ഒരു പാട്ടുണ്ട്… ഹൃദയത്തെ വല്ലാതെ ത്രസിപ്പിച്ചത്, അതിലേറെ ഉലച്ചത്. മാലോകരെല്ലാം ഒന്നുപോലെയെന്ന മാവേലി നാടിന്റെ അപദാനങ്ങള്‍ ഊഞ്ഞാല്‍പ്പാട്ടുകളായി നിറഞ്ഞ ബാല്യകാലങ്ങളില്‍ എപ്പോഴോ കേട്ട് മറന്നത്… ഈണം കൊണ്ട് അകം നിറഞ്ഞത്…. ചിന്തയുറയ്ക്കാറായ നാളുകളിലൊന്നില്‍ വിഖ്യാത കാഥികന്‍ വി. സാംബശിവന്റെ ശബ്ദത്തിലാണ് പിന്നീടത് കേട്ടത്. തിരുനല്ലൂര്‍ കരുണാകരന്റെ റാണിയെ കഥാപ്രസംഗമാക്കി തേച്ചുമിനുക്കി അവതരിപ്പിക്കുന്നതിനിടയില്‍. കാഥികന്റെ പാട്ടിന് ഹാര്‍മോണിയത്തിന്റെയും തബലയുടെയും മത്സരിച്ചുള്ള താളം അകമ്പടിയായപ്പോള്‍ ആ പാട്ട് വെറും പാട്ടല്ലാതാവുകയായിരുന്നു. ഓണം എങ്ങനെയൊക്കെയാണ് മലയാളിയുടെ ശീലമായി മാറിയതെന്നതിന്റെ വലിയ ചിന്ത അതിലുണ്ട്. മാനുഷരെല്ലാവരും ഒന്നാവുന്നത് ഓണാഘോഷത്തിന്റെ പുറം പകിട്ടിലിലല്ല, അകം സമൃദ്ധിയിലാണെന്ന തിരുത്തുണ്ട് ഈ പാട്ടില്‍. ആണ്ടിലൊരിക്കല്‍ ഓണത്തിന്‍ നാള്‍ മാത്രം അമ്മച്ചി കരയുള്ള കോടി ഉടുക്കുന്നതിന്റെ ആനന്ദം കൂട്ടുകാരനോട് പങ്കുവയ്ക്കുന്ന പടിഞ്ഞാറ്റേതിലെ നാരേണനാണ് ഓണസമൃദ്ധിയുടെ സമാനതകളില്ലാത്ത സമരസത എന്നുമോണം പോലെ ഉണ്ണുന്ന സമ്പന്നവീട്ടിലെ കൂട്ടുകാരനോട് വിളിച്ചു പറയുന്നത്. സാംബശിവന്റെ ഭാര്യാപിതാവും ഗ്രാമീണ കവിയുമായ ഒ.നാണു ഉപാധ്യായന്‍ എഴുതിയതാണ് ഈ പാട്ടെന്ന് പിന്നീട് അറിഞ്ഞു. അദ്ദേഹത്തിന്റെ ഒരേയൊരു കൃതിയായ ഗ്രാമീണഗീത എന്ന സമാഹാരത്തില്‍ ഇതുള്‍പ്പെടുത്തിയിട്ടുണ്ട്. ആ പാട്ടിങ്ങനെയാണ്…
പടിഞ്ഞാറ്റേ നാരേണന്‍
കേട്ടോച്ഛാ നമ്മുടെ പടിക്കല്‍
വച്ചെന്നോട് പറകയാണ്,
അരമാസം ചില്വാനമങ്ങോട്ടു ചെല്ലുമ്പോള്‍
തിരുവോണം വന്നിങ്ങു കേറുംപോലും
തിരുവോണം വന്നെന്നാല്‍ അവരുടെ
വീടെല്ലാം നറുമണം ചുറ്റിയടിക്കും പോലും
അവരുടെ സാമ്പാറിന്‍ കഷ്ണമടുപ്പത്ത്
അവരെക്കാള്‍ പൊക്കത്തില്‍ ചാടും പോലും
പതയേറുമെണ്ണയ്ക്കകത്തുമുങ്ങിപ്പൊങ്ങും
പപ്പടം പൊട്ടിച്ചിരിക്കും പോലും
കരിമുണ്ട് മാറിയന്നവരുടെയമ്മച്ചി
കര വച്ച കോടിയുടുക്കുംപോലും
തിരുവോണമുണ്ണുംമുമ്പവരുടെ ഉള്ളെല്ലാം
പരമാനന്ദം കൊണ്ട് നിറയുംപോലും…
ഇതുപോലെ മറ്റൊരു ഗ്രാമീണചിത്രം പണ്ട് അച്ഛന്‍ പാടുമായിരുന്ന കുട്ടിപ്പാട്ടുകളിലൊന്നി ലുണ്ടായിരുന്നതും ഓര്‍ക്കുന്നു, അതിങ്ങനെയാണ്,
ശങ്കരനിന്നലെ വന്നെന്ന് കേട്ടു
എന്തെല്ലാം കൊണ്ട്വന്നടി മാലേ നിനക്ക്
ശങ്കൂനും പരമൂനും പുസ്തകോം സ്ലേറ്റും
കമലയ്‌ക്കൊരു കട്ട മണമുള്ള സോപ്പും….
അതിനപ്പുറം മാലയ്ക്ക് മാത്രമായിട്ടെന്ത് വേണം എന്ന പാട്ടിലില്ലാത്ത ചോദ്യത്തിലുണ്ട് അന്നത്തെ ഗ്രാമീണജീവിതത്തിന്റെ ഒരു പകുതിയുടെ ചിത്രം. കാലം ഇങ്ങനെയൊക്കെയായിരുന്നതുകൊണ്ടാണ് ഓണം ഓര്‍മ്മകളില്‍ സമാനമായ സമൃദ്ധിയുടെ തൊങ്ങലുമായി ഇന്നും നിലനില്‍ക്കുന്നത്. അത് ഒരു സ്വപ്‌നകാലമാണ്. എന്നെങ്കിലും അങ്ങനെയൊരു കാലം ഉണ്ടായേക്കാമെന്ന പ്രതീക്ഷകളില്‍ നാടൊരുങ്ങിയ നാളുകള്‍…
വിയര്‍പ്പുണ്ണുന്നവന്റെ ആനന്ദമാണ് ഓണം. വര്‍ഷത്തിലൊരിക്കല്‍ വന്നെത്തുന്ന മാതേവരെയും മാവേലിയെയും വരവേല്‍ക്കാന്‍ ജീവിതത്തിന്റെ എല്ലാ പ്രാരാബ്ധങ്ങള്‍ക്കു നടുവിലും മലയാളി കോടിയുടുക്കുന്ന കാലം. തുമ്പിയും തുമ്പയും പൂക്കളവും ഊഞ്ഞാലും വള്ളംകളിയും സമൃദ്ധിയും സംതൃപ്തിയും നിറഞ്ഞുതുളുമ്പുന്ന തൂശനിലകളും…. ഓണം ഓര്‍മ്മകളില്‍ നിന്ന് ഓഫറുകളിലേക്ക് മാറും മുമ്പുള്ള ഈ സാമൂഹികജീവിതചിത്രത്തെ നിലനിര്‍ത്തിയിരുന്നത് കേരളത്തിന്റെ മണ്ണാണ്, പ്രകൃതിയാണ്. കൃഷിയും അനുബന്ധവിപണികളും സൃഷ്ടിച്ച ജീവിതപ്രകൃതിയാണ് നമ്മുടേത്. ഓണമെന്നല്ല, മലയാളിയുടെ എല്ലാ ഉത്സവങ്ങളും ആഘോഷമാക്കിയത് മണ്ണില്‍ പണിയെടുക്കുന്നവന്റെ ആവേശമാണ്. കാവും കുളങ്ങളും കളിമൈതാനങ്ങളും നദികളും കടത്തുവള്ളങ്ങളും പാടശേഖരങ്ങളും അമ്പലമുറ്റവും അരയാല്‍ത്തറയും ഞാറ്റുവേലയും മണ്ഡലകാലവും തെയ്യവും തിറയും നാടോടിപ്പാട്ടുകളും അന്തിക്ക് വിളക്ക് തെളിയിച്ച് ചൊല്ലുന്ന സന്ധ്യാനാമങ്ങളും ചാണകം മെഴുകിയ തറയുമൊക്കെയാണ് പേരുകേട്ട മലയാണ്മയുടെ അടയാളങ്ങളെന്നത് ഇന്ന് ഓര്‍മ്മച്ചിത്രങ്ങളാണ്.
ഉത്സാഹത്തിന്റെ ഓണനാളുകളിലേക്ക് നാടണയും മുമ്പേ വീടുകള്‍ തോറും കയറിയിറങ്ങുന്ന പല കൂട്ടരുണ്ടായിരുന്നു. ഈറ്റ വരിഞ്ഞ കുട്ടയും വട്ടിയും മുറവുമായെത്തുന്നവര്‍, ചിരട്ടയില്‍ത്തീര്‍ത്ത തവികളുമായെത്തുന്നവര്‍, പുത്തന്‍ മണ്‍കലവും ചട്ടികളുമായെത്തുന്നവര്‍, രാകി മിനുക്കിയ കത്തികളുമായെത്തുന്നവര്‍, വീട്ടിലുള്ള പഴയ ഉപകരണങ്ങള്‍ മിനുക്കിയെടുക്കാന്‍ അരവുമായെത്തുന്നവര്‍, തറിയില്‍ നൂറ്റെടുത്ത തോര്‍ത്തും മുണ്ടുമായെത്തുന്നവര്‍, സോപ്പ്, ചീപ്പ്, കണ്ണാടി, പൊട്ട്, വളകളുമായെത്തുന്നവര്‍, പപ്പടവുമായെത്തുന്നവര്‍….. എല്ലാവര്‍ക്കും ഓണം…. എല്ലാവരുടെയും ഓണം…. ഒരു കൊല്ലത്തിന്റെ അധ്വാനത്തിന്റെ പങ്കുവയ്പ്… കമ്പോളം അതിന്റെ ആര്‍ത്തിപെരുത്ത വായ്ക്കുള്ളില്‍ ഓണത്തെ ഒതുക്കുംമുമ്പുള്ള ജീവിതം.
ഇതെല്ലാം ഭാവനയുള്ളവന്റെ കസര്‍ത്തുകള്‍ മാത്രമാവുകയാണ് പിന്മുറക്കാര്‍ക്ക് എന്നതാണ്ദൗര്‍ഭാഗ്യകരമായ യാഥാര്‍ത്ഥ്യം. സമഗ്രവും ഉദാത്തവുമായ ജീവിതദര്‍ശനം കൈമുതലായിരിക്കെത്തന്നെ നമ്മുടെ കേരളം അധിനിവേശത്തിന്റെ പ്രലോഭനങ്ങളില്‍പ്പെട്ട് ജഡമാനസരായി. കുലത്തൊഴിലുകള്‍ വലിച്ചെറിഞ്ഞ് യുവാക്കള്‍ കണ്ടവന്റെ ഫാക്ടറിപ്പടിക്കല്‍ നിരങ്ങി. അതും മടുത്തപ്പോള്‍ പണംകായ്ക്കുന്ന പനമരക്കാടുകള്‍ തേടി ഉഷ്ണമേഖലയിലേക്കു പറന്നു. എണ്ണക്കിണറില്‍ നിന്നു പൊന്നുപാറി. കുടിലുകള്‍ കൊട്ടാരമായി. ജീവിതത്തെ പണം നിയന്ത്രിക്കുകയും അന്നന്നത്തെ അന്നം വിപണിയിലെ വിലപിടിപ്പുള്ള ഉല്പന്നമാവുകയും ചെയ്തപ്പോള്‍ ഒരുകാലത്ത് കണ്ണെത്താ ദൂരത്ത് കതിര്‍വിളഞ്ഞു കിടന്ന നെല്‍പ്പാടങ്ങള്‍ നികന്നു. മലയിടിച്ച് മണ്ണെടുത്ത് ആ മണ്ണുകൊണ്ട് കുളവും കായലും നെല്‍പ്പാടങ്ങളും മൂടി അവിടെ കൂറ്റന്‍ ഫ്‌ളാറ്റുകള്‍ പണിതീര്‍ത്തു. കിടപ്പാടം മുതല്‍ കുടിവെള്ളംവരെ വില്പനച്ചരക്കായി. നഗരജീവിതം നരകസമാനമാവുകയും ഗ്രാമങ്ങള്‍ നഗരവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ഗൃഹോപകരണവിപണികള്‍, പുത്തന്‍ വസ്ത്രശാലകള്‍, പുതുപുത്തന്‍ ബംഗ്ലാവുകളുടെ നിര്‍മാണങ്ങള്‍… കമ്പനി ഐറ്റംസിനാണ് മാര്‍ക്കറ്റ്. വ്യാജന്മാരുടെ ഒഴുക്കിനും കുറവില്ല. പട്ടിണിയാണെന്ന് പറയാന്‍ മടിയാണെങ്കിലും ധൂര്‍ത്തും ആര്‍ഭാടവും കൊണ്ട് ഇവന്റുകള്‍ നടത്താനാണ് അധികാരികള്‍ക്കും താത്പര്യം. ജനക്ഷേമം പോലും ഡ്യൂപ്ലിക്കേറ്റ് ഉത്പന്നമാവുന്നതാണ് കാലം.
വ്യക്തി, കുടുംബം, സമൂഹം…… എല്ലാം അടിമുടി കുത്തഴിഞ്ഞ് കൂട്ടിച്ചേര്‍ക്കാനാവാതെ കാറ്റത്തുപാറിയ കടലാസുകഷ്ണങ്ങളാവുകയായിരുന്നു. പശുവിനെയും കൃഷിയെയും ആധാരമാക്കി സ്വയംപര്യാപ്തവും സുരക്ഷിതവുമായ ഒരു ജീവിതം നയിച്ചിരുന്ന നമ്മള്‍ കമ്പോളങ്ങളിലെ ഓണക്കാഴ്ചകള്‍ക്കുമുന്നില്‍ പകച്ചുനിന്നു. ഊത്തിനും കളിപ്പന്തിനും വരെ ബ്രാന്‍ഡുകളായി. മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്ലാസ്റ്റിക് പാക്കറ്റുകളില്‍ കിട്ടുന്ന നേന്ത്രക്കായ വറുത്തതിലായി കണ്ണ്. കാര്‍ഡുരച്ച് വാങ്ങുന്ന ആനന്ദങ്ങള്‍… മണ്ണിന്റെ മണം വഴിയില്‍ ഉപേക്ഷിച്ച് മദ്യത്തിന്റെ മണത്തിനായി ഉറയ്ക്കാത്ത കാലുകളുമായി ആടിയാടി കേരളം ഒട്ടും മടുക്കാതെ ക്യൂ നിന്നു. കാലം കടന്നുപോകെ ഗ്രാമങ്ങള്‍ തന്നെ കണ്‍മുന്നില്‍ നിന്ന് മായുന്നു. ജീവിതത്തില്‍നിന്നും കവിതയില്‍നിന്നും ശ്വാസത്തില്‍നിന്നുപോലും ഗ്രാമം അപ്രത്യക്ഷമാവുന്നു. കേരളീയ ഗ്രാമവിശുദ്ധിയെ പാടിയും പറഞ്ഞുമുണര്‍ത്തിയിരുന്ന എഴുത്തുകാരും കവികളും ‘പുരോഗമനക്കാരുടെ’ കുഴലൂത്തില്‍ പഴഞ്ചരക്കുകളായി എഴുതിത്തള്ളപ്പെട്ടുകഴിഞ്ഞു. നന്മകളുടെ കൂട്ടുചേരലുകള്‍ക്ക് എന്നും സാക്ഷ്യംവഹിച്ച ഓണമടക്കമുള്ള ആഘോഷങ്ങള്‍ കുടിച്ചും തിന്നും തീര്‍ക്കാനുള്ള അവധിയുടെ പതിവ് ലഹരി മാത്രമായി.
നിലവിളക്ക് കൊളുത്തി, തൂശനിലയില്‍ പരിപ്പും പപ്പടവും പുത്തരിച്ചോറും വിളമ്പി, ഗണപതിക്ക് വെച്ച്, കുടുംബമൊത്ത് സദ്യകഴിച്ച നല്ല നാളില്‍ നിന്ന് കാളന് പകരം കാളയുമാകാമെന്ന വാദം അതിപുരോഗമനവാദികളുടെ സിദ്ധാന്തവും പുതിയ ശീലവുമായി മാറുന്ന കാലം. ഇല്ലം നിറയ്ക്കാനും വല്ലം നിറയ്ക്കാനും പൂവട്ടി നിറയ്ക്കാനും പുത്തരി വെയ്ക്കാനും കേരളത്തിന് ഇന്ന് ത്രാണിയില്ല. ചിങ്ങം ഒന്ന് കലണ്ടറില്‍ കാലം കര്‍ഷകദിനം എന്ന് അടയാളം വെയ്ക്കും. സമൃദ്ധി എന്ന് കടലാസിലെഴുതി, ചാനലില്‍ കണ്ട് നിര്‍വൃതിയടയാം. അതിനപ്പുറം പരമശൂന്യമാണ് മണ്ണ്. ഓണമാഘോഷിക്കാന്‍ കൂടുതല്‍ ഭക്ഷ്യധാന്യം നല്കാന്‍ കനിയണമെന്ന് കേന്ദ്രസര്‍ക്കാരിന് കത്തയച്ച് കാത്തിരിക്കുകയാണ് മാസങ്ങള്‍ക്കുമുമ്പേ പ്രബുദ്ധകേരളം. കേരളത്തിന് പൂക്കളമിടാന്‍ തമിഴന്‍ സുന്ദരപാണ്ഡ്യപുരത്തും തോവാളയിലും പൂപ്പാടങ്ങളില്‍ പണിയെടുക്കുന്നു. തെലുങ്കന്‍ നെല്‍പ്പാടങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നു. ഇവിടെയോ തൂശനിലയ്ക്ക് പോലും ക്ഷാമം. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും അയല്‍ നാടുകളിലേക്ക് കണ്ണുംനട്ടിരിക്കണം. അടുപ്പുകള്‍ അപ്രത്യക്ഷമായി. പാചകം ടിവി റിയാലിറ്റിഷോയിലെ ഇഷ്ടവിഭവമായി. തിരുവോണനാളില്‍ തൃക്കാക്കരയപ്പനെഴുന്നെള്ളുന്ന നേരം ഫൈവ്സ്റ്റാര്‍ ഹോട്ടലിനുമുന്നില്‍ കുടുംബിനിമാര്‍ ക്യൂ നില്‍ക്കുകയാണ്. ഓണസദ്യയ്ക്ക് ബുക്കിങ് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങും. ഉപ്പേരിയും ശര്‍ക്കരവരട്ടിയും വരെ ബുക്ക് ചെയ്ത് വരുത്തണം. ഊഞ്ഞാലാടാന്‍ ഫാന്റസി പാര്‍ക്കുകളില്‍ പോകണം. പണമെറിഞ്ഞാല്‍ കിട്ടാത്തതെന്തുണ്ട് എന്നാണ് കോര്‍പ്പറേറ്റുകളുടെ ചോദ്യം. അതുകേട്ട് കൊതിപിടിച്ച മലയാളി ലോട്ടറി എടുത്തുമുടിയുന്നു. മനു ഷ്യന്റെ ആര്‍ത്തിയാണ് ഏറ്റവും മികച്ച ചൂഷണോപാധിയെന്നതുകൊണ്ട് ലോട്ടറിമാഫിയകള്‍ പന പോലെ വളരുന്നു. കാര്‍ഷികവിഭവങ്ങളുമായി ഓണച്ചന്തകളില്‍ പോയി അത് വിറ്റഴിച്ച് കോടിയും സദ്യയ്ക്കുള്ള വിഭവങ്ങളുമായി വീട്ടിലേക്ക് മടങ്ങുന്ന സാധാരണ കര്‍ഷകനെ ഇന്ന് കാണാനില്ല. നെല്ല് വിളയിച്ചിരുന്നവര്‍ കീടനാശിനിയില്‍ ജീവിതം ഒടുക്കുകയും കര്‍ഷകന്‍ വായ്പക്കുരുക്കില്‍ വീണു തുലയുകയും ചെയ്യുമ്പോള്‍ നമ്മുടെ കമ്പോളവും തീറെഴുതാതെ തരമില്ല.
മൃഗീയ വാസനകളും പെരുകുകയാണ്. മദ്യവും മയക്കുമരുന്നും കേരളത്തെ പിടികൂടിയിരിക്കുന്നു. കുടുംബനാഥന്മാര്‍ക്ക്, (ഇപ്പോള്‍ പലയിടത്തും നാഥമാര്‍ക്കും) ഓടയിലാണ് ഓണം. മദ്യത്തിനും ഓണവിപണി തുടങ്ങിക്കഴിഞ്ഞു. റിക്കാര്‍ഡ് വില്പനയുടെ മേനിയില്‍ നാട് ഭരിക്കുന്ന സര്‍ക്കാരും നാല് കാശിനുവേണ്ടി നാട്ടുകാരെ കുടിപ്പിച്ചു കിടത്തുകയാണ്. കഴിഞ്ഞ ഓണത്തിന് വിറ്റത് ഔദ്യോഗിക കണക്കില്‍ 757 കോടിയുടെ മദ്യമാണ്. വെറും പത്ത് ദിവസം കൊണ്ട് മലയാളി കുടിച്ചു തീര്‍ത്തതാണിത്. തിരുവോണത്തലേന്ന് മാത്രം അകത്താക്കിയത് 117 കോടിയുടെ മദ്യം. ഈ കണക്ക് പ്രസിദ്ധീകരിച്ച് നമ്മുടെ മാധ്യമങ്ങള്‍ നല്കുന്ന തലക്കെട്ടാണ് അതിലും ശ്രദ്ധേയം, ‘ഓണം തകര്‍ത്തു, തിമിര്‍ത്തു…’ മണ്ണ് മുടിച്ച്, പുഴകള്‍ മലിനമാക്കി അവനവനിസത്തിന്റെ നടത്തിപ്പ് സമര്‍ത്ഥമാക്കുകയാണ് സര്‍ക്കാര്‍. ഇതിനെത്തന്നെയാണ് ആസുരികകാലമെന്ന് പുരാണങ്ങള്‍ വിളിച്ചത്.
കൃഷി മറന്ന കേരളം കുടുംബശ്രീകളുടെ തോളിലേറി പുതിയകാലത്തിന്റെ ഓണത്തെ വരവേല്‍ക്കുകയാണിന്ന്. ഓണം ശീലമായതുകൊണ്ടുമാത്രം ആഘോഷിക്കുകയാണിന്ന് നമ്മള്‍. യാന്ത്രികമായി…. ഒരു തുമ്പ വിരിഞ്ഞു കൊഴിയുന്നതുപോലെ ഓണം വരികയും പോവുകയും ചെയ്യുന്നു. ആരുമറിയുന്നില്ല.
ഞങ്ങള്‍ മറന്നുപോയ് പാടുവാന്‍ തേനൂറു-
മന്നത്തെയോണപ്പുതുമലര്‍പ്പാട്ടുകള്‍
എന്നേ മറന്നുപോയ് പൂക്കളം തീര്‍ക്കുവാ-
നെന്നേ മറന്നുപോയ് നിന്‍മുഖമോമനേ…
എങ്കിലുമേതോ വിദൂര സ്മരണ തന്‍
സങ്കടദീര്‍ഘമാം പാതയിലൂടവേ
പണ്ടേ മരുവായ് മാറിക്കഴിഞ്ഞോരു
സങ്കേതഭൂവില്‍ പഴയ ശീലത്തിനാല്‍
കാലം മുടങ്ങാതെ വന്നുപോകും പക്ഷി-
ജാലങ്ങളെപ്പോലെയാരോ നയിപ്പതായി
ഒന്നുമറിയാതെ യാന്ത്രികമായ്തന്നെ
വന്നുപോകുന്നതാം നീയുമെന്നോണമേ…
(ഓണം- സുഗതകുമാരി)
മടങ്ങിനടക്കാനിനി കേരളത്തിനാവുമോ? അറിയില്ല. ബോധപൂര്‍വ പരിശ്രമമില്ലാതെ അത് നടപ്പുമല്ല. പഴയ കാലം ഇനി വരില്ലെന്ന് അറിയാമെങ്കിലും ഓണത്തിലേക്ക് ഓടിയെത്താന്‍ കൊതിക്കുന്ന മലയാളി ഇന്നുമുണ്ട്….
എത്ര ദൂരം, വിഘ്‌നമെത്രയാണെന്നാലു-
മെത്താതെ വയ്യെനി, ക്കിന്നോണമല്ലയോ?
നാട് നല്‍പ്പൂപ്പൊലിപ്പാട്ടു പാടും തറ-
വാടു, തായ് വീടു, വിളിക്കെക്കുതിപ്പു ഞാന്‍
(മറുനാട്ടില്‍ നിന്ന്- എന്‍.കെ. ദേശം)
തൃക്കാക്കരയപ്പന് പൂക്കളമൊരുക്കാന്‍ വേലിപ്പടര്‍പ്പുകള്‍പോലും പൂവിടുന്ന കേരളാങ്കണം. പുന്നെല്ലരിയില്‍ ഭഗവാന് പപ്പടവും പരിപ്പും ചേര്‍ത്ത് ഓണസദ്യ. ഉല്ലാസത്തിന്റെ ഊഞ്ഞാലാട്ടം. സമൃദ്ധിയുടെ പൊന്‍കിരണങ്ങള്‍ നിറഞ്ഞ് മണ്ണും വിണ്ണും. പാല്‍പ്പുഴ പാടുന്ന വഴികള്‍, പാല്‍ക്കതിരാടുന്ന പാടങ്ങള്‍, പൊന്‍കസവണിഞ്ഞ വെയില്‍ക്കച്ച, മനം കുളിര്‍പ്പിച്ച് മഴത്തെന്നല്‍, പഞ്ചവര്‍ണകിളിപ്പറ്റങ്ങള്‍, പൂപ്പൊലിപ്പാട്ടിന്റെ ആരവങ്ങളില്‍ പുതുനൃത്തമാടും തുമ്പികള്‍, നിറയെ പൂവിടും തുമ്പക്കുടങ്ങള്‍, ഇല്ലംനിറയ്‌ക്കൊരുങ്ങി നെല്‍ക്കതിരുകള്‍, വല്ലം നിറച്ച് സന്തോഷം….. എല്ലാവര്‍ക്കും ഒരു വഴി, തൃക്കാക്കരയ്ക്കുള്ള വഴി. അവിടെയാണ് മലനാടിനുത്സവം – തിരുവോണം. പൂക്കളമിട്ട് തൃക്കാക്കരയപ്പനെ തിരുമുറ്റത്ത് പ്രതിഷ്ഠിച്ച,് ഐശ്വര്യത്തേരിലേറിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന മാബലിമന്നനായി കാത്തിരുപ്പ്…. നമുക്ക് വഴി ഓര്‍മ്മയില്‍നിന്ന് ഓണത്തെ മണ്ണിലേക്ക് വിളിച്ചിറക്കുക മാത്രമാണ്. നഷ്ടസ്വരാജ്യത്തിന്റെ സ്മൃതി പുതുക്കി തൃക്കാക്കരയ്ക്ക് പോകുന്ന പാത തേടുക മാത്രമാണ്.