ശ്രീരാമന്‍-മനുഷ്യജന്മം പൂണ്ട അവതാരപുരുഷന്‍. ആദര്‍ശധീരതയുടെ പ്രതിരൂപമായ ഭാരതപുത്രന്‍. വിധിവൈപരീത്യത്തില്‍നിന്ന് ആര്‍ക്കുംതന്നെ മോചനമില്ലെന്ന തത്വം പകര്‍ന്നാടിയ ത്യാഗമൂര്‍ത്തി. നിര്‍വചനാതീതമായ വ്യക്തിപ്രഭാവംകൊണ്ട് ഏതുകാലത്തെയും ദേശത്തെയും വിസ്മയിപ്പിച്ച മാതൃകാപുരുഷോത്തമന്‍. ആദര്‍ശനിഷ്ഠമായ ജീവിതത്തിലൂടെ ഭാരതത്തിന് ദിശാബോധം നല്‍കിയ മഹനീയ മാതൃക!
ലോകത്തിനു നല്‍കേണ്ട ഉന്നതാശയം ഭാരതീയ ജീവിതകഥയിലൂടെ മലയാളത്തിനു സമ്മാനിച്ച ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് കാലത്തെ അതിജീവിച്ച് പ്രോജ്ജ്വലിക്കുന്നത് ശ്രീരാമകഥയിലൂടെയാണ്.
രാജയോഗം കല്‍പ്പിക്കപ്പെട്ട് ഔന്നത്യത്തിലേക്ക് നടന്നടുക്കുന്ന രാജകുമാരന്‍. പട്ടാഭിഷേകത്തിനു നിയോഗിക്കപ്പെടുന്ന നിമിഷത്തിനു കാതോര്‍ക്കുമ്പോള്‍ ആയിരം വിഘ്‌നങ്ങളുടെ അശനിപാതത്തില്‍പ്പെടുന്നു. അധികാരസിംഹാസനം നഷ്ടപ്പെടുന്നതോ പോകട്ടെ, നാട്ടില്‍ നിന്നുപോലും അകന്ന് കാട്ടിലേക്ക് പോകാനുള്ള ദുര്‍വിധി. നമ്മുടെ ഭരണവര്‍ഗ്ഗങ്ങളുടെ കുടിലതന്ത്രങ്ങള്‍ക്ക് ഒരു വെല്ലുവിളിയായി ശ്രീരാമന്റെ ജീവിതം ചില പ്രബോധനങ്ങള്‍ തെളിച്ചിടുന്നു. ഏതു ഹീനമാര്‍ഗ്ഗത്തിലൂടെയും അധികാരമുറപ്പിക്കുന്ന ‘ജനസേവകര്‍’ക്ക് ഒരു പേടിസ്വപ്‌നമാണ് ശ്രീരാമന്‍ സ്വീകരിച്ച വനവാസം.
കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ നൂലാമാലകളാല്‍ വേട്ടയാടപ്പെടുന്ന ഒരു മകന് ചെറിയമ്മയുടെ പിടിവാശിക്കു മുമ്പില്‍ തോല്‍ക്കേണ്ടിവരുന്നത് എക്കാലത്തെയും ദുരനുഭവമാണ്. തന്റെ മകന്‍ ഭരതനെ രാജാവായി വാഴിക്കണമെന്നും രാമനെ വനവാസത്തിനു വിടണമെന്നും ആവശ്യപ്പെടാന്‍ ഒരു പഴയ ‘വര’ത്തിന്റെ പിന്‍ബലം കൈകേയിക്ക് കൈമുതലായുണ്ടായിരുന്നു. തന്റെ പിതാവിന്റെ വാക്ക് പാലിക്കപ്പെടാന്‍ കടമയുള്ള മകന്‍ ‘മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സൂര്യനെ’പ്പോലെ സ്വജീവിതം വഴിതിരിച്ചുവിടുന്ന കാഴ്ച ഒരു ചുമടുതാങ്ങിയെപ്പോലെ നമുക്കു മുമ്പില്‍ നില്‍ക്കുന്നു.
സുഖദുഃഖങ്ങളില്‍ ഒപ്പം നിന്ന ഭാര്യയെ രാവണന്‍ തട്ടിക്കൊണ്ടുപോയ ദുര്യോഗത്തെ തികഞ്ഞ അവധാനതയോടെ അതിജീവിച്ച രാമന്‍ രാക്ഷസരാജാവിനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുന്നു. അഗ്നിപരീക്ഷയിലൂടെ തന്റെ പരിശുദ്ധി തെളിയിച്ചിട്ടും പ്രജാക്ഷേമ തല്‍പ്പരത കണക്കിലെടുത്ത് ഭാര്യയെ ഉപേക്ഷിക്കാനാണ് ശ്രീരാമന്‍ തീരുമാനിക്കുന്നത്. ഇവിടെയും മറ്റുള്ളവര്‍ക്കായി സ്വജീവിതം ബലികഴിക്കുന്ന ഒരു ത്യാഗമൂര്‍ത്തിയെയാണ് നാം കാണുന്നത്.
സഹോദരസ്‌നേഹത്തിന്റെ തികച്ചും ദീപ്തമായ ഒരനുഭവം രാമന്റെ ജീവിതത്തിലുണ്ടാകുന്നു. തന്റെ സൗഭാഗ്യങ്ങള്‍ അനുജന്‍ ഭരതനുവേണ്ടിയാണ് രാമന്‍ ബലികഴിച്ചതെങ്കില്‍ പിതൃതുല്യനായ ജ്യേഷ്ഠന്റെ പാദുകപൂജയിലൂടെ ഭരതന്‍ തന്റെ ആദരവ് എന്നും നിലനിര്‍ത്തി. സന്തതസഹചാരിയായ അനുജന്‍ ലക്ഷ്മണന്‍ കുടുംബജീവിതം പോലും തൃണവല്‍ഗണിച്ച് തന്റെ ജ്യേഷ്ഠനൊപ്പം നിലകൊണ്ടു. സാഹോദര്യങ്ങള്‍ കൈമോശം വരുന്ന എക്കാലത്തെയും അനുഭവങ്ങളുടെ മറുപക്ഷമാണ് ഇവിടെ കാണുന്നത്.
തിരിച്ചടികളെയും പരീക്ഷണങ്ങളെയും നിറപുഞ്ചിരിയോടെ ശിരസ്സാ വഹിച്ച ശ്രീരാമന്‍ സഹനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മൂര്‍ത്തീഭാവമാണ്. അവതാരപുരുഷന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിലൂടെ ജീവിതം സന്ദേശമാക്കിയ ആര്‍ഷഭാരതത്തിന്റെ പ്രതിരൂപം. അനുകൂലിച്ചവര്‍ക്കും എതിര്‍ത്തവര്‍ക്കും മോക്ഷം നല്‍കിയ കാരുണികന്‍!
‘രാമരാജ്യം’ എന്ന ഉന്നതാശയത്തിലേക്ക് മനുഷ്യരാശിയെ നയിക്കാന്‍ പ്രചോദനമായ അനശ്വരകഥാപാത്രമാണ് ശ്രീരാമന്‍. സമാനതകളില്ലാത്ത സഞ്ചിത സംസ്‌കാരത്തിന്റെ ഊര്‍ജ്ജസ്രോതസ്സ്. ഭാരതത്തിന്റെ കൊടിയടയാളം. തികഞ്ഞ ഭക്തിയോടെ മാത്രം സമീപിക്കാവുന്ന മാര്‍ഗ്ഗദീപം. ഈ കൈത്തിരി ഓരോ ഭാരതപുത്രന്റെയും കൈകളിലേക്കു പകര്‍ന്ന് ഉദ്ദീപ്തമായ ഒരു രാമരാജ്യം കെട്ടിപ്പടുക്കാനുള്ള പ്രേരണയാകട്ടെ രാമായണവും ശ്രീരാമകഥയും!