“”Poetry is thought that breathe, and words that burn” എന്ന് പറഞ്ഞത് ഇംഗ്ലീഷ് കവികളില്‍ വളരെ പ്രമുഖനായിരുന്ന തോമസ് ഗ്രേ (Thomas Gray) ആണ്. ഇന്ന് കവിതയെക്കുറിച്ച് ഇത്രമാത്രം ആലങ്കാരികമായി നിര്‍വ്വചിക്കുന്നതിനോട് പുതിയകാല കവികള്‍ക്ക് യോജിപ്പുണ്ടാവില്ല. കവിത എന്നത് ആര്‍ക്കും എഴുതാന്‍ കഴിയുന്നതാണെന്നും കവി കര്‍മം മഹത്തായ പ്രവൃത്തി ഒന്നുമല്ലെന്നും വ്യാപകമായി വിശ്വസിക്കപ്പെടുന്ന കാലമാണിത്. എങ്കിലും വാക്കുകളുടെ സവിശേഷക്രമം സൃഷ്ടിച്ചെടുക്കുന്ന കവികള്‍ (അപൂര്‍വ്വമായെങ്കിലും) ഇന്നുമുണ്ട്. ആ വാക്കുകള്‍ നമ്മെ എരിച്ചുകളയാറുമുണ്ട്.
ശാസ്ത്രീയ നൃത്തത്തിലെ അത്ഭുതപ്രതിഭകളില്‍ ഒരാളായിരുന്ന യാമിനി കൃഷ്ണമൂര്‍ത്തി ഇക്കഴിഞ്ഞ 3-ാം തീയതിയാണ് ലോകത്തോട് വിടപറഞ്ഞത്. ഒരു നര്‍ത്തകിക്കു കിട്ടാവുന്ന എല്ലാ ആദരവും നല്‍കി രാജ്യം ആദരിച്ച യാമിനിയെക്കുറിച്ച് 1992ല്‍ത്തന്നെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു കവിതയെഴുതി സൂക്ഷിച്ചിരുന്നത്രേ! ഇപ്പോഴാണ് പ്രസിദ്ധീകരിക്കാന്‍ തോന്നിയതെന്നുമാത്രം. നമ്മുടെ നൃത്തരൂപങ്ങളെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച നര്‍ത്തകിയായിരുന്നല്ലോ യാമിനി കൃഷ്ണമൂര്‍ത്തി. വലിയ ആകാര സൗഷ്ഠവമില്ലാതിരുന്നിട്ടും അപാരമായ നര്‍ത്തന പ്രാവീണ്യം കൊണ്ട് പ്രേക്ഷകഹൃദയങ്ങളെ കീഴടക്കിയ ഈ നര്‍ത്തകി ഒരത്ഭുതം തന്നെയാണ്. ഭരതനാട്യം പോലെ മറ്റു നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടിയ യാമിനിയില്‍ മാത്രം കാണാവുന്ന ഒരു പ്രത്യേകതയാണ് അവരുടെ ചുണ്ടുകൊണ്ടുള്ള സവിശേഷ ഭാവോന്മീലനം.
ഇതൊക്കെ കണ്ടു ഹൃദയം അലിഞ്ഞുപോയിട്ടായിരിക്കണം ചുള്ളിക്കാട് കവിത എഴുതിപ്പോയത്. ജോണ്‍ എബ്രഹാമിനേയും പി.ജെ. ആന്റണിയേയും കവിതകളാക്കിയ ചുള്ളിക്കാടിന്റെ ആത്മാര്‍ത്ഥയില്‍ സംശയമുണ്ടെങ്കിലും ഈ കവിത അങ്ങനെയല്ലെന്നു കരുതാം. ഇവര്‍ തികച്ചും ഒരു കലാകാരി തന്നെയാണല്ലോ! മാതൃഭൂമിയില്‍ (ആഗസ്റ്റ് 8-24) യാമിനീനൃത്തം എന്ന പേരില്‍ എഴുതിയിരിക്കുന്ന കവിത വാക്കുകളുടെ തിരഞ്ഞെടുപ്പിലൂടെ നമ്മെ ആകര്‍ഷിക്കാന്‍ പര്യാപ്തമായതാണ്.
”നാദപ്രവാള പ്രവാഹത്തില്‍, നിന്‍മൃദു
പാദദ്രുതന്യാസചഞ്ചല ധാരയില്‍
മുങ്ങിപ്പൊലിയട്ടെ നിന്‍ ജീവനസംഗ്രാമ
ഖിന്ന ലോകത്തില്‍ ദുരന്ത ചിന്താവലി.”
തോമസ് ഗ്രേ സൂചിപ്പിക്കുന്നതുപോലെ വാക്കുകള്‍ നമ്മളെ എരിച്ചു കളയുന്ന തരത്തില്‍ അടുക്കിയെടുക്കാന്‍ കവിക്കു കഴിയുന്നു. വൃത്തഭംഗം എങ്ങുമുണ്ടാകാതെ തന്നെ കവിതയെ ആധുനികതയിലേയ്‌ക്കോ ഉത്തരാധുനികതയിലേയ്‌ക്കോ ഒക്കെ നയിക്കാനാവും; അതിനു നല്ല പദസമൃദ്ധിവേണം. പോയകാല കവി കളെ നന്നായി വായിച്ചു പഠിച്ചുറപ്പിക്കുന്ന കാവ്യാനുശീലനം വേണം. ഇതൊക്കെയുള്ളതുകൊണ്ടാണ് ചുള്ളിക്കാടിന് നമ്മളെ ഇപ്പോഴും വിസ്മയിപ്പിക്കാന്‍ കഴിയുന്നത്. പുതിയകാലത്തെ കവികള്‍ക്കൊന്നും നല്ല അഞ്ച് കവിതകള്‍ക്കപ്പുറം എഴുതാനാവാത്തത് അവര്‍ക്ക് കവിതയിലെ പൂര്‍വ്വസൂരികളുടെ രചനകളുമായും ഭാഷാവ്യാകരണഗ്രന്ഥങ്ങളുമായുമൊന്നും വേണ്ടത്ര പരിചയം ഇല്ലാത്തതുകൊണ്ടാണ്.
‘അക്ഷിദ്വയ പ്രേമവൈദ്യുതിയാല്‍ദ്ദീപ-
ലക്ഷം കൊള്ളുത്തുന്ന ചേതോവിമോഹിനി”
എന്നെഴുതുമ്പോള്‍ നര്‍ത്തകി നമ്മുടെ കണ്‍മുന്നിലെത്തും എന്ന കാര്യത്തിലാര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല.
”ആവര്‍ത്തലീലാചടുല വിലാസിനി” എന്ന് പറഞ്ഞതും നമ്മളെ ഭ്രാന്തുപിടിപ്പിക്കും. എന്നാല്‍ എന്തിനാണ് നര്‍ത്തകിയെ ”ഹേ മൃത്യുനന്ദിനീ” എന്നു സംബോധന ചെയ്തത്. നര്‍ത്തകി മരിച്ചതിനുശേഷം പ്രസിദ്ധീകരിക്കാമെന്നു കരുതി മുന്‍പേ തന്നെ എഴുതിവച്ചതാണോ? വൈലോപ്പിള്ളിയുടെ കടുത്ത ആരാധകനായ ചുള്ളിക്കാടില്‍ അദ്ദേഹത്തിന്റെ സ്വാധീനം അബോധതലത്തില്‍ പലയിടങ്ങളിലും കാണാം. ഈ കവിതയില്‍ വൈലോപ്പിള്ളിയുടെ ‘നര്‍ത്തകി’യുടെ സ്വാധീനമുണ്ടെങ്കിലും ‘ദൃഷ്ടിദ്വയം’ എന്നതിനെ ‘അക്ഷിദ്വയ’മെന്ന് മാറ്റി ആ ചെറിയ സ്വാധീനത്തെപ്പോലും കവി നിരാകരിക്കുന്നുണ്ട്.
പ്രകാശ് ചെന്തളത്തിന്റെ മാതൃഭൂമിക്കവിത മലവേട്ടുഭാഷയിലാണ്. പിന്നെ വനവാസിക്കവിയായി അറിയപ്പെടുന്ന സുകുമാരന്‍ ചാലഗദ്ദയുടെ ‘കണ്ടി’ എന്ന കവിതയും ഫ്രാന്‍സിസ് നെറോണ എഴുതുന്ന കഥയും ഏതാണ്ട് ഗോത്ര ജീവിതത്തെക്കുറിച്ചുതന്നെ. വിനില്‍ പോളിന്റെ മലയാളി ആല്‍ബം പറയുന്നത് പഴയ പേരുകള്‍ വീണ്ടെടുക്കണമെന്നാണ്. അയ്യപ്പന്‍, അഴകന്‍, കൊക്കി, താര, കൊച്ചിട്ടി, ഗൗരി ഒക്കെ മടങ്ങിവരണമത്രേ! വനവാസികളുടെ ഭാഷയില്‍ നമ്മുടെ ഭാഷയിലില്ലാത്ത ചിലതൊക്കെയുണ്ടെങ്കില്‍ അവയെ നിലനില്‍ക്കാന്‍ സഹായിക്കേണ്ടതുണ്ട്. വനവാസി ജീവിതത്തില്‍ നിന്നും പഠിക്കേണ്ടതായ ചിലതൊക്കെയുണ്ടെങ്കില്‍ അതൊക്കെ പൊതുസമൂഹം പഠിക്കുകയും വേണം. എങ്കിലും വനവാസികളായിത്തന്നെ നിലനില്‍ക്കാന്‍ അവരെ നിര്‍ബ്ബന്ധിക്കേണ്ടതുണ്ടോ? അതു കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഗോത്രസമൂഹങ്ങള്‍ പലതും പൊതുസമൂഹത്തില്‍ ലയിച്ച് അസ്തമിച്ചുകൊണ്ടിരിക്കുന്നു. ഏതാണ് ശരി അവര്‍ ഒരു പ്രത്യേക ജാതി സമൂഹമായി പഴയ രീതിയില്‍ത്തന്നെ നിലനില്‍ക്കുന്നതോ മറ്റുള്ളവരില്‍ ലയിച്ച് ജാതിസ്വത്വം അവസാനിപ്പിച്ച് മറ്റുള്ളവരെപ്പോലെ പൊതുസമൂഹത്തിന്റെ ഭാഗമാകുന്നതോ?
വനവാസികളുടെ പാരമ്പര്യമായ അറിവുകളെ നിലനിര്‍ത്തിക്കൊണ്ട് അവര്‍ പൊതുസമൂഹവുമായി ചേരാന്‍ സന്നദ്ധരാണെങ്കില്‍ അതിനുള്ള അവസരം അവര്‍ക്ക് ഒരുക്കിക്കൊടുക്കുന്നതല്ലേ ഉചിതം. അല്ലെങ്കില്‍ സമ്പൂര്‍ണ്ണ മായും അവരെ വനജീവിതത്തിനു വിട്ടുകൊടുക്കുക. പൊതുസമൂഹം ഒരു തരത്തിലുള്ള ഇടപെടലുകളും നടത്താതിരിക്കുക. അത് ഇക്കാലത്ത് സാധ്യമായ കാര്യമല്ല.
കലാകൗമുദിയില്‍ (ആഗസ്റ്റ് 18-25) പ്രഭാവര്‍മ്മ മരിച്ച സിപിഎം നേതാവിനെക്കുറിച്ച് ‘ബുദ്ധം’ എന്നൊരു കവിത എഴുതിയിരിക്കുന്നു. സരസ്വതീ സമ്മാനമൊക്കെ ലഭിച്ചിട്ടും പ്രഭാവര്‍മ്മയിലെ കവിക്ക് ഒരു പുരോഗതിയും കാണാനില്ല എന്ന് ആ പന്ത്രണ്ടു വരി വായിച്ചാല്‍ മനസ്സിലാവും. ബുദ്ധദേവ ഭട്ടാചാര്യ വളരെ ലാളിത്യത്തോടു കൂടി ജീവിച്ച രാഷ്ട്രീയക്കാരനായിരുന്നുവെന്നും പറയുന്നു. തീര്‍ച്ചയായും അത് ബഹുമാനിക്കപ്പെടണം. നീണ്ടകാലം മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് നല്ല ശമ്പളവും പെന്‍ഷനുമൊക്കെ ലഭിച്ചിട്ടുണ്ടല്ലോ. മരണം വരെ പെന്‍ഷന്‍ ലഭിച്ചിട്ടുണ്ടാവണം. അതൊക്കെ കൊണ്ട് വലിയ ആഡംബരമില്ലാത്ത നല്ല ഒരുവീടുവച്ച് അതില്‍ താമസിക്കുന്നതില്‍ തെറ്റൊന്നുമില്ല.
ലളിത ജീവിതം എന്നതും അഴിമതിയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം എന്നതുമെല്ലാം പ്രകടനപരമാകാന്‍ പാടില്ല. രാഷ്ട്രത്തോട് ഉത്തരവാദിത്തമുള്ളതുപോലെ കുടുംബത്തോടുമുണ്ടാവണം. അഴിമതി ചെയ്ത് അനധികൃതമായി ഒന്നും സമ്പാദിക്കാന്‍ പാടില്ല. എന്നാല്‍ ശരിയായ മാര്‍ഗ്ഗത്തില്‍ ലഭിക്കുന്ന വരുമാനം കൂടി വേണ്ടെന്നു വച്ച് കുടുംബത്തെ കഷ്ടത്തിലാക്കുന്നത് തന്റെ പോപ്പുലാരിറ്റിക്കു വേണ്ടി മറ്റുള്ളവരെ കരുവാക്കുന്ന സ്വാര്‍ത്ഥതയാണ്. അതിനെ മഹത്വം എന്നു വാഴ്‌ത്തേണ്ടതില്ല. മഹാത്മജി തന്റെ ആദര്‍ശത്തിന്റെ പേരു പറഞ്ഞ് കസ്തൂര്‍ബായുടെ ചികിത്സ നിഷേധിച്ചത് വലിയ ആദര്‍ശമായി ചിലര്‍ കൊട്ടിഘോഷിച്ചിട്ടുണ്ടെങ്കിലും അതിനോടു യോജിക്കാന്‍ വയ്യ. ഒരു വ്യക്തിയെന്ന നിലയില്‍ സ്വന്തം കാര്യം തീരുമാനിക്കാന്‍ കസ്തൂര്‍ബായ്ക്കുണ്ടായിരുന്ന അവകാശത്തില്‍ കടന്നുകയറുകയാണു ഗാന്ധിജി ചെയ്തത്. അതൊന്നും മഹത്തെന്നു പറഞ്ഞു കൊണ്ടാടുന്നതിലര്‍ത്ഥമില്ല.
ഇ.എം.എസ് നമ്പൂതിരിപ്പാട് പണ്ട് ഭാര്യയെ അമ്പലത്തില്‍ വിട്ടിട്ട് പുറത്തു കാത്തുനിന്നതിനെ ചിലര്‍ വിമര്‍ശിച്ചത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. എന്നാല്‍ അന്ന് ഇ.എം.എസ്സിനോട് ആരാധന തോന്നുകയാണുണ്ടായത്. കാരണം സ്വന്തം ആദര്‍ശങ്ങളും താല്പര്യങ്ങളും ഭാര്യയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ അതിനെ ‘അ മ്മയെ തല്ലിയാലും രണ്ടുണ്ടുപക്ഷം’ എന്ന രീതിയില്‍ വ്യാഖ്യാനിച്ച ചിലര്‍ അക്കാലത്തുണ്ടായിരുന്നു. ‘കൂടെ ജീവിക്കുന്ന ഭാര്യയെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെയാണ് സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നത്’ എന്നാണ് ചിലര്‍ അന്നു ചോദിച്ചത്. സ്വന്തം അഭിപ്രായങ്ങളില്‍ ദൃഢതയുള്ള ആളാണു ഭാര്യയെങ്കില്‍ അവരെ ആ വഴിയ്ക്കു വിട്ടുകൊടുക്കുന്നതാണു ജനാധിപത്യബോധം. അല്ലാതെ അധികാരം പ്രയോഗിക്കല്‍ അല്ല. സ്വന്തം ഭാര്യക്കും മക്കള്‍ക്കും വേണ്ടി വഴിവിട്ടൊന്നും ചെയ്യാന്‍ പാടില്ലെങ്കിലും അവര്‍ക്ക് തന്റെ വരുമാനത്തിനകത്തു നിന്നുകൊണ്ട് പരമാവധി നല്ല ജീവിതസാഹചര്യങ്ങളൊരുക്കുന്നത് ആദര്‍ശ ശൂന്യതയല്ല. ആദര്‍ശമഹിമയാണ്. കല്‍ക്കത്തയില്‍ ഒറ്റമുറി വീട്ടില്‍ ബുദ്ധദേവ് ഭട്ടാചാര്യ കഴിഞ്ഞുവെങ്കില്‍ അതിലെന്തോ കാപട്യമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
തന്റെ ലളിതജീവിതത്തിനു യോജിച്ച രീതിയില്‍ എന്തെങ്കിലും സാധാരണക്കാര്‍ക്കുവേണ്ടി ചെയ്യാന്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ ഭട്ടാചാര്യയ്ക്കു കഴിഞ്ഞതേയില്ല എന്നതിനു തെളിവാണല്ലോ അതിദരിദ്രമായ ബംഗാള്‍. ബംഗാളികളുടെ ദാരിദ്ര്യത്തെക്കുറിച്ചൊക്കെ ബുദ്ധദേവിന് ഉല്‍ക്കണ്ഠകളുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ വ്യവസായവല്‍ക്കരണത്തിനായി അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ അതൊന്നും നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആളുകളെ മാന്യമായ നഷ്ടപരിഹാരം നല്‍കി ഒഴിപ്പിച്ച് ഫാക്ടറിക്കുവേണ്ടി സ്ഥലം ഏറ്റെടുത്തു കൊടുക്കാന്‍ പോലും ബുദ്ധദേവിനു കഴിഞ്ഞില്ല. ഒരു ബംഗാളിക്കു പോലും ഭക്ഷണമോ തൊഴിലോ കൊടുക്കാന്‍ കഴിയാതെ പോയ ഈ നേതാവിന്റെ ലളിത ജീവിതം കൊണ്ട് ആര്‍ക്ക് എന്തു പ്രയോജനമാണുള്ളത്? ഗാന്ധിജിയുടെ ലളിത ജീവിതത്തിന്റെയും ആദര്‍ശത്തിന്റെയും ഭാരം താങ്ങാനാവാതെ അദ്ദേഹത്തിന്റെ മക്കള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞതുപോലെയാണ് ബംഗാളികള്‍ ബുദ്ധദേവിനെതിരെ തിരിഞ്ഞത്. അധികാര ദുര്‍മോഹിയായ മമതയുടെ കുടിലതന്ത്രങ്ങളും ബുദ്ധദേവിനെ വീഴ്ത്താന്‍ കാരണമായി.
സലിം ചെറുവാടി കലാകൗമുദിയില്‍ എഴുതിയിരിക്കുന്ന കഥ ‘ജവഹര്‍ടണല്‍’ എല്ലാരീതിയിലും ‘ചെറുകഥ’ തന്നെ. വലിയ വലിപ്പമൊന്നുമില്ലാത്ത കഥ അതിന്റെ ഉദ്ദേശ്യശുദ്ധികൊണ്ടു ശ്രദ്ധേയമാണ്. കാശ്മീരില്‍ ജീവിക്കുന്ന നിരപരാധികളും മനുഷ്യസ്‌നേഹികളുമായ മനുഷ്യന്‍ തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്ക് ഇരയാകുന്നതെങ്ങനെ എന്നാണ് സലിം സൂചിപ്പിക്കുന്നത്. കാശ്മീരിനെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുള്ള കഥാകൃത്ത് അവിടെ ജോലി ചെയ്തിട്ടുള്ളയാളോ അവിടേയ്ക്ക് പലതവണ യാത്ര ചെയ്തിട്ടുള്ള വ്യക്തിയോ ആയിരിക്കണം. അല്ലെങ്കില്‍ അദ്ദേഹം നന്നായി വായിച്ചു മനസ്സിലാക്കിയിട്ടുണ്ടാവണം. എന്തായാലും കാശ്മീരികളുടെ ഭാഷ, ജീവിതം എന്നിവയൊക്കെ കഥാകാരനു നല്ല നിശ്ചയമുണ്ട്.