ആഗസ്റ്റ് 25 ചട്ടമ്പിസ്വാമി ജയന്തി
മഹാപുരുഷന്മാരെ ആദരിക്കുന്നതില്‍ എല്ലാക്കാലത്തും മാനവസമുദായം തല്‍പരരാണ്. ചില രാജ്യങ്ങളില്‍ മഹാപുരുഷന്മാരായി അംഗീകരിക്കുന്നത് സാമ്രാജ്യസ്ഥാപകരെയാകാം, യുദ്ധവീരന്മാരെയാകാം, രാഷ്ട്രതന്ത്രജ്ഞരെയാകാം, അതുമല്ലെങ്കില്‍ ധനവാന്മാരെയാകാം. എന്നാല്‍ ഭാരതീയരെ സംബന്ധിച്ചിടത്തോളം മഹാപുരുഷന്മാര്‍ തപസ്വികളും ത്യാഗികളും ബ്രഹ്‌മജ്ഞാനികളുമാണ്. തപസ്വികളായ വസിഷ്ഠന്‍, വിശ്വാമിത്രന്‍, വ്യാസന്‍, ശുകന്‍ തുടങ്ങിയ ഋഷിമാര്‍ ഇന്നും നമുക്ക് പരമാരാധ്യരാണ്. ശ്രീബുദ്ധനെയും ശ്രീ മഹാവീരനെയും ശ്രീശങ്കരനെയും പരമാചാര്യന്മാരായി ആദരിക്കുന്ന ഭാരതഭൂമിയെ ഋ്ഷികളുടെയും മുനികളുടെയും നാടെന്നു പറയുന്നതില്‍ അതിശയോക്തിയില്ല.
ലൗകികവും ദൈവികവും ആദ്ധ്യാത്മികവുമായ ജ്ഞാനവിജ്ഞാനങ്ങള്‍ നേടി ധാര്‍മ്മിക മൂല്യങ്ങളെ വര്‍ദ്ധിപ്പിച്ച് ജീവിതത്തെ സംശുദ്ധവും സമ്പൂര്‍ണ്ണവുമാക്കി തീര്‍ത്ത്, സര്‍വ്വവ്യാപകമായ ഈശ്വരചൈതന്യത്തെ ആത്മസ്വരൂപമായി – ബ്രഹ്‌മരൂപമായി – സാക്ഷാത്ക്കരിച്ചവരെയാണ് ഭാരതീയര്‍ മഹാത്മാക്കളായി ആദരിക്കുന്നത്. സര്‍വ്വ ജീവജാലങ്ങളെയും സ്വാത്മാവിലും, സ്വാത്മാവിനെ സര്‍വ്വജീവജാലങ്ങളിലും ദര്‍ശിച്ച് പരമപ്രേമരൂപമായ അന്തഃശീതളിമയാര്‍ന്ന ശാന്തി സ്വയം നുകര്‍ന്നും, അന്യര്‍ക്കു പകര്‍ന്നു കൊടുത്തും മഹാത്മാക്കള്‍ കൃതകൃത്യരായി, നിത്യതൃപ്തരായി വിരാജിക്കുന്നു.
അവരുടെ പ്രതിഭാവിലാസത്തിന്റെ ആവിഷ്‌ക്കാരങ്ങളാണ് വേദോപനിഷത്തുക്കളും പുരാണേതിഹാസങ്ങളും. എത്രയോ വ്യാഖ്യാനങ്ങളും പ്രകരണഗ്രന്ഥങ്ങളുമാണ് ആ ജ്ഞാനവിജ്ഞാന ഭണ്ഡാരങ്ങളെ സമ്പന്നമാക്കിയിട്ടുള്ളത്. അതിലൂടെ മാനവ ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും കാണിച്ചു തന്നവരാണ് പുണ്യശ്ലോകന്മാരായ മഹാപുരുഷന്മാര്‍. അവരെയും ശിഷ്യപ്രശിഷ്യ പരമ്പരയില്‍പ്പെട്ട ആചാര്യന്മാരെയും സ്മരിക്കുന്നതും ആരാധിക്കുന്നതും നമ്മുടെ കടമയാണ്.
ശ്രീ വിദ്യാധിരാജന്‍ ആധുനിക ഭാരതീയ മഹര്‍ഷിമാരില്‍ ഉത്തുംഗശീര്‍ഷനായ ഒരു മഹാത്മാവായിരുന്നു. പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ എന്നപേരില്‍ പ്രസിദ്ധനായ മഹാത്മാവിന്റെ ബ്രഹ്‌മവിദ്യാഗോത്രനാമം ശ്രീ വിദ്യാധിരാജതീര്‍ഥപാദസ്വാമികള്‍ എന്നാണ്. അഭിവന്ദ്യനും സര്‍വ്വ ശാസ്ത്രപാരംഗതനും സര്‍വ്വകലാവല്ലഭനുമായ ഗുരുദേവന്‍ എന്ന അര്‍ത്ഥത്തില്‍ ശിഷ്യന്മാര്‍ അദ്ദേഹത്തെ ഭട്ടാരകന്‍, പരമ ഭട്ടാരകന്‍ എന്നെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
19-ാം നൂറ്റാണ്ടില്‍ ഭാരതത്തിലുണ്ടായ സാംസ്‌കാരികവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ നവോത്ഥാനത്തിന്റെ പ്രചോദകന്മാരായ മഹാത്മാക്കളില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പ്രഥമസ്ഥാനം വഹിച്ചിരുന്നത് ശ്രീ വിദ്യാധിരാജ തീര്‍ഥപാദസ്വാമികളാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബാല്യകാലം മുതല്‍ ഈശ്വരാരാധനയിലും സജ്ജനസംസര്‍ഗ്ഗത്തിലും തല്‍പരനായിരുന്ന അദ്ദേഹം പല ഗുരുക്കന്മാരില്‍നിന്ന് വിവിധ സാധനകള്‍ പരിശീലിച്ചു. ജ്ഞാനാചാര്യന്മാരില്‍ നിന്നു ശ്രവിച്ച വേദാന്തപ്രക്രിയകള്‍ വഴി സത്യാസത്യവിവേചനം ചെയ്ത് പൂര്‍ണ്ണവും, സച്ചിദാനന്ദ സ്വരൂപവുമായ ബ്രഹ്‌മത്തെ പരോക്ഷമായി ബോധിക്കയും ചെയ്തിരുന്നു. അക്കാലത്ത് കന്യാകുമാരിക്കു സമീപം വടിവീശ്വരത്തു വച്ച് ഒരു അവധൂത മഹാത്മാവ് ആത്മോപദേശം നല്‍കി അദ്ദേഹത്തെ അനുഗ്രഹിച്ചു. അതിനുശേഷം ആത്മകാമനായി ആത്മാനുഭൂതിയില്‍ മുഴുകിയ സ്വാമികള്‍ ഒരു അവധൂതനെപ്പോലെ പല സ്ഥലത്തും സഞ്ചരിച്ചു. ‘ജ്ഞാനം സന്ന്യാസ ലക്ഷണം’ എന്ന ആര്‍ഷവാക്യമനുസരിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ സന്ന്യാസം. ആത്മനിഷ്ഠനായി വര്‍ണ്ണാശ്രമാദി നിയമങ്ങളെ അതിക്രമിച്ച് അതിവര്‍ണ്ണാശ്രമിയായ ഒരു ബ്രഹ്‌മനിഷ്ഠന്റെ നിലയിലാണ് അദ്ദേഹം ജീവിതയാത്ര തുടര്‍ന്നത്. സാധാരണ വേഷത്തില്‍ സാധാരണക്കാരുടെയിടയില്‍ സാധാരണക്കാരനെപ്പോലെ വ്യവഹരിച്ചിരുന്ന അദ്ദേഹത്തിന്റെ മഹത്വം അറിഞ്ഞ് അദ്ദേഹത്തെ ഗുരുവായി വരിക്കുവാന്‍ പലരും മുന്നോട്ടുവന്നു.
”പരോപകാരവ്രതബദ്ധദീക്ഷ:
പ്രേക്ഷാവതാമഗ്രഗതിര്‍യതീന്ദ്ര:
ഇഹാതിവര്‍ണ്ണാശ്രമിഭാവമാപ്ത:
പ്രപന്ന ലോകാര്‍ത്തിഹര: സമിന്ധേ”
എന്നാണ് ‘സദ്ഗുരുസര്‍വ്വസ്വം’ എന്ന ജീവചരിത്രഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ അന്നത്തെ നിലയെപ്പറ്റി വിവരിച്ചിരിക്കുന്നത്. പരോപകാരവ്രതത്തില്‍ ഏറ്റവും തല്‍പരനും പണ്ഡിതന്മാരില്‍ മുന്‍പനുമായ അദ്ദേഹം അതിവര്‍ണ്ണാശ്രമിയെന്ന നിലകൈക്കൊണ്ട്, തന്നെ ശരണം പ്രാപിക്കുന്നവരുടെ ദുഃഖങ്ങള്‍ തീര്‍ക്കുന്നതില്‍ എപ്പോഴും തല്‍പരനായിരുന്നു. അക്കാലത്ത് മഹാസിദ്ധയോഗി എന്ന് സാധാരണക്കാരുടെ ഇടയില്‍ അദ്ദേഹം അറിയപ്പെട്ടു. ശിഷ്യരെയും ആരാധകരെയും വര്‍ദ്ധിപ്പിച്ച് ഒരു ആചാര്യനായി ഇരിക്കുവാന്‍ അദ്ദേഹം ഒട്ടും ആഗ്രഹിച്ചിരുന്നില്ല. അന്നു കേരളത്തില്‍ നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നീക്കി ജാതിവ്യത്യാസമില്ലാതെ ഏവര്‍ക്കും വേദോപനിഷദാദി മതഗ്രന്ഥങ്ങള്‍ പഠിക്കുന്നതിനും സാത്വികമായ ഈശ്വരോപാസന നടത്തുന്നതിനുമുള്ള ഉപായം കണ്ടുപിടിക്കുന്നതിലുമാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്.
ദേശസഞ്ചാരങ്ങള്‍ക്കിടയിലെ ഭവന സന്ദര്‍ശനവേളകളിലെ ചെറിയ കൂട്ടായ്മകളില്‍ തന്റെ ആശയങ്ങള്‍ വെളിപ്പെടുത്തി കൊടുക്കുന്നതിലും അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കി അഹിംസാമയവും സാത്വികവുമായ ഈശ്വരാനുഷ്ഠാനക്രമം ഉപദേശിച്ചു കൊടുക്കുന്നതിലും സ്വാമികള്‍ ബദ്ധശ്രദ്ധനായിരുന്നു.
ഒരു വ്യക്തിയുടെ ജാതിയല്ല മഹത്വത്തിനു നിദാനം, സംസ്‌കാരമാണ് എന്നായിരുന്നു സ്വാമികളുടെ അഭിപ്രായം. കേരളത്തില്‍ നിലനിന്നിരുന്ന ജാതിഭേദവ്യവസ്ഥകള്‍ പുരോഹിതന്മാര്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍വേണ്ടി ഉണ്ടാക്കിയ അനാചാരങ്ങളായിരുന്നു എന്ന് സ്വാമികള്‍ സുധീരം പ്രഖ്യാപിക്കുകയും യുക്തിയുക്തം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശയങ്ങളെല്ലാം സംഗ്രഹിച്ച് പ്രാചീനമലയാളം, വേദാധികാര നിരൂപണം തുടങ്ങിയ ഗ്രന്ഥങ്ങള്‍ എഴുതി പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഒരു നിരൂപകനും ഗ്രന്ഥകാരനുമെന്ന നിലയില്‍ സ്വാമികള്‍ സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലും അനവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും അവയില്‍ കുറച്ചുമാത്രമേ ലഭ്യമായിട്ടുള്ളൂ.
ശ്രീ ശങ്കരഭഗവത്പാദര്‍ തുടങ്ങിയ പൂര്‍വ്വാചാര്യന്മാര്‍ പൂര്‍വ്വപക്ഷങ്ങളെയെല്ലാം ഖണ്ഡിച്ച് സിദ്ധാന്തപക്ഷം സ്ഥാപിച്ചതു പോലെയാണ് ശ്രീചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതച്ഛേദനം, പ്രാചീന മലയാളം, വേദാധികാര നിരൂപണം എന്നീ ഗ്രന്ഥങ്ങള്‍ വഴി പൂര്‍വ്വപക്ഷങ്ങളെയെല്ലാം ഖണ്ഡിച്ച് അദ്വൈതചിന്താപദ്ധതിയില്‍ ഹിന്ദുമതത്തിന്റെ മൗലികസിദ്ധാന്തമായ അദ്വൈതപക്ഷം സ്ഥാപിച്ചിരിക്കുന്നത്.
ശിഷ്യപ്രശിഷ്യന്മാര്‍ വഴി കേരളത്തില്‍ ആധുനികകാലത്ത് യോഗജ്ഞാനസമ്പ്രദായം കൂടി അദ്ദേഹം നടപ്പില്‍ വരുത്തി. പ്രധാനമായും ശ്രീ നീലകണ്ഠതീര്‍ഥപാദസ്വാമികള്‍, ശ്രീ തീര്‍ഥപാദപരമഹംസ സ്വാമികള്‍ എന്നിവരിലൂടെയാണ് സ്വാമികള്‍ ആ ദൗത്യത്തെ നിര്‍വ്വഹിച്ചത്. ബ്രഹ്‌മനിഷ്ഠന്മാരായ ആ ശിഷ്യപ്രമുഖന്മാരും ഉപദേശങ്ങള്‍, ആശ്രമസ്ഥാപനങ്ങള്‍, പ്രഭാഷണങ്ങള്‍, ഗ്രന്ഥരചന തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഹിന്ദുസമുദായത്തില്‍ ഉണ്ടായിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിപാടനം ചെയ്തു ശാസ്ത്രീയമായ ആചാരപദ്ധതിയും ഈശ്വരാരാധനാക്രമങ്ങളും നടപ്പില്‍വരുത്തി.
മഹര്‍ഷി, സര്‍വ്വജ്ഞന്‍, സര്‍വ്വകലാവല്ലഭന്‍, മഹാപ്രഭു തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ടാണ് പണ്ഡിതന്മാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ബ്രഹ്‌മനിഷ്ഠനായ ജ്ഞാനി, മഹാസിദ്ധനായ യോഗി, ബ്രഹ്‌മവിദ്യാപ്രവര്‍ത്തകനായ പരമാചാര്യന്‍, കേരളത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ ആദ്യത്തെ പ്രചോദകന്‍, സര്‍വ്വദര്‍ശന പാരംഗതനായ പണ്ഡിതന്‍, ഗ്രന്ഥകാരന്‍, കവി എന്നിങ്ങനെ പല നിലകളില്‍ ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ സുപ്രതിഷ്ഠനാണ്.
പണ്ഡിത ശ്രേഷ്ഠനായ സാഹിത്യകുശലന്‍ ടി.കെ.കൃഷ്ണമേനോന്‍ ശ്രീചക്രപൂജാ കല്‍പ്പത്തിന്റെ അവതാരികയില്‍ സ്വാമികളെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധേയമാണ്.
”സ്വാമിക്കു തമിഴ്, സംസ്‌കൃതം, മലയാളം എന്നിവയില്‍ അനിതരസാധാരണമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ഖുറാന്‍ ഓതുന്നതു കേട്ടാല്‍ സ്വാമി ഒരു മൗലവി അല്ലെന്ന് പറയുകയില്ല. സ്വാമിക്കിന്നതറിഞ്ഞുകൂടെന്നു പറയുവാന്‍ എന്നാല്‍ പ്രയാസമാണ്. ഏതു വിഷയത്തെക്കുറിച്ചു ചോദിച്ചാലും പ്രമാണസഹിതം അതിനു സമാധാനം പറയുന്നതായിട്ടാണ് കേട്ടിട്ടുള്ളത്. വിഷയത്തിനു കാഠിന്യം കൂടുന്തോറും അതിനെ ശ്രോതാക്കള്‍ക്കു എളുപ്പത്തില്‍ മനസ്സിലാക്കത്തക്ക വണ്ണമുള്ള സ്വാമിയുടെ സന്തോഷസമ്മിശ്രമായ ശ്രമം പ്രസ്താവയോഗ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് വേദങ്ങള്‍, ശാസ്ത്രങ്ങള്‍, പുരാണങ്ങള്‍, കലകള്‍, ഇതരഭാഷാസാഹിത്യങ്ങള്‍ മുതലായവയിലുളള സ്വാമിയുടെ പരിചയവും പാടവവും കാണുക.”
മഹാകവി ഉള്ളൂര്‍ കേരള സാഹിത്യ ചരിത്രത്തിന്റെ 5-ാം വാല്യത്തില്‍ സ്വാമി തിരുവടികളുടെ ജീവചരിത്രത്തെ പരാമര്‍ശിക്കുന്നിടത്ത് ഇങ്ങനെ എഴുതുന്നു. ”സര്‍വ്വകലാവല്ലഭനായിരുന്ന സ്വാമികളെ ഔദ്ധത്യത്തിന്റെ കണിക പോലും തീണ്ടിയിരുന്നില്ല. വിദ്യാപൗഷ്‌കല്യത്തിന് അനുരൂപമായ വിനീതസമ്പത്ത് അദ്ദേഹത്തിന്റെ വിശിഷ്ട ഗുണങ്ങളില്‍ ഒന്നായിരുന്നു. നിരവധി സിദ്ധികള്‍ സമാര്‍ജ്ജിച്ചിരുന്ന അദ്ദേഹം കേരളീയര്‍ക്കു പൊതുവായും സമുദായത്തിനു പ്രത്യേകിച്ചുമുള്ള ഒരമൂല്യനിധിയായിരുന്നു. എങ്കിലും ഒരു സാധാരണ മനുഷ്യന്റെ നിലയില്‍ സാധാരണ രീതിയില്‍ പെരുമാറിയതേയുള്ളൂ. സമഭാവന അദ്ദേഹത്തിന് എല്ലാക്കാലത്തും അലങ്കാരമായിരുന്നു. ഭൂതദയയാണ് അദ്ദേഹത്തിന്റെ ഗുണഗണങ്ങളില്‍ പരമപ്രധാനമായി ഗണിക്കേണ്ടത്. പാമ്പ്, കടുവ മുതലായ ഹിംസ്രജന്തുക്കള്‍ അദ്ദേഹത്തിന്റെ സന്നിധാനത്തില്‍ ശാന്തങ്ങളായി നില്‍ക്കുന്നതു പലരും കണ്ടിട്ടുണ്ട്. സാമരസ്യദര്‍ശനത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഔല്‍സുക്യം അപരിമേയമാണ്. ശങ്കരഭഗവത്പാദരുടെ അദ്വൈത മതത്തെയും ജ്ഞാനസംബന്ധര്‍, മാണിക്ക്യവാചകര്‍, അപ്പര്‍ മുതലായ ദ്രാവിഡാചാര്യന്മാര്‍ പ്രചരിപ്പിച്ച ശൈവസമയത്തെയും കൂട്ടിയിണക്കി അദ്ദേഹം നടപ്പില്‍ വരുത്തിയതാണ് തീര്‍ഥപാദസമ്പ്രദായം.”
ഇതില്‍ നിന്ന് സ്വാമികളുടെ സ്വഭാവവും അദ്ദേഹത്തിന്റെ മതസിദ്ധാന്തവും മനസ്സിലാക്കാന്‍ കഴിയും. ടി.കെ.കൃഷ്ണമേനോനും, മഹാകവി ഉള്ളൂരും സ്വാമികളുമായി അടുത്തുപരിചയമുള്ള മഹാന്മാരാണ്. അവരുടെ വര്‍ണ്ണനയില്‍ അതിശയോക്തി കാണുകയില്ല.
1941ലെ തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ ഹിന്ദുമത സമുദ്ധാരകനെന്ന നിലയില്‍ സ്വാമി തിരുവടികളെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നതില്‍ കുറച്ചു ഭാഗം ഇങ്ങനെയാണ്. ”ഹിന്ദുമതത്തിലേക്കു ഇതര മതതത്വങ്ങളുടെ അനിയന്ത്രിതമായ സംക്രമണം നിമിത്തം നാശോന്മുഖമായ ഒരു ദുഷിച്ച ചിന്താഗതി ജനതാമദ്ധ്യത്തില്‍ ഉത്ഭൂതമാകുകയും പാവനമായ മതസിദ്ധാന്തങ്ങളുടെ പ്രചോദനത്താല്‍ സമുദായത്തിനു ലഭിക്കേണ്ട പ്രശാന്തസുന്ദരമായ നില നഷ്ടമാകുകയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഈ വ്യത്യാസം ഹിന്ദുമതത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മതസംബന്ധമായി അത്തരം ഒരു മാന്ദ്യവും അലസതയും സാധാരണ ജനങ്ങള്‍ക്കിടയില്‍ ആവിര്‍ഭവിക്കുകയും ഗംഭീരങ്ങളായ മതതത്ത്വങ്ങള്‍ അബദ്ധജടിലങ്ങളായ ചില അനാചാരങ്ങളുടെ കുത്തക മാത്രമായി രൂപാന്തരപ്പെടുകയും ചെയ്തു. അങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് തിരുവിതാംകൂറില്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ആവിര്‍ഭാവം ഉണ്ടായത്. അദ്ദേഹം വിനാശകരമായ ഈ ആപത്തില്‍നിന്നു ഹിന്ദുക്കളെ തട്ടിയുണര്‍ത്തി ജീവിതത്തിന് ഒരു ഉദ്ദേശ്യവും ഒരു ലക്ഷ്യവും ഉണ്ടെന്നുള്ള തത്ത്വം ഉദ്‌ബോധിപ്പിച്ചു. തന്റെ അതിലളിതമായ ജീവിതരീതിയിലും സാധാരണ ജനങ്ങളുമായുള്ള താദാത്മ്യത്താലും അദ്ദേഹം എരിഞ്ഞണയാറായ ഹിന്ദുമത ജ്യോതിസ്സിന് ഉത്തേജനവും ചൈതന്യവും വീണ്ടും നല്‍കുകയും ചെയ്തു. സ്വാമികള്‍ നിര്‍വ്വഹിച്ച കൃത്യങ്ങളെല്ലാം തന്നെ കുശാഗ്രബുദ്ധിയും ദൂരവീക്ഷണപടുത്വവും സൂക്ഷ്മദൃഷ്ടിയുമുള്ള അതിസമര്‍ത്ഥനായ ഒരു പ്രവാചകന്റെയോ, പ്രതിഭാശാലിയായ ഒരു ലോകാചാര്യന്റെയോ ജോലികളായിരുന്നു.
ഇതില്‍നിന്നു 19-ാം നൂറ്റാണ്ടു മുതല്‍ കേരളത്തിലുണ്ടായ ഹൈന്ദവ നവോത്ഥാനത്തിനു ശ്രീ ചട്ടമ്പിസ്വാമികള്‍ നല്‍കിയ സംഭാവനകള്‍ എത്രയോ മഹത്തരമായിരുന്നു എന്നു മനസ്സിലാക്കാം. ഇങ്ങനെയൊരു മഹര്‍ഷീശ്വരന്‍ നമ്മുടെ ഇടയില്‍ സഞ്ചരിച്ചു നമുക്കു വേണ്ടതെല്ലാം ഉപദേശിച്ചുതന്നു എന്നതില്‍ നാമെല്ലാം അഭിമാനം കൊള്ളേണ്ടതാണ്. ആ പരിപാവനമായ ജീവിതവും ഉപദേശങ്ങളും മലയാള നാടിനെ – ഭാരതത്തെ എന്നെന്നും പ്രകാശിപ്പിച്ചുകൊണ്ടു തന്നെയിരിക്കും. ആ അത്ഭുത ദിവ്യജ്യോതിസ്സിനു മുന്നില്‍ സാഷ്ടാംഗ നമസ്‌ക്കാരം.