മൈസൂരില്‍ കൊട്ടാരം ഡോക്ടറായിരുന്ന ഡോ. പി. പല്‍പ്പുവിന്റെയും ഭഗവതിയമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായി 1895 ഫെബ്രുവരി 18-ന് ജനിച്ച പി. നടരാജനാണ് (1895 – 1973) പില്‍ക്കാലത്ത് നാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും നാരായണഗുരുപരമ്പരയിലെ അനന്തരഗാമി എന്ന നിലയില്‍ നടരാജഗുരു എന്ന പേരില്‍ പ്രശസ്തനായിത്തീരുകയും ചെയ്തത്.
നാരായണ ഗുരുകുല പ്രസ്ഥാനം
താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ദൗത്യങ്ങള്‍ പിന്‍തുടരുന്നതിനുവേണ്ടി ഡോക്ടറുടെ ഒരു മകനെ തനിക്ക് വിട്ടുനല്‍കണമെന്ന നാരായണ ഗുരുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഡോ.പല്‍പ്പു വിട്ടുനല്‍കിയ മകനാണ് നടരാജന്‍. മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് 1922-ല്‍ എം.എ, എല്‍.ടി. ബിരുദങ്ങള്‍ കരസ്ഥമാക്കിയശേഷം നടരാജന്‍ ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ അന്തേവാസിയായി ചേര്‍ന്നു. പല കാരണങ്ങളാലും അവിടെ തുടരാന്‍ കഴിയാതെവന്ന തന്റെ ശിഷ്യന്റെ അവസ്ഥകണ്ട് ഗുരു തന്നെ അദ്ദേഹത്തോട് ദൂരെ എവിടെയെങ്കിലും പോയി സ്വധര്‍മ്മത്തിനൊത്ത പരിശ്രമങ്ങള്‍ നടത്തുവാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അദ്ദേഹം അന്ന് കൂനൂരില്‍ കഴിഞ്ഞിരുന്ന ബോധാനന്ദസ്വാമിയുടെ അടുത്തെത്തിച്ചേര്‍ന്നു. അവിടെ താമസിച്ചുകൊണ്ട് തന്റെ പഠനയോഗ്യതകളുടെ പശ്ചാത്തലത്തിലും സ്വന്തം ഗുരുവിന്റെ വിദ്യാഭ്യാസദര്‍ശനത്തിന്റെ സ്വാധീനത്തിലും ഒരു റെസിഡന്‍ഷ്യല്‍ സെക്കന്ററി സ്‌കൂളിനെപ്പറ്റിയുള്ള ആശയം മനസ്സിലിട്ട് ഊട്ടിവളര്‍ത്തിയെടുക്കാന്‍ തുടങ്ങി.
ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയില്‍ മാതൃകാപരവും സ്വതന്ത്രവും ഉപനിഷദ് മാര്‍ഗ്ഗത്തിന് യോജിക്കുന്നതുമായിരുന്നു ആ വിദ്യാലയസങ്കല്പം. 18 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്ക് പഠിക്കത്തക്കവണ്ണം തൊഴില്‍പരവും സാധാരണ രീതിയിലുള്ളതുമായ പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തിയ ഒരു സെക്കന്ററി ബോര്‍ഡിങ്ങ് സ്‌കൂളായിരുന്നു അദ്ദേഹം സങ്കല്‍പിച്ചത്. പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്‌കാരങ്ങളില്‍നിന്ന് കൈക്കൊള്ളാവുന്ന മൂല്യങ്ങളെപ്പറ്റി ഉദ്‌ബോധനം നല്‍കുന്ന വിഷയങ്ങളോടൊപ്പം തൊഴില്‍ പരിശീലനവും കൊടുത്തുകൊണ്ട് നവീനവിദ്യാഭ്യാസ മാതൃകകളായി ഗണിച്ചുപോരുന്ന, ശിശുക്കളെ കേന്ദ്രമാക്കിയുള്ള പ്രബോധനം, പ്രവൃത്തിയിലൂടെ പഠനം, ഡാല്‍ട്ടണ്‍ സമ്പ്രദായം, പീപ്പിള്‍സ് സ്‌കൂള്‍, ഗാരി പ്ലാന്‍, ഡ്യൂയി, ഫ്രോബല്‍, റൂസ്സോ, ടോള്‍സ്റ്റോയി എന്നിവരെല്ലാം ആവിഷ്‌ക്കരിച്ചിട്ടുള്ള വിദ്യാഭ്യാസതത്ത്വങ്ങളും പ്രായോഗിക രീതികളുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ഈ വിദ്യാലയസങ്കല്പം. പ്രാചീന ഭാരതത്തിലെ ഗുരുകുല വിദ്യാഭ്യാസ രീതിയാണ് അതിനെല്ലാം അടിസ്ഥാനമായിരിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം. ചുരുക്കത്തില്‍ സോക്രട്ടീസിന്റെയും ഉപനിഷത്തുകളുടെയും വിദ്യഭ്യാസരീതികള്‍ ചേര്‍ത്തിണക്കിയ ഒരു വിദ്യാഭ്യാസമാതൃക. ഇതെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹം എഴുതിയുണ്ടാക്കിയ പ്രോസ്പക്റ്റസ് ഒരു പ്രസ്സുകാരന്റെ ഔദാര്യത്തില്‍ അച്ചടിച്ചെടുക്കാന്‍ സാധിച്ചു. കൂനൂരിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ക്ലീവ്‌ലാന്റ് എസ്റ്റേറ്റിലെ തേയില ഫാക്ടറി കെട്ടിടത്തില്‍, തന്റെ ഗുരുവിന്റെ നാമത്തോട് ഏറ്റവും കുറച്ചക്ഷരങ്ങള്‍ ചേര്‍ത്ത് ‘നാരായണ ഗുരുകുലം’ എന്ന് പേരിട്ട് അദ്ദേഹം തന്റെ സങ്കല്പത്തിലുള്ള വിദ്യാഭ്യാസസ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗുരുകുലം സ്ഥാപിക്കുന്നതിന് നടരാജന് അനുമതി നല്‍കിയപ്പോള്‍ ഗുരു മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു:
1. വിവാഹം തടയരുത്.
2. ഗുരുവും ശിഷ്യന്മാരും അന്യോന്യം സഹകരിച്ച് ഒരു കുടുബംപോലെ പാരസ്പര്യപ്പെട്ടു ജീവിക്കുന്ന ഇടമായിരിക്കണം ഗുരുകുലം.
3. ലോകം മുഴുവന്‍ ഗുരുകുലമാകണം.
വലിയ ഉദ്ദേശ്യങ്ങളോടെ ഇങ്ങനെ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം അവയൊന്നും വിജയിപ്പിക്കാനായില്ല. അവിടെ വിദ്യാര്‍ത്ഥികളായി വന്നുചേര്‍ന്ന 20-ലധികം കുട്ടികളോടൊപ്പം നിലനില്പിനായി ഭിക്ഷാടനം മുതല്‍ നാടകാഭിനയം വരെ നടത്തിയതിന്റെ കഥ അദ്ദേഹം ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ സ്ഥാപനത്തിന്റെ നിലനില്പിനായി അദ്ദേഹം അന്ന് സമൂഹത്തില്‍ ഉന്നതനിലയില്‍ കഴിഞ്ഞിരുന്ന പലരെയും സമീപിക്കുന്നുമുണ്ട്. 1924 ജൂണ്‍ 8-ന് ഗുരുകുല വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളോടെ നടത്തിയ ഗുരുകുലത്തിന്റെ ഒന്നാംവാര്‍ഷികത്തിന് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സര്‍ എ.പി.പത്രോ ആയിരുന്നു അദ്ധ്യക്ഷന്‍. സര്‍ ടി.സദാശിവ അയ്യര്‍, ഡോ. ജയിംസ് എച്ച്. കസിന്‍, ദിവാന്‍ ബഹദൂര്‍ കെ.എസ്. രാമസ്വാമി ശാസ്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ഇതെക്കുറിച്ചെല്ലാം പത്രങ്ങള്‍ നല്ല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെങ്കിലും ഗുരുകുലത്തിലെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അതുകൊണ്ട് പലയിടങ്ങളിലായി മാറിമാറി താമസിച്ചുകൊണ്ട് ഗുരുകുലത്തിന് സ്വന്തമായൊരു സ്ഥലം തേടിക്കൊണ്ടിരുന്നു. ആ അന്വേഷണമാണ് ഇപ്പോള്‍ ഫേണ്‍ഹില്‍ ഗുരുകുലം സ്ഥിതിചെയ്യുന്ന, ഊട്ടിപ്പട്ടണത്തില്‍നിന്ന് അധികം അകലെയല്ലാത്ത സ്ഥലത്ത് എത്തിച്ചത്. നാലേക്കറോളം വരുന്ന പാഴ്ഭൂമി ഗുരുകുലത്തിനുവേണ്ടി ഗവണ്മെന്റില്‍നിന്ന് അനുവദിച്ചുകിട്ടി. നാമമാത്രമായ വിലയെന്നു പറഞ്ഞ് ഒരു തൂക മൂന്‍കൂറായി അടച്ചും, ബാക്കി തുക വാടകയെന്നതുപോലെ അനിശ്ചിത കാലത്തേക്ക് അടയ്ക്കുക എന്ന വ്യവസ്ഥയിലുമാണ് ഇതനുവദിച്ചു കിട്ടിയത്.
ഈ ഭൂമിയിലാണ് 1926 ജൂണ്‍ 13-ാം തീയതി ഞായറാഴ്ച പകല്‍ മൂന്നര മണിക്ക് ഗുരുകുലകെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം തിരുവിതാംകൂര്‍ യുവമഹാരാജാവ് ചിത്തിരതിരുന്നാള്‍ നിര്‍വ്വഹിച്ചത്. അതോടൊപ്പം നടത്തിയ ഗുരുകുലത്തിന്റെ മൂന്നാം വാര്‍ഷികയോഗത്തില്‍ സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നു അദ്ധ്യക്ഷന്‍. യുവമഹാരാജാവ് പൊതുയോഗത്തില്‍ സംസാരിക്കുന്നത് അന്നാദ്യമായിട്ടായിരുന്നു. തിരുവിതാംകൂര്‍ അമ്മ മഹാറാണി, ബോബ്‌ലി മഹാരാജാവ്, യുവരാജാവിന്റെ ട്യൂട്ടര്‍ ഡോ. ഡബ്ലിയു. ഡോഡ്‌വെല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. എന്നിരുന്നാലും ഗുരുകുലത്തിന്റെ നടത്തിപ്പ് ശോഭനമായിരുന്നില്ല. സാമ്പത്തിക ഞെരുക്കത്തിനു പുറമെ അന്തേവാസികള്‍ക്കിടയില്‍ ഭിന്നത, വസൂരിബാധ തുടങ്ങിയവയുടെയെല്ലാം ഫലമായി കഠിനമായ മാനസികാസ്വസ്ഥതയ്ക്ക് നടരാജന്‍ വിധേയനാകുകയും ആദ്യഘട്ടപരീക്ഷണം അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിതനായിത്തീരുകയും ചെയ്തു. തുടര്‍ന്ന് ഗുരു വര്‍ക്കലയില്‍ സ്ഥാപിച്ച ശിവഗിരി ഇംഗ്ലീഷ് മിഡില്‍ സ്‌കൂളിന്റെ താല്‍ക്കാലിക ഹെഡ്മാസ്റ്ററായി അദ്ദേഹം സ്ഥാനമേറ്റു. 1927-ല്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍, നാരായണഗുരു ഊട്ടി സന്ദര്‍ശിക്കുകയും ഗുരുകുലത്തിന് ശിലാസ്ഥാപനം നടത്തിയ സ്ഥലം ഏതെന്ന് അന്വേഷിച്ചറിഞ്ഞ് ആ സ്ഥാനത്തിനടുത്തുവരെ ചെന്ന ഗുരു, ഇവിടെ സ്വര്‍ഗ്ഗം പോലെയിരിക്കന്നല്ലോ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ‘ആ ഭൂമിയില്‍ ഗുരുവിന്റെ പാദങ്ങള്‍ പതിഞ്ഞില്ലെങ്കിലും, അവിടുത്തെ ആ നോട്ടം ഇന്നും ഈ എളിയ ശിഷ്യന്‍ അനര്‍ഘമായി കരുതുന്നുണ്ട്. എന്നില്‍ പതിഞ്ഞ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും ബാഹ്യപ്രകടനമായിരുന്നു ആ നോട്ടം’ എന്നാണ് നടരാജഗുരു ഈ സംഭവത്തെ ആത്മകഥയില്‍ വിശേഷിപ്പിക്കുന്നത്.
നേരായ വഴികള്‍ കാട്ടിയ ഗുരു
സമുദായ നേതാക്കന്മാരും സന്ന്യാസശിഷ്യന്മാരുമായി ഒരുപാടുപേര്‍ എക്കാലത്തും നാരായണഗുരുവിന് ചുറ്റും ഉണ്ടായിരുന്നെങ്കിലും ഇവരാരും തന്റെ ജ്ഞാനപാരമ്പര്യം പിന്‍തുടരുന്നതിന് മതിയാവുകയില്ലെന്ന തോന്നല്‍ ഗുരുവിനെ അലട്ടിക്കൊണ്ടിരുന്നു. പോരാത്തതിന്, പല മാര്‍ഗങ്ങളിലും ഗുരുവിന് വന്നുചേര്‍ന്ന ഭൗതികസമ്പത്തിന്റെ പിന്‍തുടര്‍ച്ചയെ ചൊല്ലി സന്ന്യാസിശിഷ്യരും സമൂദായ നേതാക്കന്മാരും തമ്മില്‍ കലഹം ആരംഭിച്ചിരുന്നു. ഇതിന്റെ മൂര്‍ദ്ധന്യത്തിലാണ് 1926-ല്‍ എഴുപതാം വയസ്സില്‍, ഇരുന്നയിരുപ്പില്‍ എന്തു കല്‍പ്പിച്ചാലും നടന്നു കിട്ടുന്നതിന് ഒരു പ്രയാസവുമില്ലാതിരുന്ന കാലത്ത് എല്ലാം വിട്ടെറിഞ്ഞ്, ഇനി താന്‍ കേരളത്തിലേക്ക് മടങ്ങിവരില്ല എന്നുപറഞ്ഞുകൊണ്ട് ഗുരു സിലോണിലേക്കു പോയത്. അവിടെയും ഗുരുവിന് ലഭിച്ച സമ്പത്ത് പങ്കിടുന്നതിനെക്കുറിച്ച് അനുയായികള്‍ക്കിടയില്‍ ഉടലെടുത്ത കലഹം പറഞ്ഞൊതുക്കുന്നതിനും ഗുരുവിനെ പറഞ്ഞു സമ്മതിപ്പിച്ച് കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമായി ഇടപെട്ടത് പി.നടരാജനാണ്. ഇതെല്ലാം കണ്ടിട്ടാണ് ഒരവസരത്തില്‍ ഗുരു, താന്‍ സ്‌നേഹപൂര്‍വ്വം തമ്പി എന്നു വിളിച്ചിരുന്ന നടരാജനോട്, ‘നമുക്കാരുമില്ലല്ലോ, തമ്പീ നീയെങ്കിലും നമ്മോടൊപ്പം ഉണ്ടാകുമോ?” എന്നു ചോദിക്കാനിടവന്നത്. ‘ഉണ്ടാകും’ എന്ന ആ ശിഷ്യന്‍ മറുപടിയും പറഞ്ഞു.
1926-ല്‍ സിലോണില്‍വെച്ച് ഒരു മഞ്ഞ ഷാള്‍ നല്‍കിക്കൊണ്ട് നടരാജന് ഗുരു പ്രതീകാത്മകമായി ബ്രഹ്മചര്യദീക്ഷ നല്‍കിയിരുന്നു. 1928 മെയ് മാസത്തില്‍ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടും സാമ്പത്തിക സഹായത്തോടും കൂടി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയ നടരാജന്‍ പാരീസിലെ സോര്‍ബോണില്‍ ഗവേഷണം നടത്തി ‘വിദ്യാഭ്യാസഗതിയില്‍ വ്യക്തിനിഷ്ഠമായ അംശം’ (Personal factor in the educative process) എന്ന വിഷയത്തില്‍ ട്രിപ്പിള്‍ ഓണേഴ്‌സോടെ ഡി.ലിറ്റ് ബിരുദവും ലണ്ടനില്‍നിന്ന് എം.ആര്‍.എസ്.ടി. ബിരുദവും നേടിയശേഷം 1933 മെയ് മാസം നാട്ടില്‍ തിരിച്ചെത്തി. ഗുരു സ്ഥാപിച്ച ശിഷ്യപരമ്പരയിലും സന്ന്യാസാശ്രമത്തിലും ഉചിതമായ സ്ഥാനം കിട്ടാതെ വന്ന ഡോ. പി. നടരാജന്‍, ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ ഫേണ്‍ഹില്ലില്‍ താന്‍ സ്ഥാപിച്ച നാരായണ ഗുരുകുലത്തില്‍ താമസിച്ചുകൊണ്ട് തന്റെ ജ്ഞാനസപര്യ തുടരുകയാണ് ചെയ്തത്.
ശ്രീനാരായണധര്‍മ്മസംഘം
സ്വന്തം സന്ന്യാസപരമ്പര നിലനിറുത്തുന്നതിനായി നാരായണ ഗുരു സ്ഥാപിച്ച സന്ന്യാസിശിഷ്യന്മാരുടെ സംഘടനയാണ് ശ്രീ നാരായണ ധര്‍മ്മസംഘം. വര്‍ക്കലയിലെ ശിവഗിരി മഠമാണ് ഇതിന്റെ ആസ്ഥാനം.
1903-ല്‍ നാരായണ ഗുരുവിന്റെ അദ്ധ്യക്ഷതയില്‍ ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിച്ചെങ്കിലും ആരംഭം മുതലേ അതൊരു സാമുദായിക സംഘടനയെന്ന നിലയിലാണ് നിലനിന്നിരുന്നതും പ്രവര്‍ത്തിച്ചുപോന്നതും. തന്റെ ചുറ്റും അനുയായികളായി വന്നുകൂടിയവരുടെ പ്രേരണയാല്‍ ഗുരു അതിനു സമ്മതംകൊടുത്തു എന്നു കരുതാം. എന്നാല്‍, തന്റെ ജ്ഞാനപാരമ്പര്യം പിന്‍തുടരുന്നതിന് ഗൃഹസ്ഥന്മാരുടെ ഈ സംഘടന മതിയാവുകയില്ലെന്നും അതിന് ത്യാഗികളായ സന്ന്യാസിമാരുടെ ഒരു സംഘം തന്നെ വേണമെന്നുമുള്ള ആഗ്രഹം ആദ്യംമുതലേ ഗുരുവിന്റെ മനസ്സിലുണ്ടായിരുന്നു.
1925 സപ്തംബര്‍ 27-ന് ബോധാനന്ദസ്വാമിയെ ഗുരു തന്റെ പിന്‍ഗാമിയായി വാഴിച്ചതോടുകൂടി സന്ന്യാസിസംഘം ഔദ്യോഗികമായി സ്ഥാപിച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. തന്റെ പേരിലുള്ള സ്വത്തുക്കളുടേയും ധര്‍മ്മസ്ഥാപനങ്ങളുടേയും ഭരണാധികാരം സന്ന്യാസിശിഷ്യന്മാര്‍ക്ക് നല്‍കിക്കൊണ്ട് അനന്തരഗാമിയായ ബോധാനന്ദസ്വാമികളുടെ പേര്‍ക്ക് 1926 മെയ് 2-ന് ഗുരു വില്‍പ്പത്രം എഴുതിവയ്ക്കുകയും ചെയ്തു. ഒരു പ്രത്യേക സമുദായക്കാരുടെ മാത്രം സംഘടനയായി അതിനകം മാറിയിരുന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിന് ഗുരുവിന്റെ ഈ നടപടിയില്‍ അതൃപ്തി ഉണ്ടാവുകയും ഇത് പിന്നീട് പല അസ്വാരസ്യങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്തു. തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രത്തില്‍വച്ച് ശ്രീ നാരായണ ധര്‍മ്മസംഘം എന്ന പേരില്‍ സന്ന്യാസിസംഘം രൂപീകരിച്ച് 1928 ജനുവരി 10-ന് രജിസ്ട്രാരെ തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രാങ്കണത്തിലെ ആശ്രമത്തില്‍ വരുത്തി ഔപചാരികമായി രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. എന്നാല്‍ സഹസന്ന്യാസിമാരുടെ ഇടയിലുണ്ടായ ചില അന്തഃഛിദ്രങ്ങളുടെ ഫലമായി പി. നടരാജന്‍ ആ സംഘടനയില്‍ ചേര്‍ന്ന് ഉടമ്പടിയില്‍ ഒപ്പുവെച്ചില്ല. എന്നിരുന്നാലും ഗുരുവിന്റെ നിര്‍ദ്ദേശം മാനിച്ച് ആ ചരിത്രസംഭവത്തിന്റെ സ്മരണയ്ക്കായി എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ ഇരിക്കുകയും ചെയ്തു.
ഗുരുവിന്റെ സമാധി കഴിഞ്ഞ് നടന്ന ഒരുപാട് കോടതിവ്യവഹാരങ്ങള്‍ക്കുശേഷം ശ്രീ നാരായണ ധര്‍മ്മസംഘം, ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റായി മാറുകയും ഇന്ന് ശിവഗിരി മഠത്തിന്റെയും അനുബന്ധസ്ഥാപനങ്ങളുടെയും ഭരണം നിര്‍വ്വഹിക്കുകയും ചെയ്യുന്നു.
നടരാജഗുരുവിന്റെ സംഭാവനകള്‍
1951 ഏപ്രില്‍ 22-ന് വര്‍ക്കല ശശി തിയേറ്ററില്‍ അന്നത്തെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.പി. എന്‍.നാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെയും ശിവഗിരി സന്ന്യാസിമാരുടെയും വിവിധ ശ്രീ നാരായണ സംഘടനകളുടെയും പൊതുയോഗത്തില്‍ ഡോ.പി.നടരാജനെ മേലില്‍ ശ്രീ നാരായണ ഗുരുവിന്റെ പരമ്പരയിലെ അടുത്ത ഗുരുവായി ഗണിക്കുന്നതിനും നടരാജഗുരു എന്ന പേരില്‍ ആദരിക്കുന്നതിനുമുള്ള പ്രമേയം സദനമാതാവ് നാരായണിയമ്മ അവതരിപ്പിച്ചു. യോഗം ഈ പ്രമേയം അംഗീകരിച്ചതോടെ അദ്ദേഹത്തിന്റെ ഗുരുസ്ഥാനത്തിന് സാമൂഹ്യാംഗീകാരം ലഭിക്കുകയും അദ്ദേഹം നടരാജഗുരു എന്ന പേരില്‍ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. 1956 ജനുവരി ഒന്നിന് 60-ാം വയസ്സില്‍ ആചാരവിധി പ്രകാരം സന്ന്യാസം സ്വയം സ്വീകരിച്ച് കാവിവസ്ത്രം ധരിക്കാന്‍ തുടങ്ങിയ നടരാജഗുരു വര്‍ക്കലയില്‍ ശ്രീനിവാസപുരത്ത് സ്വന്തമായി വാങ്ങിയ രണ്ടേക്കര്‍ സ്ഥലം ആസ്ഥാനമാക്കി നാരായണ ഗുരുകുല ഫൗണ്ടേഷന്‍ സംസ്ഥാപനം ചെയ്തു. വര്‍ക്കലയ്ക്കു പുറമെ ഫേണ്‍ഹില്‍, ബാംഗ്ലൂര്‍, ചെന്നൈ, തോല്‍പ്പെട്ടി, വൈത്തിരി, പേരിയ, കനകമല, കുയ്യാലി, ചെറുവത്തൂര്‍, ഇടപ്പള്ളി, മലയാറ്റൂര്‍, തോട്ടുവ, തൃപ്പൂണിത്തുറ, എങ്ങണ്ടിയൂര്‍, പാലക്കാഴി, വീഴുമല, വകയാര്‍, ഓച്ചിറ, അമേരിക്കയിലെ ബെയ്ന്‍ബ്രിഡ്ജ്, പോര്‍ട്ട്‌ലന്റ് എന്നിവിടങ്ങളിലും ഗുരുകുലത്തിന് ശാഖകളുണ്ട്.
ജീവിച്ചിരിക്കുന്ന ഗുരു സ്വന്തം അനന്തരഗാമികളായി യോഗ്യരായ ശിഷ്യരെ കണ്ടെത്തി പരമ്പര വ്യവസ്ഥപ്പെടുത്തുന്ന രീതിയാണ് നാരായണ ഗുരുകുലം പിന്‍തുടരുന്നത്. ഇതനുസരിച്ച് സ്വാമി ജോണ്‍ സ്പിയേഴ്‌സ്, മംഗലാനന്ദസ്വാമി, നിത്യചൈതന്യയതി എന്നിവരെ ഗുരുപരമ്പരയിലെ തന്റെ അനന്തരഗാമികളായി നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വില്‍പ്പത്രം 1959 ഫെബ്രുവരി 24-ന് നടരാജഗുരു രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ മംഗലാനന്ദസ്വാമി നടരാജഗുരുവിന്റെ ജീവിതകാലത്തു തന്നെ സമാധി പ്രാപിച്ചതിനാലും സ്വാമി ജോണ്‍ സ്പിയേഴ്‌സ് ഗുരുപരമ്പര ഉപേക്ഷിച്ചു പോയതിനാലും ഈ വില്‍പ്പത്രം പിന്നീട് ഭേദഗതി ചെയ്യുകയുണ്ടായി. നടരാജഗുരുവിനെത്തുടര്‍ന്ന് ഗുരുപരമ്പര നിതചൈതന്യയതിയിലൂടെ ഇപ്പോള്‍ മുനി നാരായണപ്രസാദിലെത്തി നില്‍ക്കുന്നു.
നാരായണഗുരു അവതരിപ്പിച്ച സത്യദര്‍ശനം പൗരസ്ത്യവും പാശ്ചാത്യവുമായ തത്വചിന്തയുമായി താരതമ്യപ്പെടുത്തി പഠിക്കുകയും ആധുനിക ശാസ്ത്രത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതിനായി അദ്ദേഹം ഗുരുവിന്റെ 20 കൃതികള്‍ ഇംഗ്ലീഷിലക്ക് പരിഭാഷപ്പെടുത്തുകയും അവയ്ക്കു വ്യാഖ്യാനഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ഇവയാണ് ആ കൃതികള്‍ : The Word of the Guru (നാരായണഗുരുവിന്റെ ജീവചരിത്രപഠനം), One Hundred Verses of Self Instructions (ആത്മേപദേശശതകത്തിന്റെ വ്യാഖ്യാനം), Search for a Norm in Western Thought, Vedanta Revalued and Restated, The Philosophy of a Guru, World Government Memorandum, Towards a One World Economics, The Bhagavat Gita (വ്യാഖ്യാനം) , Saundarya Lahari (വ്യാഖ്യാനം), Dialectical Methodology, The Autobiography of an Absolutist etc. ഈ കൃതികള്‍ മംഗലാന്ദസ്വാമി, ഗുരു നിത്യ, ഗുരു മുനി എന്നിവര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ആദ്യം ഗുരുകുലം മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയും പിന്നീട് അവ സമാഹരിച്ച് നാരായണ ഗുരുകുലം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
നടരാജഗുരു 1973 മാര്‍ച്ച് 19-ന് വര്‍ക്കലയില്‍ സമാധിയായി. വര്‍ക്കല ഗുരുനാരായണഗിരിയിലുള്ള അദ്ദേഹത്തിന്റെ സമാധിയെ കേന്ദ്രമാക്കിയാണ് ബ്രഹ്മവിദ്യാമന്ദിരം പിന്നീട് പണികഴിപ്പിച്ചത്.