ അറിവില്ല.
സംഘടിത ഇസ്ലാമിക വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെക്കുകയും ഭീകരര്‍ക്കും കലാപകാരികള്‍ക്കും അഴിഞ്ഞാടാന്‍ അവസരം നല്‍കുകയും ആണ് യുഡിഎഫും എല്‍ഡിഎഫും എന്നും ചെയ്തുകൊണ്ടിരുന്നത്. 1992 ലെ പൂന്തുറ കലാപം അന്വേഷിച്ച അരവിന്ദാക്ഷ മേനോന്‍ കമ്മീഷന്‍ പ്രദേശത്ത് ബോംബുകള്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന മാരുതി ഒമിനി വാനിന്റെ നമ്പര്‍ അടക്കം അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചെങ്കിലും വണ്ടിയുടെ ഉടമസ്ഥനെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ യാതൊരു നടപടിയും പിന്നീട് ഇതുവരെയും വന്ന സര്‍ക്കാരുകളില്‍ നിന്ന് ഉണ്ടായിട്ടില്ല. മലപ്പുറത്ത് പുഴയില്‍ നിന്ന് കണ്ടെത്തിയ പൈപ്പ് ബോംബുകളും ചമ്രവട്ടം പാലത്തിന്റെ താഴെ നിന്ന് പിടിച്ചെടുത്ത കുഴി ബോംബുകളും എവിടെ നിന്നു വന്നുവെന്ന അന്വേഷണം ഇന്നും വഴിമുട്ടി നില്‍ക്കുകയാണ്. ഈ അന്വേഷണത്തില്‍ ഒന്നും അല്പം പോലും മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല. അതേ അനുഭവം തന്നെയാണ് ഇ.കെ. നായനാര്‍ വധഗൂഢാലോചനയിലും ഉണ്ടായിട്ടുള്ളത്. സംഭവം ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ അന്വേഷണ റിപ്പോര്‍ട്ടോ കുറ്റപത്രമോ ഒന്നും തന്നെ സമര്‍പ്പിച്ചിട്ടില്ല.
എന്‍ഐഎയും അന്യസംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുമ്പോള്‍ മാത്രമാണ് കേരളത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രവര്‍ത്തകരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവരുന്നത്. കേരള പോലീസിനെ ഇസ്ലാമിക ഭീകരതയ്ക്ക് വേണ്ടി വന്ധ്യംകരിക്കുകയാണ് പിണറായി വിജയനും ഇടതുമുന്നണിയും ചെയ്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. മലപ്പുറം എസ്പി സുജിത്ത് ദാസ് വിതച്ചത് കൊയ്യുകയാണ്. ശബരിമല പ്രക്ഷോഭകാലത്ത് യുവതികളെ പ്രവേശിപ്പിക്കാനും ആചാരസംരക്ഷണത്തിനു വേണ്ടി നിലകൊണ്ട ജനം ടിവിയിലെ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കാനും രഹസ്യമായി അറസ്റ്റ് ചെയ്തു ജയിലില്‍ ഇടാനും ഒക്കെ നടത്തിയ ശ്രമങ്ങള്‍ മറന്നിട്ടില്ല. പിന്നീട് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അടിമയായി മാറിയ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ കേരളത്തിലെ പൊതുസമൂഹം ഞെട്ടലോടെയാണ് കേട്ടത്. ഇനിയുള്ള സര്‍വീസുകാലം മുഴുവന്‍ എംഎല്‍എയുടെ അടിമയായി ജീവിച്ചോളാം എന്ന് പറയുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിന് തന്നെ അപമാനമാണ്. ഇത്തരക്കാര്‍ സര്‍വീസില്‍ വേണോ എന്ന കാര്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കേണ്ടത്. ഇത്തരം ഉദ്യോഗസ്ഥര്‍ ഏതൊക്കെ കേസുകളില്‍ ഏതെല്ലാം തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഒത്തുതീര്‍പ്പിനും വഴങ്ങിയിട്ടുണ്ടാകും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.
ഏത് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നായാലും തങ്ങളുടെ സമുദായത്തിന്റെ പ്രാതിനിധ്യത്തിലൂടെ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ശക്തി കൂട്ടാനുള്ള ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തനം മുന്നേറുന്ന വഴി ഇനിയെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ. ആരോഗ്യമേഖലയിലും കോടതികള്‍ അടക്കമുള്ള നീതിന്യായ മേഖലയിലും സിവില്‍ സര്‍വീസിലും ഒക്കെ തങ്ങളുടെ സമുദായ താല്‍പര്യങ്ങള്‍ ഉറപ്പിക്കാനും പരിരക്ഷിക്കാനും ഇതര മതസ്ഥരുടെ അവകാശങ്ങള്‍ വെട്ടിനീക്കാനുമുള്ള ശ്രമങ്ങളാണ് ഇന്ന് പൊളിറ്റിക്കല്‍ ഇസ്ലാം അനുവര്‍ത്തിക്കുന്നത്. അസംഘടിതരായ ഹിന്ദു സമൂഹം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിഘടിതരായി നില്‍ക്കുമ്പോള്‍ ഈ മേഖലകളില്‍ എല്ലാം തന്നെ ഹിന്ദുക്കള്‍ ഒറ്റപ്പെടുന്നു എന്ന് മാത്രമല്ല, ജനസംഖ്യക്ക് അനുപാതികമായ പദവികള്‍ പോലും ലഭിക്കാത്ത സാഹചര്യം സംജാതമാവുകയും ചെയ്യുന്നു. ഹലാലിന്റെ പേരില്‍ സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നതും നല്ലവരായ മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും തിരിച്ചറിയുന്നില്ല എന്നതാണ് വസ്തുത. പൊന്നാനി മുതല്‍ വെള്ളയില്‍ വരെയുള്ള കടപ്പുറത്ത് നിന്ന് ഇതര മതസ്ഥരെ ആട്ടിപ്പായിക്കാനുള്ള ശ്രമങ്ങള്‍ക്കും ദേശവിരുദ്ധ ശക്തികളുടെയും ഭീകരരുടെയും പിന്തുണയുണ്ട് എന്ന കാര്യവും ഉറപ്പാണ്. ഇതിനെയും പ്രതിരോധിക്കാനോ സംഘടിതമായി പ്രതികരിക്കാനോ കഴിയുന്നില്ല എന്ന വസ്തുതയും ഇനിയെങ്കിലും മനസ്സിലാക്കേണ്ടതാണ്. ഹൈന്ദവ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വ്യാപകമായി ചില സംഘടിത മതവിഭാഗങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതും അവിടെ ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. 41 ദിവസം മണ്ഡലവ്രതം എടുത്ത് അയ്യപ്പനെ സന്ദര്‍ശിക്കാന്‍ എത്തുന്ന ശബരിമലയില്‍ പോലും ഹലാല്‍ അംഗീകൃത ഹോട്ടലുകള്‍ എത്തുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. ചില ഹിന്ദു നാമധാരികളെ ബിനാമികളാക്കിയാണ് ഇത്തരം ഹോട്ടലുകളുടെ പ്രവര്‍ത്തനം. ശബരിമലയില്‍ കാലാകാലങ്ങളായുള്ള കീഴ്‌വഴക്കം അവിടെ അന്നദാനമാണ്. അന്നദാന പ്രഭുവായ ധര്‍മ്മശാസ്താവിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കീഴ്‌വഴക്കം ഒഴിവാക്കിയാണ് സന്നിധാനത്ത് ഹോട്ടലുകള്‍ ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും ഹലാലിന്റെയും ഹലാല്‍ മതസ്ഥരുടെയും വ്യാപാര സ്ഥാപനങ്ങള്‍ ഒഴിവാക്കുകയോ അവയെ ബഹിഷ്‌കരിക്കുകയോ ചെയ്യാന്‍ ഹൈന്ദവ സമൂഹം തയ്യാറാകണം. വ്രതമനുഷ്ഠിച്ചും നോമ്പുനോറ്റും ക്ഷേത്രദര്‍ശനത്തിന് എത്തുമ്പോള്‍ തുപ്പിയും ഊതിയും ഹലാല്‍ ആക്കുന്ന ഭക്ഷണം കഴിക്കണോ എന്ന കാര്യം ഭക്തര്‍ തന്നെ തീരുമാനിക്കണം.
ഭീകര സംഘടനകള്‍ക്ക് എതിരായ അന്വേഷണവും നടപടികളും ഉണ്ടാകുമ്പോള്‍ മറ്റുതരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിച്ചു വിട്ട് ഭീകര സംഘടനകളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുകയാണ് കേരളത്തിലെ ചിലര്‍ സംഘടിതമായി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കശ്മീരിലും ബ്രിട്ടനിലും യൂറോപ്പിലും ബംഗ്ലാദേശിലും കണ്ട പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ന്യൂനപക്ഷ വേട്ടയ്ക്കും ഇതര മതസ്ഥരുടെ കൊലപാതകത്തിനും അക്രമത്തിനും മാത്രമല്ല അവരുടെ സ്വത്തും വീടും ജോലിയും ഒക്കെ നഷ്ടമാകുന്ന സാഹചര്യത്തിനും നമ്മള്‍ തന്നെ വഴിവെക്കണോ എന്ന കാര്യം ഇപ്പോഴെങ്കിലും ചിന്തിച്ചേ മതിയാകൂ. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സമസ്ത മേഖലയിലേക്കുമുള്ള കടന്നുകയറ്റം തടയാന്‍ ഭീകരര്‍ക്ക് അനുകൂലമല്ലാത്ത മുസ്ലീങ്ങളുടെയും ഹൈന്ദവ ക്രൈസ്തവ വിഭാഗങ്ങളുടെയും ഒന്നിച്ചുള്ള സംഘടിത വോട്ടുബാങ്ക് ഉണ്ടായേ കഴിയൂ. ആ തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടായില്ലെങ്കില്‍ നമ്മള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് ബംഗ്ലാദേശിലെ അതേ വംശഹത്യ തന്നെയായിരിക്കും.