അച്ഛനും അമ്മയോടും പിണങ്ങി വാതിലടച്ച് കുറച്ചുനേരം മുറിയില്‍ തന്നെ ഇരുന്നു. എല്ലാവരോടും അവള്‍ക്ക് ദേഷ്യം തോന്നി. പ്ലസ്ടുവിന്റെ റിസള്‍ട്ട് വന്നപ്പോള്‍ മുതല്‍ അച്ഛനും അമ്മയും ഓരോ കോഴ്‌സ് പഠിക്കുന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചതാണ് യുകെയില്‍ ഹയര്‍സ്റ്റഡീസിന് പഠിക്കുന്ന കാര്യം. ഫസ്റ്റ് ടേമിന്റെയും കോഴ്‌സ് തുടങ്ങുന്നതിനുള്ള ആദ്യത്തെ ചെലവും തന്നാല്‍ മതി, ബാക്കി അവിടെ പോയി വര്‍ക്ക് ചെയ്തു ഞാന്‍ ഉണ്ടാക്കിക്കൊള്ളാമെന്ന്.
എന്റെ സീനിയേഴ്‌സ് കുറേ പേര്‍ അവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം ക്ലാസ്സ് കഴിഞ്ഞുള്ള എക്‌സ്ട്രാ ടൈമില്‍ പാര്‍ട്ട്‌ടൈം വര്‍ക്ക് ചെയ്താണ് ചെലവിനുള്ള പൈസ കണ്ടെത്തുന്നത്.
ടീച്ചറായ അമ്മ എപ്പോഴും പറയും നീ ഞങ്ങള്‍ക്ക് ഒറ്റ മകളല്ലേ! നാട്ടില്‍ പഠിച്ച് നാട്ടില്‍ ജോലി ആയാല്‍ ഞങ്ങള്‍ക്ക് ഒരുതുണയാകുമല്ലോ.
അമ്മ പറയുന്നത് ശരിയല്ല. നാട്ടില്‍ എങ്ങനെ ചെറുപ്രായത്തില്‍ ജോലി കിട്ടാനാണ്? കിട്ടിയാല്‍ തന്നെ സര്‍ക്കാര്‍ ജോലി കൊണ്ട് എന്തു നേടാനാണ്?
അഭിരാമി യുകെയിലെ കാര്യങ്ങളെ കുറിച്ച് വാട്‌സ്ആപ്പ് ചെയ്തിട്ടുള്ളത് അതിശയങ്ങളാണ്, അവിടുത്തെ ഗതാഗതം, പഠിത്തം, താമസത്തെക്കുറിച്ച്, അവള്‍ കെഎഫ്‌സിയില്‍ ജോലി ചെയ്യുന്ന കാര്യങ്ങള്‍, അവളുടെ ഇന്‍സ്റ്റഗ്രാമിലെ ഓരോ ദിവസത്തെ സ്റ്റോറി കാണുമ്പോള്‍ അവള്‍ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് പോലും തോന്നും. കൊതിയാകുന്നു അവളെ പോലെ ജീവിക്കാന്‍.
അച്ഛനാണ് കൂടുതല്‍ പിടിവാശി എന്റെ ആഗ്രഹം മാത്രം സമ്മതിച്ചു തന്നില്ല. എന്റെ എല്ലാ ആവശ്യങ്ങളും പിടിവാശികളും സാധിച്ചു തന്നത് അച്ഛനായിരുന്നു, ഇണങ്ങിയും പിണങ്ങിയും പറഞ്ഞിട്ടും അച്ഛന്‍ സമ്മതിക്കുന്നില്ല. അച്ഛമ്മയെ സോപ്പിട്ട് പറഞ്ഞിട്ടും അച്ഛമ്മയും അച്ഛന്റെയടുത്ത് പറയുന്നില്ല.
അച്ഛന്റെ കാര്യം നോക്കൂ ബിഎസ്എന്‍എല്‍ ജോലിക്ക് തന്നെ കണ്ടില്ലേ ബി-ടെക്കിന് റാങ്കില്‍ പാസ്സായ അച്ഛന്‍, അച്ഛന്റെ മിടുക്കുകൊണ്ട് കിട്ടിയ ജോലി. അച്ഛന്‍ പറയുന്നത് കേട്ടിട്ടുണ്ട് അന്ന് ഏറ്റവും നല്ല ജോലിയായിരുന്നു അതെന്ന്. ഇപ്പോള്‍ കണ്ടില്ലേ നിര്‍ബന്ധിത പെന്‍ഷന്‍ എടുത്ത് വീട്ടില്‍ ഇരിക്കുന്നു. ആരോടും പറയില്ലെങ്കിലും എന്തൊരു വിഷമമാണ് അച്ഛന്. ഇതാണ് നാട്ടിലെ അവസ്ഥ.
ഇതൊക്കെ പറഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും മനസ്സിലാകില്ല. യുകെയിലെ പോലെ സൗകര്യങ്ങള്‍ നാട്ടിലുണ്ടോ?
അച്ഛമ്മയുടെ കാര്യമാണ് കഷ്ടം, കിടപ്പിലായിട്ട് മൂന്നാല് വര്‍ഷം കഴിഞ്ഞു. എല്ലാ മാസവും ഹോം നേഴ്‌സ് മാറിമാറി നില്‍ക്കുകയാണ്. അച്ഛമ്മ അത്ര വൃത്തികേടാണ് കാട്ടിക്കൂട്ടുന്നത്. അച്ഛമ്മ കിടപ്പായതില്‍ പിന്നെ വീട്ടില്‍ ഒരു സമാധാനവുമില്ല. നേരത്തെ അച്ഛമ്മയെ എനിക്കിഷ്ടമായിരുന്നു… കിടപ്പിലായ അച്ഛമ്മയെ എനിക്ക് തീരെ ഇഷ്ടമല്ല. എന്തൊരു വാടയാണ് അച്ഛമ്മയുടെ മുറിയില്‍. എനിക്ക് അങ്ങോട്ട് തിരിഞ്ഞു നോക്കുന്നത് പോലും ഇഷ്ടമല്ല. വൃത്തികെട്ട കാര്യങ്ങള്‍ കണ്ടിട്ട് മനം പുരട്ടി വരുന്നു.
മുമ്പ് എല്ലാം സഹിച്ചു അച്ഛമ്മയുടെ മുറിയില്‍ ചെന്നു. യുകെയില്‍ പോകുന്ന കാര്യം അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാന്‍ അച്ഛമ്മയുടെ അടുത്ത് ഇരുന്നു. ഞാന്‍ അരികില്‍ എത്തിയപ്പോള്‍ ഭയങ്കര സന്തോഷം. കണ്ണുകള്‍ തിളങ്ങുകയും ഇല്ലാത്ത പല്ലുകൊണ്ട് ചിരിക്കുകയും ചെയ്തു. സന്തോഷം കണ്ടപ്പോള്‍ അച്ഛമ്മയോട് ഞാന്‍ പറഞ്ഞു.
‘അച്ഛമ്മ ഒന്ന് പറയുമോ അച്ഛന്റെ അടുത്ത് എന്നെ യുകെയില്‍ പഠിക്കാന്‍ വിടാന്‍.’
അച്ഛമ്മയുടെ സന്തോഷം എല്ലാം പോയി കണ്ണുതുറിച്ച് എന്നെ നോക്കിയിട്ട് അച്ഛമ്മ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു ‘മോളെ അവര്‍ക്ക് രണ്ടിനും കൂടി ആണായും പെണ്ണായും നീ മാത്രമല്ലേ ഉള്ളൂ. നിനക്ക് ഇഷ്ടം പോലെ സ്വത്തുണ്ട്, ഈ വീട് നില്‍ക്കുന്നത് തന്നെ അഞ്ചേക്കര്‍ സ്ഥലത്താണ്. പിന്നെയും പുരയിടങ്ങള്‍ കിടക്കുന്നു. ഇതൊക്കെ കളഞ്ഞ് എന്തിനാണ് യുകെയില്‍ പഠിക്കാന്‍ പോകുന്നത്. നീ ഒരു പെണ്‍കുട്ടിയല്ലേ.’
ഇതു കേള്‍ക്കുമ്പോഴാണ് കൂടുതല്‍ കലിവരുന്നത്, എങ്കിലും എന്റെ ആവശ്യമല്ലേയെന്ന് ഓര്‍ത്ത് അച്ഛമ്മയോട് വീണ്ടും പറഞ്ഞു. ‘അച്ഛേമ്മ പഠിത്തം കഴിഞ്ഞ് ഞാന്‍ ഈ കൊട്ടാരത്തിലേക്ക് തന്നെ തിരിച്ചുവരും.’ അച്ഛമ്മേ മറുപടിയെന്നോണം പറഞ്ഞു.
‘തെക്കേതിലെ അലക്‌സിന്റെ മകന്‍ യുകെയില്‍ പഠിക്കാന്‍ പോയിട്ട് തിരിച്ചുവന്നില്ല. അവന്‍ നേഴ്‌സിന് പഠിച്ച ഒരു പെണ്ണിനെ കെട്ടി അവിടെ കൊണ്ടുപോയി ജോലിയും മക്കളുമായി അവിടെ കുടിയേറി, പിന്നെ അലക്‌സ് മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞ് അടക്കത്തിന് വന്നിട്ട് പിന്നെ അവരും കുടുംബവും നാട്ടില്‍ വന്നിട്ടില്ല. അച്ഛമ്മയുടെ അപ്പച്ചിയുടെ രണ്ടു മക്കള് അമേരിക്കയില്‍ പഠിക്കാന്‍ പോയിട്ട് തിരിച്ചുവന്നില്ല. അതുകൊണ്ടാണ് മോളെ, അവിടെ പോയി ജീവിച്ചു കഴിയുമ്പോള്‍ പള്ളിക്കല്‍ ആറിന്റെ കയത്തില്‍ അകപ്പെട്ടതുപോലെ ആരും തിരിച്ചുവരില്ല. അതുകൊണ്ട് അച്ഛമ്മ പറയില്ല സമ്മതിക്കുകയുമില്ല അച്ഛമ്മയ്ക്ക് മരിക്കുവോളം നിന്നെ കാണണം.’ ശപിച്ചുകൊണ്ട് അച്ഛമ്മയുടെ കൈവിട്ട് എഴുന്നേറ്റ് പോന്നു.
അമ്മ മുറിക്ക് പുറത്തുനിന്ന് വിളിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ നോക്കി അഭിരാമിയുടെ പുതിയ സ്റ്റോറി ലണ്ടനിലെ മെട്രോയില്‍ സഞ്ചരിക്കുന്നത്. അഭിരാമി വീട്ടുകാരുടെ സമ്മതം മേടിക്കാന്‍ ഉപയോഗിച്ച ബുദ്ധി അവള്‍ പറഞ്ഞതോര്‍ക്കുന്നു. അവള്‍ പറഞ്ഞത് തന്നെ പറയാന്‍ തീരുമാനിച്ചു വാതില്‍ തുറന്നു.
അച്ഛനും അമ്മയും വാതിലിനു പുറത്തു ഭയത്തില്‍ നില്‍ക്കുന്നു. ‘മോളെ നീ എന്തിനാണ് ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്?’
‘അച്ഛാ, ഞാന്‍ തീരുമാനിച്ചു എന്നെ യുകെയില്‍ പഠിക്കാന്‍ വിട്ടില്ലെങ്കില്‍ ഈ ജീവിതം വേണ്ടെന്ന് വെക്കും.’
അച്ഛന്‍ അവളെ കെട്ടിപ്പുണര്‍ന്നു. ‘മോളെ നിന്നെ കണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ടുപോകുന്നത്. നിന്റെ ആഗ്രഹം പോലെ യുകെയില്‍ പോയി പഠിച്ചു കൊള്ളുക, നിന്റെ ജീവനാണ് ഞങ്ങള്‍ക്ക് വലുത്.’
അത്രയും പറഞ്ഞു കഴിഞ്ഞ് അച്ഛന്‍ കരയുകയായിരുന്നു, അമ്മ ഒന്നും മിണ്ടിയില്ല. തീരുമാനത്തിന്റെ വിജയത്തില്‍ മനസ്സില്‍ ആഗ്രഹങ്ങള്‍ പൂത്തുലഞ്ഞു.
സന്തോഷത്തിന്റെ നടുവില്‍ അച്ഛന്‍ യുകെയില്‍ ഹയര്‍ സ്റ്റഡീസിന് പഠിക്കാന്‍ വേണ്ടി എല്ലാം ശരിയാക്കി, തണുപ്പിനുള്ള വേഷങ്ങള്‍ വരെ.
എന്റെ സന്തോഷങ്ങളില്‍ അച്ഛന്‍ വലിയ സന്തോഷവാനായി, അമ്മ ഒരു നിര്‍ജീവ അവസ്ഥയിലായിരുന്നു, അച്ഛമ്മ എന്നെ ശപിക്കുന്നുണ്ടായിരുന്നു.
അങ്ങനെ വീടുവിട്ട് ആദ്യമായി ദൂരേക്ക് പോകുന്ന വെള്ളിയാഴ്ച എത്തി. അച്ഛമ്മയോട് ചടങ്ങ് പോലെ വിടപറയാന്‍ പോയി. അച്ഛമ്മ ഒന്നും മിണ്ടിയില്ല എന്റെ മുഖത്തേക്ക് മാത്രം നോക്കി കിടന്നു.
‘നീ വേഗം തിരിച്ചു വരുമെന്ന് അച്ഛമ്മയ്ക്ക് അറിയാം’ അച്ഛമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നതിന് ഇടയില്‍ ഞാന്‍ യാത്ര പറഞ്ഞു.
യുകെയിലേക്കുള്ള ഫ്‌ളൈറ്റില്‍ ഇരിക്കുമ്പോഴാണ് ജീവിതത്തില്‍ ആദ്യമായി തനിച്ചായി എന്ന് തോന്നിത്തുടങ്ങിയത്. അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ ഇടുന്ന സ്റ്റോറികള്‍ തിരിച്ചും മറിച്ചും കണ്ടുകൊണ്ടിരുന്നു. അങ്ങനെ യുകെ യാത്രയുടെ ഫ്‌ളൈറ്റ് കാഴ്ചകള്‍ ഞാനും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ ഇട്ട് സന്തോഷം നാട്ടുകാരോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
യുകെയിലെ തണുത്തുറഞ്ഞ ദിവസങ്ങള്‍ മെല്ലെ മെല്ലെ പോകുന്നതുപോലെ തോന്നി. ക്യാമ്പസും ഹോസ്റ്റലും പുതിയ പുതിയ അനുഭവങ്ങള്‍, ഇംഗ്ലീഷ് പറയാന്‍ തന്നെ പാടുപെട്ടു.
കൂടെയുള്ളവരൊക്കെ പാര്‍ട്ട്‌ടൈം ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ട് കുറെ കുട്ടികള്‍ക്ക് ജോലി കിട്ടിക്കഴിഞ്ഞു. എന്റെ കയ്യിലെ പൈസ തീര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ടെന്‍ഷന്‍ കൂടിക്കൊണ്ടിരുന്നു. ഇനിയും അച്ഛനോട് പൈസ ചോദിക്കാന്‍ പറ്റില്ല. വീട്ടില്‍ നിന്ന് വലിയ വീരവാദം പറഞ്ഞിറങ്ങിയതാണല്ലോ. ഫസ്റ്റ് സെമസ്റ്ററിന്റെയും, ഹോസ്റ്റല്‍ ചിലവിന്റെയും പൈസ തന്നാല്‍ മതിയെന്ന്, പാര്‍ട്ട് ടൈം ജോലി കിട്ടാന്‍ തന്നെ പ്രയാസമാണെന്ന് കൂട്ടുകാര്‍ പറയാറുണ്ട്. ചിലവ് കുറയ്ക്കാന്‍ വേണ്ടി ആഹാരം കഴിക്കുന്നത് തന്നെ കുറച്ചു. പുറത്തു പോകുന്നതിന് വലിയ ചെലവാണ് അതുകൊണ്ട് നടന്നു പോകുന്ന ദൂരം മാത്രമേ പോകാറുള്ളൂ, അതും പ്രയാസമാണ് ഇടയ്ക്ക് പെട്ടെന്ന് മഴ പെയ്യും, ജോലി കിട്ടിയിട്ട് വേണം ഒരു കുട മേടിക്കാന്‍. കെഎഫ്‌സി കഴിക്കണമെന്നുള്ള ആഗ്രഹങ്ങള്‍ വരെ മാറ്റിവെച്ചു.
അച്ഛന്‍ ദിവസവും ഫോണ്‍ വിളിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. അച്ഛന്റെ എല്ലാ വാട്‌സ്ആപ്പ് കോളുകളും അപൂര്‍ണ്ണമായി ആണ് തീരുന്നത്. അച്ഛന്റെ ശബ്ദത്തില്‍ മകള്‍ അടുത്തില്ല എന്ന നഷ്ടബോധം നിഴലിച്ചിരുന്നു.
അങ്ങനെ ഞാന്‍ രജിസ്റ്റര്‍ ചെയ്ത ജോബ് പോര്‍ട്ടലില്‍ നിന്ന് വെള്ളിയാഴ്ച ദിവസം എനിക്ക് വിളി വന്നു. പാര്‍ട്ട്‌ടൈം ജോലിയെക്കുറിച്ച് വിശദീകരിച്ചു. ഹോംനേഴ്‌സിന്റെ ജോലിയാണ്. 90 വയസ്സുള്ള മുത്തശ്ശി ആണ്. കൂടുതല്‍ സമയവും കിടപ്പിലാണ്. താല്പര്യമാണെങ്കില്‍ അവര്‍ ഒരു ദിവസത്തെ ട്രെയിനിങ് തരും. ഒരു മണിക്കൂറിന് 14 പൗണ്ട് ശമ്പളമാണ് അവര്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.
എങ്കിലും ഒരു ജോലി കിട്ടിയ ആശ്വാസത്തില്‍ സമ്മതിച്ചു. നാളെത്തന്നെ ട്രെയിനിങ്ങിന് ചെല്ലുവാന്‍ അവര്‍ ഉപദേശിച്ചു. നാളെ രാവിലെ ഏജന്‍സിയുടെ വണ്ടി വന്ന് എന്നെ പിക്ക് ചെയ്യുമെന്ന് അറിയിച്ചു. സ്ഥലവും ലൊക്കേഷനും ഞാന്‍ അവര്‍ക്ക് കൈമാറി.
അങ്ങനെ ജോലി കിട്ടിയ കാര്യം എല്ലാവരോടും വിളിച്ചു പറഞ്ഞു. ഇറ്റാലിയന്‍ പിസ ഔട്ട്‌ലെറ്റിലാണ് ജോലിയെന്ന് കള്ളം പറഞ്ഞു. അച്ഛന് ആദ്യം സന്തോഷവും പിന്നെ മോള്‍ക്ക് ഇങ്ങനെയുള്ള ജോലികള്‍ ചെയ്യാന്‍ പറ്റുമോ എന്ന സംശയവും കൂടിയായി.
ശനിയാഴ്ച 10 മണിക്ക് തന്നെ ഏജന്‍സിയുടെ വണ്ടി വന്നു. ആ വണ്ടിയില്‍ ജോലി നോക്കുന്ന കുറേ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. നാട്ടില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. പരസ്പരം എല്ലാവരും അറിയാന്‍ വയ്യാത്തവരെ പോലെ ഇരുന്നു.
ഒരേ ദിശയിലേക്ക് ഒരു മണിക്കൂറില്‍ കൂടുതല്‍ വണ്ടിയില്‍ യാത്ര ചെയ്തു. ആ യാത്ര ഒരു വലിയ അപ്പാര്‍ട്ട്‌മെന്റിന്റെ ഇരുമ്പ് ഗേറ്റ്‌നു മുമ്പില്‍ നിന്നു. ഗേറ്റ് തനിയെ തുറന്നു വണ്ടി നിര്‍ത്തി. ഗ്രൗണ്ട് ഫ്‌ളോറില്‍ ഞങ്ങളെ ഇറക്കി വിട്ടു. ലിഫ്റ്റില്‍ കൂടി അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലത്തെ നിലയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. അവിടം പ്രായമായ ആള്‍ക്കാരുടെ ഹോം സ്റ്റേ ആയിരുന്നു. വീട്ടുകാര്‍ ഉപേക്ഷിച്ചവരും തനിച്ച് വന്നു താമസിക്കുന്നവരും ഉള്ള സ്ഥലം. ട്രെയിനിങ്ങിനു വേണ്ടി എനിക്ക് യൂണിഫോം തന്നു. യൂണിഫോം ഇട്ടപ്പോള്‍ ഞാന്‍ മറ്റൊരാളായ പോലെ തോന്നി. മണിക്കൂറില്‍ കിട്ടുന്ന പൗണ്ടിന്റെ കാര്യം ആലോചിച്ചു ഞാന്‍ ആശ്വസിച്ചു.
കിടപ്പുരോഗികള്‍ കിടക്കുന്ന ബെഡിലേക്ക് ചെല്ലുമ്പോള്‍ മനസ്സ് മരവിച്ചു പോകുന്നു. ട്രെയിനര്‍ അവരെ ക്ലീന്‍ ചെയ്യുന്നതും യൂറിന്‍ പാഡ് മാറ്റുന്നതും ഫുഡ് ഫീഡ് ചെയ്യുന്നതും ഓരോ പ്രായമായവരെ എങ്ങനെ പരിചരിക്കണമെന്നും ഒക്കെ പറഞ്ഞുകൊണ്ടും ചെയ്യിപ്പിച്ചുകൊണ്ടും ഇരുന്നു. മനസ്സ് നിശ്ചലമായി പോകുന്നു. ഇതാണോ യുകെ? എന്നും അഭിരാമിയുടെ ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറി ഇങ്ങനെയൊന്നും അല്ലല്ലോയെന്നും ഓര്‍ത്തു.
ഒരു ദിവസത്തെ ട്രെയിനിങ് കഴിഞ്ഞപ്പോള്‍ ആഹാരം കഴിക്കാന്‍ പോലും തോന്നുന്നില്ല. എപ്പോഴും ഛര്‍ദ്ദിക്കാന്‍ തോന്നുന്നു. അവരുടെ വണ്ടിയില്‍ തിരികെ പോന്നു കഴിഞ്ഞപ്പോഴാണ് കുറച്ച് ആശ്വാസം കിട്ടിയത്.
സൂര്യനെ കാണാനില്ലാത്ത പകലുകള്‍. അഗതി മന്ദിരത്തിലെ കാഴ്ചകള്‍ ഉമിത്തീ പോലെ മനസ്സില്‍ കിടന്നു നീറുകയാണ്. ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും ഇല്ലാത്ത കാഴ്ചകള്‍. അഗതിമന്ദിരത്തിലെ അന്തേവാസികളുടെ പ്രതീക്ഷ മരവിച്ച മുറിഞ്ഞ സംസാരങ്ങള്‍… മുറിയിലെത്തി ആരോടും ഒന്നും പറയാതെ കരഞ്ഞു കൊണ്ടിരുന്നു. എന്റെ ജീവിതം ഈ രാജ്യത്താണെങ്കില്‍ എന്റെ വാര്‍ദ്ധക്യം എങ്ങനെയാകും എന്ന് ഓര്‍ത്തപ്പോള്‍ ശ്വാസം കിട്ടാത്ത പോലെ തോന്നി.
അച്ഛമ്മയുടെ സ്‌നേഹത്തെക്കുറിച്ച് ഇപ്പോഴാണ് ഓര്‍ക്കുന്നത്. അച്ഛനും അമ്മയും ജോലിക്കു പോകുമ്പോള്‍ കഥ പറഞ്ഞും പാട്ടുപാടിയും കാക്കയെ കാട്ടിയും ആഹാരം കഴിപ്പിച്ചതിന്റെ രുചി ഇപ്പോഴും നാവില്‍ ഉണ്ട്. എന്നെ വളര്‍ത്തുവാന്‍ അച്ഛമ്മ ഒരുപാട് കഷ്ടപ്പെട്ടു. ഒന്ന് വീഴാതെ പോലും എന്നെ വളര്‍ത്തി വലുതാക്കി. ആ അച്ഛമ്മ വയ്യാതായപ്പോള്‍ ഞാന്‍ തിരിഞ്ഞുപോലും നോക്കിയില്ല. ചിന്തിച്ചു ശരീരവും മനസ്സും തളര്‍ന്നപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറികള്‍ ഒന്നും നോക്കാതെ ഉറക്കത്തിലേക്ക് വഴുതിവീണു.
ഞായറാഴ്ചയുടെ ഉണര്‍വില്‍ ആദ്യത്തെ പാര്‍ട്ട് ടൈം ജോലി തുടങ്ങുന്ന ദിവസമാണ്. പത്തുമണിക്ക് തന്നെ ഏജന്‍സിയുടെ വണ്ടിവന്നു എന്നെ കൂട്ടിക്കൊണ്ടുപോയി. പട്ടണങ്ങള്‍ കടന്ന് ഗ്രാമങ്ങളിലേക്ക് വണ്ടി എന്നെയും കൊണ്ട് യാത്ര ചെയ്തു.
ഗ്രാമത്തിലെ ഒരു വലിയ വീടിന്റെ മുന്നില്‍ എന്നെ എത്തിച്ചു. ആരോ വന്ന് ഗേറ്റ് തുറന്ന് എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നെ അവര്‍ ആ വലിയ വീടിന്റെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കിടപ്പുരോഗിയുടെ അരികില്‍ എത്തിച്ചു. അവര്‍ എന്നെ വിളിച്ചത് സ്റ്റാഫ് എന്നാണ്. അച്ഛമ്മയുടെ മുറിയില്‍ എത്തുമ്പോള്‍ ഉള്ള അതേ വൃത്തികെട്ട മണം. അച്ഛമ്മയെക്കാള്‍ പ്രായമായ അവര്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
ഒന്നും വ്യക്തമാകുന്നില്ല.ഞാന്‍ അവരെ വൃത്തിയാക്കാന്‍ തുടങ്ങി. അവര്‍ അനുസരണയുള്ള കുട്ടിയെപ്പോലെ അനുസരിച്ചു.
അവരുടെ ദേഹത്തെ തുണികള്‍ എല്ലാം മാറ്റി ദേഹം മുഴുവന്‍ തുടച്ചു വൃത്തിയാക്കി. അവര്‍ അതില്‍ സന്തോഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവരുടെ മുറിയില്‍ നല്ല മണങ്ങള്‍ ഉണ്ടായി.
മനസ്സില്‍ മുഴുവന്‍ അവര്‍ അച്ഛമ്മയാണെന്നായിരുന്നു സങ്കല്പം.
ഓരോ ശ്വാസത്തിലും അച്ഛമ്മയെ ഓര്‍ത്തു. അച്ഛമ്മയോടുള്ള സ്‌നേഹം കൂടിക്കൂടി വരുന്നു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന ചോദ്യം മനസ്സ് മനസ്സിനോട് ചോദിച്ചു കൊണ്ടിരുന്നു.
അച്ഛനെയും അമ്മയെയും ഓര്‍ത്ത് മനസ്സ് വേദനിക്കാന്‍ തുടങ്ങി. ഞാന്‍ എന്താണ് ഈ ചെയ്യുന്നത് എന്ന് എനിക്ക് അറിയാന്‍ വയ്യ. എന്ത് നേടാന്‍ വേണ്ടിയാണ് അവരെയൊക്കെ എന്റെ ജീവന്റെ വില പറഞ്ഞത് ഭീഷണിപ്പെടുത്തിയത്. ഇവിടെയെത്തി ഇങ്ങനെ ജീവിക്കാന്‍ വേണ്ടിയോ? മനസ്സ് എപ്പോഴും നാട്ടിലാണ്. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ എന്തിനുവേണ്ടി എന്ന ചോദ്യം മനസ്സില്‍ എപ്പോഴും മുഴങ്ങുന്നു. അഗതി മന്ദിരത്തിലെ കാഴ്ചകള്‍ കണ്ടില്ലേ? ഇപ്പോള്‍ ഞാന്‍ നോക്കുന്ന ടെസ്സയമ്മയെ കണ്ടില്ലേ?
നാലു മക്കളുള്ളവര്‍, ഇപ്പോള്‍ ആരും തുണയില്ലാത്ത അവസ്ഥ. ഞാന്‍ എത്തിയതില്‍ പിന്നെ അവര്‍ ചെറുതായിട്ട് നടക്കാന്‍ തുടങ്ങി.
അവര്‍ നടന്നു തുടങ്ങുന്നത് കണ്ടപ്പോള്‍, അച്ഛമ്മയെയും ഇതുപോലെ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് തീരുമാനിച്ചു.
ഒരു മാസത്തെ ജോലിചെയ്ത പൈസയും കൊണ്ട് ടിക്കറ്റ് എടുത്ത് എത്രയും വേഗം തിരികെ നാട്ടിലെത്തുവാന്‍ തീരുമാനിച്ചു. അച്ഛനും അമ്മയും അറിയാതെ എത്രയും വേഗം നാട്ടില്‍ എത്തണം അച്ഛമ്മയെ നോക്കണം…
വീടിനടുത്തുള്ള കോളേജില്‍ പഠിക്കണം. മുല്ലയും പിച്ചിയും മണം തരുന്ന തൊടിയിലൂടെ നടക്കണം. പത്തുമണി ചെടിയിലെ പൂമ്പൊടി കൊണ്ടുപോകുന്ന തേനീച്ചകളുടെ കൂടു കണ്ടെത്തി തേന്‍ കുടിക്കണം. തൊടിയിലെ വാടാമുല്ലയോട് കഥ പറയണം. എന്റെ നാടും എന്റെ വീടും…
അങ്ങനെ മറ്റൊരു വെള്ളിയാഴ്ച ഞാന്‍ എന്റെ നാട്ടിലെ വീട്ടില്‍ തിരികെ എത്തി. അച്ഛമ്മയോടും അച്ഛനോടും അമ്മയോടും ഇനി ഞാന്‍ തിരികെ പോകുന്നില്ല എന്ന് ഉറക്കെ പറഞ്ഞു. ഞങ്ങള്‍ എല്ലാവരും സന്തോഷം കൊണ്ട് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. അച്ഛമ്മ പറഞ്ഞു ‘അവള്‍ അക്കരപ്പച്ച കണ്ടു തിരിച്ചുവരുമെന്ന് ഞാന്‍ അന്നേ പറഞ്ഞില്ലേ.’