നാഗ്പൂർ: ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഭാരത സർക്കാർ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗ്ലാദേശിൽ അധികാരമാറ്റത്തിനായുള്ള പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് ആർഎസ്എസ് കാണുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, കൊള്ള, തീവെപ്പ്, സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾ, ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങൾ എന്നിവ അസഹനീയമാണ്, ആർഎസ്എസ് അതിനെ ശക്തമായി അപലപിക്കുന്നു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇത്തരം സംഭവങ്ങൾ ഉടനടി കർശനമായി തടയുമെന്നും ഇരകളുടെ ജീവനും സ്വത്തും മാനവും സംരക്ഷിക്കാൻ ശരിയായ ക്രമീകരണങ്ങൾ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
ഈ ഗുരുതരമായ സാഹചര്യത്തിൽ, ലോക സമൂഹവും ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബംഗ്ലാദേശിൽ പീഡനത്തിന് ഇരയാകുന്ന ഹിന്ദു, ബുദ്ധ, മുതലായ വിഭാഗങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി നിൽക്കണമെന്ന് സർകാര്യവാഹ് അഭ്യർത്ഥിച്ചു. അയൽപക്കത്തെ സൗഹൃദരാജ്യമെന്ന നിലയിൽ ഉചിതമായ പങ്ക് വഹിക്കാൻ ശ്രമിക്കുന്ന ഭാരത സർക്കാരിനോട്, ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ബൗദ്ധർക്കും മറ്റും സുരക്ഷിതത്വം ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ദത്താത്രേയ ഹൊസബാളെ അഭ്യർത്ഥിച്ചു.