നീയൊരാകാശം
ശിരസു കുനിച്ചെന്റെ
നെറ്റിയില്‍ ചുംബിച്ചു
നില്‍ക്കുന്ന വിസ്മയം!
ഓരോ നിമിഷവും
നിന്നെ പ്രണയിച്ചു
ഹര്‍ഷോന്മദം കൊണ്ട
ഞാനോ വസുന്ധര..!
നമ്മള്‍; ആകാശവും
ഭൂമിയും സ്‌നേഹിച്ചു-
തീരാത്ത ദീര്‍ഘ-
ജന്മത്തിന്റെ സൗഹൃദം,
സര്‍വ്വകാലത്തിനും
സാക്ഷിയായ് ചാരത്ത്
കോള്‍മയിര്‍ കൊണ്ടു
തിളയ്ക്കുന്ന സാഗരം!
എല്ലാ യുഗങ്ങളും
വര്‍ണ്ണാഭമാക്കുവാന്‍
മാറിവരുന്ന
ഋതുക്കള്‍തന്‍ സംക്രമം.
വര്‍ഷമേഘത്തിന്റെ
ഗര്‍ജ്ജനം: ആര്‍ത്തല-
ച്ചെത്തും മഴയുടെ
കാമരസോന്മദം…
പിന്നെ സുഗന്ധമായ്
വന്നു സിരകളെ
ചുംബിച്ചുണര്‍ത്തും
വസന്തകാലോത്സവം…
കാറ്റായിവന്നു
പുളകം വിതയ്ക്കുന്ന
രാക്കുളിരിന്റെ
ശിശിര സങ്കീര്‍ത്തനം.
പിന്നെ; ശരത്കാല
രാത്രികള്‍, മേഘങ്ങള്‍,
ഉന്മത്തമായ് പെയ്-
തിറങ്ങും നിലാമഴ.
ഗ്രീഷ്മം തിളച്ചു-
മറിഞ്ഞ നട്ടുച്ചകള്‍
വേനല്‍ കരിച്ചു
കളഞ്ഞ പ്രതീക്ഷകള്‍.
പിന്നെയും പിന്നെയും
മന്വന്തരങ്ങള്‍
പ്രളയത്തില്‍ ഓടി
നടക്കുന്നൊരാലില.
വീണ്ടും പ്രഭാതത്തി-
നപ്പുറം ജീവന്റെ-
യാദ്യത്തെ യഞ്ചാറു
കണ്ണീര്‍ കുമിളകള്‍.
പിന്നെയാകാശവും
ഭൂമിയും – സാഗര
ചക്രവാളങ്ങള്‍
ത്രികാലങ്ങള്‍ സന്ധ്യകള്‍.
വീണ്ടും പുതിയ
യുഗസംക്രമങ്ങള്‍-
ജനിമൃതി
താണ്ടി നടക്കുന്ന നാടകം.
ഒന്നിന്നുമില്ലൊ-
രവസാനം; ഒക്കെയും
വീണ്ടും തുടരും
തുടര്‍ച്ചകള്‍ ഇങ്ങനെ…
വീണ്ടും പ്രണയം
ആകാശവും ഭൂമിയും
പിന്നെയും പൂത്തു
തളിര്‍ക്കുന്നു ജീവിതം…