തിരുവല്ല: ബാലഗോകുലം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസഭയുടെ ഉദ്ഘാടനം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് നിര്‍വഹിച്ചു. മണ്‍മറഞ്ഞ പൈതൃകം വീണ്ടെടുക്കാനുളള ശക്തമായ പ്രവര്‍ത്തനമാണ് രാജ്യത്താകെ നടക്കുന്നതെന്നും പൈതൃകം വീണ്ടെടുത്താല്‍ ഭാരതം രക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരനിലേക്കും പ്രകൃതിയിലേക്കും കുട്ടികളെ നയിച്ച് പൈതൃകം വീണ്ടെടുക്കാനുളള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച ഗവര്‍ണര്‍ ബാലഗോകുലത്തിലെ തെരഞ്ഞെടുക്കപ്പെട്ട മിടുക്കരായ 10 കുട്ടികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും അറിയിച്ചു. പരിസ്ഥിതി, ഭാഷാപഠനം, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഓരോ കുട്ടിക്കും ബംഗാള്‍ രാജ്ഭവന്റെ പ്രത്യേക ഫലകവും 10000 രൂപ വീതം കാഷ് അവാര്‍ഡും നല്‍കും.
സംസ്ഥാന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തക ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
സാംസ്‌കാരിക വിദ്യാഭാസം പകര്‍ന്നു നല്‍കുക കഠിനമായ തപസ്സാണെന്നും അത്തരത്തിലുള്ള തപസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയാണ് ബാലഗോകുലമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മം, സംസ്‌കാരം, സമാജം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സംഘടന നടത്തുന്നത്. ബാല്യത്തെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകുന്ന ദര്‍ശനങ്ങള്‍ കേരളത്തില്‍ ശക്തമാണ്. അതുകൊണ്ടുതന്നെ ബാലഗോകുലം പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തനം ചെയ്യുന്ന സംഘടനകളുടെ ഉത്തരവാദിത്തം ഏറെയാണെന്നും എം.രാധാകൃഷ്ണന്‍ പറഞ്ഞു.