ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാരതത്തിന്റെ എല്ലാ കോണിലും മോദി തരംഗം അതിശക്തമായിരുന്നു എന്നത് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാണ്. കാശ്മീര്‍ മുതല്‍ ആന്‍ഡമാന്‍ വരെ എല്ലാ പ്രദേശങ്ങളിലും ബി.ജെ.പിക്ക് സീറ്റ് കൂടുകയോ വോട്ടിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ ഐക്യം ബി.ജെ.പിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന മിഥ്യാധാരണകളെ തച്ചുതകര്‍ക്കുന്നതായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം. ജാതി സമവാക്യങ്ങളും മുസ്ലീം വോട്ട് ബാങ്കും തങ്ങള്‍ക്കൊപ്പം ആയിരുന്നിട്ടുകൂടി യു.പിയില്‍ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി കക്ഷികളുടെ മഹാഗഢ്ബന്ധന്‍ 15 സീറ്റില്‍ ഒതുങ്ങുന്നത് നാം കണ്ടു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെ പോയി എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. ഈ തിരഞ്ഞെടുപ്പില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സംസ്ഥാനം പശ്ചിമ ബംഗാള്‍ ആയിരുന്നു.തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും വ്യാപക അക്രമങ്ങളും ബൂത്തുപിടിച്ചെടുക്കലും കള്ളവോട്ടും നടന്ന ബംഗാള്‍. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 42 സീറ്റില്‍ 18 ഉം നേടിയ ബി.ജെ.പി യുടെ വിജയം അതിനാല്‍ തന്നെ പഠന വിധേയമാക്കേണ്ടതാണ്.
മാ-മാതി-മാനൂഷ്
മൂന്ന് ദശാബ്ദത്തിലധികം തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച ബംഗാളിനെ മാ (മാതാവ്), മാതി (മാതൃഭൂമി), മാനുഷ്(ജനങ്ങള്‍) എന്ന മുദ്രാവാക്യം ഉയര്‍ത്തി മമതാ ബാനര്‍ജി കൈപ്പിടിയിലൊതുക്കിയത് 2011ല്‍ ആയിരുന്നു. 294 സീറ്റുള്ള ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 223 സീറ്റുകള്‍ നേടിയപ്പോള്‍ ഇടതുപക്ഷം 62 സീറ്റുകളില്‍ ഒതുങ്ങി. ഇതിലും വലിയ മുന്നേറ്റമാണ് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി.എം.സി നേടിയത്. ഇടതുപക്ഷത്തെ വെറും 2 സീറ്റുകളില്‍ തളച്ച് അന്നവര്‍ 34 സീറ്റുകള്‍ നേടി. ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്താന്‍ മമതയ്ക്ക് സാധിച്ചു. സിംഗൂരിലും നന്ദിഗ്രാമിലും ബുദ്ധദേവ് ഭട്ടാചാര്യയുടെ സര്‍ക്കാരിന് സംഭവിച്ച ആ വലിയ തെറ്റില്‍ നിന്ന് ഒരിക്കലും ഉയര്‍ത്തെണീക്കാന്‍ പറ്റാത്തവിധത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകരുന്ന കാഴ്ചയാണ് മമതയുടെ ഭരണത്തില്‍ കണ്ടത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യം ഉണ്ടാക്കി മത്സരിച്ചു എങ്കിലും കോണ്‍ഗ്രസ്സിന് ലഭിച്ച സീറ്റുകളെക്കാള്‍ കുറവ് സീറ്റുകളില്‍ വിജയിച്ചതിനാല്‍ മുഖ്യപ്രതിപക്ഷപാര്‍ട്ടിയാവാന്‍ പോലും സി.പി.എമ്മിന് സാധിച്ചില്ല. മറുവശത്ത് സി.പി.എം പ്രവര്‍ത്തകരെ പോലീസും മമതയുടെ അനുയായികളും വേട്ടയാടിക്കൊണ്ടിരുന്നു.
വോട്ടുബാങ്ക് രാഷ്ട്രീയം
ഭാരതത്തിന്റെ വിഭജനകാലം മുതല്‍ക്കുതന്നെ അനധികൃത കുടിയേറ്റം ബംഗാളിനെ സാരമായി തന്നെ ബാധിക്കുന്നുണ്ടായിരുന്നു എങ്കിലും 1971 നു ശേഷം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. ഇങ്ങനെ അനധികൃതമായി കടന്നുവരുന്നവരെ വോട്ടുബാങ്ക് എന്ന രീതിയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കണ്ടു. അവര്‍ക്ക് റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്ക് തള്ളിക്കളയാനാവില്ല. ഈ വോട്ടുബാങ്കില്‍ തന്നെ ആയിരുന്നു ഭരണം തുടങ്ങിയതുമുതല്‍ മമതയുടെ കണ്ണ്. അസാമില്‍ ചെയ്തതുപോലെ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ (എന്‍.ആര്‍.സി) ബംഗാളിലേക്കും വ്യാപിപ്പിക്കണം എന്ന ആവശ്യം പാടേ നിരാകരിച്ച് എന്‍.ഡി.എ സര്‍ക്കാരിനെതിരെ അവര്‍ ഘോരഘോരം പ്രസംഗിച്ചു. മദ്രസകള്‍ക്ക് കൂടുതല്‍ ധനസഹായം, ദുര്‍ഗാപൂജ, രാമനവമി അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങ ള്‍, മുസ്ലീം മത നേതാക്കളോട് പുലര്‍ത്തിയ അടുപ്പം കൃത്യമായ നീക്കങ്ങളിലൂടെ അവരുടെ വോട്ടുബാങ്ക് സംരക്ഷിക്കപ്പെട്ടു.
രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നതിനൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തു. സി.പി.എം. പാര്‍ട്ടി ഓഫീസുകള്‍ ഓരോന്നായി തൃണമൂല്‍ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തുകൊണ്ടിരുന്നു. പ്രമുഖരായ ചില നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. കൃത്യമായ ഒരു നിലപാട് കോണ്‍ഗ്രസിന് ഇല്ലാതെ പോയതും ബംഗാളിലെ പ്രതിപക്ഷത്തെ ക്ഷീണിതരാക്കി. മമതയുടെ ഈ അക്രമരാഷ്ട്രീയം വലിയ ഒരു സാധ്യതയാണ് ബംഗാളില്‍ ബി.ജെ.പിക്ക് തുറന്നു കൊടുത്തത്. 2019 തിരഞ്ഞെടുപ്പിലെ നിര്‍ണ്ണായകമായ ഒരു സംഭവവികാസത്തിന്റെ തുടക്കമായിരുന്നു അത്.
അമര്‍ ഷോണാര്‍ ബംഗ്ലാ
അഭേദ്യമായബന്ധമാണ് ബി.ജെ.പിക്ക് ബംഗാളുമായി ഉള്ളതെങ്കിലും ബംഗാള്‍ എന്നും പാര്‍ട്ടിക്ക് ബാലികേറാമലയായിരുന്നു. ബി.ജെ.പിയുടെ മുന്‍കാല രൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ഡോ:ശ്യാമപ്രസാദ് മുഖര്‍ജി ബംഗാളിയായിരുന്നു എങ്കിലും ബംഗാള്‍ രാഷ്ട്രീയത്തില്‍ നാമമാത്രമായ സാന്നിധ്യമായിരുന്നു ബി.ജെ.പി. മമതയുടെ ദുര്‍ഭരണവും അപ്രത്യക്ഷമായ പ്രതിപക്ഷവും ആയിരുന്നു ബി.ജെ.പിയുടെ സാധ്യതകള്‍. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ എങ്കിലും പാര്‍ട്ടി 16.8% വോട്ട് കരസ്ഥമാക്കിയിരുന്നു. ദശാബ്ദങ്ങളോളം വലതുപക്ഷരാഷ്ട്രീയത്തെ തടഞ്ഞു നിര്‍ത്തിയ കോട്ട അവിടെ നിലം പൊത്തുകകൂടിയാണ് ചെയ്തത്. മമതയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ശാരദ-നാരദ ചിട്ടി ക്രമക്കേടുകള്‍, ന്യൂനപക്ഷ പ്രീണനം, രാഷ്ട്രീയ ആക്രമണങ്ങള്‍ എല്ലാം സമൃദ്ധമായി ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. കേന്ദ്രത്തില്‍ അധികാരത്തിലുള്ള പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിക്ക് തങ്ങളെ സംരക്ഷിക്കാനാവും എന്ന തോന്നല്‍ ഉള്ളതിനാല്‍ വലിയ രീതിയില്‍ ഉള്ള കൊഴിഞ്ഞുപോക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍നിന്ന് ബി.ജെ.പിയിലേക്ക് ഉണ്ടായി. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ മറ്റു പാര്‍ട്ടികളില്‍ നിന്നെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരെ കൊണ്ട് സാധിച്ചു.
ബി.ജെ.പിയുടെ ബംഗാളിലെ വളര്‍ച്ച കുറേക്കൂടി ദൃശ്യമായത് 2018 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പോടെയാണ്. സിംഹഭാഗം പഞ്ചായത്തുകളും നഗരസഭകളും തൃണമൂല്‍ കോണ്‍ഗ്രസ് നേടി എങ്കിലും രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പിയായിരുന്നു. ഇതോടെ തൃണമൂല്‍ ഇതര കക്ഷികളുടെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേയ്ക്ക് ചേക്കേറി. ‘സുവര്‍ണ ബംഗാള്‍'(അമര്‍ ഷോണാര്‍ ബംഗ്ലാ) എന്ന ടാഗോര്‍ ഗീതം ഒരുതരം രാഷ്ട്രീയ വാഗ്ദാനം എന്ന രീതിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പാടി. പരിവര്‍ത്തനത്തിന്റെ കാറ്റിന് അങ്ങനെ ശക്തി ആര്‍ജ്ജിച്ചു.
2019: എക്ല ചലോ രേ
ബംഗാളിന്റെ ആത്മാവായാണ് രബീന്ദ്ര സംഗീതം അറിപ്പെടുന്നത്. രബീന്ദ്ര ഗീതങ്ങളില്‍ പ്രമുഖമായ ഒന്നാണ് ‘എക്ല ചലോ രേ’ (ഒറ്റക്ക് നടക്കുക) ബി.ജെ.പിയുടെ യാത്രയും അങ്ങനെ തന്നെയായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടം മുതല്‍ക്കുതന്നെ ബംഗാള്‍ വാര്‍ത്തകളില്‍ ഇടം നേടി. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്തില്‍ അതിക്രമിച്ചുകയറി കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ടൈംസ് നൗ സംപ്രേഷണം ചെയ്യുകയും ആ വീഡിയോ വൈറല്‍ ആവുകയും ചെയ്തിരുന്നു. ഡയമണ്ട് ഹര്‍ബറില്‍ ഹിന്ദുക്കളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിതടയുന്നതിന്റെ തെളിവുകള്‍ റിപ്പബ്ലിക് ടിവിയും പുറത്തുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും ബംഗാള്‍ പോലീസിനെ പോളിങ് ബൂത്തുകളില്‍നിന്ന് പൂര്‍ണ്ണമായി മാറ്റി കേന്ദ്ര സേനയെ സുരക്ഷാചുമതല ഏല്‍പ്പിക്കുക വരെ എത്തി കാര്യങ്ങള്‍. . ഇത്ര ഹീനമായ രാഷ്ട്രീയ കുതന്ത്രങ്ങള്‍ പയറ്റിയിട്ടും തൃണമൂല്‍ കോണ്‍ഗ്രസ്സിനെ തറപറ്റിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞുവെങ്കില്‍ ബംഗാളില്‍ ഉള്ള ഭരണവിരുദ്ധ വികാരം എത്രത്തോളമുണ്ടെന്നത് നമുക്ക് അനുമാനിക്കാവുന്നതേ ഉള്ളൂ.
ഭരണകക്ഷിയായ തൃണമൂലിന് 43.3% വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി 40.3% വോട്ടുമായി രണ്ടാമതെത്തി. വര്‍ഷങ്ങളോളം ബംഗാള്‍ ഭരിച്ച സി.പി.ഐ(എം)ന് ലഭിച്ചത് വെറും 6.3% വോട്ടുമാത്രം. കോണ്‍ഗ്രസ്സിനാകട്ടെ 5.6% വോട്ടും. ഇടതുപക്ഷത്തിന് സീറ്റുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല. പക്ഷെ ബഹാറാംപൂര്‍, മാല്‍ഡ ദക്ഷിണ്‍ എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മാല്‍ഡാ ദക്ഷിണമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത് വെറും 8,222 വോട്ടുകള്‍ക്കാണ്. കഴിഞ്ഞതവണ ഒന്നര ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമായിരുന്നു ഇത്.
അധികാരത്തിന്റെ നഗ്നമായ ദുരുപയോഗം ബംഗാള്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകാലത്ത് നടത്തിയിരുന്നു. അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവര്‍ക്ക് റാലി നടത്താനുള്ള അനുമതി പോലും പലപ്പോഴും നിഷേധിക്കപ്പെട്ടു. അവസാനഘട്ട തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ഈശ്വര ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്ത പോലീസ് എപ്പോഴത്തെയും പോലെ നിസ്സഹായാവസ്ഥയില്‍ നോക്കി നില്‍ക്കുകയായിരുന്നു ഇത്തവണയും. ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രൂരമായി ഇക്കാലയളവില്‍ ബംഗാളിന്റെ പല ഭാഗങ്ങളിലും കൊലചെയ്യപ്പെട്ടുകൊണ്ടിരുന്നു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് കൊലചെയ്യപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ക്ഷണിച്ചത് വലിയ ചര്‍ച്ച ആയിരുന്നു. പ്രവര്‍ത്തകരോട് പാര്‍ട്ടി നേതൃത്വം കാണിക്കുന്ന ഈ അടുപ്പംതന്നെയാണ് വലിയ ഒരു ശക്തിയായി ചുരുങ്ങിയ കാലയളവില്‍ ബി.ജെ.പിയെ വളര്‍ത്തിയത്.
എങ്ങനെ ഇത്രയും വലിയ വിജയം ബി.ജെ.പി കരസ്ഥമാക്കി? മോദി തരംഗത്തോടൊപ്പം ചിട്ടയായ സംഘടനാ പ്രവര്‍ത്തനവും കൂടിയായപ്പോള്‍ വലിയ കുതിപ്പ് നടത്താന്‍ പാര്‍ട്ടിക്ക് സാധിച്ചു.50,000 വാട്ട്‌സ് ആപ് ഗ്രൂപ്പുകളാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയത്. സംസ്ഥാനത്തെ കോടിക്കണക്കിന് മൊബൈല്‍ ഫോണുകളിലേയ്ക്ക് രാഷ്ട്രീയസന്ദേശങ്ങള്‍ നിരന്തരമായി പ്രവഹിച്ചുകൊണ്ടേയിരുന്നു. ജയ് ശ്രീറാം എന്ന് ഉറക്കെപ്പറഞ്ഞ യുവാക്കളോടുള്ള മമതയുടെ ആക്രോശം വലിയ ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടിയുടെ ഐ.ടി സെല്‍ വിജയിച്ചു. വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളും അരക്ഷിതാവസ്ഥയും ഭരണകക്ഷിയെ വല്ലാതെ വലച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍റോയ് പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ചേര്‍ന്നതും തൃണമൂലിന് തിരിച്ചടിയായി. സാംസ്‌കാരിക അധിനിവേശത്തിന് ബംഗാളിലേയ്ക്ക് വന്ന കൂട്ടര്‍ എന്നുവരെ ബി.ജെ.പിയെ മമത അധിക്ഷേപിച്ചു വെങ്കിലും സാമാന്യജനങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തു വിജയിപ്പിച്ചു. 18 മണ്ഡലങ്ങളിലെ വിജയത്തിനൊപ്പം ഒന്നൊഴികെ അവശേഷിച്ച 23 മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയത് 2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്ന കാര്യം തീര്‍ച്ചയാണ്.
എന്ത് വിലകൊടുത്തും ബി.ജെ.പിയെ തടയണം എന്ന നിലപാടെടുത്ത് പ്രതിപക്ഷ പാര്‍ട്ടിയുടെ ഐക്യത്തിന്റെ നേതൃനിരയില്‍ മമതാ ബാനര്‍ജി ഉണ്ടായിരുന്നു.പക്ഷെ കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണൊലിച്ചു പോവുന്നത് അറിയാന്‍ അവര്‍ വല്ലാതെ വൈകി. ഇന്ത്യന്‍ ജനാധിപത്യത്തെ മോദിയില്‍ നിന്ന് സംരക്ഷിക്കണം എന്നതായിരുന്നു മമതയുടെ പ്രഭാഷണങ്ങളുടെ ആകെത്തുക. അതേ ജനാധിപത്യം ഏറ്റവും കൂടുതല്‍ കശാപ്പ് ചെയ്യപ്പെട്ടത് മമതയുടെ ബംഗാളിലാണ്. എതിര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസുകള്‍ പിടിച്ചെടുക്കുക, നേതാക്കളെ റാലി നടത്തുന്നതില്‍ നിന്ന് തടയുക, അണികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പു ദിവസം ആക്രമണം നടത്തുക, മറ്റു രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കന്മാര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുക-മമതയുടെ രാഷ്ട്രീയജീര്‍ണതകള്‍ സഭ്യതയുടെ സകലസീമകളും ലംഘിച്ച് താഴേക്ക് പതിക്കുന്നു. 2011-ല്‍ അവര്‍ ആഹ്വാനം ചെയ്ത ‘പരിബര്‍ത്തന്‍’ 2021-ല്‍ അവര്‍ക്കെതിരെ തന്നെ തിരിയുമോ എന്ന് കാലം തെളിയിക്കും.
(ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ എം.എ ചരിത്രവിദ്യാര്‍ത്ഥിയാണ് ലേഖകന്‍)