ബംഗ്ലാദേശില്‍ നിന്നുള്ള വാര്‍ത്ത കേട്ട് വളരെ ആകുലപ്പെട്ട്
ശ്രീമതി പറഞ്ഞു:
‘എല്ലാറ്റിനേയും ഓടിക്കണം’
‘ആരെ?’ ഞാന്‍ ചോദിച്ചു.
‘ബംഗ്‌ളാദേശികളെ’
‘ആ പറച്ചിലില്‍ അവര്‍ എല്ലാവരും ഒരു മതക്കാരെന്ന ധ്വനിയില്ലേ?’
‘അതെ. അതല്ലാത്തവര്‍, ബംഗ്‌ളാദേശില്‍ നിന്ന് നുഴഞ്ഞുകയറിയ ഹിന്ദുവും ബൗദ്ധനും ക്രിസ്ത്യാനിയുമൊക്കെ കേരളത്തില്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.’
അത് ഏറെക്കുറെ ശരിയാണെന്ന് എനിക്ക് തോന്നി. ആരുടെ കൈവശമുണ്ട് അതിന്റെ കണക്കൊക്കെ.
‘സി.എ.എയും എന്‍.ആര്‍.സിയും ഉടന്‍ നടപ്പാക്കണം എന്നിട്ട് നുഴഞ്ഞ് കയറിയവരെ പുറത്താക്കണം. ബാക്കിയുള്ളവര്‍ക്ക് പൗരത്വത്തിന് അപേക്ഷ നല്‍കാലോ. അവിടെ നിന്ന് ഇവിടേയ്ക്ക് വന്ന അന്നാട്ടിലെ ന്യൂനപക്ഷക്കാരെ വീണ്ടും അങ്ങോട്ട് പറഞ്ഞയക്കരുത്. അത്തരക്കാര്‍ക്ക് പൗരത്വം വേഗത്തില്‍ ലഭിക്കാന്‍ നിയമം പരിഷ്‌കരിക്കണം.’
‘ശരിയാണ്. അവിടെ ഇന്നലെ ‘ഭാരത് ചലേ ജാവോ’ എന്ന മുദ്രവാക്യം കേട്ടു.’
‘ഇവിടെ ‘പാകിസ്ഥാന്‍ ജാവോ’ എന്നതും ഇടയ്ക്ക് കേള്‍ക്കുന്നില്ലേ?’
‘അത് തീര്‍ത്തും പാകിസ്ഥാന്റെ പക്ഷം പിടിക്കുന്നവരോടാണ്. പാകിസ്ഥാന്‍ കളിയില്‍ ജയിച്ചാല്‍ ആഘോഷിക്കുക, ഇന്ത്യയെ വെട്ടിമുറിച്ച് കഷണം കഷണമാക്കുമെന്ന് പറയുന്ന ‘ടുക്കഡെ ടുക്കഡെ’ ഗാങ്ങിനോടും. പിന്നെ പാകിസ്ഥാനില്‍ പോയി എങ്ങനെയെങ്കിലും മോദിയെ ഒന്ന് താഴെയിറക്കി തരുമോ എന്ന് അപേക്ഷിക്കുന്ന അഭിശപ്ത നേതാക്കളോടും. അവരോടത് പറയണ്ടെ?’
‘തീര്‍ച്ചയായും. എന്നാല്‍ ഈ ബംഗ്‌ളാദേശ് കാര്യത്തില്‍ മോദിജിയും ഇന്ത്യാ ഗവണ്‍മെന്റും ഒരു നടപടിയും സ്വീകരിക്കുന്നില്ലല്ലോ. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ എന്ത് ചെയ്യും? അവര്‍ അതിര്‍ത്തിയില്‍ വന്ന് നില്ക്കയാണ്.’
‘ബംഗ്‌ളാദേശ് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ഒരു സ്വതന്ത്ര രാജ്യമാണ്. ഇന്ത്യയ്ക്ക് പെട്ടെന്ന് ഇടപെടുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ തീര്‍ച്ചയായും പരസ്യമാക്കാതെ പലതും ചെയ്യുന്നുമുണ്ടാകാം. ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്തുന്നതുകൊണ്ടാണ് അവരുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നത്. അവരുടെ ഗാര്‍മെന്റ് വ്യവസായത്തിന് വേണ്ട കോട്ടണ്‍ നല്‍കുന്നത് ഇന്ത്യയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍നിന്നാണ്. ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അവരുടെ ജീവിതം നരകതുല്ല്യമാകും.’
‘അതൊക്കെ ശരിയായിരിക്കാം. പക്ഷേ ഇപ്പോള്‍ അവിടുത്തെ ഹിന്ദുക്കളുടെ ജീവിതം നരകതുല്ല്യമല്ലെ? അതില്‍ നിന്ന് എങ്ങനെ ഒരു മോചനം സാധ്യമാവും?’
‘അതിനുള്ള നീക്കം കുറേശ്ശെ തെളിയുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന ലഹളകള്‍ ഹിന്ദുക്കളെ ആദ്യമായി ഒന്നിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റു ഹിന്ദുക്കള്‍ പോലും ഹിന്ദു ഏകതയ്ക്ക് വേണ്ടി വാദിക്കുന്നുണ്ട്. മഹാകവി ടാഗോറിന്റെ പ്രതിമ തച്ചുടച്ചതും മറ്റും ദേശീയവാദികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഏത് സന്നിഗ്ദഘട്ടത്തിലും സങ്കടാവസ്ഥയിലും ഒരു വെള്ളിരേഖ തെളിഞ്ഞു വരും. അത് കാര്യങ്ങളെ മാറ്റി മറിയ്ക്കും.
ഒരു കഥ ഓര്‍മ്മ വരികയാണ്.
ഒരു കൃഷിക്കാരന് ഒരു കഴുതയുണ്ടായിരുന്നു. അത് ഒരിക്കല്‍ പാടവക്കത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണു. വെള്ളമില്ലാത്ത ഒരു പാഴ്ക്കുഴിയായിരുന്നു അത്. പൊട്ടക്കിണര്‍. പാവം കഴുത കരഞ്ഞു വിളിച്ചു. കൃഷിക്കാരന്‍ ചെന്ന് നോക്കി. തനിക്ക് ഒറ്റയ്ക്ക് അതിനെ രക്ഷപ്പെടുത്താന്‍ ഒരു മാര്‍ഗ്ഗവും കണ്ടില്ല. നാലഞ്ചു പേരെ സഹായത്തിന് വിളിക്കണം. അവര്‍ക്ക് നല്ല കൂലിയും കൊടുക്കണം. കൃഷിക്കാരന്‍ ആലോചിച്ചു. ഈ കഴുത കിളവനായി പഴയ പോലെ പണിയെടുക്കുന്നില്ല. ഇതിനെ രക്ഷിച്ചിട്ട് എന്ത് കാര്യം? ഇത് ചത്താലും കുഴിച്ചിടാന്‍ ആളെ വിളിക്കണം. അപ്പോള്‍ ആ ചിലവ് ഇപ്പോള്‍ തന്നെ ആയാലോ? മണ്ണിട്ട് കുഴി അങ്ങോട്ട് തൂര്‍ത്താലോ? അങ്ങനെ കൃഷിക്കാരന്‍ പണിക്കാരെ വിളിച്ച് കുഴി മണ്ണിട്ട് മൂടാന്‍ പറഞ്ഞു. അവര്‍ മണ്ണിടാന്‍ തുടങ്ങി. കഴുത തന്റെ മേല്‍ വീഴുന്ന മണ്ണെല്ലാം കുടഞ്ഞ് കളഞ്ഞ് അവിടെ ഉണ്ടായ മണ്‍കൂനയ്ക്ക് മേല്‍ കയറി നില്ക്കാന്‍ തുടങ്ങി. അങ്ങനെ കുഴി നിറയാറായപ്പോഴേയ്ക്കും കഴുത മുകളിലെത്താന്‍ തുടങ്ങി. കൃഷിക്കാരന്‍ വന്നു നോക്കുമ്പോഴുണ്ട് കഴുത കൈയെത്തു ദൂരത്തില്‍. കഴുതയുടെ ബുദ്ധി സാമര്‍ത്ഥ്യത്തില്‍ കൃഷിക്കാരന്‍ അത്ഭുതപ്പെട്ടു. അയാള്‍ക്ക് കുറ്റബോധവും തോന്നി. താമസിയാതെ പുറത്തെത്തിയ കഴുത പിന്നെയും കുറേകാലം അയാളെ സേവിച്ചു. ഇക്കഥ കാണിക്കുന്നത് ആശയറ്റവരാവാതെ അവസാനം വരെ പൊരുതണം എന്നല്ലേ?
മനുഷ്യജീവിതം സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. മനുഷ്യന്റെ അകത്തുള്ള ദൗര്‍ബ്ബല്ല്യങ്ങളോടും പുറത്തുള്ള ദുഷ്ടശക്തികളോടും ഒരു പോലെ യുദ്ധം ചെയ്യണം. ധീരോദാത്തമായ യുദ്ധം അത് തന്നെ. ഓരോ ജീവിതവും ഒരു കുരുക്ഷേത്രമാണ്.
വാസ്തവത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ പറയുന്നതും അത് തന്നെയല്ലേ? പ്രശ്‌നങ്ങളില്‍ നിന്ന് ഓടിപ്പോവരുത്. ശത്രുവിനോട് ദയയ്ക്ക് വേണ്ടി യാചിക്കരുത്. നാഡി ഞരമ്പുകള്‍ ഉരുക്കുപോലെയാക്കുക. ഉള്ളില്‍ ഉറച്ച നിശ്ചയദാര്‍ഢ്യമുണ്ടാക്കുക. തീര്‍ച്ചയായും വിജയം സുനിശ്ചിതമായിരിക്കും. ആര്‍ക്കറിയാം. ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന് സ്വന്തമായ ഒരു രാജ്യം.. അല്ലെങ്കില്‍ ഇന്ത്യയുടെ പുതിയ സംസ്ഥാനമായി…..’
എന്തോ അത് അവളില്‍ ആശ്ചര്യമുണ്ടാക്കി. പുതിയ ഊര്‍ജ്ജത്തോടെ അവള്‍ പറഞ്ഞു. ‘ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തേയ്ക്ക് നീങ്ങട്ടെ.’
‘ശരിയാണ്. എന്താണ് ചെയ്യേണ്ടത് എവിടേയ്ക്കാണ് പോകേണ്ടത് എന്ന് അറിയാത്തപ്പോള്‍ ഈശ്വരന്‍ ഒരു വഴി കാട്ടും എന്ന് പറയുന്നത് അതുകൊണ്ടാണ്. ഉറച്ച ആത്മവിശ്വാസം അതിനനുസരിച്ചുള്ള നടപടി, സദ്ഭാവനയോടെയുള്ള സത്കര്‍മ്മം, പ്രാര്‍ത്ഥന ഈ മൂന്ന് ചേരുവകള്‍ കൂടുമ്പോള്‍ അസാമാന്യ ബലവും ശക്തിയും വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകും. ദുഷ്ടശക്തികള്‍ ഏത് കാലത്തും എവിടേയും ഉണ്ടാകും അവ നമ്മെ കീഴ്‌പ്പെടുത്താന്‍, ദുര്‍ബ്ബലരാക്കാന്‍ ശ്രമിക്കും. അതിനെ ഭയക്കരുത്. വഴങ്ങരുത്. വെല്ലുവിളികളെ നേരിട്ട്, അവയെ കീഴടക്കാനുള്ള ഊര്‍ജ്ജം നാം സംഭരിക്കണം. കഥയിലെ കഴുത നിരാശനാവാതെ തന്റെ കര്‍മ്മം ചെയ്തതുകൊണ്ട് തന്നെയാണ് അതിന് ജീവന്‍ തിരിച്ച് കിട്ടിയത്, സ്വതന്ത്രനും സന്തുഷ്ടനും ആവാന്‍ കഴിഞ്ഞത്.’
‘ആര്‍ക്കറിയാം ഒരു പക്ഷേ ഇപ്പോള്‍ നടക്കുന്നതെല്ലാം നല്ലതിനാവാം. നോബേല്‍ സമ്മാനജേതാവല്ലേ അധികാരത്തില്‍..?’
‘അയാള്‍ ഒരു കുറുക്കനാണ്. ഇസ്ലാമിസ്റ്റുകളുടെ സുഹൃത്താണ്. വിചാരം പാകിസ്ഥാന്റെ യും അമേരിക്കയുടെയും ചൈനയുടേയുമൊക്കെ സഹായത്തോടെ രാജ്യം ഭരിക്കാമെന്നായിരിക്കും,’
‘വിനാശകാലേ വിപരീതബുദ്ധി അല്ലേ?’
‘ശരിയാണ്… ആര്‍ക്കറിയാം..ഒരുപക്ഷേ… മൂര്‍ഖതയ്ക്ക് പരിഹാരം ഉണ്ടാവും… ത്രിപുരയ്ക്ക് ഒരു കടലോരവും’
‘ഹ.ഹ.ഹ…’ രണ്ടു പേരും ചിരിച്ചു.
ആ ചിരിയിലൂടെ വീടിനുള്ളില്‍ തങ്ങി നിന്ന ആകുലത മാഞ്ഞു.