മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന ഏതൊരു ദുഷ്‌കൃത്യത്തിനും പ്രകൃതി അതിരൂക്ഷമായി തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന് മനുഷ്യ ചരിത്രം വിശകലനം ചെയ്യുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. വയനാട്ടില്‍ ദുരന്തങ്ങളുടെ പെരുമഴക്കാലമാണിപ്പോള്‍. ഈ വര്‍ഷം തുടങ്ങിയതു മുതല്‍ വയനാടാകെ പ്രക്ഷുബ്ധമായിരുന്നു. മനുഷ്യ- വന്യജീവി സംഘര്‍ഷം വയനാടിന്റെ സാമൂഹിക മനസ്സിനെ അടിമുടി ഉലച്ചുകളഞ്ഞു. പ്രക്ഷോഭങ്ങള്‍, ഹര്‍ത്താലുകള്‍, റോഡുതടയലുകള്‍, മനുഷ്യരുടെയും മൃഗങ്ങളുടെയും ജഡങ്ങളുമായി ദിനരാത്രങ്ങള്‍ നീണ്ടു നിന്ന ഉപരോധങ്ങള്‍. വാസ്തവത്തില്‍ അതു കേവലമൊരു മനുഷ്യ-വന്യജീവി സംഘര്‍ഷമായിരുന്നില്ല. അനാദികാലം മുതല്‍ കാടിനോടും വന്യജീവികളോടും മാത്രമല്ല പ്രകൃതിയോട് ആകെ നാം കാണിച്ച അതിക്രൂരവും വിവേകരഹിതവുമായ ദുഷ്‌കൃത്യങ്ങളുടെ പരിണതിയായിരുന്നു. മനുഷ്യന്‍ ക്ഷണിച്ചു വരുത്തിയ ദുരന്തം. ദയാരഹിതമായ പ്രകൃതിയുടെ പ്രതികാരത്തിന്റെ തുടര്‍ച്ചതന്നെയാണ് ഇപ്പോഴുണ്ടായ മുണ്ടക്കൈ ദുരന്തം.
മുണ്ടക്കൈയില്‍ വന്‍ദുരന്തം വരാന്‍ പോകുന്നുവെന്ന് പല പഠനങ്ങളും മുന്നറിയിപ്പു നല്‍കിയിരുന്നു. വയനാട് പ്രകൃതി സംരക്ഷണ സമിതി കഴിഞ്ഞ നാലു പതിറ്റാണ്ടായി നിരന്തരം ഈ മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ മാത്രമല്ല സര്‍ക്കാരുകള്‍ നിശ്ചയിച്ച വിവിധ വിദഗ്ദ്ധ സമിതികളും സമാനമായ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 2019 ആഗസ്റ്റ് 8 ന് കേരളത്തെ നടുക്കിയ നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. പുത്തുമല, കവളപ്പാറ, പാതാര്‍, ഇടുക്കിയിലെ വിവിധയിടങ്ങള്‍ എന്നിവിടങ്ങളില്‍ അനവധി മനുഷ്യജീവനുകള്‍ക്കും സ്വത്തിനും നാശം സംഭവിച്ചു. 2018 ല്‍ കുറിച്ചിയാര്‍മലയിലും പഞ്ചാരക്കൊല്ലിയിലും 2020 ല്‍ മുണ്ടക്കൈയിലും ഉരുള്‍പൊട്ടി. ജില്ലാഭരണകൂടം ജാഗ്രത പാലിച്ചതുകൊണ്ട് മാത്രം അവിടങ്ങളില്‍ മനുഷ്യനാശം ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടതുപ്രകാരം ഒരു വിദഗ്ദ്ധസമിതിയെ നിയോഗിച്ചു. ദല്‍ഹി ഐഐടിയിലെ വിദഗ്ദ്ധരായിരുന്നു സമിതിയെ സഹായിച്ചിരുന്നത്. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും ചവറ്റുകുട്ടയില്‍ എറിയുകയാണ് ചെയ്തത്. പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരുവിലുള്ള വയനാട് ജില്ലയിലെ മലെഞ്ചരുവുകളില്‍ നാലായിരം കുടുംബങ്ങള്‍ തികച്ചും അരക്ഷിതമായ, ഏതു സമയത്തും ദുരന്തമുണ്ടാകാവുന്ന പ്രദേശത്താണ് താമസിക്കുന്നതെന്നും അവരെ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. കമ്മറ്റി ഏറ്റവും പ്രാധാന്യത്തോടെ എടുത്തു പറഞ്ഞത് മുണ്ടക്കൈയിലും വെള്ളരിമല – ചെമ്പ്പീക് മലെഞ്ചരുവുകളിലും താമസിക്കുന്നവരെയാണ്. സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തിവെക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍ താമസക്കാരെ മാത്രം ഒഴിപ്പിക്കുകയും അടുത്ത ഘട്ടത്തില്‍ കൃഷിഭൂമിയും ഏറ്റെടുക്കണമെന്നാണ് കമ്മറ്റി ശുപാര്‍ശയെങ്കിലും അതാരും ഗൗനിച്ചില്ല.
1999 ല്‍ മുണ്ടക്കൈയുടെ വടക്കേ അഗ്രത്തില്‍ സ്ഥിതിചെയ്യുന്ന ചേമ്പ്രാപീക്ക് മലയില്‍ വന്‍ ഇരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (SESS) സമഗ്രവും ശാസ്ത്രീയവുമായ പഠനം വയനാട്ടിലുടനീളം നടത്തുകയുണ്ടായി. സെസ്സിന്റെ അന്നത്തെ ഡയറക്ടര്‍ ഡോ. മുരളീധരന്റെ നേതൃത്വത്തിലായിരുന്നു പഠനം. അവര്‍ കോഴിക്കോട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും മലഞ്ചെരുവുകള്‍ പഠനവിധേയമാക്കി. വയനാട്ടിലെ മുണ്ടക്കൈ, പുത്തുമല, ചേമ്പ്രാപിക്ക്, കുറിച്ചിയാര്‍മല, കാപ്പിക്കളം തുടങ്ങിയ പ്രദേശങ്ങള്‍ അതീവ ഗുരുതരമായ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയാണെന്ന് അതില്‍ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹൈ ഹസാര്‍ഡസ്സ് സോണ്‍ എന്ന് അടയാളപ്പെടുത്തിയ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും മനുഷ്യരെ ഒഴിപ്പിക്കണമെന്നും കൃഷി നിയന്ത്രിക്കണമെന്നും, 25 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ കൃഷിയോ മനുഷ്യ ഇടപെടലോ പാടില്ലെന്നും ഒരു കാരണവശാലും കെട്ടിടം, റോഡ് തുടങ്ങിയ നിര്‍മ്മിതികള്‍ അനുവദിക്കരുതെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാരുകള്‍ ഒരു ചുക്കും ചെയ്യാന്‍ തയ്യാറായിട്ടില്ല.
പശ്ചിമഘട്ട മലനിരകളില്‍ ജീവിക്കുന്ന കോടിക്കണക്കായ കര്‍ഷകരുടെ മഗ്‌നാകാര്‍ട്ടയാകുമായിരുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഗളച്ഛേദം ചെയ്തതില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടികള്‍ക്കും ഇടതു വലതു മുന്നണികള്‍ക്കുമുള്ള കുപ്രസിദ്ധമായ പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഒരു വരിപോലും കര്‍ഷകവിരുദ്ധമായിട്ടില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമായിരുന്നില്ലേ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാലും മുണ്ടക്കൈ പോലുള്ള ഉരുള്‍പൊട്ടല്‍ പശ്ചിമ ഘട്ടത്തില്‍ കുറക്കാലം കൂടി ഉണ്ടായേക്കാം. പക്ഷെ ഒരിക്കലും ഇത്രയും വലിയ ആഘാതമുണ്ടാകുമായിരുന്നില്ല. ക്രമേണ വലിയൊരളവില്‍ പ്രകൃതി ദുരന്തങ്ങള്‍ ഇല്ലാതാക്കാനും സാധിക്കും. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ റെഡ് സോണില്‍ ഉള്‍പ്പെട്ട പ്രദേശമാണ് മുണ്ടക്കൈ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സമരം സംഘടിപ്പിച്ച പാതിരിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എം.പിമാര്‍ക്കും എം എല്‍എമാര്‍ക്കും മുണ്ടക്കൈയിലെ മാത്രമല്ല പുത്തുമലയിലെയും കവളപ്പാറയിലെയും പെട്ടിമുടിയിലെയും ചോരയിലും പങ്കുണ്ട്.
2018 ലെയും 2019ലെയും ദുരന്ത പശ്ചാലത്തില്‍ വയനാട്ടിലെ ഹ്യൂം സെന്റര്‍ ഫോര്‍ നാച്ച്വര്‍ ആന്റ് വൈല്‍ഡ് ലൈഫ് സ്റ്റഡീസ് മണ്ണിടിച്ചിലിനെക്കറിച്ചും ഉരുള്‍പൊട്ടലിനെക്കറിച്ചും സമഗ്രമായ ഒരു പഠനം നടത്തുകയുണ്ടായി. വിദഗ്ദ്ധരായ പരിസ്ഥിതി ശാസ്ത്രജ്ഞരും ജിയോളജിസ്റ്റുകളും മറ്റുമാണതിന് നേതൃത്വം നല്‍കിയത്. 2018 ലെയും 2019ലെയും ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍ അവര്‍ മാപ്പ് ചെയ്യുകയും വിശദമായി വിശകലനം ചെയ്യുകയും ചെയ്തു. അവര്‍ ഡിഡിഎംഎക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുണ്ടക്കെ ഹൈഹസാര്‍ഡ് സോണില്‍ പെട്ട പ്രദേശമാണെന്നും അവിടെ കരുതല്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇത്തരം പഠനങ്ങളും മുന്നറിയിപ്പുകളും പാടെ അവഗണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഒരു ഇരട്ടത്തുരങ്കത്തിന്റ പ്രൊജക്ടുമായി അഞ്ച് വര്‍ഷമായി സജീവമായി രംഗത്തുണ്ട്. മുണ്ടക്കൈക്കും പുത്തുമലക്കും തൊട്ടടുത്തുള്ള കള്ളാടിയില്‍ നിന്നും കോഴിക്കോട് ജില്ലയിലേക്ക് പശ്ചിമഘട്ടം നെടുകെ തുരന്നുകൊണ്ട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന തുരങ്കത്തിന് ഒന്നാംഘട്ട പരിസ്ഥിതി അനുമതി ലഭിച്ചതോടെ ടെണ്ടര്‍ നടപടിയിലേക്ക് നീങ്ങുകയാണ്. അതീവ ലോലവും അതിസങ്കീര്‍ണ്ണവുമായി പരിസ്ഥിതി സന്തുലനം നിലനില്‍ക്കുന്ന പ്രദേശത്തു നിര്‍മ്മിക്കുന്ന തുരങ്കം വയനാടിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും.
വികസനം എന്ന വാക്ക് എത്ര അശ്ലീലമാണെന്ന് വയനാട്ടില്‍ വന്നാല്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും ബോദ്ധ്യപ്പെടും. വയനാട്ടില യാത്രാ പ്രശ്‌നം പരിഹരിക്കാനെന്ന പേരിലാണ് 5000 കോടിയുടെ തുരങ്കം ഉണ്ടാക്കുന്നത്. ഇത് വയനാടിന്റെ വികസനത്തിന് കുതിപ്പേകുമെന്ന് അവര്‍ ഉദ്‌ഘോഷിക്കുന്നു. വയനാട്ടുകാര്‍ക്ക് നിയുക്ത തുരങ്കംകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നതാണ് വസ്തുത. വയനാടിന്റെ യാത്രാദുരിതം തുരങ്കം വന്നാല്‍ പരിഹരിക്കപ്പെടുമെന്നത് വസ്തുതക്ക് നിരക്കുന്നതല്ല. ഇത്ര ഉത്സാഹത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രൊജക്ടിന്റെ പിന്നില്‍ കൂടിയതിന്റെ രഹസ്യം ജനക്ഷേമമല്ല മറ്റെന്തോ ആണെന്ന് ആര്‍ക്കും മനസ്സിലാകുന്നതെയുള്ളൂ.
വയനാട് ജില്ലാ രൂപീകരണത്തെ തുടര്‍ന്ന് ഇവിടേക്ക് ചുരം കയറി വന്നത് വികസനമെന്ന അശ്ലീലമാണ്. പാതിരിമാര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ വികസന വായ്ത്താരി മുഴക്കിക്കൊണ്ടാണിവിടെ ഉപജീവിക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടേയിരിക്കുന്നു. വനവാസികള്‍ അവരുടെ ദുരിതവുമായി സമൂഹത്തിന്റെ പുറമ്പോക്കില്‍ ദയനീയ സാഹചര്യത്തില്‍ തുടരുന്നു. തോട്ടം തൊഴിലാളികള്‍ ലയങ്ങളില്‍ ജീവിച്ച് ഒടുങ്ങുന്നു. ഇവരുടെ വര്‍ത്തമാന അവസ്ഥ വികസനവാദികളെ കൊഞ്ഞനം കുത്തുകയാണ്.
സമീപകാലത്തായി വയനാട്ടില്‍ ചണ്ഡവാതം പോലെ ഇരച്ചെത്തിയതാണ് ടൂറിസം. പ്രവാസിധനികരും മറ്റു സമ്പന്നരും ചുരം കയറി വന്നത് ധനമോഹം കൊണ്ടു മാത്രമാണ്. അവര്‍ക്ക് വയനാടിന്റെ പ്രകൃതിയോ വയനാടിന്റെ സുസ്ഥിരതയോ പ്രശ്‌നമായിരുന്നില്ല. ഭ്രമിപ്പിക്കുന്ന വയനാടിന്റെ പ്രകൃതി സൗന്ദര്യവും പച്ചപ്പും നനവും മഞ്ഞും വിപണനം നടത്തി കൂടുതല്‍ സമ്പന്നരാവുകയാണ് ലക്ഷ്യം. ഇവര്‍ക്ക് രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ചൂട്ടുപിടിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനമാകെ അവര്‍ക്ക് പിന്തുണയുമായി ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. അവര്‍ മലഞ്ചെരുവുകള്‍ വിലക്കു വാങ്ങുക മാത്രമല്ല വനവും പൊതുഭൂമിയും കൈയേറി കൂറ്റന്‍ റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുകയും ചെയ്തിരിക്കുന്നു. റോഡുകള്‍ തലങ്ങും വിലങ്ങും ഉണ്ടാക്കി. ടൂറിസ്റ്റുകള്‍ക്ക് സ്വിമ്മിംഗ് പൂളും ഗ്ലാസ്സ് ബ്രിഡ്ജുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളുമുണ്ടായി. എല്ലാം കൈയേറ്റ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍.
വയനാട്ടില്‍ 5000 റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂരിഭാഗവും മേപ്പാടി, വൈത്തിരി പഞ്ചായത്തിലെ മലമടക്കുകളിലും മലന്തലപ്പുകളിലുമാണ്. മുണ്ടക്കൈയുടെയും പുത്തുമലയുടെയും ഉച്ഛിയിലും റിസോര്‍ട്ടുകള്‍ തിമര്‍ത്താടുന്നു. തൊള്ളായിരംകണ്ടി അഡ്വഞ്ചര്‍ ടൂറിസത്തിന് കേളികേട്ടതാണ്. പ്രതിദിനം 500 ലധികം ജീപ്പുകളാണ് ഇവിടെക്ക് ഓടിക്കൊണ്ടിരിക്കുന്നത്. വനഭൂമിയിലാണ് റോഡ് എന്നോര്‍ക്കണം.
കണ്ണീര്‍ കടലായി ഒരു നാട്
വയനാട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമിയായി വയനാട്. ജൂലായ് 29ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ മേപ്പാടിക്കടുത്ത് മുണ്ടക്കൈയിലാണ് ആദ്യം ഉരുള്‍പൊട്ടിയത്. മൂന്നരയോടെ അടുത്ത ഉരുള്‍പൊട്ടലുമുണ്ടായി. ഉരുള്‍പൊട്ടലില്‍ 221 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 206 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആഗസ്റ്റ് 3ന് രാത്രി വരെ 219 മൃതദേഹങ്ങളും 143 ശരീരഭാഗങ്ങളും കണ്ടെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു.
നാലുകിലോമീറ്ററോളം ഭാഗത്ത് ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി ചൂരല്‍മല-മുണ്ടക്കൈ ഗ്രാമങ്ങള്‍ പൂര്‍ണമായും ഒഴുകിപ്പോയി. ചൂരല്‍മല-മുണ്ടക്കൈ പാലം തകര്‍ന്നതോടെ മുണ്ടക്കൈ ഒറ്റപ്പെട്ടു. 150- ഓളം വീടുകള്‍ ഒഴുകിപ്പോയി. നൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്, മുണ്ടക്കൈ യു.പി.എസ്. കെട്ടിടങ്ങള്‍ തകര്‍ന്നു. ചൂരല്‍മല, മുണ്ടക്കൈ ടൗണുകളും നാമാവശേഷമായി. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരില്‍ പലരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കിലോമീറ്ററുകളോളം അകലെനിന്നാണ് കിട്ടിയത്. ചാലിയാറിന്റെയും പോഷകനദിയുടെയും തീരങ്ങളില്‍നിന്നു 75 മൃതദേഹങ്ങളും 142 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. ഇതുവരെ 107 മൃതദേഹങ്ങള്‍ മാത്രമേ ബന്ധുക്കള്‍ തിരിച്ചറിഞ്ഞുള്ളൂ. മലപ്പുറം പോത്തുകല്ലില്‍നിന്നു ലഭിച്ച 153 മൃതദേഹങ്ങള്‍ വയനാട്ടിലേക്കു കൊണ്ടുവന്നു. ഇതില്‍ 23 സ്ത്രീകളും 32 പുരുഷന്മാരും 2 ആണ്‍കുട്ടികളുമാണുള്ളത്. ശേഷിക്കുന്ന 96 എണ്ണം ശരീരഭാഗങ്ങളാണ്. തിരിച്ചറിയാന്‍ കഴിയാത്ത എട്ടു മൃതദേഹങ്ങള്‍, 88 ശരീരഭാഗങ്ങള്‍ പ്രോട്ടോക്കോള്‍ പ്രകാരം സര്‍വ്വമത പ്രാര്‍ത്ഥനക്ക് ശേഷം സംസ്‌കരിച്ചു. 4833 പേരെയാണു ഉരുള്‍പൊട്ടല്‍ ബാധിച്ചത്.
മുണ്ടക്കൈ ടൗണിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയതിനെത്തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായത്. ജൂലായ് 31 വ്യാഴാഴ്ച വൈകീട്ടോടെ ഉരുള്‍പൊട്ടല്‍ വേര്‍പിരിച്ച ചൂരല്‍മലയെയും മുണ്ടക്കൈയെയും സൈന്യത്തിന്റെ ബെയ്‌ലി പാലം ബന്ധിപ്പിച്ചു. മഴയും പുഴയുടെ ഒഴുക്കും വകവയ്ക്കാതെ ഒരു പകലും രാത്രിയും കൊണ്ടു നിര്‍മ്മാണം പൂര്‍ത്തീകരിച്ച സൈനികര്‍ ആവേശത്തോടെ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചു പാലം തുറന്നു നല്‍കി. ബെയ്ലി പാലം സജ്ജമായതോടെ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും മുണ്ടക്കൈയിലേക്കെത്തിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കി. സൈന്യം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉദ്യോഗസ്ഥരും സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും അടക്കം 1,300-ലധികം രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിലിനായി രംഗത്തുണ്ട്.
മുണ്ടക്കൈ ദുരന്തത്തിനു ശേഷം ബോധപൂര്‍വ്വമായ ഒരു മഴവാദം ഉയര്‍ന്നുവന്നിട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലിന് കാരണം തീവ്ര മഴയാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അതിതീവ്രമഴയും മേഘസ്‌ഫോടനവും ഉണ്ടാവുകയും മണ്ണ് നനഞ്ഞ് കുതിര്‍ന്ന് ഉരുള്‍പൊട്ടലുണ്ടാവുകയും ചെയ്യുന്നതാണ്. ഇതിന് ഭൂവിനിയോഗമോ ഭൂഘടനയില്‍ വന്ന മാറ്റമോ വനനശീകരണമോ ക്വാറിയോ അല്ല കാരണം എന്ന് തെളിയിക്കാന്‍ സ്ഥാപിതതാത്പര്യക്കാരായ വിദഗ്ദ്ധര്‍ പോലും നിര്‍ലജ്ജം രംഗത്തുവന്നിരിക്കയാണ്. എന്നാല്‍ വയനാട്ടില്‍ അതിശക്തിയായ മഴ മുന്‍പ് പലപ്പോഴും റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 1924 ലെ വെള്ളപ്പൊക്കക്കാലത്ത് മാനന്തവാടിയില്‍ പെയ്തത് 900 ാാ മഴയാണ്. ബാണാസുരന്‍ മലന്തലപ്പുകളില്‍ 19000 ാാ മഴ ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ലും 2018 ലും തീവ്രമഴ പെയ്ത സ്ഥലങ്ങളിലല്ല ഉരുള്‍പൊട്ടലുണ്ടായത്. വനനശീകരണം, അശാസ്ത്രീയമായ ഭൂവിനിയോഗം, മലന്തലപ്പുകളിലെ നിര്‍മ്മിതികള്‍, തലങ്ങും വിലങ്ങുമുള്ള റോഡുകള്‍, കരിങ്കല്‍ ക്വാറികള്‍ എന്നിവക്കൊപ്പം അതിതീവ്രമഴയും കാരണമാണ്. മഴ മാത്രമാണെന്ന സമീപകാലത്തെ ശക്തമായ പ്രചരണം ദുഷ്ടലാക്കോടെയാണ്. സംസ്ഥാന മുഖ്യമന്ത്രിയാണ് ഈ തെറ്റായ പ്രചാരണം തുടങ്ങിവെച്ചത്.
മുണ്ടക്കൈ ഒരു മുന്നറിയിപ്പു മാത്രമല്ല താക്കീതും കൂടിയാണ്. അതീവ ലോലവും ദുര്‍ബലവുമായ വയനാടിന്റെ പരിസ്ഥിതിയെ മുറിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ ഭയാനകമായ ദുരന്തങ്ങള്‍ നമ്മെ വേട്ടയാടും. ഇപ്പോള്‍ നടന്നത് പ്രകൃതി ദുരന്തമല്ല മനുഷ്യന്‍ ഇരന്നുവാങ്ങിയ സമാനതകളില്ലാത്ത മഹാദുരന്തമാണെന്ന് നാം തിരിച്ചറിയണം.
(വയനാട് പ്രകൃതി സംരക്ഷണ സമിതി അദ്ധ്യക്ഷനാണ് ലേഖകന്‍)