വയനാട് പുഞ്ചിരിമട്ടം മലയില്‍നിന്ന് പൊട്ടിയൊഴുകിയ ദുരന്തവാഹിനി എട്ട് കിലോമീറ്റര്‍ ദൂരെ എത്തുമ്പോഴേക്കും രണ്ട് വാര്‍ഡുകളിലായി രണ്ട് അങ്ങാടികളും നാനൂറിലധികം വീടുകളും നൂറുകണക്കിന് മനുഷ്യ ജീവിതങ്ങളും തുടച്ചു നീക്കിയാണ് ചാലിയാറിലേക്ക് കുതിച്ചത്. ടണ്‍ കണക്കിന് ഭാരമുള്ള കരിമ്പാറകള്‍ ആകാശത്തോളം ഉയര്‍ന്ന് പൊങ്ങി മലവെള്ളപ്പാച്ചിലിനോടൊപ്പം താഴ്‌വാരത്തെത്തുമ്പോഴേക്ക് 369 മനുഷ്യജീവന്‍ മണ്ണടിഞ്ഞിരുന്നു. ചൂരല്‍ മലയും മുണ്ടക്കൈയും വെള്ളരിമലയും തകര്‍ത്ത്, ആയിരക്കണക്കിന് വൃക്ഷങ്ങളെ ചവച്ചുതുപ്പി ഒരു മരണനദിയായി വന്ന കാട്ടാറ് നിലമ്പൂരിലും മുണ്ടേരിയിലും പോത്തുകല്ലിലും കൈപ്പിനിയിലും ചുങ്കത്തറയിലും എഴുമാം പാടത്തും കുട്ടന്‍കുളത്തും വിശ്രമിക്കാതെ വാണിയാം പുഴവഴി അപ്പന്‍ കാവിലെത്തുമ്പോഴേക്ക് ചാലിയാറില്‍ മാത്രം 170 ല്‍പ്പരം മനുഷ്യജീവനുകള്‍ തകര്‍ക്കപ്പെട്ടിരുന്നു.
ഈ ദുരന്തത്തെ അതിജീവിച്ച 2599 പേര്‍ മേപ്പാടിയിലെ ക്യാമ്പുകളിലും 10014 പേര്‍ മറ്റിടങ്ങളിലുമായി ഇന്നും ഭയചകിതരായി, കരഞ്ഞ് മടുത്തവരായി, മനസ്സ് മരവിച്ചവരായി ഉറക്കമില്ലാതെ ഉഴലുന്നു. ഇത് നേരില്‍ക്കണ്ടാല്‍ മാത്രമേ നമുക്ക് ബോധ്യപ്പെടൂ. പക്ഷെ…. എല്ലാം നാം മറക്കും…. ഷിരൂരിലെ ദുരന്തവും അര്‍ജുനും കടന്ന് മഹാവ്യാധിയുടെ കാലവും, രണ്ട് പ്രളയവും പെട്ടിമുടിയും പുത്തുമലയും കൊക്കയാറും തുടങ്ങിയതെല്ലാം മറവിക്ക് വിട്ട നാം എല്ലാം മറക്കും…. എല്ലാം അതിജീവിക്കുമെന്ന് ചിന്തിക്കും, ഭയം വേണ്ട…. ജാഗ്രതമതി എന്ന് മന്ത്രിക്കും. പക്ഷെ…. അപ്പോഴും അവശേഷിക്കുന്ന ചില ചോദ്യങ്ങളും കാര്യങ്ങളുമുണ്ട്: ഉറ്റവരും ഉടയവരുമില്ലാതായ, വീടും വീടരും വീണടിഞ്ഞമണ്ണും നഷ്ടപ്പെട്ടപ്പെട്ടവര്‍ക്ക്, പരിക്കുകള്‍ പറ്റിയ മനുഷ്യര്‍ക്ക് എന്നായിരിക്കും ഒരു പുഞ്ചിരിമട്ടം ഉണ്ടാവുക?
എത്രകാലം ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ദുരിതംപേറി ചുരുണ്ടുറങ്ങേണ്ടിവരും? കഴിഞ്ഞ സുനാമിയിലും പ്രളയത്തിലും ജീവന്‍ മാത്രം ബാക്കിയായവര്‍ എത്രയോപേര്‍ ഇന്നും അനാഥരായിക്കഴിയുമ്പോള്‍….. നമുക്കാര് ഉത്തരം തരും?
ഇനി, ഒരു വരുംകാല ചിന്തയിലേക്ക് പോവുക, കേരളത്തിന്റെ ഭാവിചരിത്രത്തില്‍ എത്രയിടങ്ങളില്‍ പെട്ടിമുടിയും മുണ്ടക്കൈയും ആവര്‍ത്തിക്കും? മുല്ലപ്പെരിയാറും പടിഞ്ഞാറത്തറയിലെ ബാണാസുര സാഗറും മാത്രം മതി ഇനിയും ആയിരങ്ങളെ മരണത്തിലേക്ക് വലിച്ചെറിയാന്‍ എന്ന് ഇപ്പോഴെങ്കിലും ഓര്‍ത്താല്‍ നന്ന്…. 1982 ലാണ് ചൂരല്‍മലയുടെ ഒരു ഭാഗം അടര്‍ന്ന് വീണത്. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറത്താണ് പുത്തുമലയില്‍ ഒട്ടനവധി മനുഷ്യജീവനുകള്‍ പൊലിഞ്ഞത്. 1992 ലാണ് പടിഞ്ഞാറത്തറയിലെ കാപ്പിക്കളം മലക്ക് മുകളിലേക്ക് ബാണാസുരന്റെ ഒരുഭാഗം പൊട്ടിയടര്‍ന്ന് 12 ജീവനുകള്‍ നമുക്ക് നഷ്ടമായത്. 1993 ല്‍ കമ്മീഷന്‍ ചെയ്ത ബാണാസുര അണക്കെട്ട് തരിയോട്, വല്ലിരഞ്ഞി എന്നിവിടങ്ങളിലെ പശമണ്ണ് മാത്രം എടുത്ത് നിര്‍മ്മിച്ചതാണ്. പഴയ കാലത്ത് പുതിയനിരത്ത് എന്നും കോളിച്ചോട് എന്നും അറിയപ്പെട്ട ഇന്നത്തെ പടിഞ്ഞാറത്തറയുടെ അഭിമാനമായ ഡാം യഥാര്‍ത്ഥത്തില്‍ അപകടകാരിയാണ്. 2018ല്‍ പുലര്‍ച്ചെ തുറന്ന് വിട്ട ബാണാസുരയിലെ വെള്ളം താഴെക്കാവ്, ചെക്കോത്ത്, മാടെത്തുംകടവ് വഴി ഒട്ടനവധി വീടുകളെ തകര്‍ത്തു കൊണ്ടാണ് കടന്നു പോയത്. പഴയ കാലത്തെ വെള്ളച്ചാല്‍, സിങ്കോണ, മൂന്നാം മുക്ക്, തരിയോട്, പൂളക്കണ്ടി, ചെല്ലാട്, കുമ്പളവയല്‍, എലിക്ക, 900, ചൂരാണി താണ്ടിയോട് എന്നിങ്ങനെയുള്ള പ്രദേശങ്ങളെ വെള്ളത്തില്‍ ആഴ്ത്തിക്കൊണ്ട് 13-ാം മൈല്‍ വഴി കൊപ്പുടി, കുറ്റിയാംവയല്‍ കാപ്പിക്കളം ഭാഗത്തേക്ക് കൈനീട്ടി നില്‍ക്കുന്ന ഈ മണ്ണണക്കെട്ട് ഏത് നിമിഷവും മറുഭാഗത്തെ മലതകര്‍ത്ത് നീങ്ങും, കോടിക്കണക്കിന് ക്യൂസൈക്‌സ് വെള്ളം പുറത്തേക്ക് വരും.
പത്താം മൈല്‍, എട്ടാം മൈല്‍, അമ്മാറ എന്നിവിടങ്ങളിലേക്ക് നീണ്ടുകിടക്കുന്ന ബാണാസുരന്റെ കൂറ്റന്‍ പാറകള്‍ ഒരു ഭീകരജീവിയായി ഏത് കര്‍ക്കടകത്തിലെ പാതിരാത്രിയിലാവും വയനാടന്‍ ജനതയെ വീണ്ടും കണ്ണീരിലാഴ്ത്തുക എന്ന് ചിന്തിക്കാന്‍ ഒരിത്തിരിനേരം നമുക്ക് സാധിച്ചാല്‍….. കാലവര്‍ഷത്തിന് മുമ്പ് ബാണാസുരന്റെ താഴ്‌വാരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാം. ഇത് ഡാം പൊട്ടും എന്ന് കരുതിയല്ല…. ബാണാസുര മലനിരകളുടെ അടരുകള്‍ ഏത് സമയവും മേല്‍പ്പറഞ്ഞ പ്രദേശവാസികളുടെ മേല്‍ക്കൂരകളില്‍ പതിക്കാതിരിക്കാന്‍ മാത്രം. ദുരന്ത നിവാരണത്തിനും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി ചെലവിടുന്ന തുകയുടെ നാലില്‍ ഒരു ഭാഗംമതി ഈയൊരു മുന്‍കരുതലിന്.
ബാണാസുരന്റെ മലയടിവാരം മാത്രമല്ല, തിരുനെല്ലിയും വെള്ളമുണ്ടയും മൊതക്കരയും വാരാമ്പറ്റയും വെള്ളാരം കുന്നും കുറുമ്പാലക്കോട്ടയും മണിക്കുന്ന് മലയും അമ്പ് കുത്തിയും കുപ്പമുടിയും താമരശ്ശേരിച്ചുരവും തുടങ്ങി, കോഴിക്കോടിന്റെ മലയോര മേഖലകളായ ആനക്കാംപൊയിലും വെള്ളരിമലയും കട്ടിപ്പാറയും കരിന്തോറ മലയും അത്തിപ്പാറയും മുത്തപ്പന്‍ പുഴയും പുല്ലൂരാന്‍ പാറയും തുടങ്ങി മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും മലയോര മേഖലകളും ശ്രദ്ധിച്ച് മുന്‍കരുതലുകള്‍ എടുത്തേമതിയാവൂ.
കോട്ടയം ജില്ലയിലെയും പാലക്കാട് ജില്ലയുടേയും ഒട്ടനവധി പ്രദേശങ്ങള്‍ അതീവ ദുരന്ത സാധ്യതാ പ്രദേശങ്ങളാണ്.
ഇടുക്കിയാണ് വയനാട് കഴിഞ്ഞാല്‍ ഏറ്റവും പ്രയാസമേറിയ പ്രദേശം. കുറവന്‍ മലയും കുറത്തി മലയുമടങ്ങുന്ന രാമക്കല്‍മേടും മൂന്നാറും ഇരവികുളവും തൊമ്മന്‍കുത്തും പരുന്തുംപാറയും ശാന്തന്‍പാറയും എന്നാവാം അശാന്തിയുടെ പാറക്കൂട്ടങ്ങളെ വലിച്ചെറിയുക എന്നറിയില്ല.
മുല്ലപ്പെരിയാറിനെ പറ്റിച്ചിന്തിച്ചാല്‍ മാത്രം മതി ഒരിക്കലും നമ്മുടെ ഉറക്കം നേരെയാവില്ല എന്ന് ഉറപ്പ്.
തമിഴ്‌നാട്ടിലെ പഴയ രാമനാട്ടും മധുരയും തിരുെനല്‍വേലിയും പെടുന്ന പ്രദേശമാണ് ഇന്നത്തെ പെരിയാര്‍വാലി. തമിഴ്‌നാട്ടിലെ വൈഗയിലേക്ക് ജലം സംഭരിക്കുന്ന ഈ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ് ഏരിയ പഴയ ടോട്ടന്‍ വാല്യൂ എന്ന ടൈഗര്‍ റിസര്‍വ് കേന്ദ്രമാണ്. ശിവഗിരി, വെള്ളിമല, മേഘമല എന്നിവിടങ്ങളില്‍ നിന്ന് ഉത്ഭവിച്ച് പെരിയാറിലെത്തുന്ന നീരൊഴുക്കിനെ തടഞ്ഞ് 1885 ല്‍ ഇംഗ്ലീഷുകാരാണ് 99 വര്‍ഷത്തേക്കുള്ള എഗ്രിമെന്റില്‍ തിരുവിതാംകൂര്‍ വിശാഖം തിരുനാള്‍ രാജാവില്‍ നിന്നും ഇതിന്ന് കമ്മീഷന്‍ ചെയ്‌തെടുത്തത്. 140 വര്‍ഷമായിട്ടും പുതുക്കിപ്പണിതിട്ടില്ലാത്ത ഈ അണക്കെട്ട് 1970 ല്‍ അച്ചുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് നെഹ്‌റുവിന്റെ താല്പര്യപ്രകാരം കാമരാജിന് വേണ്ടി ഉടമ്പടി പുതുക്കിയത്. തേക്കടിയില്‍ നിന്ന് 40 കി.മീ. മാത്രം ദൂരമുള്ള ഇടുക്കിയിലേക്ക് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം പൊട്ടി ഒഴുകിയാല്‍ വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, വെള്ളിലാക്കം, കാക്കത്തോപ്പ്, അഞ്ചുരുളി എന്നീ പ്രദേശങ്ങള്‍ നിമിഷാര്‍ദ്ധം കൊണ്ട് ഇടുക്കി ഡാമിലെത്തും. ഇടുക്കിയും ചെറുതോണിയും ശക്തമായ ഡാമുകളാണ്…. പക്ഷെ താഴെ കുളമാവിന് ഒരിക്കലും ഇത് താങ്ങാന്‍ പറ്റില്ല.
മാത്രവുമല്ല, ഡോ: ഗുഹാന്‍, ഗുപ്ത എന്നിവര്‍ വ്യക്തമാക്കിയ ഒരു കാര്യം ഇടുക്കി ഒരു ഭൂകമ്പ പ്രദേശമാണ് എന്നാണ്. ഇടുക്കിയിലെ 70 കി.മീ. ചുറ്റളവില്‍ 12 ഭൂകമ്പമാപിനികള്‍ നിലവിലുണ്ട്. പൊഖ്രാന്‍ അണുപരീക്ഷണം, ഫ്രാന്‍സിന്റെ അണുപരീക്ഷണം എന്നിവ ഇടുക്കിയില്‍ അറിഞ്ഞിരുന്നു എന്നും ഓര്‍ക്കുക. നെടുങ്കണ്ടം, തീക്കോയി ഭാഗങ്ങള്‍ അന്ന് പ്രകമ്പിതമായി. 21.11.2006 ലെ 48 മണിക്കൂര്‍ മഴയില്‍ കേരളം നടുങ്ങിയത് ഓര്‍ക്കുക. 1979 ല്‍ മൂന്നാറിലും തിരുവനന്തപുരത്തും ഇതേ അവസ്ഥ ഉണ്ടായിരുന്നതും ഓര്‍ക്കുക. പ്രതിവര്‍ഷം 40 ടണ്‍ കുമ്മായം ഒഴുകിത്തീരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് അത്തരമൊരവസ്ഥയില്‍ തകര്‍ന്നാല്‍ മൂന്ന് ജില്ലകള്‍ പാടെ നശിക്കും.
ഓരോ 5, 10, 15, 30, 50 വര്‍ഷം വിട്ട് അതിതീവ്രമഴയും മണ്ണിടിച്ചിലും കേരളം അനുഭവിച്ചുവന്നിട്ടുമുണ്ട്. 1921 മുതല്‍ 10 വര്‍ഷം ഇടവിട്ട് 2001 വരെ വെള്ളപ്പൊക്കം ഉണ്ടായി. 2018ലും 19ലും വീണ്ടുമുണ്ടായി. 450 ദശലക്ഷം ക്യുബിക്ക് മീറ്റര്‍ ജലം സംഭരിക്കുന്ന 20 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ ഡാം ഡെമോക്ലസിന്റെ വാളായി കേരളത്തിന് മുകളില്‍ തൂങ്ങി ആടുന്നു.
നാഷണല്‍ അറ്റ്‌ലസിന്റെ പഠനം ഈ ഡാമിന്റെ നിജസ്ഥിതി വെളിവാക്കും. ഇതിന്റെ സത്യാസത്യസ്ഥിതി കണ്ടെത്തി പരിഹരിക്കുന്നതായിരിക്കണം നമ്മുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിനുള്ള പദ്ധതികളും.
കേവലം പരിസ്ഥിതിയുടെ പേരില്‍ ക്വാറി പ്രവര്‍ത്തനങ്ങളേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേയും പഴിചാരലാവരുത് പഠനങ്ങള്‍. മലയോര ഹൈവേ എന്നപേരില്‍ വഴിവെട്ടുമ്പോള്‍ 90-ഡിഗ്രി കുത്തനെ മല അരിഞ്ഞെടുത്ത് ഭംഗിയായി നിര്‍ത്തിയിരിക്കുന്ന രീതിയാവരുത് പുരോഗമനം. (ഉദാ: കോഴിക്കോട് ഉണ്ണികുളം എസ്റ്റേറ്റ് മുക്കില്‍ നിന്ന് കരിയാത്തുംപാറ വഴി പോകുമ്പോള്‍ കാണാവുന്ന മലയോരപ്പാതയുടെ ദൃശ്യം)
ഭൂമിയുടെ കിടപ്പ് മലകളുടെയും പുഴകളുടെയും കിടപ്പ്, വയലുകളുടെയും വനത്തിന്റെയും സ്ഥിതി എന്നിവയനുസരിച്ചാവണം വരുംകാലങ്ങളില്‍ നാം വീടും കച്ചവട സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നത്.
പ്രാചീനകാലത്ത് ഐന്തിണകളായിത്തിരിച്ച ഭൂഭാഗങ്ങളനുസരിച്ചായിരുന്നു മനുഷ്യര്‍ താമസവും കൃഷിയും ചിട്ടപ്പെടുത്തിയിരുന്നത്.
‘കുറിഞ്ചിത്തിണ’യെന്ന മലയുടെ പ്രദേശങ്ങളിലും മറ്റും വീടും കൃഷിയും കന്നുകാലി പരിപാലനവും ഉണ്ടായിരുന്നില്ല.
‘മുല്ലൈത്തിണ’യെന്ന കുന്നിന്‍ താഴ്‌വാരങ്ങളിലായിരുന്നു ഇത്തരം കാര്യങ്ങള്‍.
‘പാലൈത്തിണ’ യിലായിരുന്നു വ്യക്ഷ സമാനങ്ങളായവയും മറ്റും വളര്‍ത്തി മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്തിരുന്നത്.
‘മരുതംതിണൈ’ യെന്ന സ്ഥലത്താണ് പടുവൃക്ഷങ്ങള്‍ ഉണ്ടായിരുന്നത്.
‘നൈതല്‍ത്തിണൈ (തീരദേശം)’യില്‍ മത്സ്യബന്ധനം മാത്രമായിരുന്നു. അവിടെ വീടുകള്‍ സ്ഥിരവാസത്തിനായി നിര്‍മ്മിച്ചിരുന്നില്ല.
ഇന്ന് എല്ലാം തകിടം മറിച്ചു. ലക്ഷക്കണക്കിന് റിസോര്‍ട്ടുകള്‍, വില്ലകള്‍, ഹോംസ്റ്റേകള്‍…… എല്ലാം വ്യവസായ ലോബികള്‍ക്ക് തീറെഴുതിയത്. അതും സാമൂഹ്യ നേതൃത്വം എന്നും രാഷ്ട്രീയ നേതൃത്വം എന്നുമെല്ലാം സ്വയം പരിചയപ്പെടുത്തുന്നവരുടെ ഒത്താശയോടെ. വയലുകളെല്ലാം മണ്ണിട്ട് കരകളാക്കി മണിമന്ദിരങ്ങള്‍ നിര്‍മ്മിച്ചു. ഇതെല്ലാം പ്രകൃതി വിരുദ്ധമാണ്.
മലമടക്കുകള്‍ ചേരുന്നയിടങ്ങളിലൂടെ മലയില്‍ നിന്ന് വരുന്ന വെള്ളച്ചാലുകള്‍ക്ക് കീഴെ ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവൃത്തിയും അനുവദിക്കരുത്. പശ്ചിമഘട്ട മലനിരകളെ സ്വതന്ത്രമായി നില്‍ക്കാന്‍ അനുവദിക്കുക. ഒരുപക്ഷെ സ്വാഭാവികമായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായാല്‍ത്തന്നെ മനുഷ്യ മാംസം തിന്നുന്ന പിശാചുക്കളായി കൂറ്റന്‍ പാറകള്‍ മാറില്ല. രക്തം കുടിക്കുന്നവരായി വെള്ളച്ചാലുകള്‍ ഒഴുകില്ല.
ഇനിയും സമയമുണ്ട് ചിന്തിക്കാന്‍, ഇത്രകാലം നാം തീറെഴുതിക്കൊടുത്ത പട്ടയങ്ങളെല്ലാം സാധു മനുഷ്യരുടെ മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള സമ്മതപത്രമായി മാറിയെങ്കില്‍…… ചിന്തിക്കുക, ഇനിയെങ്കിലും നാം സ്വയം മൃത്യുവരിക്കുന്ന മനുഷ്യരായി മാറേണ്ടതുണ്ടോ? ഭാവി കേരളത്തിന്റെ നേര്‍ച്ചിത്രമായി ഈ ചൂരല്‍മല ദുരന്തത്തെ പഠിക്കുക അത്രമാത്രം.