ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇംഗ്ലീഷ് ചികിത്സാരീതിയൊഴികെ മറ്റെല്ലാം അശാസ്ത്രീയമെന്നു പ്രചരിപ്പിക്കുന്നവരാണ്. ഇതെഴുതുന്നയാളുള്‍പ്പെടെ ലക്ഷക്കണക്കിന് പേരുടെ അനുഭവങ്ങള്‍ അതു ശരിവച്ച് തരുന്നതല്ല. വളരെക്കാലം ഇംഗ്ലീഷ് മരുന്നുകള്‍ പരീക്ഷിച്ചു ഗതികെട്ടശേഷം ആയുര്‍വേദത്തില്‍ നിന്നും ഹോമിയോ ചികിത്സയില്‍നിന്നും രോഗശാന്തി ലഭിച്ച നൂറുകണക്കിനു പേരെ എനിക്കു പരിചയമുണ്ട്. വ്യക്തിപരമായും പലരോഗങ്ങളും ഹോമിയോപ്പതിയുടെയും ആയുര്‍വേദത്തിന്റെയും സഹായത്തോടെ ഭേദമായിട്ടുണ്ട്. എന്നു കരുതി എല്ലാരോഗങ്ങള്‍ക്കും ആയുര്‍വേദമോ ഹോമിയോയോ ഫലപ്രദമാണെന്നു പറയാന്‍ പറ്റില്ല. ഈ മൂന്നു ചികിത്സാരീതിയും സംയോജിപ്പിക്കുകയാണു വേണ്ടത്. എന്നാല്‍ ഇംഗ്ലീഷ് ചികിത്സാ വിദഗ്ദ്ധന്മാര്‍ മറ്റു രണ്ടു ചികിത്സാപദ്ധതികളേയും കണ്ണടച്ച് എതിര്‍ക്കുകയാണ് പതിവ്. തങ്ങളുടെ രോഗികള്‍ കുറഞ്ഞു പോകുമോ എന്നുള്ള ഭയവും ലാഭക്കൊതിയുമാണ് ആ മനോഭാവത്തിന് പിറകിലുള്ളത്. അവര്‍ പ്രചരിപ്പിക്കുന്നതുപോലെ ശാസ്ത്രീയ മനോഭാവമൊന്നും അല്ല.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്‍ ഭാരവാഹിയായിരുന്ന ഒരു ഡോക്ടര്‍ ഈയടുത്താണ് യോഗ ഒരു ശാസ്ത്രീയ വ്യായാമക്രമമല്ല എന്ന് വലിയ പ്രസ്താവന നടത്തിയത്. എങ്കിലും യോഗ പരിശീലിക്കുന്ന നൂറുകണക്കിന് ഇംഗ്ലീഷ് ഡോക്ടര്‍മാരെ എനിക്കു പരിചയമുണ്ട്. യോഗ അശാസ്ത്രീയമാണെങ്കില്‍ പിന്നെ ഈ ഡോക്ടര്‍മാരെല്ലാം എന്തിനാണ് സമയം വിനിയോഗിച്ച് ഇത് പരിശീലിക്കുന്നത്. യു.എന്‍ പോലും എന്തിനാണ് യോഗയ്ക്ക് അംഗീകാരം നല്‍കിയത്. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളും ഇന്ന് പാഠ പദ്ധതിയുടെ ഭാഗമായി യോഗയെ ഉള്‍പ്പെടുത്തുന്നത് എന്തിനുവേണ്ടി?
കഴിഞ്ഞ കോവിഡ് കാലത്ത് ജിംനേഷ്യങ്ങളില്‍ കഠിനമായ വ്യായാമങ്ങളിലേര്‍പ്പെട്ടിരുന്ന യുവാക്കളില്‍ വലിയ ഒരുവിഭാഗം രോഗത്തിനു കീഴടങ്ങിയപ്പോള്‍ യോഗ പരിശീലിച്ചവരില്‍ രോഗബാധിതരായവരുടെ എണ്ണം വളരെ കുറവായിരുന്നു എന്നത് ഏവര്‍ക്കും പരിചിതമായ ഒരു യഥാര്‍ത്ഥ്യമാണ്. മാത്രവുമല്ല യോഗ പരിശീലിച്ചവരില്‍ മരണസംഖ്യയും തുലോം കുറവായിരുന്നു. തീരെ ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ബെസ്റ്റ് ഫിസിക് പട്ടം നേടിയ ചില അരോഗദൃഢഗാത്രന്മാര്‍പോലും മരണത്തിനു കീഴടങ്ങിയത് ഏവരേയും ഞെട്ടിച്ച വസ്തുതയാണ്. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കുത്സിതബുദ്ധി ശാസ്ത്രീയമോ മാനവികമോ അല്ല.
ഭാഷാപോഷിണി ജൂലായ് ലക്കത്തില്‍ ഡോക്ടര്‍ ആനന്ദ് കുമാര്‍ ‘അന്തര്‍ജ്ഞാനത്തിന്റെ അറിയാത്ത ജാലകങ്ങള്‍’ എന്ന ലേഖനത്തില്‍ ധ്യാനവും യോഗയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ നല്ല രീതിയില്‍ ഉത്തേജിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതായി പറയുന്നു. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് രക്തസമ്മര്‍ദ്ദം, നെഞ്ചിടിപ്പ്, രക്തത്തില്‍ പ്രാണവായുവിന്റെ അളവ് എന്നിവ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണെങ്കില്‍ ഐ.എം.എ ഡോക്ടറുടെ അഭിപ്രായത്തിന് വിരുദ്ധമല്ലേ ഈ ഡോക്ടറുടെ നിഗമനങ്ങള്‍. നിക്ഷിപ്ത താല്പര്യത്തിനുവേണ്ടി വസ്തുതകളെ വളച്ചൊടിക്കുന്നത് ഒരിക്കലും ശാസ്ത്രീയമല്ല.
ഭൗതികശാസ്ത്രത്തെക്കുറിച്ചും അന്തര്‍ജ്ഞാനപരമായ ന്യൂറോസയന്‍സിന്റെ നിഗമനങ്ങളെക്കുറിച്ചും ഡോക്ടര്‍ ആനന്ദ്കുമാര്‍ അവതരിപ്പിക്കുന്ന വസ്തുതകള്‍ അത്ര പുതുമയുള്ളവയാണെന്ന് തോന്നുന്നില്ല. ഐന്‍സ്റ്റീനു ശേഷമുള്ള ഭൗതികശാസ്ത്ര വികാസത്തെക്കുറിച്ച് ലേഖകന് വലിയ പിടിപാടില്ലെന്നു തോന്നുന്നു. അന്തര്‍ജ്ഞാനത്തെക്കുറിച്ച് (intuition) അദ്ദേഹം അവതരിപ്പിക്കുന്ന വസ്തുതകളും ഒരു മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ പല പുസ്തകങ്ങളിലും ജേര്‍ണലുകളിലും കണ്ടിട്ടുള്ളവയാണ്. എങ്കിലും പുതിയ ഒരു രീതിയില്‍ ലളിതമായി അതൊക്കെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്.
ഭാഷാപോഷിണിയില്‍ ബൈജു സി.പി. എഴുതിയിരിക്കുന്ന കഥ ‘വെളിച്ചത്തിന്റെ വിരലുകള്‍’ പുതിയ നിരൂപകരുടെ ഭാഷയില്‍ പറഞ്ഞാല്‍ പ്രണയം, ലൈംഗികത, പെണ്ണുടല്‍, സ്‌നേഹം എന്നിവയെക്കുറിച്ചൊക്കെയുള്ള ആണ്‍ കാഴ്ചയാണെന്നു പറയാം. മനശ്ശാസ്ത്രം വികസിക്കുന്ന കാലത്ത് അന്നാഫ്രോയ്ഡും (Anna Freud) കാരന്‍ ഹോണിയുമല്ലാതെ (Karen Horney) സ്ത്രീ മനശ്ശാസ്ത്രജ്ഞര്‍ അധികമൊന്നും ആ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മനശ്ശാസ്ത്രത്തില്‍ പോലും ആണ്‍കാഴ്ചകളാണ് പ്രബലമായത്. പില്‍ക്കാലത്ത് ധാരാളം സ്ത്രീകള്‍ ഈ മേഖലയിലേയ്ക്കു വന്നെങ്കിലും സ്ത്രീകളിലെ അഭിരുചി വൈവിധ്യവും ഒളിച്ചു വയ്ക്കല്‍ മനോഭാവവുമൊക്കെക്കൊണ്ട് സ്ത്രീകളുടെ അഭിരുചികള്‍, ലൈംഗികത, പ്രണയം എന്നിവയ്‌ക്കൊന്നും ഒരു സാമാന്യവല്‍ക്കരണം ഇന്നും സാധ്യമായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകള്‍ക്കു പോലും കൃത്യമായി സ്ത്രീകളെക്കുറിച്ചു പറയാനാവുന്നില്ല. അതുകൊണ്ടു ഇപ്പോഴും സാഹിത്യത്തില്‍ സ്ത്രീയെക്കുറിച്ചെഴുതുമ്പോള്‍ പുരുഷക്കാഴ്ചകളാണ് ആവിഷ്‌ക്കരിക്കപ്പെടുന്നത്; സ്ത്രീകള്‍ എഴുതുമ്പോള്‍ പോലും.
ബൈജു സി.പിയുടെ കഥയില്‍ സംഭവിക്കുന്നത് മുകളില്‍ പറഞ്ഞതുതന്നെ. മെനോപോസോടുകൂടി സ്ത്രീയുടെ ലൈംഗികജീവിതം അവസാനിക്കുന്നുവെന്ന പഴഞ്ചന്‍ ധാരണയില്‍ നിന്നു കൊണ്ടാണ് കഥ വികസിക്കുന്നത്. രാജീവന്‍ എന്ന റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥനും രഞ്ജിനിയും തമ്മിലുള്ള ദാമ്പത്യ ജീവിതം ക്രമേണ താളം തെറ്റി രാജീവനെ ഏകാന്തതയിലേയ്ക്കു എറിഞ്ഞു കളയുന്നത് രഞ്ജിനിയുടെ തലയില്‍ നര വീഴുന്നതോടുകൂടിയാണ്. പിന്നെ സംഭവിക്കുന്നതെല്ലാം പുതുമയില്ലാത്ത കാര്യങ്ങള്‍ തന്നെ. നാടൊട്ടുക്കു മുളച്ചുപൊന്തുന്ന മസാജ് സെന്ററുകള്‍ ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണ്.
ഡി.ജയകൃഷ്ണന്‍ എഴുതിയിരിക്കുന്ന ‘കാലം പതുക്കെ കടന്നുപോയി’ എന്ന ഉപന്യാസം ഗൃഹാതുരത്വമുണര്‍ത്തുന്നു. കഥാപ്രസംഗം എന്ന കലയുടെ ചരിത്രവും അതില്‍ കഴിവുതെളിയിച്ച പ്രഗല്‍ഭരായ കലാകാരന്മാരുടെ ജീവിതവും അദ്ദേഹം ഏതാണ്ട് സമഗ്രമായി എഴുതുന്നു. 1924ലെ സി.എ. സത്യദേവന്റെ ആദ്യകഥാവതരണത്തില്‍ തുടങ്ങി സ്വാമിബ്രഹ്മവ്രതന്‍, എം.പി.മന്മഥന്‍, കെ.കെ.വാധ്യാര്‍, ജോസഫ് കൈമാപ്പറമ്പന്‍, കെടാമംഗലം, എന്‍. സാംബശിവന്‍ പുതിയകാലത്തെ കാഥികര്‍ എന്നിവരെക്കുറിച്ചൊക്കെ പറഞ്ഞവസാനിപ്പിക്കുന്ന ലേഖനം വിജ്ഞാനപ്രദമാണ്.
സാധാരണമായതിനെ അസാധാരണത്വത്തിന്റെ ഉടുപ്പണിയിക്കുമ്പോഴാണ്, Defamiliarize ചെയ്യുമ്പോഴാണ് കവിതയുണ്ടാവുന്നതെന്നാണ് മിഖായേല്‍ ബക്തിനെയും (Mikhail Bakhtin) റോമന്‍ യോക്കബ്‌സനേയും (Roman Jakobson) പോലുള്ള റഷ്യന്‍ രൂപവാദികള്‍ പറഞ്ഞത്. അവര്‍ക്കും ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യക്കാരനായ കുന്തകനും അതുതന്നെ പറഞ്ഞു. നേരായ കാര്യങ്ങളെ വക്രോക്തിയാക്കുമ്പോഴേ സാഹിത്യം രൂപപ്പെടൂ എന്ന് അപൗരാണിക കാവ്യവിശ്ലേഷകനും പറഞ്ഞു. പരിചിതമായതിനെ വിശേഷേണ വളച്ചുകെട്ടിപ്പറഞ്ഞാലേ കവിതയാകൂ. സമ്പൂര്‍ണ്ണമായ അപരിചിതത്വം വിളമ്പിയാല്‍ ആസ്വാദകന് വാപൊളിച്ചിരിക്കാനേ കഴിയൂ. ആര്യാഗോപിയുടെ ഭാഷാപോഷിണിക്കവിതയില്‍ അപരിചിതത്വത്തിന്റെ ഘോഷയാത്രയാണ്. ‘വഴിച്ചെണ്ടക്കരിങ്കാളി പറന്നിറങ്ങും മനക്കോട്ടപ്പടികേറി വിഷം തുപ്പിയും’ എന്നെഴുതുമ്പോള്‍ വഴിച്ചെണ്ടയെ എങ്ങനെ കരിങ്കാളിയോടു ചേര്‍ത്തു എന്നു നമുക്കു സംശയം തോന്നാം. പരസ്പരം ചേരാത്ത ഇത്തരം രൂപകങ്ങള്‍ പ്രയോഗിക്കുന്നത് കാവ്യദോഷങ്ങളുടെ കൂട്ടത്തിലാണ് പഴയ കാല ആസ്വാദകര്‍ കണക്കാക്കിയിട്ടുള്ളത്. നല്ല കവിതയ്ക്ക് പഴയ കാലം പുതിയകാലം എന്നൊന്നുമില്ല. കവിതയുടെ അവസാനം കവി നടത്തുന്ന പ്രാര്‍ത്ഥന മാത്രം ഹൃദയത്തില്‍ തട്ടുന്നതാണ് ”ഇടങ്കയ്യാല്‍ വലങ്കയ്യാല്‍ എഴുത്തേ നീയെന്‍ അടിയോളം മുടിയോളം എരിഞ്ഞേക്കണേ.” എന്നാല്‍ മറ്റുവരികളില്‍ പലതും പരസ്പരം ഘടിപ്പിക്കാനാവാത്ത ആശയങ്ങളുടെ വാരിവിതറല്‍ മാത്രം.
ഡോക്ടര്‍ എന്‍.ആര്‍. ഗ്രാമപ്രകാശ് നടത്തുന്ന മോഹിനിയാട്ട വിചാരങ്ങള്‍ വളരെ ശ്രദ്ധേയമാണ്. കേരളത്തിന്റേത് എന്ന രീതിയില്‍ ഇന്നു പ്രചരിക്കുന്ന ഒന്നും തനി കേരളീയമാകണമെന്നില്ല. ഇവിടത്തെ ജാതികള്‍, കല, മറ്റു സംസ്‌കാര വിശേഷങ്ങള്‍ എല്ലാം പല കാലങ്ങളില്‍ ഇവിടേയ്ക്കു വന്നവരില്‍ ചിലരുടെ സംഭാവനകളുമായി കൂടിച്ചേര്‍ന്നതാകാം. അങ്ങനെയല്ലാതെ ശുദ്ധമായ ഒന്നും ഒരിടത്തുമുണ്ടാകാനിടയില്ല. ജപ്പാനിലും ചൈനയിലും വ്യാപകമായി പ്രചരിക്കുന്ന ആയോധനകലയായ കരാട്ടേ കേരളത്തിലെ കളരിപ്പയറ്റുമായി ബന്ധപ്പെട്ടതാണെന്നതരത്തിലുള്ള ചര്‍ച്ചകള്‍ അവരുടെ നാട്ടില്‍ത്തന്നെ ചിലര്‍ നടത്തിയിട്ടുള്ളതായി വായിച്ചിട്ടുണ്ട്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ബുദ്ധധര്‍മ്മവും ആയോധനകലയും പ്രചരിപ്പിച്ച ഒരു പല്ലവരാജകുമാരനെക്കുറിച്ച് ചരിത്രത്തില്‍ പരാമര്‍ശമുണ്ട്. ചൈനക്കാര്‍ വിശ്വസിക്കുന്നത് ഷാവോലിന്‍ കുങ്ഫു ആരംഭിച്ചതും ഈ രാജകുമാരന്‍ ആണെന്നാണ്. അദ്ദേഹം ഒരു തെക്കേ ഇന്ത്യന്‍ ബ്രാഹ്മണനായിരുന്നെന്നും അല്ല ക്ഷത്രിയനായിരുന്നെന്നും ഒക്കെ വിശ്വാസങ്ങളുണ്ട്. ബോധിധര്‍മ്മന്‍ രാജകുമാരനല്ല തഞ്ചാവൂര്‍ക്കാരനായ ഒരു സാധാരണ ബുദ്ധഭിക്ഷു ആയിരുന്നു എന്നു കരുതുന്നവരുമുണ്ട്. ബോധിധര്‍മ്മന്‍ മലയാളിയായിരുന്നെന്ന് കരുതുന്നവരും ധാരാളമുണ്ട്. ഏതുരാജ്യക്കാരന്‍ ആയിരുന്നു ഏതുദേശക്കാരനായിരുന്നു എന്നതൊന്നും ഇന്നു പ്രസക്തമായ സംഗതിയല്ല. ജപ്പാനിലെ സെന്‍ബുദ്ധിസം; ആയോധനകല എന്നിവ ഈ വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ദക്ഷിണേന്ത്യക്കാരനാണ് സ്ഥാപകനെന്നതുകൊണ്ട് ആരും അതിനെയൊന്നും തള്ളിക്കളയുന്നില്ലല്ലോ.
അതുപോലെ മോഹിനിയാട്ടം തമിഴ്‌നാട്ടിലെ ദേവദാസി നൃത്തത്തില്‍ നിന്നും വന്നതാണെന്നു വരുന്നതുകൊണ്ട് ആ കലയ്ക്ക് ഇന്നു പ്രത്യേകിച്ച് എന്തെങ്കിലും കോട്ടമോ മേന്മയോ ഇല്ല. ചരിത്രാന്വേഷികള്‍ ആ വഴിക്കുള്ള അന്വേഷണങ്ങള്‍ നടത്തട്ടെ. എവിടെ നിന്നു വന്നാലും ഇന്നത്തെ നിലയ്ക്ക് ആ കല കേരളത്തിന്റെ തനതു കലയായി മാറിയിരിക്കുന്നു. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഇതുമായി സാദൃശ്യമുള്ള നൃത്തരൂപം നിലനില്‍ക്കുന്നതായി കേട്ടിട്ടില്ല. അവര്‍ ഭരതനാട്യത്തെ സമ്പൂര്‍ണ്ണമായും സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. വള്ളത്തോള്‍ നടത്തിയ അനന്യമായ പരിശ്രമമാണ് നമ്മുടെ ക്ലാസിക് കലകളുടെ ജീവിതം നീട്ടിക്കിട്ടാനിടയാക്കിയത്. കേരളത്തിന്റെ വ്യക്തിത്വം ഈ കലകളില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. കഥകളി, മോഹിനിയാട്ടം, തുള്ളല്‍, കൂത്ത്, കൂടിയാട്ടം തുടങ്ങിയ ക്ലാസിക് കലകള്‍ ഒരു കാലത്ത് നാടന്‍ കലകള്‍ തന്നെ ആയിരുന്നു. ക്രമേണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്കു വിധേയമായി സങ്കീര്‍ണ്ണമായിത്തീര്‍ന്നവയാണ്. മറ്റുനാടന്‍ കലകളില്‍ നിന്നു വ്യത്യസ്തമായി അവയ്ക്കുള്ള സാങ്കേതികസൗന്ദര്യം നമ്മുടെ അഭിമാനം തന്നെയാണ്. ഇന്നു കാണുന്ന രീതിയില്‍ത്തന്നെ അവയെ സംരക്ഷിക്കുന്നതാണുചിതം. കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ അവ ഇല്ലാതാകുന്നതാവും ഫലം. പരിഷ്‌ക്കരിക്കാനും പോന്ന ജ്ഞാനം ആര്‍ജ്ജിച്ച പ്രതിഭകള്‍ ഇന്നില്ല എന്ന യാഥാര്‍ത്ഥ്യവും നമ്മള്‍ കാണണം, കല്യാണിക്കുട്ടിയമ്മ, വള്ളത്തോള്‍, കാവാലം, കനക്‌റിലെ, കലാമണ്ഡലം സത്യഭാമ (വിവാദങ്ങളില്‍ അറിയപ്പെടുന്ന സത്യഭാമയല്ല) എന്നിവരെയൊക്കെപ്പോലെ സമഗ്രമായ അറിവോ സമര്‍പ്പണമോ ഉള്ളവരാരും ഇന്ന് ഉള്ളതായി കാണുന്നില്ല. അല്പമായ ജ്ഞാനം വച്ചു പരിഷ്‌കാരത്തിനു മുതിര്‍ന്നാല്‍ ആ കലയെ നശിപ്പിക്കലാവും ഫലം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് കഥകളിയിലെ മിനുക്കുപോലെ സ്ത്രീവേഷം കെട്ടിയാടുന്നതാവും മെച്ചമെന്നു തോന്നുന്നു. പുരുഷവേഷത്തില്‍ തന്നെ കെട്ടിയാല്‍ അതിന്റെ ലാസ്യഭംഗിക്ക് ഇടിവുതട്ടില്ലേ?